മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ നന്തനാരുടെ ‘ജീവിതം അവസാനിക്കുന്നില്ല’ എന്ന കഥ വായിക്കുക.
ജീവിതം അവസാനിക്കുന്നില്ല
അയാൾ നഗരത്തിൽ ബസ്സിറങ്ങിയപ്പോൾ സമയം സന്ധ്യയാകുന്നതേയുള്ളു. കുറച്ചുകൂടി താമസിച്ചുവന്നാലും മതിയായിരുന്നുവെന്നു തോന്നി. ഏതായാലും എത്തിയില്ലേ? ഇനി കഴിയുന്നതും വേഗം ഹോട്ടലിൽ മുറിയെടുക്കുകതന്നെ.
ഏതു ഹോട്ടലിലാണു മുറിയെടുക്കേണ്ടത്? ഒട്ടും സംശയിക്കേണ്ടതില്ല. നഗരത്തിൽ വരുമ്പോൾ എന്നും താമസിക്കാറുള്ള ഹോട്ടലിൽത്തന്നെ. സ്വീപ്പർതൊട്ടു മാനേജർവരെ എല്ലാവരും പരിചയക്കാരാണവിടെ.
ജനനിബിഡമായ തെരുവീഥിയിൽക്കൂടി ഹോട്ടൽ ലക്ഷ്യമാക്കി അയാൾ നടന്നു. എന്തൊരു ജനത്തിരക്ക്! സാധാരണതോതിൽക്കവിഞ്ഞ ജനത്തിരക്കുണ്ടോ ഇന്ന്? നാളെ ഈ നേരത്തേക്ക് ഇക്കാണുന്ന ജനങ്ങളെല്ലാം ഈ ഭൂമുഖത്തുതന്നെ കാണുമോ? അതിനകം എത്രയെത്രപേർ മരണമെന്ന ശാശ്വത സത്യത്തിൽ ലയിച്ചിരിക്കും! അവരിൽ ഒരാൾ താനായിരിക്കില്ലേ?
ഇരുട്ട്, വിരുതനായ ഒരു ഇഴജന്തുവിനെപ്പോലെ നഗരത്തെ വിഴുങ്ങാൻ ഇഴഞ്ഞിഴഞ്ഞടുക്കുന്നു.
ഹോട്ടലിലെത്തിയപ്പോൾ ആദ്യം കണ്ടത് കൗണ്ടറിലിരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെയാണ്. ആശിച്ചതും അതുതന്നെയായിരുന്നു. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ ചെറുപ്പക്കാരനു കൃതാവു പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴാകട്ടെ ചെവിയുടെ താഴെ താടിയെല്ലുവരെ വളർത്തിയിരിക്കുന്നു. ചപ്രപറ പരുവത്തിലാണ് തലമുടി. കൈത്തണ്ടയിൽ വാതവള. കാലോചിതമായ ഫാഷൻ ശരീരത്തിൽ പകർത്താൻ വ്യഗ്രത കാണിക്കുന്ന ചെറുപ്പക്കാരൻ.
ഉപചാരപൂർവം ഒന്നനങ്ങിയിരുന്നുകൊണ്ട്, ചെറുപ്പക്കാരൻ ചോദിച്ചുഃ “കണ്ടിട്ടു കുറേ ദിവസായല്ലോ?”
അയാൾ ചിരിച്ചു.
വീണ്ടും ചോദ്യംഃ “ നാട്ടിൽതന്നെ ഉണ്ടായിരുന്നില്ലേ?”
“ഉണ്ടായിരുന്നു.”
“അസുഖം വല്ലതും?”
“ഏയ്; ഒന്നുമില്ല.”
“വെറുതെ ചോയ്‌ച്ചൂന്നേയുള്ളു ട്ട്വോ.”
ചെറുപ്പക്കാരൻ കീബോർഡിൽ തലങ്ങും വിലങ്ങും ദൃഷ്‌ടികൾ പായിച്ചു. മുഖത്ത് സംഗതി പിശകായല്ലോ എന്ന ഭാവം.
“മോളിൽ റൂംസൊന്നും ഒഴിവില്ലല്ലോ. ഒക്കെ ഒരു കല്യണപ്പാർട്ടിക്കാർ ഒക്യുപ്പൈ – ചെയ്‌തിരിക്കാ.”
“താഴ്‌ത്തില്ലേ?”
“താഴ്‌ത്തുണ്ട്. ഒക്കെ നല്ല റൂംസ് ആണേനും മോളീലത്തെപ്പോലെ ഫ്രഷ് എയർ കിട്ടില്ലെന്ന ഒരൊറ്റ ദൂഷ്യേള്ളു.”
“ഓ അതു സാരല്യ.”
ഹോട്ടലിൽ കുറച്ചു ദിവസം സുഖമായി കഴിഞ്ഞുകൂടാമെന്നു കരുതിയല്ല വന്നിട്ടുള്ളത്. ഒരു രാത്രിയിലെ ഏതാനും മണിക്കൂർ മാത്രം ഒരു മുറിയിൽ കഴിയണം. അത്രമാത്രം. അതിന് ഫ്രഷ് എയറും മറ്റും എന്തിന്? ഒരാവശ്യവുമില്ല.
ചെറുപ്പക്കാരൻ തടിച്ച രജിസ്‌റ്റർ ബുക്കെടുത്തു തുറന്ന് അയാളുടെ മുമ്പിലേക്കു നീക്കിവെച്ചു.
