ഹൈസ്‌ക്കൂൾക്ലാസ്സുകളിലൊന്നിലാണ് ഉള്ളൂരിന്റെ ഈ വരികൾ പഠിക്കുന്നത്‌ഃ
“പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം പദേപദേ നാം പ്രമുദിതർ കാൺമൂ ഭവാബ്ധി ഗോഷ്പദമായ്”
ഇതോർത്തുവയ്‌ക്കുന്നവർ ഒരിക്കലും ആത്മഹത്യക്കൊരുമ്പെടില്ലെന്ന് അന്നത്തെ മലയാളംഅധ്യാപകൻ പറഞ്ഞത് ഇന്നും മനസ്സിലുണ്ട്.
ഒട്ടുമിക്കവർക്കും ജീവിതം പട്ടുമെത്തയൊന്നുമല്ല. എങ്കിലും പ്രകൃതിയും പരിസരവും പലരും പലതും നൽകുന്ന കൊച്ചുകൊച്ചുസന്തോഷങ്ങൾ ജീവിതത്തെ സുന്ദരമാക്കുന്നു; അതു കാണാനുള്ള അകക്കണ്ണുണ്ടായാൽ.
പണ്ട് Reader’s Digestആൽ വായിച്ചതാണ്. വിമാനം തകർന്ന് ഒരാൾമാത്രം ജീവനോടെ ഒരു മലമ്പ്രദേശത്തു വീഴുന്നു. നിരാശനായി വരണ്ട പാറക്കെട്ടുകളിൽ മുട്ടിലിഴഞ്ഞു നീങ്ങുമ്പോൾ കാണുന്നു, അതാ പൊട്ടിവിരിഞ്ഞു നിൽക്കുന്ന ഒരു ചെറുപുഷ്പം. ആരോരും കാണാനില്ലെങ്കിലും ആർക്കും ആവശ്യമില്ലെങ്കിലും ആ പൂവിന്റെ സൗന്ദര്യത്തിന്റെ ദിവ്യത്വവും ജീവിക്കാനുള്ള ത്വരയും അയാളെ ഗ്രസിക്കുന്നു. അതിന്റെ പ്രചോദനത്തിൽ ദിവസങ്ങൾ പിന്നിട്ട് അയാൾ രക്ഷപ്പെടുന്നതാണു കഥ.
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻചായ്‌വിൽ, കൊങ്കൺപ്രദേശത്ത് നിരത്തുകൾ കേറിയും ഇറങ്ങിയുമാണ്, ഇടതും വലതും തിരിഞ്ഞാണ്. വണ്ടിയിൽപോകുമ്പോൾ പത്തെണ്ണുന്നതിനുമുമ്പേ ഒരു കേറ്റം, ഒരിറക്കം. അല്ലെങ്കിൽ ഇടത്തോട്ടോ വലത്തോട്ടോ ഒരു വൻമടക്ക്. പാണ്ടുപിടിച്ച മലഞ്ചെരിവും പുല്ലുമാത്രം കിളിർക്കുന്ന താഴ്‌വരയും. വിജനം. വിരൂപം. ഒരിക്കൽ അങ്ങിനെയൊരു പ്രദേശത്താണ് ഒരു സ്വകാര്യബസ് ഞങ്ങളെ കൊടുംരാത്രിയിൽ തള്ളിവിട്ടത്. ബസ്സു കേടാണെന്നുപോലും (നുണ)പറയാതെ ജീവനക്കാർ മുങ്ങി. കള്ളക്കടത്തോ കള്ളോട്ടമോ, എന്തോ.
