മത്സ്യബന്ധനം

ഉണ്ണിക്കുട്ടന്‍ ചെറുപ്പം മുതലേ ഒരു മത്സ്യപ്രേമി ആയിരുന്നു എന്നാണ് കേട്ടറിവ്! പ്രേമം എന്ന് പറയുമ്പോള്‍ സാധാരണ കുട്ടികള്‍ ചെയ്യുന്ന പോലെ കുപ്പിയിലോ ഭരണിയിലിട്ടോ വളര്‍ത്തി വലുതാക്കാനൊന്നും അല്ല പുള്ളിക്കാരന്റെ കമ്പം; ചെറു മീനുകള്‍ ആണെങ്കില്‍ പൊരിച്ചും വലിയ മത്സ്യങ്ങള്‍ ആണെങ്കില്‍ കറി വെച്ചും സാപ്പിടുക എന്ന ഹോബി ആണ് ആ പ്രേമത്തിന്റെ ഏകവും പച്ചയായ പരമാര്‍ത്ഥം ! ചുട്ടയിലെ ശീലം ചുടല വരെ എന്ന് പറയുന്ന പോലെ ആ ശീലം എന്റെ അറിവില്‍ ഇന്നും അവനില്‍ ഉണ്ട്.

നന്നേ ചെറുപ്പത്തിലേ തന്നെ ഉണ്ണിക്കുട്ടന്‍ ഇങ്ങനെ ആയിരുന്നു എന്ന് അവന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് പുള്ളി അമ്മിഞ്ഞപ്പാല്‍ മാത്രം കുടിക്കുന്ന കാലമാണ്! അക്കാലത്തു ഉണ്ണിക്കുട്ടന്‍ മീന്‍ വറുക്കുന്ന മണം ഉണ്ടെങ്കില്‍ മാത്രമേ അമ്മയുടെ പാല്‍ കുടിക്കുമായിരുന്നുള്ളുവത്രേ! നോക്കണേ ഒരു ഗതികേട്.

പിച്ച വച്ച് തുടങ്ങിയപ്പോഴേ കുട്ടി മീന്‍കാരന്‍ ബാലകൃഷ്ണന്റെ കൂവല്‍ കേള്‍ക്കുമ്പോള്‍ ഉമ്മറത്തു വന്നു നില്‍ക്കാറുണ്ടായിരുന്നു എന്നാ‍ണ് അവന്റെ ആച്ഛന്‍ പറയുന്നത്. ഉണ്ണിക്കുട്ടന്റെ വീടിനടുത്ത് എത്തുമ്പോഴേ ബാലകൃഷ്ണന്റെ കൂവല്‍ അതിന്റെ പാരമത്യത്തില്‍‍ എത്തുമെത്രേ! ഒരു പക്ഷെ മീന്‍കാരന്‍ ബാലകൃഷ്ണന്‍ മക്കളെ പഠിപ്പിച്ചതും ചെറിയ പുര ഉണ്ടാക്കിയതും ഉണ്ണിക്കുട്ടന്റെ വീട്ടില്‍ നിന്നും വര്‍ഷങ്ങളായി ഉണ്ടായിരുന്ന സ്ഥിര വരുമാനത്തില്‍ നിന്നും ആയിരിക്കണം.?

കാലം കടന്നു പോയിരിക്കുന്നു. ഞങ്ങള്‍ അന്ന് സ്കൂളില്‍ ആണ് പഠിക്കുന്നത് ഒരു ദിവസം ഉണ്ണിക്കുട്ടന്‍ സ്കൂളിലേക്ക് വന്നില്ല. വൈകീട്ട് ആ വഴി പോകവേ ഞാന്‍ അവന്റെ വീട്ടിലേക്കു കയറി. ഉമ്മറത്തു കണ്ണീര്‍ കലങ്ങിയ മുഖവുമായി അവന്‍ ഇരിക്കുന്നുണ്ട്. ഞാന്‍ എന്തൊക്കെ ചോദിച്ചിട്ടും അവന്‍ ഒരക്ഷരവും ഉരിയാടിയില്ല. ഒടുവില്‍ പുറത്തു വന്ന വന്റെ അമ്മയാണ് കാര്യം പറഞ്ഞത്.

