ആഗ്നസുമായുളള ബന്ധത്തിന് ഒരു പുതിയ തുടർച്ച വന്നതോടെ തന്നിലേക്കു മാത്രമായി ചുരുങ്ങിയിരുന്ന കൃഷ്‌ണന്റെ കോളേജ് ജീവിതത്തിന് വളരെ വ്യത്യാസങ്ങളുണ്ടായി. കാമ്പസിനുളളിലെ ഓരോ നിമിഷവും മുളളിലെന്നവണ്ണമാണ് അയാൾ നിന്നിരുന്നത്. അതിനാൽ കൃത്യസമയത്ത് മാത്രം എത്തും, എത്ര നേരത്തെ പോരാമോ അത്രയും വേഗത്തിൽ അവിടെ നിന്ന് രക്ഷപ്പെടും. ഇപ്പോൾ പക്ഷേ ആരൊക്കെയോ തനിക്കുണ്ടെന്ന അവബോധം കൃഷ്‌ണനെ അവിടെ തടുത്തു നിർത്തുന്നു.
നീണ്ടുപോകാറുളള സംഭാഷണങ്ങൾക്ക് ആഗ്നസാണ് പലപ്പോഴും മുൻകൈ എടുക്കുക. പ്രഭാതങ്ങളിൽ, ജോലിയില്ലാത്ത സായാഹ്‌നങ്ങളിൽ ഒക്കെ അവൾ എവിടെയെങ്കിലും വച്ച് പിടിച്ചു നിറുത്തും. കോളേജ് ഗ്രൗണ്ടിലെ ഉണങ്ങിയ സ്‌നേഹപ്പുല്ലുകൾ, ക്ലാസ്സിലേക്കു കയറുന്ന നടക്കല്ലിലേക്ക് ചാഞ്ഞു കിടക്കുന്ന പ്ലാവിന്റെ ശിഖരങ്ങൾ, മമ്മദിക്കയുടെ ചായക്കടയിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ എന്നിവ യാതൊർത്ഥവുമില്ലാത്ത ആ വർത്തമാനങ്ങൾ കേട്ട് മടുത്തിട്ടുണ്ടാകും.
അശ്വതിയെ ആകസ്മികമായി കണ്ടുമുട്ടുമ്പോൾ കൃഷ്‌ണന്റെ മനസ്സിൽ ഒരിക്കലും വിദ്വേഷത്തിന്റെ നാമ്പുകൾ കുരുത്തിട്ടില്ല, മറിച്ച് വേദനയുടേതാണ്. പക്ഷേ, അവൾക്ക് അങ്ങനെയല്ലെന്ന് ആ ഭാവപ്രകടനങ്ങളിൽ നിന്ന് സ്പഷ്‌ടമായിരുന്നു. ഉരുണ്ടുകൂടിയ കാർമേഘപടലങ്ങളോടെ മുഖം വെട്ടിച്ച് ഒരേപോക്കാണ് അയാളെ കാണുമ്പോൾ. അനുഭവങ്ങളുടെ പരുക്കൻ അരികുകൾ, കൊഴിഞ്ഞു വീഴുന്ന ദിനങ്ങൾ മിനുക്കി തെളിച്ചപ്പോൾ കൃഷ്‌ണന് ഒരേട്ടന്റെ സ്‌ഥാനത്തുനിന്ന് അവളോട് സംസാരിക്കണമെന്നുവരെ തോന്നി. താൻ ചെന്നുകേറി സംസാരിച്ചാൽ നല്ല രീതിയിലാവില്ല അവളും അമ്മായിയും അതിനെ കാണുക. മുതൽ തട്ടിയെടുക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്നു വരെ അവർ പറഞ്ഞേക്കും. വേണ്ട വെറുതെ ആ മാനഹാനി വരുത്തി വയ്‌ക്കേണ്ട കാര്യമില്ല. ഇടിയും മിന്നലുമുണ്ടാവുമെങ്കിലും മഴമേഘങ്ങൾ പെയ്‌തുതന്നെ ഒടുങ്ങട്ടെ. അതുവരെ കാത്തിരിക്കാം. കൃഷ്‌ണൻ തീരുമാനിച്ചു.
സമയമെത്ര വേഗമാണ് നീങ്ങുന്നത്. ആദ്യ വർഷത്തെ റിസൽട്ട് വന്നു. അയാളുടേത് മോശമില്ലായിരുന്നു. ഇംപ്രൂവ്‌മെന്റ് ചെയ്യേണ്ട കാര്യമില്ല. മെയിനിന്റെ ഒരു പേപ്പറിന് മുഴുവൻ മാർക്കും കിട്ടി.
