സനാഥൻ

സുഹൃത്തും സ്വന്തം നാട്ടുകാരനുമായിരുന്നിട്ടും രണ്ടുതവണമാത്രമാണ്‌ ഹരി എന്നിലെ പത്രലേഖകനെ തേടി വന്നത്‌. ആദ്യം വാർത്തയുമായും പിന്നീട്‌ വാർത്തയായും!

അവൻ വാർത്തയുമായി വരുമ്പോൾ ഞാൻ പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നു. പ്രമുഖ പത്രം എന്റെ പ്രദേശത്ത്‌ ഒരു സബ്‌ ബ്യൂറോ ആരംഭിക്കുകയും അതിൽ ഞാൻ സ്വ.ലേ ആയി ജോലി തുടങ്ങുകയും ചെയ്‌ത കാലത്ത്‌ അവൻ നാട്ടിലുണ്ടായിരുന്നില്ല. മറുനാട്ടിലെവിടെയോ സാമാന്യം തരക്കേടില്ലാത്ത എന്തോ ടെക്‌നിക്കൽ ജോലിയഭ്യസിച്ച്‌, അതുകൊണ്ട്‌ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. നാട്‌ വിട്ടുപോയി അഞ്ചുവർഷത്തിനുശേഷം മടങ്ങിവരുമ്പോൾ പ്രായത്തെ അതിശയിപ്പിക്കുന്ന ഭേദപ്പെട്ട ജീവിതം അവൻ കൈവശപ്പെടുത്തിയതായി നാട്ടുകരെപോലെ എനിക്കും തോന്നിയിരുന്നു. കുട്ടിക്കാലം മുതൽ നേരിട്ട ദുരിതവും വീട്ടിലെ പ്രാരാബ്‌ധങ്ങളുമാണ്‌ ചെറുപ്രായത്തിൽ തന്നെ നല്ലൊരു ജീവിതം നേടിയെടുക്കാൻ അവനെ സഹായിച്ചതെന്ന്‌ എല്ലാവരെയും പോലെ ഞാനും വിശ്വസിച്ചപ്പോൾ എനിക്കവനോട്‌ അസൂയ തോന്നാതിരുന്നുമില്ല. നാട്ടിലെ നായ്‌ ശല്യവും തെരുവ്‌ വിളക്കുകൾ കത്താത്തതും വ്യാജമദ്യ നിർമ്മാണവും വനം കൊളളയുമൊക്കെ ആവർത്തിച്ചെഴുതി പത്രക്കോളങ്ങളുടെ എണ്ണം തികച്ച്‌ പത്രത്തിൽ നിന്ന്‌ മാസാവസാനം വന്നുചേരേണ്ട പ്രതിഫലം മെച്ചപ്പെടുത്താനുളള ശ്രമങ്ങളിൽ എന്റെ യൗവ്വനം വിയർത്തുതുടങ്ങിയ കാലമായിരുന്നു അത്‌.

ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി നടത്തിപ്പുകളിലെ പാളിച്ചകളെയും ക്രമക്കേടുകളെയും കുറിച്ച്‌ പ്രതിപക്ഷത്ത്‌ നിന്ന്‌ ചോർന്ന്‌ കിട്ടിയ വിവരങ്ങൾ വെച്ച്‌ ഒരു ‘സ്‌റ്റോറി’ മെനയാൻ പാടുപെടുന്ന ഒരുച്ച നേരത്താണ്‌ ഹരി വാർത്തയുമായി വന്നു കയറിയത്‌. എന്റെ പത്രത്തിന്‌ അനഭിമതരായ രാഷ്‌ട്രീയ കക്ഷി ഭരണം നടത്തുന്ന പഞ്ചായത്തിൽ അഴിമതി വാർത്ത എത്ര പൊടിപ്പും തൊങ്ങലും ചേർത്ത്‌ പൊലിപ്പിച്ചാലും പത്രം പ്രസിദ്ധീകരിക്കും എന്ന വിശ്വാസത്താൽ ഭാവനയും യാഥാർത്ഥ്യവുമായി മല്ലിടുകയായിരുന്ന ഞാൻ ഹരിയുടെ രംഗപ്രവേശമറിയാൻ അല്പം സമയമെടുത്തു. തൊണ്ടയനക്കി എന്റെ ശ്രദ്ധ പിടിച്ചെടുത്ത അവൻ പോക്കറ്റിൽ നിന്ന്‌ ഒരിളം നീല കവറെടുത്ത്‌ തുറന്ന്‌ അതിൽ നിന്ന്‌ ഒരു പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോയെടുത്ത്‌ നീട്ടി പറഞ്ഞു.