‘’ എന്താ മോനേ ചെയ്യുക? ആ മീന്‍കാരന്‍ ബാലകൃഷ്ണനില്ലേ , അയാള്‍ ഇന്നലെ രാത്രി ഹാര്‍ട്ടറ്റാക്ക് വന്ന് മരിച്ചു പോയി എന്ന് ! സംഗതി കഷ്ടം തന്നെ എന്നാലും ഇതിങ്ങനെ ഉണ്ടോ ഒരു കൂത്ത് ? അത് അറിഞ്ഞപ്പം തുടങ്ങിയതാ ഈ ചെക്കന് ദണ്ണം. സ്കൂളില്‍ പോകുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ഒന്നു വീക്കി. അപ്പോ തുടങ്ങിയ കരച്ചിലാ. കുട്ടികള്‍ക്ക് ഇങ്ങനെ ഉണ്ടോ ഒരു ഭ്രാന്ത്?’‘

‘’അമ്മക്ക് അങ്ങനെ പറയാം നമ്മുടെ വീട്ടിലെ ഒരു അംഗത്തേപ്പോലെ ആയിരുന്നില്ലേ ബാലകൃഷ്ണന്‍? എത്ര മീനാ എനിക്കു ഫ്രീയായി തന്നിട്ടുള്ളത്?’‘

‘’ അതെല്ലാം നത്തോലീം , മുള്ളനും ഒക്കെ അല്ലേടാ?’‘

‘’ അതീന്താ? തന്നില്ലേ? അപ്പോ അച്ഛന് എന്തെങ്കിലും പറ്റിയാല്‍ അമ്മക്ക് വിഷമം ഉണ്ടാകില്ലേ? അത് പോലെയാ ഇതും…’‘

അതു കേട്ടതോടെ അവന്റെ അമ്മയ്ക്ക് ഹാലിളകി. ആ സ്ത്രീ കയ്യിലിരുന്ന സ്റ്റീല്‍ തവി എടുത്തു അവനെ അടിച്ചു ഓടിച്ചു. എന്തിനോ എന്തോ എന്നെയും അവന്റെ അമ്മ തല്ലി. ഞങ്ങള്‍‍ ഓടി മാവിന്റെ പിന്നില്‍ ഒളിച്ചു. അമ്മ വീടിന്റെ അകത്തേക്ക് കയറിപ്പോയി, ഉണ്ണിക്കുട്ടന് അച്ഛന്‍ ചെറുപ്പത്തില്‍ ആശാരിയോട് പറഞ്ഞുണ്ടാക്കിപ്പിച്ചു കൊടുത്ത മരത്തില്‍ തീര്‍ത്ത കൊമ്പന്‍ സ്രാവിന്റേയു , കൂന്തലിന്റേയും എല്ലാം രൂപങ്ങള്‍ എടുത്തു അടുപ്പില്‍ ഇട്ടു കത്തിച്ചു കളഞ്ഞു. അടിയുടെ വേദന ആലോചിച്ചപ്പോള്‍ കത്തിയെരിയുന്ന കൊമ്പന്‍ സ്രാവിനെ നോക്കി നില്‍ക്കാനേ ഉണ്ണീക്കുട്ടനു കഴിഞ്ഞുള്ളു.

കഷ്ടം ആ മരത്തില്‍ തീര്‍ത്ത മീന്‍ രൂപങ്ങളുടെ സൃഷ്ടിക്കു പുറകിലെ കഥയും സംഭവബഹുലമാണ്.

