“സ്‌നേഹത്തിലാണീ പ്രപഞ്ചം ദൈവം സൃഷ്‌ടിച്ചത്. അന്വേഷികൾക്ക് കണ്ടെത്താം. പല മട്ടിൽ സ്‌നേഹം ബഹിർഗമിപ്പിക്കുകയാണീ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും.
ഒരാളുടെ ഹൃദയത്തിൽ നാം സ്‌നേഹത്തിന്റെ വിത്തിട്ടു കൊടുത്താൽ എത്ര പെട്ടെന്നാണെന്നോ അത് മുളപൊട്ടുന്നതും പൂമരമായ് തേൻകിനിയുകയും സുഗന്ധം പരത്തുകയും ചെയ്യുന്നത്.
സ്‌നേഹിച്ച് കൊതിതീരാത്ത ആത്‌മാവുമായി മലയാളത്തിന്റെ പ്രിയ കഥാകാരി കമലസുരയ്യ എന്ന മാധവിക്കുട്ടി യാത്രയായി. കടൽപോലെ ആഴവും പരപ്പുമേറിയ സ്‌നേഹപാത്രമായിരുന്നവർ അവരുടെ ഉള്ളം നൽകിയ സ്‌നേഹം തിരിച്ചുകിട്ടിയില്ല എന്ന വിശ്വാസത്തോടെയാണവർ കേരളത്തോട് വിട ചൊല്ലിയത.് ”അങ്ങ് ഞങ്ങൾക്ക് പ്രിയപ്പെട്ടവളായിരുന്നു.“ എന്ന് അവരുടെ കാലശേഷമാണ് വിളിച്ചും വിതുമ്പിയും നാം പറഞ്ഞത്. സ്‌നേഹം പല തരത്തിലും വിധത്തിലുമുണ്ട്. അമ്മയ്‌ക്ക് തന്റെ കുഞ്ഞിനോട് തോന്നുന്ന സ്‌നേഹവും ഭാര്യാ ഭർത്താക്കന്മാർക്ക് തോന്നുന്ന സ്‌നേഹവും ത്യാഗിക്ക് സഹജീവികളോടുള്ള സ്‌നേഹവും എല്ലാം ഒറ്റവാക്കിൽ സ്‌നേഹമെന്നു പറയാമെങ്കിലും ഓരോന്നിന്റെയും തലം വ്യത്യസ്‌തമാണ്. സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി സ്‌നേഹിക്കുന്നവരാണ് സ്‌നേഹത്തിന്റെ പവിത്രത നഷ്‌ടപ്പെടുത്തുന്നത്. ഒരു തൈ നട്ടു നനച്ചാൽ വേരിൽ കൊടുക്കുന്ന വെളളത്തിന്റെ ഊർജ്ജം ഓരോ ഇലത്ത&?222.ും കാണ്ഡവും കയേറ്റ് വളർച്ചയുടെ പടവുകൾ താങ്ങുന്നു. നിസ്വാർത്ഥമായ സ്‌നേഹം ഉദിച്ചാൽ ഏതെങ്കിലുമൊന്നിൽ മാത്രം ഒതുങ്ങാതെ എല്ലായിടത്തും എല്ലാവസ്‌തുക്കളിലേക്കും എല്ലാകാലത്തും അത് വ്യാപിക്കുന്നു. ഏതൊരു ജ്ഞാനിയേയും ലോകം ഓർക്കുന്നത് അവന്റെ ജ്ഞാനത്തെ പൊതിഞ്ഞു നിൽക്കുന്ന സ്‌നേഹത്തിലൂടെയാണ.് പരന്നൊഴുകിയ സ്‌നേഹമാണ് അവരെ അനശ്വരരാക്കിയത്.
ഇന്നെവിടെയാണ് യഥാർത്ഥ സ്‌നേഹമുള്ളത് ആർക്കാണ് സ്‌നേഹിക്കാൻ സമയമുള്ളത്? സ്‌നേഹിക്കുന്നുവെങ്കിൽ തന്നെ എത്ര ലാഭം എങ്ങിനെയൊക്കെ അതു മൂലം ഉണ്ടാക്കാനാവും എന്ന ചിന്തയോടെയല്ലാതെ ആരാണ് സ്‌നേഹിക്കുന്നത്.
