കാലം ആരെയും വെറുതെ വിടുന്നില്ല. ചിലർക്കു കുറെക്കാലം; ചിലർക്കു കുറേ കാലം. കോട്ടയത്തെ കള്ളുകുടിയൻ പറഞ്ഞതിൽ കാര്യമുണ്ട്. “ജനിക്കുന്നതുമുതൽ മരിക്കുന്നതുവരെയുള്ള ഒരു ആക്രാന്തം”; അതല്ലേ ജീവിതം?
മഴനാളായതുകൊണ്ടാകാം, മനസ്സുനിറയെ മൺമറഞ്ഞവർ. എന്റച്ഛൻ മരിച്ചതും ഒരു മഴദിവസമായിരുന്നു. അന്തിക്കു ശവദാഹവും കഴിഞ്ഞ് മഴയിൽകുളിച്ചു വന്നതും മനസ്സിലുണ്ടാകാം. എന്റെയൊരു സുഹൃത്തു പറയാറുണ്ട്, വരുന്നതിനെപ്പറ്റി പുലർകാലവും പോയതിനെപ്പറ്റി സന്ധ്യാകാലവും ഓർമിപ്പിക്കുമെന്ന്. മഴക്കാലം വിരഹികളെ വിഭ്രമിപ്പിക്കുമെന്ന് കാളിദാസൻ.
ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലം. ഓണപ്പൂട്ടൽ കഴിഞ്ഞ് സ്‌ക്കൂൾ തുറന്നപ്പോൾ ക്ലാസ്സിൽ ഒരാളുടെ കുറവ്. അന്വേഷിച്ചപ്പോൾ ‘ആ കുട്ടി മരിച്ചുപോയി’ എന്ന് ഉത്തരം കിട്ടി. അന്നാണ് ഞാൻ മരണത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നതും.
കാക്ക ചത്തു, കാള ചത്തു, കൊതുകു ചത്തു എന്നെല്ലാം പറഞ്ഞാൽ അറിയാം.
‘മരിച്ചെന്നു പറഞ്ഞാൽ എന്താ?’
എന്റെ കുഞ്ഞുചോദ്യത്തിന് ആരോ വലിയ മറുപടി പറഞ്ഞുഃ ‘ഇനി വരില്ല’.
ഒരു കാക്കയോ കാളയോ കൊതുകോ ചത്താൽ വേറൊന്നു തിരിച്ചു വരും. മരിച്ച മനുഷ്യൻ തിരിച്ചു വരില്ല. ചത്തതു തിരിച്ചുവരും. മരിച്ചതു തിരിച്ചു വരില്ല. ഞാൻ മനസ്സിലാക്കിയതങ്ങനെയാണ്. എന്നും ഒന്നിച്ചാണു ഞങ്ങൾ പള്ളിക്കൂടംവിട്ടു വരിക. അന്നു വൈകുന്നേരം ഞാൻ കരഞ്ഞു.
ആ കുട്ടിയുടെ പേരു മറന്നു. ആ രൂപം ഇന്നും മനസ്സിലുണ്ടെങ്കിലും.
അര നൂറ്റാണ്ടു കഴിഞ്ഞു.
www-ൽ മറ്റെന്തിനോ തിരയുമ്പോഴാണ് മലയാളസിനിമയിൽ കുറച്ചുകാലം മാത്രം ജ്വലിച്ചു നിന്ന ഒരു അനുഗ്രഹീത കലാകാരിയെപ്പറ്റി യാദൃച്ഛികമായി വായിക്കാനിടയാകുന്നത്. അന്ത്യത്തെക്കുറിച്ചുള്ള കുറിപ്പിൽനിന്ന്, ആത്മഹത്യയാണ്. ഫോട്ടോ കണ്ടപ്പോൾ ഒരു മുഖപരിചയവും. എന്തോ ഉൾപ്രേരണയാലാവണം, മലയാളംപേജുകളിൽ എവിടെയെല്ലാമോ പരതി കൂടുതൽ വിവരങ്ങൾ കിട്ടി. നാടും വീടും ജനനത്തിയതിയുമെല്ലാം.
