ഓഫീസിൽ വിഷ്ടിയുടെ നിലനിൽപ്പ് നാൾക്കുനാൾ മോശമായിവന്നു. എന്തുചെയ്താലും കുറ്റം എന്ന സ്ഥിതിയിലെത്തി. ചെയ്യുന്ന പണിക്കോ കുറവില്ലതാനും. ആമിയോടു സങ്കടം പറഞ്ഞെങ്കിലും അവർ നിസ്സഹായയായിരുന്നു.
ആമി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചില്ലെന്നല്ല. ജോലിസ്ഥലത്ത് ഇതെല്ലാം സാധാരണം. താത്‌കാലികമെന്നു വിചാരിച്ചു സമാധാനിക്കണം. ലോകം തേൻകുടമാണെന്നും ലോകത്തുള്ളവരെല്ലാം തേൻതുള്ളികളാണെന്നും മിഥ്യാബോധമരുത്. ക്ഷമിക്കണം കുറെ നാൾ. എല്ലാം ശരിയാകും. ഞങ്ങളും പറഞ്ഞുനോക്കി.
വിഷ്ടിയുടെ സങ്കടം ഞങ്ങൾ തൊട്ടറിഞ്ഞു. മാർസൽപറയുന്ന ജോലിയെല്ലാം പറയുന്നപോലെ ചെയ്തുകൊടുക്കുന്നുണ്ട്. എന്നിട്ടും തൃപ്തിയില്ലെങ്കിലോ? ഒരു നല്ല വാക്കു കേട്ടിട്ട് നാളെത്രയായി. ആർക്കുവേണ്ടി ഇതെല്ലാം സഹിക്കുന്നു?
വിഷ്ടി സ്വയംവിമർശനത്തിനൊരുങ്ങിഃ ഇന്നേവരെ താൻ ഒന്നാന്തരം സഹായിയായിരുന്നു. എല്ലാവർക്കും അതറിയാം. തനിക്കുമതറിയാം. ഒരാഴ്‌ചകൊണ്ട് താനാകെ മാറിപ്പോകുമോ? താൻ ചെയ്യുന്നതിൽ തെറ്റുണ്ടെങ്കിൽ തിരുത്താം. തെറ്റെവിടെ?
ഒരു പണി മുഴുമിക്കുംമുമ്പ് മറ്റൊരു പണി കൊടുക്കും മാർസൽ. അതാദ്യം ചെയ്യാൻ ആജ്ഞാപിക്കും. അതു ചെയ്തുകൊണ്ടിരിക്കുമ്പോൾ ആദ്യത്തേത് ആവശ്യപ്പെടും. ഓഫീസിലേക്കോടാൻ പറയും. തിരിച്ചുവരുമ്പോൾ ചോദിക്കും എവിടെ പോയിരുന്നെന്ന്. എന്തുചെയ്താലും ചെയ്തില്ലെങ്കിലും പഴി തന്നെ. ഇതാരോടുള്ള പകപോക്കലാണാവോ. മിനിറ്റുവച്ചു മനസ്സുമാറും. അതിനേറ്റുതുള്ളാൻ ഇനി തന്നെ കിട്ടില്ല. അവളെന്തോ ഉറച്ച മട്ടായിരുന്നു.
ആമിയും എന്തോ കണക്കുകൂട്ടുകയായിരുന്നു. അപ്രതീക്ഷിതമായാണ് ആമി രാജിക്കത്തു കൊടുത്തത്. ഇനിയിതു ചുമക്കാൻ വയ്യ. തന്റെപേരിൽ മറ്റുള്ളവർ കഷ്ടപ്പെടേണ്ട. സുഖിക്കുകയും വേണ്ട. തനിക്കു ജീവിക്കാൻ ഈ ജോലി വേണമെന്നില്ല. ആരുടെയും കാൽക്കീഴിൽ ജീവിക്കാൻ വയ്യ.
സ്വന്തം നിലയിൽ ലോകാരോഗ്യസംഘടനയ്‌ക്ക് ഉപദേശികയായി വീട്ടിലിരുന്നു പണിയെടുക്കാൻ ആമി ഏർപ്പാടുണ്ടാക്കി.
കൂടെയുള്ളവർക്കെന്നപോലെ ജൂലിക്കും എനിക്കും ആമിയുടെ വേർപാട് ദുഃഖമുണ്ടാക്കി. വിഷ്ടിയായിരുന്നു ഏറ്റവും വ്യസനിച്ചത്.
