റംസാന്‍ ഒരു പാഠശാല

റംസാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം- കരിച്ചു കളയുക എന്നാണ് . മനുഷ്യജീവിതത്തിലെ പാപങ്ങളേയും അവനില്‍ സജീവമായ ദുഷ്പ്രവണതകളെ നീക്കം ചെയ്യലാണ് റംസാനിന്റെ ചൈതന്യം നിറവേറ്റുന്നത് . നോമ്പിന്റെ ചൈതന്യം കൃത്യമായി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പ്രധാനമായും നാലുകാര്യങ്ങളില്‍ മനുഷ്യന്‍ നിഷ്ഠയുള്ളവനാകണം.

1. ആരാധാന കര്‍മ്മങ്ങളിലുള്ള നിഷ്ഠ 2. നന്മയില്‍ മുന്നേറുകയും തിന്മയെ പിന്നോട്ടടിക്കുകയും ചെയ്യുക 3.ആത്മാവിനെ നിയന്ത്രിക്കുക 4. സഹജീവികളുമായി സഹവര്‍ത്തിത്തത്തോടെ കഴിയുക

ഇതില്‍ മൂന്നാമത്തെ ഘടകമായ ആത്മാവിനെ നിയന്ത്രിക്കല്‍ വ്രതത്തിന്റെ വിജയത്തിനു മാത്രമല്ല ജീവിത വിജയത്തിനു തന്നെ കാരണമാക എങ്കില്‍ നോമ്പിന്റെ വിജയം മനുഷ്യ ജീവിത വിജയമാണ്. ഇഹലോകത്തിലും പരലോകത്തിലും അതുകൊണ്ട് ആത്മനിയന്ത്രണത്തിന്റെ സാക്ഷാത്കാരം മനുഷ്യജീവിതത്തിന് നവചൈതന്യം നല്‍കുന്നു. അത്തരം നിഷ്ഠയിലുള്ള ഒരു റംസാന്‍ വ്രതക്കാരനെ നമുക്ക് മൂന്നായി തിരിക്കാം.

സാധാരണ നോമ്പുകാരന്‍, പ്രത്യേക നോമ്പുകാരന്‍, പ്രത്യേകങ്ങളില്‍ പ്രത്യേകതയുള്ളവരുടെ നോമ്പ്. ഈ മൂന്നു ഘടകങ്ങളെ സാമാന്യമായി ഒന്നു പരിശോധിക്കുന്നത് നല്ലതാണ്. സാധാരണ നോമ്പുകാരന്‍ എന്നു പറയുന്നത് അന്ന പാനീയങ്ങള്‍, ലൈംഗിക സുഖം എന്നിവയെ ഉപേക്ഷിച്ച് വ്രതം ആചരിക്കുന്നവരെയാണ്. രണ്ടാം വിഭാഗക്കാരാകട്ടെ അവര്‍ ശരീരാവയവങ്ങളെ കൂടി വ്രതത്തിന്റെ ഭാഗമാക്കും. നാവും, കണ്ണും, കാതും എന്നിങ്ങനെ മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളേയും നിയന്ത്രിച്ചുകൊണ്ടായിരിക്കും നോമ്പ് നോക്കുക. അവസാനത്തെ വിഭാഗമാണ് പേര്‍ സൂചിപ്പിക്കുന്നതുപോലെ പ്രത്യേകങ്ങളില്‍ പ്രത്യേകതയുള്ളവര്‍. ഇക്കൂട്ടരുടെ നോമ്പ് ഹൃദയത്തിന്റേതാണ്. എല്ലാ ന്യൂനതകളെയും ത്യജിച്ച് ഭൗതികമായ ചിന്തകളില്‍ പൂര്‍ണ്ണ മുക്തി നേടി സര്‍വനാഥനായ അള്ളാഹുവല്ലാതെ ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ ഏകാന്ത ചേതസാ വ്രതമനുഷ്ഠിക്കുന്നവര്‍. അവരുടെ നോമ്പ് ഖള്‍ബിന്റെ നോമ്പാണ്. ഇത്തരക്കാരെ സാലിഹീങ്ങള്‍ എന്നു പറയാം. തമ്പുരാന്‍ ഇപ്രകാരം ഉത്തമ നോമ്പുകാരാക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

റംസാന്‍ വ്രതം പരിപൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകം സക്കാത്ത് ആണ്. ഒരു പക്ഷെ അധികം പേരും വേണ്ട രീതിയില്‍ ശ്രദ്ധയും പരിഗണനയും നല്‍കാത്ത ഒന്നാണ് അത്. ദാനധര്‍മ്മം ചെയ്യുക എന്ന കേവലാര്‍ത്ഥത്തില്‍ ഒതുക്കാവുന്ന ഒന്നല്ല സക്കാത്ത്. സക്കാത്ത എന്ന അറബി വാക്കിന്റെ അര്‍ത്ഥം വളര്‍ച്ച , ശുദ്ധീകരണം എന്നെല്ലാമാണ്.

