Ch.Íxksm edH

രണ്ടുമൂന്നു മാസങ്ങൾക്കുളളിൽ കൃഷ്‌ണന്റെ ജീവിതത്തിൽ വന്നുചേർന്ന മാറ്റങ്ങൾ ഏറെ സന്തോഷിപ്പിച്ചത്‌ ആഗ്നസിനെ ആയിരുന്നു. ബീച്ചിലോ പാർക്കിലോ വച്ച്‌ അവളുടെ സുഹൃത്തുക്കളെ കണ്ടുമുട്ടിയാൽ ഉടനെ അയാളെ പരിചയപ്പെടുത്തിക്കൊടുക്കും“, കൃഷ്‌ണകുമാറിനെ അറിയില്ലേ? ‘നവതരംഗ’ത്തിന്റെ വീക്കെന്റിലെ സയൻസ്‌ സെക്‌ഷൻ കൈകാര്യം ചെയ്യുന്നത്‌ കൃഷ്‌ണകുമാറാണ്‌.” പലപ്പോഴും അറിയില്ലെന്നാവും പ്രതികരണം. പിന്നെ അതെക്കുറിച്ച്‌ വിസ്‌തരിച്ച്‌ പറഞ്ഞു തുടങ്ങുകയായി അവൾ. അയാൾക്ക്‌ വളരെ പാടുപെടേണ്ടിവരും സംഭാഷണം മറ്റൊരു വഴിയിലേക്ക്‌ തിരിച്ചുവിട്ട്‌ ബോറടി ഒഴിവാക്കാൻ.

ചിങ്ങം പിറന്നപ്പോഴാണ്‌ ആകാശത്തൊരിത്തിരി വെട്ടം വീണത്‌ വാടകമുറിയുടെ പിന്നിൽ തുമ്പയും മുക്കൂറ്റിയും പൂത്തു. പാത്രത്തിലെ കരി ഒലിച്ചിറങ്ങുന്നിടത്തേക്ക്‌ പടർന്നു കയറിയ പച്ചപ്പിൽ കാക്കപൂവുകൾ വിരിഞ്ഞു. വിവിധ വർണ്ണങ്ങളിലുളള കാശിത്തുമ്പകളുടെ പൂക്കളാൽ ഹെലന്റെ പൂന്തോട്ടം നിറഞ്ഞപ്പോൾ അത്‌ എക്കാലത്തെക്കാളും മനോഹരമായി.

സായാഹ്നങ്ങളിൽ ആകാശം വരളുമെന്നു തോന്നുന്നു. പ്രഭാതത്തിലെ ചാറ്റൽ മഴ, പാർക്കിലെ ബഞ്ചുകളിൽ സൃഷ്‌ടിക്കുന്ന നനവ്‌ വൈകുന്നേരത്തോടെ വലിഞ്ഞിട്ടുണ്ടാകും. ഒഴിവുവേളകൾ വീണ്ടും പാർക്കിലും ബീച്ചിലുമൊക്കെയായി. ഹെലനെ അത്തവണ ഒന്നാംക്ലാസ്സിൽ ചേർത്തതിനാൽ വളരെ അപൂർവ്വമായേ അവൾ കൃഷ്‌ണന്റെയും ആഗ്നസിന്റെയുമൊപ്പം ചെല്ലാറുളളൂ.

