നോക്കുകുത്തി

ചിലർക്ക്‌ കരിനാക്കാണത്രെ. ചിലർക്ക്‌ കരിങ്കണ്ണാണത്രെ.

എനിക്ക്‌ — അതാണു താഴെ.

ഞാൻ ചായകുടിക്കാൻ കാന്റീനിൽ ചെന്നാൽ എനിക്കു തൊട്ടുമുമ്പെ ചായ തീർന്നിരിക്കും. ടിക്കറ്റിനു വരിയിൽനിന്നു കൗണ്ടറിലെത്തുമ്പോൾ സീറ്റു ഫുൾ ആകും. വല്ലവരുടെയും വീട്ടിൽചെന്നു സ്വിച്ചിട്ടാൽ ബൾബു ഫ്യൂസാകും. ഹോട്ടലിലോമറ്റോ കുളിമുറിയിലെ ഗീസറിട്ടാൽ അതു പൊട്ടിത്തെറിക്കും; കുറഞ്ഞപക്ഷം വയറെങ്കിലും കത്തിയെരിയും. പേപ്പർപരസ്യംകണ്ട്‌ എന്തെങ്കിലും വാങ്ങാൻ ചെന്നാൽ അത്‌ ഔട്ട്‌ ഓഫ്‌ സ്‌റ്റോക്ക്‌. അല്ലെങ്കിൽ വിലയെങ്കിലും കൂടിയിരിക്കും. അഥവാ ഞാനതു വാങ്ങിയെങ്കിൽതന്നെ ഉടനടി പുതിയ മോഡൽവരും.

ഇത്‌ കൊച്ചുന്നാളിലേ ഉള്ളതാണ്‌. വെറും രണ്ടുമാർക്കിനു പത്താംക്ലാസ്‌സിൽ ഫസ്‌റ്റ്‌ ക്ലാസ്‌സ്‌ നഷ്ടപ്പെട്ടു. ബിരുദത്തിന്‌ എന്റെ ഏറ്റവും നല്ല വിഷയത്തിന്‌ വെറും പാസ്‌ മാർക്ക്‌ — എല്ലാവർക്കും പാസ്‌ മാർക്ക്‌, മറ്റെവിടെയോ ചോദ്യപേപ്പർ ചോർന്നതു കാരണം. ബിരുദാന്തര പഠനത്തിനുള്ള സ്‌കോളർഷിപ്പ്‌, ഞാൻ പാസായിക്കഴിഞ്ഞപ്പോൾ ഇരട്ടിച്ചു. പരീക്ഷയിൽ മുന്നിലെത്തിയെങ്കിലും പുതിയ യൂണിവേഴ്സിറ്റിയായി പുരസ്‌ക്കാരമെല്ലാം കൊടുത്തുതുടങ്ങുന്നതും പിറ്റേവർഷംമുതൽ. അതിനുശേഷം ഗവേഷണത്തിനും കിട്ടി സ്‌കോളർഷിപ്പ്‌. ജോലികിട്ടി സ്‌കോളർഷിപ്പ്‌ വിട്ടപ്പോൾ ആ തുകയും ഇരട്ടിയായി പിൻതലമുറയ്‌ക്ക്‌. ജോലിയിൽകടന്ന്‌ കുറെകാലംകഴിഞ്ഞപ്പോൾ ഒരു പ്രത്യേക പ്രൊമോഷൻ; പക്ഷെ കയ്യിലെത്താൻ വർഷങ്ങൾ വൈകി. അതിനുള്ളിൽ സ്വാഭാവികപ്രൊമോഷൻ കിട്ടിയതിനാൽ ആദ്യത്തേതു നി​‍്രഷ്ര്പ​‍്പയോജനവുമായി. അതിനിടെ കീഴ്‌-തസ്തികകളെല്ലാം നിർത്തലാക്കി. പത്തുവർഷംകഴിഞ്ഞ്‌ ഞാനും തുടക്കക്കാരും ഒരേ തസ്തികയിൽ.

അവിടംകൊണ്ടും തീരുന്നില്ല.

ഗവേഷണത്തിൽ ഞാനൊരു വഴിക്കു നീങ്ങുമ്പോൾ അതടയും. അതു നിർത്തി വേറൊന്നു കണ്ടെത്തി തുടങ്ങുമ്പോഴേക്കും ആദ്യത്തേത്‌ ഉഷാറാക്കും സർക്കാർ. തലപ്പത്തെത്തുമ്പോഴേക്കും തസ്തികകൾ ഒന്നിച്ചു ചേർത്ത്‌ സ്ഥാനം താഴേക്കാകും. അവസാന നിമിഷം കൈവിട്ടുപോയ ഒരുപാടു സൗഭാഗ്യങ്ങളുണ്ട്‌ എന്റെ പക്കൽ. പാപി ചെന്നേടം പാതാളം.

അതെല്ലാം ഞാനും എന്റെ കാര്യവുമല്ലേ, വെറുതെ വിടാം.

എന്നാൽ ഞാൻ കൈവച്ചാൽ മറ്റുള്ളവരുടെ കാര്യം കുളം തോണ്ടുന്നതിനെപ്പറ്റി എന്തുപറയുന്നു?

വർഷങ്ങൾക്കുമുമ്പാണ്‌. ഗോവയിൽ ഞാൻകൂടി ഉൾപ്പെട്ട ഒരു ശാസത്രസംഘടനയ്‌ക്കായി ഒരു എംബ്ലം (Emblem) തയാറാക്കി ഞാൻ. ഒരേ ഒരു വർഷം. സംഘടന അടച്ചുപൂട്ടി.

കേരളത്തിലെ ഒരു പ്രൊഫഷണൽ സംഘടനയ്‌ക്കും എംബ്ലം വേണമായിരുന്നു. ഞാനൊന്നു വരച്ചുകൊടുത്തു. വളരെ പ്രകീർത്തിച്ചുകൊണ്ട്‌ അവരത്‌ അച്ചടിക്കുകയും ബാനറാക്കുകയുമൊക്കെ ചെയ്ത്‌ ആദ്യത്തെ സമ്മേളനം നടത്തി. അതായിരുന്നു അവരുടെ അവസാനത്തെ സമ്മേളനവും.

വർഷങ്ങൾക്കുള്ളിൽ ഞാൻ മുംബയിലെ ഒരു ശാസ്‌ത്രസാങ്കേതികസമിതിക്കും എംബ്ലം ഉണ്ടാക്കി. ആ സംഘടനയും അതിന്റെ മുഖപ്രസിദ്ധീകരണവും തഥൈവ. പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ഞാനായിരുന്നു!

ഞാൻ വരച്ച എംബ്ലം നിരസിച്ച ഒരു പീക്കിരിസംഘടന, മുട്ടിലാണെങ്കിലും നിരങ്ങി നീങ്ങുന്നു ഇന്നും!

ഗോവയിൽ വേറൊരു സംഘടനയ്‌ക്കും രുപവും ഭാവവും കൊടുത്തു ഞാൻ. ആദ്യസമ്മേളനത്തോടെ കഥയും കഴിഞ്ഞു. രണ്ടാമത്തെ വർഷത്തിനുള്ളിൽ അതിന്റെ പ്രസിഡന്റ്‌ പിരിഞ്ഞു. ഭാരവാഹികൾ പിണങ്ങി. അംഗങ്ങൾ കുഴങ്ങി. ഞാൻ മുങ്ങി.

ഞാൻ കാര്യമായി പണിയെടുത്തിട്ടുള്ള പ്രസിദ്ധീകരണങ്ങൾ അടച്ചുപൂട്ടപ്പെട്ടു. ഞാൻ അംഗമായിരുന്നിട്ടുള്ള അനവധി സമിതികൾ പിരിച്ചുവിടപ്പെട്ടിട്ടുണ്ട്‌.

ഈ അടുത്തിടെയാണ്‌ ഞാൻ പത്രാധിപസമിതിയിലുള്ള ഒരു അന്താരാഷട്ര ജേർണൽ പ്രസിദ്ധീകരണം നിർത്തിവച്ചത്‌. അതിപ്പോൾ പുതിയപേരിൽ പ്രസിദ്ധീകരണം തുടരുന്നു. തുടർന്നും ഞാനുള്ളതിനാൽ ഒരുവർഷംകഴിഞ്ഞു വിവരം അറിയിക്കാം.

ഒരിക്കൽ ഒരു പ്രസിദ്ധകലാകാരനെപ്പറ്റി ഞാനൽപം വികാരപരമായിത്തന്നെ ഒരു ആഴ്‌ചപ്പതിപ്പിൽ എഴുതി. ഭും! പിന്നത്തെ ലക്കം വരുന്നതിനുമുമ്പ്‌ ആ അനുഗ്രഹീതകലാകാരൻ കഥാവശേഷൻ!

അതോടെ ഞാനപ്പണി നിർത്തി.

പക്ഷെ ഒന്നെനിക്കുണ്ട്‌. കുരുട്ടുഭാഗ്യം. വമ്പൻപ്രശ്നങ്ങൾ ആർത്തലച്ച്‌ തലയ്‌ക്കുമീതേപൊങ്ങും. തലയടിച്ചുവീഴുംമുമ്പ്‌ പൊടുന്നനെ എല്ലാം ശാന്തമാകും. ആത്യന്തികമായി സംഗതി ക്ലീൻ! അതുപോരേ?

Generated from archived content: chilarum12.html Author: narayana_swami

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here