ശരീരത്തെ ശുദ്ധീകരിക്കലും മനസിനെ സംസ്ക്കരിക്കലുമാണ് ഓരോ ആരാധകര്‍മവും ലക്ഷ്യമാക്കുന്നത്. ഒരു സത്യവിശ്വാസി അവന്റെ മനസും ശരീരവും മാത്രം ശുദ്ധീകരിച്ചാല്‍ പോര അവന്റെ ധനത്തേയും ശുദ്ധീകരിക്കേണ്ടതുണ്ട് . ദാരിദ്യവും സാമ്പത്തിക പ്രയാസവും പണ്ടു മുതലേ സമൂഹത്തില്‍ നിലനിന്ന ഒരു കാര്യമാണ്. എല്ലാ ജനതികളും അതിന്റെ പരിഹാരത്തിനായി ശ്രമിച്ചിട്ടുണ്ട്. കമ്മ്യൂണിസവും ക്യാപ്പിറ്റലിസവും ഒക്കെ ഇതിനു വേണ്ടി രൂപപ്പെട്ട പ്രത്യയശാസ്ത്രങ്ങളാണ്. പക്ഷെ സാമ്പത്തിക സമത്വത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും ഇടയാക്കുവാന്‍ ഇത്തരം സംവിധാനങ്ങള്‍ക്കൊന്നും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദൈവികമായ ഏറ്റവും ശക്തമായ ഒരു സംവിധാനമാണ് സകാത്ത്. ഓരോ കാലഘട്ടത്തിലെയും പ്രവാചകന്മാര്‍ സകാത്ത് നടപ്പിലാക്കുന്നതില്‍ മുന്‍ ഗണന നല്‍കിയിരുന്നു. അതുകൊണ്ട് തന്നെയാണ് അഞ്ചു നേരം ദിവസവും നിര്‍വ്വഹിക്കുന്ന നമസ്ക്കരത്തോടൊപ്പം ഈ പദത്തെ ചേര്‍ത്തു പറഞ്ഞത്.

ധനം സമ്പാദിച്ച ഏതൊരാളും സക്കാത്ത് നല്‍കേണ്ടതാണ്. ഇവിടെ ദരിദ്ര ധനിക വിവേചനമില്ല. എല്ലാവര്‍ക്കും സക്കാത്ത് നിര്‍ബന്ധമാണ്. മനുഷ്യന്റെ ധനത്തെ സംസ്ക്കാരിക്കുന്നതിന് ഇത് കാരണമാകും. ഒപ്പം അത് വ്യക്റ്റിയേയും സമൂഹത്തെയും സംസ്ക്കരിക്കുന്നതിനും കാരണമാകും. രണ്ടരശതമാനമാണ് സകാത് നല്‍കേണ്ടത്. അത് വിഭവങ്ങളുടെ പട്ടിക അനുസരിച്ച് അഞ്ച് പത്ത് ഇരുപത് എന്നിങ്ങനെ ശതമാനമാകും ഇതെല്ലാം സവിസ്തരം പ്രതിപാദിക്കാന്‍ ഉദ്യമിക്കുന്നില്ല. എട്ട് വിഭാഗക്കാരാണ് സക്കാത്തിന് അര്‍ഹരെന്ന് വിശുദ്ധ ഖുറാന്‍ വ്യക്തമാക്കുന്നു.

ദരിദ്രര്‍, അഗതികള്‍, അടിമത്വത്തില്‍ നിന്നു മോചനം നേടിയവര്‍, വിശ്വാസികളോട് സൗമനസ്യം പുലര്‍ത്തുന്നവര്‍, കടംകൊണ്ട് ബുദ്ധി മുട്ടുന്നവര്‍, യാത്രക്കാര്‍, സക്കാത്ത് സംബന്ധമായ ജോലിക്കാര്‍, അള്ളാഹുവിനിഷടപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍.

സംഘടിത ശേഖരണമാണ് സക്കാത്തിന്റെ നിര്‍വഹണത്തിന് ഏറ്റവും ഉത്തമം. കോടിക്കണക്കിനു പണം ലോകത്ത് സക്കാത്ത് ഇനത്തില്‍ നല്‍കുന്നുണ്ട്. പക്ഷെ ഒരു മാറ്റവും ഉണ്ടാകുന്നില്ല. എന്നാല്‍ ശരീ അത്ത് ഭരണ സംവിധാനം നില നില്‍ക്കാത്ത ഇന്ത്യയേപ്പോലുള്ള ഒരു രാജ്യത്ത് സകാത്ത് സംഘടിതമായി നല്‍കുമ്പോഴുള്ള കുറ്റമറ്റ നിര്‍വഹണം എങ്ങനെയായിരിക്കും എന്നള്ളതില്‍ തീര്‍പ്പ് കല്പ്പിക്കാന്‍ കഴിയുകയില്ല. അതും മാത്രമല്ല നമസ്ക്കാരം വ്യക്തി നിര്‍ബന്ധമാണ്. അതിന്റെ സായൂജ്യതയും ആത്മനിഷ്ടതയും കര്‍മനിഷ്ടതയും അടിസ്ഥാനമാക്കി ലഭ്യമാകുന്നതാണ്. അതുപോലെ വ്യക്തിയുടെ ആത്മാനുഭൂതിക്ക് സകാത്ത് സ്വയം അര്‍ഹരായവര്‍ക്ക് നല്‍കലാണ് ഉത്തമം, എങ്കിലും നബിതിരുമേനിയുടെയും ഖലീഫമാരുടേയും കാലത്ത് ചെയ്ത പോലെ സംഘടിതമായി പിരിച്ചെടുത്ത് മേല്പ്പറഞ്ഞ അര്‍ഹരായ വിഭാഗക്കാര്‍ക്ക് വിതരണം ചെയ്യുമ്പോഴാണ് സക്കാത്തിന്റെ ഉദ്ദേശശുദ്ധി പൂര്‍ത്തിയാകുന്നത്. അങ്ങനെയാകുമ്പോള്‍ നമ്മുടെ ധനം പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടുന്നതില്‍ തര്‍ക്കമില്ല. ഇത്തരത്തില്‍ റംസാന്‍ പ്രായോഗിക ജീവിതത്തിന്റെ പരിശീലനക്കളരിയാണ്.

കടപ്പാട് – ഉണര്‍ വ്

Generated from archived content: essay1_july24_14.html Author: nasim_pa

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here