ഒന്നും മിണ്ടാതെ ഇരിപ്പിടത്തിൽ നിന്ന്‌ ചാടിപ്പിടഞ്ഞെഴുന്നേറ്റ്‌ പാർക്കിനോടു ചേർന്നുളള ബോട്ടുജട്ടിയിലെ ആൾക്കൂട്ടത്തിലേക്ക്‌ ആഗ്നസ്‌ മറയുമ്പോൾ കൃഷ്‌ണന്‌ ഇതികർത്തവ്യമൂഡനായി ഇരിക്കാനേ കഴിഞ്ഞൂളളൂ. ഇത്ര വചിത്രമായ രീതിയിൽ അവൾ പെരുമാറാനുളള കാരണമന്വേഷിച്ച്‌ അയാൾ ചുറ്റും നോക്കി. അപ്പോഴാണ്‌ അകലെ വെട്ടിനിർത്തിയിരിക്കുന്ന നെല്ലിച്ചെടികളുടെ ഇടയിലൂടെ ആഗ്നസിന്റെ മമ്മി നടന്നടുക്കുന്നതു കണ്ടത്‌. തന്റെ കൂടെ ബീച്ചിലേക്കോ പാർക്കിലേക്കോ വരുന്നു എന്ന്‌ പറഞ്ഞാൽ മമ്മി തടയാറില്ല എന്നാണല്ലോ ആഗ്നസ്‌ പറയാറ്‌. ആഗ്നസിപ്പോൾ മമ്മിയിൽ നിന്നും ഒളിച്ചോടിയതാണെന്ന്‌ വ്യക്തം. അയാൾക്ക്‌ ഒന്നും മനസ്സിലാകുന്നില്ല.

ആഗ്നസിന്റെ മമ്മി അയാളുടെ അടുത്തെത്തി. എങ്ങോട്ടും തിരിയാതെയാണ്‌ ആ നടപ്പ്‌. കൃഷ്‌ണനെ അകലെ നിന്ന്‌ കണ്ടോ എന്തോ; അയാളിരുന്ന ഭാഗത്തേക്ക്‌ നോക്കാതെ അവർ ധൃതിയിൽ നേരെ നടന്നുപോയി.

ജട്ടിയിൽ ഇപ്പോഴും നല്ല തിരക്കുണ്ട്‌. എങ്ങോട്ടെങ്കിലും പോകാനായിരുന്നെങ്കിൽ ആഗ്നസ്‌ പറയാതെ പോകുമായിരുന്നില്ല. അവൾ അവിടെയുണ്ടൊ എന്നറിയാൻ കടൽഭിത്തിയുടെ മറവും തിരക്കും തടസ്സമാകുന്നു. മമ്മി കാണാതെ മറഞ്ഞു നില്‌ക്കുന്നതാണെന്ന കാര്യം തീർച്ച. പക്ഷേ, അതിന്റെ കാരണമെന്തെന്നാണ്‌ അയാൾക്ക്‌ മനസ്സിലാകാത്തത്‌.

കുറെ കഴിഞ്ഞപ്പോൾ നാലുപാടും നോക്കിക്കൊണ്ട്‌ ആഗ്നസ്‌ ആൾക്കൂട്ടത്തിൽ നിന്ന്‌ ഇറങ്ങിവരുന്നത്‌ അയാൾ കണ്ടു. ആ മുഖം വിളറി വെളുത്തിരുന്നു. എന്തൊക്കെയോ ചോദ്യങ്ങൾ പ്രതീക്ഷിക്കുംപോലെ അവൾ കൃഷ്‌ണന്റെ മുഖത്തുതന്നെ നോക്കി

“ആഗ്നസ്‌, എനിക്കൊന്നും മനസ്സിലാകുന്നില്ല. മമ്മി ഇതുവഴി പോകുന്ന കണ്ടു”, അയാൾ പറഞ്ഞു.

അപ്പോൾ ആ വദനം വീണ്ടും വാടി. നിലത്തെവിടെയോ ദൃഷ്‌ടിയൂന്നിക്കൊണ്ട്‌ ഒരേയിരുപ്പ്‌.

ഇഴഞ്ഞുനീങ്ങുന്ന ഘടികാരസൂചിയുടെ സ്പന്ദനം പോലും തിരിച്ചിയാവുന്ന നിശബ്‌ദത.

“വലിയൊരു പ്രശ്‌നത്തിൽ ഞാനകപ്പെട്ടിട്ട്‌ നാളുകളായി കൃഷ്‌ണൻ. ഞാനതെങ്ങനെ പറയുമെന്നാലോചിച്ച്‌ വിഷമിച്ചു നടക്കുകയായിരുന്നു. കുറച്ചുമുമ്പിവിടെ നടന്ന നാടകത്തിന്റെ അർത്ഥം പറയണമെങ്കിൽ ഞാനാദ്യം മുതലേ തുടങ്ങണം.” അവൾ പറഞ്ഞു.

