അദ്ധ്യായം -പത്തൊമ്പത്‌

ഒരു തീരുമാനത്തിലേക്ക്‌ അയാളുടെ ആലോചനകൾ ചെന്നെത്തുന്നില്ല. എവിടെയും ഞെരുക്കങ്ങളും കൂടിക്കുഴച്ചിലുകളുടെ സങ്കീർണ്ണതയും. അവസാനം കൃഷ്‌ണനൊരു കാര്യം മനസ്സിലായി- തനിക്കു സ്വന്തമായൊരു തിരുമാനത്തിലെത്തിച്ചേരാനാവില്ല, ബന്ധങ്ങളുടെയും കടപ്പാടുകളുടെയും വളളികൾ തന്റെ കൈകാലുകളിൽ പിണഞ്ഞു കിടക്കുന്നു.

പ്രഫസ്സറുടെ വീട്ടിലേക്കു നടക്കുമ്പോൾ മനസ്സിന്റെ പിരിമുറുക്കമൊന്നയഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഏതുപദേശവും സ്വീകരിക്കാനുളള മനസാന്നിദ്ധ്യം ഉണ്ടെന്ന തോന്നൽ അയാളുടെ നടപ്പിന്നു വേഗതയേകി.

ഒരു സാധാരണ സന്ദർശനമെന്ന രീതിയിലേ കൃഷ്‌ണൻ പ്രഫസ്സറോട്‌ ആദ്യം പെരുമാറിയുളളൂ. സംഭരിച്ചുകൊണ്ടുവന്ന ധൈര്യം എവിടെയോ ചോർന്നൊലിച്ചു പോയതുപോലെ. പുറത്ത്‌ ഇരുട്ട്‌ പരക്കുന്നു. അയാളുടെ ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിക്കുകയാണ്‌. ചില സമയങ്ങളിൽ പ്രഫസ്സറുടെ കണ്ണുകളിലേക്ക്‌ നോക്കാൻ പോലും സാധിക്കാത്ത അവസ്‌ഥ.

പ്രഫസ്സർ പറയുന്ന കാര്യങ്ങളൊന്നും കൃഷ്‌ണന്റെ മനസ്സിലേക്കു കയറുന്നില്ല. പ്രശ്‌നമെങ്ങനെ അവതരിപ്പിക്കും എന്ന ചിന്തയിലാണ്ടിരിക്കുകയാണ്‌ അയാൾ.

അവസാനം പ്രഫസ്സർ തന്നെ അതിന്ന്‌ വഴിയൊരുക്കി, “കൃഷ്‌ണനെന്താണിന്ന്‌ ഔട്ട്‌ ഓഫ്‌ മൂഢായി ഇരിക്കുന്നത്‌?”

“സോറി സർ, ഞാൻ വേറെ ചില കാര്യങ്ങൾ സംസാരിക്കാനാണ്‌ ഇങ്ങോട്ടു വന്നത്‌. പക്ഷേ, ഇതുവരെ അതു പറയുവാനുളള കരുത്ത്‌ കിട്ടിയില്ല എനിക്ക്‌.”

“ബി സ്‌റ്റെഡി കൃഷ്‌ണൻ. എന്തു കാര്യമാണെങ്കിലും പറഞ്ഞുകൊളളൂ, മടിക്കേണ്ട. വരൂ, നമുക്ക്‌ മുകളിലേക്ക്‌ പോകാം. അവിടെസ്വസ്‌ഥമായിരുന്ന്‌ സംസാരിക്കാം.”

മുകളിൽ വച്ച്‌ അയാൾ പ്രഫസ്സറോട്‌ എല്ലാം പറഞ്ഞു – അശ്വതിയുമായുണ്ടായിരുന്ന ബന്ധം തകർന്നതുമുതൽ ബാംഗ്ലൂരിലേക്കുളള പാലായനത്തിന്റെ വിശദാംശങ്ങൾ വരെ. അദ്ദേഹം എല്ലാം അക്ഷോഭ്യനായി ഇരുന്നു കേട്ടു. ഒരു പേമാരിക്കുശേഷമുളള കുളിർമയും സമാധാനവുമായിരുന്നു കൃഷ്‌ണന്റെ മനസ്സിന്ന്‌ അപ്പോൾ.