രണ്ടാംവർഷത്തെ പരീക്ഷയടുത്തപ്പോളാണ് ജോലി കൃഷ്‌ണനൊരു പ്രശ്‌നമായത്. പ്രഫസ്സർ തക്കസമയത്തു തന്നെ സഹായിച്ചു. ജോലി നഷ്‌ടപ്പെടാതെ സ്‌റ്റഡിലീവിലും പരീക്ഷാസമയത്തും അവധി ശരിയാക്കി കൊടുത്തു.
സ്‌റ്റിഡിലീവ് മുഴുവൻ വീട്ടിൽ ചിലവഴിക്കണമെന്നാണ് അയാൾ തീരുമാനിച്ചിരുന്നത്. പിന്നെ വേണ്ടെന്നു വച്ചു. വീട്ടിലായാൽ അമ്മ ആവർത്തിച്ചു പറയും. “നീ ചെന്ന് അമ്മാമനോട് ക്ഷമ ചോദിച്ചു വാ. കാരണവൻമാരെ ധിക്കരിക്കല് അനന്തരവൻമാർക്ക് ചേർന്നതല്ല.” കൂടുതൽ ദിവസങ്ങൾ അവിടെ തങ്ങിയാൽ ആ പല്ലവി കേട്ട് ക്ഷമ നശിക്കുമെന്നത് തീർച്ചയാണ്. എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ അമ്മ കരച്ചിലിന്റെ വക്കോളമെത്തും. അത് തന്റെയും മനസ്സിന് വിഷമകരമാവും. എല്ലാം ആലോചിക്കുമ്പോൾ വീട്ടിലേക്കു പോകാതിരിക്കുന്നതു തന്നെയാണ് ഭംഗിയെന്ന് അയാൾക്ക് തോന്നി. ഇപ്പോൾത്തന്നെ ഹ്രസ്വസന്ദർശകനായി മാറിയിട്ടുണ്ട് വീട്ടിൽ അയാൾ.
മിക്ക സായാഹ്നങ്ങളും കൃഷ്‌ണൻ പാർക്കിലാവും ചിലവഴിക്കുക. കൂടെ ഹെലനും ചിലപ്പോൾ ആഗ്നസും. തനിക്കു കൂടുതൽ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നിയാണാവോ, ഒരു ദിവസം ഹെലനെ വിളിച്ചപ്പോൾ വരുന്നില്ലെന്നു പറഞ്ഞു. കുറെ നിർബന്ധിക്കേണ്ടി വന്നു അയാൾക്ക്.
ഇത്ര സന്തോഷകരമായ ഒരു പരീക്ഷാകാലം ഇതുവരെ അയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പരീക്ഷയെ നേരിടേണ്ടതിനെക്കുറിച്ചുളള പിരിമുറുക്കമായിരിക്കും മിക്കവാറും. അതു കഴിഞ്ഞു കിട്ടിയാൽ പിന്നെ ഫലത്തെക്കുറിച്ചോർത്താവും. ഇതു രണ്ടുമുണ്ടായില്ല ഇത്തവണ. ഉയർന്ന വിജയത്തെക്കുറിച്ച് സംശയം തീരെയില്ല. പക്ഷേ, ആഗ്നസ് ഓരോ പരീക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോഴും തോല്‌ക്കുമെന്നു പറഞ്ഞാവും വരിക. പോരാത്തതിന് ആദ്യവർഷത്തെ പേപ്പറുകളുമുണ്ട് അവൾക്ക് എഴുതിയെടുക്കാൻ.
പരീക്ഷകഴിഞ്ഞുളള രണ്ടാഴ്‌ചത്തെ അവധിക്ക് എന്നും കൃഷ്‌ണൻ ജോലിക്കുപോയി. ചെറിയൊരു സമ്പാദ്യം ഉണ്ടാക്കാൻ കഴിഞ്ഞു ആ നാളുകൾ കൊണ്ട്.
അവസാനവർഷത്തെ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ മഴ കൊടുമ്പിരിക്കൊണ്ടിരുന്നു. കടൽക്ഷോഭത്തെ അകലെനിന്ന് വീക്ഷിക്കുന്നത് രസകരമെങ്കിലും വീശിയടിക്കുന്ന കാറ്റും പേമാരിയും പാർക്കിലേക്കു പോകുന്ന ദിനങ്ങളെ ചുരുക്കി. ഒഴിവുളള സായാഹ്നങ്ങൾ മിക്കവാറും പ്രഫസ്സറുടെ ലൈബ്രറിയിലാവും അയാൾ ചിലവഴിക്കുക. ഒരു ദിവസം ചെന്നപ്പോൾ പുതുതായി ഒരു മേശയും കസേരയും അവിടെ ഇട്ടിരിക്കുന്നതുകണ്ടു. പ്രഫസ്സർ അതേക്കുറിച്ച് സന്തോഷപൂർവ്വം പറയുകയും ചെയ്‌തു. “കൃഷ്‌ണനു വേണ്ടിയാണ് ആ പുതിയ ടേബിൾ. എന്തെങ്കിലും എഴുതിയെടുക്കണമെങ്കിൽ സൗകര്യമായല്ലോ.”
