ശലഭങ്ങളുടെ പകൽ – 21

This post is part of the series ശലഭങ്ങളുടെ പകൽ

Other posts in this series:

  1. ശലഭങ്ങളുടെ പകൽ – 9
  2. ശലഭങ്ങളുടെ പകൽ – അദ്ധ്യായം ഒമ്പത്‌
  3. ശലഭങ്ങളുടെ പകൽ – അദ്ധ്യായം എട്ട്‌

പിറ്റേന്ന്‌ അതിരാവിലെ ഗോപാലൻ വന്ന്‌ പെരിഞ്ചേരിയിലേക്ക്‌ ചെല്ലാൻ പറയുമ്പോൾ ഇനിയുമെന്തെങ്കിലും സംഭവിച്ചോയെന്ന ഭയമായിരുന്നു കൃഷ്‌ണന്റെ മനസ്സിൽ. പെരിഞ്ചേരിയിലെത്തി വരാന്തയിലേക്ക്‌ കയറുന്നതിനു മുമ്പ്‌ ഒരുനിമിഷം അറച്ചുനിൽക്കാതെയിരുന്നില്ല. എങ്കിലും കുറച്ചുനാളത്തേക്ക്‌ എല്ലാം മറക്കണമെന്ന വിചാരത്താൽ അയാൾ ഉളളിലേക്കു കയറിച്ചെന്നു. അടുക്കള ഭാഗത്ത്‌ അമ്മയും അമ്മായിയും, പിന്നെ കാരണവന്മാരിലാരോ ചിലരും. വാതില്പടിയിൽ അയാൾ ശങ്കിച്ചു നില്‌ക്കുമ്പോൾ ക്ഷണം കിട്ടി, “കൃഷ്‌ണൻകുട്ടിക്കും കൂടാം ഇതിൽ, അവ്‌ടെ ഇരുന്നോളൂ.”

 

 

കുറച്ചുനേരത്തേക്ക്‌ ആരും ഒന്നും മിണ്ടിയില്ല. പിന്നെ അമ്മായിയുടെ അനിയൻ, നാരായണൻ നായര്‌, പറയാൻ തുടങ്ങി ഃ “ശങ്കരൻ ചേട്ടൻ മരിക്കുന്നതിനു മുമ്പ്‌ ഒന്നും പറഞ്ഞുവയ്‌ക്കാതിരുന്നതിനാൽ ഇനി ബാക്കിയുളള കാര്യങ്ങൾ തിരുമാനിക്കേണ്ടത്‌ നമ്മുടെ ചുമതലയാണ്‌. കാര്യങ്ങൾ നോക്കി നടത്താൻ ഒരു ആൺതരി അവശേഷിക്കണില്യാന്ന്‌ കൃഷ്‌ണൻകുട്ടിക്കറിയാലോ?”

 

 

വല ചുരുങ്ങുകയാണ്‌. എങ്കിലും ഒന്നുമറിയാത്തവണ്ണം കൃഷ്‌ണൻ പറഞ്ഞു, “അതൊക്കെ തീരുമാനിക്കാൻ ഞാൻ കൂടി വരേണ്ടിയിരുന്നോ ചേട്ടാ? നിങ്ങൾ മതിയായിരുന്നു. ഇളംതലമുറയ്‌ക്ക്‌ അഭിപ്രായം പറയാനുളള യോഗ്യതയുണ്ടോ ഇത്തരം കാര്യങ്ങളിൽ?”

 

 

നാരായണൻനായർ അതുകേട്ട്‌ പൊട്ടിച്ചിരിച്ചു. അതിന്റെ ശക്തിയേറ്റിട്ടെന്നപോലെ മറ്റുളളവരും ഊറി ചിരിക്കുന്നുണ്ട്‌.

 

 

“വളരെ പ്രധാനപ്പെട്ടൊരു കാര്യം, എങ്ങനെ ഒറ്റവാക്കാലെ പറയുമെന്നു കരുതിയാണ്‌ ഇത്ര വളച്ചുകെട്ടാനൊക്കെ പോയത്‌. അശ്വതിയെ കൃഷ്‌ണൻകുട്ടി ഉടനെ മംഗല്യം ചെയ്യണം. പെരിഞ്ചേരി അന്യാധീനപ്പെടാതിരിക്കണമെങ്കിൽ നീയത്‌ ചെയ്‌തേ തീരൂ. പ്രായം രണ്ടുപേർക്കും ഇത്തിരി കുറവാണെങ്കിലും പണ്ടത്തെ കാലമൊക്കെ വച്ചു നോക്കുമ്പോൾ കുറച്ചധികം തന്ന്യാ, എന്ത്യേ കുറുപ്പേ?” കുറുപ്പുചേട്ടൻ അയല്‌ക്കാരനാണ്‌, അദ്ദേഹം അതു ശരിവെച്ചു.

 

 

ഓരോ നയനങ്ങളിൽനിന്നും അയാളിലേക്ക്‌ ശരങ്ങൾ പെയ്യുകയാണ്‌. മുൻകരുതലുകളുടെ കോട്ടയെ അവ ഭേദിക്കുന്നു.

 

 

അമ്മായിക്ക്‌ ഇത്‌ തന്നോടാവശ്യപ്പെടാനുളള മനഃസാന്നിദ്ധ്യമുണ്ടാവില്ല – അയാൾ ചിന്തിച്ചു. അമ്മാവൻ പണ്ടേ പരാജയമടഞ്ഞതാണ്‌ അമ്മയ്‌ക്ക്‌ തക്ക മറുപടി കൊടുക്കാനും പറ്റുമായിരുന്നു. പക്ഷേ, ഇങ്ങനെയൊരു സന്ദർഭത്തിൽ. അയാൾക്ക്‌ തന്റെ നിസ്സഹായത മനസ്സിലാവുകയാണ്‌. മറുപടി പറയാതിരിക്കാനാവില്ല. അയാൾ ഒരു കാലത്ത്‌ വളരെ ആഗ്രഹിച്ച കാര്യമാണ്‌ ഇപ്പോൾ അയാളുടെ മുമ്പിൽ എല്ലാവരും ചേർന്ന്‌ സമർപ്പിക്കുന്നത്‌. ഇരിപ്പിടത്തിലിരുന്നുകൊണ്ടു തന്നെ കൈ നീട്ടേണ്ട കാര്യമേയുളളൂ ആ താലം കൈയിലേക്കു വാങ്ങാൻ. കയ്‌പുനിറഞ്ഞ ഫലങ്ങളാണെന്നറിഞ്ഞ്‌ അയാൾ അവ ഉപേക്ഷിക്കുകയും ചെയ്‌തതാണ്‌. ഒരിക്കൽ. ഋതുഭേദങ്ങൾ കൊടുത്ത പുതിയ വർണ്ണങ്ങളിൽ അവ വീണ്ടും അയാളുടെ മുമ്പിലെത്തുമ്പോൾ പഴയ ആകർഷണീയത അനുഭവപ്പെടുന്നില്ല. ഈ വിഷമസന്ധി അയാൾക്ക്‌ പ്രതികൂലവുമാണ്‌. രക്ഷപ്പെടാതിരിക്കാനൊരു മുൾവേലി സൃഷ്‌ടിച്ചുകൊണ്ട്‌ അതയാളെ വലയം ചെയ്‌തിരിക്കുന്നു. വേലിക്കരികിൽ നിന്നുകൊണ്ട്‌ കാവൽക്കാരന്റെ ധാർഷ്‌ട്യത്തോടെ നാരായണൻനായർ പറയുന്നുഃ “കൃഷ്‌ണാ, നീയെന്താണ്‌ ഒന്നുംപറയാതെ ഇങ്ങനെയിരുന്ന്‌ ആലോചിക്കുന്നത്‌? കൂടുതൽ ചിന്തിക്കാനൊന്നുമില്ല, ഇപ്പോൾ നിന്റെ കർത്തവ്യം എന്താണെന്നറിയാമല്ലോ.”

 

 

മറുപടിയായി പറയാനുളള വാക്കുകൾ കൃഷ്‌ണന്റെ നാവിൻ തുമ്പത്തു തന്നെയുണ്ട്‌. പക്ഷേ, അവയൊന്നും സന്ദർഭോചിതമായിരിക്കയില്ല. കളളം പറഞ്ഞ്‌, ആരെയും തൃപ്‌തിപ്പെടുത്തേണ്ട കാര്യവുമില്ല അയാൾക്ക്‌. കസേരയിൽ നിന്നെഴുന്നേൽക്കുമ്പോൾ തന്റെ മനസ്സ്‌ കൂടുതൽ കഠിനമായിട്ടുണ്ടെന്ന്‌ കൃഷ്‌ണൻ അറിഞ്ഞു. പുറത്തേക്കുളള ആ നടപ്പ്‌ വേഗത്തിലാകുമ്പോൾ ആരൊക്കെയൊ പിന്നിൽ നിന്ന്‌ വിളിച്ചു. പിന്നെയാ വിളി കൂട്ടത്തോടെയായെങ്കിലും അയാൾ തിടുക്കത്തിൽ പുറത്തേക്ക്‌ നടന്നു.

 

 

നിശബ്‌ദതയുടെ തുരുത്തിൽ, മുറിക്കുളളിൽ കൃഷ്‌ണൻ വെറുതെയിരിക്കുമ്പോൾ പുസ്‌തകങ്ങൾ പോലും വഴങ്ങുന്നില്ല അയാളുടെ ബുദ്ധിക്ക്‌. ഭാവിപരിപാടികൾക്ക്‌ ബിരുദം ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും അതിപ്പോൾ വളരെ ദൂരെയായതു പോലെ അയാൾക്കു തോന്നുന്നു. വിഷയങ്ങൾ ഒന്നോടിച്ചു നോക്കേണ്ട കാര്യമേ അയാൾക്ക്‌ ആവശ്യമായിരുന്നുളളൂ എങ്കിലും, ഇപ്പോൾ തലയിൽ എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്‌. റീമാൻ സർഫസും കോഷീസ്‌ തിയറവും ലാപ്ലാസ്‌ ഇക്വേഷന്നുമൊക്കെ അന്യമല്ല ഇപ്പോഴും. എന്നാലും പുസ്‌തകം നിവർത്താനോ വരികൾക്കിടയിൽ മുങ്ങിനിവരാനോ അയാൾക്കാവുന്നില്ല. ഒരു പാസ്‌മാർക്ക്‌ ഒപ്പിക്കാൻ അവശേഷിക്കുന്ന ഒരാഴ്‌ചകൊണ്ടു പറ്റും. പക്ഷേ, ആദ്യം മുതലേ അതായിരുന്നില്ല അയാളുടെ മനസ്സിൽ. നല്ല മാർക്കോടെ ഒരു വിജയം തന്നെയായിരുന്നു.

 

 

ആഗ്നസിന്റെ കത്തൊന്നും കണ്ടില്ല ഇതുവരെ. തീർച്ചയായുമെഴുതും, മറുപടി അയയ്‌ക്കണം എന്നൊക്കെ പിരിയുമ്പോൾ പറഞ്ഞു സമ്മതിപ്പിച്ചിട്ടാണ്‌ ആഗ്നസ്‌ പോയത്‌. പരീക്ഷയ്‌ക്കുളള തയ്യാറെടുപ്പിൽ ആകെ മുങ്ങിയിരിക്കുകയായിരിക്കും. ആദ്യത്തെയും രണ്ടാമത്തെയും വർഷങ്ങളിലെ പേപ്പറുകളിൽ ചിലതും ആഗ്നസിന്ന്‌ കിട്ടാനുണ്ട്‌. പാലായനത്തിന്നുമുമ്പ്‌ എല്ലാം ഭംഗിയാക്കിയിട്ട്‌ പോകാമെന്നതിന്റെ ഭാഗമായിരിക്കും ആ തയ്യാറെടുപ്പ്‌.

 

 

പരീക്ഷ എഴുതണോ വേണ്ടയോയെന്ന അയാളുടെ ചിന്ത അനിശ്ചിതാവസ്‌ഥയിൽ ഒന്നുരണ്ടു ദിവസം കൂടി നീണ്ടു. ഒരു ലക്ഷ്യം മനസ്സിലുളളതുകൊണ്ടാണ്‌ അതങ്ങനെ നീണ്ടുപോയത്‌. അതല്ലെങ്കിൽ പണ്ടേ ഉപേക്ഷിക്കാമായിരുന്നു. പഠനത്തിലും അധികം ശ്രദ്ധ ചെലുത്താനാവുന്നില്ല. അവസാനം തീരുമാനത്തിലെത്തി അയാൾ, എന്തായാലും റിസൾട്ടു വരുന്നതിന്നു മുമ്പ്‌ ബാംഗ്ലൂർക്ക്‌ തിരിക്കും. എല്ലാം ഒന്നടങ്ങി, മനസ്സിന്ന്‌ ശാന്തത ലഭിച്ചതിന്നുശേഷം പരീക്ഷ ഭംഗിയായി എഴുതാം. അതിന്നിടയിലുളള സമയത്ത്‌, ബിരുദമില്ലാത്തതുകൊണ്ട്‌, ഒന്നും നഷ്‌ടപ്പെടാൻ പോകുന്നില്ല. കൃഷ്‌ണൻ ആശ്വസിച്ചു.

