രാജകീയം

അതൊരു കാലമായിരുന്നു. എറണാകുളം മഹാരാജാസ്‌ കോളേജിൽ അറുപതുകളുടെ അവസാനവർഷങ്ങൾ. മലയാളസാഹിത്യപഠനചരിത്രത്തിൽ ഇതിനൊരു ഇടമുണ്ടാകും.

ഞങ്ങൾ സയൻസ്‌-വിദ്യാർഥികളാണെങ്കിലും ഐച്ഛികമായി ഭാഷയുണ്ട്‌. മിക്കവരും, ഭാവിയിൽ കണ്ണുനട്ടവർ, ഹിന്ദിയെടുക്കും. പാസ്സാകാനെളുപ്പം, മാർക്കോ കൊട്ടക്കണക്കിനും. പുത്രവിയോഗംകൊണ്ടു നീറിമരിച്ച ആ പ്രൊഫ. ഈച്ചരവാര്യർ അന്നുണ്ടവിടെ. അൽപം ആഢ്യത്തമുള്ളവർക്കു സംസ്‌കൃതം പഥ്യംഃ ‘സംഗതി എളുപ്പം. മുഷിയില്ലേനും’. തോൽക്കില്ല, തീർച്ച. പഠിപ്പിച്ചിരുന്നത്‌ ആരൊക്കെ ആയിരുന്നെന്ന്‌ ഓർമയില്ല. ആർക്കോവേണ്ടി ബംഗാളിയുണ്ടായിരുന്നു. പ്രൊഫ. നിലീമ അബ്രഹാമായിരുന്നു ഏക അധ്യാപിക. രാഷട്രീയനീതിക്കുവേണ്ടി അറബിക്കും ഉണ്ടായിരുന്നെന്നാണോർമ.

പക്ഷെ മലയാളത്തിന്റെ കാര്യം ഒട്ടു വേറെതന്നെയായിരുന്നു.

പലമട്ടിലും തട്ടിലുമുള്ള അധഃകൃതരും മലയാളംതന്നെവേണമെന്നു ശാഠ്യമുള്ള കുറെ പരാക്രമികളുമാണ്‌ മലയാളം ക്ലാസ്സിൽ ചേരുക. ഗ്ലാമർ നന്നേ കുറവ്‌. കാര്യമായി മാർക്കു കിട്ടില്ലെന്ന്‌ ഉറപ്പ്‌. തോൽവിയും അസാധാരണമല്ല.

പിന്നെ അധ്യാപകർ. അറിഞ്ഞിടത്തോളം അതിനുമുമ്പ്‌ ഒരിക്കൽമാത്രമേ അവിടെ ഇതുപോലൊന്നു സംഭവിച്ചിട്ടുള്ളത്രെ.