എന്തോ തട്ടലും മുട്ടലുമെല്ലാം ആദ്യം കേട്ടിരുന്നു. അതിരാവിലെ കണ്ണുതുറക്കുമ്പോഴുണ്ട് വാഹനം ഒരു മലയിടുക്കിൽ ഓരം ചേർന്നു കിടക്കുന്നു. ദൂരെ പെരുവഴിയിൽകൂടി മറ്റുവണ്ടികൾപോകുന്ന ഇരമ്പൽ കേൾക്കാനുണ്ട്. വേറൊരു മാർഗവുമില്ലാതെ പെട്ടിയുംതാങ്ങി ഞങ്ങൾ യാത്രക്കാർ കുന്നുകയറാൻ തുടങ്ങി. എങ്ങനെയെങ്കിലും കൂടണയണമല്ലോ. ദേഷ്യവും നിരാശയും ക്ഷീണവുമെല്ലാംകൂടി കുഴഞ്ഞുമറിയുമ്പോഴാണ് അതു കാണുന്നത്. പാറക്കെട്ടിലെ ഒരു വിടവിലൂടെ തെളിനീർ. ആരോ വളച്ചു കുത്തിയിരിക്കുന്നു അതിന്ററ്റത്ത് ഒരില. അതിലൂടെ വെള്ളം ഒഴുകിവരുന്നു ഒരു പൈപ്പിലൂടെ എന്നപോലെ. ഞങ്ങൾ വായും മുഖവും കഴുകി നോക്കിയത് പുത്തൻ ഉണർവോടെ ഒരു പുത്തൻ ലോകത്തെയാണ്. ശരീരവും മനസ്സും ഒന്നുപോലെ തളർത്തിവിട്ടു ഒരുകൂട്ടർ; അവയെ നിമിഷംകൊണ്ടു പുനരുജ്ജീവിപ്പിച്ചു ഏതോ ഒരു അജ്ഞാതമനുഷ്യൻ.
പിൻവർഷങ്ങളിൽ ആ നീരൊഴുക്കും പച്ചിലപൈപ്പും ഞാൻ പല തവണ പല സമയങ്ങളിൽ പോയിനോക്കി. അപ്പോൾ പൊട്ടിച്ചുകുത്തിയപോലെ ഇല. അതിലൂടെ ആരെയോകാത്ത് നീരൊഴുക്ക്. ആ പുണ്യജീവിയെ മാത്രം കണ്ടെത്താനായില്ല.
പണിസ്ഥലത്ത് അത്ര നല്ലതല്ലാത്ത കാലം. ഉന്നതസ്ഥാനീയർ എല്ലാവരുമായി കൊമ്പുകോർക്കുന്ന കാലം. സഹപ്രവർത്തകർക്ക് സഹായകമാകുന്ന എന്റെ ചില്ലറപദ്ധതികൾപോലും ഞാൻ തുടങ്ങിവച്ചെന്ന കാരണത്താൽമാത്രം മുച്ചൂടും മുടിക്കപ്പെടുന്ന കാലം. നാളെമുതൽ തിരിച്ചു പണിസ്ഥലത്തേക്കില്ല എന്നുറപ്പിച്ച്, വൈകുന്നേരം വണ്ടിയിൽകയറി താക്കോൽതിരിക്കുമ്പോഴുണ്ട് മുൻചില്ലിൽ ഒരു ചെംപനിനീർപ്പൂ കുത്തിനിർത്തിയിരിക്കുന്നു. ആ നിമിഷം ഞാൻ തീരുമാനം മാറ്റി. എന്നെ മനസ്സിലാക്കാനും മനസ്സിൽകൊണ്ടുനടക്കാനും ഒരാളെങ്കിലുമുണ്ടെങ്കിൽ അയാൾക്കുവേണ്ടിയെങ്കിലും ഞാൻ എന്റെ കർമം മുടക്കിക്കൂടാ. അരുത്. അരുത്.
പിന്നീടൊരിക്കൽ എനിക്ക് വളരെ ഗൗരവമേറിയ ഒരു ശസ്ര്തക്രിയനടക്കുമ്പോൾ, ഞാൻ ആരാധനക്കാരനൊന്നുമല്ലെന്ന് പരക്കെ അറിയാമെങ്കിലും അടുത്തൊരു ദേവാലയത്തിൽ ആരോ അജ്ഞാതനായിത്തന്നെ അഞ്ജലിയർപ്പിച്ചത്രേ. അന്നും ഇന്നും അതെനിക്കൊരു കടംകഥ. ഒരു കൊച്ചു കഥ. ഒരു കൊച്ചു കടം.