 

 

അങ്ങനെയൊരു തീരുമാനത്തിലെത്തിയപ്പോൾ കുറച്ചു സമാധാനമായി അയാൾക്ക്‌. പോരാത്തതിന്‌ പുതിയ വാർത്തകളൊന്നും അയാളുടെ ചെവിയിലേക്കെത്തുന്നുമില്ല. അമ്മ പെരിഞ്ചേരിയിൽ നിന്ന്‌ മടങ്ങി വന്നെങ്കിലും അധികമൊന്നും ഉരിയാടാറില്ല. വന്ന അന്നുതന്നെ അയാൾ പ്രതീക്ഷിച്ചിരുന്ന ആ ചോദ്യമുണ്ടായി. “നീയെന്തിനാ പിളേള അവിടന്ന്‌ ചാടിത്തുളളി ഇറങ്ങിപ്പോന്നത്‌?”

 

 

“ഞാനവിടെ വച്ച്‌ എന്തു മറുപടി പറയാനാ അമ്മേ? എല്ലാം അമ്മയ്‌ക്കറിയാലോ. പിന്നെയെന്തിനാ ഓരോന്ന്‌ ചോദിക്കുന്നത്‌?”

 

 

“രക്തബന്ധത്തിന്‌ എപ്പോഴും വിലയുണ്ടാവുമെന്നോർത്തോ. അവരോട്‌ ഇത്തിരി ക്ഷമിച്ചെന്നും സഹിച്ചെന്നും കരുതി ഒന്നും നഷ്‌ടപ്പെടാൻ പോണില്ല.”

 

 

അയാൾ ഒന്നും മിണ്ടിയില്ല. അമ്മ അവിടെനിന്ന്‌ പോവുകയും ചെയ്‌തു.

 

 

പുതിയ തീരുമാനത്തെക്കുറിച്ച്‌ കൃഷ്‌ണൻ ആഗ്നസിന്ന്‌ ഒരു കത്തിട്ടു. ഒപ്പം അതിന്നു നിർബന്ധിതനാകേണ്ടിവന്നതിന്റെ കാരണങ്ങളും. പരീക്ഷ തുടങ്ങുന്നയന്ന്‌ കാണാമെന്നും എഴുതി. പ്രഫസ്സറെയും കാണണം. പാലായനത്തിന്റെ പാത സുഗമമാക്കേണ്ടതുണ്ട്‌.

 

 

ഒരു ദിവസം

 

 

അമ്മായി ഉമ്മറത്തു വന്നു നിന്ന്‌ വിളിക്കുന്ന കേട്ടാണ്‌ കൃഷ്‌ണൻ ഇറങ്ങിച്ചെന്നത്‌. അശ്വതിയുമുണ്ട്‌ കൂടെ. അയാളുടെ മനസ്സിൽ പെട്ടന്നൊരു ഇരമ്പലാണ്‌ ആ മുഖാമുഖം സൃഷ്‌ടിച്ചത്‌. അശ്വതിയോ അതോ താനോ ആദ്യം ചിരിച്ചത്‌? അയാൾക്കു സംശയമായി. അവരെ അകത്തേക്ക്‌ സ്വീകരിച്ചിരുത്തുമ്പോൾ പെരുമാറ്റത്തിലൊന്നും പ്രകടമാകാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. അമ്മയെ തൊടിയിൽനിന്നു വിളിച്ചുകൊണ്ടുവന്നശേഷം അയാൾ മുറിയിലേക്കു നടന്നു. അകത്തു നിന്നും വർത്തമാനത്തിന്റെ സ്വരം ഉയരുന്നുണ്ടെങ്കിലും അശ്വതിയുടെ ശബ്‌ദം ഇല്ല അതിൽ. കൃഷ്‌ണൻ അങ്ങനെ ചിന്തിച്ചു കിടക്കുമ്പോൾ മുറിയുടെ വാതിൽക്കൽ കാൽപ്പെരുമാറ്റം കേട്ടു നോക്കി . പുറത്ത്‌ അശ്വതി നില്‌ക്കുന്നു.

