അദ്ധ്യായം പതിന്നാല്‌

പിറ്റെ ദിവസം കോളേജിൽ ഇറങ്ങാതെ നേരെ ടൗണിലേക്കാണ്‌ കൃഷ്‌ണൻ പോയത്‌. ക്ലാസുപേക്ഷിച്ച്‌, ഒരു ദിവസം മുഴുവൻ ഓടിനടന്നു കാര്യങ്ങൾ ശരിയാക്കിയാലേ എല്ലാം തീരുകയുളളൂ.

ടൗണിലെത്തി ‘ശക്തി പ്രഷർ വെസ്സൽസ്‌ ’ കണ്ടുപിടിച്ചു. കുറച്ചകലെ വച്ചുതന്നെ ഉരുക്കും ഉരുക്കും തമ്മിൽ ഉരയുന്ന ശബ്‌ദം കേട്ടു തുടങ്ങി. കൂറ്റൻ ഇരുമ്പുവാതിൽ കടന്ന്‌ ഉളളിൽ മാനേജരുടെ മുറിയിലെത്തി കൃഷ്‌ണൻ. പ്രായം ചെന്ന ആളാണ്‌ അദേഹം.

“ഇരിക്കൂ.” കയറിച്ചെന്ന ഉടനെ അദേഹം പറഞ്ഞു.

“എന്റെ പേര്‌ കൃഷ്‌ണകുമാർ. ഒരു ജോലിക്കാര്യത്തിനുവേണ്ടി വന്നതാണ്‌”, അദ്ദേഹം ആഗമനോദ്ദേശം ആരാഞ്ഞപ്പോൾ കൃഷ്‌ണൻ പറഞ്ഞു. പിന്നെ പ്രഫസ്സർ ഡാനിയേലിന്റെ കത്തു കൊടുത്തു.

“പ്രഫസ്സർ പറഞ്ഞിരുന്നു.” കത്തിൽ കണ്ണോടിച്ചുകൊണ്ട്‌ മാനേജർ സംസാരം തുടർന്നു, കൃഷ്‌ണകുമാറിന്‌ എന്നുമുതൽ വേണമെങ്കിലും ജോലിക്കു ചേരാം. പിന്നെ എന്നോട്‌ കുറെ കാര്യങ്ങൾ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്‌. അതനുസരിച്ചേ നിങ്ങൾക്കിവിടെ ജോലി ചെയ്യാനൊക്കൂ.“

”എന്താണ്‌ സർ?“

”ഇവിടെ പ്രതിഫലം കൊടുക്കുന്നത്‌ പീസ്‌റേറ്റ്‌ അനുസരിച്ചാണ്‌. അതായത്‌ ജോലിക്കനുസരിച്ച്‌ കൂലി. പാർട്ട്‌ടൈം വെൽഡർമാർക്ക്‌ വൈകുന്നേരം നാലുമണി മുതൽ രാത്രി പന്ത്രണ്ടുമണി വരെ ജോലി ചെയ്യാം. ഒന്നിടവിട്ടുളള ദിവസങ്ങളിൽ ജോലിചെയ്യാൻ അനുവദിച്ചാൽ മതിയെന്നാണ്‌ പ്രഫസ്സർ നിർദ്ദേശിച്ചിരിക്കുന്നത്‌. എന്നാലും അഞ്ഞൂറുരൂപയോളം വലിയ പ്രയാസ്സമൊന്നുമില്ലാതെ ഉണ്ടാക്കാം. ഇവിടെ ധാരാളം പണിയുണ്ട്‌.“

പ്രഫസ്സർ ഡാനിയേൽ തന്റെ വളരെ ചെറിയ കാര്യങ്ങളിൽപ്പോലും ശ്രദ്ധ ചെലുത്തിയിരിക്കുന്നു- കൃഷ്‌ണൻ ചിന്തിച്ചു. ജോലി കഴിഞ്ഞു ചെന്നതിനുശേഷമുളള പഠിത്തമൊന്നും ശരിയാകില്ലെന്ന്‌ അദ്ദേഹം കരുതിയിരിക്കും.

