ആദ്യദിവസം ‘ശക്തി പ്രഷർ വെസ്സൽസി’ൽ ചെന്നപ്പോൾ കൃഷ്‌ണൻ ഉപയോഗശൂന്യമായ ലോഹത്തകിടുകളിൽ പരിശീലിച്ചതേയുളളൂ. തുടക്കത്തിൽ ‘ആർക്ക്’ സ്ഥിരമായി നിർത്താൻ തന്നെ ബുദ്ധിമുട്ടി. പക്ഷേ, രണ്ടുമൂന്നു മണിക്കൂറുകൾക്കുളളിൽ വലിയ കുഴപ്പമില്ലാതെ വെൽഡുചെയ്യാമെന്ന നിലവന്നു. പിന്നെ അവിടെ വരാവുന്ന എല്ലാ രീതികളിലുമുളള വെൽഡിങ്ങും അയാൾ ചെയ്‌തുനോക്കി. അപ്പോൾ മാത്രമേ മനസ്സിനൊരു സമാധാനം ലഭിച്ചുളളൂ അയാൾക്ക്.
രാത്രി, വെൽഡിങ്ങിന് കൃഷ്‌ണനടക്കം അഞ്ചുപേരുണ്ട്. മറ്റു ജോലിക്കാർ വേറെ. പിന്നെ വർക്കുഷോപ്പ് സൂപ്രണ്ട് ജോസഫ് മാത്യു. കുറച്ചു ദിവസങ്ങൾക്കുളളിൽ എല്ലാ ജോലിക്കാരുമായും കൃഷ്‌ണൻ സൗഹൃദം സ്ഥാപിച്ചു. പക്ഷേ, സൂപ്രണ്ട് ജോലിക്കാരിൽ നിന്നും കുറച്ച് അകലമിടുന്നതുപോലെ തോന്നിച്ചു. പേര് ചോദിച്ചറിഞ്ഞതിൽ കൂടുതൽ സംസാരത്തിനൊന്നും അയാൾ കൃഷ്‌ണന്റെയടുത്ത് വന്നിട്ടില്ല. സിഗരറ്റും പുകച്ച്, പണിചെയ്യുന്നതും വീക്ഷിച്ച് ക്യാബിനിൽ അയാളിരിക്കും. ഇങ്ങനെ ഇമവെട്ടാതെ നോക്കിയിരുന്നാൽ ‘ആർക്കി’ന്റെ തീഷ്‌ണമായ പ്രഭയേറ്റ് കണ്ണ് മങ്ങിപ്പോവുകയില്ലേയെന്ന് കൃഷ്‌ണൻ സംശയിച്ചിട്ടുണ്ട്. അയാളുടെ ഗൗരവം പൂണ്ട മുഖത്തിന്നു താഴെയിരുന്ന് പണിചെയ്യുമ്പോൾ എന്തെങ്കിലും സംസാരിക്കാൻ കൂടി മിനക്കെടാറില്ല ആരും.
സന്ധ്യയ്‌ക്കു തുടങ്ങുന്ന നാരായണന്റെ ഉന്തുവണ്ടിയായിരുന്നു ഇടയ്‌ക്ക് പുറത്തിറങ്ങുമ്പോൾ എല്ലാത്തിനുമാശ്രയം. രാത്രി നാരായണന്റെ കട സ്ഥിരമായുളളതുകൊണ്ട് കുറച്ചു ദൂരത്തു നിന്നുപോലും അവിടെ ആളുകളെത്തും. പിന്നെ സെക്കന്റ്‌ഷോ കഴിഞ്ഞു പോകുന്നവർ.