അപ്രതീക്ഷിതമായ കുറെ കാര്യങ്ങൾ ആ വർഷകാലത്ത് അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. വർദ്ധിച്ചുവരുന്ന ഊർജ്ജക്ഷാമത്തെ പരിഹരിക്കാൻവേണ്ടി, ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി പ്രശസ്തമായ ഒരു വാരികയിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കുന്ന സമയമായിരുന്നു അത്. ഉർജ്ജനിലയത്തെ പിന്താങ്ങിയും എതിർത്തും എങ്ങുമെങ്ങും തൊടാതെയും പല ശാസ്‌ത്രജ്ഞരും പരിസ്‌ഥിതി വാദികളും സാമൂഹ്യപ്രവർത്തകരും എഴുതി. ഭൂതകാലാനുഭവങ്ങളും സ്‌ഥിതിവിവരകണക്കുകളും വച്ചുകൊണ്ടുളള അഭ്യാസങ്ങളായിട്ടേ പല ലേഖനങ്ങളും കൃഷ്‌ണന് തോന്നിയുളളൂ. കഴമ്പുളളവ ശാസൃതീയാംശത്തിന്റെ അതിപ്രസരത്താൽ സാധാരണക്കാർക്ക് ദുർഗ്രഹങ്ങളുമായി. മൊത്തത്തിൽ പൊതുജനങ്ങൾക്ക് മനസ്സിലാകാത്ത രീതിയിലായിരുന്നു ആ ചർച്ചകളുടെ പോക്ക്. അക്കാര്യങ്ങൾ മുൻനിർത്തി, സാമാന്യവിദ്യാഭ്യാസം സിദ്ധിച്ചിട്ടുളളവർക്ക് ചർച്ചകളിലേക്ക് കടന്നുചെല്ലാനാവുംവിധം ആണവനിലയത്തിന്റെ പ്രാഥമിക ആശയങ്ങളെയും ഉൾക്കൊളളിച്ചുകൊണ്ട് ആ വാരികയിലേക്ക് നീണ്ട ഒരു കത്തുതന്നെ എഴുതി കൃഷ്‌ണൻ.
മൂന്നാഴ്‌ചകൾ കഴിഞ്ഞ് വാരികയെടുത്തു നിവർത്തിയപ്പോൾ കൃഷ്‌ണൻ അമ്പരന്നുപോയി. അയാളുടെ കത്തിന്നൊരു തലവാചകവും കൊടുത്ത് അത്തവണത്തെ ചർച്ചയിലെ ലേഖനമാക്കിയിരിക്കുന്നു. കൂടെ പത്രാധികരുടെ ‘വെറുമൊരു കത്തിൽ കവിഞ്ഞ പ്രാധാന്യമുളളതിനാൽ ഇത് ചർച്ചയുടെ ഭാഗമാക്കുന്നു’ എന്ന കുറിപ്പും.
താമസിയാതെ പത്രാധിപരിൽ നിന്ന് ശാസ്‌ത്രീയകാര്യങ്ങളെക്കുറിച്ച് ഇനിയും എഴുതണമെന്നു പറഞ്ഞുളള കത്തും നൂറുരൂപയുടെ ചെക്കും ലഭിച്ചു.
പ്രഫസ്സർ അതെല്ലാം അറിഞ്ഞപ്പോൾ അഭിനന്ദനങ്ങൾകൊണ്ട് വീർപ്പുമുട്ടിച്ചു അയാളെ. തന്റെ ലൈബ്രറി ആദ്യമായിട്ടൊരാൾ ഫലപ്രദമായി ഉപയോഗിച്ചല്ലോ എന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന് കൂടുതൽ.