”അപ്പോൾ കൃഷ്‌ണൻ എന്നു ജോയിൻ ചെയ്യാൻ തീരുമാനിച്ചു?“

”നാളെ മുതൽ തന്നെ വന്നു തുടങ്ങാം സർ. പക്ഷേ, ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ എനിക്ക്‌ ട്രെയിനിങ്ങ്‌ അനുവദിക്കണം. ഐ.ടി.ഐ.യിൽ നിന്ന്‌ പോന്നശേഷം എങ്ങും പോയിട്ടില്ല. രണ്ടു മൂന്നു വർഷമായി ഇലക്‌ട്രോഡ്‌ ഹോൾഡർ കൈയിലെടുത്തിട്ട്‌.“

”ഓവർഹെഡും ഇൻക്ലൈന്റുമൊന്നും കൃഷ്‌ണകുമാർ ചെയ്യേണ്ടിവരില്ല. അതിന്‌ ഇവിടെ പരിചയം സിദ്ധിച്ചവരുണ്ട്‌. അവർക്ക്‌ കൂടിയ കൂലിയാണ്‌. കൃഷ്‌ണകുമാർ സാധാരണ ഹൊറിസോണ്ടർ വെൽഡിങ്ങ്‌ ചെയ്‌താൽ മതി.“

”വളരെ ഉപകാരം സർ.“

പുറത്തിറങ്ങിയപ്പോൾ കൃഷ്‌ണൻ കാവൽക്കാരനോട്‌ മാനേജരുടെ പേര്‌ ചോദിച്ചറിഞ്ഞു – ആന്റണി.

ഉച്ചയ്‌ക്കുശേഷം കൃഷ്‌ണൻ പ്രഫസ്സർ പറഞ്ഞ വാടകവീടുതേടി പുറപ്പെട്ടു. അവസാനം ഉടമസ്‌ഥന്റെ വീട്ടിൽ ചെന്നെത്തി. വീട്‌ കണ്ടാൽക്കൊളളാമെന്ന്‌ അയാൾ പറഞ്ഞപ്പോൾ ഒരു സ്‌ത്രീയാണ്‌ കൂടെ ചെന്നത്‌. അവർ മുറിയുടെ ഉളളാകെ അടിച്ചുവാരി. സാമാന്യം വലിയ ഒരു മുറി. അതിൽ ചെറിയ ഒരു മേശയും ഒരു സ്‌റ്റൂളുമുണ്ട്‌. ഫർണിച്ചറായി അവ മാത്രം. പിന്നെ മുറിയുടെ തുടർച്ചയെന്നോണം കുറച്ചുമാറി ഒരാൾക്കു നിന്നുതിരിയാൻ മാത്രം പറ്റുന്ന അടുക്കളയും.

അവർ അഡ്വാൻസിന്റെയോ വാടകയുടെയോ കാര്യമൊന്നും കൃഷ്‌ണനോട്‌ പറഞ്ഞില്ല. ഒരുപക്ഷേ പ്രഫസ്സർ ഡാനിയേൽ എല്ലാം പറഞ്ഞ്‌ ശരിയാക്കിയിരിക്കും. ആ സ്‌ത്രീ മുറിയുടെ താക്കോൽ കൃഷ്‌ണനെ ഏല്പിച്ചിട്ട്‌ തിരിച്ചുപോയി.

എന്തൊക്കെ വാങ്ങണമെന്ന്‌ ആലോചിച്ച്‌ കൃഷ്‌ണൻ സ്‌റ്റൂളിൽ കുറെനേരം ഇരുന്നു.