രജിസ്‌റ്റർ ബുക്കിലെ കോളങ്ങൾ, തികഞ്ഞ ശ്രദ്ധയോടെ അയാൾ പൂരിപ്പിച്ചു. പേരും മേൽവിലാസവുമെല്ലാം വടിവൊത്ത ബ്ലോക്ക്‌ലറ്ററിലാണ് എഴുതിയത്. ആർക്കും വായിക്കാൻ വിഷമമുണ്ടാവരുത്. ആർക്കറിയാം തന്റെ മേൽവിലാസം, നാളെ ആർക്കെല്ലാമാണ് ആവശ്യമായി വരികയെന്ന്? ഹോട്ടൽ മാനേജർക്ക്, ഡോക്‌ടർക്ക്, പോലീസുകാർക്ക്, സുഹൃത്തുക്കൾക്ക്……..
രജിസ്‌റ്റർ ബുക്കടച്ച് ചെറുപ്പക്കാരന്റെ മുന്നിലേക്കു നീക്കിവെച്ച്, മണിപ്പേഴ്‌സിൽ നിന്ന് പത്തുറുപ്പികയുടെ ഒരൊറ്റനോട്ടെടുത്ത് അയാൾ മേശപ്പുറത്തുവെച്ചു.
ചെറുപ്പക്കാരന്റെ മുഖത്ത് അത്ഭുതഭാവം. “ഇതെന്താണിത്?”
“അഡ്വാൻസ്.”
“ഇതു പതിവുള്ളതല്ലല്ലോ! ഞങ്ങൾ അഡ്വാൻസ് ചോദിക്കയോ, സാറ് തരികയോ ഇതിനുമുമ്പുണ്ടായിട്ടുണ്ടോ?”
“ഇല്ല, അറിയാം. പക്ഷേ, ഇന്നിതിരിക്കട്ടെ.”
“വേണോ?”
“സാരമില്ലെന്നേ.”
“ശരി. സാറിന്റെ ഇഷ്‌ടം.”
ചെറുപ്പക്കാരൻ കസേരയിൽനിന്നെഴുന്നേറ്റ്, കീബോർഡിൽനിന്ന് ഒരു താക്കോലെടുത്ത്, ബെല്ലിന്റെ സ്വിച്ചിൽ വിരലമർത്തി. ഹോട്ടലിന്റെ താഴത്തെ വരാന്തയിൽ ബെൽശബ്‌ദം മുഴങ്ങി.
കാക്കി നിക്കറും വെളുത്ത ഷർട്ടും ധരിച്ച മുച്ചുണ്ടൻ റൂംബോയി ഓടിയെത്തി.
ഭവ്യതയോടെ മുന്നിൽ നിന്നു.
“സാറിന് താഴ്‌ത്ത് പതിനാലാം നമ്പർ റൂം. ബെഡ്‌ഷീറ്റും പില്ലോ കെയ്‌സും നല്ലതു നോക്കിയെടുത്തോ. താക്കോലിന്നാ.”
പയ്യൻ താക്കോൽ വാങ്ങി.
“സാറു നടന്നോളൂ. ബെഡ്‌ഷീറ്റും പില്ലോ കെയ്‌സുമായി ഞാനിതാ എത്തി.” മുച്ചുണ്ടൻ പയ്യൻ തെന്നിത്തെറിക്കുന്ന, ചിലമ്പിച്ച അക്ഷരസ്‌ഫുടതയില്ലാത്ത സ്വരത്തിൽ പറഞ്ഞു.
മുറിയിലേക്കു നടക്കുമ്പോൾ മുച്ചുണ്ടൻ പയ്യനെക്കുറിച്ചോർത്തുഃ പാവം പയ്യൻ.
മുച്ചുണ്ട് ഓപ്പറേഷൻ ചെയ്‌തു ശരിപ്പെടുത്താൻ സാധിക്കുമെന്ന് ഹോട്ടലിൽ വരുമ്പോഴൊക്കെ അവനെ ഓർമ്മിപ്പിക്കാറുണ്ട്. നഗരത്തിലെ മെഡിക്കൽ കോളേജ് ആസ്‌പത്രിയിൽ വിദഗ്‌ദ്ധമായ ഒരു പ്ലാസ്‌റ്റിക് സർജറി വിഭാഗമുണ്ട്. മിടുമിടുക്കനും സേവനതത്‌പരനുമായ പ്ലാസ്‌റ്റിക് സർജനെ കാണാൻ എന്താണ് അവൻ അമാന്തിക്കുന്നത്? എന്തോ!
കൂലങ്കഷമായി ആലോചിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നുണ്ട്. അപകർഷതാബോധം ഒട്ടുമില്ല അവന്! അമാന്തത്തിനു കാരണം ഒരുപക്ഷേ, അതാകാം.
അയാൾ മുറിയുടെ അടുത്തെത്തിയപ്പോഴേക്കും, കിടക്കവിരിയും തലയണയുറയുമായി പയ്യൻ ഓടിയെത്തി.
അവൻ മുറി തുറന്നു ലൈറ്റിട്ടു. പാതി മടക്കിവെച്ച ഡൺലപ്പ് കിടക്കനിവർത്തിയിട്ട് ബെഡ്‌ഷീറ്റ് വിരിച്ചു. തലയണയുറ മാറ്റിയിട്ടു. മൺകൂജയിൽ വെള്ളം നിറച്ചു കൊണ്ടുവന്നുവെച്ചു.
