ജനകന്‍ + ജനനി = ജനനം

കനത്തവറുതിയിലും , വരള്‍ച്ചയിലും നിറഞ്ഞ മഴയുടെ ആധിയിലും ഒരു ജീവന്‍ മുളപൊട്ടാം. ശരീരത്തിന്റെ രണ്ടുമല്ലാത്ത അവസ്ഥയുടെ പരിസമാപ്തിയില്‍ നിന്നും ഉറവപൊട്ടുന്ന ജീവന്റെ ബിന്ദു ഒന്നിച്ചു ചേര്‍ന്നു കത്തിയ ജ്വാലയില്‍ നിന്നും തെറിച്ചു വീണ കനവ്.

വെറും മുപ്പാത്താറു ആഴ്ച കൊണ്ടു കരയാനും ചിരിക്കാനുമാകുന്ന അവസ്ഥയിലേക്കെത്തി നില്‍ക്കുന്ന രണ്ടു സൂക്ഷ്മ ജീവികളുടെ ഏകീഭാവം പുംബീജം+ അണ്ഡം= സിക്കാണ്ഡം

അതുവരെ രണ്ടു ലോകത്തില്‍ വ്യത്യസ്ത ചുറ്റുപാടുകള്‍ പേറുന്ന ജീവിതാന്തരീക്ഷത്തില്‍ നിന്നും പൊതുവായൊരിടത്തേക്ക് . ജലത്തില്‍ നിന്നും ജലത്തിന്റെ തന്നെ വിശാലതയിലേക്ക് ഭൂരിഭാ‍ഗവും വെള്ളമുള്‍ക്കൊള്ളുന്ന ഭൂമിയില്‍ ഞാനെന്ന ഭാവത്തില്‍ വിഹരിച്ച് പ്രമാണിത്തം കാണിക്കാനുള്ള ഇത്തിരിപ്പോന്ന ജീവകാലത്തിലേക്കുള്ള മുന്നൊരുക്കം എന്തെന്നറിയുന്നതിന്‍ മുന്‍പേ , വെള്ളത്തിന്റെ ഓളം വെട്ടലില്‍ വട്ടം കറങ്ങിയ ബീജങ്ങളുടെ രണ്ടെന്ന ഭാവം ഒന്നായലിഞ്ഞു നിവര്‍ന്നു നിന്നപ്പോള്‍ അവന്നു പുറപ്പെട്ട ആദി പ്രളയത്തെ ഭയം.

ഒരു സെക്കന്റു പോലും വേണ്ട ഒരു നീര്‍ച്ചുഴിക്കവനെ മറക്കാനും മായ്ക്കാനും.

കണ്ടാലും കൊണ്ടാലും കൊതിതീരാത്ത അത് ഒരു നാള്‍ കടലു കാണിക്കാന്‍ ഒരു പാടു ജീവിതങ്ങളെ ഒന്നിച്ചങ്ങെടുത്തു. അവര്‍ കടലിന്നുള്ളിലെ പവിഴക്കൊട്ടാരത്തില്‍ സസുഖം വാഴുന്നു. ഇവിടെ പുനരധിവാസവും സുനാമി ആശുപത്രി കാര്‍ഡും അരികാര്‍ഡുമായി ശേഷിച്ചവര്‍ നെട്ടോട്ടമോടുന്നു. അകം തിളക്കുന്ന ഉരുളയ്ക്കു മുകളില്‍ പുറം മിനുക്കാനുള്ള വെപ്രാളങ്ങള്‍.

