സർക്കാർകാര്യം

ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥരിൽ വലിയവരുണ്ട്‌. ചെറിയവരുണ്ട്‌. ബുദ്ധിമാൻമാരുണ്ട്‌. മന്ദബുദ്ധികളുണ്ട്‌. വലിയവർക്ക്‌ ബുദ്ധി കൂടുമെന്നാണു സർക്കാർപ്രമാണം. മറിച്ചു ചിന്തിക്കാറുമില്ല ഞങ്ങൾ.

ഞങ്ങളിൽ തലയ്‌ക്കൽപം നിലാവെളിച്ചം തട്ടിയവരുമുണ്ട്‌. അതിലൊരാൾ എന്റെ മുറിയിൽ ആർത്തിരമ്പിവന്ന്‌ ചോദിച്ച ചോദ്യംഃ “സർക്കാർ എവിടെ? വിരൽ തൊട്ടോ കൈ ചൂണ്ടിയോ ഒന്നു കാണിച്ചു തരാമോ?”

അതിനിനിയും ഉത്തരം കിട്ടിയിട്ടില്ല. സർക്കാരുണ്ട്‌, ഞാനുണ്ട്‌, നമ്മളുണ്ട്‌. എന്നാൽ ആദ്യത്തേതുമാത്രം അദൃശ്യം. അമേയം. ഇല്ലെന്നു പറയാനും പറ്റില്ല, കൈതൊട്ടു കാണിക്കാനുമാവില്ല.

അതുകൊണ്ടു തന്നെ ഞങ്ങൾക്കു പലതരം പ്രയോജനങ്ങളുമുണ്ട്‌. ദൈവത്തിലെന്നപോലെ എല്ലാമങ്ങു സർക്കാരിൽ സമർപ്പിക്കാം. കാര്യം വരുമ്പോൾ കൈമലർത്താം. കാര്യംകഴിഞ്ഞാൽ കൈനിവർത്താം.

എങ്കിലും അതിൽ ചില ചിട്ടവട്ടങ്ങളും ഇല്ലാതില്ല. യുക്തിയെക്കാളേറെ നിയുക്തിയാണ്‌ അവയ്‌ക്കെല്ലാം ആധാരം എന്നുമാത്രം മനസ്സിലാക്കിയാൽ മതി. സർക്കാർകാര്യം മുറപോലെ എന്നു പറയാറില്ലേ? അതുതന്നെ.

ഒരു പരാതിയോ അപേക്ഷയോ ഉണ്ടെങ്കിൽ അത്‌ ഏറ്റവുംമൂത്ത ഉദ്യോഗസ്ഥനെയാണ്‌ അഭിസംബോധന ചെയ്യേണ്ടത്‌. അതു കൊടുക്കേണ്ടതോ ഏറ്റവും താഴത്തെ ഉദ്യോഗസ്ഥനും. അതു പിന്നെ പടിപടിയായി മുകളിലേക്കു കേറും. കാലാന്തരേണ പടിയെല്ലാമിറങ്ങി തിരിച്ചും വന്നേക്കും. ആദ്യത്തെ വാക്കിന്‌ അവസാനത്തെ ഒപ്പ്‌. അതാണതിന്റെ സ്‌റ്റൈൽ.

ഫയൽ മേശപ്പുറത്തു വയ്‌ക്കുമ്പോൾ ആദ്യത്തേതു മുകളിൽ. അവസാനത്തേത്‌ അടിയിൽ. ഫയലിന്റകത്ത്‌ കടലാസ്സുകൾ തല തിരിച്ചാണ്‌. ആദ്യത്തേത്‌ അവസാനം. അവസാനത്തേത്‌ ആദ്യം. ജീപ്പാണെങ്കിൽ മേധാവി മുൻസീറ്റിലിരിക്കും. കാറാണെങ്കിലോ പിൻസീറ്റിലും. ജീപ്പിൽ മുൻസീറ്റിലിരിക്കുമ്പോൾ അടുത്താളുണ്ടാകരുത്‌ – ഡ്രൈവറൊഴിച്ച്‌. കാറിലാണെങ്കിലും കൂടെ പിൻസീറ്റിൽ അടുത്താരും ഇരിക്കരുത്‌ – ഭാര്യയൊഴിച്ച്‌. ഇനി ജീപ്പിൽപോകുമ്പോഴാകട്ടെ ഭാര്യ, തനിക്കും ഡ്രൈവർക്കുമിടയ്‌ക്കിരിക്കണം പോൽ! പൊതുവെ സ്ര്തീമേധാവികൾ ഭർത്താക്കന്മാരെ കൊണ്ടുനടന്നു കണ്ടിട്ടുമില്ല.

ഓഫീസിൽ ആദ്യം വരേണ്ടതും അവസാനം പോകേണ്ടതും താഴേക്കിടക്കാരൻ. വൈകിയെത്തുന്നതും നേർത്തെ പോകുന്നതും തലവൻ. മുകളിലേക്കുപോകുന്തോറും തിരക്കു കൂടും; ജോലിഭാരം കുറയും. തലക്കനം കൂടും; അല്ലെങ്കിൽ കൂട്ടണം.

ഓഫീസിൽ അവസാനത്തെ മുറിയായിരിക്കും മേധാവിക്ക്‌. ക്വാർട്ടേഴ്സിൽ പക്ഷെ ആദ്യത്തെ വീടായിരിക്കണം. ഓഫീസിൽ ജൈത്രയാത്ര; വീട്ടിൽ ഒളിച്ചോട്ടം എന്നും കരുതാം.

യോഗത്തിന്‌ വലിയവനെ ആദ്യം വിളിച്ചുറപ്പിക്കണം. അവസാനം വരും. ആദ്യം വേദിയിൽ കയറും. അവസാനം പ്രസംഗിക്കും. ആദ്യം യോഗംവിട്ടുപോകും. അല്ലെങ്കിൽ വിവരമറിയും.

ഞങ്ങൾ ഇരിക്കുന്ന കസേരക്ക്‌ എന്തുകൊണ്ടോ ‘പോസ്‌റ്റ്‌’ എന്നാണു പറയുക. ഉന്നതർ ഉയർന്ന പോസ്‌റ്റിൽ. ഇതിനൊരപവാദം വിദ്യുച്ഛക്തിവകുപ്പിലാണ്‌. ഏറ്റവും കീഴേക്കിടക്കാരനാണ്‌ ഏറ്റവും ഉയർന്ന പോസ്‌റ്റിൽ പണിയെടുക്കുക.

മൂത്രമൊഴിക്കുന്നതിലും ഉണ്ട്‌ വ്യത്യാസം. സാദാആണുങ്ങൾ ആൺ-മുറിയിൽ പോകും. സാദാപെണ്ണുങ്ങൾ പെൺ-മുറിയിൽ പോകും. ഓഫീസർമാർ ഓഫീസേർസ്‌-ടോയ്‌ലറ്റിൽ പോകും. അതിലുംമൂത്ത ഇമ്മിണി വല്യേമാൻമാർ മുറിയിൽ സ്വന്തമായൊന്നുണ്ടാക്കും.

തിരക്കുള്ള സമയത്തേ ആളുകളെ റൂമിൽ വിളിപ്പിക്കാവൂ. പണിയൊന്നുമില്ലെങ്കിൽ തനിച്ചിരിക്കണം.

കുറ്റം പറയരുതല്ലോ; എന്തെങ്കിലും കൊടുക്കാനാണെങ്കിൽ ആളെ മുറിയിൽ വിളിച്ചുവരുത്തും. എന്തെങ്കിലും കൈക്കലാക്കാനാണെങ്കിൽ അങ്ങോട്ടൊരു സന്ദർശനത്തിലൊന്നും തെറ്റില്ല.

ഇതൊന്നും ആരും പഠിപ്പിച്ചിട്ടല്ല. കാലാകാലം എല്ലാമങ്ങു പഠിക്കും. നാൽപതു കഴിയുമ്പോൾ ആത്മീയം പോലെ.