“സാറേ ഞാൻ പോവട്ടെ?”
“ഉം”
“വല്ലതും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി.”
“ഉം”
പയ്യൻ മുറിയിൽ നിന്ന് ഓടിപ്പോയി.
അയാൾ ലതർബാഗ് മേശപ്പുറത്തുവെച്ചു. വീട്ടിൽനിന്നു പുറപ്പെടുമ്പോൾ ഈ ബാഗ് പോലും എടുക്കേണ്ടെന്നു വിചാരിച്ചതാണ് ആദ്യം. പിന്നെ തോന്നി. വെറുതെ കൈവീശിപ്പോകേണ്ടല്ലോ, എടുത്തേക്കാമെന്ന്. വികാരാധീനനാകുമ്പോൾ നിസ്സാരകാര്യങ്ങൾപോലും പെട്ടെന്നു തീരുമാനിക്കാൻ പറ്റാതെ വരുന്നു.
മുറിയുടെ അടച്ചിട്ട കണ്ണാടിജനാലയിലൂടെ റോഡിലെ ചലനങ്ങൾ കാണാം. ഒരു പാർശ്വവീക്ഷണം. ജനൽ തുറക്കുന്നതു ഫുട്‌പാത്തിലേക്കാണ്.
അയാൾ ജനൽ തുറന്നു. മുന്നിൽ ആലക്തികദീപപ്രകാശത്തിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന ചലനങ്ങളുടെയും ശബ്‌ദങ്ങളുടേതുമായ ഒരു ലോകം. ഫുട്‌പാത്തും, റോഡും മുറിയുടെ ഇത്ര അടുത്താണെന്നോ? ജനലിനു കമ്പിയില്ലെങ്കിൽ, ഫുട്‌പാത്തിലേക്കു ചാടിയിറങ്ങാം.
റോഡിന്റെ അങ്ങേഭാഗത്തെ ഫുട്‌പാത്തിലാണ് തിരക്കധികം. ഈ ഭാഗത്ത് ഇടയ്‌ക്കും തലയ്‌ക്കും ഓരോ പദയാത്രക്കാരെ ഉള്ളൂ.
ജനം നടന്നു നടന്നു നീങ്ങുന്നത് അയാൾ നോക്കിനിന്നു. നടത്തത്തിന്റെ യാത്രയുടെ – ലക്ഷ്യസ്‌ഥാനത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെയാണോ അവർ നീങ്ങുന്നത്? ലക്ഷ്യത്തിലെത്തിച്ചേരാൻ പറ്റുമോ അവർക്ക്? ആർക്കറിയാം?
ജീവിതം അനിശ്ചിതത്വമാണെങ്കിൽ മരണം എന്താണ്? എന്താണു മരണം? ശാശ്വതസത്യമോ?
മുന്നിലെ ഈ ജനപ്രവാഹത്തിൽ ജീവിതം വെറുക്കുന്നവർ, മരണത്തെ സ്‌നേഹിക്കുന്നവർ, ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തവർ- അങ്ങനെ എല്ലാ വിഭാഗത്തിലും പെട്ടവർ കാണില്ലേ? ജീവിതത്തിന്റെ ദൈർഘ്യം വെറും മണിക്കൂറുകളിൽ ഒതുങ്ങി നിൽക്കുന്നുവെന്ന ബോധമുള്ളവർ കാണില്ലേ?
പെട്ടെന്നു തെരുവുവിളക്കുകൾ കെട്ടു. ക്ഷണനേരംകൊണ്ടു വീണ്ടും തെളിഞ്ഞു ഇത് – പ്രക്രിയ – ജീവിതത്തിന്റെ ക്ഷണഭംഗുരതയെയാണോ ഓർമ്മിപ്പിക്കുന്നത്?
അയാൾ ഷർട്ട് ഊരി സ്‌റ്റാഡിൽ തൂക്കി. ബനിയൻ ധരിക്കാതിരുന്നതു മറന്നിട്ടില്ല. കരുതിക്കൂട്ടി വേണ്ടെന്നുവെച്ചിട്ടുതന്നെയാണ്. വാച്ച്, വീട്ടിൽ ഊരി വെച്ചു പോന്നതും കരുതിക്കൂട്ടിതന്നെ. ഇതിന്റെയൊക്കെ അർത്ഥം, രഹസ്യം മിക്കവാറും നാളെത്തന്നെ വീട്ടിലുള്ളവർ മനസ്സിലാക്കുമെന്നാണു കരുതേണ്ടത്. എന്നിട്ടവർ തമ്മിൽത്തമ്മിൽ പറയുംഃ ‘എല്ലാം മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചുകൊണ്ടാണ് വീട്ടിൽ നിന്നിറങ്ങിയത്. ഇത്രയും ധൈര്യമുണ്ടെന്നു കരുതിയതല്ല. വല്ലാത്തൊരു മനുഷ്യൻ!’ അങ്ങനെയങ്ങനെ പലതും…..!
ബാഗിൽ നിന്നും തോർത്തുമുണ്ടെടുത്ത്, അയാൾ ബാത്ത്‌റൂമിലേക്കു വന്നു. വിശാലമായ ബാത്ത്‌റൂം. ടാപ്പു തുറന്നു പരിശോധിച്ചു. വെള്ളത്തിനു നല്ല ഫോഴ്‌സുണ്ട്. ഷവർ തുറന്നു സ്വല്‌പം മാറിനിന്നു. ആയിരമായിരം മൊട്ടുസൂചികളുടെ അനുസ്യൂതപ്രവാഹം കൊള്ളാം ഷവർ അടച്ചു.