പണ്ട് ചൂരക്കോട്ടു ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനു ഉണ്ണിക്കുട്ടനേയും ചേച്ചിയേയും കൂട്ടി അച്ഛന്‍ പോയി. ഉത്സവം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ചേച്ചിക്ക് ബലൂണ്‍ വാങ്ങിക്കൊടുത്തു . അതോടെ ഉണിക്കുട്ടന്‍ വാ‍ശി തുടങ്ങി. പൗരഷത്തിന്റെ പ്രതീകമാ‍യ തോക്കും, കാറും, ക്യാമറയും എല്ലാം അച്ഛനും കടക്കാരനും മാറി മാറി ഓഫര്‍ ചെയ്തിട്ടും ഉണ്ണിക്കുട്ടന്‍ വഴങ്ങിയില്ല. ഉണ്ണിക്കുട്ടന് മീനിന്റെ രൂപത്തിലുള്ള ബൊമ്മ വേണം! ഉത്സവപറമ്പില്‍ എവിടുന്ന് കിട്ടാന്‍? കളിപ്പാട്ട വില്‍പ്പനക്കാരന്‍ തന്റെ ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ തത്തയുടേയും, പെണ്‍കുട്ടിയുടേയും , മുയലിന്റേയും എല്ലാം ബൊമ്മകള്‍ വിറ്റിട്ടുണ്ട് എങ്കിലും ഒരിക്കല്‍ പോലും അത്തരത്തിലുള്ള ഒരു ബൊമ്മ കണ്ടതായി ഓര്‍ക്കുന്നില്ല. ഉണ്ണിക്കുട്ടന്റെ അലമുറ കേട്ടിട്ട് നാ‍ട്ടുകാര്‍ ഓടിക്കൂടി. ഒടുവില്‍ ഗത്യന്തരമില്ലാതെ ഉണിക്കുട്ടന്റെ അച്ഛന്‍ അവനേയും ഒക്കത്ത് എടുത്ത് അമ്പലപറമ്പില്‍ നിന്നും വീട്ടിലേക്ക് ഓടിയെത്രേ! വരുന്ന വഴിക്ക് ബാലനാശാരിക്ക് ബൊമ്മക്ക് മുന്‍ കൂര്‍ പണവും കൊടുത്തു.

എന്തായാലും നമ്മുടെ ബാലകൃഷ്ണന്റെ മരണക്കേസില്‍ ഉണ്ണിക്കുട്ടന്‍ അച്ഛനോടും അമ്മയോടും പകരം വീട്ടി. അച്ഛന്റെ പോക്കറ്റില്‍ നിന്നും അഞ്ഞൂറ് രൂപ കട്ടെടുത്ത് കടപ്പുറത്തെ ബാലകൃഷ്ണന്റെ പുര തിരഞ്ഞു പിടിച്ച് കൊണ്ടു കൊടുത്തു ആ മനുഷ്യ സ്നേഹി!

കാലം പിന്നേയും കടന്നു പോയി. ഹൈസ്കൂളില്‍ എത്തിയപ്പോഴേക്കും ഉണ്ണിക്കുട്ടന്‍ എന്ന പേര്‍ പതുക്കെ മത്തിക്കുട്ടന്‍ എന്നായി .

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ‍ണെന്നു തോന്നുന്നു അവന്റെ ക്ലാസ്സില്‍ ഒരു നമ്പൂതിരി പെണ്‍കുട്ടിയുണ്ടായിരുന്നു കൃഷ്ണവേണി. അത്യാവശ്യം നല്ല വിധം ബുദ്ധിയും സൗന്ദര്യവും ഒക്കെ ഉള്ള ഒരു പാവം കൊച്ച് . അക്കാലത്ത് ഒന്നു രണ്ടു ചാകര എല്ലാം കഴിഞ്ഞു ഉണ്ണിക്കുട്ടന്‍ ഒന്ന് തടിയൊക്കെ മിനുക്കി നില്‍ക്കുന്ന കാലം.

ബാലചാപല്യം ആയിരുന്നിരിക്കെ രണ്ടു പേര്‍ക്കും ചെറുതായി ഒരു അനുരാഗത്തിന്റെ ആരംഭം. സംഗതി ആദ്യം അറിഞ്ഞത് ഞാനാണ്. അന്നേ ഞാന്‍ അവനോട് പറഞ്ഞു അത് ശരിയാകില്ല എന്ന് സസ്യഭുക്കായ കൃഷ്ണവേണിയും മത്സ്യഭുക്കായ ഉണ്ണിക്കുട്ടനും തമ്മില്‍ ??? ഛെ ഒരു തരത്തിലും ശരിയാകത്തില്ല.

എങ്കിലും പ്രണയം മുന്നോട്ടു പോകവേ ഉണ്ണിക്കുട്ടന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു

‘’ അവള്‍ അഡ്ജസ്റ്റ് ചെയ്തേക്കും’‘

ആ വര്‍ഷത്തെ കൊല്ല പരീക്ഷക്ക് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്.