‘’ ജീവിതമേ… നിനക്കെന്നു പരാക്രമം പരക്കം പാച്ചില്‍’‘ ‘’ മരണമേ… നിനക്ക് വന്ദനം’‘ സ്വസ്ഥി സുഖം ശാന്തി’‘

പൂര്‍വ്വ പശ്ചിമ ഘട്ടങ്ങളില്‍ നിന്നും കൈവിരലുകളുടെ ദ്രുത ചലനത്തില്‍ ഒന്നാകുന്ന വാചകങ്ങള്‍. വികാരങ്ങള്‍ ശരീരത്തിന്നകത്തെ സൂക്ഷ്മ ജീവികളുടെ ഒന്നാകാനുള്ള അഭിവാജ്ഞ, വെറുതെ പാഴാക്കിക്കളയുന്ന പാ‍തിരാവുകള്‍. വ്യര്‍ത്ഥമായി പോകുന്ന പതിനായിരക്കണക്കിന് ബീജഗണങ്ങള്‍ ഭൂമിക്ക് ബാലന്‍സു തെറ്റാതെ കാത്തു സൂക്ഷിക്കുന്നു.

ജനിക്കാന്‍ ബുദ്ധിമുട്ടിച്ച ജന്മത്തിലെ പ്രതിജ്ഞ എടുത്തവന് ജീവിക്കാനാവൂ…കല്യാണി ഇന്ന് എ. സി റൂമില്‍ ഈസി ചെയറില്‍ ടി. വിയും കണ്ട് സസുഖം വാഴുന്നു. ആജ്ഞാനുവര്‍ത്തികളായി എന്തിനും പോന്ന വാലിയക്കാര്‍. തന്ത ആരെന്നറിയാത്ത ഒരൊറ്റ മകന്‍ അവര്‍ക്കു കൊടുത്ത സൗഭാഗ്യം. അവനാകുന്ന വിത്ത് മുള പൊട്ടിയ നിമിഷം മുതല്‍ക്കുള്ള അഭിമാനക്ഷതവും കണ്ണീരുപ്പും അനുഭവിച്ചു ആ മകന്‍ സങ്കടത്തിന്റെ ആരോഹണത്തിലും സ്നേഹാധിക്യത്തിന്റെ തഴുകല്‍ അനുഭവിച്ചറിഞ്ഞു. അവന്‍ ചുരുട്ടിയ കൈത്തലം മേലോട്ടുയര്‍ത്തി ആ ഇരുട്ടറയില്‍ കിടന്ന് അവന്‍ പ്രതിജ്ഞ എടുത്തു ‘’ എനിക്ക് ജന്മം നല്‍കുന്ന ഈ ആത്മാവിനെ ഞാന്‍ എന്നും കാത്തു സൂക്ഷിക്കും.” അലച്ചിലിലും അമ്മയെ ബുദ്ധിമുട്ടിക്കാതെ, നനയുന്ന കണ്ണുകളെ കുഞ്ഞുകൈകളാല്‍ ഒപ്പി വാശിയോടെ പഠിച്ചു മുന്നേറി അമ്മയാണ് ഇന്നവന്റെ ദൈവം.

പാവം സൈനുത്ത ഇന്നുറങ്ങുന്നത് പീടികത്തിണ്ണയുടെ ഓരത്ത് ചാക്കു വലിച്ച് മറകെട്ടിയ ചളിപിടിച്ച സ്ഥലത്താണ്. ‘’ അവരുടെ കെട്ടിയോനുള്ളപ്പോള്‍ എങ്ങിനെ ജീവിച്ചതാ’‘?