എന്തോ ആലോചിക്കും വണ്ണം അദ്ദേഹം കുറെ നേരം നിശബ്‌ദനായി ഇരുന്നു. ഒടുവിൽ പറഞ്ഞു, “കൃഷ്‌ണനും ആഗ്നസും തമ്മിലുളള ബന്ധത്തിന്‌ ഞാൻ ഒരിക്കലും എതിരല്ല. പക്ഷേ കൃഷ്‌ണനറിയാമോ, ആഗ്നസിന്റെ മമ്മി എനിക്കീ ലോകത്താകെക്കൂടിയുളള ഒരു ബന്ധുവാണ്‌. അവളുടെയോ നിങ്ങളുടെയോ ഇഷ്‌ടങ്ങൾക്ക്‌ എതിരു നില്‌ക്കാനും എനിക്ക്‌ സാധ്യമല്ല. സ്‌റ്റിൽ ഐ ആം വിത്‌ ദ ന്യൂ ജനറേഷൻ. എല്ലാം സംഭവിച്ചശേഷം ഞാൻ ആഗ്നസിന്റെ മമ്മിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം. ആരോടും മിണ്ടാതെ നിങ്ങൾ ബാംഗ്ലൂരിലേക്ക്‌ പോകാതെയിരുന്നത്‌ ഏതായാലും നന്നായി. ഒരുപക്ഷേ, അദ്ദേഹം നിങ്ങളെ സ്വീകരിച്ചില്ലെങ്കിൽ ബുദ്ധിമുട്ടായേനെ. ഞാനെല്ലാം ശരിയാക്കാം നോക്കാം. മിസ്‌റ്റർ ലോറൻസിനെ എനിക്കും അടുത്തറിയാം. പുതിയ ചിന്താഗതിക്കാരനാണ്‌, നിങ്ങളെ കൈയൊഴിയുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല.”

സമ്മിശ്രവികാരങ്ങളുടെ അഗ്നിപർവ്വതം എത്ര പെട്ടന്നാണ്‌ മനസിന്നുളളിൽ നിറഞ്ഞു കവിയുന്നത്‌. ഒന്നും അയാൾക്ക്‌ നിയന്ത്രിക്കാനാവുന്നില്ല. മേശയിൽ മുഖമമർത്തി കൃഷ്‌ണൻ ഏങ്ങിക്കരഞ്ഞു. പടികളിറങ്ങി പ്രഫസ്സർ താഴേക്കു പോകുന്ന ശബ്‌ദം അയാൾക്ക്‌ കേൾക്കാനാവുന്നുണ്ട്‌. കൃഷ്‌ണൻ അവിടെത്തന്നെ ഇരുന്നു. വേലിയേറ്റത്തിലെ ഓളങ്ങളുടെ ശക്തി താനേ കുറഞ്ഞുവന്നു പിന്നെ.

പ്രഫസ്സർ തിരികെ മുകളിലേക്ക്‌ വന്ന്‌ കൃഷ്‌ണന്റെ മുഖം പിടിച്ചിയർത്തുമ്പോൾ അദ്ദേഹത്തിന്റെ കൈയിൽ വൈൻ നിറച്ച സ്‌ഫടികപ്പാത്രം അയാൾ കണ്ടു. അദ്ദേഹം അതു നീട്ടുന്നതിനു മുമ്പുതന്നെ കൃഷ്‌ണൻ കൈയിൽ വാങ്ങി കുടിച്ചു. പ്രഫസ്സറുടെ ചുണ്ടുകളിലൂടെ മന്ദസ്‌മിതത്തിന്റെ ഒരല കടന്നുപോയി അപ്പോൾ.

പ്രഫസ്സർ അയാളുടെ അരികിലൊരിടത്തു തന്നെ ഇരുന്നു, കൃഷ്‌ണൻ അക്ഷോഭ്യനായി ഇരിക്കാൻ ശ്രമിക്കുകയും.

