ഇരുട്ടിന്റെ
അവിശുദ്ധിയുടെ പടം
പൊഴിച്ചടര്‍ത്തി ഓരോ
രാത്രിയും പുലര്‍ന്നു.
ഞൊറിഞ്ഞുടുത്ത വസ്ത്രത്തിനുള്ളില്‍
മലിനപ്പെടാതെ
പുലരികള്‍ പകലിലേക്ക്
ഒഴുകിക്കടന്നു
പറ്റിപ്പിടിക്കുകയാണിനി-
യോരോ അഴുക്കുനൂല്‍ ചുരുളുകള്‍
തെളിനീരരുവികളൊഴുകും
വിശുദ്ധമായ പാതകളിലവ
വഴിതെറ്റിപ്പോകുന്നു.
ഒടുവിലെല്ലാ അഴുക്കുകളും
കഴുകിക്കളയാന്‍
‘സമുദ്രമേ
ഒറ്റയൊറ്റയായൊഴുകിയിരുന്ന
തെളിനീരുറവകളെല്ലാം
നിന്നിലേക്കൊഴുകി –
എത്തുന്നു,ഒടുവില്‍
നീയായിമാറുന്നു’
കഴുകിക്കളയാനാകതെ
പകലിന്‍ അഴുക്കള്‍
തിണര്‍ത്തു കിടന്നോരോ
സന്ധ്യയുമിനി
ഇരുളിലേക്ക് മറയും
അലങ്കാര വേഷങ്ങളഴിച്ച്
രാത്രിയുടെ ദീര്‍ഘമായ നിദ്ര
പൊഴിച്ചു മാറ്റാനില്ലാതെ
എന്നേക്കുമായി തെളിഞ്ഞ
പ്രഭാതങ്ങളാഗ്രഹിക്കുമ്പോഴെല്ലാം
അവിശുദ്ധിയുടെ
വെളുത്ത പ്രതീകങ്ങള്‍
ഓരോ പാതയോരങ്ങളിലും
കൊഴിഞ്ഞു കിടന്നു.
Generated from archived content: poem1_june27_12.html Author: nandadevi