അയാൾ ടൗണിലേക്കു തിരിക്കുമ്പോൾ അവയെപ്പറ്റി മനസ്സിൽ ചെറിയൊരു രൂപമുണ്ടായിരുന്നു. ഒരു സ്‌റ്റൗ, കുറെ പാത്രങ്ങൾ, വില കുറഞ്ഞ ഒരു കിടക്ക, വിരിപ്പ്‌. അവയൊക്കെ ആയാൽ തല്‌ക്കാലം താമസം തുടങ്ങാമെന്നു തോന്നി അയാൾക്ക്‌. പല വ്യജ്ഞനവും മറ്റും എന്തൊക്കെ വേണമെന്ന്‌ വീട്ടിൽ ചെന്ന്‌ അമ്മയോട്‌ ആലോചിച്ചിട്ടാവാം.

സാധനങ്ങളെല്ലാം വാങ്ങി ഒരോട്ടോയിൽ പുതിയ മുറിയിലേക്കു കൊണ്ടുവന്നു. ചുറ്റുമുളള മറ്റു വാടകക്കാർ പുതിയ അന്തേവാസി ആരെന്ന്‌ ജനാലകളിലൂടെ നോക്കുന്നത്‌ കൃഷ്‌ണൻ കണ്ടു. എല്ലാം അടുക്കിപ്പെറുക്കി വച്ച്‌ ബാക്കിയുളള പണം എണ്ണി നോക്കി. പ്രഫസ്സറിൽ നിന്ന്‌ കിട്ടിയതിൽ നല്ലൊരു ഭാഗം തീർന്നിരിക്കുന്നു. അദ്ദേഹം സഹായിച്ചില്ലായിരുന്നെങ്കിൽ ? തന്റെ പരിപാടികൾ പൊളിയുമായിരുന്നെന്നു തീർച്ച – കൃഷ്‌ണൻ ഓർത്തു.

ഇനി വീട്ടിൽ പോകണം. നാളെ മുതൽ സ്‌ഥിരം അന്തേവാസിയാകാം. പോകുന്ന വഴി കൃഷ്‌ണൻ പ്രഫസ്സറുടെ വീട്ടിൽ കയറി എല്ലാം ശരിയായി എന്നറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ”കാരി ഓൺ മൈ ബോയ്‌, യു വോൺട്‌ ബി ഡിഫീറ്റഡ്‌.“

കവലയിൽ വണ്ടിയിറങ്ങുമ്പോൾ തന്നെ ഇരുട്ടിയിരുന്നു. കണ്ണു കെട്ടിയാൽപോലും പാടത്തു കൂടി പോകാൻ കൃഷ്‌ണനാവും. അയാൾ മുറ്റത്തെത്തിയപ്പോൾ വരാന്തയിൽ പ്രായം ചെന്ന ഒരാളുടെ സംസാരംകേട്ടു. ഇനി അമ്മാവനെങ്ങാനും? വരാൻ വളരെ സാധ്യതയുണ്ട്‌. ഒന്നും മിണ്ടാതെയല്ലേ അങ്ങോട്ടു ചെല്ലാതിരിക്കുന്നത്‌ – കൃഷ്‌ണൻ കണക്കു കൂട്ടി.

മിടിക്കുന്ന ഹൃദയത്തോടെയാണ്‌ അയാൾ കയറിച്ചെന്നത്‌. ഊഹങ്ങളൊന്നും തെറ്റിയിട്ടില്ല.

”കൃഷ്‌ണാ, അതൊക്കെ ഊരിയിട്ടിട്ടു വരൂ. നിന്നോട്‌ കുറെ കാര്യങ്ങൾ പറയാനുണ്ട്‌ എനിക്ക്‌“, അയാളെ കണ്ടയുടനെ അമ്മാവൻ പറഞ്ഞു.

അമ്മയും ഏട്ടനും ഒന്നുമുരിയാടാതെ ഇരിക്കുകയാണ്‌.

കൈയും മുഖവും കഴുകി തുടച്ചു. വീണ്ടും ഇറയത്തേക്കുചെന്ന്‌ കൃഷ്‌ണൻ അമ്മാവന്റെ മുമ്പിൽ നിന്നു.

