വന്ന് വന്ന് അയാൾക്ക് സ്വന്തം നിഴലിനെപ്പോലും പേടിയായി. ബസ്സ്സ്റ്റാന്റിന് അധികം ദൂരെയല്ല വീടെങ്കിലും രാത്രിയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ഓട്ടോയിലോ കാറിലോ പോകാമെന്ന് വെച്ചാൽ ഒരു ഭാഗ്യ പരീക്ഷണത്തിന് അയാൾ തയ്യാറായിരുന്നില്ല. ഇടയ്ക്ക് വെച്ച് വല്ല ഗുണ്ടകളും വഴി തടഞ്ഞു നിർത്തിയാൽ.. അല്ലെങ്കിൽ വിജനമായ വല്ല സ്ഥലത്തും കൊണ്ടു നിർത്തി ഡ്രൈവർ തന്നെ പണവും ജീവനും കവർന്നാലോ..
അൽപം പേടിച്ചിട്ടാണെങ്കിലും നടന്നു പോകുന്നത് തന്നെ നല്ലത്. റോഡിലെ തിരക്ക് ഒഴിഞ്ഞിട്ടില്ല. ഇടയ്ക്കിടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നുണ്ട്. തെരുവുവിളക്കുകളുടെ വെളിച്ചം നൽകിയ ധൈര്യവുമായി അയാൾ പെട്ടിയും തൂക്കി പതിയെ നടന്നു. വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ പിന്നെ നിഴൽ മാത്രമായി കൂട്ട്. വെളിച്ചം കുറഞ്ഞു കുറഞ്ഞു വരുമ്പോൾ അയാൾക്ക് പേടി തുടങ്ങി.!
തികച്ചും അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ നിഴൽ അയാൾക്ക് നേരെ ചാടി വീണു. അയാൾക്ക് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല. അമ്പരപ്പും പേടിയും തളർത്തിയ ശബ്ദത്തിൽ അയാൾ ചോദിച്ചു. ’’ഇത്രയും നാൾ എന്റെ കൂടെ നടന്നിട്ട്…’’
‘’തന്റെ പ്രസംഗമൊന്നും എനിക്ക് കേൾക്കേണ്ട. ജീവൻ വേണമെന്നുണ്ടെങ്കിൽ കയ്യിലുള്ളത് തന്നിട്ട് സ്ഥലം വിട്ടോ..നമ്മൾ തമ്മിൽ ചെറിയ പരിചയമുള്ള സ്ഥിതിക്ക് തന്നെ ഞാൻ കൊല്ലുന്നില്ല..’’ തികച്ചും അപരിചിതമായ ശബ്ദത്തിൽ നിഴൽ പറഞ്ഞു.
കയ്യിലുള്ള എല്ലാം എടുത്ത് കൊടുക്കുമ്പോൾ ഇത്രയും നാൾ വിശ്വസിച്ച് കൂടെ കൊണ്ടു നടന്ന നിഴൽ തന്നെ വഞ്ചിച്ചതിലുള്ള വിഷമമായിരുന്നു അയാൾക്ക്..തിരക്കിനിടയിൽ തന്റെ സ്വന്തം നിഴൽ ക്വട്ടേഷൻ സംഘത്തിൽ അംഗമായത് അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
Generated from archived content: story1_mar12_16.html Author: naina_mannanchery