അവിടെ രാത്രി ജോലി ചെയ്യുന്നവരിൽ പലർക്കും പകലും അവിടെത്തന്നെ പണിയുണ്ട്. പക്ഷേ, പകൽ വേറെയെന്തെങ്കിലും ജോലി ചെയ്യാനേ മാനേജർ ആന്റണി സമ്മതിക്കുകയുളളു. ഷീറ്റുകൾ മുറിക്കുകയോ രാകുകയോ മറ്റോ. പകലും രാത്രിയും വെൽഡിങ്ങ് ആർക്കിൽ നോക്കിയിരുന്നാൽ, മാസ്‌കിലൂടെയാണെങ്കിലും കണ്ണിനതു ദോഷം ചെയ്യുമെന്നാണ് അദ്ദേഹം കാരണം പറയുന്നത്. പക്ഷേ, വെൽഡിങ്ങു ചെയ്യുന്നതാണ് പണിക്കാർക്കിഷ്‌ടം. കൂടുതൽ വേതന നിരക്ക് വെൽഡിങ്ങിനാണ്. അവിടെ മാസശമ്പളത്തിന്റെ പരിപാടിയേ ഇല്ല. പണിയുടെ വലിപ്പമനുസരിച്ചുളള പ്രതിഫലം മാത്രം.
പുറത്ത് വെളിച്ചം പരക്കുന്നതിനുമുമ്പ് പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി, ആവശ്യമുളളത്ര വെളളവും ശേഖരിച്ചു വയ്‌ക്കും. പിന്നെ പുറത്തേക്കിറങ്ങേണ്ടല്ലോ. വെപ്പും കുടിയുമെല്ലാം ആ മുറിക്കകത്തു തന്നെ. തലേന്ന് ജോലിയുളള ദിവസമാണെങ്കിൽ ഉറക്കക്ഷീണമുണ്ടാകും. ക്ലാസ്സ് കഴിഞ്ഞെത്തിയാലേ അതു തീർക്കാനാവൂ. ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാറില്ല അയാൾ ഇപ്പോൾ. കാലത്ത് വച്ചുവയ്‌ക്കുന്നത് ക്ലാസ്സ് കഴിഞ്ഞെത്തുമ്പോഴാണ് കഴിക്കുക. ഒന്നു രണ്ടു ദിവസം കോളേജിലേക്ക് ഭക്ഷണം കൊണ്ടുപോയി നോക്കിയിട്ട് ബുദ്ധിമുട്ടുതോന്നിയതിനാൽ അയാൾ അതുപേക്ഷിച്ചു.
കൂടുമാറ്റത്തിനുശേഷം ആദ്യത്തെ ഞായറാഴ്‌ച കൃഷ്‌ണൻ വീട്ടിൽ പോയി. കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുവെന്ന് പറഞ്ഞപ്പോഴും അമ്മയുടെ മുഖം ശരിക്ക് പ്രകാശിച്ചു കണ്ടില്ല.
ഓർമ്മകളിപ്പോഴും വേട്ടയാടുന്നുണ്ടാവും. അമ്മയോട് എത്ര പറഞ്ഞാലും സംഭവങ്ങളുടെ ഗൗരവം മനസ്സിലാകില്ല. കാലം വ്യക്തിബന്ധങ്ങളിൽ വരുത്തിവച്ച മാറ്റങ്ങൾ അമ്മ ഉൾക്കൊളളാഞ്ഞിട്ടാണ്. അമ്മയുടെ മനസ്സിൽ ഇപ്പോഴും പഴയ തറവാടും കാരണവൻമാരുടെ വാക്കിനുമേൽ പക്ഷിപറക്കാത്ത അവസ്ഥയുമാണുളളത്. എങ്കിലും ആ സ്‌നേഹം തന്നെ വീർപ്പുമുട്ടിക്കുന്നു. അയാൾ ആലോചിച്ചു.
അയാൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ ഒരു കുപ്പി അച്ചാർ പൊതിഞ്ഞ് കൈയിൽ കൊടുത്തു. പിന്നെ ഒരു കടലാസ്സുപൊതിയും. തുറന്നു നോക്കിയപ്പോൾ പഴക്കംചെന്ന നോട്ടുകളും കുറെ ചില്ലറയും അയാൾ അതിൽ കണ്ടു. കൈയിൽ ആവശ്യത്തിനു പണമുണ്ടെന്നും സാർ സഹായിച്ചെന്നും പറഞ്ഞ് ആ പൊതി കൃഷ്‌ണൻ തിരികെ കൊടുത്തു. അതു വാങ്ങുമ്പോൾ ആ മിഴികൾ നനഞ്ഞിരുന്നു. ഇനി എല്ലാ ആഴ്‌ചയും തന്നെ കാക്കേണ്ട എന്നു പറഞ്ഞിട്ടാണ് കൃഷ്‌ണൻ പോന്നത്.
വീട്ടിൽനിന്ന് കഴിവതും ഒഴിഞ്ഞുനില്‌ക്കാനാണ് ഇപ്പോൾ മനസ്സിന്റെ ആഗ്രഹം. അവിടത്തെ ഓരോ നിമിഷവും പൂർവ്വസ്‌മൃതികളിലേക്ക് വലിച്ചിഴയ്‌ക്കുന്നു. പക്ഷേ, അമ്മയുാടെ മുഖം കുറെനാൾ അടുപ്പിച്ച് കാണാതിരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല- കൃഷ്‌ണൻ ഓർത്തു.
പുതിയ ജീവിതത്തിന് വളരെവേഗം ഒരു താളം കൈവന്നതായി കൃഷ്‌ണൻ അറിഞ്ഞു.
ജോലിയില്ലാതിരുന്ന ഒരു ദിവസമാണ് സുനിലും ടോമും കൃഷ്‌ണന്റെ പുതിയ വാസസ്‌ഥലം കാണാനെത്തിയത്. ക്ലാസ്സ് കഴിഞ്ഞപ്പോൾ അവർ അയാളുടെ കൂടെ ചെന്നു. അവിടെ എത്തിയ ഉടനെ ചായയ്‌ക്കു വെളളം അടുപ്പത്തു വച്ചു. ടോം അവിടം മുഴുവൻ ചുറ്റിനടന്നു കാണുകയാണ്. അതിനിടെ അടുത്ത വീടുകളിലേക്ക് എത്തിവലിഞ്ഞുളള നോട്ടങ്ങളും.
ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ടോമാണ് പുതിയ പദ്ധതി കൊണ്ടുവന്നത്. “നമുക്കിന്നിവിടെ ഒന്ന് ആഘോഷിച്ചാലോ?”
“എങ്ങനെ?” സുനിലും കൃഷ്‌ണനും ഏതാണ്ടൊരുമിച്ചാണ് ചോദിച്ചത്.
“പാചകം ചെയ്യാൻ സകലസൗകര്യങ്ങളും ഇവിടെയുണ്ട്. ഒരു കോഴിയെ വാങ്ങി ശരിയാക്കുക. പിന്നെ പറയാനല്‌പം വിഷമമുണ്ട്; ടാ കൃഷ്‌ണാ, നിനക്ക് സമ്മതമാണെങ്കിൽ വെഷോം. അത്രയൊക്കെയായാൽ നമുക്ക് സുഖിക്കാനുളള വകുപ്പായില്ലേ?”
സുനിലും ടോമും തന്റെ മുഖത്തേക്കു നോക്കുന്നത് കൃഷ്‌ണൻ കണ്ടു.
ഹോട്ടലിൽ വച്ച് അന്ന് ചെയ്‌ത സത്യം- മൂന്നുപേരും ഇനി ഒരുമിച്ചിരുന്ന് മദ്യപിക്കില്ലെന്ന്. പക്ഷേ, സത്യങ്ങളുടെയും വാഗ്‌ദാനങ്ങളുടെയുമൊക്കെ നാളുകൾ വീണുടഞ്ഞു പോയെന്ന് നേരത്തെ തോന്നിയിട്ടുളളതാണ് അയാൾക്ക്.
അവരുടെ ആഗ്രഹത്തിന് കൃഷ്‌ണൻ തടസ്സം നിന്നില്ല.
“ഞാൻ റെഡി”, തന്റെ ഉളളിന്റെയുളളിലും ആ ആഗ്രഹം നാമ്പിട്ടുവോ? അതുപറയുമ്പോൾ കൃഷ്‌ണൻ സംശയിച്ചു.
