‘സപ്തഭാഷാ സംഗമഭൂമി’-അങ്ങനെയുമുണ്ടല്ലോ നമ്മുടെ നാടിന് ഒരു പെരുമ. ‘ആറ് നാട്ക്ക് നൂറ് പാജെ’ എന്ന് കുടകന്മാരും പറയും. ഓരോ പന്ത്രണ്ടു കിലോമീറ്റർ അകലത്തിനും ഭാഷയ്ക്ക് പരിണാമം സംഭവിക്കും എന്ന അഭിജ്ഞമതമിരിക്കുമ്പോൾ, ആറ് നാടിന് നൂറല്ല, അതിലധികം ഭാഷകളുണ്ടാകണം. ഉണ്ടല്ലോ. അധികമാരും അവയെ വ്യവച്ഛേദിച്ചറിയാൻ ശ്രമിക്കുന്നില്ല. ആ വഴിക്ക് ഒരു അന്വേഷണത്തിനൊരുങ്ങുകയാണ് രാഘവൻ മാസ്റ്റർ. ‘പട്ടോലപ്പഴമ’ ആ അന്വേഷണത്തിന്റെ ഫലമാണ്.
പെരുമയായി പറഞ്ഞ ഭാഷാസംഗമഭൂമിയുടെ തട്ടകത്തിൽതന്നെ രണ്ടു ഭാഷകൾ കൂടിയുണ്ട് എന്നാണ് രാഘവൻ മാസ്റ്ററുടെ വാദം-‘പയസ്വിനി’, ‘നേത്രാവതി’ എന്നിങ്ങനെ അവയ്ക്കു പേരും നല്കുന്നു… ക്ഷേത്രോത്സവ പരിപാടികളും ഭഗവതിയുടെ അരുളപ്പാടുകളുമാണ് പട്ടോലകളുടെ പ്രതിപാദ്യം. ഭഗവതിയുടെ ആഗമചരിത്രവും ദേശപുരാവൃത്തവുമുണ്ട്. പട്ടോലകളിലെ ഭാഷാവിചാരമാണ് പഠനവിഷയമെങ്കിലും അതിലേക്കു കടക്കുംമുമ്പ് ഭഗവതിയുടെ ചരിത്രത്തിലേക്കു കണ്ണോടിക്കുന്നു….
ആമുഖം ചരിത്രമാണ്. അതിനുശേഷം പട്ടോലകൾ. ടിപ്പണിയും ഭാഷാന്തരവും ഉളളതുകൊണ്ട് ഇന്നത്തെ ശുദ്ധമലയാളവുമായി താരതമ്യപ്പെടുത്താവുന്നതാണ്. പട്ടോലഭാഷയുടെ, ഭാഷാശാസ്ത്രപരമായ സവിശേഷതകൾ ചർച്ച ചെയ്യുന്നു…. വരുംകാലങ്ങളിൽ ചരിത്രാന്വേഷകർക്കും ഭാഷാഗവേഷകർക്കും ‘പട്ടോലപ്പഴമ’യെ അവഗണിച്ചുകൊണ്ട് മുമ്പോട്ടുപോകാൻ സാധ്യമല്ല. വിവർത്തനരംഗത്തെ പെരുന്തച്ചനായ രാഘവൻ മാസ്റ്ററുടെ പുതിയൊരു മുഖം-അതാണ് ‘പട്ടോലപ്പഴമ’ കാണിച്ചുതരുന്നത്.
പട്ടോലപ്പഴമ (ഫോക്ലോർ പഠനം), സി.രാഘവൻ, കറന്റ് ബുക്സ്, പേജ് – 132, വില – 65.00
Generated from archived content: book2_july20_05.html Author: narayanan_peria