അസ്തമനം
ശിരോലിഖിതങ്ങളായ
സ്വകാര്യ ധാരണകളാൽ
മൂടിവയ്‌ക്കപ്പെട്ടു.
പുനർജന്മത്തിന്റെ പിടച്ചിലിൽ
ഒരു മദ്യക്കുപ്പിയിൽ ഊളിയിട്ട്
അയാൾ
എന്റെ ജന്മജന്മാന്തരങ്ങളുടെ
കഥയും ജനിതകശാസ്‌ത്രവും
പരമ്പരകളും
കുത്തിക്കീറുന്നുണ്ടായിരുന്നു.
അയാൾ എന്റെ
ജാതകം തിരുത്തിവായിച്ചു,
എന്റെ വന്ധ്യസ്‌നേഹത്തിനെ
ചവച്ചുതുപ്പി,
കൺപോളകളിലെ സങ്കടങ്ങളിൽ
സൂചിമുനകൾ കൊണ്ട്
ചിത്രം വരച്ചു.
അപ്പോഴും,
ഞാനയാളെ
കൂടുതൽ അടുക്കലിരുത്തി,
സമാശ്വസിപ്പിച്ചു-
ജീവന്റെ സമാന്തരരേഖകൾ
ഒരിക്കലും കൂട്ടിമുട്ടില്ല!!!
Generated from archived content: poem2-aug03-05.html Author: nandamohan