ഒരു ദിവസം ഉണ്ണിക്കുട്ടന്റെ ക്ലാസിനു മുന്നില്‍ ഒരു ബഹളം.

ഹെഡ്മാസ്റ്ററുടേയും ടീച്ചറുടേയും ഒപ്പം ഒരു നമ്പൂതിരിയുടേയും ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഞാന്‍ ചെന്നു നോക്കുമ്പോള്‍ തലയും താഴ്ത്തി ഒരു കുറ്റവാ‍ളിയേപ്പോലെ ഉണ്ണിക്കുട്ടന്‍ നില്‍ക്കുന്നു. എതിര്‍വശത്തായി അച്ഛനോട് ചേര്‍ന്ന് കൃഷ്ണവേണിയും അവശയായി നില്‍ക്കുന്നുണ്ട്. ഹെഡ്മാസ്റ്റര്‍ ശകാരവര്‍ഷം തുടരുകയാണ്. ഞാന്‍ ആദ്യം വിചാരിച്ചു , അവന്‍ വല്ല പ്രേമലേഖനവും കൊടുത്തു കാണും , അത് അവളുടെ വീട്ടില്‍ പിടിച്ചു കാണും.

എന്നാല്‍ സംസാരം നീളെ നീളെ കാര്യം കൂടുതല്‍ വ്യക്തമായി .

സംഗതി അല്‍പ്പം ഗുലുമാല്‍ തന്നെ. തലേന്ന് ഉച്ചക്ക് ഊണ് കഴിക്കുമ്പോള്‍ ഉണ്ണീക്കുട്ടന്‍ കൃഷ്ണവേണിക്ക് വിവാഹ സമ്മതം കൊടുത്തശേഷം , ഭാവി ജീവിതത്തില്‍ ഉണ്ണിക്കുട്ടന്റെ ജീവിതരീതികളുമായി പൊരുത്തപ്പെട്ടു പോകുവാന്‍ കൃഷ്ണവേണിക്ക് ആദ്യം ഉപദേശങ്ങളും പിന്നെ ഉച്ചക്ക് കഴിക്കാന്‍ അമ്മ കൊടുത്തു വിട്ട മത്തി ഫ്രൈ ഉം കഴിക്കാന്‍ കൊടുത്തു.

പ്രണയമല്ലേ ..? നല്‍കുന്നത് ഭാവി വരനും .!! പാവം ആ അയ്യര്‍ കുട്ടി അത് കണ്ണുമടച്ച് അങ്ങ് വിഴുങ്ങി!! വൈകീട്ട് വീട്ടില്‍ ചെന്നപ്പോഴേക്കും കൃഷ്ണവേണിക്ക് ശര്‍ദ്ദിയും വയറിളക്കവും തുടങ്ങി എന്നാണ് അവളുടെ അച്ഛന്‍ പറയുന്നത്, പാവം കുട്ടി! അതൊക്കെ ശീലം ഇല്ലാത്തവളല്ലേ? വയറിനു പിടിച്ചു കാണില്ല,…?

എന്തായാലും ഉണ്ണിക്കുട്ടന്റെ ആ പ്രണയം സത്യസന്ധവും പരിപൂര്‍ണ്ണമാം വിധം ആത്മാര്‍ത്ഥവും ആണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ അവന്‍ തന്റെ മത്തി ഫ്രൈ ആരുമായും പങ്കു വച്ചതാ‍യി എനിക്ക് അറിവില്ല. !!!!

ഉണ്ണിക്കുട്ടനേയും ഭൂഗോളത്തിലെ സകലമാന മാംസഭുക്കുകളേയും പിരാകി തളര്‍ന്നപ്പോള്‍ പാവം നമ്പൂരി തിരിച്ചു പോയി. എന്തായാലും ആ പ്രശ്നം അതോടെ അവസാനിച്ചു. ഒപ്പം ആ പ്രണയ ചാപല്യവും!