ടോം ഹുറേ വിളിച്ച് തുളളിച്ചാടി. സുനിലിന്റെ മുഖവും പ്രസന്നമാകുന്നത് അയാൾ കണ്ടു.
“പക്ഷേ, ഒരു കാര്യം. ഇതിനെല്ലാത്തിനും കൂടി എന്തു ചിലവുവരും? എന്റെ കൈയിൽ പൈസ കമ്മിയാണ്”. പ്രഫസ്സർ അയാൾക്കു കൊടുത്തതിൽ ഇനി വളരെ കുറച്ചേയുളളൂ ബാക്കി.
“നീയൊരു കോഴിയെ വാങ്ങിയാൽ മതി, ഇരുപത്തഞ്ചുരൂപയിൽ കൂടില്ല. അരക്കുപ്പിക്കുളള കാശ് ഞങ്ങളുടെ കൈയിൽ കാണും.” സുനിലാണ് പറഞ്ഞത്.
പിന്നെയെല്ലാം വളരെ വേഗത്തിലായിരുന്നു.
സുനിൽ വേണ്ടുന്ന സാധനങ്ങളുമായി എത്തിയപ്പോൾ, ടോം കോഴിയെ കറിയാക്കുന്ന പണി ഏറ്റെടുത്തു. കോൾഡ് സ്‌റ്റോറിൽ നിന്ന് വൃത്തിയാക്കിയ കോഴിയെ വാങ്ങിയതുകൊണ്ട് നുറുക്കി, പൊടികളും ചേർത്ത് അടുപ്പത്തുവച്ചാൽ മതിയായിരുന്നു. ടോം ആ കാര്യത്തിൽ പരിചയസമ്പന്നനുമാണ്. ഇടയ്‌ക്ക് ചെറിയ സഹായങ്ങൾ ചെയ്‌തുകൊടുക്കേണ്ടതായേ കൃഷ്‌ണന് വന്നുളളൂ. സംഭാഷണം പൊടിപൊടിച്ചു നടന്നു. അടുത്തുളള വീടുകളിൽ നിന്ന് ദൃഷ്‌ടികൾ ആ മുറിയിലേക്ക് നീണ്ടുനിന്നു.
എല്ലാം ശരിയാക്കി അവർ കഴിക്കാനിരുന്നു. കുപ്പി വളരെ പെട്ടെന്ന് കാലിയായി. ആർക്കും ഒന്നുമാവാത്ത അവസ്‌ഥ. എങ്കിലും അവരുടെ ബോധങ്ങളിൽ നിലാവുദിച്ചുയർന്നു. ഭാവിയെപ്പറ്റിയും തങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റിയുമുളള സംസാരം കൊണ്ട് ആ മുറിനിറഞ്ഞു കവിഞ്ഞു.
സെക്കന്റ് ഷോയ്‌ക്കുളള സമയമാകുന്നു. സിനിമയ്‌ക്കു പോകാനുളള നിർദ്ദേശം വച്ചത് കൃഷ്‌ണനാണ്. ഉടനെ വാതിലടച്ച് പുറത്തുകടന്നു അവർ. സിനിമയുടെ പേരുപോലും നോക്കാതെയാണ് ടിക്കറ്റെടുത്തത്.
ഇന്റർവെല്ലായപ്പോഴേക്കും മഴ പെയ്‌തതുപോലെ തലയിൽ നിന്നെല്ലാം ഇറങ്ങി. ക്ഷീണം അവരുടെ കൺപോളകളെ തമ്മിലടുപ്പിക്കാൻ ബന്ധപ്പെടുന്നു. ഒരുവിധം മുഴുവൻ കണ്ടെന്നു വരുത്തി അവർ തിയേറ്ററിന്നു പുറത്തിറങ്ങി.
