ഒരു വിലാപയാത്രയുടെ ലക്ഷണങ്ങൾ

എല്ലാറ്റിനും മുന്നിലായി ചില ലക്ഷണങ്ങൾ ