ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി ആയതിനാൽ സുനിൽ എപ്പോഴും തിരക്കിലാണ്. എന്നിട്ടും എങ്ങനെയെങ്കിലും സമയം കണ്ടെത്തി റിഹേഴ്സലുകൾക്ക് എത്തും. നാടകത്തിന്റെ ചുമതലകൾ എല്ലാം അവസാനം വന്നുപെട്ടത് കൃഷ്ണന്റെ ചുമലിലാണ്.
കലോത്സവം തുടങ്ങി. ആദ്യ ദിവസം സുനിലും ആഗ്നസുമൊക്കെ അടങ്ങുന്ന ഗ്രൂപ്പിന് പാശ്ചാത്യ സംഗീതത്തിൽ ഒന്നാംസ്ഥാനം കിട്ടി. അനുഭവസമ്പത്ത് ധാരാളമുളള അവർ മറ്റു ടീമുകളെ തീർത്തും നിഷ്പ്രഭരാക്കിക്കളഞ്ഞു.
രണ്ടാം ദിവസത്തെ അവസാന ഊഴമായിരുന്നു മലയാളം നാടകം.
രാവിലെ പെരിഞ്ചേരിയിൽ വച്ച് കൃഷ്ണൻ അശ്വതിയെ കണ്ടപ്പോൾ നാടകത്തെപ്പറ്റി പറഞ്ഞു. ആ ഭാവം കണ്ടപ്പോൾ അവൾക്ക് തീരെ താല്പര്യമില്ലാത്തതുപോലെ തോന്നി അയാൾക്ക്. പിന്നെ ഒരു കുത്തുവാക്കു കൂടി – ഓ, ആ മദാമ്മയൊക്കെ ഉളള പരിപാടിയല്ലേ?
എന്നിട്ടും കൃഷ്ണൻ ക്ഷണിച്ചു, അവൾ ഒരു തമാശ പറഞ്ഞതുപോലെ ഭാവിച്ച്.
ഉച്ചയ്ക്ക് കുറച്ചു സമയം കിട്ടിയപ്പോൾ എല്ലാവരും ഒത്തുകൂടി ഒരു റിഹേഴ്സൽ കൂടി എടുത്തു. അഭിനേതാക്കളുടെ പ്രകടനത്തിൽ ഗിരീഷ് സംതൃപ്തനായിരുന്നു. “ഇതുപോലെ തന്നെ സ്റ്റേജിൽ അവതരിപ്പിച്ചാൽ സമ്മാനം ഉറപ്പാണ്. പുതുമയുളള തീമാണ് നമ്മുടെ”, ഗിരീഷ് പറഞ്ഞു.
നാടകം അവതരിപ്പിക്കാനുളള ഊഴമായപ്പോഴേക്കും വൈകിയിരുന്നു. സ്റ്റേജിൽ ആദ്യാവസാനം സാന്നിദ്ധ്യമുളള റോളാണ് കൃഷ്ണന്റേത്. ആത്മവിശ്വാസം തന്റെ ഭാഗം ഭംഗിയായി അവതരിപ്പിക്കാൻ കൃഷ്ണനെ സഹായിച്ചു. മറ്റുളളവരും മോശമായിരുന്നില്ല. “എന്റെ നോട്ടത്തിൽ നമ്മുടെ നാടകത്തിനാണ് ഫസ്റ്റ് കിട്ടേണ്ടത്. ഭാഗ്യമുണ്ടെങ്കിൽ കൃഷ്ണന് മികച്ച അഭിനയത്തിനും”, എല്ലാ നാടകങ്ങളും കണ്ടശേഷം ഗിരീഷ് പറഞ്ഞു.
ഗിരീഷിന്റെ പ്രവചനം തെറ്റിയില്ല. സെക്രട്ടറി അഭിനയിച്ച നാടകമായതുകൊണ്ടാണ് അതിന് ഒന്നാംസ്്ഥാനം ലഭിച്ചതെന്ന് സമ്മാനം കിട്ടാത്തവർ പറഞ്ഞുനടന്നു.
സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഒത്തുകൂടി. പിന്നെ പരസ്പരാനുമോദനങ്ങളുടെ ഘോഷയാത്ര. അപ്പോൾ കൃഷ്ണന്റെ കണ്ണുകൾ മറ്റൊരാളെ തേടി ഉഴറുകയായിരുന്നു. – അശ്വതിയെ. സന്തോഷകരമായ കാര്യങ്ങൾ അവളുമായി പങ്കുവയ്ക്കുക എത്ര സുഖകരമാണ് – അയാൾ വിചാരിച്ചു.
ഓഡിറ്റോറിയത്തിൽ നിന്ന് ആളുകൾ ഒഴിയുന്നു. പോർട്ടിക്കോവിൽ പെൺകുട്ടികൾ കൂട്ടമായി നില്പുണ്ട്. അവരുടെ ഇടയിലും അയാൾ അശ്വതിയെ കണ്ടില്ല. കൃഷ്ണൻ ധൃതിയിൽ ബസ്റ്റോപ്പിലേക്കു നടന്നു. അവിടെ ഒരു മൂലയിൽ അശ്വതി ആരെയും ശ്രദ്ധിക്കാതെ നില്ക്കുകയാണ്. സന്തോഷരഹിതമായ മുഖം. ആ ഭാവവ്യത്യാസത്തിന്റെ അർത്ഥം അയാൾക്ക് പിടികിട്ടുന്നില്ല ഒട്ടും.
“അശ്വതീ, ഞങ്ങളുടെ നാടകത്തിന് ഒന്നാം സ്ഥാനം കിട്ടിയതറിഞ്ഞില്ലേ? ഞാൻ ബസ്റ്റ് ആക്ടറാണ് ”, കൃഷ്ണൻ അവളുടെ അടുത്തു എത്തിയ ഉടനെ പറഞ്ഞു.
അവൾ മിണ്ടുന്നില്ല. ശിരസ്സുയർത്തുന്നുമില്ല.
“അശ്വതി, എന്തായിങ്ങനെ? ഇത്ര ഗ്ലൂമിയായി.”
ഒരു ബസ്സ് അരികെ വന്നു നിന്നു. അവൾ വാതിലിന്നരികിലേക്കു നടക്കുമ്പോൾ ആ കണ്ണുകളിൽ നെരിപ്പോടെരിയുന്നതു കണ്ടു അയാൾ.
ആഹ്ലാദപ്രകടനത്തിലൊന്നും പങ്കുചേരാൻ കൃഷ്ണന് ഉത്സാഹം തോന്നിയില്ല. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ അവരുടെ കൂടെ നിന്നു. എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞ് ടൗണിലേക്ക് പോകുന്നതിൽ നിന്ന് അയാൾ ഒഴിഞ്ഞുമാറി.
അത്താഴം കഴിക്കാൻ കൃഷ്ണൻ പെരിഞ്ചേരിയിലെത്തിയപ്പോൾ അശ്വതിയെ പുറത്തെങ്ങും കണ്ടില്ല. ഭക്ഷണം കഴിഞ്ഞപ്പോൾ മനഃപൂർവ്വം അയാൾ അകത്തുകൂടി മുൻവശത്തേക്കു വന്നു. നടുവിലുളള മുറിയിൽ അശ്വതി നില്പുണ്ടായിരുന്നു. കാൽപ്പെരുമാറ്റം കേട്ട് അവൾ തിരിഞ്ഞുനോക്കി. പിന്നെ മുഖം വെട്ടിച്ചു നിന്നു.
അധികനേരം കൃഷ്ണൻ അവിടെ നിന്നില്ല. വേഗം ഔട്ട്ഹൗസിലേക്കു നടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാളുടെ ചുമല് വേദനിച്ചു തുടങ്ങി. വിചാരങ്ങളുടെ വേളളപ്പാച്ചിലിൽ പെട്ട് കൃഷ്ണനപ്പോൾ വിഷമിക്കുകയായിരുന്നു.
പിറ്റെ ദിവസം നേരത്തെ തന്നെ കൃഷ്ണൻ കോളേജിലേക്കു തിരിച്ചു. അശ്വതിയെക്കണ്ട് സംസാരിച്ചാലേ ഇനി അയാൾക്ക് സമാധാനമാകൂ. രാവിലെ പോരുന്നത് അവൾ കണ്ടിട്ടുണ്ടാകും. അതുകൊണ്ട് നേരത്തേയെത്തുമെന്ന് വിചാരിച്ച് കൃഷ്ണൻ അശ്വതിയെ പോർട്ടിക്കോവിൽ കാത്തു നിന്നു. അവളുടെ ക്ലാസ്സിലേക്ക് അതിലെ പോകണം. നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈർഘ്യമനുഭവപ്പെട്ടു അയാൾക്ക്. ഫസ്റ്റ് ബെല്ലടിച്ചപ്പോൾ പക്ഷേ അയാൾ ക്ലാസ്സിലേക്കു പോയി. അതിനിടെ ആരൊക്കെയോ അയാളുടെ അടുത്തുചെന്ന് സംസാരിച്ചിരുന്നു. നാടകത്തിലെ പ്രകടനത്തിന് അഭിനന്ദനങ്ങളും മറ്റും.
ഉച്ചയ്ക്ക് യാദൃശ്ചികമായാണ് അശ്വതിയെയും റിൻസിയെയും കൃഷ്ണൻ ഒരുമിച്ചു കണ്ടത്.
“എക്സ് ക്യൂസ് മി റിൻസി, ഞാൻ അശ്വതിയോട് ഒരു കാര്യം പറഞ്ഞോട്ടെ”, അവരുടെ അടുത്തെത്തിയപ്പോൾ കൃഷ്ണൻ പറഞ്ഞു.
“റിൻസിക്ക് കേൾക്കാൻ പറ്റാത്ത കാര്യങ്ങൾ എനിക്കറിയേണ്ട.” മുഖത്തടിച്ചതുപോലെ ആയിരുന്നു അശ്വതിയുടെ ആ വാക്കുകൾ.
ഒരു നിമിഷം വായടയ്ക്കപ്പെട്ട് അയാൾ അവിടെ നിന്നു.
“നിങ്ങളുടെ സൗന്ദര്യപിണക്കത്തിൽ ഞാൻ കക്ഷി ചേരുന്നില്ല. ഓൾ ദ ബെസ്റ്റ് ഫോർ സോൾവിങ്ങ് യുവർ പ്രോബ്ലംസ്.”
റിൻസി അവിടെനിന്നും പോയി.
“അശ്വതീ, എനിക്കിതാണ് സഹിക്കാൻ പറ്റാത്തത്, ഈ പതിയിരുന്നുളള ആക്രമണം. കാര്യമെന്തെങ്കിലുമുണ്ടെങ്കിൽ തെളിച്ചു പറയൂ”, കൃഷ്ണൻ പറഞ്ഞു.
“ഒന്നുമറിഞ്ഞില്ല, അല്ലേ? അപ്പോൾ കോളേജിൽ ഇനി അറിയാൻ ഒരാൾ കൂടി ഉണ്ട്. സന്തോഷം. കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കരുത് കൃഷ്ണേട്ടാ. മറ്റുളളവർ അത്ര വിഡ്ഢികളൊന്നുമല്ല.”
പുതിയൊരു അശ്വതിയെ കൃഷ്ണൻ അറിയുകയായിരുന്നു. ആ വാക്കുകളുടെ ദൃഢത, ഗാംഭീര്യം.
സംസാരിക്കുമ്പോൾ അവളുടെ കവിളുകൾ ചുവക്കുകയും ചുണ്ടുകൾ വിറയ്ക്കുകയും ചെയ്തു.
ഇപ്പോൾ കുറച്ചൊക്കെ അയാൾക്ക് മനസ്സിലാവുന്നുണ്ട്.
“അശ്വതിയുടേത് വെറും തെറ്റിദ്ധാരണകളാണെങ്കിലോ?” അയാൾ ചോദിച്ചു.
“തെറ്റിദ്ധാരണകളാവട്ടെയെന്ന് ഞാനും ആശ്വസിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, സ്വന്തം കണ്ണുകൾക്ക് തെറ്റുപറ്റില്ലല്ലോ, അതും പലതവണ.”
“അശ്വതി വീണ്ടും ഒളിച്ചു കളിക്കുന്നു.”
“ഞാൻ ഒളിച്ചു കളിക്കുകയൊന്നുമല്ല. കലോത്സവത്തിൽ പങ്കുചേരണം, നാടകം കാണണം എന്നൊക്കെ കുറെ തേനൂറുന്ന വർത്താനം പറഞ്ഞില്ലേ. ബസ്റ്റ് ആക്ടറെന്ന് അനൗണസ് ചെയ്തപ്പോൾ ഗ്രീന്റൂമിൽ സന്തോഷമറിയിക്കാനെത്തിയവരിൽ ഞാനുമുണ്ടായിരുന്നു. ആരു കാണാനാണ്, അല്ലേ? അവളുമായി ഒട്ടിച്ചേർന്നു നില്ക്കുകയായിരുന്നില്ലേ.”
വെളളത്തിന്റെ കലക്കൽ ഇപ്പോൾ ഊറുന്നു. അടിത്തട്ട് അയാൾക്ക് ഒരുവിധം കാണാനാവുന്നുണ്ട്. നാടകത്തിന് സമ്മാനമുളള വിവിരമറിയുമ്പോൾ കൃഷ്ണനും ആഗ്നസും ഗ്രീന്റൂമിലായിലുന്നു, വേഷവിധാനങ്ങൾ അഴിച്ചു വയ്ക്കാൻ. സന്തോഷാധിക്യത്താൽ ആഗ്നസ് അയാളെ കെട്ടിപ്പിടിച്ചു. ആഗ്നസിൽ നിന്ന് അതുപോലുളള പെരുമാറ്റങ്ങൾ ഉണ്ടായിട്ടുളളതുകൊണ്ട് അയാൾ കാര്യമായെടുത്തുമില്ല.
“എല്ലാം മനസ്സിലായി അശ്വതി. ഞാൻ നിസ്സഹായനാണ്. യാഥാർത്ഥ്യമെന്തെന്ന് പറഞ്ഞാൽക്കൂടി അശ്വതി വിശ്വസിക്കുമെന്നു തോന്നുന്നില്ല ഈ അവസ്ഥയിൽ.”
“അതു മാത്രമല്ലല്ലോ. കാമ്പസിന്റെ മുക്കിലും മൂലയിലും നിന്ന് ശൃംഗരിക്കുന്നതു കാണുമ്പോൾ വെറുമൊരു സുഹൃത്ബന്ധമെന്നു കരുതി സമാധാനിച്ചു. ഓരോരുത്തിമാരുടെ കുത്തുവാക്കുകളാണ് സഹിക്കാനാവാത്തത്. പറയാൻ ഒരുപാടു പേരുണ്ട്. കേൾക്കാൻ ഞാനൊരാളേയുളളൂ.”
“അശ്വതി സത്യമറിയാതെയാണ് സംസാരിക്കുന്നത്. അതേപ്പറ്റി ചുരുങ്ങിയപക്ഷം എന്നോടെങ്കിലും അന്വേഷിക്കാതെ ഇങ്ങനെയൊക്കെ പറയുന്നത് ശരിയല്ല.”
“ശരിയും തെറ്റുമൊക്കെ എനിക്ക് തിരിച്ചറിയാൻ കഴിയും. ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റായിക്കൂടെന്നില്ലല്ലോ.”