ഞങ്ങൾ പത്താംവയസ്സിലെ സഹപാഠികൾ. അന്ന് അഞ്ചാംക്ലാസ്സിലെ അധ്യാപകൻ എന്നെ തല്ലാൻ വടിയോങ്ങിയപ്പോൾ അരുതെന്നു വിലക്കി ബഹളംവച്ച പാവം പാവാടക്കുട്ടി. (അന്ന് അവൾക്കും കിട്ടി രണ്ടെണ്ണം). അതേ, അത് അവൾതന്നെയായിരുന്നു. വല്ലാത്ത വല്ലായ്മ തോന്നി.
പിന്നീട് എത്ര ശ്രമിച്ചിട്ടും ആ വെബ്‌പേജുകൾ കണ്ടെത്താനായില്ല.
എന്റെ ബന്ധുക്കളിലും പരിചയക്കാരിലും സഹപ്രവർത്തകരിലും സുഹൃത്തുക്കളിലുമെല്ലാം പലരും മരിച്ചവരായുണ്ട്. അതിൽ ചിലരുടെ മാത്രം രൂപവും ഭാവവും ശബ്ദവും എന്നെ വിട്ടു മാറുന്നേയില്ല. അവരാരുമായും പറയാൻമാത്രം വൈകാരികബന്ധമൊന്നുമില്ലായിരുന്നു എങ്കിലും.
അതിലൊരാളാണ് ബോപ്പണ്ണ. താപവൈദ്യുതി കോർപറേഷനിലെ എഞ്ചിനീയറായിരുന്നു. ഒരു വർഷത്തെ ഔദ്യോഗിക ബന്ധമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ. അതിനിടയിൽ സ്വന്തംനാടായ കുടകിനെക്കുറിച്ചും അവരുടെ പ്രത്യേക ജീവിതസമ്പ്രദായത്തെക്കുറിച്ചുമെല്ലാം എനിക്കു പറഞ്ഞുതന്നിരുന്നു. ഭാര്യ റാണിയും വളരെ പരിഷ്‌കൃതയായിരുന്നു. തിമ്മപ്പയുടെയും കരിയപ്പയുടെയുമെല്ലാം പിൻമുറക്കാർ.
വർഷങ്ങൾക്കുശേഷം വേറൊരു വഴിയാത്രയിലാണ് ബോപ്പണ്ണയെ വീണ്ടും കാണുന്നത്. ആദ്യം ഞങ്ങൾ പരസ്പരം തിരിച്ചറിഞ്ഞില്ല. ഒട്ടും പ്രതീക്ഷിക്കാത്തതാണല്ലോ. സംസാരിക്കാൻ കുറെ കാര്യങ്ങളുണ്ടെന്നും താമസിയാതെ ബന്ധപ്പെടാമെന്നും പറഞ്ഞ് ബോപ്പണ്ണ പിരിഞ്ഞു. ഞങ്ങൾ രണ്ടുവഴിക്കായിരുന്നു.
പിന്നെ കണ്ടില്ല. കേട്ടതേയുള്ളൂ.
ഒരു വൻവിമാനാപകടം. പൂർണമായും വെന്തെരിഞ്ഞിട്ടും ഒരാൾമാത്രം ജീവനോടെ ബാക്കി. അതു ബോപ്പണ്ണയായിരുന്നു. ആസ്പത്രിയിൽ ഒരു മാസത്തെ വീരോചിതമായ ചെറുത്തുനിൽപ്പിനുശേഷം വിധിക്ക് അടിയറ പറഞ്ഞു ബോപ്പണ്ണ.
ആ രൂപവും ഭാവവും ശബ്ദവും ഇന്നും മനസ്സിലുണ്ട്. ഒരു തുളുനാടൻപാട്ടുപോലെ.
Generated from archived content: chilarum14.html Author: narayana_swami
Click this button or press Ctrl+G to toggle between Malayalam and English