ഇതിന്നിടയിലും ചിലരെ കാണാം എന്നെ ആരും സ്‌നേഹിക്കുന്നില്ലേ…… എന്നു വിലപിച്ചുകൊണ്ടാണിവരുടെ ഓരോ നിമിഷവും നീങ്ങുന്നത്. ഇങ്ങനെയുള്ളവർ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് ”ഞാൻ ആത്‌മാർത്ഥമായി ആരെയെങ്കിലും സ്‌നേഹിക്കുന്നുണ്ടോ?“
”സ്‌നേഹത്തിൻ ഫലം സ്‌നേഹം“
ജ്ഞാനത്തിൽ ഫലം ജ്ഞാനം
സ്‌നേഹമോ…….പരം സൗഖ്യം
സ്‌നേഹ ഭംഗമേ ദുഃഖം”
നമ്മുടെ ‘ശോകാത്‌മക കവി ജി.’ ഈ കവിതയിലൂടെ സ്‌നേഹത്തിന്റെ മഹത്വം വിളിച്ചോതുകയാണ്. സ്‌നേഹം അതിന്റെ വാക്കു പാലിക്കുക തന്നെചെയ്യും വിതച്ചാൽ ഇരട്ടി ലാഭം കൊയ്യാം. സ്‌നേഹത്തിന്റെ കൃഷിയിൽ നമുക്കൊരിക്കലും നഷ്‌ടം സംഭവിക്കുകയില്ല.
സ്‌നേഹം കാലാതീതമാണ്, പ്രായ ദേശ വർഗ്ഗ വർണ വേർതിരിവില്ലാതെ ആകേ ഒന്നേ ഈ ലോകത്ത് പിറവിയെടുത്തിട്ടുള്ളു. അത് ആത്‌മാർഥമായ സ്‌നേഹം തന്നെയാണ്. ഏറ്റവും മഹത്തരമാണ്. അതിനേക്കാൾ നിയതമായ നിയമമില്ല. വേറെ ഏതു നിയമത്തെ കാറ്റിൽ പറത്തിയാലും സ്‌നേഹം വിജയക്കൊടിപാറിക്കുക തന്നെ ചെയ്യും. സ്‌നേഹത്തിന്നപ്പുറം ലക്ഷ്യവുമില്ല. കാരണം സ്‌നേഹം ദൈവീകമായ അവസ്‌ഥയിൽ അനന്തമാണ്.
പനിച്ചു വിറക്കുന്ന ഒരാളുടെ പനി ഭേദമാക്കാൻ ഏറ്റവും കൂടുതൽ സ്‌നേഹം നൽകുന്ന ആളുടെ പൊതിഞ്ഞു പുണരലിനു കഴിയും. ഏത് ആന്റീ ബയോട്ടിക്കിനേക്കാളും ഗുണം ചെയ്യും. സ്‌നേഹപുതപ്പുകൊണ്ടുള്ള പൊതിഞ്ഞു വിയർപ്പിക്കൽ.
യഥാർത്ഥ സ്‌നേഹമുള്ളിടത്ത് എച്ച്1. എൻ1. പോലും പേടിച്ച് പിൻമാറുമെന്ന് സാരം. സ്‌നേഹത്തിന്റെ നക്ഷത്ര വെളിച്ചമുള്ളിടത്ത് ഒരിക്കലും ഇരുട്ട് അധികാരം കയ്യടക്കുകയില്ല. സ്‌നേഹനക്ഷത്രം പൊലിഞ്ഞു പോകാതെ നമ്മുടെ ആകാശത്ത് ജ്വലിക്കണം. അപ്പോൾ നാം കാണുന്ന എല്ലാത്തിലും ആ സ്‌നേഹവെളിച്ചം ദർശിക്കാനാവും.