കുളിക്കണോ? എണ്ണയും സോപ്പുമൊന്നും കൊണ്ടുവന്നിട്ടില്ല. വേണമെങ്കിൽ ഒരു വെറും കുളി ആകാം. ക്ഷീണം മാറ്റാൻ നന്ന്. പക്ഷേ, ഇന്നു കുറച്ചുക്ഷീണം ആവശ്യമല്ലേ! പലവിധത്തിലും അതുപകരിക്കില്ലേ?
ക്ഷീണത്തെ ശരീരത്തിനാവശ്യമായ ഒരു പശ്ചാത്തലമായി അടിത്തറയായി നിലനിർത്തുകയല്ലേ ഇന്നാവശ്യം? അതെ, അതാണു വേണ്ടത്. കുളിക്കേണ്ട.
കമ്മോഡ് ടൈപ്പിലുള്ള കക്കൂസാണ്. അതിന്റെ ചങ്ങല മെല്ലെയൊന്നു പിടിച്ചപ്പോഴേക്കും, കമ്മോഡിനകത്തു നിമിഷങ്ങളോളം നീണ്ടുനിന്ന ഒരു കൊച്ചുവെള്ളച്ചാട്ടമുണ്ടായി.
കാലും മുഖവും കഴുകി അയാൾ ബാത്ത്‌റൂമിൽ നിന്നും പോന്നു.
സമയം എട്ടരമണിയെങ്കിലുമായിക്കാണും.
വല്ലതും കഴിക്കണോ? വിശപ്പില്ല. എന്നാലും സ്വല്‌പം വല്ലതും?
കൈവശം പന്ത്രണ്ടുറുപ്പികയുണ്ട്. വീട്ടിൽ നിന്നു പോരുമ്പോൾ ഇരുപത്തഞ്ചു റുപ്പികയാണ് എടുത്തിരുന്നത്. അതിൽ നിന്നു ബസ്‌ചാർജ് മൂന്നുറുപ്പിക. ഹോട്ടലിൽ അഡ്വാൻസ് പത്തുറുപ്പിക. അങ്ങനെ പതിമൂന്നു റുപ്പിക ചെലവായി. ബാക്കി പന്ത്രണ്ടുറുപ്പിക.
പന്ത്രണ്ടു റുപ്പിക. സ്വല്‌പം ലഹരിക്കും ഒരു നോൺവെജിറ്റേറിയൻ ശാപ്പാടിനും തികയുന്ന തുക. അവസാനത്തെ അത്താഴം.
അവസാനത്തെ അത്താഴത്തിനു ലഹരിയും നോൺവെജിറ്റേറിയൻ ശാപ്പാടും വേണോ? അന്തരാത്മാവു പറയുന്നു വേണ്ടെന്ന്.
ലഹരിയും മത്സ്യമാംസഭക്ഷണവും ഇന്നുവേണ്ട. പിന്നെ ഇന്നെന്താണു വേണ്ടത്?
ഇന്നു വേണ്ടത്?
അയാൾ ഫുട്‌പാത്തിലേക്കുള്ള ജനൽ അടച്ചു. പെട്ടെന്നു ശബ്‌ദങ്ങൾ നിലച്ചപോലെ തോന്നി.
ഷർട്ട് എടുത്തിട്ട് ഫാനും ലൈറ്റും ഓഫ് ചെയ്‌തു മുറി പൂട്ടി പുറത്തേക്കിറങ്ങി.
കൗണ്ടറിനടുത്തെത്തിയപ്പോൾ ചെറുപ്പക്കാരന്റെ ക്ഷമാപണസ്വരംഃ “അസൗകര്യം വല്ലതുമുണ്ടെങ്കിൽ ക്ഷമിക്കണം. കല്യാണപ്പാർട്ടിക്കാർ നാളെ രാവിലെതന്നെ പോകും. ഉടൻ മോളിലേക്കു മാറാം.”
“ഒരസൗകര്യോല്യാ.”
“ഊണു കഴിഞ്ഞ്വോ?”
“ഇല്ല, പോവ്വാണ്”
“പയ്യനോടു പറഞ്ഞാൽ റൂമിൽ കൊണ്ടത്തരായിരുന്നൂലോ.”
“ഒന്ന് നടക്കുംവേണം.”
കൗണ്ടറിലെ ടെലഫോൺ ശബ്‌ദിച്ചപ്പോൾ ചെറുപ്പക്കാരൻ ഹാൻഡ്‌സെറ്റ് എടുത്തുഃ “ഹലോ……”
അയാൾ പുറത്തേക്കു നടന്നു.
ഹോട്ടലിന്റെ ഗേറ്റിനടുത്തുള്ള പെട്ടിപ്പീടികക്കച്ചവടക്കാരനുമായി സംസാരിച്ചുനിൽക്കുന്ന മുച്ചുണ്ടൻ പയ്യൻ, അയാളെ കണ്ടപ്പോൾ തലചൊറിഞ്ഞ് കൊണ്ടോടിയെത്തി.
“സാറിന് ഊണു പാർസൽ വേണ്ടേ?”
“വേണ്ട. പോയി കഴിച്ചോളാം.”