എന്തോ ആലോചിച്ച്‌ ആഗ്നസ്‌ വീണ്ടും മൗനിയായി. പിന്നെ തുടർന്നു“, ഞാൻ ഒന്നും വളച്ചുകെട്ടുന്നില്ല കൃഷ്‌ണൻ. ഒരു ഫ്രെണ്ട്‌ഷിപ്പ്‌ എന്നതിലധികം നമ്മുടെ റിലേഷനെപ്പറ്റി മമ്മിക്ക്‌ അടുത്തനാൾവരെ ഒന്നുമറിഞ്ഞുകൂടായിരുന്നു. പക്ഷേ, ഇപ്പോൾ മമ്മിക്ക്‌ അങ്ങനെയല്ല തോന്നുന്നത്‌.”

“ഞാൻ മമ്മിയോട്‌ എല്ലാം തുറന്നു പറയണമെന്നു കരുതി ഇരിക്കുകയായിരുന്നു. ഇനി ആഗ്നസെന്തങ്കിലും സൂചിപ്പിച്ചോ?”

“അതൊന്നുമല്ല കൃഷ്‌ണൻ പ്രശ്‌നം. സാഹചര്യങ്ങൾക്കൊത്ത്‌ മമ്മിക്കുണ്ടാകാവുന്ന തോന്നലുകളാണ്‌. നമ്മുടെ കാര്യത്തിലതു ശരിയായെന്നു മാത്രം.”

“ഞാൻ അതെക്കുറിച്ച്‌ കൂടുതൽ ചോദിക്കുന്നത്‌ ശരിയായിരിക്കുമെന്നു തോന്നുന്നില്ല. കുടുംബ ബന്ധങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ മറച്ചുവയ്‌ക്കാനുണ്ടാകും…”

“ഞാനൊന്നും മറച്ചുവയ്‌ക്കുന്നതല്ല കൃഷ്‌ണൻ. മനസിന്‌ ടെൻഷനായാൽ പിന്നെ എന്തു പറയണമെന്നുപോലും മറക്കുന്നു. പൂർവ്വബന്ധങ്ങളുടെ കുറെ പൊട്ടിയ ചരടുകൾ. അവ കൂട്ടിയിഴപ്പിക്കാൻ ശ്രമിക്കുമ്പോൾ മറ്റു ചിലതു പൊട്ടിക്കേണ്ടി വരുന്നു. അത്രതന്നെ.”

“ആഗ്നസ്‌ ഒരു സന്യാസിയെപ്പോലെ സംസാരിക്കുന്നു”, കളിയാക്കുന്ന മട്ടിൽ അയാൾ പറഞ്ഞു.