കൊടുക്കുന്ന സ്‌നേഹം അതിനേക്കാൾ കൂടിയ അളവിൽ തിരിച്ചു നൽകാൻ ഏറ്റവും മിടുക്കർ നമ്മുടെ വിശ്വസ്‌ത കാവൽക്കാരായ നായ്‌ക്കൾ തന്നെ. എത്ര വിശ്വസ്‌തനാണെങ്കിലും അത്രത്തോളം മനുഷ്യനെത്തില്ല. അത് അതിന്റെ ജീവൻ ബലിയർപ്പിച്ചുപോലും നമ്മെ രക്ഷിച്ചിരിക്കും.
ഒറ്റപ്പെട്ടവന്റെ വിലാപമാണ് വിരഹം. ജന സമുദ്രത്തിന്റെ നടുവിൽപോലും അവൻ ഏകനായിരിക്കും. കടലോളം ആധിയുമേന്തിയാണവൻ ഓരോ നിമിഷവും തള്ളിനീക്കുന്നത്. തന്റെ സുഹൃത്തുക്കൾക്കൊപ്പം സന്തോഷകരമായി ചില വഴിക്കുന്ന സായന്തനങ്ങളിൽ പോലും അവൻ സ്‌ഥലകാല ബോധമില്ലാത്തവനായി പോകുന്നു. ആത്‌മാർത്ഥ സ്‌നേഹം തേടിയുള്ള തീർത്ഥയാത്രയിലായിരിക്കുമവൻ. അവന്നറിയാം എവിടെയോ ചിപ്പിക്കുള്ളിലെ മുത്തുപോലെ അതൊളിഞ്ഞിരിപ്പുണ്ടെന്നും എന്നെങ്കിലും തനിക്കത് കാണ്ടെടുക്കാനാവുമെന്നും. പക്ഷേ തന്റെ ഉള്ളിൽ തുറക്കാപ്പൂട്ടിട്ടുവെച്ചിട്ടുള്ള സ്‌നേഹപേടകം തുറക്കാൻ അവൻ ശ്രമിച്ചിരുന്നുവെങ്കിൽ എന്നേ അവന് അന്വേഷിക്കുന്ന സ്‌നേഹം കണ്ടെത്താമായിരുന്നു.
സമൂഹത്തിന്റെ എല്ലാ പരിഛേദങ്ങളിലുമുള്ള നാനാജാതിയിലും പെട്ട ആബാലവൃദ്ധം ജനങ്ങൾക്കും സാന്ത്വനത്തിന്റെ കുളിർകാറ്റായി വീശിയിരുന്ന “കൊടപ്പനക്കൽ തറവാടിന്റെ പുണ്യം” നമ്മിൽ നിന്ന് പടിയിറങ്ങിയപ്പോൾ കണ്ട കണ്ണീർ നൽകിയ നേടുന്ന സ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ്.
ലോകം സ്‌നേഹത്തിൽ നിന്നാണ് ഉദിക്കുന്നത്, വളർച്ച നേടന്നതും സ്‌നേഹത്തിൽ നിന്നു തന്നെ. സ്‌നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. ജീവിതം സ്‌നേഹമാണ് സ്‌നേഹം നാശം തന്നെയാണ്. മരണം നരകത്തിലും സ്‌നേഹത്തിന് സ്വർഗ്ഗം തീർക്കാനാവുമെന്ന് ശ്രീബുദ്ധൻ ബിംബിസാരനോട് പറഞ്ഞ വാക്കിൽ നിന്നും മനസ്സിലാവുന്നത് സ്‌നേഹമില്ലാതായാൽ ഈ ലോകം തന്നെ ഇല്ലാതാകുമെന്നും, പിന്നീട് അവിടെ
ജീവനുണ്ടെങ്കിൽതന്നെ മൃതതുല്യമായിരിക്കുമെന്നും എത്ര ബുദ്ധിമുട്ടു നിറഞ്ഞ ജീവിത സാഹചര്യങ്ങളിലും സ്‌നേഹത്തിന്റെ കണ്ണുകൾ തുറന്നുവെച്ചാൽ അവിടെ പൂങ്കാവനം വിടർത്താനാവുമെന്നുമെല്ലാമാണ്.
