പ്രവാസിയുടെ ഓണം

ഓണത്തിനോര്‍മ്മകളോടിക്കളിക്കുന്ന
ഓണാട്ടുകരയിലെ ഓണനിലാവിന്‍-
ചേലൊത്തയെന്‍വധു ഓര്‍മ്മകള്‍ കോര്‍ക്കുന്നു;
ചിങ്ങവും കന്നിയും അന്യമാം ദേശത്ത്

ഓണത്തിന്‍ തുയിലുണര്‍ത്തുന്ന പൊന്നത്തം
കലണ്ടറിന്‍ താളില്‍ തെരഞ്ഞൊന്നറിയവേ
എത്രനാള്‍ മുറ്റത്ത് പൂക്കളമിട്ടൊരീ – എന്‍
സഖിക്കിവിടെയും പൂക്കളം തീര്‍ക്കണം

അത്തക്കളത്തിന് തിരുമുറ്റമില്ല
വല്ലം മെനഞ്ഞിടാന്‍ തെങ്ങോലയില്ല
ഒരു പൂച്ചെടിയെങ്ങോ കണ്ടുമറന്നീല
എവിടെപ്പോകേണ്ടു പത്തുപൂക്കള്‍ക്കായ്!

പൂത്തുമ്പിയില്ലിവിടെ, തുമ്പക്കുടമില്ല
ഓണവില്ലില്ലിവിടെ, ഓണനിലാവില്ല
മരമില്ലൊരൂഞ്ഞാല് കെട്ടിയൊന്നാടുവാന്‍
മനതാരിലോര്‍മ്മകളൂയലാടുന്നു

കൂട്ടരിലാരോ പറഞ്ഞതായോര്‍ക്കുന്നു
കിട്ടുമത്രേ ‘ഓണം’ കിറ്റുകളിലായ്
അലഞ്ഞുവല്ലോ മലയാളിക്കടകളില്‍
അത്തപ്പൂക്കളം വാങ്ങീടുവാനായ്

ചൊല്ലി ആരാഞ്ഞതിനുത്തരമിങ്ങനെ:
വന്നു പാലക്കാടന്‍ മട്ടയരി പിന്നെ
പാലട, പപ്പടം, കോമഡീസിഡിയും
എത്തിയിട്ടില്ലത്തപ്പൂക്കളം മാത്രം
എത്തും റെഡിമെയ്ഡ് മാവേലിക്കൊപ്പം.

സാന്ത്വനിപ്പിച്ചെന്നെയെന്‍പ്രിയയിങ്ങനെ:
“പ്രിയനുമായുള്ള ദിനങ്ങളോരോന്നും
എന്‍ മനസ്സില്‍ തിരുവോണമല്ലേ
സ്നേഹത്തിന്‍ പൂക്കളം തീര്‍‍ത്തു നമുക്കെന്നും
ജീവിതം പൊന്നോണമാക്കിമാറ്റാം.”

Generated from archived content: poem1_aug30_12.html Author: nandakumar-vallikavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here