“സോറി കൃഷ്‌ണൻ. ഞാനെല്ലാം പറയാം. ഫോർട്ടുകൊച്ചിയിൽ മമ്മിക്കൊരു ഫ്രണ്ടുണ്ടായിരുന്നു. ഞാൻ ചെറുതായിരിക്കുമ്പോൾ തന്നെ അവർ സ്വിറ്റ്‌സർലന്റിലേക്ക്‌ ഭർത്താവിനോടൊപ്പം പോയി. ഞാൻ അവരെ ആന്റിയെന്നാണ്‌ വിളിച്ചിരുന്നത്‌. ഇവിടെ നിന്നുപോകുമ്പോൾ ആന്റിക്ക്‌ ഒരു മകനുണ്ടായിരുന്നു – മൈക്ക്‌. തല്ലു കൂടുന്നതിനിടയിൽ ഫ്ലവർവേസെടുത്ത്‌ മൈക്കിന്റെ തലയ്‌ക്കെറിഞ്ഞ ഒരു നേരിയ ഓർമയേ ആ ബന്ധത്തെപ്പറ്റി എനിക്കുളളൂ. മൈക്കിപ്പോൾ ഡോക്‌ടറാണത്രേ. സ്വിറ്റ്‌സർലന്റിലേക്ക്‌ പോയശേഷം ആന്റി നാട്ടിൽ വരുന്നത്‌ ഈയിടെയാണ്‌. ആന്റിക്ക്‌ രണ്ട്‌ പെൺകുട്ടികൾ കൂടി ഉണ്ടായി അതിന്നിടയ്‌ക്ക്‌. ഒരു ദിവസം ആന്റിയെ സന്ദർശിച്ച്‌ മടങ്ങിവന്നശേഷമാണ്‌ മമ്മി ഓരോന്ന്‌ പറഞ്ഞു തുടങ്ങുന്നത്‌. എന്റെ സെന്റിമെന്റ്‌സ്‌ ഉണർത്താനെന്നപോലെ എന്നെയും മൈക്കിനെയും ചേർത്ത്‌ ബാല്യകാലത്തു നടന്ന ഓരോ കാര്യങ്ങൾ മമ്മി വിവരിച്ചു. ഞാൻ ഫ്ലവർവേസ്‌ എടുത്തെറിഞ്ഞത്‌, എന്റെ ഫ്രോക്കിലെ വളളികൾ മൈക്ക്‌ ടേബിളിന്റെ കാലിൽ കെട്ടിയിട്ടത്‌, അതിന്ന്‌ പ്രതികാരമെന്നോണം ബോട്ടുജട്ടിയിൽ വച്ച്‌ മൈക്കിനെ ഞാൻ തളളിയിട്ട്‌ ഉപ്പുവെളളം കുടിപ്പിച്ചത്‌…. അങ്ങനെ പലതും. എന്നിൽ പ്രതികരണമൊന്നും കാണാതായപ്പോൾ മമ്മി ഉളളകാര്യം വെട്ടിത്തുറന്നു പറഞ്ഞു. ആന്റിയാണ്‌ പ്രൊപ്പോസൽ വെച്ചത്‌. മമ്മിക്കുപ്രായം ഏറി വരികയല്ലേ. മൈക്കിനെക്കൊണ്ട്‌ വിവാഹം കഴിപ്പിച്ച്‌ എന്നെ സ്വിറ്റ്‌സർലന്റിലേക്ക്‌ അയയ്‌ക്കുകയാണെങ്കിൽ മമ്മിയുടെ ഭാരം ഒഴിയും. ഫ്രണ്ട്‌ എന്നനിലയിൽ ആന്റി മമ്മിയോടുളള കടമ നിറവേറ്റുകയാണത്രേ. അതൊക്കെ കേൾക്കുമ്പോഴും ഞാൻ നിശബ്‌ദയായി നിന്നതാണ്‌ ഈ സംശയങ്ങൾക്കൊക്കെ കാരണമെന്നു തോന്നുന്നു. ഈ ദിവസങ്ങളിൽ വീട്ടിൽ ചിലവഴിക്കാൻ വളരെ വിഷമമാണ്‌ കൃഷ്‌ണൻ. സമ്മതത്തിനുവേണ്ടി മമ്മിയുടെ വിവിധ സ്വരങ്ങളിലുളള സമ്മർദ്ദം. കൂടെക്കൂടെയുളള ആന്റിയുടെ സന്ദർശനവും മകളോടെന്നതുപോലെയുളള പെരുമാറ്റവും. എത്രയധികം ഡ്രസ്സാണെന്നോ വീട്ടിൽ ആന്റി കൊണ്ടുവന്നിട്ടിരിക്കുന്നത്‌. ഇങ്ങനെയുളള സാഹചര്യങ്ങളിൽ സ്നേഹവും ദുസ്സഹമാവുകയാണ്‌ കൃഷ്‌ണൻ.”