അവന്, ഇപ്പോൾത്തന്നെ ബക്‌ഷീഷ് വല്ലതും കൊടുത്തേക്കാം. മുറി ഒഴിഞ്ഞുകൊടുത്തു പോകുമ്പോഴാണു പതിവ്. ഇപ്രാവശ്യം ഹോട്ടലിൽ നിന്നുള്ള തിരിച്ചുപോക്ക്, എങ്ങനെയൊക്കെയാണെന്ന് ആർക്കറിയാം!
“ഇന്നാ ഒരു സിനിമ കണ്ടോ.” അയാൾ അവന് ഒരുറുപ്പിക കൊടുത്തു.
മുനിസിപ്പൽ ടവർ ക്ലോക്കിൽ ഒമ്പതടിച്ചു.
വാച്ചില്ലെങ്കിലും സമയത്തെക്കുറിച്ചുള്ള തന്റെ ധാരണ ശരിയാണെന്ന് അയാൾക്കു തോന്നി.
സുഹൃത്തുക്കളെ ആരേയും കാണരുതേയെന്നു പ്രാർത്ഥിച്ചുകൊണ്ട്, ഫുട്‌പാത്തിന്റെ ഒരരുകിലൂടെ അയാൾ നടന്നു.
തെരുവീഥികളിലെ തിരക്കു കുറഞ്ഞുകുറഞ്ഞുവരുന്നു.
എന്തിനാണ് താനിന്ന് ഈ നഗരത്തിൽത്തന്നെ വന്നത്? വേറെ എത്രയെത്ര നഗരങ്ങളുണ്ട് കേരളത്തിൽ! തന്റെ ജീവിതവുമായി, ഈ നഗരത്തിന് അത്രയ്‌ക്കൊരു ബന്ധം വല്ലതുമുണ്ടോ? നിശ്ചയമില്ല.
ഒരു ബ്രാഹ്‌മണാൾ ഹോട്ടലിന്റെ മുമ്പിലെത്തിയപ്പോൾ അയാൾ നിന്നു. ആഹാരം ഇവിടെനിന്നു കഴിക്കാം. ബ്രാഹ്‌മണാൾ ഹോട്ടലല്ലേ. നല്ല രസം കാണും. രസം കൂട്ടി സ്വല്‌പം ചേറുണ്ണാം. വിശപ്പില്ലെങ്കിലും അത്താഴപ്പട്ടിണി കിടന്നുകൂടാ, ഇന്ന് അവസാനത്തെ അത്താഴം. അങ്ങനെ വിചാരിക്കുന്നതിൽ തെറ്റുണ്ടോ?
ഊണിനുള്ള ടിക്കറ്റ് എടുത്ത് ഡൈനിങ്ങ് ഹാളിന്റെ ഒരൊഴിഞ്ഞ മൂലയിൽ വന്നിരുന്നു. വിളമ്പുകാരൻ സ്വാമി അടുത്തുവന്നപ്പോൾ പറഞ്ഞുഃ “ചോറും രസോം മാത്രം.”
ഒരുനിമിഷത്തിനകം എല്ലാം മുമ്പിൽ വന്നു; ഇല, ചോറ് ഗ്ലാസ്സിൽ രസം.
ശുഷ്‌കാന്തിയും വേഗതയും വേണ്ടുവോളമുണ്ട് സ്വാമിക്ക്.
ഉണ്ണാൻ ശ്രമിച്ചുനോക്കി. പറ്റുന്നില്ല. രുചി തോന്നിയതേയില്ല. വിശപ്പില്ലെങ്കിൽ എങ്ങനെ രുചി തോന്നും? രണ്ടുവറ്റു വാരിത്തിന്നു. ഗ്ലാസിലെ രസം മുഴുവനും കുടിച്ചു. എന്നിട്ട് എഴുന്നേറ്റു കൈകഴുകി.
നല്ലൊരു സിഗരറ്റ് വലിച്ചാൽകൊള്ളാമെന്നുണ്ട്. സിഗരറ്റുകട ബ്രാഹ്‌മണാൾ ഹോട്ടലിന്റെ മുമ്പിൽത്തന്നെയാണ്.
“ഒരു വിൽസ്”.
“ഒരു പാക്കറ്റോ?”
“അല്ല ഒരെണ്ണം.”
“പൊളിച്ച പാക്കറ്റ് ഇല്ലല്ലോ സാറേ!” വിനയസ്വരത്തിലാണ് കടക്കാരന്റെ സംസാരം.
“ശരി എന്നാൽ ഒരു പാക്കറ്റുതന്നെ തന്നേക്കൂ. ഒരു തീപ്പെട്ടിയും.”
സിഗരറ്റ് പാക്കറ്റും തീപ്പെട്ടിയും കൈയിൽ കിട്ടിയപ്പോൾ ഒരു രസത്തിനെന്നോണം അയാൾ അവ തിരിച്ചും മറിച്ചും നോക്കി. ജീവിതത്തിൽ അവസാനമായി വാങ്ങുന്ന സിഗരറ്റും തീപ്പെട്ടിയും. എന്നിട്ടു പാക്കറ്റ് തുറന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു. സിഗരറ്റിനും ഒരു രുചിയും തോന്നിയില്ല. യാന്ത്രികമായി വലിക്കുന്നു എന്നുമാത്രം.
