അദ്ധ്യായം പതിമൂന്ന്‌

രാവിലെ കുളക്കരയിലെത്തിയപ്പോൾ എന്തു തീരുമാനങ്ങളെടുക്കണമെന്നാലോചിച്ച്‌ കൃഷ്‌ണൻ കുറെനേരം കല്പടവിൽ ഇരുന്നുപോയി. മനസ്സിനകത്ത്‌ പലവിധ വിചാരങ്ങളുടെ കെട്ടുമറിച്ചിലാണ്‌. എന്നാൽ ഒന്നും പൊരുതി നേടുന്നുമില്ല. ഒരു ഇളകിയ കൽക്കഷണമെടുത്ത്‌ അയാൾ നിശ്ചലമായ ജലപ്പരപ്പിലേക്കിട്ടു. ആമ്പൽത്തണ്ടുകളും മൊട്ടുകളും ചിറ്റോളത്തിൽ പെട്ടുലഞ്ഞു. ആമ്പലിന്റെ വിശാലമായ ഇലയിൽ സുഷുപ്‌തിയിലാണ്ടിരുന്ന തവളകൾ ശബ്‌ദമുണ്ടാക്കിക്കൊണ്ട്‌ കരയിലേക്കോടിക്കയറി.

പെരിഞ്ചേരിയിൽ ഇനിയും നില്‌ക്കുകയെന്നത്‌ ആത്മാഭിമാനമുളളവർക്ക്‌ പറ്റാത്ത കാര്യമാണ്‌. അമ്മാവനോ അമ്മായിയോ ആയിരുന്നെങ്കിൽ സഹിക്കാമായിരുന്നു. പക്ഷേ, അശ്വതി… അവൾ കൊച്ചു കുട്ടിയൊന്നുമല്ല. കാര്യങ്ങൾ ശരിക്ക്‌ കൈകാര്യം ചെയ്യാനാവശ്യമായ പ്രായവും ലോകപരിചയവും അവൾക്കിന്നുണ്ട്‌. കൃഷ്‌ണൻ ചിന്തിക്കുകയാണ്‌.

അമ്മാവന്റെ മുഖത്തു നോക്കി ഇറങ്ങിപ്പോരാനാണ്‌ ബുദ്ധിമുട്ട്‌. അമ്മായിക്ക്‌ ഉളളാലെ സന്തോഷമേ കാണൂ. ഒരുപക്ഷേ, അശ്വതി അമ്മായിയുടെ ഉപദേശങ്ങൾക്ക്‌ അടിപ്പെട്ടുപോയതാകാനും മതി. അവയുടെ കൂടെ സംശയജനകങ്ങളായ സാഹചര്യങ്ങൾ കോളേജിലുണ്ടായപ്പോൾ പിന്നെ അടിതെറ്റാൻ വേറൊന്നും വേണ്ട. എന്തൊക്കെയായാലും അശ്വതി അങ്ങനെ സംസാരിക്കരുതായിരുന്നു.

കുറച്ചു ദിവസം വീട്ടിൽ നിന്നുപോയി വരാമെന്നു തന്നെ കൃഷ്‌ണൻ തീരുമാനിച്ചു. പ്രഫസ്സർ ഡാനിയേലിനോട്‌ എല്ലാ വിവരങ്ങളും പറയണം. കുറെ കാര്യങ്ങളൊക്കെ അയാളുടെ മനസ്സിലുണ്ട്‌; പാർട്ട്‌ ടൈം ആയി ഒരു ജോലി, ആ വരുമാനം കൊണ്ട്‌ ഒരു മുറിയെടുത്ത്‌ ടൗണിലെവിടെയെങ്കിലും താമസിക്കുക. പ്രഫസ്സർ ഡാനിയേൽ വിചാരിച്ചാൽ അതൊന്നും സാധിച്ചു കൂടെന്നില്ല.

പെരിഞ്ചേരിയിലേക്ക്‌ കുറച്ചു ദിവസം കഴിഞ്ഞു ചെന്നാലേ ശരിയാവുകയുളളൂ. അമ്മാവനെ നേരിടാനുളള മനക്കരുത്‌ നേടിയിട്ടുമാത്രം. അയാൾ ചിന്തിച്ചു.