”നീയെന്താ കുന്തക്കോല്‌ പോലെ നിക്കണെ. അവിടെ ഇരിക്കൂ“

അയാൾ തിണ്ണയിൽ ഇരുന്നു.

കുറെനേരം അവിടെ മൗനം തളംകെട്ടിനിന്നു. അവസാനം അമ്മാവൻ തന്നെ അത്‌ ഭജ്ഞിച്ചു, ”എന്താ, കൃഷ്‌ണൻ കുട്ട്യേ ഇതിന്റെയൊക്കെ അർത്‌ഥം? നിനക്ക്‌ ഒരു വാക്കു പറഞ്ഞിട്ട്‌ പോരാരുന്നല്ലോ.“

ഒന്നും മിണ്ടിയില്ല. എന്തു മിണ്ടാനാണ്‌ അയാൾ?

”കാർത്തു എല്ലാ വിവരോ പറഞ്ഞു. നിന്നെ പെരിഞ്ചേരിയിലേക്ക്‌ കൊണ്ടുപോയത്‌ അശ്വതിയല്ലലോ, ഞാനല്ലേ. അവൾ പറഞ്ഞത്‌ തെറ്റ്‌. പക്ഷേ, ക്ഷതം ഏല്പിക്കാൻ കത്തിക്കല്ലാതെ ഈർക്കിൽത്തുമ്പിനു പറ്റ്വോ കൃഷ്‌ണൻ കുട്ട്യേ?“

”ചൂലുകൊണ്ട്‌ അടിയേൽക്കുന്നത്‌ ആണുങ്ങൾക്ക്‌ കൊളളില്ല അമ്മാവാ.“ താനെങ്ങനെയാണത്‌ പറഞ്ഞത്‌. ഒരു നിമിഷം വികാരധീനനായിപ്പോവുകയായിരുന്നു – കൃഷ്‌ണൻ സമനില പെട്ടന്ന്‌ വീണ്ടെടുത്തു.

അമ്മാവൻ അസ്‌തപ്രജ്ഞനായി ഇരിക്കുന്നത്‌ അയാൾ കണ്ടു. അമ്മ കരയുകയാണ്‌.

”കൃഷ്‌ണൻ കുട്ട്യേ, നിയെന്നെ പറഞ്ഞ്‌ തോൽപ്പിച്ചു കളഞ്ഞു. എനിക്കിനി ഒന്നൂല്ല പറയാൻ. ആ പടി നീയെപ്പൊ വന്നാലും തുറന്നു കിടക്കും, ഈ കണ്ണടയോളം.“

അമ്മാവനതു പറയുമ്പോൾ തൊണ്ട ഇടറിയോ?

”എനിക്ക്‌ ടൗണിലൊരു ചെറിയ ജോലി കിട്ടി അമ്മാവാ. അടുത്തു തന്നെ ഒരു വാടകമുറിയും. പഠിത്തം തീരുവോളം അവിടെ താമസിക്കാന്നാ വിചാരിക്കണെ.“

”ങ്‌ഹാ, നീയായി, നിന്റെ പാടായി. കൈവിറയ്‌ക്കുമ്പോൾ ഒരു താങ്ങിന്‌ അന്യനേ ഉണ്ടാവൂ ഇനി. അതില്ലാതിരിക്കാനാ ഞാനീ പാടൊക്കെപ്പെട്ടെ.“

അമ്മാവൻ ചാരുകസേരയിൽ നിന്നെഴുന്നേറ്റ്‌ ഇരുളിലേക്കിറങ്ങി.