“തെറ്റുശരികളുടെ കാര്യമെന്തായാലും എനിക്ക് ആഗ്നസുമായി അശ്വതി കരുതുന്നതുപോലെയുളള ബന്ധമൊന്നുമില്ല. പിന്നെ, മറ്റുളളവരുടെ വായ അടച്ചുകെട്ടാൻ ബുദ്ധിമുട്ടാണ്.”
“അങ്ങനെയങ്ങു പറഞ്ഞു രക്ഷപ്പെടാൻ എളുപ്പമാണല്ലോ. എന്നോട് ഈ രീതിയിൽ പെരുമാറുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. കുറഞ്ഞത് ഉണ്ട ചോറിന്റെ……”
“അശ്വതീ….” അതൊരലർച്ചയായിരുന്നു.
വികാരത്തളളലിൽ അയാളുടെ ശബ്ദം ഉയർന്നുപോയതാണ്. ഭാഗ്യം! അടുത്താരുമില്ല. ബെല്ലടിച്ചതിനാൽ എല്ലാവരും തന്നെ ക്ലാസുകളിലേക്കു പോയിരിക്കുന്നു.
ആ മുഖത്ത് പശ്ചാത്താപത്തിന്റെ ലാഞ്ചന അയാൾ കണ്ടില്ല. പഠിച്ചുവന്നു പറയുന്നതുപോലുളള അപരിചിതമായ സംഭാഷണ രീതിയായിരുന്നു അവളുടെ.
“അശ്വതി, സ്നേഹത്തിന്റെ അടിസ്ഥാനം ചോറിന്റെ കൂറാക്കിക്കളഞ്ഞത് കഷ്ടമായിപ്പോയി. പലിശസഹിതം തിരിച്ചു കിട്ടും എന്ന പണമിടപാടുകാരന്റെ മനോഭാവം സ്നേഹം കൊടുക്കുമ്പോൾ പാടില്ല. നമുടെ വികാരങ്ങളും വിചാരങ്ങൾക്കും വളരെ അന്തരമുണ്ട്. ഗുഡ് ബൈ.”
ഭ്രാന്തമായ ഒരാവേശത്താൽ അത്രയും പറഞ്ഞ് തിരിഞ്ഞുനടക്കുമ്പോൾ എന്തൊക്കെയോ അയാളുടെ മനസ്സ് ദ്രുതഗതിയിൽ ആലോചിച്ചുറപ്പിക്കുന്നുണ്ടായിരുന്നു.
ഉച്ചകഴിഞ്ഞ് അയാൾ ക്ലാസ്സിൽ കയറിയില്ല. നേരെ വീട്ടിലേക്കു പോയി. ഇടദിവസങ്ങളിൽ ആദ്യമായിട്ടാണെന്നു തോന്നുന്നു വീട്ടിൽ ചെല്ലുന്നത്. ആദ്യം അയാൾ അമ്മയോട് വെറുതെ വന്നതാണെന്നു പറഞ്ഞു. പിന്നെ പറയാതിരിക്കാൻ പറ്റില്ലെന്നായി. കോളേജിൽ നടന്ന എല്ലാ സംഭവങ്ങളും കൃഷ്ണൻ അമ്മയോട് വിവരിച്ചു. അവസാനം അയാൾ ആ തീരുമാനവും അറിയിച്ചു ഃ താനിനി പെരിഞ്ചേരിയിലേക്കില്ലെന്ന്.
അമ്മ അതു കേട്ടപ്പോൾ കരഞ്ഞു.
“നീയിനി എങ്ങനെ പഠനം തുടരും മോനെ?”
“വലിയ ബുദ്ധിമുട്ടാണെങ്കിൽ വേണ്ടന്നു വയ്ക്കും. എന്നാലും ആരുടേയും ആട്ടും തുപ്പും സഹിച്ചു കിടക്കാൻ വയ്യ അമ്മേ.”
അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. അവർ കണ്ണും തുടച്ച് അടുക്കളയിലേക്കു കയറിപ്പോയി.
Generated from archived content: salabham_12.html Author: narendran