 

 

“എനിക്ക്‌ അകത്തേക്കു വരാമോ?” അവൾ ചോദിച്ചു.

 

 

“അതെന്താ അശ്വതി അങ്ങനെ ചോദിക്കുന്നത്‌?” എത്രനാൾ കൂടിയാണ്‌ ഇങ്ങനെയൊരു സംസാരം.

 

 

“ഒന്നുമുണ്ടായിട്ടല്ല, മര്യാദയതാണല്ലോ എന്നു കരുതിയാണ്‌.”

 

 

ഒന്നും പറയാൻ തോന്നുന്നില്ല അയാൾക്ക്‌. തന്റെ ധാർഷ്‌ട്യത്തിന്റെ കോട്ടമേൽ സ്നേഹമസൃണമായ വാക്കുകൾ തുരങ്കം വയ്‌ക്കുന്നു – അയാൾ ചിന്തിച്ചു. ലക്ഷ്യത്തിലേക്കു നടന്നടുക്കുമ്പോൾ അവ കാലുകളിൽ ചുറ്റിപ്പിണഞ്ഞ്‌ വീഴ്‌ത്തുന്നു. നിമിഷാർദ്ധത്തിൽ മനസ്സിലൂടെ കടന്നുപോയ ആ വെളിപാടിന്റെ ശക്തിയിൽ, നിശ്ചയദാർഢ്യത്തോടെ കൃഷ്‌ണൻ അശ്വതിയെ നോക്കിയിരുന്നു.

 

 

അശ്വതി അപ്പോഴും നില്‌ക്കുകയാണ്‌.

 

 

“അശ്വതി ഇരിക്കൂ.”

 

 

അവൾ ഇരുന്നില്ല. അയാളുടെ നോട്ടത്തിന്നു മുമ്പിൽ പണ്ടേ മുഖം താഴ്‌ത്തിയിരുന്നു. അങ്ങനെ മൗനം ഘനീഭവിക്കുമ്പോൾ അശ്വതിയുടെ കണ്ണുകൾ നനയുന്നത്‌ അയാൾ കണ്ടു.

 

 

“അശ്വതി എന്താണിങ്ങനെ വെറുതേ വന്നു നിന്ന്‌ കരയുന്നത്‌?”

 

 

“കൃഷ്‌ണേട്ടൻ ഇനിയുമെനിക്ക്‌ മാപ്പുതരാൻ തയ്യാറാവണില്ല.” അയാൾ പ്രതീക്ഷിക്കാതിരുന്ന മറുപടിയാണ്‌ അശ്വതിയുടെ അധരങ്ങളിൽ നിന്ന്‌ പൊടുന്നനെ അടർന്നുവീണത്‌. അവൾ എല്ലാം ഓർക്കുന്നു, അവയെക്കുറിച്ച്‌ പശ്ചാത്തപിക്കുകയും ചെയ്യുന്നു. ആ വികാരങ്ങൾ ഒറ്റൊരു വാചകത്തിലൂടെ പുറത്തുവന്നിരിക്കയാണ്‌, ഒരഗ്നിപർവ്വതസ്‌ഫോടനം പോലെ. അതിലെ അതിതപ്‌തപ്രവാഹം തന്റെ മനസ്സിലേക്കും കടന്നുചെന്നുവോ? ഇല്ല, ആ ദുർഗ്ഗത്തിന്റെ കന്മതിലുകൾ ബലവത്താണ്‌. ഒരു നിമിഷം അങ്ങനെ ആലോചിച്ചിരുന്നിട്ട്‌ കൃഷ്‌ണൻ പറഞ്ഞു, “അശ്വതീ, മാപ്പു നല്‌കാൻ ഞാൻ ആരാണ്‌?”

 

 

“എന്റെ തെറ്റുകൾക്കുളള ശിക്ഷ മുഴുവനും ഈശ്വരൻ തന്നു കഴിഞ്ഞു. ഇനി എന്തു പ്രായശ്ചിത്തം കൂടി വേണമെന്നു പറഞ്ഞോളൂ, ഞാൻ ചെയ്യാം.” അതു പറയുമ്പോൾ അശ്വതി ശരിക്കും വിങ്ങിക്കരയുകയായിരുന്നു.

