ഔപചാരികത അഴിച്ചുമാറ്റുമ്പോൾ

അനൗപചാരികതയുടെ ആൾരൂപമായാണ്‌ ഡോ.എ.പി.ജെ. അബ്‌ദുൾ കലാം നമ്മുടെ മനസ്സിലെല്ലാം. ഇങ്ങനെയൊരു രാഷ്‌ട്രപതി ഇനിയും നമുക്കുണ്ടാകുവാൻ വിഷമം. കേമന്മാർ ഉണ്ടായേക്കാം; കുറഞ്ഞവരും ഉണ്ടായേക്കാം. എങ്കിലും ഇത്രമാത്രം പൊതുജനഹൃദയങ്ങളിലേക്കിറങ്ങുവാൻ മാത്രം സന്മനസ്സുണ്ടായ വേറൊരാൾ?

എഴുപതുകളിൽ തിരുവനന്തപുരത്തെ ശൂന്യാകാശഗവേഷണകേന്ദ്രത്തിൽവച്ച്‌ അദ്ദേഹത്തെ കണ്ടതായി ഓർമയുണ്ട്‌. പരിചയപ്പെട്ടിട്ടൊന്നുമില്ല. സ്വന്തം ഇരിപ്പിടത്തിൽ തലയും താഴ്‌ത്തി ഗൗരവത്തിൽ പണിചെയ്‌തിരുന്ന പലരുംപോലെ ഒരാൾ. പിന്നീട്‌ നമ്മുടെ രാഷ്‌ട്രപതിയായി. ദന്തഗോപുരം, തച്ചുടച്ച്‌ താഴേക്കിറങ്ങിവന്ന്‌ താൻതന്നെ തനതായൊരു ശൈലിയായി. മഹാൻമാരെ കാരിക്കേച്ചറാക്കുന്നതു കലാശൈലി. കാരിക്കേച്ചറിനെ മഹാനാക്കിയത്‌ കലാംശൈലി.

മറിച്ച്‌, ഡോ രാജാ രാമണ്ണ നിൽപ്പിലും നടപ്പിലും വാക്കിലും വേഷത്തിലുമെല്ലാം തികഞ്ഞ ഔപചാരികത പുലർത്തിയിരുന്ന ഒരാളായിരുന്നു. അന്താരാഷ്‌ട്ര – ആണവകാര്യങ്ങളുടെ ഗൗരവം എന്നും മുഖത്തുണ്ടായിരുന്നു.

ഔദ്യോഗികവേളയിൽ തന്നെ അദ്ദേഹത്തെ അനൗപചാരികമായി അനുഗമിക്കാൻ ഒരിക്കൽ അവസരംകിട്ടി.

അന്നേക്ക്‌ ഡോ. രാമണ്ണ രാജ്യസഭയിൽ നിന്നും കേന്ദ്രമന്ത്രിസഭയിൽനിന്നും വിരമിച്ചിരുന്നു. ഞങ്ങളുടെ ഗവേഷണസ്‌ഥാപനത്തിലെ ഒരു ചടങ്ങിന്‌, വളരെ വിരളമായ ഒരു സന്ദർശനം. അതിനിടെ സ്‌ഥലത്തെ ആകാശവാണിക്ക്‌ അദ്ദേഹവുമായി ഒരു മുഖാമുഖം വേണം. ‘നിലയവിദ്വാൻ’ ഉണ്ണികൃഷ്‌ണമേനോൻ വിളിച്ചു പറഞ്ഞു, എങ്ങിനെയെങ്കിലും ഒന്നു തരപ്പെടുത്തണം.

ഒട്ടും മടിക്കാതെ രാമണ്ണ സമ്മതം തന്നു. അപ്പോൾ മുഖാമുഖം ഞാൻ ചെയ്യണമെന്നു മേനോൻ. എനിക്കു ശരിക്കും ഇടിവെട്ടേറ്റു.

തയ്യാറെടുക്കാൻ കേവലം അര ദിവസം സമയം. അന്നുരാത്രി അല്‌പം ഉറക്കമൊഴിച്ച്‌ ഞാൻ ഒരുകൂട്ടം ചോദ്യങ്ങളുണ്ടാക്കി. പിറ്റേന്നു കാലത്ത്‌, പറഞ്ഞ സമയം ഹോട്ടൽ ലോബിയിൽ ഡോ. രാമണ്ണ റെഡി. കാർസവാരിക്കിടിയിൽ ഞാൻ ചോദിക്കാനുദ്ദേശിച്ചിരുന്ന ചോദ്യങ്ങൾ എടുത്തിട്ടു. രണ്ടേ രണ്ടെണ്ണം – മന്ത്രിയായിരുന്നപ്പോഴത്തെ കാര്യങ്ങളും പൊഖ്‌റാൻ സ്‌ഫോടനത്തെക്കുറിച്ചുള്ള കാര്യങ്ങളും – ചോദിക്കരുതെന്നു രാമണ്ണ വിലക്കി. ഔദ്ധത്യമല്ല; ഔചിത്യം. ഔന്നത്യം.