മുറുക്കിത്തുപ്പിക്കൊണ്ട്‌ വായ കഴുകാൻ വെളളം ചോദിച്ചു. അമ്മ എഴുക്കേൽക്കുമ്പോൾ അയാളോടു പറഞ്ഞു, ”കാർന്നോമ്മാരെ ധിക്കരിക്കലാണ്‌ ഇതൊക്കെ.“

അങ്ങനെയോരോന്ന്‌ കേട്ടുകൊണ്ട്‌ അധികസമയമ അവിടെ നില്‌ക്കാൻ കൃഷ്‌ണന്‌ കഴിയുന്നില്ല. അകത്തു ചെന്ന്‌ ലൈറ്റണച്ച്‌ അയാൾ കിടന്നു. അമ്മ വന്നു വിളിക്കുമ്പോൾ താൻ ഒരു മയക്കത്തിലായിരുന്നതു പോലെ തോന്നി അയാൾക്ക്‌.

”നീ വരുന്നില്ലെങ്കിൽ അമ്മാവനും ഊണുകഴിക്കണില്ലാന്നാ പറയണെ.“

ഊണു മേശയ്‌ക്കരികിൽ ഒന്നുംമിണ്ടാതെ അമ്മാവനും ഏട്ടനും ഇരിക്കുന്നു. ഇതെല്ലാം താൻ മൂലമാണല്ലോ എന്ന വിചാരം ഉണ്ടായപ്പോൾ തീരെ ദുഃഖിതനായി അയാൾ. അയാളെ കണ്ടപ്പോൾ അമ്മാവൻ പറഞ്ഞു, ”നിന്റെ ഉന്മേഷമൊക്കെ എവിടെപ്പോയി കുട്ട്യേ?

ഞാൻ പറഞ്ഞതൊന്നും നീ കൂട്ടാക്കണ്ട. നല്ലതു വരണോന്നേ ഈ മനസ്സില്‌ എപ്പോഴും ഉളളൂ.“

പിന്നെ അമ്മാവൻ സംസാരിക്കുമ്പോൾ ബോധപൂർവ്വം ആ കാര്യങ്ങളെയൊന്നും സ്‌പർശിക്കാതിരിക്കുന്നത്‌ കൃഷ്‌ണൻ ശ്രദ്ധിച്ചു.

രാവിലെ അയാൾ ഉണരുമ്പോൾ അമ്മാവൻ പോയിക്കഴിഞ്ഞിരുന്നു. ടൗണിലേക്കു തിരിക്കാൻ അത്ര ധൃതി പിടിച്ചില്ല. ഇന്നും കോളേജിൽ പോകേണ്ടന്നു വയ്‌ക്കാം. എല്ലാം ഒന്ന്‌ ഒതുക്കിയാൽ പിന്നെ ക്ലാസ്‌ സമയത്തിനിടയ്‌ക്ക്‌ അങ്ങോട്ടുമിങ്ങോട്ടും ഓണേണ്ടല്ലോ- അയാൾ ചിന്തിച്ചു.

പോകുന്നതിന്‌ മുമ്പ്‌ അടുക്കളയിലേക്കു വേണ്ട അത്യാവശ്യം പലവ്യജ്ഞനങ്ങൾ എല്ലാം കൃഷ്‌ണൻ അമ്മയോടു ചോദിച്ചറിഞ്ഞു. പൊടിയായി കിട്ടുന്നതെല്ലാം അങ്ങനെ വാങ്ങാനാണ്‌ അമ്മ പറഞ്ഞത്‌. പിന്നെ പെട്ടെന്ന്‌ ഉണ്ടാക്കാവുന്ന രണ്ടുമൂന്ന്‌ കറികളും പറഞ്ഞുകൊടുത്തു.

മുറ്റത്തേക്കിറങ്ങുമ്പോൾ പറമ്പിന്റെ കിഴക്കേ മൂലയിലേക്ക്‌ അയാളുടെ കണ്ണുകൾ കറങ്ങിത്തിരിഞ്ഞുചെന്നു അന്നും.

സാധനങ്ങളൊക്കെ വാങ്ങിക്കൊണ്ടാണ്‌ കൃഷ്‌ണൻ മുറിയിലേക്ക്‌ ചെന്നത്‌. ഉച്ചഭക്ഷണം തന്നെ പാകപ്പെടുത്തി ഒരു പരീക്ഷണം നടത്തിക്കളയാമെന്ന്‌ അയാൾ തീരുമാനിച്ചു.