കുളത്തിലിറങ്ങി പായൽത്തുണ്ടുകൾ തളളിമാറ്റി മുങ്ങിനിവർന്നപ്പോൾ കൃഷ്‌ണനു കുളിരു തോന്നി.

അന്ന്‌ ഒരവർ വൈകിയാണ്‌ കോളേജിലെത്തിയത്‌. മോശമായ വഴിയെയുളള യാത്ര ആകെ വലയ്‌ക്കുന്നു.

സുനിലിനോട്‌ തലേദിവസം നടന്ന സംഭവങ്ങൾ കൃഷ്‌ണൻ പറഞ്ഞു.

“അപ്പോൾ നീ അമ്മാവന്റെ വീട്ടീന്ന്‌ പോരാൻ തന്നെ തിരുമാനിച്ചോ?” എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു.

“ഉവ്വ്‌.”

“അപ്പോൾ ഇനി പഠിത്തം? വീട്ടിൽ പോയി വരാൻ ബുദ്ധിമുട്ടല്ലേ? ഞാൻ ഇവിടെ വേണമെങ്കിൽ മുറി അറേഞ്ചു ചെയ്യാം.”

“തല്‌ക്കാലം വേണ്ട സുനിൽ.”

വേണമെന്നു പറഞ്ഞാൽ അഡ്വാൻസായും മറ്റും തുടക്കത്തിൽ നല്ലൊരു തുക ഉണ്ടാക്കേണ്ടി വരും. ദൈനംദിന ചിലവ്‌ വേറെ. അതൊക്കെ എവിടെനിന്നുണ്ടാക്കാനാണ്‌.

അയാൾ ആഗ്നസിനെ തിരഞ്ഞെങ്കിലും കണ്ടില്ല. എല്ലാ കാര്യങ്ങളും പയണമെന്നു വിചാരിച്ചു അയാൾ. തെറ്റിദ്ധാരണകൾക്ക്‌ ഇടം കൊടുക്കുന്ന സംഭവങ്ങളാണ്‌ കഴിഞ്ഞതെല്ലാം. അതിനി ആവർത്തിച്ചു കൂടാ.

പ്രഫസ്സർ ഡാനിയേലിന്റെ വീട്ടിൽ അന്നുവൈകുന്നേരം തന്നെ പോകാൻ കൃഷ്‌ണൻ തീരുമാനിച്ചു. കോളേജിൽ വച്ച്‌ പറഞ്ഞാൽ ഒന്നും ശരിയാകില്ല. ക്ലാസ്സിൽ ഒന്നും ശ്രദ്ധിച്ചു കൊണ്ടല്ല അയാൾ ഇരുന്നത്‌. എങ്ങനെയെങ്കിലും പ്രഫസ്സർ ഡാനിയേലിനെക്കണ്ട്‌ പ്രശ്‌നങ്ങൾ മുഴുവൻ പറയണം എന്ന ചിന്തയേ മനസ്സിലുണ്ടായിരുന്നുളളൂ. അവസാന അത്താണിയാണ്‌ പ്രഫസ്സർ. അവിടെ ഈ ചുമടുകളൊക്കെയൊന്ന്‌ ഇറക്കിവയ്‌ക്കാനായെങ്കിൽ.

കൂടുതൽ ആലോചിച്ച്‌ മനസ്സു വിഷമിപ്പിക്കാൻ കൃഷ്‌ണൻ തുനിഞ്ഞില്ല. മുകളിൽ തിരിയുന്ന ഫാനിൽ നോക്കി അയാൾ അങ്ങനെ ഇരുന്നു.

കോളേജിൽ നിന്ന്‌ അന്നും കൃഷ്‌ണൻ നേരത്തേ പോന്നു. ടൗണിലെത്തി ഏതോ ഒരു സിനിമയ്‌ക്കു കയറി അയാൾ. പേരുപോലും നോക്കിയില്ല. എങ്ങനെയെങ്കിലും സമയം കൊല്ലാൻ വേണ്ടിയാണ്‌. മാറ്റിനി കഴിയുമ്പോഴേക്കും പ്രഫസ്സർ ഡാനിയേൽ വീട്ടിലെത്തി സ്വസ്‌ഥമായി ഇരിക്കുന്ന സമയമാകും. അദ്ദേഹത്തിന്‌ വേറെ പരിപാടികളൊന്നും ഇല്ലാതിരുന്നാൽ മതിയായിരുന്നു. കൃഷ്‌ണൻ ആലോചിച്ചു.