 

 

“എനിക്കൊന്നും മനസ്സിലാകുന്നില്ല അശ്വതീ.” അതോ, അയാൾ മനസ്സിലാക്കാതിരിക്കാൻ ശ്രമിക്കുകയോ?

 

 

കണ്ണിൽനിന്ന്‌ പുറത്തേക്കൊഴുകുന്ന ജലകണങ്ങളെ കൈകൊണ്ട്‌ തുടച്ച്‌, ആ ചുവന്ന കണ്ണുകളാൽ നോക്കി അശ്വതി പുറത്തേക്കിറങ്ങുമ്പോൾ അസ്വസ്‌ഥതയുടെ കനൽ ജ്വലിച്ചു തുടങ്ങുകയായി അയാളുടെ മനസ്സിൽ. എങ്കിലും, വെൽഡിങ്ങ്‌ ഇലക്‌ട്രോഡിന്റെ ജ്വാലയേറ്റു തണുത്ത ഒരു ലോഹക്കഷണം പോലെ അയാളുടെയുളളം കഠിനതരമാവുകയാണ്‌. പ്രലോഭനങ്ങൾ ഒന്നൊന്നായി അതിൽത്തട്ടി വീഴണം. ഇനി അതേയുളളൂ എല്ലാത്തിനെയും നേരിടാനുളള ആയുധമായി.

 

 

പിറ്റേന്ന്‌ രാവിലെ അമ്മായിയും അശ്വതിയും മടങ്ങാനൊരുങ്ങുമ്പോൾ യാത്രപറയാനായി കൃഷ്‌ണന്റെ മുറിയുടെ വാതിക്കൽവരെ ചെന്നു. അശ്വതിയുടെ മുഖത്ത്‌ വിഷമത്തിന്റെ ലാഞ്ചനയൊന്നുമില്ല, അതോ അയാളുടെ തോന്നലോ? അവൾ ചിരിക്കുന്നുമുണ്ട്‌. ചിരിക്കാൻ കഴിയാത്തതിപ്പോൾ അയാൾക്കാണ്‌. കാൽവെപ്പുകൾ ആദ്യമായി പരാജയത്തിലേക്കോയെന്ന ഭീതി അയാളിൽ ഉണരുന്നു. ലോകം മുഴുവൻ തനിക്കുചുറ്റം വട്ടമിട്ടു നില്‌ക്കുന്നു. താൻ ആ വലയത്തിന്നുളളിൽ ഒരു കളിവസ്‌തു മാത്രമാവുകയാണോ? അയാൾ സംശയിച്ചു. അമ്മായിയുടെ മുഖത്തുനോക്കി കൃഷ്‌ണൻ ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത്‌ യാന്ത്രികമാവുകയാണ്‌. ഒരുപക്ഷേ, വികൃതമായ ഒരു ഗോഷ്‌ടി കണക്കെ അത്‌ അവർക്ക്‌ തോന്നിയിരിക്കും.

 

 

അമ്മായിയും അശ്വതിയും പോയിക്കഴിഞ്ഞപ്പോൾ അമ്മ കൃഷ്‌ണന്റെ മുറിയിലേക്കു ചെന്നു. എന്നിട്ടു ചോദിച്ചു, “കൃഷ്‌ണാ, അമ്മായീം അശ്വതീം വന്നത്‌ നീ കണ്ടില്ലേ?”

 

 

ആ ചോദ്യത്തിന്റെയെല്ലാ അർത്ഥങ്ങളും മനസ്സിലായിട്ടും തർക്കുത്തരം കണക്കെ അയാൾ പറഞ്ഞു, “എനിക്ക്‌ കണ്ണുംകാതുമൊക്കെയുണ്ടെന്ന്‌ അമ്മയ്‌ക്കറിയാലോ.”