ലെമോസ് വരുന്നതുവരെ കാക്കാൻ അവളെക്കൊണ്ടുമായില്ല. അവളാകെ പൊട്ടിത്തെറിച്ചു. സഹികെട്ട് മാർസലിനോട് രണ്ടുവാക്കു പറഞ്ഞെന്നറിഞ്ഞു. മാർസൽ കലിതുള്ളി. കലാശം ചവിട്ടി. വെറും കരാർജോലിക്കാരിയെ പിരിച്ചയക്കാൻ ചട്ടംകെട്ടി.
വിഷ്ടി ഒരു മാഞ്ചുവട്ടിൽപോയി ഇരുന്നു. അന്നവൾ ആദ്യമായി കരയുന്നതു കണ്ടു.
വൈകുന്നേരം ഞങ്ങളെ കാണാൻ വിഷ്ടി പതിവില്ലാതെ വന്നു. മുഖത്താകെ ംലാനത. കണ്ണുകൾ കലങ്ങിയിരുന്നു. കയ്യിൽ കുറെ റോസാപ്പൂക്കൾ.
“ഇത് ഫ്രെഡിക്കുട്ടന്. ഇത് നാസർപയ്യന്. ഇത് ജൂലിക്ക്. ഇത് സ്വാമിക്ക്.” വിഷ്ടി എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.
അവൾ ഞങ്ങളെ ഒന്നിച്ചു വട്ടംവാരിപ്പിടിച്ചു. “ഞാനും ജോലി വിടുന്നു. നാളെത്തൊട്ടു വരില്ല.”
എന്തെങ്കിലും പറയുംമുമ്പ് അവളോടിപ്പോയി.
ജൂലി ബാഗുമെടുത്ത് തിരക്കിട്ടിറങ്ങി. വഴിക്കു കൈലേസുതപ്പുന്നതു കണ്ടു. നാസർ മേശമേൽ തലതാഴ്‌ത്തിയിരുന്നു. ഫ്രെഡിയുടെ കൂടെ ഞാനും മെല്ലെ കാറിൽ കയറി. എന്നെ വീട്ടിലിറക്കി യാത്രപോലും പറയാതെ ഫ്രെഡി വണ്ടി തിരിച്ചു.
ഒന്നുരണ്ടാഴ്‌ച കഴിഞ്ഞിരിക്കണം. നാസറാണു ഫോണെടുത്തത്. വിഷ്ടിയായിരുന്നു. ഒരു വിനോദസഞ്ചാരക്കപ്പലിൽ ജോലികിട്ടി. ലക്ഷ്വറി ലൈനർ ഒന്നുരണ്ടുനാൾക്കകം തുറമുഖം വിടും. ആസ്ര്തേലിയക്കാണ്. രണ്ടുമൂന്നുമാസം കഴിയും തിരിച്ചെത്താൻ. വരുന്നത് ഇന്ത്യ വഴിയാണ്. സ്വാമിയെ അറിയിക്കണം.
ആയിരത്തിലധികം യാത്രക്കാരെക്കയറ്റി ലോകത്തിലെ മികച്ച വിശ്രമകേന്ദ്രങ്ങളിലേക്കു കടൽയാത്രനടത്തി തിരിച്ചുകൊണ്ടുവരുന്ന പടുകൂറ്റൻ കപ്പലുകൾ. കരീബിയൻനാടുകളിൽ അവ സുലഭമാണ്. അവയിൽ ഇല്ലാത്ത സുഖസൗകര്യങ്ങളില്ല. പഞ്ചനക്ഷത്രഹോട്ടലുകളെ ഒരുപടി കടത്തിവെട്ടുന്ന മുറികൾ. പലേതരം റസ്‌റ്റോറന്റുകൾ. കളികൾക്കും വ്യായാമത്തിനുമുള്ള ക്ലബ്ബുകൾ. മദ്യശാലകൾ. ഡാൻസ് മുറികൾ. നീന്തൽകുളങ്ങൾ. കാസിനോകൾ. ആസ്പത്രികൾ. ചിലതിൽ പൂന്തോട്ടങ്ങൾവരെ ഒരുക്കിയിട്ടുണ്ടാവും. മാസക്കണക്കിന് വിശ്രമയാത്ര നടത്തുന്നവരുണ്ട്. പലേ ദേശക്കാർ. പലേ ഭാഷക്കാർ. താരതമ്യേന ചെലവുകുറഞ്ഞ പരിപാടിയാണിത്. വൃദ്ധരും ചെറുപ്പക്കാരും ഒരുപോലെ ആസ്വദിക്കുന്നു ഇത്തരം യാത്രകൾ. തിരക്കില്ല. തിടുക്കമില്ല. വേവലാതിയില്ല. കടലിന്റെ കാണാപ്പുറങ്ങളിൽ ഓർമകൾക്കു ചൂണ്ടയിടാം. പുത്തൻസ്വപ്നങ്ങൾക്കു വലവീശാം.
