“സ്വന്ത കർമ വശരായ് തിരിഞ്ഞിടു-
ന്നന്ത മറ്റ ബഹു ജീവ കോടികൾ
അന്തരാള ഗതി തന്നിലൊന്തൊടൊ-
ന്നന്തരാ പെടുമണുക്കളാണു നാം”
“സ്‌നേഹമെങ്കിലു മിയന്നു ഖിന്നയായ്
സാഹസങ്ങൾ തുടരുന്നു സന്തതം”
കുമാരനാശാൻ (നളിനി) 123, 124
എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങൾ, അവനവന്റെ കർമഗതിയനുസരിച്ച് വട്ടം കറങ്ങുന്നു. ആകാരത്തിൽ വെച്ചുള്ള വട്ടം കറങ്ങലിന്നിടയിൽ ചിലപ്പോൾ പരസ്‌പരം ഒന്നിച്ചു ചേരുന്ന അണുക്കളാണു നാം“. ”എന്നാലും സ്‌നേഹത്തിൽ പെട്ട് ദുഃഖിക്കുന്ന ആത്‌മാക്കൾ എപ്പോഴും സാഹസങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കും.“
ഏറെ വഴി നടന്ന് തളർന്നവനെപ്പോലെ വിവശനും, തണൽ തേടുന്നവനുമാണ് വിരഹർ. തന്റെ തലയിലെ ചുമട് ഇറക്കാൻ അത്താണി തേടി നിരാശനായ ഒരു വഴി വാണിഭക്കാരന്റെ അവശതയും ദൈന്യതയും അവന്റെ ഭാവഹാവാദികൾ വിളിച്ചോതുന്നു. തളർച്ചയിലൊരു താങ്ങില്ലാതായാൽ കത്തിജ്വലിക്കുന്ന വിരഹാഗ്നിയിൽ അവൻ കരിഞ്ഞു വിഴും. ‘ഉപേക്ഷിക്കപ്പെട്ടവന്റെ ആർത്തനാദം” യജമാനൻ കടലിന്നക്കരെ ഉപേക്ഷിച്ച പൂച്ചകുട്ടിയെപ്പോലെ കല്ലേറിലും പകച്ച് ദീനം ദീനം മോങ്ങി അവനങ്ങനെ തേടി കൊണ്ടേ ഇരിക്കും.
“വിരഹം ചതഞ്ഞരഞ്ഞ ഒരു വികാരമാണ് തന്റെ പ്രണയിനിയുടെ ഓർമകളിലവനെപ്പോഴും സർവാംഗം വിങ്ങൽ അനുഭവിക്കും.” ഒന്നു കാണണമെന്നുള്ള ആഗ്രഹം തീവ്രമാകുകയും കാണാൻ കഴിയാതിരിക്കുകയുമാവുമ്പോൾ ഹൃദയത്തെ ബലമേറിയ കാട്ടുവള്ളികൾ കൊണ്ട് വരിഞ്ഞുമുറുക്കുന്നതും, അതിന്റെ ആഘാതത്തിൽ ആ മാംസപിണ്‌ഡം അനേക തുണ്ടുകളായി പൊട്ടി ചിതറുന്നതും അവനനുഭവിക്കുന്നു. ആയിരം വിറകു കൂനകൾ കാത്തിയാളുമ്പോഴുണ്ടാകുന്ന ചൂടിനേക്കാൾ കാഠിന്യമേറിയതാണ് വിരഹത്തിന്റെ കനൽചൂട്. ഈ അഗ്നിയുടെ പൊള്ളൽ ഓരോ രോമ കൂപത്തെയും ആക്രമിക്കുന്നു. നിമിഷം പ്രതി പൊള്ളിയടരും,ശരിരം മുഴുവനും ചിന്തകൾക്കുപോലും ചൂടുപിടിച്ചിരിക്കും. അവന്റെ ഓരോ പ്രവൃത്തികളിലും അതിഭീകരമായ ചൂടിന്റെ ആക്രമണം ദർശിക്കാനാവും “ആഗോള താപനത്തേക്കാളധികം നാൾ നാശനഷ്‌ടങ്ങൾ അതവന്റെ ജീവിതത്തിൽ വരുത്തുന്നു.”
“വിരഹത്തിന്റെ നിറം അതി നീചവും ക്രൂരവുമായ ഇരുട്ടിന്റെ നിറം തന്നെ ഒന്നും കാണാൻ കഴിയാത്ത ഇരുട്ടിന്റെ അനന്തമായ കുറുപ്പ്” അതിൽ ഇടയ്‌ക്കിടെ മിന്നിത്തെളിയുന്ന പ്രണയാദ്ര നിമിഷ സ്‌മരണകളുണ്ടെങ്കിലും സ്‌ഥായിയായ ഭാവം നിശാന്ധത തന്നെ.