പ്രൊഫ. സി.എൽ. ആന്റണി – മലയാള-സംസ്‌കൃതവ്യാകരണങ്ങളിൽ കടുകട്ടി, മലയാളത്തിനു വരമ്പുകെട്ടിയ മഹാവിദ്വാൻ. പ്രൊഫ. ആനന്ദക്കുട്ടൻ – ആ വരമ്പൽപം മാറ്റിക്കെട്ടാനും വേണമെങ്കിൽ കെട്ടുപൊട്ടിക്കാനും മടിക്കാത്ത മനീഷി. പ്രൊഫ. കുഞ്ഞികൃഷ്ണമേനോൻ – ആട്ടക്കഥയും പകർന്നാട്ടവുമായി ക്ലാസ്സുമുറി കൂത്തമ്പലമാക്കുന്ന കുട്ടിഭീമൻ. പ്രൊഫ. ഒ. കെ. വാസുദേവപ്പണിക്കർ – ‘ഒകെവി’ എന്ന ചുരുക്കപ്പേരുപോലെതന്നെ എല്ലാം ഒരു ചിമിഴിലൊതുക്കും. പ്രൊഫ. ഗുപ്തൻനായർ – ഇസങ്ങൾക്കപ്പുറത്തുനിന്നുകൊണ്ടു സാഹിത്യത്തെയും മനുഷ്യനെയും സൗമ്യവും ദീപ്തവും സംഗീതസാന്ദ്രവുമാക്കിയ മഹാപ്രതിഭ. ഡോ. എം. ലീലാവതി — മൂർച്ചകൂട്ടിയ കത്തിപോലെ, തലങ്ങും വിലങ്ങും സാഹിത്യത്തെ ചെത്തിമിനുക്കിയ നിരൂപക, വാഗ്മി, ചിന്തക. പ്രൊഫ. എം. കെ. സാനു – മൃദുലമെങ്കിലും മാരകമായ മുറിപ്പാടുകൾ നൽകി മലയാളമേധയ്‌ക്കു മാറ്റംകുറിച്ച മഹാസാധ്വി. പ്രൊഫ. എം. അച്യുതൻ – വിമർശനത്തിലും വിചിന്തനത്തിലും വ്യതിരിക്ത വ്യക്തിത്വം വച്ചുപുലർത്തിയ വിനയാന്വിതൻ. പിന്നെ, തന്റെ ആദ്യപുസ്തകത്തിനു അസ്തിവാരം ചമച്ചുകൊണ്ടു താരതമ്യേന നവാഗതയായ ശ്രീമതി ഭാരതി – പിന്നീടു പ്രൊഫസറും മഹാരാജാസിന്റെ പ്രിൻസിപ്പലുമായി.

ചുരുക്കത്തിൽ അന്നത്തെ മലയാളസാഹിത്യധിഷണയുടെ തലസ്ഥാനമായിരുന്നു മഹാരാജാസ്‌ മലയാളം വിഭാഗം.

അവരുടെതന്നെ പുസ്തകങ്ങൾ അന്ന്‌ ആ അധ്യാപകർക്ക്‌ പഠിപ്പിക്കാനുമുണ്ടായിരുന്നെന്നതാണ്‌ രസം. അപ്പണി അവർ അന്യോന്യം കൈമാറിയെന്നത്‌ മറ്റൊരു രസം!

ഏറ്റവും രസം ഞങ്ങൾ ‘കൊലയാളികൾ’ (മലയാളക്കാർ)-ക്കായിരുന്നു — മലയാളാധ്യാപകരുടെ മറക്കാനാവാത്ത ക്ലാസ്സുകൾ. ‘മറ്റുഭാഷ’ക്കാരുടെ അസൂയ അതിലും രസകരം.

മുൻപ്‌​‍്‌ ജി. ശങ്കരക്കുറുപ്പും പിൻപ്‌​‍്‌ എം. കൃഷ്ണൻനായരും കയറിയിറങ്ങിയ പാരമ്പര്യം അത്രയെളുപ്പം മാഞ്ഞുപോവില്ലല്ലോ.

മിക്കവാറും ഉച്ചയൂണുകഴിഞ്ഞ്‌ ആദ്യത്തെ പിരീഡായിരിക്കും ആന്റണിസാറിന്റെ. ജനലുകൾക്കുപകരം വാതിലുകളുള്ള തുറന്ന ക്ലാസ്സ്‌. കായലിൽനിന്നുള്ള തണുത്ത കാറ്റ്‌. മുറ്റത്തെ അശോകമരത്തിന്റെ കിന്നാരം. ആലിലകളുടെ മർമരം. വാകപ്പൂവിന്റെ മാദകഗന്ധം. ഉറങ്ങിപ്പോകാനിനിയെന്തുവേണം? വ്യാകരണം.

പേരെച്ചവും വിനയെച്ചവും മറ്റുംമറ്റും പറഞ്ഞുവന്ന്‌ ഒരുനാൾ മാഷു മടിച്ചുമടിച്ചുചോദിച്ചു, “മനസ്സിലാകുന്നുണ്ടല്ലോ?”

