ശലഭങ്ങളുടെ പകൽ – 22

This post is part of the series ശലഭങ്ങളുടെ പകൽ

Other posts in this series:

  1. ശലഭങ്ങളുടെ പകൽ – 9
  2. ശലഭങ്ങളുടെ പകൽ – അദ്ധ്യായം ഒമ്പത്‌
  3. ശലഭങ്ങളുടെ പകൽ – അദ്ധ്യായം എട്ട്‌

ആഗ്നസിൽ നിന്നും പെട്ടന്നൊരു മറുപടി അയാൾ പ്രതീക്ഷിച്ചിരുന്നില്ല. കോളേജിൽ വച്ച്‌ കാണാമെന്നാണ്‌ അയാൾ ആഗ്നസിന്‌ എഴുതിയിരുന്നത്‌. ചിലപ്പോൾ, പരീക്ഷ എഴുതാതിരിക്കരുത്‌ എന്ന ഉപദേശമാവും കത്തിൽ, അതല്ലെങ്കിൽ വീട്ടിലെ നിർബന്ധങ്ങളെക്കുറിച്ച്‌. ആഗ്നസിന്റെ കത്ത്‌ തുറക്കുന്നതിനു മുമ്പ്‌ കൃഷ്‌ണൻ ഊഹിച്ചു.

 

 

പക്ഷേ…..

 

 

ഹ്രസ്വമായ ആ കത്തിന്റെ ഉളളടക്കത്തിലൂടെ കടന്നുപോകുമ്പോൾ തന്റെ കൈകൾ ആദ്യമായി വിറയ്‌ക്കുന്നത്‌ കൃഷ്‌ണനറിഞ്ഞു. നിർവികാരതയോ ലാഘവമോ, അതോ, നിസ്സഹായാവസ്‌ഥയോ ആ വരികളിലെന്ന്‌ അയാൾക്കു വിവേചിക്കാനായില്ല.

 

 

ഡിയർ കൃഷ്‌ണൻ,

 

 

അയച്ച കത്തു കിട്ടി. അല്ലെങ്കിലും ഞാൻ എഴുതണമായിരുന്നു. കുറച്ചുനേരത്തേ ഞാൻ തോറ്റുകൊടുത്തിരുന്നെങ്കിൽ കൃഷ്‌ണന്‌ പ്രിയപ്പെട്ട പലതും ഉപേക്ഷിക്കേണ്ടി വരുമായിരുന്നില്ല. അതോർക്കുമ്പോൾ വിഷമം തോന്നുന്നു. ഞാൻ കീഴടങ്ങിയെന്ന്‌ കൂട്ടിക്കൊളളൂ. അടുത്ത ഞായറാഴ്‌ച എന്റെ വിവാഹമാണ്‌, എല്ലാം കൃഷ്‌ണന്‌ ഊഹിക്കാവുന്നതുപോലെ. അറിഞ്ഞുകൊണ്ടുതന്നെ ഞാൻ ക്ഷണിക്കുന്നില്ല. നാം തമ്മിലിനി കാണാതിരിക്കുന്നതല്ലേ ഭംഗി. എക്സാമും എഴുതേണ്ടെന്നു തീരുമാനിച്ചു. സ്വിറ്റ്‌സർലന്റിലേക്ക്‌ ഉടനെ തിരിക്കും, കൂടെ മമ്മിയുമുണ്ട്‌.

 

 

സുഖമെന്നു കരുതട്ടെ.

 

 

സ്‌നേഹപൂർവ്വം ആഗ്നസ്‌.

 

 

തനിക്കു ചുറ്റുമുളള കാഴ്‌ചകൾ മങ്ങിമറയുകയാണോയെന്ന്‌ കൃഷ്‌ണൻ ഒരുനിമിഷം സംശയിച്ചു. കടലാസ്സിലെ അക്ഷരങ്ങളുടെ വളവുകൾ വലിയ കുരുക്കുകളായിത്തീരുന്നതും കൃഷ്‌ണനറിഞ്ഞു. ആത്മസംയമനം വീണ്ടെടുത്ത്‌ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോഴും എന്തുചെയ്യണമെന്ന്‌ മനസ്സിൽ വ്യക്തമല്ലായിരുന്നു. പിന്നെ ഷർട്ടും മുണ്ടും മാറി അയാൾ പുറത്തിറങ്ങി.

 

 

തനിക്കെന്താണ്‌ പറ്റിയത്‌? വിഭ്രാന്തിയിലോ? താനെങ്ങോട്ടാണ്‌ പോകുന്നത്‌? ആരെക്കാണാനാണ്‌? എങ്കിലും, ടൗണിലേക്കുളള വണ്ടി വന്നപ്പോൾ അതിൽ കയറി അയാൾ ഇരുന്നു. വിയർപ്പുകണങ്ങളിൻമേൽ കാറ്റേറ്റ്‌ ശരീരം തണുക്കുമ്പോൾ ആലോചിക്കാനുളള കഴിവെങ്കിലും അയാളുടെ മനസ്സിനു തിരിച്ചു കിട്ടുന്നു.

 

 

മിക്കവാറും ബാച്ചുകൾക്കും സ്‌റ്റഡിലീവായതിനാൽ പ്രഫസ്സർ വീട്ടിലുണ്ടാവാനിടയുണ്ട്‌. അദ്ദേഹമല്ലാതാരുണ്ട്‌ ഇതൊക്കെ കേൾക്കാൻ? ആഗ്നസിന്റെ മനസ്സ്‌ ഈ കുറഞ്ഞ നാളുകൾക്കുളളിൽ താനേ മാറാനിടയില്ല. അപ്പോൾപിന്നെ പ്രഫസ്സറും സമ്മദ്ദം പ്രയോഗിച്ചിട്ടുണ്ടാവുമോ? ആദ്യം തന്ന വാഗ്ദാനങ്ങളിൽനിന്നും അദ്ദേഹം വ്യതിചലിക്കാൻ ഇടയില്ലാത്തതായിരുന്നു. അദ്ദേഹത്തെപ്പോലെ കുറച്ചുപേരെയെങ്കിലും വിശ്വസിക്കാമെന്നു കരുതിയായിരുന്നു തന്റെ ഇതുവരെയുളള നീക്കങ്ങൾ. അവരും അവസാനം കൈയൊഴിയുകയാണോ? അതോ, ഇതെല്ലാം ജീവിതത്തിന്റെ മാറ്റിമറിക്കാനാവാത്ത വഴിത്തിരിവുകളോ? ചുഴികളും, ഇത്ര ദൈർഘ്യവുമുണ്ടെന്നറിഞ്ഞെങ്കിൽ പച്ചപ്പ്‌ കണ്ടപ്പോൾ താനീ പ്രവാഹത്തിലേക്ക്‌ എടുത്തു ചാടുമായിരുന്നില്ല. അതോ, ഉറങ്ങി കിടന്നപ്പോൾ കരകവിഞ്ഞൊഴുകിയ പുഴ തന്നെയും മാറിലേറ്റിപ്പോയതോ? ഒന്നും വ്യക്തമല്ല. ഐസൻബർഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം ശാസ്‌ത്രത്തിന്റെ ഉത്തുംഗഗോപുരങ്ങളിൽ നിന്നിറങ്ങിവന്ന്‌ വെറും ജീവിതത്തെയും ബാധിക്കുന്നു. ച്ഛെ, എന്താണിതൊക്കെ? ചിന്തകൾ കൂടിക്കുഴഞ്ഞ്‌ ഭ്രാന്ത്‌ പിടിപ്പിക്കുകയാണ്‌. ഒരേസമയത്തൊരായിരം ചിന്തകളുടെ അഗ്നിസ്‌ഫുലിംഗങ്ങൾ ജ്വലിച്ച്‌ അയാളുടെ തലച്ചോറിനെ ചൂടുപിടിപ്പിക്കുന്നു.

 

 

പ്രഫസ്സറുടെ വീട്ടിന്റെ വാതിലിൽ മുട്ടുകയോ അതോ തട്ടുകയോയെന്ന്‌ കൃഷ്‌ണന്‌ വ്യക്തമല്ലായിരുന്നു. ഹെലനാണ്‌ ഓടിവന്ന്‌ വാതിൽ തുറന്നത്‌. കൃഷ്‌ണനാണെന്നു കണ്ടപ്പോൾ അലിവോടെ നോക്കിക്കൊണ്ട്‌ ഹെലൻ മാറിനിന്നു.

 

 

“ഡാഡി മുകളിലുണ്ട്‌” അവൾ പറഞ്ഞു. ചിരിക്കാനയാൾ ശ്രമിച്ചില്ല. എന്തിന്‌ കഴിയാത്ത കാര്യം ചെയ്‌ത്‌ പരാജയപ്പെടണമെന്നായിരുന്നു ആ മനസ്സിലപ്പോൾ. മുകളിലേക്കു കയറിച്ചെന്നു നോക്കുമ്പോൾ പ്രഫസ്സർ ഏതോ പുസ്‌തകത്തിൽ നിന്ന്‌ കുറിപ്പെഴു​‍ാതിയെടുക്കുന്നത്‌ കൃഷ്‌ണൻ കണ്ടു. കാൽപ്പെരുമാറ്റം കേട്ട്‌ അദ്ദേഹം തിരിഞ്ഞുനോക്കി. പെട്ടന്ന്‌ അയാളെ കണ്ടപ്പോൾ പ്രഫസ്സറിലുണ്ടായ ഭാവമാറ്റം വ്യക്‌തമായിരുന്നു.

 

 

“ഇരിക്കൂ കൃഷ്‌ണൻ, ഞാൻ തന്നെ പ്രതീക്ഷിച്ചിരുന്നു.” അദ്ദേഹം പറഞ്ഞു.

 

 

കൃഷ്‌ണൻ ഒന്നും മിണ്ടിയില്ല. വികാരക്ഷോഭത്തിനിടയിൽ വാക്കുകൾ മുങ്ങിപ്പോവുകയാണ്‌. എവിടെയോ അയാൾ ഇരുന്നു.

 

 

“ആഗ്നസറിയിച്ചായിരിക്കും അല്ലേ? മൂന്നു ദിവസമേ ആയിട്ടുളളൂ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ട്‌. ഐ ആം റിയലി സോറി കൃഷ്‌ണൻ. അവസാനഘട്ടം വരെ ഞാൻ നിങ്ങൾക്കുവേണ്ടി ഒളിച്ചുകളിച്ചെങ്കിലും എനിക്ക്‌ വാക്കുപാലിക്കാനായില്ല. കടകവിരുദ്ധമായി പ്രവർത്തിക്കേണ്ടിയും വന്നു”

 

 

“ഇതുവരെ എന്റെയൊപ്പം നിന്നിട്ടും ഇപ്പോഴെന്നെ കൈവിട്ടത്‌ ശരിയായില്ല സർ. ബാക്കിയുളളവരുടെയെല്ലാം സ്‌നേഹം നഷ്‌ടപ്പെടുത്തിയിട്ടാണ്‌ ഞാൻ ഇറങ്ങിത്തിരിച്ചത്‌. ആർക്കും വേണ്ടാത്തവനാണ്‌ ഞാനിന്ന്‌. സാറെന്റെയൊപ്പം നിന്നിരുന്നെങ്കിൽ എനിക്കെന്തെങ്കിലും ചെയ്യാനാവുമായിരുന്നു, ഞാനൊരാണാണ്‌. സ്‌ഥിതി വഷളായപ്പോൾ സാറെന്നെ അറിയിച്ചു പോലുമില്ല. ആക്‌ച്വലി, യു വേർ ചീറ്റിങ്ങ്‌ മി……” കൃഷ്‌ണന്റെ വികാരം അണപൊട്ടി ഒഴുകുകയാണ്‌. എന്തൊക്കെയാണ്‌ പിന്നെയും അയാൾ പുലമ്പുന്നത്‌. എല്ലാം കേട്ടിട്ടും അക്ഷോഭ്യനായി പ്രഫസ്സർ ഇരുന്നു.