’വിരഹം വിരഹിയുടെ ചോരയും നീരും ഊറ്റി അവന്റെ ഊർജ്ജസ്വലത ഒന്നാകെ കെടുത്തികളയും. എപ്പോഴും ചിന്തകൾ ഒരു ബിന്ദുവിനെ കേന്ദ്രീകരിച്ച് ചുറ്റിക്കറങ്ങും. മഹാമൗനത്തിന്റെ സ്വയം തീർത്ത തടവറയിൽ തപസ്സനുഷ്‌ഠിക്കും അവൻ. “തന്റെ മുറിവുകൾക്കാശ്വാസം പകരാൻ സാന്ത്വന ലേപവുമായി എന്നെങ്കിലും തന്റെ പ്രണയിനി വരുമെന്ന് കരുതി കാത്തിരിക്കമവൻ” തന്റെ ജീവിതാവസാനം വരെ ആ കാത്തിരിപ്പു തുടരാനും അവൻ തയ്യാറാകും.“
”കരിഞ്ഞമനവും തളർന്ന താരവും“
”ക്രൂരമായ ഇരുട്ടിന്റെ അന്ധതയും“
”അപ്രതീക്ഷിത പ്രഹരം“
”അറ്റു പോയ ചിറകുകൾ“
”കാഴ്‌ചയുടെ പരിമിതി“
”ദിക്കറിയാത്ത പക്ഷി“
”പറക്കാനാവാതെ“
”നിഴലനക്കങ്ങളെ അളന്ന് തപ്പി തടഞ്ഞ്……“
”സങ്കടങ്ങളുടെ പെരുമഴയിൽ നനഞ്ഞു കുതിർന്ന്“
”വിറച്ച് പനിച്ച്“
”വിരഹാഗ്നി പുഴയിലെ ഹവിസ്സായി“ അവൻ ജീവിതം ഹോമിച്ചു തീർക്കും.”
“വിരഹത്തിന്റെ ചൂളയിൽ വെന്തമരുമ്പോൾ ഈ ഭൂമയിൽ നിനക്കു പരിചിതമായ ഒന്നുമുണ്ടാകില്ല.”
“പരിചയം നല്ലൊരു പരിചയല്ല”
പരാജിതന്റെ കൈപിടിയിൽ നിന്ന്
തെറിച്ചു പോകുന്നത്
വാളല്ല വിരലുകളാണ്“
ദേശമംഗലം രാമകൃഷ്‌ണൻ
ഒളിച്ചുവന്ന നക്ഷത്രം.
സ്വപ്‌നത്തിനുള്ളിലെ സ്വപ്‌നത്തിലൂടെ ഞാൻ നിന്നെ ഓർമിക്കുന്നു എന്ന് കാത്തിരിക്കുന്നു എന്ന് വിരഹത്തിന്റെ പ്രിയതമയെ അറിയിക്കുന്നു.
വിരഹം വരഞ്ഞു കീറിയ മുറിവുകളിൽ നിന്നും ചുടുനിണം ചാലിട്ടൊഴുകുമ്പോൾ അവൻ കൊതിയോടെ ഉറ്റുനോക്കും, പ്രതിക്ഷിക്കും. ഇത് തുടച്ചുമാറ്റാൻ എന്നെ വഴിയിൽ ഉപേക്ഷിച്ചവൾ തിരിച്ചു വരാതിരിക്കില്ല. തന്റെ മുറിവുകളിൽ തലോടാൻ അവൾ വരില്ലാ എന്ന തിരിച്ചറിവിൽ നിന്നും പിന്നീടുരുത്തിരിയുക ജീവിതത്തിന്റെ നിരർത്ഥകതയായിരിക്കും.
”ഇനി എന്തിനു ജീവിക്കണം?“ അവളുടെ സ്‌നേഹത്തിന്റെ തണലില്ലാതെ, എന്നവൻ ഇരമ്പി ആർത്തുകൊണ്ടേ ഇരിക്കും. അവന്റെ അടങ്ങാത്ത നൊമ്പരത്തിന്റെ ഒടുങ്ങാത്ത തിരച്ചിൽ തിരമാലകൾ അലയടിച്ചാർക്കുന്നതിന്റെ പരപ്പും അതിന്നപ്പുറത്തെ ആഴവും ആർക്ക് മനസ്സിലാവാനാണ്. ആരോടെങ്കിലും ഒന്ന് പെയ്‌ത് തന്റെ നോവൊഴുക്കാൻ വല്ലാതെ വെമ്പുമവനപ്പോൾ – തിരക്കു പിടിച്ച ഈ സൈബർ യുഗത്തിൽ ടാർജെറ്റുകളുടെ ഡെഡ്‌ലൈയിൻ എത്തിപ്പിടിക്കനുള്ള നെട്ടോട്ടത്തിനിടയിൽ ആർക്കാണവന്റെ നിരാശപ്രണയത്തെ കേൾക്കാൻ സമയം. അപ്പോഴവനൊരു അലിഞ്ഞു മായലിനെ കുറിച്ചു ചിന്തിക്കും. കൂറ്റൻ മഞ്ഞു മലകൾ സൂര്യതാപത്തിലുലഞ്ഞ് അലിഞ്ഞ് തീരുന്നത് പോലെ, ഒഴുകി സാഗരത്തിലടിയുന്നതുപോലെ, നാഗമണിക്യം നഷ്‌ടമായ സർപ്പരാജനെപ്പോലെ അവന്റെ വിലപ്പെട്ട ജീവന്റെ വിലയറിയാതെ വേദനകളില്ലാത്ത വിരഹത്തിന്റെ അഴൽ വർണങ്ങളില്ലാത്ത വിശാലമായ ലോകത്തേക്ക്, പറന്ന്, പറന്ന്, പറന്ന്………..
”മഴ കൊണ്ടു മാത്രം മുളയ്‌ക്കുന്ന വിത്തുകൾ“
ചിലതുണ്ട് പൊടികൊണ്ട് മൂടി
പ്രണയത്തിനാൽ മാത്രമെരിയുന്ന നെഞ്ചിലെ
തിരകൾ പോൽ മണ്ണിന്റെയുള്ളിൽ”.
റഫീക്ക് അഹമ്മദ് (മഴകൊണ്ട് മാത്രം)
Generated from archived content: essay1_mar12_10.html Author: nafeesathu_beevi