നീണ്ട നിശബ്‌ദതയ്‌ക്ക്‌ പ്രഫസ്സർ തന്നെ വിരാമമിട്ടു ഃ “കൃഷ്‌ണൻ, നിങ്ങളെന്തായാലും സ്‌റ്റഡിലീവിനിടയ്‌ക്ക്‌ ബാംഗ്ലൂരിലേക്കു പോകേണ്ട. കാരണം സമ്പത്തിന്റെ ഇരിപ്പിടത്തിലേക്കാണ്‌ ചെല്ലുന്നതെങ്കിലും ഈ സാഹചര്യത്തിൽ കൃഷ്‌ണനൊരു ജോലി അത്യാവശ്യമാണ്‌. പരീക്ഷ കഴിയുമ്പോഴേക്കും മി. ലോറൻസിന്റെ സ്വാധീനത്താൽ ഒരു നല്ല ജോലി ബാംഗ്ലൂരിൽതന്നെ സംഘടിപ്പിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. ഒളിച്ചോട്ടത്തിന്റെ പേരിൽ രണ്ടുപേരും ഡിഗ്രി വെറുതെ കളഞ്ഞു കുളിക്കുകയും വേണ്ട, കൃഷ്‌ണന്‌ സ്വന്തം കാലിൽ നില്‌ക്കാനുമാവും.”

ആ നിർദ്ദേശം നല്ലതാണെന്നു കൃഷ്‌ണനും തോന്നി. മറ്റൊരാളുടെ കൈയിലെ പണവും കണ്ട്‌ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത്‌ മൗഢ്യമാണ്‌.

പ്രഫസ്സറും ചേർന്നെടുത്ത തീരുമാനങ്ങൾ പിറ്റെദിവസം കൃഷ്‌ണൻ ആഗ്നസിന്നെ അറിയിച്ചപ്പോൾ എല്ലാം പ്രതീക്ഷിച്ചതുപോലെയാണ്‌ അവൾ പ്രതികരിച്ചത്‌.

എങ്കിലും പിരിയുമ്പോൾ അവൾ പറഞ്ഞു, “എല്ലാം വിചാരിച്ചപോലെ നടക്കുന്നുണ്ടെങ്കിലും മനസ്സിനൊരു സ്വസ്‌ഥത കിട്ടുന്നില്ല കൃഷ്‌ണൻ. വീട്ടിൽ ചെന്നാൽ നരകത്തിലെത്തിയപോലെയാണ്‌ ഓരോ കാര്യങ്ങൾ. ഇറ്റ്‌ ഈസ്‌ സർപ്രൈസിങ്ങ്‌ ദാറ്റ്‌ എവരിതിങ്ങ്‌ ഈസ്‌ ഫോർ ലവ്‌.”

‘നവതരംഗ’ത്തിലെ ശാസ്‌ത്രപംക്തി ഒരു ബാധ്യതയായി തോന്നി കൃഷ്‌ണന്‌. പരീക്ഷ കഴിഞ്ഞാൽപ്പിന്നെ കലങ്ങിമറിഞ്ഞ ഒരന്തരീക്ഷമാവും തനിക്കു ചുറ്റും, അതുവരെ പ്രക്ഷുബ്‌ധമായ മനസ്സും. പഠിക്കാൻ തന്നെ ശാന്തത ലഭിച്ചെന്നു വരികയില്ല. പത്രത്തിൽ നിന്ന്‌ ഉടനെ വിടുതി നേടുന്നതാണ്‌ നല്ലതെന്ന്‌ കൃഷ്‌ണന്‌ തോന്നി. ശാസ്‌ത്രപംക്തി കൈകാര്യം ചെയ്യുന്നതിൽ നിന്ന്‌ തന്നെ ഒഴിവാക്കണമെന്നു കാണിച്ച്‌ പത്രാധിപർക്കെഴുതുമ്പോൾ ഒന്നു രണ്ടുവട്ടം വീണ്ടും ആലോചിച്ചിരുന്നു അയാൾ. വേണോ വേണ്ടയോയെന്ന ചിന്തയ്‌ക്ക്‌ കൃത്യമായ ഉത്തരം അപ്പോഴും മനസ്സ്‌ കൊടുക്കുന്നില്ല. താനർഹിക്കുന്നതിലധികം പേരും പെരുമയും ആ പംക്തിയിലൂടെ കിട്ടിയിട്ടുണ്ട്‌, കൃഷ്‌ണൻ ഓർത്തു. അടുത്ത നാളുകളിൽ പ്രസംഗിക്കാൻ പല ശാസ്‌ത്രീയ സംഘടനകളുടെ ക്ഷണങ്ങൾ പോലും കിട്ടിത്തുടങ്ങിയിരുന്നു. ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ശാസ്‌ത്രീയ വിജ്ഞാനം, ആധികാരികമായും വ്യക്തമായും കൃഷ്‌ണന്റെ പംക്തിയിൽ വിവരിക്കപ്പെടുന്നതു കൊണ്ടാണ്‌ അത്‌ പെട്ടന്ന്‌ പ്രസിദ്ധി നേടിയത്‌.