 

 

ഒരിടവേളയ്‌ക്കുശേഷം അദ്ദേഹം പറഞ്ഞു. “ആഗ്നസിന്റെ കുടുംബത്തെക്കുറിച്ച്‌ കൃഷ്‌ണന്‌ ശരിക്കറിയാമോയെന്ന്‌ എനിക്ക്‌ നിശ്ചയമില്ല. ആൻസിയുടെ മൂത്തമകൻ നേവിയിൽ വച്ചു മരണപ്പെട്ടു. അന്നുമുതൽ ആൻസി സ്‌ഥിരബോധത്തിലല്ല എല്ലായ്‌പ്പോഴും. ചെറിയൊരു പ്രകോപനം മതി എല്ലാത്തിന്റെയും താളം തെറ്റാൻ. ഇത്തവണ വലിയൊരു പൊട്ടിത്തെറിയുടെ വക്കത്തായിരുന്നു ആൻസി അവസാന നാളുകളിൽ.”

 

 

“സർ, എന്നെയാശ്വസിപ്പിക്കുന്നതിന്‌ ഇങ്ങനെയോരൊന്നു പറയുന്നതിൽ വല്ല അർത്ഥമുണ്ടോ?”

 

 

“തീർച്ചയായുമുണ്ട്‌ കൃഷ്‌ണൻ. ഞാൻ നിങ്ങൾക്കൊരു വാഗ്ദാനം നല്‌കിയിരുന്നു. അതെനിക്ക്‌ പാലിക്കാനാവാത്തത്‌ എന്തുകൊണ്ടാണെന്ന്‌ കൃഷ്‌ണൻ അറിയണം.”

 

 

അയാൾക്കൊന്നും മറുപടി പറയാനില്ലായിരുന്നു.

 

 

“ആഗ്നസിന്റെ പെരുമാറ്റത്തിലുണ്ടായ പന്തികേടുകൊണ്ടോ എന്തോ, ആൻസി എന്നെയും കൂടി സംശയിക്കാൻ തുടങ്ങി. നേരത്തേതന്നെ വിവാഹം നടത്തണമെന്ന ആൻസിയുടെ നിർബന്ധം, ആഗ്നസ്‌ എന്റെ സഹായത്താൽ നീട്ടി വയ്‌പിച്ചത്‌ കൂടുതൽ സംശയങ്ങൾക്ക്‌ ഇട നല്‌കി. ഒരാഴ്‌ചമുമ്പ്‌ ഒരു ഭ്രാന്തിയെപ്പോലെ ആൻസി ഇവിടെ ഓടിക്കിതച്ചെത്തി. ശരിക്ക്‌ ഡ്രസ്സുപോലും ചെയ്യാതെയാണ്‌ അവൾ വന്നത്‌. ആഗ്നസുമായി വഴക്കുകൂടിയാണ്‌ അന്നെത്തിയതെന്ന്‌ പിന്നെ ഞാനറിഞ്ഞു. വന്നപാടെ അവൾ പറഞ്ഞു, ‘ഡാനീ, എന്റെ എഡ്‌ഢിയെ കൊലയ്‌ക്കുകൊടുത്തത്‌ നീയാണ്‌. അവന്‌ നേവിയിൽ സെലക്ഷൻ കിട്ടിയപ്പോൾ, എനിക്കുളള ഏക ആൺതരിയാണ്‌, എഡ്‌ഢീ പോകേണ്ട എന്നുപറഞ്ഞപ്പോൾ നീയാണ്‌ ഡാനീ എന്നെ നിർബന്ധിച്ച്‌ അവനെ വിടാൻ സമ്മതിപ്പിച്ചത്‌. ഇനി നീ ആഗ്നസിനെക്കൂടി വഴി തെറ്റിക്കുകയാണെങ്കിൽ നിന്റെ ആത്മാവിനുപോലും ഗുണം കിട്ടില്ല. ഒരമ്മയുടെ വിഷമം നിനക്കറിയില്ല, നീയൊരാണാണ്‌. നിന്നെക്കാളധികം ആ കൊച്ചുകുട്ടിക്കു മനസ്സിലാകും. എന്റെ വാക്കു ധിക്കരിച്ച്‌ ആഗ്നസ്‌ എന്തിനെങ്കിലും പുറപ്പെടുന്നയന്ന്‌ ഞാൻ ജീവിതം അവസാനിപ്പിക്കും. ആരുടെയും ശല്യമില്ലാതെ നീ സുഖമായി കഴിഞ്ഞോ പിന്നെ”. ഉടനെത്തന്നെ ആൻസി ഇവിടെനിന്നും പോയി. ഹെലൻ അടുത്തുണ്ടായിരുന്നു അപ്പോൾ. പല രഹസ്യങ്ങളും അവൾവഴി ആൻസി അറിഞ്ഞോയെന്ന്‌ ഞാൻ സംശയിക്കുന്നു. ഭീഷണിയുടെ സ്വരത്തിലായിരുന്നു ആൻസിയുടെ സംസാരമെങ്കിലും ആ വാക്കുകൾ പലതുമെന്റെ മനസ്സിലേക്ക്‌ തുളച്ചുകയറി. എഡ്‌ഢിയുടെ മരണത്തിന്റെ ഉത്തരവാദിയും ഞാനായി. ഒരർത്ഥത്തിൽ അതു ശരിയല്ലേ? ഇനിയുമെന്തിന്‌ ഒരു ദുരന്തത്തിന്റെ തുടക്കക്കാരൻ ആവണമെന്നു ഞാൻ ചിന്തിച്ചുപോയെങ്കിൽ അതൊരപരാധമാണോ കൃഷ്‌ണൻ? പറയൂ“.