യഥാർത്ഥ ജീവിതം, പ്രശ്‌നങ്ങളിൽ നിന്ന്‌ പ്രശ്‌നങ്ങളിലേക്ക്‌ നീളുന്ന നൈരന്തര്യമാണെന്നു പറയുന്നത്‌ ശരിയാവുകയാണ്‌. അങ്ങനെയെങ്കിൽ ജീവിതത്തിലെ സ്വച്ഛന്ദമായ ഒരവധിക്കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഒന്നുംപറഞ്ഞ്‌ ആഗ്നസിനെ വിഷമിപ്പിക്കേണ്ട. ഭാവിയെക്കുറിച്ച്‌ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ വേറൊരവസരത്തിൽ ഒന്നിച്ചിരുന്നു പറയാം, കൃഷ്‌ണൻ വിചാരിച്ചു.

സ്വാന്തനപ്പെടുത്താൻ വാക്കുകളില്ല. ഒന്നുകിൽ നഷ്‌ടബോധത്തിന്റെ അതല്ലെങ്കിൽ സ്വാർത്ഥതയുടെ പുഴുക്കുത്തുകളുളള വാക്കുകളായിരിക്കാം മനസ്സറിയാതെ വരിക. ഈ പാവക്കൂത്തിലെ ചമയങ്ങൾ ചാർത്തിയൊരു കോലമായല്ലോ താനും. എങ്കിലും, എന്തെങ്കിലും രണ്ടുവാക്കുകൾ പറയേണ്ടേ നന്ന വിചാരത്താൽ അയാൾ പറഞ്ഞു, “നാം കുഞ്ഞുങ്ങളല്ലല്ലോ ആഗ്നസ്‌. സ്വന്തം വ്യക്തിത്വത്തെ ഹോമിക്കാതെ തീരുമാനമെടുക്കൂ. എങ്ങുമെത്താത്ത ആലോചനയാണ്‌ മനസ്സിന്‌ കൂടുതൽ വിഷമകരമാവുക.”

കോളേജ്‌ ലൈബ്രറിയിൽ വച്ച്‌ അയാൾ പിന്നെ ആഗ്നസിനെ കണ്ടപ്പോൾ അന്ന്‌ ഗ്രൗണ്ടിൽ കണ്ടുമുട്ടാമെന്നു പറഞ്ഞു.

കുറെ നാളുകളായി അയാൾ ഗ്രൗണ്ടിലേക്ക്‌ വന്നിട്ട്‌. ഗ്രൗണ്ടിൽ മുഴുവൻ കറുക വളർന്ന്‌ എങ്ങും പച്ചപ്പായിരിക്കുന്നു. മൂലയിലെ പ്ലാവിന്നരികത്ത്‌, തൊലി പൊളിഞ്ഞ പ്ലാവിൻതടിപോലെ വിളറിയ ചുവപ്പുനിറം പൂണ്ടിരിക്കുന്നു ആഗ്നസ്‌. ക്ഷീണിതയെങ്കിലും പ്രസരിപ്പിന്റെ തിളക്കുമണ്ടാ മുഖത്ത്‌.

അയാൾ അരികിലെത്തിയ പാടെ സന്തോഷവതിയായി അവൾ പറഞ്ഞു, “കൃഷ്‌ണൻ, അറ്റ്‌ ലാസ്‌റ്റ്‌ ഐ ഗോട്ട്‌ എ സൊല്യൂഷൻ.”

“എന്താണ്‌?” അയാളും അക്ഷമനായി.

“അവിടെയിരിക്കൂ. എല്ലാം വിസ്‌തരിച്ച്‌ പറയാം.”

അയാൾ ആഗ്നസിനോടു ചേർന്നിരുന്നു. കാര്യമായതെന്തോ പറയുവാനുളള തയ്യാറെടുപ്പുകൾ അവളുടെ പെരുമാറ്റത്തിലുണ്ട്‌.

“എക്‌സാം അടുത്തില്ലേ കൃഷ്‌ണൻ. അതുവരെ ക്ഷമിക്കാൻ പറഞ്ഞാൻ മമ്മി അടങ്ങും. ആന്റിക്കും അത്‌ സമ്മതമാകാതെയിരിക്കില്ല, ധാരാളം അവധിയുണ്ട്‌. ഇനിയെല്ലാം ഒറ്റ വാചകത്തിൽ പറയാം കൃഷ്‌ണൻ, കിട്ടിയ സമയം ഉപയോഗിച്ച്‌ നമുക്ക്‌ ഒളിച്ചോടാം.”