ഒടുവിൽ കൃഷ്‌ണൻ തീരുമാനമെടുത്തു – ശാസ്‌ത്രപംക്തി ഉപേക്ഷിക്കുക. അത്രയെങ്കിലും സമാധാനം മനസ്സിന്നും ബുദ്ധിക്കും ലഭിക്കട്ടെ.

എല്ലാം തീർത്ത്‌, ഒരു ദിവസം കൃഷ്‌ണൻ സുഖമായി കിടന്നുറങ്ങി. കോളേജിൽ പോകേണ്ട, ‘നവതരംഗ’ത്തിന്നു വേണ്ടി റഫർ ചേയ്യേണ്ട. എല്ലാത്തിലും നിന്ന്‌ അകന്നുമാറി ഒരു തുരുത്തിലെത്തപ്പെട്ടതുപോലെ, അവിടെ ആഗ്നസും.

ആഗ്നസിനോട്‌ അയാൾ എല്ലാം വിവരിച്ചു. ‘നവതരംഗ’ത്തിലെ ജോലി ഉപേക്ഷിച്ചുവെന്ന്‌ പറഞ്ഞപ്പോൾ അവൾ അഭിപ്രായപ്പെട്ടു, “അതു കളയേണ്ടായിരുന്നു. കൃഷ്‌ണന്‌ അത്‌ തുടർന്നു നടത്താനുളള കഴിവുണ്ട്‌, ഏതു പ്രശ്‌നങ്ങളുടെ നടുവിൽ നിന്നായാലും.”

തമാശയ്‌ക്കെന്നവണ്ണം അപ്പോൾ കൃഷ്‌ണൻ പറഞ്ഞു, “ഒരു ബാധ്യത തലയിലേറ്റുന്നതിനു വേണ്ടി, മറ്റുളളവയെല്ലാം ഞാൻ ഒഴിവാക്കുകയാണ്‌.”

അവളുടെ മുഖത്ത്‌ ഇരുൾപരക്കുന്നത്‌ കൃഷ്‌ണൻ കണ്ടു. അവളെ സ്വാന്തനപ്പെടുത്തുമ്പോൾ ഒരു വിഭ്രാന്തിയിലെന്നവണ്ണം അയാൾ പറഞ്ഞുപോയി, “നീയെനിക്കൊരു മാലാഖയാണാഗ്നസ്‌. എന്നെ തോളിലേറ്റി നീ പറക്കുമ്പോഴാണ്‌ ഞാൻ ഈ ലോകം മുഴുവൻ കാണുന്നതും സ്നേഹിക്കപ്പെടുന്നതിന്റെ അനുഭൂതി അറിയുന്നതും. നീയെനിക്ക്‌ ഒരിക്കലും ബാധ്യതയാവില്ല, ഒരിക്കലും. സത്യം.” അയാൾ ആഗ്നസിന്റെ കവിളിൽ കൈയമർത്തി, അവിടെ രക്തച്ഛവി പടരുന്നത്‌ ശ്രദ്ധിച്ചിരുന്നു പിന്നെ. പാർക്കിൽ ഇടതൂർന്നു വളരുന്ന മൈലാഞ്ചിച്ചെടിയുടെ സ്വകാര്യതയിൽ അവരുടെ അധരങ്ങൾ കോർക്കുമ്പോൾ, വേലിയേറ്റം കണ്ട്‌ ഞണ്ടുകൾ കായൽതീരത്തെ കായൽക്കെട്ടിന്നുളളിൽ നിന്ന്‌ മുകളിലേക്ക്‌ കയറുകയായിരുന്നു.

Generated from archived content: salabham_19.html Author: narendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here