ശനിയും ഞായറും തനിയെ വീട്ടിൽ കഴിച്ചുകൂട്ടുക. വലിയ വിഷമമായിത്തുടങ്ങി. കടുത്ത ഏകാന്തത. വെള്ളിയാഴ്‌ച വൈകുന്നേരം എന്നെ വീട്ടിലെത്തിച്ചശേഷം ഫ്രെഡിയോടു യാത്രപറഞ്ഞുകഴിഞ്ഞാൽ ഞാൻ വായ തുറക്കുന്നത് ഞായറാഴ്‌ച വീട്ടിലേക്കു ഫോൺ ചെയ്യുമ്പോഴാണ്. പിന്നെ തിങ്കളാഴ്‌ച കാലത്തു ഫ്രെഡി വീണ്ടും വരുമ്പോൾ. അപൂർവമായി ഇടയ്‌ക്ക് ആരെങ്കിലും ഫോൺചെയ്താലായി. ഒഴിവുദിവസങ്ങളിൽ വല്ലവരെയും വിളിച്ച് ഉപദ്രവിക്കാൻ എനിക്കും തോന്നിയില്ല.
വണ്ടിയില്ലാത്തതുകൊണ്ട് അധികം ചുറ്റിത്തിരിയാൻ വയ്യ. എന്റെ വീടുവഴി പൊതുവാഹനങ്ങളുമില്ല. കാലത്തോ വൈകുന്നേരമോ ഇറങ്ങിനടക്കാമെന്നുവച്ചാൽ ഓരോ വീട്ടിൽനിന്നും വളർത്തുപട്ടികളുടെ കുര. അവിടെ കാൽനടക്കാരില്ലല്ലോ. പട്ടികൾക്കുപിറകെ ഉടമസ്ഥർ ഇറങ്ങിവന്നു നോക്കും. അത് അതിലേറെ അസഹ്യം.
മിക്കവാറും സമയം വീട്ടുമുറ്റത്ത് ചിക്കിക്കൊത്തി നടക്കും. കലബാഷ് മരമുണ്ട്. അതിൽനിറയെ ‘ലേഡി ബേർഡ്’ എന്ന പൂച്ചികളുണ്ട്. പേരയും കരിവേപ്പുമുണ്ട്. ആകാശംമുട്ടുന്ന മാവും പൈനുമുണ്ട്. രണ്ടുമൂന്നു ചെന്തെങ്ങും. ചെമ്പരത്തിയും കുളവാഴയും കാന്താരിയും. വേലിനിറയെ കടലാസ്സുപൂക്കളും.
അങ്ങനെ ഒരുദിവസം ചവറുകളയാൻ പടിക്കുവെളിയിൽ ഇറങ്ങിയതാണ്. ഓരോ വീടിനുമുമ്പിലും ചവറ്റുപെട്ടിയുണ്ട്. എന്റെ വീടിനുമാത്രമില്ല. സർക്കാരിന്റേതായതുകൊണ്ടാവാം. ഇതിൽ സ്ഥിരതാമസക്കാരുമില്ലല്ലോ. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ മുനിസിപ്പാലിറ്റിക്കാർ ചവറുകൊണ്ടുപോകാൻ വരും. ആ സമയത്ത് ഞാൻ ഓഫീസിലുമായിരിക്കും.
എതിർവീടിന്റെ പെട്ടിയിലിടാം എന്നു കരുതി നടന്നു. ഗേറ്റിൽതന്നെ ഒരു സ്ര്തീ നിൽക്കുന്നു. കണ്ട ഉടൻ അവർ പുഞ്ചിരിച്ചു.
“ഹൗ ഗോയിങ്ങ്?” എന്നോടാണു ചോദ്യം.
ഫ്രെഡി എന്നും എന്നെ വീട്ടിൽനിന്നു കൊണ്ടുപോകുന്നതും തിരികെ വിടുന്നതും ആ സ്ര്തീ കണ്ടിരിക്കണം. ഈ മുടക്കുദിവസം എങ്ങിനെ പുറത്തോട്ടുപോകും എന്നു ചോദിക്കുകയാവും. ഒരു പക്ഷെ എനിക്കു ലിഫ്‌റ്റുതരാനായിരിക്കും.
“ഇല്ലില്ല. ഞാനിന്നു വീട്ടിൽതന്നെ. എങ്ങും പോകാനില്ല. താങ്ക്‌സ്.” ഞാൻ നിർത്തി നിർത്തി വ്യക്തമായി പറഞ്ഞു. എന്റെ ഇംഗ്ലീഷ് അവർക്കു മനസ്സിലായില്ലെങ്കിലോ.