വാരികയിലെ ചർച്ചകൾക്ക് തുടക്കമിട്ട പ്രശസ്‌തനായ ഒരു ശാസ്‌ത്രസാഹിത്യകാരൻ അതിന്നു മറുപടി പറയുമ്പോൾ കൃഷ്‌ണന്റെ ലേഖനത്തിന്റെ സദുദ്ദ്യേശത്തെ പേരെടുത്തു പറഞ്ഞു പ്രകീർത്തിച്ചു. സാധാരണക്കാരനെ, അവന്നു മനസ്സിലാകുന്ന ഭാഷയിൽ ശാസ്‌ത്രം പറഞ്ഞു മനസ്സിലാക്കുകയാണ് യഥാർത്ഥ ശാസ്‌ത്രസാഹിത്യകാരന്റെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. പോരാത്തതിന് അതിനെക്കുറിച്ചുളള കുറെ കത്തുകളും.
തന്റെ ആദ്യസൃഷ്‌ടിതന്നെ ഇത്രയേറെ വിജയിച്ചത് കൃഷ്‌ണന് പ്രചോദനമായി. പിന്നെ തുടർച്ചയായി രണ്ടുമൂന്നു ലേഖനങ്ങളെഴുതി പ്രസിദ്ധീകരിച്ചു. സ്വന്തം കൃതികൾ അച്ചടിമഷി പുരണ്ടു വരുന്ന സന്തോഷത്തോടൊപ്പം നല്ലൊരു തുകയും കൈയിൽ വന്നുചേരുന്നത് കൃഷ്‌ണൻ അറിഞ്ഞു.
നാലാമത്തെ കൃതിക്കുളള പ്രതിഫലം പത്രാധിപർ നൂറ്റമ്പതുരൂപയാക്കി വർദ്ധിപ്പിച്ചു. താൻ അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന തോന്നൽ അത് കൃഷ്‌ണനിലുളവാക്കി.
ആ സാഹിത്യശ്രമങ്ങൾ ക്യാമ്പസിനുളളിൽ അയാൾക്ക് പ്രശസ്തിയും നേടിക്കൊടുത്തു. അയാൾ അറിയാത്ത, മറ്റു ഡിപ്പാർട്ട്‌മെന്റുകളിലെ അധ്യാപകർ തടുത്തുനിർത്തി അഭിനന്ദനങ്ങൾ അറിയിക്കുമ്പോൾ കൃഷ്‌ണന് ഉളളിൽ തന്റെ കഴിവിനെക്കുറിച്ച് അഭിമാനം തോന്നാതെയിരുന്നില്ല. അപ്പോഴൊക്കെ പ്രഫസ്സറെയും കൃഷ്‌ണൻ ഓർത്തു. എല്ലാം അദ്ദേഹത്തിന്റെ സൗജന്യത്തിന്റെ ഫലമാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ അക്ഷയനിധിയിലെ നുറുങ്ങുകൾ ചേർത്തുവച്ച് താൻ പ്രശസ്‌തനുമായിരിക്കുന്നു.
ഒരു ദിവസം കൃഷ്‌ണൻ പ്രഫസ്സറുടെ ലൈബ്രറിയിലേക്കു കടന്നു ചെല്ലുമ്പോൾ വളരെ സന്തോഷവാനായാണ് അദ്ദേഹം സ്വീകരിച്ചത്.
“ഞാൻ തന്നെയും കാത്തിരിക്കുകയായിരുന്നു”
“പ്രത്യേകിച്ചെന്തെങ്കിലും…….?”
“തനിക്ക് നല്ലൊരു ഓഫർ വന്നിട്ടുണ്ട്, നഗരത്തിലെ ‘നവതരംഗം’ പത്രത്തിൽ നിന്ന്. എന്റെയൊരു സുഹൃത്താണ് അതിന്റെ ഇപ്പോഴത്തെ പത്രാധിപർ ആർ.കെ.പിളള. ഇന്നലെ ഞങ്ങൾ കണ്ടു സംസാരിച്ചപ്പോൾ തന്റെ കാര്യവും ഞാൻ പറഞ്ഞു. പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ ഒരു ശാസ്‌ത്രപംക്തിയുണ്ട്. മിസ്‌റ്റർ പിളളയായിരുന്നു ഇതുവരെ അതു കൈകാര്യം ചെയ്‌തിരുന്നത്. ഇപ്പോഴയാൾക്ക് മടുത്തു, വായിക്കാൻ സമയം കിട്ടാറില്ലത്രെ പത്രാധിപരായശേഷം. അദ്ദേഹം തന്നെപ്പറ്റി കേട്ടിട്ടുമുണ്ട്. പറ്റുമെങ്കിൽ തുടർച്ചയായി എഴുതാനും പറഞ്ഞു. നാനൂറ് രൂപവച്ച് തരാമെന്ന് ആദ്യം പറഞ്ഞെങ്കിലും വാദിച്ച് ഞാനത് അറുന്നൂറാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിഫലമല്ല കാര്യം, കഴിവുണ്ടെന്നു തെളിഞ്ഞാൽ പഠനത്തിനുശേഷം ചിലപ്പോൾ സബ്‌എഡിറ്ററായി എടുത്തേക്കും. സർക്കുലേഷൻ ഒരുവിധം കൂടിവരുന്ന ഘട്ടത്തിലാണ് ‘നവതരംഗം’ ഇപ്പോൾ.
