ചരിത്രം

ചരിത്രം അങ്ങനെയാണ്‌

ചിലപ്പോൾ അതൊരു

കുറുമ്പുകാരിയെ പോലെ

ഉടയാടകൾ വലിച്ചെറിഞ്ഞ്‌

പൊള്ളുന്ന സത്യങ്ങൾ

കുടഞ്ഞെറിഞ്ഞ്‌

കിലുകിലെ ചിരിച്ച്‌

കനൽനടത്തം നടത്തും.

ചരിത്രം

ചിലപ്പോൾ

ഒരു രജസ്വലയെ പോലെയാണ്‌

ലജ്ജയാൽ കൂമ്പിയുറങ്ങി

മധുര സ്വപ്‌നങ്ങളിലുണരും

നുണക്കുഴികളിൽ മൗനം നിറച്ച്‌

ചിരികളിൽ നിലാവാകും

അടിവയറ്റിലെ നോവിന്റെ

ചാണയിലുരച്ച്‌ ചാരിത്ര്യശുദ്ധിയെ

സ്‌ഫുടംചെയ്‌തു കൊണ്ടിരിക്കും.

എന്നാൽ

ചിലപ്പോഴൊക്കെയും

ചരിത്രം

ഒരഭിസാരികയെ പോലെയാണ്‌

കൂടെ ശയിക്കുന്നവനെ

രസിപ്പിക്കുവാൻ

ഏത്‌ ലീലയുമാടും,

കീശകളിൽ ആർത്തിയായി

പടർന്നിറങ്ങും,

അന്തപ്പുരങ്ങളിൽ

തളർന്നുറങ്ങും!

Generated from archived content: aug27_poem2.html Author: najim_kochukalungu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here