പൂവായിരുന്നെങ്കില്‍ പൂക്കളം തീര്‍ത്തേനെ
മാവേലിമന്നനെയെതിരേല്‍ക്കുവാന്‍
പൂമധുവൂറുന്ന കരിവണ്ടു മുരളുന്ന
പൂവാടിയെന്നങ്ങു തീര്‍ത്തേനെ ഞാന്‍
പൂക്കടക്കാരന്റെ പൂക്കൂടയില്‍ വീണ്
ഹാരമായ് മംഗളമോതിയേനെ
തിലതൈല സ്നിഗ്ദ്ധസുഗന്ധമാം വേണിയില്‍
സുന്ദരിപൂവായ് വിരിഞ്ഞു നില്‍ക്കും
ദേവിയെഴുന്നള്ളും വേളയില്‍ ഞാനൊരു
താലപ്പൊലിയിലൊരുങ്ങി നില്‍ക്കും
ആദ്യാനുരാഗത്തിന്‍ അന്ത:പുരത്തില്‍
കമിതാക്കള്‍തന്‍ പ്രണയപുഷ്പമാകും
ആദ്യത്തെ രാത്രിയില്‍ ദമ്പതിമാര്‍ക്കു ഞാന്‍
ഉന്മാദലഹരി പകര്‍ന്നു നല്‍കും
ആതുര ശരീരത്തിനാശ്വാസമേകുവാന്‍
ആശംസയേകും പൂച്ചെണ്ടായി ഞാന്‍
പിതൃതര്‍പ്പണത്തിനായ് തീര്‍ത്ഥത്തില്‍ മുങ്ങി
ആത്മശാന്തിക്കായി തൊഴുതുനില്‍ക്കും
മലിനമാം പുഴകളെ പുണ്യാഹമാക്കുവാന്‍
ജപമന്ത്രമോതുന്ന കൈയിലെത്തും
പൂവിന്റെ ജന്മസുകൃതമില്ലെങ്കിലും
ആകാശത്താരകപ്പൂവായിടും
ആത്മാക്കള്‍ വാഴുന്ന ആകാശവാടിയില്‍
സൗവര്‍ണ്ണത്താരകപൂവായിടും.
Generated from archived content: poem1_july29_13.html Author: nandakumar-vallikavu