പൂത്തിരുവോണം

ചിങ്ങമാസത്തിലെ പൊന്നോണനാളിൽ

മങ്കമാരൊക്കെയുമൊത്തുകൂടി

മാവേലിമന്നനെ വരവേൽക്കുവാനായ്‌

പത്തുനാൾ മുൻപേനാമൊത്തൊരുങ്ങി

കൈകൊട്ടിപ്പാടെടി കുമ്മിയടിക്കെടി

താളംചവിട്ടെന്റെ കൊച്ചുപെണ്ണേ.

തൃക്കാക്കരപ്പനെ പൂവിട്ടു പൂജിച്ച്‌

പൂമുറ്റമാകെ നീ പൂനിരത്തി

അത്തക്കളത്തിൽ നീ പൂക്കൾവിതറവെ

കാറ്റുവന്നോടിപ്പറഞ്ഞതെന്തേ.

കൈകൊട്ടിപ്പാടവേ കുമ്മിയടിക്കവേ

കുപ്പിവളകൾ കിലുങ്ങിയില്ല

എല്ലാംമറന്ന ദിനങ്ങളിലെന്നെന്നോ

മാരനതൊക്കെയുടച്ചുവെന്നോ.

ഊഞ്ഞാലിലായത്തിലാടവെ നിന്നുടെ

കണ്ണുകളാരെ തിരഞ്ഞുപോയി

മാരനെ കാണുന്ന നേരത്തിലാമുഖം

മാരിവില്ലായിത്തെളിഞ്ഞതെന്തേ.

കണ്ണിമ പൂട്ടാതെയിന്നലെ രാത്രിയിൽ

ഉത്രാടപ്പൂജ നടത്തിയെന്നോ

ഉത്രാടരാത്രിയിൽ അച്ചിമാർക്കൊന്നുമേ

കണ്ണിൽ മയക്കം വരികയില്ല.

ഓണംവന്നോണംവന്നോണംവന്നേ

ആണ്ടിലൊരിയ്‌ക്കലുള്ളോണംവന്നേ

ഓർക്കുവാനൊത്തിരി നേരുംനിറച്ചുകൊ-

ണ്ടോണമൊരോർമ്മപോലോടിവന്നേ.

Generated from archived content: onam_poem.html Author: nandakumar_kayamkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here