സ്‌നേഹം എന്ന അണുനാശിനി ഉപയോഗിച്ച് നാമെല്ലാം നമ്മുടെ ഹൃദയം കഴുകി ശുദ്ധിയാക്കണം. അവിടെ എപ്പോഴും പെയ്യാൻ തയ്യാറായ സ്‌നേഹവിത്തുകൾ പാകണം. എങ്കിൽ നമുക്ക് നമ്മുടെ ജീവിതംകൊണ്ട് ഒരു മനുഷ്യ ജന്മത്തിന്റെ യഥാർത്ഥ കടമ നിർവഹിക്കാനാവും.
എല്ലാവരെയും എല്ലാത്തിനെയും സ്‌നേഹിക്കുക സ്‌നേഹം അതാകട്ടെ നമ്മുടെ മതം.
പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തിന്നപ്പുറം ദേശത്തിനോടൊ, സഹജീവികളോടെ, യാതൊരു പരിഗണനയുമില്ലാതെ വഴിതെറ്റിപോകുന്ന യുവതലമുറയെയാണിന്ന് ദർശിക്കാനാവുന്നത്. വിദ്യാഭ്യാസകാലത്ത് പഠിപ്പിനോളം തന്നെ പ്രാധാന്യം സ്‌നേഹത്തിനും സാഹോദര്യത്തിന്നും നൽകണം. പരസ്‌പരം സഹായിച്ചും സഹകരിച്ചുമാവണം വിദ്യാർത്ഥികളുടെ ദിനങ്ങൾ കൊഴിഞ്ഞു വീഴുന്നത്. ഭാവിയുടെ തിരക്കുപിടിച്ച തീവണ്ടിയിൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ വിദ്യാഭ്യാസ കാലത്തെ, കൊച്ചു കൊച്ചു സന്തോഷങ്ങളും സ്‌നേഹാദരവുകളുമെല്ലാം ഇടയ്‌ക്ക് പുറത്തെടുത്ത് ഭംഗി ആസ്വദിക്കാവുന്ന വിലമതിക്കാനാവാത്ത മുത്തുകളായിരിക്കും.
സ്വന്തം വികാരങ്ങളറിഞ്ഞ് പോരായ്‌മകൾ മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കണം. ആരോടും എടുത്ത്‌ചാടി പ്രതികരിക്കാതിരിക്കണം. ക്ഷമിക്കാനും പൊറുക്കാനും ശീലിക്കുക. നമ്മോട് മറ്റുള്ളവർ എങ്ങിനെ പെരുമാറണമെന്നാഗ്രഹിക്കുന്നുവോ അതുപോലെ നാം അവരോട് പെരുമാറുക. ശത്രുക്കളെയും സ്‌നേഹിക്കാൻ പഠിക്കുക. നമ്മോട് ശത്രുതയിൽ പ്രവർത്തിച്ചിട്ടും പ്രതികരണം സ്‌നേഹമാകുമ്പോൾ വൈകാതെ അവരെയും നമ്മുടെ സ്‌നേഹിതരുടെ പട്ടികയിലുൾപ്പെടുത്താനാവും. സ്‌നേഹം എന്നത് വേർതിരിച്ചറിവുകളില്ലാത്ത ഉന്മാദാവസ്‌ഥയയാണ്. എട്ടുകാലി തന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണമായി ജീവൻ വെടിയുന്നത് നിസ്വാർത്ഥ സ്‌നേഹത്തിന്നുദാഹരണമാണ്.
ആത്‌മാവിൽ തീക്കാറ്റു വീശി അകക്കാമ്പു പൊള്ളിയുരുകുമ്പോൾ തിരിച്ചു കിട്ടാണമെന്ന് ശഠിക്കാതെ സ്‌നേഹം നൽകുക, നമ്മുടെ സഹജീവികൾക്കായി. അപ്പോൾ തീക്കാറ്റിനെ കെടുത്തുന്ന മേഘരാഗമായി സ്‌നേഹം നമ്മളിലേക്ക് പെയ്‌തിറങ്ങും.