അത്യാവശ്യമായ ഒരു ഔദ്യോഗിക-വിദേശയാത്രക്കുള്ള വിസയ്‌ക്കുവേണ്ടി എംബസിയിൽ ചെല്ലുമ്പോഴുണ്ട് അവിടെ പതിവില്ലാത്ത കുഴപ്പങ്ങൾ. കാവൽക്കാർ പടിവാതിൽകൂടി കടത്തിവിടുന്നില്ല. നൂറുകണക്കിനു ജനങ്ങൾ. രണ്ടുദിവസമായി നീണ്ടുനിൽക്കുന്ന ക്യൂ. എനിക്കാണെങ്കിൽ ആ രാത്രിയിൽതന്നെ വിമാനത്തിൽ കയറുകയും വേണം. എംബസിയുടെ അകത്തു കടന്നുകിട്ടിയാൽ ഒരുനിമിഷത്തെ പണിയേ ഉള്ളൂ. പക്ഷെ അതിനു കഴിയണ്ടേ. കാവൽക്കാരനോട് ഇതുവിളിച്ചുപറയുമ്പോൾ കേട്ടുനിന്നിരുന്ന ഒരു പയ്യൻ മൊബൈൽഫോൺ പുറത്തെടുത്ത് ഡയൽചെയ്തുപറഞ്ഞുഃ ‘ഈ സ്ര്തീയോടു സംസാരിക്കൂ’. അവർതന്നെയായിരുന്നു എംബസിക്കകത്ത് ഞാൻ കാണേണ്ടിയിരുന്ന ആൾ. അതേഫോണിൽ അവർ കാവൽക്കാരനെവിളിച്ച് എന്നെമാത്രം കയറ്റിവിടാൻ പറഞ്ഞു. മറ്റുള്ളവരുടെ വൻപ്രതിഷേധങ്ങൾക്കിടയിൽ ഞാൻ അകത്തു കയറുമ്പോൾ ആ നല്ല പയ്യന്റെ പേരുപോലും ചോദിക്കാൻ തരപ്പെട്ടില്ല.
കൊൽക്കത്തയിൽവച്ചാണ്. അന്ന് കൽക്കട്ട. കപ്പലിലും പിന്നെ തുറമുഖത്തുമുണ്ടായ ചില പ്രശ്നങ്ങൾ കാരണം ഒരു മാസത്തോളം അവിടെ തങ്ങിപ്പോയി. മഴക്കാലവും. ആകാശം ഒന്നു കണ്ണുപിഴിഞ്ഞാൽ പിന്നെ നിരത്തെല്ലാം കണ്ണീർക്കടലാണ്. സാക്ഷാൽ ഗംഗ മുട്ടുവരെ വന്നു മുത്തം വയ്‌ക്കും. കാലത്തു നഗരത്തിൽപോയപ്പോൾ ഒന്നുമില്ലായിരുന്നു; തിരിച്ചുവരുമ്പോഴേക്കും പൊരിഞ്ഞ മഴ. ട്രാമെല്ലാം നിർത്തി. ബസ്സുകൾ വഴിമാറിയോടുന്നു. ടാക്സികൾ പണിമുടക്കുന്നു. ആകപ്പാടെ എനിക്കറിയാവുന്നത് വാസസ്ഥലത്തിന്റെ പേരുമാത്രം. ഒരു ചെറുപ്പക്കാരനോട് അന്വേഷിച്ചപ്പോൾ അയാൾ ബസ്സിൽ കൂടെക്കയറാൻ പറഞ്ഞു. ബസ്സിനകത്തും പുറത്തും വൻതിരക്ക്. ബസ്സിന്റെ പിന്നിലെ കോണിയിൽപോലും ആളുകൾ. തൂക്കുസഞ്ചിയും കട്ടിക്കണ്ണടയുമുള്ള ആ ചെറുപ്പക്കാരൻ എന്നെ അകത്തേക്കുതള്ളിവിട്ടു കൂടെക്കയറി. അയാൾക്കുകൂടി ടിക്കറ്റെടുക്കാൻ സ്ഥലമന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു, താൻ ടിക്കറ്റെടുക്കാറില്ലെന്ന്. പോരാത്തതിനു കണ്ടക്‌റ്റർ ബസ്സിനുപുറത്തെ കോണിയിലാണെന്നും. എവിടെയോ ഇറക്കി, നടന്നും നീന്തിയും അയാളെന്നെ താമസസ്ഥലത്തെത്തിച്ചു. നന്ദിയെങ്കിലും പറയുംമുൻപേ, തനിക്കുപോകേണ്ടതു നേരെ എതിർദിശയിലാണെന്നും ഇനിയും വൈകുന്നതിനുമുമ്പ് വീടണയണമെന്നും പറഞ്ഞ് അയാൾ തിരക്കിട്ടു തിരിഞ്ഞും നടന്നു. ആരോ ഒരാൾ!