കുഷ്‌ഠരോഗിയായ ഒരു പിച്ചക്കാരൻ പ്രത്യക്ഷപ്പെട്ടതുപോലെ അയാളുടെ മുമ്പിൽ വന്നുനിന്നു. സിഗരറ്റുകടക്കാരൻ ബാക്കിതന്ന നാണയത്തുട്ടുകൾ, എത്രയാണെന്ന് എണ്ണിനോക്കുകപോലും ചെയ്യാതെ അയാൾ കുഷ്‌ഠരോഗിയുടെ പിച്ചപ്പാത്രത്തിലേക്കിട്ടു.
കുഷ്‌ഠരോഗിയുടെ കണ്ണുകൾ തിളങ്ങിഃ “നിങ്ങളെ ദൈവം രക്ഷിക്കട്ടെ!”
“നിങ്ങളെ ദൈവം രക്ഷിക്കട്ടെ!” എന്ന് ഒരു പ്രാവശ്യമല്ല, പല പ്രാവശ്യവും കുഷ്‌ഠരോഗി ഉരുവിട്ടു. ഹൃദയംഗമമായ ആശംസകൾ.
തനിക്ക് അവസാനത്തെ ആശംസകൾ നേരുന്നത് ഒരു പക്ഷേ, ഈ കുഷ്‌ഠരോഗി ആയിക്കൂടായ്‌കയില്ല.
വേച്ചുവേച്ചുകൊണ്ട് നടന്നകലുന്ന കുഷ്‌ഠരോഗിയെ നോക്കിനിന്നു അയാൾ.
തീരാവ്യാധി, ദാരിദ്ര്യം, മറ്റെല്ലാവിധ അവശതകളും എന്നിട്ടും ലോകത്തിൽ എത്രയെത്രപേർ ജീവിക്കുന്നു. അവരെയെല്ലാം ജീവിക്കാൻ പ്രേരിപ്പിക്കുന്ന വികാരമെന്താണ്? ഇത്ര ആസക്തിയൊ ജീവിക്കാൻ? വേണമെങ്കിൽ ജീവിതമൊടുക്കാൻ നിഷ്‌പ്രയാസം സാധിക്കില്ലേ? ഇപ്പോൾ കിട്ടിയ നാണയത്തുട്ടുകൊണ്ട്, വേണമെങ്കിൽ ഈ കുഷ്‌ഠരോഗിക്ക് അയാളുടെ ജീവിതമവസാനിപ്പിച്ചുകൂടേ? ആവാം. പക്ഷേ, കുഷ്‌ഠരോഗിയുടെ കണ്ണുകളിൽ കണ്ടത്, നിറഞ്ഞു തുളുമ്പിനിൽക്കുന്നത്, ജീവിതാസക്തിയാണ്. അതൊന്നുമാത്രമാണ്. അത്ഭുതംതന്നെ.
റോഡിലൂടെ പെട്ടെന്നൊരു ജനപ്രവാഹം ഒച്ചപ്പാടോടെ ഒഴുകിയകന്നുപോയി. ഫസ്‌റ്റ്‌ഷോ സിനിമ കഴിഞ്ഞുപോകുന്നവർ.
മുനിസിപ്പൽ ടവർ ക്ലോക്ക് വീണ്ടും ശബ്‌ദിച്ചു. പത്തുപ്രാവശ്യം.
എത്രവേഗം പത്തുമണിയായി.
രണ്ടാമതൊരു സിഗരറ്റുകൂടി കത്തിച്ചുവലിച്ചുകൊണ്ട് അയാൾ ഹോട്ടലിലേക്കു തിരിച്ചു നടന്നു.
റോഡ് വിജനമായിരുന്നു.
സന്ധ്യയ്‌ക്ക്, ബസ്സിറങ്ങിയപ്പോൾ എന്തൊരു തിരക്കായിരുന്നു.
ഹോട്ടലിലെത്തിയപ്പോൾ, കൗണ്ടറിൽ സുമുഖനായ ചെറുപ്പകാരനെ കണ്ടില്ലഃ പകരം ഒരു വൃദ്ധനാണ്. ജേഴ്‌സി പുള്ളോവർ ധരിച്ച, തലയിൽ മഫ്‌ളർ ചുറ്റിക്കെട്ടിയ വൃദ്ധൻ ഏതോ സിനിമയിൽ കണ്ടുമറന്ന ഹുമയോൺ ചൗക്കീദാരുടെ രൂപം ഓർമ്മിപ്പിക്കുന്നു.
വൃദ്ധൻ ചിരിച്ചു. “സിനിമയ്‌ക്കു പോയതായിരിക്കും?”
“ഓ അല്ല. വെറുതെ ഒന്നു കറങ്ങി.”
മൂന്നാമതൊരു സിഗരറ്റുകൂടി കത്തിച്ചുവലിച്ചുകൊണ്ട് അയാൾ മുറിയിലേക്കു നടന്നു.
ഹോട്ടൽ ജീവനക്കാർ ഉറങ്ങാൻ കിടപ്പുവട്ടങ്ങളുമായി മുകളിലേക്കു കോണി കയറി പൊയ്‌ക്കൊണ്ടിരുന്നു.
മുറി തുറന്നു ലൈറ്റിട്ടു. ഷർട്ടൂരി സ്‌റ്റാന്റിൽ തൂക്കി. നടന്നു വന്നതുകൊണ്ടാകാം ശരീരത്തിൽ വിയർപ്പു പൊടിഞ്ഞിരിക്കുന്നു. തോർത്തു മുണ്ടെടുത്ത്, ശരീരമാസകലം ഒന്നു തുടച്ചു.