അരി കഴുകി വെളളം കളയാൻ പുറത്തിറങ്ങിയപ്പോൾ ചെറിയ ചമ്മൽ തോന്നി അയാൾക്ക്‌. ആളുകൾ കാണുന്നുണ്ടാവില്ലേ. പിന്നെ എങ്ങും നോക്കാതെ എല്ലാം കഴിച്ച്‌ വേഗം അകത്തേക്കു പോന്നു കൃഷ്‌ണൻ.

അരി തിളച്ചുകൊണ്ടിരിക്കുമ്പോൾ തക്കാളിയും വെണ്ടയ്‌ക്കയും സവാളയുമെല്ലാം അരിഞ്ഞെടുത്തു.

ചോറ്‌ വാർത്തുവയ്‌ക്കാനാണ്‌ കൃഷ്‌ണൻ ഏറെ പണിപ്പെട്ടത്‌. തിളച്ച വെളളം വീണ്‌ കൈ കുറച്ചിട പൊളളി.

പിന്നെ കറിവയ്‌ക്കാനുളള തയ്യാറെടുപ്പായി. എണ്ണയൊഴിച്ച്‌ സവാള മൂപ്പിച്ചു. പൊടികളും വെണ്ടയ്‌ക്കയും തക്കാളിയും അതിനുശേഷമിട്ടു, അമ്മ പറഞ്ഞ അത്രയും വെളളവും ഒഴിച്ച്‌ ഉപ്പും ചേർത്തു. വെളളം തിളച്ച്‌ കുറെ കഴിഞ്ഞപ്പോൾ താൻ ഇതുവരെ കഴിച്ചിട്ടില്ലാത്ത ആ കറി അയാൾ വാങ്ങിവച്ചു.

ഊണു കഴിക്കുമ്പോൾ വലിയ രുചിയൊന്നും തോന്നിയില്ല. എല്ലാത്തിലും വലുത്‌ ആത്മസംതൃപ്‌തിയായിരുന്നു.

ഊണുകഴിഞ്ഞ്‌ അയാൾ വിശ്രമിക്കുമ്പോഴാണ്‌ നാളെ കോളേജിൽ പോകേണ്ട കാര്യമോർത്തത്‌. പുസ്‌തകങ്ങളൊന്നും പെരിഞ്ചേരിയിൽ നിന്ന്‌ എടുത്തിട്ടില്ല.

അവിടെപ്പോയി എല്ലാം എടുത്ത്‌ തിരിച്ചു പോരുന്നത്‌ വിഷമകരമാണ്‌. എത്ര പേരെയാണ്‌ അഭിമൂഖീകരിക്കേണ്ടി വരിക. പിന്നെ ചോദ്യശരങ്ങൾക്കുളള മറുപടി. മനസ്സും ശരീരവും ഒരു യുദ്ധ സന്നാഹം തന്നെ എടുക്കണം അങ്ങോട്ടു പോകുന്നതിനുമുമ്പ്‌. എല്ലാം നേരിടാം. പക്ഷേ, അമ്മാവന്റെ മുഖം. അതോർക്കുമ്പോഴാണ്‌ അയാൾക്ക്‌ വിഷമം.

ഓട്ടോറിക്ഷ വിളിച്ചാണ്‌ കൃഷ്‌ണൻ പെരിഞ്ചേരിയിലേക്കു പോയത്‌. ട്രങ്കും തൂക്കി കവലയിലൂടെ വരാൻ പറ്റില്ല; നാട്ടുകാർ, നാരായണൻ നായരുടെ ചായക്കട. എല്ലാം മുളളുവേലികൾ പോലെ ഇപ്പോൾ അയാളുടെ മുമ്പിൽ നില്‌ക്കുന്നു.