‘മനസ്സിലാകാത്തതു മനസ്സിലായെന്നു പറഞ്ഞാൽ മനസ്സിലായതുകൂടി മനസ്സിലാവില്ല“ എന്നും ’ക്ലാസ്സിലുറങ്ങാം പക്ഷെ കൂർക്കം വലിക്കരുത്‌‘ എന്നും കൊച്ചുന്നാൾ വേറൊരധ്യാപകൻ പഠിപ്പിച്ചിട്ടുണ്ട്‌. അതിന്റെ ബലത്തിൽ പറഞ്ഞു, ”ഇല്ല.“

മാഷൊന്നു ചിരിച്ചു. ”വ്യാകരണം വെറും പത്തുമാർക്കിനുമാത്രം! മറ്റുതരത്തിൽ തെറ്റാതെയെഴുതി മലയാളത്തിനു മാർക്കുവാങ്ങാമെങ്കിൽ ഉറങ്ങിക്കോളൂ, ഉറങ്ങിക്കോളൂ!“

ആ ഉറപ്പിൽ ഇന്നേ തിയതിവരെ ഞാൻ വ്യാകരണം പഠിച്ചില്ല.

ഉറക്കാൻ അച്യുതൻസാറും മോശമല്ലായിരുന്നു. എങ്കിലും കഥാചരിത്രത്തിന്റ കാമ്പൂം കഴമ്പും അദ്ദേഹമാണ്‌ ഞങ്ങളിൽ അടിച്ചുറപ്പിച്ചത്‌.

കുഞ്ഞികൃഷ്ണമേനോൻ ഉറങ്ങാൻ വിടില്ല. ആളൊരു ’anachronism‘ ആയിരുന്നു. നെറ്റിനിറയെ കുങ്കുമപ്പൊട്ടണിഞ്ഞ്‌ ഒരു ’മോറിസ്‌ മൈനർ‘ കാറിൽ വരും. അച്യുതനെക്കൂടാതെ അദ്ദേഹം മാത്രമേ അന്നു കാലുറയിലുള്ളൂ. കയ്യിലൊരു മുറുക്കാൻചെല്ലവും. ആട്ടക്കഥയോടൊപ്പം ആട്ടവുമുണ്ടാകും. ആംഗികമില്ലാതെ ഒരു വാക്കില്ല.

ഇന്നുമോർക്കുന്നു ആ മണിപ്രവാളംഃ

”അംഗം തുംഗസ്തനഭരനതം

പുൽകുവാനോ നനാവിൽ

പോരാ പുണ്യപ്രസരം

എന്നുടെ വല്ലഭായാ.

നിന്നെക്കൊണ്ടെന്നഭിമത-

മെനക്കെയ്തലാമെന്റിരുന്തേൻ

നിദ്രേ, ഭദ്രേ ത്വമപിവിധുനാ

ദുർലഭാ വല്ലഭേവാ….“

(തെറ്റുണ്ടെങ്കിൽ തിരുത്തി വായിക്കണം!)

ഇപ്പോഴത്തെ ടിവി-പാട്ടുകാർ തോറ്റുപോകില്ലേ?

ആന്ദക്കുട്ടനാണെങ്കിൽ അറിവിന്റെ നിറകുടവും ചിരിയുടെ പൂത്തിരിയുമായായിരിക്കും എഴുന്നള്ളുക. പക്ഷെ ആ പൂരം വല്ലപ്പോഴും മാത്രം.

സാനുസാറിന്റെ സ്വരവും സ്വഭാവവും എന്നും ഒരേമട്ടിൽ. നിന്നപടി ഒരു മണിക്കൂർ. വെട്ടലും തിരുത്തലുമില്ലാതെ, പൊട്ടലും ചീറ്റലുമില്ലാതെ അനർഗളമായൊരൊഴുക്ക്‌.

ഒ.ക.വിയാണ്‌ തുഞ്ചനെ ഞങ്ങളുടെ നെഞ്ചിലേറ്റിയത്‌. മഹാഭാരതത്തിൽ വിശുദ്ധിക്കപ്പുറം വിജ്ഞാനവുമുണ്ടെന്ന്‌ അദ്ദേഹം ഞങ്ങൾക്കു കാണിച്ചുതന്നു. ഒച്ചപ്പാടൊന്നുമില്ലാത്ത ഒരു സ്ഥിതഃപ്രജ്ഞൻ!