ഫാൻ ഓൺ ചെയ്യാൻ മാത്രം ചൂടു തോന്നുന്നില്ല. ജനൽ തുറന്നാൽ കിട്ടുന്ന കാറ്റുമതി. ഫുട്‌പാത്തിലേക്കുള്ള ജനൽ തുറന്നപ്പോൾ നല്ല കാറ്റ്.
റോഡും ഫുട്‌പാത്തും വിജനം.
ജനലിനു നേരെ താഴെ, ഫുട്‌പാത്തിൽ ഇലക്‌ട്രിക് പോസ്‌റ്ററിനു ചുവട്ടിൽ വിരിച്ച കീറച്ചാക്കിൽ ഒരു കുഞ്ഞു കിടന്നുറങ്ങുന്നു. കുഞ്ഞിന്റെ തലയ്‌ക്കൽ ഒരു ഭാഗത്ത് ഭാണ്ഡക്കെട്ട്.
അയാൾ ചുറ്റും നോക്കി. ആരേയും കാണാനില്ല.
കുഞ്ഞിന് ഒരാറുമാസം പ്രായമായിട്ടുണ്ടാവും. നല്ല ഉറക്കം.
ഏതെങ്കിലും ഒരു തെരുവുതെണ്ടിപ്പെണ്ണിനു പിറന്ന കുഞ്ഞാകും. തള്ള എവിടെ? അടുത്തെങ്ങാനും കാണാതിരിക്കില്ല. ഭാണ്ഡക്കെട്ടു കുഞ്ഞിന്റെ അടുത്തുതന്നെയുണ്ടല്ലോ.
ഒരു ചാവാളിപ്പട്ടി റോഡ് മുറിച്ചു കടന്ന്, കുഞ്ഞിന്റെ അടുത്തെത്തി, സുഖസുഷുപ്‌തിയിലാണ്ട കുഞ്ഞിനെ ആകപ്പാടെ മണത്തു നോക്കി വന്നവഴിക്കു തന്നെ ഓടിപ്പോയി. കുഞ്ഞ് ഒന്നും അറിയുന്നതേയില്ല. പാവം.!
കുഞ്ഞിനെ നോക്കിനിന്നതുകൊണ്ടായില്ലല്ലോ. അയാൾ കസേരയിൽ വന്നിരുന്നു. ഡ്രസ്സിങ്ങ് ടേബിളിലെ കണ്ണാടിയിൽ ശരീരത്തിന്റെ പ്രതിഫലനം. ആരോഗ്യമുള്ള ശരീരം. പക്ഷേ അല്‌പം മണിക്കൂറുകൾക്കുള്ളിൽ ഈ ശരീരം നിർജ്ജീവമായിത്തീരുന്നു. ഉറപ്പിച്ചുപറയാൻ ഇനി മടിക്കേണ്ടതില്ല.
ബാഗിൽനിന്ന് എഴുതാത്ത ഡയറിയെടുത്ത്, വെറുതെ പേജുകൾ മറിച്ചു നോക്കി. പേരും മേൽവിലാസവുംപോലും ഡയറിയിൽ എഴുതിയിട്ടില്ല. എന്തിനാണു വീട്ടിൽ നിന്നു പോരുമ്പോൾ ഇതെടുത്തത്? എഴുതാത്ത കടലാസിന്റെ ആവശ്യം വരികയാണെങ്കിൽ, ഉപയോഗപ്പെടുത്താമെന്നു കരുതിയാകാം. പക്ഷേ, എഴുതാത്ത കടലാസ്സിന്റെ ആവശ്യമില്ല. ആർക്കും ഒന്നും എഴുതി വയ്‌ക്കാനുദ്ദേശിക്കുന്നില്ല.
അയാൾ ദൃഢചിത്തതയോടെ ബാഗിൽനിന്ന് ഉറക്കഗുളികയുടെ കുപ്പിയെടുത്തു.
മരണം ഗുളികകളുടെ രൂപത്തിൽ കുപ്പിയിൽ പതുങ്ങിക്കിടക്കുന്നു.
മരണത്തിന്റെ മണിനാദം കേൾക്കുന്നുണ്ടോ?
ഗുളികകൾ ഒന്നിനുപിറകെ മറ്റൊന്നായി കഴിക്കണം. ഇടവേള അരുതേ, അരുത്!
ഗുളികകൾ മേശപ്പുറത്തു ചൊരിഞ്ഞ് എണ്ണിനോക്കി. എണ്ണം ശരിയാണ് നൂറ്!
മൺകൂജയിൽനിന്നു വെള്ളം ഗ്ലാസ്സിൽ പകർന്നു നിറച്ചു.
യാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി!
ലോകത്തിൽ, ബന്ധുക്കൾക്കിടയിൽ, ബന്ധങ്ങൾക്കിടയിൽ താൻ ഏകൻ, ഒറ്റപ്പെട്ട മനുഷ്യൻ.
ധൈര്യപൂർവം ആദ്യത്തെ ഗുളിക എടുത്തു.
ചൂണ്ടുവിരലിന്റെയും പെരുവിരലിന്റെയും ഇടയിൽ ഒതുക്കിയിരിക്കുന്ന ഗുളിക വിഴുങ്ങാൻ വായ തുറന്നു തുറന്നില്ല എന്ന ഘട്ടത്തിലെത്തിയപ്പോൾ പെട്ടെന്ന് ഫുട്‌പാത്തിൽനിന്നു കുഞ്ഞിന്റെ കരച്ചിൽ!