“ആഗ്നസ്‌ ഒരു കുട്ടിയെപ്പോലെ സംസാരിക്കുന്നു. ആഗ്നസിന്റെ മമ്മി, പ്രഫസ്സർ. നാം അവരെക്കുറിച്ചൊന്നും ആലോചിക്കണ്ടേ? പിന്നെ എവിടേക്കാണു പോവുക? നമ്മുടെ കൈയിൽ എന്തുണ്ട്‌ ആഗ്നസ്‌ ജീവിക്കാൻ?”

“മമ്മിയെയും പ്രഫസ്സറങ്കിളിനെയും തല്‌ക്കാലം മറക്കൂ കൃഷ്‌ണൻ. നമുക്ക്‌ പോകാൻ ഒരിടമുണ്ട്‌. എന്റെ ഡാഡിയുടെ ഒരു ഫ്രണ്ട്‌ ബാംഗ്ലൂരുണ്ട്‌, ലോറൻസ്‌ അങ്കിൾ. വളരെക്കാലം നേവിയിലായിരുന്നു. പാവം. ആരുമില്ല ലോറൻസങ്കിളിന്ന്‌ സ്വന്തക്കാരായി. ബാങ്കുനിക്ഷേപം മുഴുവൻ ഒരു ട്രസ്‌റ്റിനും ബംഗ്ലാവും അതിനൊത്തുളള പഴത്തോട്ടവും കൂടി എനിക്കുമായാണ്‌ വിൽപ്പത്രമെഴുതിയിട്ടുളളത്‌. നമ്മൾ അവിടെ ചെന്നു പറ്റിയാൽ അങ്കിൾ ഒരിക്കലും ഉപേക്ഷിക്കില്ല. സന്തോഷമാവുകയും ചെയ്യും.”

“ഒരുപക്ഷേ, അദ്ദേഹവും ഉപേക്ഷിച്ചാൽ നമുക്കെന്താണൊരു വഴി? കൈയിൽ വന്ന സൗഭാഗ്യത്തെയാണ്‌ തട്ടിത്തെറിപ്പിക്കുന്നതെന്നോർക്കണം. വാഗ്ദാനങ്ങളെല്ലാം സാധാരണ നിലയിലുളളതാണ്‌; ആഗ്നസിന്റെ കുടുംബത്തിന്നും സമുദായത്തിന്നും അനുയോജ്യനായ ഒരു ഭർത്താവ്‌, അങ്ങനെ മറ്റു പലകാര്യങ്ങളും. അങ്ങനെയൊരവസ്‌ഥയിലല്ല നാം അവിടേക്ക്‌ ചെല്ലുന്നത്‌.”

ആഗ്നസ്‌ കൃഷ്‌ണന്റെ കണ്ണുകളിലേക്ക്‌ നോക്കിയിരുന്നു. ഒന്നുമില്ല പറയാൻ. ആർദ്രമാകുന്ന ആ നയനങ്ങൾ അധികനേരം കണ്ടിരിക്കാനാവില്ല അയാൾക്ക്‌. മുഖം തിരിച്ച്‌, ദൂരെയെവിടെയോ നോക്കിയിരിന്നു.

പിന്നെ എപ്പോഴോ അയാൾ പറഞ്ഞു, “ഞാൻ ഒന്നു കൂടി ആലോചിക്കട്ടെ ആഗ്നസ്‌. എടുത്തു ചാടാൻ വേഗം കഴിയും. എന്റെ വീട്ടിൽ വലിയ പ്രശ്‌നങ്ങളുണ്ടാവില്ലായിരിക്കും. പക്ഷേ, പ്രഫസ്സറോടുളള കടപ്പാടുകളാണ്‌ എന്നെ കൂടുതൽ ബന്ധിതനാക്കുന്നത്‌. ഉണ്ട ചോറിന്‌ നന്ദിയില്ലാത്തവൻ എന്ന്‌ ഒരാൾ കൂടി പറയാൻ അവസരം കൊടുക്കരുത്‌.”