ഉന്നതർക്ക്‌ പി.എ.&സെക്രട്ടറി എന്നൊക്കെ ഒരു വകയുണ്ടല്ലോ കൂടെ. ദൈവത്തിനു പൂജാരിയെപ്പോലൊരു ഗണം. അവന്റെ&അവളുടെ ഗമയാണ്‌ ശരിക്ക്‌ പ്രതിഷ്‌ഠയുടെ ഊറ്റം. പക്ഷെ തോന്നുന്നതു മറിച്ചാകും. സെക്രട്ടറി തയാറാക്കിക്കൊണ്ടുവന്ന എഴുത്തു മൊത്തംനോക്കി മേലാളൻ അലറുന്നുഃ @Where is predicate?@ ആകാശംനോക്കി ശിങ്കിടി പറയുന്നുഃ @It is there, Sir.@ ‘ഓക്കെ’ എന്നൊന്നു മുരണ്ട്‌ മേധാവി കയ്യൊപ്പിടുന്നു. സാക്ഷാൽ കഥയാണത്രെ. ഇത്തരം നേരംപോക്കുകളും ധാരാളം.

മേലുദ്യോഗസ്ഥനെ വെള്ളംകുടിപ്പിക്കാനുമുണ്ട്‌ ചില ചില്ലറ ചെപ്പിടിവിദ്യകൾ. മേലാളൻ @predicate@ പരതുമ്പോൾ പേപ്പർക്ലിപ്പുകൾ ഒന്നൊന്നായെടുത്ത്‌ മാലകോർത്തുവക്കുക. അടുത്ത തവണ ഒന്നകറ്റിയെടുക്കാൻ കുറെ പാടുപെട്ടോളും. @Public@ എന്നിടത്തെല്ലാം @pubic@ എന്നു ടൈപ്പുചെയ്യുക (*public interest* എന്ന്‌ ഒരു ദിവസം ഒരിക്കലെങ്കിലും മേധാവി ഉപയോഗിക്കും). പേജുനമ്പർ തെറ്റിക്കുക. എന്നിട്ട്‌ കുറഞ്ഞത്‌ രണ്ടുതവണയെങ്കിലും സ്‌റ്റേപ്പിൾചെയ്തു വയ്‌ക്കുക. മൊട്ടുസൂചിയാണെങ്കിൽ സാധാരണകുത്തുന്നതിനു വിപരീതമായി മുന മേൽപ്പോട്ടാക്കി കുത്തിവയ്‌ക്കുക. കൊള്ളേണ്ടിടത്തു കൊണ്ടോളും. ഇല്ലെങ്കിൽ ഒന്നെടുത്ത്‌ പല്ലിടകുത്തി തിരിച്ചു വയ്‌ക്കുക. പിന്നെ അൽപം ശാന്തസമയമാണെങ്കിൽ ചില്ലുവിരിച്ച മേശപ്പുറത്തെ പേപ്പർവെയ്‌റ്റെടുത്ത്‌ അമ്മാനമാടുക. അശ്രദ്ധ മാറിക്കിട്ടും. കുറഞ്ഞപക്ഷം കസേരക്കാലിൽ കാലിട്ടാട്ടി ഒച്ചയുണ്ടാക്കുക. എല്ലാം പെട്ടെന്ന്‌ ഒപ്പിട്ടുകിട്ടും.

ഇനി മേലാളർക്കും അത്യാവശ്യം ആനന്ദം വേണ്ടേ? അതിനിതാഃ

ഇടയ്‌ക്കെല്ലാം കീഴ്‌ജീവനക്കാരോടൊത്തു കളിക്കുക; വിജയം സുനിശ്ചിതം. വല്ലപ്പോഴും ഒന്നിച്ചു ചായക്കിരിക്കുക. ആദ്യം കിട്ടും കപ്പു നിറയെ; കൂടെ ചെവിനിറയെ പരദൂഷണവും. എന്തിനും ഉറക്കെ ചിരിക്കുക; എല്ലാവരും കൂടെച്ചിരിക്കും. ഇടയ്‌ക്കിടെ ഇന്റർവ്യൂ നടത്തുക; താനാരെന്നു പലരും അറിയും. പറ്റുമ്പോഴൊക്കെ ഔദ്യോഗികയാത്ര തരപ്പെടുത്തുക; ഇഹത്തിൽനിന്നും പരത്തിൽനിന്നും മോചനം!

ഇതെല്ലാം വീട്ടിൽ നടക്കുമോ സാറേ?

Generated from archived content: chilarum11.html Author: narayana_swami

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English