വിരലുകൾക്കിടയിൽ ഗുളികയുമായി, അയാൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
കുഞ്ഞു കരച്ചിൽ നിർത്തുന്നില്ല നാശം!
അയാൾ ജനാലയ്‌ക്കടുത്തു വന്നു നോക്കി. കൈകാലുകളിട്ടടിച്ചു വാതോരാതെ കരയുന്ന കുഞ്ഞ്. എന്തുപറ്റി? വല്ലവരും വേദനിപ്പിച്ചുവോ?
പെട്ടെന്ന് റോഡിന്റെ എതിർവശത്തുനിന്ന് ഒരു സ്‌ത്രീ, കുഞ്ഞിന്റെ അടുത്തേക്ക് ഓടിക്കിതച്ചെത്തി.
അവൾ കുട്ടിയെ വാരിയെടുത്തു നിലത്തിരുന്നു.
“എന്തുപറ്റി മോന്? അമ്മേടെ പുന്നാരമോന് എന്തുപറ്റി? തങ്കക്കുടത്തിനെന്തുപറ്റി?”
അമ്മയുടെ സാന്ത്വനവാക്കുകൾ കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ഉതകുന്നില്ല.
മോന് വെശ്‌ക്കണുണ്ടാവും. അമ്മിഞ്ഞ കുടിക്കണം. അല്ലേ? അമ്മ തരാലോ“!
അവൾ ബോഡീസിന്റെ കെട്ടഴിച്ചുഃ ചുരന്നു വീർത്ത മുലകൾ.
അക്ഷമയോടെ പിടഞ്ഞു കരയുന്ന കുഞ്ഞിന്റെ വായിൽ അവൾ മുലക്കണ്ണുവെച്ചുകൊടുത്തു.
കരച്ചിൽ പെട്ടെന്നു നിന്നു.
”അമ്മേടെ മോൻ വെശന്നു കരയ്യായിരുന്നു. അല്ലേ?“ അവൾ വാത്സല്യപൂർവ്വം കുഞ്ഞിന്റെ ദേഹമാസകലം തലോടി, തലകുനിച്ചു കുഞ്ഞിനെ ഉമ്മവെച്ചു.
അമ്മയും കുഞ്ഞും. ജീവിതത്തിന്റെ രണ്ടു കണ്ണികൾ.
അമ്മയുടെ അമൃതകുംഭത്തിൽനിന്ന് അമൃതു നുകരുന്ന പൊടിക്കുഞ്ഞ്. വാത്സല്യത്തിന്റെയും നിഷ്‌കളങ്കതയുടെയും പരിവേഷമണിഞ്ഞ രംഗം പ്രശാന്തത തളംകെട്ടി നിൽക്കുന്ന രംഗം.
അയാൾ നിർന്നിമേഷം നോക്കിനിന്നു.
കുറച്ചുകഴിഞ്ഞപ്പോൾ വിശപ്പുമാറിയ കുഞ്ഞ് മുലകുടി മതിയാക്കി അമ്മയെ നോക്കി, ലോകത്തെ നോക്കി ചിരിച്ചു. അമ്മിഞ്ഞപ്പാലിന്റെ നനവും മണവുമുള്ള നിഷ്‌കളങ്കമായ ചിരി.
അനർഘമായ നിമിഷങ്ങൾ. കവിതതുളുമ്പിനിൽക്കുന്ന നിമിഷങ്ങൾ.
ഇതിൽക്കൂടുതൽ മനോഹരമായ ഒരു ജീവിതദൃശ്യം ലോകത്തിൽ മറ്റെന്തുണ്ട്.?
നോക്കിനിൽക്കവേ താൻ പുതിയൊരു മനുഷ്യനായിത്തീരുന്നതുപോലെ അയാൾക്കു തോന്നി. ജീവിതം സുന്ദരമാണ്, അഭികാമ്യമാണ്. അനുഭവവസങ്കീർണ്ണമാണ്.
പുതിയൊരു തീരുമാനത്തിലെത്തിച്ചേർന്നപോലെ അയാൾ മേശപ്പുറത്തുനിന്ന് ഗുളികകൾ മുഴുവൻ എടുത്ത്, ബാത്ത്‌റൂമിലേക്കു ധൃതിപ്പെട്ടു നടന്നു. ബാത്ത്‌റൂമിൽ എത്തേണ്ട താമസം ഒട്ടും താമസിയാതെ ഗുളികകൾ മുഴുവനും കമ്മോഡിലിട്ട്, ചങ്ങല പിടിച്ചുവലിച്ചു. കമ്മോഡിനകത്തു നിമിഷങ്ങളോളം നീണ്ടുനിന്ന ജലപ്രവാഹത്തിന്റെ ശബ്‌ദവും ശക്തിയും ശ്രദ്ധിച്ചുകൊണ്ടു നിന്നു. കമ്മോഡിനകം ശാന്തമായെന്നു ബോദ്ധ്യമായപ്പോൾ പതുക്കെയാണെങ്കിലും ഉറച്ച കാലടിവെപ്പുകളോടെ അയാൾ ബാത്ത്‌റൂമിൽ നിന്നും പോന്നു. ആശ്വാസം, സംതൃപ്‌തി, ആകപ്പാടെ ഒരു നവോന്മേഷം.
ജീവിതം സുന്ദരമാണ്!
ജീവിതം അവസാനിക്കുന്നില്ല.!
Generated from archived content: story1_mar15_11.html Author: nandanar