തിരിച്ചു നടക്കുമ്പോൾ സുനിൽ അയാളോടു പറഞ്ഞു. “നീയിങ്ങനെ ജീവിതം നേരത്തെ ആസ്വദിക്കാൻ തുടങ്ങുകയാണോ? എന്റെ വലിയൊരു സ്വപ്‌നമാണ് എല്ലാത്തിലും നിന്ന് അകന്നിരുന്ന് ജീവിതം നുകരുകയെന്നത്.” അതുകേട്ടപ്പോൾ കൃഷ്‌ണൻ വെറുതെ ചിരിച്ചു. ജീവിതം ആസ്വദിക്കുകയാണുപോലും. അതോ, ഇതൊക്കെയായിരിക്കുമോ ജീവിതത്തിന്റെ സ്വാദിഷ്‌ടമായ വിഭവങ്ങൾ? ഉറങ്ങാൻ ശ്രമിക്കുമ്പോഴും സംശയങ്ങൾ അയാളുടെ മനസ്സിൽ പത്തിവിരിച്ചു നിന്നാടി.
ജോലിയില്ലാത്ത ഒന്നിടവിട്ടുളള ദിവസങ്ങളിൽ ക്ലാസ്സു കഴിഞ്ഞുവന്നശേഷം കുറച്ചുറങ്ങും, അന്നെടുത്തത് എല്ലാമൊന്നു മറിച്ചുനോക്കും. ബുദ്ധിമുട്ടുളള ഭാഗങ്ങളുമായി പൊരുതുന്നത് പാതിരയാകുമ്പോഴാണ്. രാത്രിക്ക് അപ്പോഴേ ഒരു സ്വച്ഛത കൈവരുകയുളളു. പകലുമ ചുറ്റുപാടിൽ നിന്ന് വലിയ ശല്ല്യമൊന്നുമുണ്ടായിരുന്നില്ല. അടുത്ത വീടുകളിൽ കുട്ടികളും കുറവാണ്. ഉളളവർക്ക് വാടകവീടിന്റെ നാലു ചുമരുകൾക്കുളളിൽ എങ്ങനെ കഴിയണമെന്ന ശിക്ഷണവും കിട്ടിയിട്ടുണ്ടെന്ന് അയാൾക്കു തോന്നി.
കാര്യങ്ങളെല്ലാം സുഗമമായി നീങ്ങിത്തുടങ്ങിയതിനുശേഷമാണ് പ്രഫസ്സറുടെ വീട്ടിൽ സ്‌ഥിരമായി കൃഷ്‌ണൻ പോയിത്തുങ്ങിയത്. ചിലപ്പോൾ ഹെലനുമായി സംസാരിച്ചിരിക്കും. പിന്നെ അങ്ങോട്ട് പ്രഫസ്സർ കടന്നുവരും. സൂര്യനു കീഴെയുളള സകലകാര്യങ്ങളും സംഭാഷണത്തിന് വിഷയമാകും. ഹെലൻ അതെല്ലാം ആകാംക്ഷയോടെ ശ്രദ്ധിക്കുമെങ്കിലും, ഇടയ്‌ക്കുകയറി ഒന്നും പറയാറില്ല. തീരെ ബോറായി അനുഭവപ്പെടുമ്പോഴാണെന്നു തോന്നുന്നു, ഹെലൻ എഴുന്നേറ്റു പോകും. പിന്നെ എന്തെങ്കിലും കൈപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നതു കാണാം.
ചില ദിവസങ്ങളിൽ അയാൾ ലൈബ്രറിയിൽ കയറിയാൽ പിന്നെ അവിടെത്തന്നെ ഇരുന്നുപോകും. പ്രഫസ്സറോ ഹെലനോ ശല്യപ്പെടുത്തില്ല. പുസ്‌തകങ്ങളൊന്നും അയാൾ മുറിയിലേക്കു കൊണ്ടുപോകാറില്ലായിരുന്നു. വേണ്ടത് അവിടെയിരുന്ന് വായിച്ചുതീർക്കും. നാനാതരം വിഷയങ്ങളെ സംബന്ധിക്കുന്ന പുസ്‌തകങ്ങളുളള ആ ലൈബ്രറി ഒരു ഖനി തന്നെയായിരുന്നു അയാൾക്ക്. കുറെനാളുകളായി നിന്നുപോയിരുന്ന അയാളുടെ വായന അങ്ങനെ പുനരാരംഭിക്കാനായി.