കാലം പിന്നേയും മുന്നോട്ടു പോയപ്പോഴേക്കും ഉണ്ണിക്കുട്ടന്‍ കോളേജിലെ അനിഷേധ്യ നേതാവായി മാറിയിരുന്നു. കലാലയ സമരങ്ങളും മറ്റും കത്തി നിന്നിരുന്ന കാലം. എന്നും എന്തിനും പ്രക്ഷോഭങ്ങളുടെ മുന്നില്‍ ഉണ്ണിക്കുട്ടന്‍ ഉണ്ടായിരുന്നു. ഒപ്പം എന്തിനും ജയ് വിളിക്കാന്‍ ഒരു പാടു അനുയായികളും. സാധാരണ പരീക്ഷാ കാലത്ത് ആരും സമരം എടുക്കാറില്ല. വര്‍ഷം മുഴുവനും കാള കളിച്ചു കളഞ്ഞശേഷം അക്കാലത്താണ് വിദ്യാര്‍ത്ഥി നേതാക്കള്‍ പോലും ‘’ വിദ്യാര്‍ത്ഥി’‘ ആകുന്നത്.

എന്നാല്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും എന്തിന് എതിര്‍ പാര്‍ട്ടികളേപ്പോലും അമ്പരപ്പിച്ചു കൊണ്ട് ഒരു ദിവസം രാവിലെ പത്രം വന്ന ഉടനെ ഉണ്ണിക്കുട്ടനും പര്‍ട്ടിയും സമരം പ്രഖ്യാപിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ആകെ കുഴങ്ങി. ഈ സമയത്ത് ഒരു സമരം ആരും പ്രതീക്ഷിച്ചതല്ല. സമരാനുകൂലികള്‍ ആണെങ്കില്‍ ഒരൊറ്റ മുദ്രാവാക്യമേ മുഴക്കുന്നുള്ളുതാനും.

‘’ സര്‍ക്കാരിന്റെ ജനദ്രോഹപരമായ നയങ്ങള്‍ തിരുത്തുക’‘

എതിര്‍ പാര്‍ട്ടിയിലെ സഖാക്കള്‍ പോലും സമസ്യക്ക് ഉത്തരം കിട്ടാതെ ഉഴലുകയാണ് .

‘’ ശെടാ .. ഇതെന്തു സമരം ? ഇപ്പോ അടുത്തൊന്നും വിദ്യാര്‍ത്ഥി സംഘടനമോ , മറ്റു ചില്ലറ കേസുകളോ ഉണ്ടായിട്ടില്ല ഇനി ഇത് കെ. എസ്. യു വിന്റെ പൊളിറ്റിക്കല്‍ തന്ത്രങ്ങള്‍ എന്തെങ്കിലും ആണോ?

മുദ്രാവാക്യം കേട്ട് കുട്ടി സഖാക്കള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് ഉപദേശം തിരക്കി.

‘’ ഭരണം നമ്മുടെ തന്നെ , പക്ഷെ,അടുത്തെങ്ങും ജനദ്രോഹപരം ആയോ എന്തിന് ജനോപകാരപ്രദമായി പോലും ഒരൊറ്റ നയങ്ങളും നമ്മള്‍ നടപ്പിലാക്കിയിട്ടില്ല. എന്തായാലും അവരെ ഒന്ന് നിരീക്ഷിക്കു. ഒരു പക്ഷെ അവര്‍ രാഷ്ട്രീയ ചാണക്യന്മാരുടെ കുതന്ത്രങ്ങള്‍ ആകാം !!!

ഒടുവില്‍ സംഗതി എന്താണെന്നറിയാന്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥി നേതാക്കളെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഉണ്ണിക്കുട്ടനും ഒപ്പം യുവജന നേതാക്കളായ സെബാസ്റ്റ്യനും ഹമീദും ഓഫീസിലേക്ക് കയറിപ്പോയി . സെബാസ്റ്റ്യന്‍ ചാവക്കാട്ടെ ഒരു വലിയ ബോട്ട് ഉടമയുടെ മകന്‍ ആണ്. ഹമീദ് ആകട്ടെ ചാവക്കാട് മീന്‍ ചന്തയില്‍ മൊത്ത വ്യാപാരി ആയ ഹംസക്കോയയുടെ നാലാമത്തെ പുത്രനും.

