ഇന്നേ എനിക്ക് കാണാനാവുന്നുണ്ട്
ഒരു മരം വേരോടെ പിഴുതടരുന്നത്
ചിറകുകള്‍ തളര്‍ന്ന് ഒരു പക്ഷി
മണ്ണിലേക്ക് കുഴഞ്ഞു വീഴുന്നത്
കുഴിമാടങ്ങളില്‍ നിന്ന് കറുത്ത നിഴലുകള്‍
രൂപമെടുത്ത് വരുന്നത്
അല്‍പ്പ നാളുകള്‍ക്കകം
പൂക്കളുടെ വസന്തകാലം അവസാനിക്കും
പിന്നെ
മുറിവുകളുടെ വേവുകാലം
ഓരോ മുറിവുകളില്‍ നിന്നും
ഇടമുറിയാതെ ചോര നിറമാര്‍ന്ന പൂക്കള്‍
കൊഴിയുകയും വിടരുകയും ചെയ്യും
കാലം തെറ്റിപ്പെയ്യുന്ന പേമാരി
അവയ്ക്കു മീതെ ആര്‍ത്തലച്ച് വീണ്
വീണ്ടും പൊള്ളിക്കുന്നുണ്ടാകും
ഞാനന്ന് വിജനതയില്‍
ഭ്രാന്തമായ ചുവടുകളുമായി
ചിലങ്കകെട്ടിയാടും
കുളിമുറിയിലെ നിലക്കണ്ണാടിയില്‍
നനഞ്ഞ് കുതിര്‍ന്ന് നിന്ന്
മുഖം നോക്കും
ഞാന്‍ എന്നും ചൂണ്ടയില്‍ കൊളുത്തിയ
ഇരയിലേക്ക് ഹൃദയം പിളര്‍ത്തിയവള്‍
നീ കളിപ്പാട്ടങ്ങള്‍ മാത്രം തന്ന്
ആനന്ദിപ്പിച്ചവള്‍
ഇനി മുള്ളുകളുടെ ഒരു മുരിക്ക്
എന്നില്‍ വേരുറപ്പിച്ച് പടര്‍ന്ന് നില്‍ക്കും
പിന്നെ കാറ്റായി അഴിഞ്ഞുലഞ്ഞ്
നഗരവീഥികളില്‍ പ്രദക്ഷിണം
ഇനി ഞാന്‍
തീയായി മെഴുകിനെ ഉരുക്കും
മേഘമായി, നോക്കി നില്‍ക്കെ
രൂപം മാറ്റി വരം ലഭിച്ചവളാകും
ഇലകളെല്ലാം പൊഴിച്ച്
എനിക്കിനി ഒരുങ്ങേണ്ടതുണ്ട്
മൌനത്തിന്റെ വെള്ളിനാരുകള്‍ കൊണ്ട്
വാക്കുകളുടെ നഗനതയ്ക്കിനി മറവ്
അകക്കണ്ണുകള്‍ക്ക് എണ്ണത്തോണി
പുറം കാഴ്ചകള്‍ക്ക് വെളുത്ത കണ്ണട
വീണ്ടെടുപ്പിനെ ധ്യാനം
അഗ്നിശുദ്ധിക്ക് ശേഷം
തിരിച്ചെടുത്ത ഒരാത്മാവിനെ
ഞാനിനി ബലിക്കല്ലില്‍ തളച്ചിടട്ടെ.
Generated from archived content: poem1_jan3_13.html Author: nandadevi