This post is part of the series ശലഭങ്ങളുടെ പകൽ
Other posts in this series:
ഗ്രൗണ്ടിനടുത്തുളള മരത്തണലുകളിലും ഒന്നാം നിലയിലെ ഒഴിഞ്ഞ ക്ലാസ്സ് മുറികൾക്കു സമീപത്തെ തൂണുകൾക്കരികിലും കണ്ടു തുടങ്ങിയ പുതിയ ‘ലൈൻ’ കോളേജിൽ സംസാരവിഷയമാകാൻ അധികനാൾ എടുത്തില്ല. കൃഷ്‌ണനെ കാണുമ്പോൾ അയാളെ പരിചയപ്പെട്ടിട്ടില്ലാത്ത ‘ഗാംങ്ങു’കൾക്കിടയിൽ പിറുപിറുക്കലുയർന്നു. പരിചയമുളളവർ കളിയാക്കി സംസാരിച്ചു. ഒരു ദിവസം ഫിസിക്സിലെ അൻവർ അയാളെ വിളിച്ചു പറഞ്ഞു “ എന്നാലും നീ ആ പെണ്ണിനെ പ്രേമിക്കേണ്ട കാര്യമില്ലായിരുന്നെടാ കൃഷ്ണാ. പ്രേമമെന്നൊക്കെ പറഞ്ഞാൽ ഒരു ത്രില്ലുവേണം. ഒട്ടും പരിചയമില്ലാത്ത ഒരുത്തിയെ അതിസാഹസപൂർവം പരിചയപ്പെട്ട്, പിറകെ നടന്ന് വാചകമടിച്ച്, വേണ്ടിവന്നാൽ കരഞ്ഞ് ‘ലൈൻ’ ഒപ്പിച്ചെടുക്കണം. അല്ലാതെ നിന്നെപ്പോലെ വീടുമുതൽ ഒന്നിച്ചു വരുന്നവളെയല്ല പ്രേമിക്കേണ്ടത്. അത് ഏതവനും പറ്റുന്ന കാര്യമാണ്. അവൾക്കൊരു പ്രേമലേഖനം കൊടുക്കാൻ പറ്റ്വോ നിനക്ക്?”
പ്രേമിക്കുകയെന്നത് അൻവറിനൊരു സാഹസിക സംരംഭമാണ്. ക്ലേശങ്ങൾ സഹിച്ച് ലക്ഷ്യസ്ഥാനത്തെത്തിയാൽ ചിലപ്പോൾ അതിന്റെ ആകർഷണീയത ഇല്ലാതായേക്കും.
ഒന്നാം വർഷം ഏതാണ്ട് കഴിയാറായി. അശ്വതി രണ്ടാംവർഷ പ്രീഡിഗ്രിയായതിനാൽ സ്‌റ്റഡിലീവ് നേരത്തേ തുടങ്ങിക്കഴിഞ്ഞു. എട്ടുമാസങ്ങൾക്കിടയ്‌ക്ക് കൃഷ്‌ണനുണ്ടായ അനുഭവങ്ങൾ ആ കാമ്പസിൽ താനൊരന്യനല്ല എന്ന ബോധം അയാളിലുണ്ടാക്കി.
സ്‌റ്റഡിലീവായതിനാൽ കൃഷ്‌ണന് അശ്വതിയെ അധികം കാണാൻ തരപ്പെടാറില്ല. വല്ലപ്പോഴും സംശയം ചോദിക്കലിന്റെ മറപിടിച്ച് അവൾ ഔട്ട്‌ഹൗസിൽ എത്തും. മനസ്സൊഴിയുംവരെ സ്വാതന്ത്ര്യത്തോടുകൂടി അയാൾക്ക് സംസാരിക്കാൻ സാധിക്കാറില്ല അപ്പോൾ. അകാരണമായ ഭയം തന്നെ, പലതിൽ നിന്നും ചങ്ങലയ്‌ക്കിട്ടു നിറുത്തുന്നതായി കൃഷ്‌ണന് തോന്നി.