ഒരു ദിവസം കൃഷ്‌ണൻ ചെല്ലുമ്പോൾ ഹെലൻ മുഖം വീർപ്പിച്ചിരിക്കുന്നതാണ് കണ്ടത്. കാരണം നിസ്സാരം-ടൗണിൽ ഏതോ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാൻ പ്രഫസ്സർ അവളെ കൊണ്ടുപോകുന്നില്ല. അദ്ദേഹത്തിന് അത്യാവശ്യമായി എന്തോ കാര്യം ചെയ്‌തു തീർക്കണമായിരുന്നു. താൻ കൊണ്ടുപോകാം എന്ന് കൃഷ്‌ണൻ പറഞ്ഞപ്പോൾ ഹെലന്റെ മുഖം തെളിഞ്ഞു. പ്രഫസ്സറും എതിർത്തില്ല; ഇരുട്ടുന്നതിനു മുമ്പ് തിരിച്ചെത്തണം എന്ന വ്യവസ്‌ഥയിൽ അദ്ദേഹം അവരെ പറഞ്ഞുവിട്ടു.
ഘോഷയാത്ര കഴിഞ്ഞപ്പോൾ അവർ പാർക്കിൽപോയി കുറച്ചുനേരമിരുന്നു. ഹെലൻ ആദ്യമായിട്ടല്ലേ തന്റെ കൂടെ വരുന്നതെന്നോർത്ത് ഒരു സ്‌റ്റേഷനറിക്കടയിൽ കയറി ഹെലനോട് ഇഷ്‌ടമുളളത് തിരഞ്ഞെടുത്തോളാൻ കൃഷ്‌ണൻ പറഞ്ഞു. അവളൊന്നും എടുക്കാൻ കൂട്ടാക്കിയില്ല. അവസാനം നിർബന്ധത്തിനുവഴങ്ങി ഒരു വെളുത്ത വള മാത്രമെടുത്തു.
ആ പതിവ് തുടർന്നു. സമയം കിട്ടുമ്പോഴൊക്കെ ഹെലനെയും കൂട്ടി അയാൾ പാർക്കിൽപോയി ഇരിക്കും. പിന്നെ കുറച്ചുനേരം പാർക്കിന്റെ മൂലയിലുളള ഐസ്‌ക്രീം പാർലറിൽ. അവൾ പറയുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ കേട്ടിരിക്കുക ആസ്വാദ്യകരമായിരുന്നു അയാൾക്ക്.
കഴിഞ്ഞ സംഭവങ്ങളുടെ ചീളുകൾ ചിലപ്പോഴെങ്കിലും കൃഷ്‌ണന്റെ മനസ്സിൽ കടന്നുചെന്ന് മുറിവേൽപ്പിക്കുന്നു. അവ കഴിവതും ഒഴിവാക്കാൻ കോളേജിലൂടെ വളരെ ശ്രദ്ധിച്ചാണ് അയാൾ നടന്നത്. അശ്വതിയുടെ മാർഗ്ഗത്തിലെവിടെയെങ്കിലും കടന്നു ചെല്ലാതിരിക്കാൻ കാമ്പസിന്റെ ചില ഭാഗങ്ങളിലേക്ക് പോകാതെവരെ കൃഷ്‌ണൻ സൂക്ഷിച്ചു. കോളേജിപ്പോൾ ക്ലാസ്സ് അറ്റന്റ് ചെയ്യാൻ മാത്രമുളള ഒരു സ്‌ഥലമായി മാറിയിരിക്കുകയാണ് അയാൾക്ക്. ടൗണിലായതുകൊണ്ട് ഏതുസമയത്തും വണ്ടികിട്ടാൻ ബുദ്ധിമുട്ടില്ല. ഏതാണ്ടു കൃത്യസമയത്തു മാത്രമേ അയാൾ ക്ലാസ്സിലെത്തുകയുളളൂ. മൂന്നരയ്‌ക്കു ക്ലാസ്സുകഴിഞ്ഞാൽ വേഗം മടങ്ങും. ജോലിയുളള ദിവസമാണെങ്കിൽ നാലുമണിക്ക് ‘ശക്‌തി’യിലെത്തണം. മുറിയിൽ ചെന്ന്, ഊണുകഴിച്ചെന്നു വരുത്തി അങ്ങോട്ടുതിരിക്കും.