നിരന്നു നില്‍ക്കുന്ന നേതാ‍ക്കളോട് പ്രിന്‍‍സിപ്പല്‍ ചോദിച്ചു.

‘’ ആദ്യം എന്താ സമരത്തിനു കാരണം?’‘

‘’സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍’‘

പ്രിന്‍സിപ്പല്‍ പത്രം എടുത്ത് മറിച്ചു നോക്കി.

‘’ ഇതിലൊന്നും കാണാനില്ലല്ലോ?’‘

‘’സാര്‍ ആ എട്ടാം പേജില്‍ അഞ്ചാം കോളം ഒന്ന് നോക്ക് ‘’

പ്രിന്‍സിപ്പല്‍ പത്രത്താള്‍ മറിച്ചു നോക്കി

‘’ ഇതില്‍ വിശേഷിച്ചൊന്നും ഇല്ലല്ലോ കൊച്ചനേ?’‘

‘’ ഇല്ലെന്നോ’‘?

‘’ ഇന്നു മുതല്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നു എന്ന വാ‍ര്‍ത്ത കണ്ടില്ലേ സാര്‍’‘?

‘’സാറിന് അറിയാമോ ഇത് എത്ര ലക്ഷം മത്സ്യതൊഴിലാളികളെ പട്ടിണിക്കിടും എന്ന് ?’ – സെബാസ്റ്റ്യന്‍

‘’ നമ്മുടെ നാടിന്റെ സാമ്പത്തിക നില തന്നെ അപകടത്തില്‍ ആകും സാര്‍’‘- ഹമീദ്.

ഉണ്ണീക്കുട്ടന്റെ ആവേശം കണ്ടപ്പോള്‍ പ്രിസിപ്പലിന് സംഗതി മനസിലായി . പുള്ളിക്കാരന്‍ ഉണ്ണിക്കുട്ടന്റെ അച്ഛന്റെ സുഹൃത്താണ്. വീട്ടില്‍ ഭക്ഷണത്തിനു വന്നിട്ടുണ്ട്.

‘’ ഉം ശരി ഒരു കാര്യം ചെയ്യ് ഉണ്ണിക്കുട്ടന്‍ മാ‍ത്രം ഇവിടെ നില്‍ക്കു . മറ്റു രണ്ടുപേരും പൊയ്ക്കൊള്ളു നമുക്ക് കാര്യങ്ങള്‍ ഒത്തു തീര്‍പ്പാക്കാം.’‘

ഉണ്ണിക്കുട്ടന്‍ മാത്രം അവിടെ അവശേഷിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ അവനു നേരെ കയര്‍ത്തു.

‘’ തനിക്കു ഭ്രാന്താണോടോ ? ഇത് പോലെത്തെ കുണ്ടാമണ്ടി കാര്യങ്ങള്‍ക്കു സമരം വിളിക്കാന്‍?’‘

‘’ മത്സ്യ സമ്പത്ത്?’‘

‘’ തന്റെ മത്സ്യ സമ്പത്ത് സംരക്ഷിക്കാന്‍ അല്ലേടോ ഈ ട്രോളിംഗ് നിരോധനം?’‘

‘’ അത് എനിക്കറിയാം സാര്‍ പക്ഷെ ഗവണ്മെന്റിന്റെ അത്തരമൊരു ഒരു തീരുമാനം എത്ര ലക്ഷം ആളുകളെ ആണ് ബുദ്ധി മുട്ടിക്കുന്നത്?’‘

‘’ എടോ അതിനു കുടുംബം പട്ടിണിയില്‍ ആകാന്‍ തന്റെ അച്ഛന്‍ മത്സ്യ തൊഴിലാളി ഒന്നുമല്ലല്ലോ?’‘

‘’ അതല്ല സര്‍ ഞാന്‍ ഉദ്ദേശിച്ചത് , മത്സ്യം കഴിക്കാന്‍ കിട്ടാതെ എത്ര പേരാ…!!! ????????’‘

ഉണ്ണിക്കുട്ടന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പേ കലി മൂത്ത പ്രിന്‍സിപ്പല്‍ തന്റെ മേശയിലെ ഗ്ലോബും പേപ്പര്‍ വെയിറ്റും എല്ലാം നിലത്തു എറിഞ്ഞു തകര്‍ത്തു. വിദ്യാര്‍ത്ഥി നേതാക്കളെ തല്ലാന്‍ തനിക്കു ആകില്ലല്ലോ?