സ്‌റ്റഡിലീവ് തുടങ്ങുന്നതിന് തലേദിവസം രാത്രി പെരിഞ്ചേരിയിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ അശ്വതിയയെ ഒറ്റയ്‌ക്കുകണ്ടു സംസാരിക്കണമെന്നു തോന്നി അയാൾക്ക്. അമ്മാവനോടു് കുറെനേരം സംസാരിച്ചിരുന്നു. യാത്രപറഞ്ഞ് മുറ്റത്തേക്കിറങ്ങുമ്പോൾ എവിടെനിന്നോ പൊട്ടിവീണപോലെ അശ്വതി അയാളുടെ മുമ്പിൽ വന്നുപെട്ടു.
“നാളെ സ്‌റ്റഡിലീവ് തുടങ്ങും. രാവിലെ വീട്ടിലേക്ക് പോവാണ്. യാത്ര ചോദിക്കുന്നത് ഇപ്പോൾതന്നെയാക്കുന്നു. ഇനി, മിണ്ടാതെ പോയെന്നു പറയരുത്”.
അവൾ അയാളെ ഉറ്റുനോക്കിക്കൊണ്ടു മിണ്ടാതെ നിന്നു.
കൊണ്ടുപോകാനുളള ഡ്രസ്സും പുസ്തകങ്ങളുമെല്ലാം അയാൾ രാത്രിതന്നെ ബാഗിൽ എടുത്തുവച്ചു. രാത്രി എല്ലാം മറന്ന് സുഖമായി ഉറങ്ങി. ഇനിയുളള രാവുകൾ ഉറക്കമൊഴിച്ചിലിന്റേതാണെന്ന് കിടക്കുമ്പോൾ കൃഷ്‌ണൻ ഓർത്തു.
പിറ്റെദിവസം രാവിലെ കുളിക്കാൻ പോകുമ്പോൾ ബോഗൈൻവില്ലയുടെ ഒരു കുല വെളുത്തപൂക്കൾ കിട്ടി. അശ്വതിക്കു കൊടുക്കാമെന്നു വച്ച് അയാൾ അത് ഭദ്രമായി മുറിയിൽ കൊണ്ടുവന്നു വച്ചു.
പെരിഞ്ചേരിയിൽ ചെന്ന് പ്രാതൽ കഴിച്ചശേഷം വീട്ടിലേക്ക് പോകാനാണ് അയാൾ തീരുമാനിച്ചത്. വസ്‌ത്രം ധരിക്കുമ്പോൾ പുറത്തേക്കായിരുന്നു അയാളുടെ കണ്ണ്, അശ്വതി വരുന്നുണ്ടോ എന്നു നോക്കി. കുറച്ചുകഴിഞ്ഞപ്പോൾ ചുവന്ന പാവാടയിലെ പുളളികൾ മുറ്റത്തുവളർന്നു നില്‌ക്കുന്ന കോഴിവാലൻ ചെടിയുടെ ശിഖരങ്ങൾക്കിടയിലൂടെ അയാൾ കണ്ടു.
“ഞാൻ അശ്വതിയെ പ്രതീക്ഷിച്ചിരുന്നു”.
“കൃഷ്ണേട്ടൻ പോകുന്നതിനുമുമ്പ് ഞാനൊരു ബുക്കു വാങ്ങിവരട്ടെ എന്നുംപറഞ്ഞാണ് പോന്നത്. പുസ്തകത്തിന്റെ മുമ്പീന്ന് മാറാൻ അമ്മ സമ്മതിക്കണില്യ. ഹോ, ഈ നശിച്ച പരീക്ഷ ഒന്നു തുടങ്ങിയാൽ മതിയായിരുന്നു.”
“ഇനി എന്നാണ് കാണാൻ പറ്റുന്നതശ്വതീ?”
“എത്ര ദിവസത്തേക്കാണ് സ്‌റ്റഡിലീവ്?”
“മൂന്നാഴ്‌ചയോളം ഉണ്ട്.”
അശ്വതിയുടെ മുഖഭാവം മാറുന്നത് അയാൾ കണ്ടു.
“അശ്വതിക്ക് ഞാനൊരു സാധനം കരുതിവച്ചിട്ടുണ്ട്”. കൃഷ്‌ണൻ ബോഗൈൻ വില്ലയുടെ പൂക്കൾ അവളുടെ നേരെ നീട്ടി. അശ്വതിയുടെ മുഖം പ്രസന്നമായി. അവളതു വാങ്ങുമ്പോൾ കൈകൾ തമ്മിലുരഞ്ഞു. ഒരുനിമിഷം പരിസരം മറന്ന്, നിണ്ടുമെലിഞ്ഞ ആ വിരലുകളിൽ കൃഷ്ണൻ പിടിമുറുക്കി. അശ്വതി ശിരസ്സു കുനിച്ചു നിന്നു. കൃഷ്‌ണൻ പിന്നെ അവളെ മാറോടു ചേർത്തു്, മൂർദ്ധാവിൽ ചുംബിച്ചു.
