വലയില്‍ കുരുങ്ങിയ അഞ്ചു കവിതകള്‍

1
മുഖം പറയുന്നത്

ശത്രു കൊത്തിയിട്ട
വെള്ളി മൂങ്ങയ്ക്ക്
മുഖമില്ലായിരുന്നു
ഒരറ്റം ചിറകും.
തുടര്‍ച്ചമുറിയാതെ
വീശിക്കൊണ്ടിരുന്ന ഇളം കാറ്റ്
ഒലിച്ചിറങ്ങുന്ന ചോരയെ
ആറ്റിതുടച്ചു.
കട്ടപിടിച്ചപ്പോള്‍
മരണം മരണമല്ലാതായി
മരിച്ചത്
വെള്ളി മൂങ്ങയല്ലത്രേ.

2
സ്പൈഡര്‍മാന്‍

ആകാശം തൊട്ടാണയാള്‍
വാക്കുകളില്‍ നെയ്തെടുത്ത വല
കോര്‍ത്തത്, എന്നിലും.
കിതയ്ക്കുന്ന വേദന നടിച്ച്
ശരീരം തേടി
വേച്ചു വേച്ചു ഞാനും നടന്നു
വലയ്ക്ക് ബലമില്ല
അയാളുടെ ശരീരം
പുലിയുടെ ഉടലും
രൂപമില്ലാത്ത ഞാന്‍
മുളയ്ക്കുന്ന നഖത്തെ കണ്ടു.
ഇപ്പോള്‍ അയാള്‍
മറ്റൊരു വലയുടെ
പണിപ്പുരയിലാണ്.
3
പരസ്യമായത്

മൂക്ക് തുളയ്ക്കും
ചെറിയൊരു ഗന്ധം
പുറത്തു വന്നപ്പഴേ
മൂടിവച്ചതാണി
കല്ലറ
പരസ്യമാവാതിരിക്കാന്‍.
എന്നിട്ടും
ലോകരെല്ലാം അറിഞ്ഞു
അകതെന്താണെന്നു.
4
നഷ്ടം

നുകരാന്‍
തേനുകളില്ലാത്ത ലോകത്ത്
പൂമ്പാറ്റകള്‍
ദുഖമാണ്.
ഒരു പുലരി
കാട്ടിത്തന്നത്
ചിറകഴിച്ച
പൂമ്പാറ്റകളുടെ
ആത്മഹത്യയും.
5
സമയ സൂചി

നട്ടുച്ചയ്ക്ക് കൂവിയ
പൂവന്‍ കോഴിയെ
നാട്ടാര്‍
കാലന്‍ പൂങ്കോഴീന്നു വിളിച്ചു .
വെള്ള വഴിയെ തുളച്ചു
മഴയും കാലം തെറ്റി വന്നപ്പോള്‍
മറുപടിയെന്നോണം
കാലന്‍ പൂങ്കോഴി
മൊഴിഞ്ഞു.
എന്‍റെ ഘടികാരസൂചി
ആരോ തിരുച്ചുവച്ചിരിക്കുന്നു.

Generated from archived content: poem1_jan22_13.html Author: najla_mariyam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here