ഫ്രീസർ

ദ്രവിച്ചു പോകാതെ

ചിലത്‌

ഇനിയും

സൂക്ഷിക്കേണ്ടതുണ്ട്‌.

തൊലിയുരിഞ്ഞ്‌

നഗ്നമാക്കി

പകുത്തു വയ്‌ക്കേണ്ടവ,

കൽച്ചൂടിൽ

വേവിച്ചെടുക്കേണ്ടവ

തിളയ്‌ക്കുന്ന എണ്ണയിൽ

മൊരിച്ചെടുക്കേണ്ടവ,

മധുരമായി മെല്ലെ

നുണഞ്ഞിറക്കേണ്ടവ.

തണുത്തുറഞ്ഞ

സ്‌ഫടിക ക്യൂബുകളോ-

രോന്നായ്‌ വെയിൽ-

ച്ചൂടിലുരുകിയിപ്പോഴും

മുഖത്ത്‌ പെയ്യുന്നുണ്ട്‌!

എങ്കിലും,

പൊള്ളലുകളിൽ

തിണർക്കാതിരിക്കാൻ

ഒരു തലയലച്ച വീഴ്‌ചയിൽ

നെറ്റിമേൽ പിടിയ്‌ക്കാൻ,

പതയുന്ന ലഹരിയുടെ

നീറ്റലടക്കാൻ

ഐസ്‌സർവറിൽ

ഇറുകി പിടിച്ചിരിയ്‌ക്കും

ക്യൂബുകളിയ്‌ക്കിട-

യ്‌ക്കെടുക്കേണ്ടതുണ്ട്‌.

അതുകൊണ്ട്‌,

കാഴ്‌ചയുടെ അഭ്രപാളികൾ

മണൽപാടകൊണ്ട-

ടയും മുൻപെ,

മരവിച്ചതെങ്കിലും,

ഓരോ കൊലയുടേയും

ചോരയുറഞ്ഞ,യീ

ഫ്രീസർ, എന്നും

തുടച്ച്‌ വൃത്തിയാക്കി

വയ്‌ക്കാറുണ്ട്‌.

Generated from archived content: poem1_may6_11.html Author: nandadevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here