ദുബായിക്കാരന്‍‍ പുതിയാപ്പിളയുമായുള്ള പുതുമോടി കഴിയും മുമ്പേ സൈനുവിനെ കുടുംബത്തില്‍ നിക്ഷേപിച്ച് അബ്ദുള്‍ ജബ്ബാര്‍ കടലിന്നക്കരേക്ക് പറന്നു. അതുകൂടി കഴിഞ്ഞാണ് സൈനുവിന് വിശേഷമുണ്ടെന്ന് അറിഞ്ഞത്. അവള്‍ക്ക് ദേഷ്യവും സങ്കടവും തോന്നി. പുത്തന്‍ ഡ്രസ്സുകള്‍ മാറി മാറി ഇട്ട് അണിഞ്ഞൊരുങ്ങി സര്‍ക്കീട്ടു നടത്താന്‍ ഇനി എന്തു ചെയ്യും? ഗര്‍ഭശുശ്രൂഷയ്ക്ക് പ്രത്യേകം ആളെത്തി സൈനു കിട്ടിയ അവസരം പാഴാക്കിയില്ല. സ്വതവേ മടിച്ചിയായ അവള്‍ കുഴിമടിച്ചിയായി. നീണ്ട ഒരു കീറലോടെയാണ് സൈനു അമ്മയായത്. കുഞ്ഞിന്റെ അപ്പി കാണുന്നതേ അവള്‍ക്ക് അറപ്പാണ്. നിര്‍ത്താതെ ഛര്‍ദ്ദിക്കും. അവന്‍ ടിന്‍ ഫുഡ്സ് കഴിച്ച് വേലക്കാരുടെ കൈകളില്‍ വളര്‍ന്നു. സൈനു തന്റെ സുഖങ്ങളില്‍ അഭിരമിച്ചു. ഒരു വേലിയേറ്റത്തില്‍ ഭര്‍ത്താവ് ജോലി നഷ്ടപ്പെട്ട് വീട്ടിലെത്തി.

കവലയില്‍ വാക്കേറ്റം, കത്തിക്കുത്ത് അബ്ദുള്‍ ജബ്ബാറിന്റെ മകനാണു പ്രതി. വാപ്പായ്ക്ക് ഹൃദയ സ്തംഭനം. ധൂര്‍ത്തിന്റെ പരിണിത ഫലമായ വിള്ളലുകള്‍ അടക്കാന്‍ എടുത്ത ലോണിനെകുറിച്ച് സൈനു അന്നുവരെ ചിന്തിച്ചിരുന്നില്ല. ജപ്തി നോട്ടീസ് കണ്ട് സൈനു പൊട്ടിപൊട്ടിക്കരഞ്ഞു. പിന്നെ പൊട്ടിപൊട്ടി ചിരിച്ചു.

ജനനം അതാഗ്രഹിച്ചും കൊതിച്ചും പ്രതീക്ഷിച്ചും കാത്തിരുന്നുമായാല്‍ ആത്മാവും ജീവനും ഉപകാരപ്രദവും പവിത്രവും ആകും.

എങ്ങിനെയായാലും വീണുകിട്ടിയത് മുത്തു തന്നെ. തേച്ചു മിനുക്കിയാല്‍ വെട്ടിത്തിളങ്ങും. നേര്‍ച്ച കാഴ്ചകള്‍, ലാപ്രോസ്ക്കോപ്പിക്ക് സര്‍ജറിയാല്‍ തടസ്സം നീക്കല്‍, അവസാനം ഇക്സി. എന്നാലും ഒന്നു വേണം സ്വന്തമായി.

പാഴായി പോകുന്ന എത്രയോ അനാഥജന്മങ്ങള്‍, എന്നിട്ടും എന്തേ കൈനീട്ടാനൊരു വൈമുഖ്യം. കുട്ടികള്‍ എല്ലാം ദൈവത്തിന്റെ സ്വന്തം. സാഹചര്യം അവരെ നെല്ലും പതിരും ആക്കുന്നു. ‘’ നിശ്ചയം സന്താനങ്ങള്‍ നിങ്ങളുടെ സൂക്ഷിപ്പു സ്വത്ത് ആകുന്നു’‘ എന്ന് നബി വചനം.

ഓടയില്‍ ഒരു കുഞ്ഞിന്റെ പാതി പട്ടി കടിച്ചു വലിക്കുന്നു. ഒരു കുഞ്ഞു നെഞ്ച് വഴിയരികില്‍ ഒരുകുഞ്ഞു പൊതി, പര്‍ദ്ദയില്‍ നിന്നുമിറ്റു വീഴുന്ന ചോരത്തുള്ളീകളെ പിന്‍ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട സ്വന്തം ജീവന്റെ പാതിയെ നിര്‍ബന്ധപൂര്‍വ്വം കയ്യേല്‍പ്പിക്കല്‍. ‘’ എന്തേ അമ്മമാരെ നിങ്ങള്‍ ഇത്ര ദുഷ്ടകള്‍ ആകുന്നു?’‘ ഒരു നിമിഷത്തിന്റെ സുഖത്തില്‍ ഒരു പക്ഷെ ആക്രമണത്തില്‍ എങ്ങനെയായാലും ഇപ്പോള്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രതിവിധികള്‍ സുലഭം. ജീവന്ന് കയ്യും കാലും വെച്ചാല്‍ പുറത്തേക്ക് അതെത്തിയാല്‍ ‘ അമ്മ തൊട്ടിലുകളെ മറക്കല്ലേ…’‘ ജീവിച്ചോട്ടെ അവര്‍ എവിടെയെങ്കിലും.

അനാഥരായിട്ടെങ്കിലും’‘ കൈ നിറഞ്ഞു ബാക്കിയുണ്ടെങ്കില്‍ അനാഥരെ ഓര്‍ത്തു കുഞ്ഞുകൈകള്‍ എല്ലാം തുല്യമെന്നു കരുതൂ. കൈനീട്ടാന്‍ അവര്‍ക്കവകാശമുണ്ട്. എങ്കിലും നീട്ടുന്നതിനു മുമ്പു നമുക്ക് നല്‍കാം ‘’ അത്രയും നന്മയും ഒന്നെന്ന ചൊല്ലോര്‍ക്കു’‘ സ്ത്രീ മുതിര്‍ന്നാല്‍ പുരുഷനേയും നേരെയാക്കാം ‘’ വിതക്കുന്നതു കൊയ്യാം , അതെന്തായാലും’‘

ജന്മത്തിന്നുമപ്പുറം ആത്മാക്കളും ജീവനുകളും വിഹരിക്കുന്ന ലോകം എവിടെയാണ്? എനിക്കു പോകണം അവിടേക്ക്. ശരീരമില്ലാത്ത ആത്മാവുകളോട് സംവദിക്കണം. എങ്ങിനെയാണ് കൃത്യം പതിനാറാമത്തെ ആഴ്ച ഓരോ ഗര്‍ഭപാത്രത്തിലേക്കും നുഴഞ്ഞു കയറുന്നതെന്ന് ചോദിക്കണം അവരോട്.

ജന്മത്തിന്നും ജീവിതത്തിന്നുമപ്പുറം എന്താണവയുടെ വിചാര വികാര അവസ്ഥകള്‍ എന്ന് വിശകലനം ചെയ്ത് എനിക്കും അവയോടൊപ്പം രാപ്പാര്‍ക്കണം.

ജന്മത്തിന്റെ നിഗൂഢരഹസ്യം അറിയാന്‍ എങ്ങിനെയാണ് കഴിയുക? ആദിയിലെ മഹാവിസ്ഫോടനത്തില്‍ വിശ്വാസം ഒരിക്കലും ഉറച്ചു നില്‍ക്കുന്നില്ല ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും ബാലിശമായ എന്റെ ചിന്തകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല.