മുഖാമുഖം പരിപാടി ഉഗ്രനായി – മണിമണിപോലത്തെ പ്രതികരണങ്ങൾ. ദില്ലി ആകാശവാണിയടക്കം അതു പല തവണ പ്രക്ഷേപണം ചെയതു.

തിരിച്ചു വരുന്ന വഴിയിൽ അദ്ദേഹം ഒരു ആഗ്രഹം പറഞ്ഞു . ഞങ്ങളുടെ സമുദ്രപുരാവസ്‌തുവിഭാഗം ഒന്നു കാണണം. ഔദ്യോഗികപരിപാടിയിൽ ഉൾപ്പെട്ടതല്ല. സമയവും കഷ്‌ടി. അടുത്ത മീറ്റിംഗിനുമുമ്പ്‌ ഞാൻ ഡോ. രാജ രാമണ്ണയെ ആ വിഭാഗം കൊണ്ടുചെന്നു കാണിച്ചു. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ സന്ദർശനവും ഒരു വിദ്യാർത്ഥിയുടേതെന്നപോലത്തെ സംശയങ്ങളും ഞങ്ങളുടെ പുരാവസ്‌തുഗവേഷകരെ അത്ഭുതപ്പെടുത്തി.

വൈകുന്നേരത്തെ പൊതുചടങ്ങിൽ അദ്ദേഹത്തിന്റെ പിയാനോ വായനയുമുണ്ടായിരുന്നു. അതു തികച്ചും പാശ്ചാത്യരീതിയിലുമായിരുന്നു.

2004-ൽ ഡോ. രാമണ്ണ മരിച്ചു. ഇവരിൽ രണ്ടുപേരിൽനിന്നും വ്യക്തിരക്തനാണ്‌ ഡോ. സയ്യദ്‌ സഹൂർ കാസിം. അന്റാർട്ടിക്കയിലേക്ക്‌ ആദ്യമായി ഇന്ത്യൻഗവേഷകസംഘത്തെ നയിച്ച സമുദ്രശാസ്‌ത്രജ്ഞൻ. കലയിലും സാഹിത്യത്തിലുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യവും ആദരണീയമാണ്‌.

കുറച്ചേറെക്കാലം എന്റെ മേലധികാരിയായിരുന്നു. ഡോ.കാസിം തലയേക്കാൾ വലിയ തൊപ്പിയും കാലിനേക്കാൾ വലിയ ചെരിപ്പും തന്ന്‌ സഹപ്രവർത്തകരെ അതിലേക്കു വളരുവാൻ വിടുന്നതാണ്‌ അദ്ദേഹത്തിന്റെ ശൈലി. ഓഫീസ്‌ സമയം കഴഞ്ഞാൽ ഒരു നിമിഷം വൈകിക്കില്ല. ആരെയും അർധരാത്രിവിളിപ്പിച്ചു പണിയെടുപ്പിക്കുകയുമില്ല. ജീവിതം കളഞ്ഞൊരു പണിവേണ്ടന്നാണ്‌. തെറ്റുകണ്ടാൽ ചൂണ്ടിക്കാണിക്കും; തിരുത്തിയും തരും.

ഞാനന്ന്‌ നന്നേ ചെറുപ്പമാണ്‌. എന്നെ വിളിച്ച്‌ ആരുടെയോ ഒരു തടിയൻ ഗവേഷണതീസീസ്‌ കയ്യിൽ തന്നു. നന്നായി പഠിച്ച്‌ അഭിപ്രായം പറയാൻ. ഒരാഴ്‌ചയെടുത്തു അതൊന്നു വായിച്ചു തീർക്കാൻ. പിന്നെയൊരു വാശിയിൽ അതിനിശിതമായി ഒരു കുറിപ്പുമെഴുതിക്കൊടുത്തു.