 

 

പ്രഫസ്സർ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. ചുമരിലെ ഷെൽഫിൽ നിന്നും കുപ്പിയും ഗ്ലാസ്സും വെളളവുമൊക്കെ എടുക്കാനാഞ്ഞു. പെട്ടെന്നു തിരിഞ്ഞുനിന്ന്‌ അയാളോടു ചോദിച്ചു. ”ഹാർഡ്‌ ഓർ സോഫ്‌റ്റ്‌?“

 

 

”എന്തെങ്കിലും“. കൃഷ്‌ണൻ മറുപടി പറഞ്ഞു.

 

 

എല്ലാം വേഗമെടുത്തുവച്ച്‌, ഗ്ലാസ്സുകളിലേക്ക്‌ പകർന്ന്‌ പ്രഫസ്സർ ഒരു സിപ്പെടുത്തു. ഗ്ലാസ്സു മുഖത്തേക്കടുപ്പിച്ചപ്പോൾ അതു മദ്യം തന്നെയാണെന്ന്‌ കൃഷ്‌ണന്‌ ഉറപ്പായി. കുറച്ചുകൂടി വെളളമൊഴിച്ച്‌ അയാൾ രണ്ടു കവിളിൽ അതകത്താക്കുമ്പോൾ ദാഹജലം കഴിക്കുന്ന ലാഘവമേ തോന്നിയുളളൂ, അതിന്റെ തന്നെ തൃപ്‌തിയും. പ്രഫസ്സർ വീണ്ടുമൊഴിക്കുമ്പോൾ അയാൾ തടഞ്ഞില്ല.

 

 

ഗ്ലാസ്സ്‌ കാലിയാക്കി പ്രഫസ്സറും അടുത്തതിന്‌ തുടക്കമിട്ടു. എന്നിട്ടു പറഞ്ഞുഃ ”കൃഷ്‌ണൻ, ഞാൻ എന്തു ക്രൂരതയാണ്‌ നിങ്ങളോട്‌ കാണിച്ചത്‌. ആൻസി അന്നിവിടെനിന്നു പോയ ഉടനെ ഞാൻ ചെയ്‌തതെന്താണെന്നറിയാമോ? ബാംഗ്ലൂരിലെ ആഗ്നസിന്റെ അങ്കിൾ മിസ്‌റ്റർ ലോറൻസിനെ ആദ്യം വിളിച്ചു. എന്നിട്ടു പറഞ്ഞുഃ നിങ്ങൾ അവിടെയെങ്ങാനും എത്തുകയാണെങ്കിൽ ഒരു സഹായവും ചെയ്‌തുകൊടുക്കരുതെന്ന്‌. അക്കാര്യമെന്നിട്ട്‌ ആഗ്നസിനെ അറിയിച്ചു. ഞാനിതെല്ലാം തുറന്നുപറയുന്നത്‌ കൃഷ്‌ണന്‌ ഉൾക്കൊളളാൻ കഴിയുമെന്ന വിശ്വാസംകൊണ്ടാണ്‌.“