“അമ്മയുടേതാണ്‌. കാണാതായ വിവരം നീയറിഞ്ഞു കാണുമല്ലോ.‘

”ഉവ്വ്‌, എന്തെങ്കിലും വിവരം കിട്ടിയോ?“

”ഇല്ല. മൂന്നു ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. നീയിതൊന്ന്‌ പത്രത്തിൽ കൊടുക്കണം. ഇനിയതേ വഴിയുളളൂ.“

ഒരു ക്ലാസിഫൈഡ്‌ പരസ്യത്തിന്റെ സാധ്യതയാണ്‌ ആദ്യം തലക്കുളളിൽ മിന്നിമറഞ്ഞത്‌. അവന്റെ മുഖം കണ്ടപ്പോൾ എനിക്കും വിഷമം തോന്നി. കാൺമാനില്ല എന്നൊരു വാർത്തയാക്കി പിറ്റേന്നത്തെ പത്രത്തിൽ ഇട്ടു.

നാലു ദിവസങ്ങൾക്ക്‌ ശേഷം ഗ്രാമകവലയിൽ നാട്ടിലെ ചെറുപ്പക്കാരുടെ സ്ഥിരം സായാഹ്‌നവേദിയായ വായനശാലയിൽ കൂട്ടുകാരോടൊത്ത്‌ സൊറ പറഞ്ഞിരിക്കുമ്പോൾ അവൻ വന്നു. മുഖം കനം തൂങ്ങിയിരുന്നു. പാറിപ്പറന്ന്‌ കിടക്കുന്ന മുടി. ഒന്ന്‌ തൊട്ടാൽ തുളുമ്പിയൊഴുകാൻ കാത്തുനില്‌ക്കുന്ന കണ്ണീർപ്പാത്രമാണ്‌ അവനെന്ന്‌ തോന്നി. എല്ലാവരുടെയും മുഖത്ത്‌ സഹതാപം നിഴലായി പാറി വീണു.

’നമുക്കിനി വനത്തിൽ തെരയാം‘ എന്ന്‌ എല്ലാവരും കൂടി തീരുമാനമെടുക്കുമ്പോൾ അവൻ അടുത്തുമാറി നിലത്ത്‌ മുട്ടുകാലിൽ മുഖം പൂഴ്‌ത്തിയിരുന്നു. കണ്ണീർപ്പാത്രം തുളുമ്പിയൊഴുകുകയായിരുന്നിരിക്കണം.

പിറ്റേന്ന്‌ പ്രഭാതം മുതൽ ആരംഭിച്ച തെരച്ചിലിനിടയിൽ ഓരോ പൊന്തക്കാടിനുളളിലേക്കും ഓരോ തവണയും പല കണ്ണുകൾ ഒരുമിച്ച്‌ ചുഴിഞ്ഞിറങ്ങുമ്പോൾ അവന്റെ നെഞ്ചിടിപ്പിന്റെ ശബ്‌ദം ഞങ്ങൾക്ക്‌ കേൾക്കാമായിരുന്നു.

ഒടുവിൽ ഒരു ചെറിയ വൃക്ഷത്തിന്റെ നിലം തൊടുന്ന ചില്ലയിൽ ഒരു പ്ലാസ്‌റ്റിക്‌ കയറിനാൽ ബന്ധിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒടിഞ്ഞ കഴുത്തും ദ്രവിച്ചു തുടങ്ങിയ ബാക്കിയുടലും അവൻ ഒരു പിടയലോടെ തിരിച്ചറിഞ്ഞു.

’അമ്മേ!!‘

അവൻ കരഞ്ഞില്ല.

പോലീസ്‌ വന്നു. ഇൻക്വസ്‌റ്റ്‌ നടത്തി. ചീഞ്ഞ ശവങ്ങളെടുക്കാനും മറവു ചെയ്യാനും മിടുക്കനായ പോലീസിന്റെ ’സ്വന്തക്കാരൻ‘ മത്തായി വന്നു. സമീപത്ത്‌ ഓലകുത്തിയുണ്ടാക്കിയ മറയിൽ പോസ്‌റ്റുമോർട്ടം നടത്താൻ സർക്കാർ ഡോക്‌ടറും വന്നു.