ഒന്നും സംശയിക്കാതെ അയാൾ പ്രഫസ്സറോട് സമ്മതംമൂളി. എത് ഉറപ്പുളള വരുമാനമാണെങ്കിൽ ഇനി ‘ശക്തി പ്രഷർ വെസൽസി’ലേക്ക് പോകേണ്ട. ഫ്ലക്സ് കരിഞ്ഞമണം ശ്വസിക്കേണ്ട, കണ്ണും ചുവപ്പിച്ച് ഉറക്കമൊഴിഞ്ഞിരിക്കേണ്ട.
പത്രമോഫീസിലേക്ക് പ്രഫസ്സറോടൊപ്പമാണ് കൃഷ്‌ണൻ പോയത്. ആർ.കെ.പിളള ഉപദേശിക്കുന്ന മട്ടിൽ കുറെ സംസാരിച്ചു. പിന്നെ ഒരു രേഖയിൽ അയാളെക്കൊണ്ട് ഒപ്പിടുവിച്ചു വാങ്ങുകയും ചെയ്‌തു. താൻ കൈകാര്യം ചെയ്യുന്ന പംക്തി മുടക്കുവരുത്താതെ നടത്തിക്കൊളളാമെന്ന വാഗ്ദാനം ഉൾക്കൊണ്ടതായിരുന്നു അത്. പ്രതിഫലത്തെപ്പറ്റി ഒന്നും അതിൽ എഴുതി കണ്ടില്ല.
തിരിച്ചു വരുമ്പോൾ ‘ശക്തി’യിൽ നിന്നും വിട്ടുപോരുന്നതിനെപറ്റി കൃഷ്‌ണൻ പ്രഫസ്സറോട് സംസാരിച്ചു.
”പഠിക്കുന്ന സമയത്ത് സമ്പാദിക്കാൻ താല്‌പര്യമില്ലെങ്കിൽ അവിടെ നിന്ന് രാജിവച്ചുകൊളളൂ. പൊരാത്തതിന് അവസാനവർഷവുമല്ലേ.“
അടുത്ത സുഹൃത്തുക്കളായി ‘ശക്തി’യിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിട്ടുപോരാനും തീരെ വിഷമമില്ലായിരുന്നു. ജോലി ഉപേക്ഷിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടുളള ഒരു കത്ത്, സൂപ്രണ്ടിന്റെ നനഞ്ഞ ചിരി, അത്രമാത്രം.
ആഴ്‌ചതോറും എഴുതേണ്ടതുകൊണ്ട് വിഷയദൗർലഭ്യം ഒരു പ്രശ്‌നമാണ്. ശാസ്‌ത്രരംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും അറിവുകളും പരതിയെടുക്കാൻ പരന്ന വായനതന്നെ വേണം. വിദേശ മാസികകൾ വായിച്ച് കുറിപ്പുകളെഴുതിയെടുക്കാൻ ആഴ്‌ചയിൽ രണ്ടു സായാഹ്‌നങ്ങൾ പബ്ലിക് ലൈബ്രറിയിലേക്കുവേണ്ടി മാറ്റി വച്ചു. പിന്നെ അടിസ്‌ഥാന വിവരങ്ങൾക്ക് പ്രഫസ്സറുടെ ലൈബ്രറി. എല്ലാം ശേഖരിച്ചു കഴിഞ്ഞാൽ ലേഖനരൂപത്തിലാക്കാൻ വലിയ വിഷമം അയാൾക്ക് തോന്നിയിരുന്നില്ല.
ഇപ്പോൾ ആകെകൂടി ഒരു സ്വസ്ഥത കൈവന്നിട്ടുണ്ട് അയാൾക്ക്. അലച്ചിലിന്റെ ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു. കുറച്ച് അധ്വാനിക്കണമെങ്കിലും അതിന്റെ ഫലം വളരെ വലുതാണ്; മോശമല്ലാത്ത പ്രതിഫലം, പ്രശസ്തി, എവിടെച്ചെന്നാലും ഒരെഴുത്തുകാരനെന്ന വില.
Generated from archived content: salabham_17.html Author: narendran