 

 

ഇപ്പോൾ അയാൾക്കൊന്നും തിരിയുന്നില്ല. ഉളളിൽ ജ്വലിച്ചു വരുന്ന രോഷം എവിടെയോവച്ച്‌ അണഞ്ഞുപോകുന്നു.

 

 

പ്രഫസ്സർ പിന്നെയും പറയുകയാണ്‌. ”നീണ്ടൊരു വാചകത്തിനിടയ്‌ക്ക്‌ പറ്റിയ അക്ഷരത്തെറ്റാണെന്നു കരുതിയാൽ മതി കൃഷ്‌ണൻ. ജീവിതത്തിന്‌ നിറം കൊടുക്കാൻ തനിക്കിനിയും കഴിയും. തന്റെ ബന്ധത്തിലുളള ആ കുട്ടിയുടെ പെരെന്തെന്നാണ്‌ പറഞ്ഞത്‌? ഞാൻ മറന്നുപോയി. പിണക്കമൊക്കെ ഉടനെ തീർക്കൂ. നഗരത്തിലേക്കു വന്നപ്പോൾ പറ്റിയ ഒരു പിഴവാണെന്നു കരുതിയാൽ മതി ഇതൊക്കെ. കൃഷ്‌ണൻ ആ കുട്ടിയുടെ പേര്‌ പറഞ്ഞില്ല. ഞാനൊരിക്കൽ കണ്ടിട്ടുണ്ട്‌ ആ കുട്ടിയെ…..“

 

 

ഒന്നും ഉരിയാടാതെ, കൃഷ്‌ണൻ അവിടെ നിന്നെഴുന്നേറ്റ്‌ താഴേക്കിറങ്ങുമ്പോൾ പ്രഫസ്സർ വിസ്‌മയം പൂണ്ടിരിക്കുകയായിരുന്നു. താഴെ ഹെലനെ കാണുന്നില്ല. വാതിൽ തുറന്ന്‌ അയാൾ പുറത്തുകടന്നു. ചുറ്റുമുളള മങ്ങിയ കാഴ്‌ചയിലൂടെ ഒരോട്ടോറിക്ഷ വന്നുനിന്നു അയാളുടെ മുമ്പിൽ. പ്രയാസപ്പെട്ട്‌ അതിലേക്കു കയറി ഇരിക്കുമ്പോൾ, പിന്നിൽ, പ്രഫസ്സറുടെ വീട്ടിലേക്കു തിരിഞ്ഞു നോക്കാൻകൂടി തോന്നിയില്ല അയാൾക്ക്‌.

 

 

ഒന്നും ചെയ്യാനില്ലാതെ വീട്ടിലെ ഇരിപ്പു തുടർന്നപ്പോൾ കൃഷ്‌ണന്‌ തന്നോടുതന്നെ വെറുപ്പുതോന്നി. ദിനപ്പത്രംപോലും വായിക്കാൻ താല്‌പര്യമില്ലാത്ത അവസ്ഥ. ഇതൊക്കെ അറിഞ്ഞിട്ടെന്തു കാര്യമെന്ന ചിന്തയാണ്‌ അയാളെ ഭരിക്കുന്നത്‌. ഭക്ഷണത്തിന്റെ സമയമാകുമ്പോൾ അമ്മ വിളിക്കും, പോയി ഇരുന്ന്‌ കഴിക്കും. അത്രതന്നെ. മിക്കവാറും ഒന്നും സംസാരിക്കാറില്ല. ഉറങ്ങാൻ ശ്രമിച്ചാൽ മാത്രം ചിലപ്പോൾ വിജയിക്കുന്നു.