മത്തായിക്ക്‌ ചാരായവും ഗാന്ധിത്തലയുളള നോട്ടും കൊടുത്തു. പോലീസിനും, ഡോക്‌ടർക്കുമെല്ലാം അതുപോലെ പല ഗാന്ധിത്തലകൾ കൊടുത്തു. അവന്റെ സമ്പാദ്യത്തിന്റെ കനം ഞങ്ങളറിഞ്ഞു.

”ജീവിച്ചിരുന്നപ്പോൾ അമ്മയ്‌ക്ക്‌ വേണ്ടി ഒന്നും ചെലവാക്കാൻ കഴിഞ്ഞിരുന്നില്ല. മരിച്ചപ്പോഴെങ്കിലും….’ അവൻ കണ്ണു തുടച്ചു.

അവസാന കാലത്ത്‌ അവന്റെ അമ്മയ്‌ക്ക്‌ മാനസിക ഭ്രമം അനുഭവപ്പെട്ടിരുന്നു. അന്നവൻ നാട്ടിലുണ്ടായിരുന്നില്ല. മടങ്ങിയെത്തുമ്പോൾ അവരുടെ ഭ്രാന്ത്‌ ചികിത്സയ്‌ക്ക്‌ വഴങ്ങാത്തതായി മാറിയിരുന്നു.

കൈനിറയെ സമ്പാദ്യവുമായി വന്നിട്ടും അവൻ അവന്റെ വീട്‌ പുതുക്കി പണിതിരുന്നില്ല. മണ്ണുരുളകൾ കൊണ്ടുണ്ടാക്കിയ ആ വീട്ടിൽ ഇപ്പോൾ അവന്റെ ഏക സഹോദരിയാണ്‌ താമസിച്ചിരുന്നത്‌. സഹോദരിയുടെ വഴിവിട്ട ജീവിതത്തിൽ മനസ്സ്‌ നൊന്തിരുന്ന അവൻ വല്ലപ്പോഴും ആ വീട്ടിലേക്ക്‌ പോയിരുന്നത്‌ അമ്മയെ കാണാൻ വേണ്ടി മാത്രമായിരുന്നു.

അമ്മ പെങ്ങൾക്ക്‌ ഭാരമാണെന്ന്‌ മനസ്സിലായപ്പോൾ അമ്മയെ അവിടെ നിന്ന്‌ മാറ്റിത്താമസിപ്പിക്കണമെന്ന്‌ അവന്‌ തോന്നി. സ്വന്തമായൊരു വീട്‌ വയ്‌ക്കാൻ അഞ്ചു സെന്റ്‌ സ്ഥലം വാങ്ങി വീടിനുളള ഒരുക്കം നടത്തുമ്പോഴാണ്‌ അമ്മയുടെ തിരോധാനം. അമ്മയെ കാണാനില്ല എന്നാണ്‌ പെങ്ങൾ അവനെ അറിയിച്ചത്‌. ഭ്രാന്തിളകി വീട്ടിൽനിന്ന്‌ രാത്രിയിൽ ഇറങ്ങിപ്പോയതാകുമെന്ന്‌ എല്ലാവരും കരുതി.

പക്ഷെ മരണത്തിലെ അസ്വാഭാവികത പല സംശയങ്ങളിലേക്കും വഴി തെളിയിച്ചു. അത്‌ ഒരു ആത്മഹത്യ അല്ലെന്ന്‌ ജനം മുറുമുറുക്കാൻ തുടങ്ങി.

എന്നിലെ സ്വ.ലേ ഉണർന്നു. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായ സൂചനകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും തൂങ്ങി മരണത്തിന്റെ നിബന്ധനകളൊന്നും ഈ മരണത്തിൽ പാലിക്കപ്പെട്ടിട്ടില്ലെന്ന്‌ നാട്ടുകാർക്കൊപ്പം ഞാനും ചിന്തിക്കാൻ തുടങ്ങി. നിലത്ത്‌ മുട്ടി നില്‌ക്കുന്ന ഒരു വൃക്ഷച്ചില്ലയിൽ ഒരു മനുഷ്യന്‌ എങ്ങനെയാണ്‌ കെട്ടിത്തൂങ്ങി ചാകാൻ കഴിയുക? സംഭവത്തിന്റെ ഫോളോ അപ്പെന്ന നിലയിൽ ‘മദ്ധ്യ വയസ്‌കയുടെ മരണത്തിൽ ദുരൂഹത’ എന്നൊരു വാർത്ത ഞാൻ ചമച്ചുവിട്ട ദിവസം ഹരി വീണ്ടും വന്നു. ബ്യൂറോയിലേക്കാണ്‌ കയറി വന്നതെങ്കിലും എന്നിലെ സ്വ.ലേയെ കാണാനായിരുന്നില്ല ആ വരവ്‌. വന്ന്‌ കയറിയ ഉടൻ അവൻ പറഞ്ഞു.