അതെസമയം ലീലാവതി ടീച്ചർ ഒരു ’compulsive‘ സാന്നിധ്യമായിരുന്നു. പൂർവപഠനംകൊണ്ടും പുനഃപരിണയം കൊണ്ടുമായിരിക്കണം, ഞങ്ങൾ സയൻസ്‌-കാരെ വളരെ കാര്യമായിരുന്നു. മലയാളം M.A.-ക്കുചേരാൻ ഞാൻ തുനിഞ്ഞപ്പോൾ എന്നെ ശക്തമായി വിലക്കി. ”വേണ്ട. മലയാളം മറക്കാതെ കൂടെക്കൊണ്ടുനടന്നാൽ മതി. M.Sc.-എല്ലാം കഴിഞ്ഞ്‌ എന്നെങ്കിലും വേണമെന്നുണ്ടെങ്കിൽ അന്നു വരൂ. ഞാനുണ്ടെങ്കിൽ തനിക്കു സീറ്റുണ്ടാകും.“

അടുത്തകാലത്തുകണ്ടപ്പോൾ, എന്തോ, ടീച്ചറെന്നെ തിരിച്ചറിഞ്ഞില്ല. ആ ജ്വാലാമുഖിയിൽ സ്വന്തം ഓർമതന്നെ ഒന്നൊന്നായി കരിയുംപോലെ.

ഭാരതി ടീച്ചർ തുടക്കക്കാരിയായിരുന്നു അന്ന്‌. ഞങ്ങൾ കൊച്ചിപ്രജകൾക്ക്‌ അവരുടെ കൊല്ലം ഭാഷ അൽപം അരോചകമായിരുന്നു.

ഗുപ്തൻനായർസാറിന്റെ ക്ലാസ്സിനു വെളിയിൽപോലും ആളുണ്ടാകും. സംഗീതവും സാഹിത്യവുമായി ആ ക്ലാസ്സ്‌ മുന്നേറുമ്പോൾ കണക്കുക്ലാസ്സുകളും മറ്റു പലതും ശൂന്യമായിരിക്കും.

ഒരിക്കൽ എന്തോ ഒരു സന്ദർഭത്തിൽ സവിതാവിനു ’സൂര്യൻ‘ എന്ന്‌ അർഥം പറഞ്ഞുതന്നു. എനിക്കു സംശയമായിഃ ”സവിക്കുന്നത്‌ ’ഭൂമി‘ അല്ലേ? എല്ലാത്തിന്റെയും ഉറവിടം?“

അരക്ഷണം സാറൊന്നു നിർത്തി. എന്നിട്ട്‌, ”അച്ഛൻ അമ്മയാകുമോ?“

ഞാനാകെ വിയർത്തു; അവിവേകമായോ?

ഒരു ഭാവഭേദവുമില്ലാതെ സാർ തുടർന്നുഃ ”സവിക്കുന്നവൻ സവിതാവ്‌. എല്ലാത്തിനെയും ഉണർത്തുന്നവൻ സൂര്യൻ. പ്രസവിക്കുന്നവൾ മാതാവ്‌. ഭൂമി എല്ലാറ്റിനും മാതാവ്‌. സൂര്യൻ സവിതാവ്‌ — അച്ഛൻ.“

ഞാൻ അതു കുറിച്ചെടുത്തു.

കഷ്ടി കഴിഞ്ഞെന്നു കരുതിയപ്പോൾ സാറിന്റെ മറ്റൊരു ചോദ്യംഃ ”B.Sc. ആണല്ലേ“

”അതെ“

”ഫിസിക്സ്‌?“

”അതെ“

”അവർക്കേ ഇത്തരം വികൃതി തോന്നൂ!“

Generated from archived content: chilarum8.html Author: narayana_swami

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English