പ്രഫസ്സറുടെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന്‌ പുറത്തെത്തിയത്‌ ഹെലനാണ്‌.

“ഹായ്‌ അങ്കിൾ, ഹൗ ആർ യു?”

“ഫൈൻ ഹെലൻ. പപ്പ അകത്തില്ലേ?”

“ഉണ്ടല്ലോ. ഞാൻ ഉടനെ വിളിക്കാം. അങ്കിൾ കയറി ഇരിക്കൂ.”

കുറച്ചു കഴിഞ്ഞപ്പോൾ ഹെലൻ വന്നു. പ്രഫസ്സർ മുകളിലാണെന്നു തോന്നുന്നു. ഹെലൻ ഗോവണി ഇറങ്ങിയാണ്‌ വരുന്നത്‌.

“അങ്കിൾ, പപ്പ മുകളിലാണ്‌. അങ്ങോട്ടു കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞു.”

ഹെലൻ അയാളെ ലൈബ്രറിയുടെ ഒരു മൂലയിലേക്ക്‌ ആനയിച്ചു. പ്രഫസ്സർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു, മുമ്പിൽ ഒരു വലിയ കൂമ്പാരം പഴയ പുസ്‌തകങ്ങളും.

“ഹായ്‌ കൃഷ്‌ണൻ, ഇങ്ങോട്ടൊക്കെയൊന്ന്‌ വന്നിട്ട്‌ കുറെ നാളായല്ലോ. ഞാനൊരു ചെറിയ ഡോക്‌ടറുടെ പണിയിലാണ്‌. രോഗികൾ പുസ്‌തകങ്ങളാണെന്നു മാത്രം. എനിക്ക്‌ കുറെ പഴയ പുസ്‌തകങ്ങൾ കിട്ടി, ലേലത്തിൽ പിടിച്ചതാ. ബയന്റിങ്ങ്‌ ഇളകിയതും പേജുകൾ കീറിയതും ഒക്കെ ഒന്നു ശരിയാക്കണം. എന്നിട്ടേ ഷെൽഫിലേക്കു കയറി ഇരിക്കാൻ അവയ്‌ക്കു യോഗ്യത കൊടുക്കൂ. കൃഷ്‌ണൻ അവിടെ ഇരിക്കൂ.”

സംഭാഷണം അങ്ങനെ നീണ്ടുപൊയ്‌ക്കൊണ്ടിരുന്നു. ഒരു വിഷയത്തിൽ നിന്ന്‌ മറ്റൊന്നിലേക്ക്‌ അത്‌ തെന്നിനീങ്ങി. ഹെലൻ അതിലൊന്നും ശ്രദ്ധിക്കാതെ പപ്പയെ സഹായിച്ചുകൊണ്ടിരുന്നു. കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കണമെന്നറിയാതെ കൃഷ്‌ണൻ വിഷമിച്ചു.

“ഹൊ ഞാൻ വിട്ടുപോയി. ഹെലൻ, എന്തെങ്കിലും കുടിക്കാൻ എടുത്തു കൊണ്ടു വരൂ. കൃഷ്‌ണൻ ഹോട്ട്‌ ഓർ സോഫ്‌റ്റ്‌?”

“സോഫ്‌റ്റ്‌.”

“കുറച്ചു കഴിച്ചാൽ കുഴപ്പമൊന്നുമില്ല. ഓവറാവാതിരുന്നാൽ മതി. പിന്നെ കൃഷ്‌ണൻ, തന്റെ ലവ്‌ അഫയർ ഒക്കെ എവിടംവരെയായി?”

പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ പറ്റിയ അവസരം സമാഗതമായിരിക്കുന്നെങ്കിലും ഒരുനിമിഷം എവിടെ തുടങ്ങണമെന്നറിയാതെ കൃഷ്‌ണൻ വിഷമിച്ചു. എന്നാലും പറഞ്ഞൊപ്പിച്ചു, “സർ, അതിന്റെ ഒരനുബന്ധമായിട്ടുവരും എന്റെ ഇങ്ങോട്ടുളള ഈ വരവ്‌.”

“എനിക്കൊന്നും മനസ്സിലാകുന്നില്ല കൃഷ്‌ണൻ. വരൂ നമുക്ക്‌ റൂമിലേക്കുപോകാം”, അയാളുടെ മുഖഭാവം കണ്ടിട്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞു. പശയും മറ്റും ഒരു പഴന്തുണിയിൽ തുടച്ച്‌ കൈ വൃത്തിയാക്കി, അദ്ദേഹം എഴുന്നേറ്റു.

അദ്ദേഹത്തിന്റെ മുറിയിലെത്തിയശേഷം കൃഷ്‌ണൻ നടന്നതെല്ലാം പറഞ്ഞു. അതിനിടെ ഹെലൻ കൂൾഡ്രിംഗ്‌സുമായി വന്നു. രണ്ടുപേരും ഗൗരവം പൂണ്ടിരിക്കുന്നതു കണ്ടാകണം അവൾ ഒന്നും മിണ്ടാതെ താഴേക്കു പോയി.

രണ്ടുപേരുടെയും ഇടയിൽ മൂകത തളം കെട്ടി നിന്നു. പെട്ടെന്ന്‌ മൗനം ഭജ്ഞിച്ചുകൊണ്ട്‌ പ്രഫസ്സർ ഡാനിയേൽ ചോദിച്ചു, “കൃഷ്‌ണൻ, തനിക്ക്‌ വിധിയിൽ വിശ്വാസമുണ്ടോ?”

അയാൾ ഒന്നും മിണ്ടിയില്ല.

“വിധി എപ്പോഴും സ്നേഹത്തിന്‌ എതിരാണ്‌. പരസ്പരം സ്നേഹിക്കുന്നവരെ എങ്ങനെയെങ്കിലും അകറ്റാൻ അത്‌ കിണഞ്ഞു പരിശ്രമിക്കും. എനിക്കു ഭയങ്കര വിശ്വാസമാണ്‌ വിധിയിൽ. താനും അങ്ങനെ കരുതി സമാധാനിച്ചാൽ മതി. അല്ലാതെ ഞാനെന്തുപറഞ്ഞ്‌ ആശ്വസിപ്പിക്കാനാണ്‌? ആട്ടെ, അമ്മാവന്റെ വീട്ടിൽ നിന്ന്‌ താൻ പോരാൻ തീരുമാനിച്ചോ? അതോ, അശ്വതിയെക്കണ്ട്‌ അവിടെ കഴിയാനാണോ ഭാവം?”

“അവിടെ നിന്ന്‌ പോരാൻ തന്നെ തീരുമാനിച്ചു സർ. പക്ഷേ, എന്നും വീട്ടിൽ പോയി വരാൻ ബുദ്ധിമുട്ടാണ്‌. അതിൽ സാറിന്റെ സഹായം തേടാനാണ്‌ ഞാൻ വന്നിരിക്കുന്നത്‌.”

“എനിക്ക്‌ സാധിക്കുന്നതെന്തും കൃഷ്‌ണന്‌ പ്രതീക്ഷിക്കാം.”

“പാർട്ട്‌ടൈമായി ഒരു ജോലി എവിടെയെങ്കിലും കിട്ടിയാൽ മതിയായിരുന്നു. എനിക്ക്‌ വെൽഡിങ്ങിൽ ഐ.ടി.ഐ. ട്രേഡ്‌ സർട്ടിഫിക്കറ്റുണ്ട്‌. ജോലിചെയ്‌തു കിട്ടുന്നതും കൊണ്ട്‌ എവിടെയെങ്കിലും ഒരു മുറിയെടുത്തു കഴിയാനാണ്‌ പ്ലാൻ.”