 

 

ഒരുദിവസം ഏട്ടൻ മുറിയിലേക്കു ചെന്നു.

 

 

”എന്താ…. ഏട്ടാ, പതിവില്ലാതെ?“ അയാൾ ചോദിച്ചു.

 

 

സാധാരണ ഏട്ടൻ മുറിയിലേക്കു വരാറില്ല. മിക്കവാറും പാതിരയാവും ജോലി കഴിഞ്ഞെത്തുമ്പോൾ. ഒരു സ്വകാര്യകമ്പനിയുടെ അക്കൗണ്ടും നോക്കുന്നുണ്ട്‌. ഈയിടെ, പലപ്പോഴും ഏട്ടൻ തന്നിൽനിന്ന്‌ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതായി അയാൾക്കു തോന്നുന്നു.

 

 

”നിന്നോടെനിക്ക്‌ കുറച്ചു സംസാരിക്കാനുണ്ടായിരുന്നു.“

 

 

”എന്താ വിശേഷിച്ച്‌?“

 

 

”വേറെയൊന്നുമില്ല, ഞാൻ അശ്വതിയെ മംഗല്യം ചെയ്യാനുറച്ചു. നിന്നോട്‌ ഞാൻ ഇങ്ങനെവന്ന്‌ പറയുന്നതിന്റെ സാഹചര്യങ്ങളെല്ലാം അറിയാലോ. കൂടുതലൊന്നും പറയണില്ല. ബന്ധങ്ങൾക്ക്‌ ഞാൻ വിലകല്പിക്കുന്നുണ്ടെന്ന്‌ കരുത്യാ മതി, അല്ലെങ്കിൽ ഞാനീ സാഹസത്തിന്‌ പുറപ്പെടില്ലായിരുന്നു.“

 

 

ഞെട്ടേണ്ട അവസ്ഥയെല്ലാം എന്നേ കഴിഞ്ഞു അയാളുടെ ജീവിതത്തിൽ. ഏട്ടൻ പിന്നെയും കുറെനേരം അവിടെ നിന്നു. പോകാൻ തുടങ്ങുമ്പോൾ പറഞ്ഞുഃ ”രണ്ടാഴ്‌ച കഴിഞ്ഞാണ്‌ ചടങ്ങ്‌ വച്ചിരിക്കുന്നത്‌. എല്ലാം ലളിതമായിട്ടാണ്‌. നീയെല്ലാമൊന്ന്‌ നോക്കിപ്പിടിച്ചെടുക്കണം.“

 

 

കൃഷ്‌ണൻ മറുപടിയൊന്നും കൊടുത്തില്ല. ആ ഭംഗിവാക്കുകൾക്ക്‌ ഏട്ടൻ ഉത്തരമൊന്നും പ്രതീക്ഷിക്കുന്നുണ്ടാവുകയുമില്ല.

 

 

ഏട്ടന്റെ തണുപ്പൻമട്ട്‌ എവിടെയോ പോയി ഒളിച്ചിരിക്കുന്നു. ആ വാക്കുകൾ പൗരുഷത്തിന്റേതല്ലെങ്കിലും ഉറപ്പുളളവയാണ്‌. അതിന്റെ ധ്വനി എത്ര വ്യക്തംഃ നീയെന്തിന്‌ ഇവിടെയൊരു കരടായി കൂടുന്നു? മറ്റെവിടെയെങ്കിലും പോയി തുലഞ്ഞുകൂടേ? ഞാനെങ്കിലും ഒരു ജീവിതം കെട്ടിപ്പടുക്കട്ടെ.

 

 

പാവം! ഏട്ടൻ അങ്ങനെയൊന്നും വിചാരിച്ചിട്ടുണ്ടാവില്ല. എങ്കിലും മനസ്സിന്റെ അഗാധതയിൽ നിന്നുവരുന്ന ആ വാക്കുകളെ അവിശ്വസിക്കേണ്ടിയിരിക്കുന്നു.

Generated from archived content: salabham_22.html Author: narendran

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English