വാതിക്കൽ ഒരു നിഴലാട്ടം, അമ്മാവൻ? കൃഷ്‌ണന്റെ ചിന്തയിലൂടെ വിദ്യുത്‌തരംഗങ്ങൾ പാഞ്ഞൂ.
അവർ വേർപ്പെട്ടു. ശപിക്കപ്പെട്ട്, ശിലകളായെന്നപ്പോലെ നിന്നു അവർ.
“അശ്വതി” അമ്മാവൻ എല്ലാം കണ്ടെന്നു തീർച്ച. അതിന്റെ ക്ഷോഭം ആ വിളിയിലുണ്ട്.
അശ്വതി ഒന്നും മിണ്ടാതെ നില്‌ക്കുകയാണ്.
“അശ്വതീീ…” അതൊരലർച്ചയായിരുന്നു.
“എന്തോ”, അശ്വതിയുടെ നേർത്ത ആ ശബ്‌ദം ഇതുവരെ അയാൾ കേട്ടിട്ടില്ല.
“വീട്ടിലേക്ക് പോ”
അശ്വതി ഇടംവലംനോക്കാതെ പുറത്തേക്കിറങ്ങിപ്പോയി.
ആ മുഖത്ത് എങ്ങനെ നോക്കും എന്നോർത്ത് അയാൾ വിഷമിച്ചുനില്‌ക്കുമ്പോൾ പതിഞ്ഞ സ്വരത്തിൽ അമ്മാവൻ വിളിച്ചു, “കൃഷ്‌ണാ”
അമ്മാവൻ ഇങ്ങനെ സംസാരിക്കുമ്പോഴാണ് മനസ്സ് കൂടുതൽ വേദനിക്കുന്നത്. ‘ഇറങ്ങിപ്പോടാ നന്ദിയില്ലാത്ത പട്ടീ’ എന്ന് പറഞ്ഞ് തന്നെ ആട്ടിപ്പുറത്താക്കിയിരുന്നെങ്കിൽ ഇത്ര വിഷമം തോന്നുകയില്ലായിരുന്നെന്ന് അയാൾ ഓർത്തു.
അമ്മാവന്റെ മുഖത്തേക്കു നോക്കിയപ്പോൾ അറിയാതെ കണ്ണിൽ പൊടിഞ്ഞ കണ്ണീർ കണങ്ങളിലൂടെയുളള കാഴ്‌ചയിൽ ആ മുഖം അവ്യക്തമായി അയാൾ കണ്ടു.
“മോനെ കൃഷ്‌ണാ, എന്തെല്ലാം പ്രതീക്ഷകളോടെയാണ് നിന്നെ ഇവിടെ വരുത്തിയതെന്നറിമോ? നീയതെല്ലാം തച്ചുടക്കാൻ പോകുമ്പോഴാണ് എന്റെ മനസ്സ് നീറുന്നത്. നടന്നതൊക്കെ നിന്റെ അമ്മായിയുടെ ചെവിട്ടിൽ എത്തിയാൽ പിന്നെ ഞാൻ വിചാരിച്ചപോലൊന്നും ഇവിടെ നടക്കില്ല. അരുതാത്തതെന്തെങ്കിലും സംഭവിച്ചാൽ തൂങ്ങിച്ചാവ്യല്ലേ നിവൃത്തിയുളളൂ. മരുമകനാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, നാട്ടുകാരെ സഹിക്കാൻ പറ്റൂല. ഇതേക്കുറിച്ച് നീ ആലോചിച്ചു് വിഷമിക്കേണ്ട, എല്ലാം മറന്നു കളഞ്ഞേക്കൂ. പിന്നെ ഒരു കാര്യം-ഇന്നു നടന്നത് ആദ്യത്തേതും അവസാനത്തേതുമായിരിക്കണം. അതാവർത്തിച്ചാൽ എനിക്ക് സഹിക്കാനാവില്ല.”