“അന്യരെ ആശ്രയിക്കാതെ പഠിക്കാൻ താനെടുത്ത തീരുമാനത്തെ പ്രശംസിക്കണം. ഞാൻ ശ്രമിക്കട്ടെ കൃഷ്‌ണൻ. കുറച്ചു ദിവസം കാത്തിരിക്കൂ. വീട്ടിൽ പോയിവരുന്നത്‌ ബുദ്ധിമുട്ടാണെങ്കിൽ അതുവരെ ഇവിടെ കൂടാം.”

“വേണ്ട സർ, വളരെ ഉപകാരം.” ഇപ്പോഴാണ്‌ കൃഷ്‌ണന്‌ സമാധാനമായത്‌.

പ്രഫസ്സറോടും ഹെലനോടും യാത്ര പറഞ്ഞ്‌ അയാൾ ഇറങ്ങുമ്പോൾ പുറത്ത്‌ നിലാവുദിച്ചിരുന്നു. ടോർച്ച്‌ കൊണ്ടുപോകാൻ പ്രഫസ്സർ പറഞ്ഞെങ്കിലും അയാൾ വാങ്ങിയില്ല.

പിറ്റെ ദിവസം കോളേജിൽ വച്ച്‌ അപ്രതീക്ഷിതമായി കൃഷ്‌ണൻ ആഗ്നസിനെ കണ്ടു. സാധാരണയുളള പ്രസരിപ്പ്‌ ഇന്നാമുഖത്തില്ല.

കണ്ണുകൾ തമ്മിലുടക്കി ഒരു നിമിഷം അവർ അങ്ങനെ നിന്നു.

“കൃഷ്‌ണൻ, ഞാനെല്ലാം സുനിൽ പറഞ്ഞറിഞ്ഞു. അയാം റിയലി സോറി.”

“ക്ഷമ ഞാനാണാഗ്നസ്‌ ചോദിക്കേണ്ടത്‌. തന്നെ ആ പ്രശ്‌നങ്ങളിലേക്കൊക്കെ ഞാൻ വെറുതെ വലിച്ചിഴച്ചു, അല്ലേ?”

“നെവർ മൈന്റ്‌ കൃഷ്‌ണൻ. ഞാനൊരു കാര്യം ചോദിക്കട്ടെ?”

“തീർച്ചയായും.”

“കൃഷ്‌ണനെന്നെ ഇഷ്‌ടമാണോ?”

അവിടെനിന്ന്‌ ഓടിരക്ഷപ്പെടുകയാണോ എന്ന്‌ തോന്നിപ്പോയി വേഗം നടക്കുമ്പോൾ കൃഷ്‌ണന്‌. സൂര്യരശ്‌മികൾ ചുറ്റും ഒരു ചൂള തീർത്തിരിക്കയാണ്‌.

വിയർപ്പിൽ മുങ്ങിക്കുളിച്ച്‌ അയാൾ ക്ലാസ്സിൽ ചെന്നിരിക്കുമ്പോഴും ആഗ്നസിന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ആ ദിവസങ്ങളിലാണ്‌ ക്രിസ്‌മസ്‌ വെക്കേഷൻ ആരംഭിച്ചത്‌. ആഗ്നസിനെ നേരിടാതെ കഴിക്കാൻ അയാളെ അതു സഹായിച്ചു.

അവധിക്ക്‌ വീട്ടിലിരിക്കുമ്പോൾ ഏട്ടൻ ഓരോന്നു പറയുമായിരുന്നു. പക്ഷേ, പെരിഞ്ചേരിയിൽ നിന്ന്‌ പോന്നതിനെപ്പറ്റി ഒന്നും സൂചിപ്പിക്കാതിരുന്നത്‌ കൃഷ്‌ണൻ ശ്രദ്ധിച്ചു. വിഷമിപ്പിക്കേണ്ട എന്നു കരുതിയാവും.

ക്ലാസ്സ്‌ പുനരാരംഭിച്ച ദിവസംതന്നെ പ്രഫസ്സർ ഡാനിയേൽ വീട്ടിലേക്കു ചെല്ലാൻ കൃഷ്‌ണനോടു പറഞ്ഞു.