കാസിം എന്നെ വീണ്ടും വിളിച്ചു. ചെന്നപാടേ എന്റെ കുറിപ്പിനടിയിൽ എന്തോ എഴുതി തിരിച്ചു തന്നു. “However I strongly recommend award of the degree to the candidate.” എന്നിട്ടൊരു ഉപദേശവും “നാലും അഞ്ചും കൊല്ലം പണിയെടുത്തിട്ടാണ്‌ ഒരു വിദ്യാർത്ഥിതീസിസെഴുതുന്നത്‌. എന്തിന്‌? ഡിഗ്രികിട്ടാൻ. അതിനുശേഷം ഒരു ജോലികിട്ടാൻ. എത്രവേണമെങ്കിലും വിമർശിക്കാം. പക്ഷെ അവസാനം ശുപാർശ ‘ഡിഗ്രികൊടുക്കണം’ എന്നാവണം. ബാക്കി പണിസ്‌ഥലം നോക്കിക്കൊള്ളും!”

ഇന്നും ഞാനതു പിൻതുടരുന്നു.

ആരെയും മുഷിപ്പിക്കാൻ ഇഷ്‌ടമല്ല അദ്ദേഹത്തിന്‌. അതു കേന്ദ്രമന്ത്രിയായാലുംകൊള്ളാം കൊച്ചുതോട്ടക്കാരനായാലുംകൊള്ളാം. ഇഷ്ടമില്ലെങ്കിലും അതു മുഖത്തുകാട്ടാതെ ഒഴിഞ്ഞുമാറുവാൻ അതിചതുരനാണ്‌ ഡോ. കാസിം. ഇഷ്‌ടപ്പെട്ടാലോ, അതു വിളിച്ചുപറയുവാൻ മടിയില്ലാതാനും.

ഒരു ഡ്രൈവർ സ്‌ഥിരം പരാതിക്കാരനായിരുന്നു. പരാതികൊണ്ടു ചെവികടിക്കുവാൻ തുടങ്ങിയാൽ ഡോ. കാസിം കാറിന്റെ വെളിയിൽ നോക്കി പെട്ടെന്നു ചോദിക്കും. “ഇതേതാ സ്‌ഥലം? Very beautiful. ഓ, വളരെ മാറിപ്പോയല്ലോ”!

പിന്നെ കൂടെയുള്ളവരോടു മറ്റുകുശലങ്ങളിലേക്കു കടക്കും. അതോടെ പരാതിയും ചൂടാറും. അന്ന്‌ ഒരുപാടുപ്‌സ്‌തകങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രായത്തിലായിരിന്നു ഞാൻ. അദ്ദേഹം വിദേശയാത്രക്കിടയിൽ വായിക്കാൻ എന്റെ കയ്യിൽനിന്ന്‌ സ്‌ഥിരമായി പുസ്‌തകങ്ങൾ കടംമേടിക്കുമായിരുന്നു. തിരിച്ചുവന്നിറങ്ങിയ ഉടൻ ഒരൊറ്റയെണ്ണം തിരിച്ചുതരാതിരുന്നിട്ടുമില്ല. പിന്നെ, ഇടതുകൈ എളിയിൽകുത്തി വലതുകൈപ്പടം വിടർത്തിപ്പിടിച്ച്‌ ഇരുകൈവിരലുകളും ആട്ടിയാട്ടി, പുസ്‌തകങ്ങളെപ്പറ്റി ഒരു ചർച്ചയും!

എന്റെ ആദ്യത്തെ പുസ്‌തകം പ്രസിദ്ധപ്പെടുത്താൻ അനുവാദത്തിനായി ഞാനൊരു ഔദ്യോഗിക – കുറിപ്പയച്ചു. അതിനു മാത്രമല്ല, ഭാവിയിലെഴുതുന്ന എല്ലാത്തിനു മൊത്തം സമ്മതം തന്നുകൊണ്ടുള്ള മറുപടിക്കുറിപ്പ്‌! ഔദ്യോഗികക്രമങ്ങൾ പാലിച്ചുകൊണ്ടുതന്നെ അവയെ മറികടക്കാൻ ഡോ. കാസിമിനറിയാം.

അദ്ദേഹം കേൾക്കാതെ, ‘സുൽത്താൻ’ എന്നാണു ഞങ്ങൾ ഡോ. കാസിമിനെ വിളിക്കുക. വി.കെ.എൻ. ആണെന്നു തോന്നുന്നു, കൊച്ചി രാജാവിനെപ്പറ്റി എഴുതിയത്‌ഃ എന്തു ചോദിച്ചാലും ‘ആരാ?’ എന്തു പറഞ്ഞാലും നന്നായി.

അതുപോലെ ഡോ. കാസിമിന്റെ സ്‌ഥിരം മന്ത്രം.

എന്തു പറഞ്ഞാലും ‘Very good*.

എന്തു ചോദിച്ചാലും ’No problem‘!

Generated from archived content: chilarum15.html Author: narayana_swami

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here