പ്രിന്‍സിപ്പലിന്റെ അരിശം കണ്ടു ഉണ്ണിക്കുട്ടന്‍ ഞെട്ടി വിറച്ചു പോയി. എന്നും കാര്യങ്ങളോട് അടുത്തെത്തിയാല്‍ ഉണ്ണിക്കുട്ടന്‍ ഒരു പേടിച്ചു തൂറിയാണേ…!

അല്‍പ്പം ഒന്ന് ശാന്തന്‍ ആയപ്പോള്‍ പ്രിന്‍സിപ്പല്‍ ഉണ്ണിക്കുട്ടന് ട്രോളിങ്ങിന്റെ ഗുണവശങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കി കൊടുത്തു . മാത്രമല്ല പുഴയിലും കുളങ്ങളിലും എല്ലാം മീന്‍ ഉണ്ടല്ലോ….????!!

‘’ ശരിയാ..’‘ ഉണ്ണിക്കുട്ടന്‍ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നു!

‘’ എന്നാലും ആരാലും പിടിക്കപ്പെടാതെ മൂത്ത് പഴുത്ത് ചത്ത് പോകുന്ന മീനുകളെകുറിച്ച് ആലോചിക്കുമ്പോഴാ സാര്‍ എനിക്കു .? കഷ്ടം …! അവറ്റകളെ പിടിക്കാന്‍ വേണ്ടിയെങ്കിലും സര്‍ക്കാരിനു ഒന്ന് രണ്ടു ബോട്ടുകള്‍ ഇറക്കാമായിരുന്നു അല്ലെ?

പ്രിന്‍സിപ്പല്‍ അതിനു പറുപടി പറഞ്ഞു നില്‍ക്കാന്‍ ബുദ്ധി മുട്ടാതെ നേരെ ഉണ്ണിക്കുട്ടനേയും കുട്ടി ബിരിയാണി ബക്കറിന്റെ കടയില്‍ പോയി ഉഗ്രന്‍ മീന്‍ ബിരിയാണി വാങ്ങി കൊടുത്തു.

സമരവും അതോടെ അവസാനിച്ചു!

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഞങ്ങള്‍ പല വഴിക്കു പിരിഞ്ഞു. പിന്നീടു വര്‍ഷങ്ങള്‍ക്കു ശേഷം അവന്റെ വിവാഹം കഴിഞ്ഞ കാര്യം ഞാന്‍ അറിഞ്ഞത് സുഹൃത്തുക്കളില്‍ നിന്നാണ്. മത്സ്യങ്ങളോട് പ്രണയം ഉണ്ടെങ്കിലും അണ്ണന്‍ പഠിക്കാനും മിടുക്കനായതിനാല്‍ നല്ല ജോലിയും നല്ല ബന്ധവും തരപ്പെട്ടു, എന്നിരുന്നാലും ഇവിടേയും അവന്റെ പഴയ സ്വഭാവത്തിന് അധികം മാറ്റമൊന്നും ഇല്ല എന്ന് തന്നെ വേണം കരുതാന്‍ . കൊച്ചിയിലെ ഒരു മത്സ്യ എക്സ്പോര്‍ട്ടറുടെ മകളെ ആണ് പുള്ളിക്കാരന്‍ ജീവിത സഖി ആയി കണ്ടെത്തിയത് . പേര് ‘’ മീനാക്ഷി’‘ എന്നാണത്രേ!!!

ഹോ അവനെ കൊണ്ട് നമ്മള്‍ തോറ്റു അല്ലെ?

വിവാഹം എന്തായാലും നന്നായി കഴിഞ്ഞു എന്നാണ് ‍കേട്ടത്. ..എന്തായാലും മത്സ്യ എക്സ്പോര്‍ട്ടര്‍ ആ‍യ ആ ഭാര്യാ പിതാവിന്റെ കാര്യം ആണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത് ? ആ ബിസിനസ് ഇനി എന്ത് ആകുമോ എന്തോ…?

Generated from archived content: story1_feb20_12.html Author: nana_syndriz

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here