ഉത്തരകർണാടകത്തിനും ദക്ഷിണകർണാടകത്തിനുമിടയിൽ, തീരദേശത്തിലൂടെ ഒരു നെടുങ്കൻപാതയുണ്ട്. എട്ടുപത്തുനാഴിക നീളത്തിൽ, തിരശ്ചീനമായൊരു നേർ രേഖയിൽ. രാത്രിയിലെ ബസ്‌യാത്രയാണ്. ആളുകളെല്ലാം ഉറങ്ങി. വണ്ടി അസാധാരണമായ വേഗത്തിൽ. പൂർണചന്ദ്രപ്രകാശം ചുറ്റും പതഞ്ഞുപൊങ്ങുന്നു. വെള്ളിക്കൊലുസുപോലെ ചക്രവാളംമുട്ടെ റോഡ്. ഞാൻ ഡ്രൈവറുടെ കാബിനിൽ ചെന്നു നിന്നു. എന്നെ ഇടംകണ്ണിട്ടുനോക്കി പുഞ്ചിരിച്ച് അയാൾ വണ്ടിയുടെ എല്ലാവിളക്കുകളും കെടുത്തിത്തന്നു. പിന്നെയൊരു പത്തുനിമിഷം പാൽക്കടലിൽ പൂമീൻപോലൊരുപോക്ക്. അന്ന് അയാളുടെ മുഖത്തുകണ്ട സായൂജ്യം ഇന്നുമെനിക്ക് കോരിത്തരിപ്പുണ്ടാക്കുന്നു. വെറും ഒരാൾ!
കാറ്റിന്റെ ഒരു കുണുക്കം. തിരയുടെ ഒരു തിരനോട്ടം. നിലാവിന്റെ ഒരു നിഴലാട്ടം. പൂവിന്റെ ഒരു പുഞ്ചിരി. തേനിന്റെ ഇത്തിരി മധുരം. കിളിയുടെ ഒരു കളിക്കൊഞ്ചൽ. കാർമേഘത്തിന്റെ കസവുകിന്നരി. അമ്മയുടെ ഒരു നിശ്വാസം. അച്ഛന്റെ ഒരു മൂളൽ. ഗുരുനാഥന്റെ ഒരു വാക്ക്. പ്രിയതമയുടെ ഒരു കണ്ണിറുക്കൽ. കുഞ്ഞിന്റെ ഒരു കിന്നാരം. സുഹൃത്തിന്റെ ഒരു തർജനം. അപരിചിതന്റെ ഒരു ചെറിയ ദൗത്യം. മതി. ഒറ്റനിമിഷത്തിൽ കരകാണാക്കടൽപോലും വെറും പശുക്കുളമ്പിന്റെ വലിപ്പത്തിലേക്കു ചുരുങ്ങുന്നു. പദേ പദേ നാം പ്രമുദിതർ കാൺമൂ ഭവാബ്ധി ഗോഷ്പദമായ്……….
ഉറക്കെ പാടാൻ തോന്നുന്നുഃ ‘ഈ മനോഹരതീരത്തിലൊരുനാൾ ഇനിയൊരു ജന്മംകൂടി…………’
Generated from archived content: chilarum13.html Author: narayana_swami
Click this button or press Ctrl+G to toggle between Malayalam and English