അമ്മാവനോട് യാത്രപറഞ്ഞ് ഔട്ട്‌ഹൗസിൽ നിന്ന് ഇറങ്ങുമ്പോൾ സ്വപ്നലോകത്തിൽക്കൂടി നടക്കുന്നതുപോലെ തോന്നി അയാൾക്ക്. പ്രാതൽ കഴിക്കാൻ വിശപ്പനുഭവപ്പെടുന്നില്ല. അമ്മായിയോട് പറഞ്ഞ് പെരിഞ്ചേരിയിൽ നിന്നും തിരിക്കുമ്പോൾ രണ്ടുകണ്ണുകൾ ജനലഴികൾക്കിടയിലൂടെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞു കൃഷ്‌ണൻ.
വീട്ടിലെത്തിയശേഷം പഠിത്തമാരംഭിക്കാൻ തിരെ ഉത്സാഹമുണ്ടായില്ല അയാൾക്ക്. പഠനമേശയ്‌ക്കരികിലിരിക്കുമ്പോൾ ഔട്ട്‌ഹൗസിൽ നടന്ന സംഭവങ്ങൾ ഒന്നൊന്നായി അയാളുടെ മനസ്സിൽ തെളിഞ്ഞു വരും. ഓരോകാര്യങ്ങൾ ആലോചിച്ച്, അവസാനം ഉറക്കം വരുമ്പോൾ അയാൾ പോയികിടക്കും. ജനാലയിലൂടെ നോക്കുന്ന ആ ഈറനണിഞ്ഞ കണ്ണുകൾ ഉറക്കത്തിൽപ്പോലും അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടേ അയാൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചുളളൂ. പിന്നെ എല്ലാം മറന്നമട്ടായി. സമവാക്യങ്ങൾക്കും നിർവ്വചനങ്ങൾക്കും പദ്യശകലങ്ങൾക്കും മാത്രമായി മനസ്സിൽ സ്ഥാനം.
ആദ്യമായിട്ടാണ് വീട്ടിൽ അത്രയും ദിവസം അടുപ്പിച്ച് കൃഷ്‌ണൻ നില്‌ക്കുന്നത്. അയാൾ ചെന്നശേഷം അമ്മ കറികളുടെ എണ്ണവും രുചിയും കൂട്ടിയിട്ടുണ്ടെന്ന് ഏട്ടൻ തമാശകണക്കെ പറഞ്ഞൂ. ഏട്ടൻ അയാളോട് അധികമൊന്നും സംസാരിക്കാറില്ല. വേറെയൊന്നും ഉണ്ടായിട്ടല്ല. ഏട്ടന്റെ പ്രകൃതം അങ്ങനെയാണ്. ചിലപ്പോൾ വളരെ നേരം തന്നെ ഇമപൂട്ടാതെ വെറുതെ നോക്കിയിരിക്കുന്നതു കാണാം-കൃഷ്‌ണൻ ഓർത്തു.
പരീക്ഷ തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് പെരിഞ്ചേരിയിലേക്ക് പോകാൻ തീരുമാനിച്ചു അയാൾ. ഹാൾടിക്കറ്റ് വാങ്ങാൻ ഇതുവരെ കോളേജിൽ പോയിട്ടില്ല. പെരിഞ്ചേരിയിൽ ചെന്നിട്ടുവേണം എല്ലാം ചെയ്യാൻ.
പെരിഞ്ചേരിയിൽ എത്തിയപ്പോൾ കഴിഞ്ഞതെല്ലാം കഴിവതും ഓർമ്മിക്കാതിരിക്കാൻ കൃഷ്‌ണൻ ശ്രമിച്ചു. അമ്മാവൻ ഒന്നും ഉളളിൽ വച്ച് പെരുമാറുന്നതായി തോന്നിയില്ല അയാൾക്ക്. എല്ലാം സാധാരണപോലെ. പ്രാക്‌ടിക്കലുകൾ ഒഴിച്ച് അശ്വതിയുടെ എല്ലാ പരീക്ഷകളും കഴിഞ്ഞിരുന്നു. എളുപ്പമായിരുന്നത്രേ. അശ്വതിയെ ഔട്ട്‌ഹൗസിലേക്ക് തീരെ കണ്ടില്ല. വല്ലപ്പോഴും വീട്ടിൽവച്ച് സൗകര്യമായി സംസാരിക്കാൻ കിട്ടിയെങ്കിലായി. അയാൾ പോന്നശേഷം അച്ഛൻ തന്നെ വിളിച്ച് കുറെ ഉപദേശിച്ചെന്ന് അശ്വതി കൃഷ്‌ണനോട് പറഞ്ഞു.