ആഗ്നസിനെ കാണുമ്പോൾ പലപ്പോഴും ഒഴിഞ്ഞു മാറിയിട്ടുണ്ട് അയാൾ. ക്ലാസ്സിൽ അയാളെ അന്വേഷിച്ച് ഇതുവരെ എത്തിയിട്ടുമില്ല. ഒരു പക്ഷേ ആ ചോദ്യം തന്നെ കൂടുതൽ പ്രശ്‌നങ്ങളിലേക്കു വലിച്ചിഴച്ചിരിക്കുമോയെന്ന് അവൾ ഊഹിച്ചുകാണും. കൃഷ്‌ണൻ വിചാരിച്ചു. അതിപ്പോഴും അയാളുടെ മനസ്സിൽ കിടന്ന് കറങ്ങിത്തിരിയുകയാണ്. ഇതുവരെ അതിന്റെ ഉത്തരം എന്തായിരിക്കുമെന്നുപോലും അയാൾ ആലോചിച്ചിട്ടില്ല. പക്ഷേ, ഒരു കാര്യം അയാൾക്ക് മനസ്സിലായിവരുന്നു. ഈ സ്വച്ഛന്ദത ഭീകരമാണ്. എന്തെങ്കിലും രണ്ടുവാക്കു പറയാനാവാതെ, സ്വന്തമെന്നു പറയാൻ ആരുമില്ലാതെ ഏകനായി….
ആദ്യശമ്പളം കിട്ടിയ ശേഷമാണ് കൃഷ്‌ണൻ വീട്ടിൽ പോയത്. അത് അഞ്ഞൂറുരൂപയുടെ അടുത്ത് ഉണ്ടായിരുന്നു. പ്രഫസ്സറുടെ അടുത്ത് കടം വീട്ടാനെത്തിയപ്പോൾ അതു തികയില്ലെന്നായി അദ്ദേഹം. ‘ഇതു കൃഷ്‌ണന്റെ കൈയിൽ തന്നെ ഇരിക്കട്ടെ; തന്റെ നല്ല മനസ്സു മാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുളളൂ’ എന്ന് പറഞ്ഞ് അദ്ദേഹം അയാളെ തിരിച്ചയച്ചു. ആ വാക്കുകൾക്കെതിരായി ഒന്നും പറയാനുണ്ടായില്ല അയാൾക്ക്. തന്റെ കഷ്‌ടസ്ഥിതി അദ്ദേഹത്തിനു മാത്രമേ അറിയുകയുളളൂ- കൃഷ്‌ണൻ ഓർത്തു.
വീട്ടിലേക്കെന്ത് വാങ്ങിക്കൊണ്ടു പോകണമെന്ന് കൃഷ്‌ണൻ കുറെ ആലോചിച്ചു. അവസാനം അമ്മയ്‌ക്കൊരു കസവുനേര്യതും ഏട്ടനൊരു ഹീറോപ്പെന്നും വാങ്ങി. ഒരു പഴയ പേനയാണ് ഏട്ടനുപയോഗിക്കുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നതാണെന്നു തോന്നുന്നു. പേന ലീക്ക് ചെയ്‌ത് കൈവിരലുകൾ എപ്പോഴും വൃത്തികേടായിരിക്കുന്നതു കാണാം.
കൈയിലിരിക്കുന്ന നോട്ടുകൾക്ക് ഭാരക്കൂടുതലുളളതായി അയാൾക്കനുഭവപ്പെട്ടു. അതെടുത്തു ചിലവാക്കുമ്പോൾ വിയർപ്പിന്റെ വിലയാണെന്ന ഓർമ്മയും.
Generated from archived content: salabham_15.html Author: narendran