ഖുറാനിൽ ഒരു പ്രസ്‌താവനയുണ്ട്. പിശാചിനെ വെറുക്കുക സൂഫി പണ്ഡിത റാബിയ തന്റെ കയ്യിലുള്ള ഖുറാനിൽ അത് തിരുത്തി. അപ്പോൾ റാബിയായുടെ അടുത്ത സുഹൃത്തായ പണ്ഡിതൻ ചോദിച്ചു. “അങ്ങ് എന്താണ് ഈ ചെയ്‌തത്.” ദൈവത്തെ അറിഞ്ഞത് മുതൽ എനിക്ക് വെറുക്കാനാവില്ല പിശാച് എന്റെ മുന്നിൽ വന്നാൽ ഞാൻ അയാൾക്കു നേരെ സ്‌നേഹമുള്ളവനാകും. റാബിയ തുടർന്നു. കാരണം എനിക്കിപ്പോൾ സ്‌നേഹിക്കാൻ മാത്രമേ അറിയൂ വെറുപ്പ് കാട്ടാനെനിക്കാവില്ല. അത് എന്നിൽ നിന്ന് മറഞ്ഞുപോയി. ഒരാളിൽ മുഴുവനായി വെളിച്ചമാണെങ്കിൽ അയാൾക്ക് അപരന് വെളിച്ചം മാത്രമേ നൽകാനാവൂ. അയാൾ ശത്രുവായാലും മിത്രമായാലും, പിശാചായാലും, ദൈവമായാലും എനിക്കൊരു പോലെയാണ്“. റാബിയ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
ലോകത്തുള്ള ഗവേഷണങ്ങളിൽ അറുപത് ശതമാനവും നടക്കുന്നത് അമേരിക്കയിലാണെന്ന് പറയുന്നു. ഗവഷണത്തിന്നു പറ്റാത്ത ഒരു വിഷയവും അമേരിക്കൻ ശാസ്‌ത്രജ്ഞൻമാർക്കിടയിലില്ല എന്നാണ് പറയപ്പെടുന്നത്. സ്‌നേഹത്തെ കുറിച്ചവർ ഗവേഷണം നടത്തിയാൽ എന്താവും ഫലം, അവർക്ക് ലഭിക്കുന്ന ഗവേഷണഫലം എന്തായിരിക്കും.?
സ്‌നേഹം നൽകിയാൽ എങ്ങിനെ സ്‌നേഹം നേടാനാവും എന്നതിനെ കുറിച്ച് അമേരിക്കക്കാർ ഗവേഷണം നടത്തുകയാണെങ്കിൽ അതിന്റെ ചുവട് പിടിച്ച് നമുക്കും ഒരു റിസർച്ചിനുള്ള സാദ്ധ്യത സൃഷ്‌ടിക്കാനാവും. അതാണല്ലൊ നമ്മുടെ തനാതയ രീതി. ഏറ്റവും വിലപിടിച്ച ഈ വസ്‌തുവിനു വേണ്ടിയുള്ള തിരച്ചിൽ നമ്മുടെ ഉള്ളിൽ നിന്ന് തന്നെയാണ് ആരംഭിക്കേണ്ടത്.
”നമുക്ക് നാമേ പണിവതു നാകം
നരകവുമതുപോലെ
നമുക്കിലുയരാം നടുകിൻ തിന്നാം
നൽകുകിൽ നേടീടാം.
മനവും മിഴിയും നാവും കറവും
മന്നിൻ മാലകലാൻ
മഹാനുകമ്പാ മസൃണിതമാക്കും
മാനുഷ്യർ ദേവൻമാർ
എന്ന് മഹാനായ കവി ഉള്ളൂർ തന്റെ പ്രേമസംഗീതം എന്ന കവിതയിലൂടെ പറഞ്ഞത് വെറും വാക്കുകൾ മാത്രമല്ല……..
Generated from archived content: essay1_dec28_09.html Author: nafeesathu_beevi