അമ്മാവൻ ഉമ്മറത്തു തന്നെയുണ്ട്‌. കൂടെ രാമൻ കുട്ടിയും. എന്തു പറഞ്ഞു തുടങ്ങണമെന്നറിയാതെ കുറച്ചു നേരം കൃഷ്‌ണൻ പരുങ്ങി നിന്നു.

”സാധനങ്ങളൊക്കെ എടുക്കാനായിരിക്കും, അല്ലേ?“ അമ്മാവൻ അയാളോടു ചോദിച്ചു.

”അതെ.“

”എന്നാൽ വൈകിക്കണ്ട.“

അയാൾ നേരെ ഔട്ട്‌ഹൗസിലേക്കു നടന്നു. രാമൻകുട്ടിയും പിറകെ ചെന്നു.

”അപ്പൊ, പോകാൻ തന്നെ തീരുമാനിച്ചു?“ രാമൻകുട്ടിയാണ്‌.

”കാര്യങ്ങളൊന്നും പറയേണ്ട ആവശ്യമില്ലല്ലോ. എല്ലാം അറിഞ്ഞില്ലേ?“

”ഉവ്വ്‌. കുട്ടിയുടെ സ്‌ഥാനത്ത്‌ ഞാനാണെങ്കിലും ഇവിടെ നില്‌ക്കില്ല. എല്ലാം അവരുടെ പണിയാ.“ രാമൻ കുട്ടി അമ്മായിയെയാണ്‌ ഉദ്ദേശിക്കുന്നത്‌.

”മൈസൂര്‌ പഠിക്കുന്ന ആ ചെക്കൻ വരുന്നുണ്ട്‌, വിനയൻ. അതിനുമുമ്പ്‌ കുളം ആകെയൊന്ന്‌ കലക്കി മീൻപിടിക്കാനാണവരുടെ ശ്രമം. ഏതാണ്ടൊക്കെ ശരിയാവ്വേം ചെയ്‌തു. ആ പെങ്കൊച്ച്‌ പാവാ. പക്ഷേ, അവരുടെ താളത്തിനൊത്ത്‌ തുളളാനുളള വിവരേളളൂന്ന്‌ മാത്രം. അല്ലെങ്കിൽ നിസ്സാരപ്രശ്‌നങ്ങൾക്ക്‌ ഇങ്ങനെണ്ടാവ്വോ ഒരു മെന?“

എന്നാലും?

സാധനങ്ങളെല്ലാം എടുത്ത്‌ വീണ്ടും പെരിഞ്ചേരിയിലെത്തി. ഉമ്മറത്തേക്കു കയറാൻ അയാൾക്കു തോന്നിയില്ല.

”ചായ കുടിച്ചിട്ടു പോകാം കൃഷ്‌ണൻകുട്ട്യേ“

”ഇപ്പൊ വേണ്ടമ്മാവാ. ഞാൻ പോണു. വണ്ടിക്കാരൻ കാത്തു നില്‌ക്കുകയാണ്‌.“

”എന്നാ അങ്ങനെ ആയ്‌ക്കോട്ടെ.“ അമ്മാവൻ ഇരിപ്പിടത്തിൽ നിന്നും അനങ്ങിയിട്ടില്ല ഇതുവരെ.

ഓട്ടോറിക്ഷ കവലയിലെത്തി മെയിൻ റോഡിലേക്കു കടക്കുമ്പോൾ അയാൾ ആ കാഴ്‌ച കണ്ടു – അശ്വതി റോഡ്‌ മുറിച്ചു കടക്കുന്നു. വണ്ടിയുടെ മുരൾച്ചകേട്ട്‌ അവൾ പാളിനോക്കി. അയാളെ മനസ്സിലായിട്ടാണെന്നു തോന്നുന്നു പെട്ടന്ന്‌ മുഖം തിരിച്ച്‌ അവൾ നടന്നുപോയി.

Generated from archived content: salabham_14.html Author: narendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here