“ഡാനിയേൽ അങ്കിളുമായി ഇത്ര അടുത്തിടപഴകിയിട്ടും അദ്ദേഹത്തെ മനസ്സിലാക്കിയിട്ടില്ലേ കൃഷ്‌ണൻ? മറ്റൊരാളുടെ, പ്രൈവസി, അതേതു കാര്യത്തിലായാലും, നിഷേധിക്കുന്നത്‌ അങ്കിളിന്‌ ഇഷ്‌ടമുളള കാര്യമല്ല. അതുകൊണ്ട്‌ പരസ്യമായിട്ടല്ലെങ്കിലും മനസ്സുകൊണ്ട്‌ അങ്കിൾ നമ്മുടെ ബന്ധത്തെ അനുകൂലിക്കുമെന്നാണ്‌ എനിക്കു തോന്നുന്നത്‌, പ്രത്യേകിച്ചും കൃഷ്‌ണനുൾപ്പെടുന്ന കാര്യമായതിനാൽ.”

“വ്യക്തി സ്വാതന്ത്ര്യവും പുരോഗമന ചിന്തയുമൊക്കെ സ്വന്തം കാര്യങ്ങളിൽ അവഗണിക്കുകയാണ്‌ പതിവ്‌. ഞാൻ ആരെയും കുറ്റപ്പെടുത്തുകയല്ല. എല്ലാത്തിന്നും കുറെ ചട്ടക്കൂടുകളുണ്ട്‌. സമൂഹത്തിൽ കഴിയാൻ അവ ആവശ്യവുമാണ്‌. ആഗ്നസിനറിയാമോ, എനിക്ക്‌ വേണ്ടപ്പെട്ടവരൊക്കെയുണ്ടായിരുന്നിട്ടും ഒരു രക്ഷകർത്താവിന്റെ സ്നേഹവും തണലും ലഭിച്ചത്‌ പ്രഫസ്സറുടെയടുത്തു നിന്നു മാത്രമാണ്‌. അവയെല്ലാം ഒരു ദിവസം തകർത്തെറിഞ്ഞ്‌, ഭീരുക്കളെപ്പോലെ നാം ഒളിച്ചോടുന്നതിനെക്കുറിച്ചോർക്കുമ്പോഴാണ്‌ എനിക്ക്‌ എത്തും പിടിയും കിട്ടാത്തത്‌.”

“കൃഷ്‌ണൻ, ജീവിതത്തിൽ നിന്നല്ലല്ലോ നാം ഒളിച്ചോടുന്നത്‌. ജീവിതത്തിലേക്കല്ലേ.”

“അതുകൊണ്ടാണാഗ്നസ്‌ എന്നെയീ ആലോചന വിഷമവൃത്തത്തിലാക്കിയിരിക്കുന്നതും. അല്ലെങ്കിൽ അതെപ്പോഴേ ഉപേക്ഷിക്കാമായിരുന്നു.”

ഒരു നിശബ്‌ദതയ്‌ക്കുശേഷം കൃഷ്‌ണൻ പറഞ്ഞു, “എനിക്കൊരു ദിവസത്തെ സമയം തരൂ ആഗ്നസ്‌. ഞാനൊന്ന്‌ കൂടി ആലോചിക്കട്ടെ. ഏതു ദിശയിലേക്കായാലും ദൃഢമായ കാൽവെപ്പുകൾക്ക്‌ ഉറച്ച തീരുമാനം ആവശ്യമാണ്‌.”

പിരിഞ്ഞതെപ്പോഴെന്നറിയില്ല.

അസ്വസ്‌ഥമായ മനസ്സും ബുദ്ധിയും. കിടന്നിട്ട്‌ നിദ്രപോലുമെത്തുന്നില്ല

അയാൾക്കൊരാശ്വാസമായി.

Generated from archived content: salabham_18.html Author: narendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here