എന്നിട്ടും അവരുടെ മുഖത്തൊരു ചോദ്യചിഹ്നം. ചോദിച്ചതു തിരിഞ്ഞില്ലെന്നു വിചാരിച്ചിട്ടാവാം അവർ ആവർത്തിച്ചുഃ “ഹൗ ഗോയിങ്ങ്?”
പെട്ടെന്നാണ് ഇവിടത്തെ ഇംഗ്ലീഷിനെപ്പറ്റി ബോധോദയമുണ്ടായത്. ‘ജീവിതമെങ്ങിനെ’ എന്നാണു അന്വേഷണം.
“ഒന്നാന്തരം,” മറുപടി പിന്നെ വൈകിച്ചില്ല.
“ടേക്ക് കെയർ,” മംഗളംപറഞ്ഞ് അവർ അകത്തേക്കു നീങ്ങി.
ഇത് വി.കെ.എൻ. കേൾക്കണമായിരുന്നു. ഉടൻ പരിഭാഷ വന്നേനെഃ നേരമ്പോക്കെപ്പിടി? മുഷിയുന്നില്ലല്ലോ. ‘എയ്‌ഡ്‌സ്’ന്റെ കാലമാണ്. സൂക്ഷിക്കണം, ട്ടോ.
ഞാൻ തനിയെ ചിരിച്ചു.
വ്യായാമംപോരാതെ ഞാൻ അൽപം ചീർക്കുന്നതായി അനുഭവപ്പെട്ടു. ആഹാരത്തിലെല്ലാം കൊഴുപ്പു കൂടുതൽ. മാസങ്ങളായി ആരോടെങ്കിലും വഴക്കുപോലുമിട്ടിട്ട്. അൽപം വിയർക്കണം. ഇതിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ ചന്ദർ വഴി കണ്ടുഃ “വീട്ടിലൊരു സൈക്കിളുണ്ട്. ആരുമുപയോഗിക്കുന്നില്ല. കാറിൽ കേറ്റി എത്തിച്ചുതരാം. ഒരു റേഡിയോവും തരാം. ഇവിടെ ഇരുപത്തിനാലുമണിക്കൂറും പാട്ടുള്ള സ്‌റ്റേഷനുണ്ട്.”
സംഗതി ഭംഗിയായി. ഒഴിവുകിട്ടുമ്പോൾ മണിക്കൂർകണക്കിനു സൈക്കിൾ ചവിട്ടി. ഇരുപത്തിനാലുമണിക്കൂറും പാട്ടോടുപാട്ടായി. അതിൽ ഇന്ത്യൻസംഗീതം ഇടയ്‌ക്കിടെ. സ്‌റ്റേഷന്റെ ശ്രുതിഗീതംതന്നെ ഇന്ത്യക്കാർ ഉണ്ടാക്കിക്കൊടുത്തത്. വിരസതയ്‌ക്കൊരു വിരാമമായി.
സൈക്കിൾചവിട്ടി പോകുമ്പോൾ റോഡരികിൽനിന്ന് പക്ഷികൾ പറന്നുയരും. ചീറിപ്പായുന്ന കാറുകളിലുള്ളവർ വലിഞ്ഞുനോക്കും. കുട്ടയും കുലയും കറ്റയും ചവറും തലയിലേറ്റി തോട്ടങ്ങളിലൂടെ നടന്നുനീങ്ങുന്ന ജോലിക്കാർ തിരിഞ്ഞുനിൽക്കും. ചിലർ കൈവീശിക്കാണിക്കും. അപൂർവം ചിലർ പിന്നിൽ ഒച്ചവച്ചുവന്ന് പേടിപ്പിക്കാൻ നോക്കും.
പ്രഭാതക്കുളിരിൽ ഉറക്കെയുറക്കെ പാട്ടുംപാടി നീങ്ങും ചിലപ്പോൾ. കേൾവിക്കാരില്ലാത്ത തന്റേടം. ചിലപ്പോൾ സവാരിക്കിടെ സ്വപ്നം ചമയ്‌ക്കും. ഇടയ്‌ക്കുനിർത്തി മരക്കൂട്ടത്തിനിടയിലെ കൽക്കെട്ടിലിരിക്കും. വെള്ളച്ചാട്ടത്തിൽ മുഖം കഴുകും. പഴുത്തുതൂങ്ങുന്ന പപ്പായയും പേരയ്‌ക്കയും മാമ്പഴവും പറിച്ചു തിന്നും.
എനിക്കാകെ രസിച്ചു.
ഇതൊന്നും നാട്ടിലില്ലാത്തതല്ല. അകന്നുനിൽക്കുമ്പോഴേ അവനവന്റേതിന്റെ വിലയറിയൂ.
പെട്ടെന്നു തോന്നി. വിഷ്ടിയുടെ മനഃശാസ്ര്തവും ഇതായിരിക്കണം.
Generated from archived content: vishtikkoru16.html Author: narayana_swami