‘പത്രപ്രവർത്തകനാണെന്ന കാര്യം നീ തത്‌ക്കാലം മറക്കുക. നിനക്കറിയാമല്ലോ. പുറം വെളിച്ചത്തിൽ അച്ഛനാരെന്ന്‌ അറിയാത്ത എനിക്ക്‌ രക്തബന്ധത്തിൽ ഈ ഭൂമിയിൽ ഇനിയുളളത്‌ പെങ്ങൾ മാത്രമാണ്‌. അമ്മയുടേത്‌ ഒരു കൊലപാതകമാണെന്ന്‌ നിങ്ങൾ പറയുന്നത്‌ ശരിയാണെങ്കിൽ എന്റെ പെങ്ങളെയാണ്‌ ഞാനും സംശയിക്കേണ്ടത്‌. മാനസിക രോഗിയായിരുന്നു അമ്മയെങ്കിലും, പെങ്ങളുടെ ജീവിതരീതിയോട്‌ എനിക്ക്‌ പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ലെങ്കിലും അനാഥനല്ല എന്ന തോന്നലിലാണ്‌ ഞാൻ ജീവിച്ചിരുന്നത്‌. ഇനിയും എനിക്ക്‌ അനാഥനാകാൻ വയ്യ!’

നിറഞ്ഞ അവന്റെ കണ്ണുകളിലേക്ക്‌ നോക്കാൻ എനിക്ക്‌ കഴിഞ്ഞില്ല.

വർഷം ഒന്ന്‌ കഴിഞ്ഞപ്പോൾ എന്റെ ജീവിതത്തിലും ഓർക്കാപ്പുറത്ത്‌ മാറ്റങ്ങളുണ്ടായി. റിപ്പോർട്ടർ ട്രൈനിയായി തെരഞ്ഞെടുക്കപ്പെട്ട ഞാൻ പത്രത്തിന്റെ ജില്ല ബ്യൂറോയിലെത്തി.

പിന്നെയൊരു വാരാന്ത്യത്തിൽ നാട്ടിലെത്തിയപ്പോൾ ഹരി വീട്ടിൽ വന്നു. അവന്റെ വിവാഹത്തിന്‌ ക്ഷണിക്കാനായിരുന്നു അത്‌. അവൻ ഭൂമിയിൽ കൂടുതൽ വേരുകൾ പടർത്താനൊരുങ്ങുന്നു. സന്തോഷം തോന്നി. മുമ്പ്‌ ഞാൻ ട്യൂട്ടോറിയൽ കോളേജ്‌ അധ്യാപകനായിരുന്നപ്പോൾ എന്റെ ശിഷ്യയായിരുന്ന ഒരു സാധു കുടുംബത്തിലെ പെൺകുട്ടിയായിരുന്നു അവന്റെ വധു.

വർഷം ഒന്ന്‌ വീണ്ടും കടന്നുപോയി. ഇതിനിടയിൽ ഞാൻ പത്രത്തിന്റെ ഡസ്‌കിലെത്തി.

ഇപ്പോൾ ദേ എന്റെ മുന്നിൽ വീണ്ടും അവനെത്തിയിരിക്കുന്നു. ജില്ലാ ബ്യൂറോയിൽ നിന്നെത്തിയ വാർത്തകളുടെ കൂട്ടത്തിൽ.

ചായക്കടയിൽ ചാരായം വിളമ്പുന്നത്‌ ചോദ്യം ചെയ്‌തതിന്‌ കളളുവാറ്റുകാരന്റെ കത്തിക്കുത്തേറ്റ്‌ യുവാവ്‌ മരണമടഞ്ഞു എന്ന വാർത്തക്കൊപ്പം അവന്റെ മന്ദഹസിക്കുന്ന മുഖം.

വാർത്തയിൽ അവൻ അനാഥനായിരുന്നില്ല. അലമുറയിട്ട്‌ കരയുന്ന ഭാര്യയുടെയും പെങ്ങളുടെയും നിലവിളികൾ എനിക്ക്‌ കേൾക്കാമായിരുന്നു.

Generated from archived content: story1_jan27.html Author: najim_kochukalungu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here