പരീക്ഷകളെല്ലാം വേഗം കഴിഞ്ഞു. മിക്ക പേപ്പറുകളും അയാൾ പ്രതിക്ഷിച്ചതിലും എളുപ്പമായിരുന്നു. വീണ്ടും അവധികളുടെ നിര. വീട്ടിലിരുന്ന് ബോറടിച്ചു അയാൾ. കോളേജിലെ അന്തരീക്ഷവുമായി താൻ ഇത്രയധികം ഇഴുകിച്ചേർന്നുവോ എന്നോർത്ത് കൃഷ്‌ണൻ അത്ഭുതപ്പെട്ടു.
അയാൾ എന്തൊക്കെയോ എഴുതിക്കൂട്ടിയത് ആ അവധിക്കാലത്താണ്. വിരസതയെ ഒഴിവാക്കുന്ന നല്ല നിമിഷങ്ങളായിരുന്നു അവ. എഴുതിത്തീർത്തവ വായിച്ചുനോക്കുമ്പോൾ മനസ്സിലെ ആശയങ്ങൾ അതേപടി കടലാസ്സിലേക്കു പകർത്താനായില്ല എന്നു തോന്നും. എങ്കിലും തനിക്ക് എഴുതാനാകും എന്ന കാര്യം മനസ്സിലായി അയാൾക്ക്.
രണ്ടാം വർഷത്തെ ക്ലാസ്സുകൾ ആരംഭിച്ചു. അശ്വതി റിസൾട്ടും കാത്ത് ഇരിപ്പാണ്. മഴകൊണ്ടുപിടിച്ചിരിക്കുന്നു. കുടയും പിടിച്ച്, വയൽവരമ്പിൽ തെറ്റി വീഴാതിരിക്കാൻ ശ്രദ്ധിച്ച് നടക്കുമ്പോൾ ഒരുകൊല്ലാം വരെ പഴക്കമുളള ഓർമകളിൽ കൃഷ്‌ണന്റെ വിചാരങ്ങൾ ചെന്നെത്തും.
പ്രീഡിഗ്രിയുടെ റിസൾട്ട് വന്നു. അശ്വതിക്ക് സെക്കന്റ് ക്ലാസ്സേയുളളൂ. തുടർന്ന് അവളെ കോളേജിൽ വിടാൻ അമ്മാവന് താല്‌പര്യമുണ്ടായിരുന്നില്ല. അവസാനം അവളുടെ നിർബന്ധത്തിനു വഴങ്ങി സെന്റ് പോൾസിൽ തന്നെ ചേർത്തു. ബി.എ. യ്‌ക്കേ പ്രവേശനം ലഭിച്ചുളളൂ. മെയിൻ ഇംഗ്ലീഷ് സാഹിത്യം.
അശ്വതിയോട് പറയാനുളള ഓരോകാര്യങ്ങൾ കൃഷ്‌ണന്റെ മനസ്സിൽ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. രണ്ടുമൂന്ന് ഒത്തുചേരലുകൾക്കുളളിൽ അവയെല്ലാം പറഞ്ഞുതീർത്ത് ആശ്വാസം കൊണ്ടു അയാൾ.
ബി.എ.യ്‌ക്കുചേർന്നശേഷം അശ്വതി പക്വതയോടെ പെരുമാറുന്നത് കൃഷ്‌ണൻ ശ്രദ്ധിച്ചു. പഴയ വായാടിപ്പെണ്ണിന്റെ സ്വഭാവം ചില സന്ദർഭങ്ങളിലേ പുറത്തെടുക്കുന്നുളളൂ.
സന്തോഷം നിറഞ്ഞുനിന്നിരുന്ന തന്റെ നല്ല ദിനങ്ങൾ വീണ്ടും അണഞ്ഞിട്ടുളളതായി കൃഷ്‌ണന് അനുഭവപ്പെട്ടു.
Generated from archived content: salabham_7.html Author: narendran
തുടർന്ന് വായിക്കുക :
ശലഭങ്ങളുടെ പകൽ – അദ്ധ്യായം എട്ട്