ജന്മവും മരണവും എന്നെ നോക്കി പല്ലിളിക്കുന്നു. കരഞ്ഞു വരികയും കരയിപ്പിച്ചു പോകുകയും ചെയ്യുന്ന ദേഹങ്ങള്‍ എന്നും എന്നെ വെപ്രാളപ്പെട്ട് ശ്വാസം മുട്ടിക്കുന്നു. എന്റേതെന്ന് ഒന്നിനെക്കുറിച്ചും തോന്നാത്തത് നല്ലതോ, ചീത്തയോ ഒന്നും അറിയിച്ച് മനസിലാക്കാനുള്ള ശ്രമം പലപ്പോഴും പരാജയപ്പെടുന്നു . കണ്ണുകളുടെ ഉള്ളുകള്‍ പോലെ കറുപ്പും വെളുപ്പും ഓരോ ഭാഗത്തും എപ്പോഴും നില്‍ക്കുന്നു. കറങ്ങുന്നു തിരിയുന്നു സ്വയമറിയാതെ കാണാതെ അക്ഷരങ്ങളെ നുള്ളിപ്പൊളിച്ച് പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ ‍ഒരു വാക്കിന്റെ പല അര്‍ത്ഥതലങ്ങളില്‍ കുരുങ്ങി നട്ടം തിരിയാതിരിക്കാന്‍ വേണ്ടി പാഴാക്കിക്കളയുന്ന മണിക്കൂറുകള്‍ എന്റെ വിത്തിന്റെ മുളക്കൂമ്പില്‍ എന്താണാവോ സ്രഷ്ടാവ് ചെയ്തത്. ആരുടേയോ നീണ്ടു നീണ്ടു പോകുന്ന സ്വപ്നത്തിലെ കഥാപാത്രങ്ങളാണോ ഭൂമിയും, ജീവജാലങ്ങളും, അനന്ത കോടി നക്ഷത്രങ്ങളും, രാവും പകലും. എവിടെയാണ് ഇതിന്റെയെല്ലാം പണിപ്പുര? ഞാന്‍ എന്നാല്‍ എന്താണ്? വെറും ശബ്ദമോ? ശബ്ദം നിലച്ചാല്‍ ചലനം ഇല്ലാതായാല്‍ പിന്നെ എനിക്കെന്ത് പ്രസക്തി? ആവശ്യമില്ലാത്ത വസ്തുക്കള്‍ നശിപ്പിച്ചു കളഞ്ഞല്ലെ പറ്റു ഒന്നുകില്‍ കത്തിച്ചു കളയുക അല്ലെങ്കില്‍ കുഴിച്ചു മൂടിക്കളയുക. അതുതന്നെയല്ലേ എന്റെ കാര്യത്തിലും സംഭവിക്കുക.

ജന്മത്തിന്റെ ആദിയിലേ എന്റെ തലയും സ്വയം അച്ചുതണ്ടില്‍ കറങ്ങാന്‍ തുടങ്ങിയതാണ്. പിന്നീടിന്നുവരെ അതിനു കറങ്ങാതിരിക്കാന്‍ ആയിട്ടില്ല. കാരണം കണ്ണടച്ചു കൈചുരുട്ടി ആറായിരം കൈകളിലേക്ക് ഇപ്പോഴും ജന്മങ്ങള്‍ തെറിച്ചു വീണുകൊണ്ടേ ഇരിക്കുകയാണ്.

പല അര്‍ത്ഥതലങ്ങളുള്ള ഒരു വാക്ക് എന്തൊക്കെയോ ഒരു നിമിഷത്തില്‍ തന്റെ പ്രതിഫലിപ്പിക്കുന്ന നോക്ക്. ഓരോ ഭൂമിയാണ് ഓരോ മനുഷ്യനും. സ്വയം അച്ചുതണ്ടില്‍ കറങ്ങി കറങ്ങി ആര്‍ക്കൊക്കെയോ ഇരുട്ടും വെളിച്ചവും നല്‍കി ഒരു നാള്‍ കറക്കം നിന്ന് എരിഞ്ഞടങ്ങി കനത്ത അന്ധകാരത്തിലേക്ക് വെറും കരിക്കട്ടയായി.

ജനമത്തിന്റെ വിസ്ഫോടനവും അന്ത്യത്തിന്റെ പ്രളയവും ശിവന്റെ രണ്ടറ്റങ്ങള്‍ അന്വേഷിച്ചു പോയതു പോലെ അവസാനമില്ലാത്ത യാത്ര.

‘’ ശിവ: ശക്ത്യായുക്കോ യദി ഭവതി ശക്ത; പ്രഭവിതും നചേദേവം ദേവോ, നവലുകുശല: സ്പന്ദി തുമപി, അതസ്ത്വാമാരാധ്യം, ഹരിഹര വിരിഞ്ചാദിഭിരപി, പ്രണതും സ്തോളം വാ. കഥമകൃത പുണ്യ: പ്രഭവതി

Generated from archived content: story1_oct16_12.html Author: nafeesathu_beevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here