 

 

കണ്ടാലും കേട്ടാലും പോര മോനേ, അതനുസരിച്ച്‌ പ്രവർത്തിക്കാനറിയണം.“

 

 

”എനിക്കൊന്നും അറിയാഞ്ഞിട്ടല്ല. ഈ ബന്ധത്തിന്‌ എനിക്ക്‌ കഴിയില്ലാത്തതുകൊണ്ടാണ്‌.“

 

 

”അവർ നിന്നോട്‌ ചെയ്‌തിട്ടുളളതിനൊക്കെ പശിലയടക്കം അനുഭവിച്ചില്ലേ. ഇപ്പോ കാലുപിടിക്കാൻ കൂടി തയ്യാറാ അവർ. അഭയംതേടി വന്നോരെ, ഈ സന്ദർഭത്തിൽ, പുറംകാലുകൊണ്ട്‌ തട്ടിമാറ്റുന്നത്‌ ഒട്ടും ശരിയല്ല. തന്തേല്ലാത്ത കുട്ട്യാണ്‌. വിവരക്കേടുകൊണ്ട്‌ പണ്ടെങ്ങോ എന്തോ പറഞ്ഞെന്നുവച്ച്‌. പോരാത്തതിന്‌ അന്യനൊന്നുമല്ലല്ലോ. മറക്കാനും പൊറുക്കാനും മനുഷ്യനോട്‌ പറഞ്ഞിട്ടുളളതാ, ഇല്ലെങ്കിൽ ഈശ്വരൻ ക്ഷമിക്കൂല.“

 

 

ആ വാക്‌ശരങ്ങളേറ്റ്‌ കീറിപ്പറിഞ്ഞിരിക്കുന്നു താൻ അമ്മയ്‌ക്കു മുമ്പിൽ പടുത്തുയർത്തിയിരുന്ന കടലാസ്സു കോട്ട. ഏവരുടെയും മുമ്പിൽ ഏകപ്രശ്‌നമായിട്ടുളളത്‌ പെരിഞ്ചേരിയിൽവച്ചു തനിക്കുണ്ടായ തിക്താനുഭവങ്ങൾ മാത്രമാണ്‌. ആഗ്നസുമായുളള ബന്ധത്തെക്കുറിച്ച്‌ അശ്വതിക്ക്‌ കുറച്ചൊക്കെ അറിയാമെങ്കിലും ഇത്രത്തോളമായത്‌ അറിയാനിടയില്ല – അയാൾ ആലോചിച്ചു.

 

 

അതമ്മയെ അറിയിക്കാൻ വളരെ വൈകിയിരിക്കുന്നു. ആ ഒരനാവരണം മാത്രമേ ഒരു മാർഗ്ഗമായി അയാളുടെ മുമ്പിലുളളൂ. എതിർപ്പുകളെ നേരിടേണ്ടി വരിക ഇനി ഏതാനും ദിവസത്തേക്കു മാത്രം. പിന്നെ?

 

 

വേണ്ട, അതൊന്നും ആലോചിക്കാനുളള സമയമല്ലിത്‌. എന്തോ മറുപടി പ്രതീക്ഷിച്ച്‌ അയാളുടെ അമ്മ അപ്പാഴും വാതിൽക്കൽ നില്‌ക്കുകയാണ്‌.

 

 

നീണ്ട മൗനത്തെ ഭജ്ഞിച്ച്‌, കൃഷ്‌ണൻ അമ്മയ്‌ക്കജ്ഞാതമായിരുന്ന കാര്യങ്ങൾ പറയുമ്പോൾ അയാൾ പ്രതീക്ഷിച്ചിരുന്നതുപോലെ പൊട്ടിത്തെറിയൊന്നുമുണ്ടായില്ല. നിർവ്വികാരതയാൽ ശാന്തമായ ആ മുഖം അയാളിൽ അത്ഭുതം ജനിപ്പിച്ചു. എല്ലാം പറഞ്ഞുകഴിഞ്ഞ്‌ കൃഷ്‌ണൻ വീണ്ടുമൊരു നിശബ്‌ദതയ്‌ക്ക്‌ തുടക്കമിടുമ്പോൾ അവർ ഒരു നെടുവീർപ്പയച്ച്‌ തിരഞ്ഞു നടന്നു.

 

 

എന്തിനാണിതൊക്കെ എന്ന്‌ അയാൾ അപ്പോൾ ആലോചിക്കാതെയിരുന്നില്ല. അതിന്നുത്തരം നേരത്തേ ലഭിക്കുമെങ്കിൽ, പിന്നെ ഊഷരമായ ഈ പാതയിലൂടെ മുമ്പിലേക്ക്‌ നടക്കുന്നതിന്നെന്തർത്ഥമെന്നോർത്ത്‌ അയാൾ സമാധാനിച്ചു.

 

Generated from archived content: salabham_21.html Author: narendran

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here