“കൃഷ്‌ണൻ, താൻ ഭാഗ്യവാനാണ്‌. ഞാൻ വിചാരിച്ചതിലും വേഗം കാര്യങ്ങളൊക്കെ ശരിയായി”, വീട്ടിൽ ചെന്നുകേറിയ ഉടനെ അദ്ദേഹം പറഞ്ഞു.

“വളരെ ഉപകാരം സർ.”

“മാർക്കറ്റ്‌ റോഡിലെ ‘ശക്തി പ്രഷർ വെസ്സൽസ്‌’ എന്ന ഫേമിലാണ്‌ ജോലി ശരിയാക്കിയിട്ടുളളത്‌. സർട്ടിഫിക്കറ്റൊന്നും വേണമെന്നു നിർബന്ധമില്ല, പണിയറിഞ്ഞിരുന്നാൽ മതി. പിന്നെ ഇവിടെയടുത്ത്‌ മുറിയും പറഞ്ഞുവച്ചിട്ടുണ്ട്‌. വേണമെങ്കിൽ വച്ചുണ്ണുകയും ആവാം.”

“ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന്‌ എനിക്കറിയില്ല സർ.”

“ഓ, താൻ അതോർത്ത്‌ വിഷമിക്കേം ഒന്നും വേണ്ടാടോ. താൻ വിചാരിക്കും പോലെ ഞാൻ അത്ര ബുദ്ധിമുട്ടിയൊന്നുമില്ല.”

കുറെനേരം സംസാരിച്ചിരുന്നതിനുശേഷമാണ്‌ കൃഷ്‌ണൻ പോകാൻ എഴുന്നേറ്റത്‌. അപ്പോൾ നില്‌ക്കാൻ പറഞ്ഞിട്ട്‌ പ്രഫസ്സർ ഡാനിയേൽ അകത്തേക്കു പോയി. തിരികെ വരുമ്പോൾ അദ്ദേഹത്തിന്റെ കൈയിൽ ഒരു കവർ ഉണ്ടായിരുന്നു.

“കൃഷ്‌ണൻ, ‘ശക്തി പ്രഷർ വെസ്സർസി’ൽ ചെന്ന്‌ മാനേജരെ ഈ കത്ത്‌ കാണിച്ചാൽ മതി. അദ്ദേഹം എല്ലാം ശരിയാക്കും.”

“ശരി സർ.”

“പിന്നെ ഇതു കൈയിൽ വച്ചോളൂ”, കുറച്ചു നോട്ടുകൾ കൃഷ്‌ണന്റെ നേരെ നീട്ടിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു. “അഞ്ഞൂറു രൂപയുണ്ട്‌. എന്തെങ്കിലും ആവശ്യമൊക്കെ കാണും.”

“വേണ്ട സർ”. ഒന്നും ചിന്തിക്കാതെയാണ്‌ അയാൾ അങ്ങനെ പറഞ്ഞത്‌.

“ഇതു വാങ്ങിക്കൊളളൂ. സൗജന്യമല്ല, കടമാണെന്നു കൂട്ടിക്കോ. പതുക്കെ തന്നാൽ മതി. ഇവിടെ താമസിച്ചു തുടങ്ങിയാൽ ചിലവുകൾ ധാരാളമുണ്ട്‌ താനൊന്ന്‌ ആലോചിച്ചു നോക്കൂ. അതിനെവിടുന്നാ പണം?”

ശരിയാണ്‌. ജോലിക്ക്‌ പോകുമ്പോൾ വീട്ടിൽപോക്ക്‌ നടക്കില്ല. അപ്പോൾ ഭക്ഷണം? താമസം? അവയൊന്നും അയാൾ നേരത്തെ കണക്കുകൂട്ടിയില്ലായിരുന്നു.

രണ്ടും കൈയും നീട്ടി ആ പണം വാങ്ങുമ്പോൾ തന്റെ കണ്ണുകൾ നിറയുന്നുണ്ടോ – കൃഷ്‌ണൻ സംശയിച്ചു.

അയാൾ പുറത്തേക്കിറങ്ങുമ്പോൾ പ്രഫസ്സർ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു, “ഗുഡ്‌ ലക്ക്‌, മൈ ബോയ്‌.”

Generated from archived content: salabham_13.html Author: narendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here