കപ്പൽജോലിക്കാർക്കു പക്ഷെ പിടിപ്പതു പണിയാണ്. രാവില്ല. പകലില്ല. യാത്രയുടെ സുരക്ഷനോക്കി യാത്രക്കാരുടെ സുഖമറിഞ്ഞ് വിശ്രമമില്ലാത്ത നാളുകൾ. കപ്പിത്താൻതൊട്ട് കുശിനിക്കാരൻവരെ ജാഗരൂകരായിരിക്കണം. ഒരു കൈപ്പിഴ മതി സ്വപ്നക്കൊട്ടാരം തകർന്നു തരിപ്പണമാവാൻ.
ആതിഥ്യവിഭാഗത്തിലാണ് വിഷ്ടി ചേർന്നത്. ഓരോരുത്തരുടെയും പേരുവിവരങ്ങളും മുറിനമ്പറുകളും ഇഷ്ടാനിഷ്ടങ്ങളും ചെലവിനങ്ങളും കംപ്യൂട്ടറിലിട്ട് ആവശ്യാനുസരണം വിശദാംശങ്ങളും നിർദേശങ്ങളും നൽകണം. യാത്രക്കാരുടെ ആവശ്യങ്ങളും പരാതികളും സ്വരൂപിച്ച് നിർദിഷ്ട വിഭാഗങ്ങളെ അറിയിക്കണം. അതിഥികൾക്കും ആതിഥേയർക്കുമിടയിൽ കാണാക്കണ്ണിയായി പ്രവർത്തിക്കണം.
ആദ്യാവേശത്തിൽ വിഷ്ടി മതിമറന്നുതുള്ളി. പിന്നെപ്പിന്നെ പണിത്തിരക്കു കൂടിയപ്പോൾ ഒട്ടൊന്നന്ധാളിച്ചു. വൈകാതെ ആത്മവിശ്വാസം വീണ്ടെടുത്തു. കഠിനാധ്വാനം അവൾക്കൊരു കടമ്പയല്ലല്ലോ.
ഒഴിവുസമയം അവൾ കപ്പൽത്തട്ടിൽ കഴിച്ചുകൂട്ടി. കൈവരിയിൽ കയ്യൂന്നി കടലിൽ കണ്ണുംപൂഴ്‌ത്തി കഴിഞ്ഞകാലത്തെക്കുറിച്ചോർത്തു. ഒരു നൂറ്റാണ്ടിനുമുമ്പ് തന്റെ പിതാമഹർ കിഴക്കുനിന്നു പടിഞ്ഞാറോട്ടു നീന്തി. എന്നെന്നേക്കുമായി. ഇന്നിതാ താൻ പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്ക്. താൽക്കാലികമായെങ്കിലും. അവരുടെ യാത്രയും തന്റെ യാത്രയുംതമ്മിൽ എന്തൊരന്തരം!
യാത്രക്കാരെല്ലാം നല്ല ഉന്മേഷത്തിലായിരുന്നു. നീലാകാശം. നീലക്കടൽ. ഇളംവെയിൽ. ഇളംതെന്നൽ. കൊച്ചോളങ്ങൾ. കടൽകാക്കകൾ കാഹളമൂതി. കടൽമീനുകൾ കുണുങ്ങിയൊളിച്ചു. കടൽപരപ്പിനെ ഒരു ചാട്ടുളിയെന്നോണം കീറിമുറിച്ചുകൊണ്ട് കപ്പൽ നീങ്ങി.
ഉപ്പുകാറ്റിൽ ഉന്മാദംകൊണ്ട യാത്രികർ. അവർ ഓരോരുത്തരും ഓരോ ചിന്തയിൽ. യാനപാത്രത്തിൽ ഇറക്കിവച്ച ഒരുപറ്റം ശരീരങ്ങൾ. അവരൊന്നായൊഴുകുന്നു. ഒന്നൊന്നായ് പിരിയുന്നു. അവരുടെ മനസ്സോ ഒന്നൊന്നായ് വിരിയുന്നു. ആഴിയുടെ അന്തതയിൽ ഒരു ബിന്ദു. അതിൽ നിഴലിക്കുന്നതോ ഒരു പ്രപഞ്ചം.
Generated from archived content: vishtikkoru20.html Author: narayana_swami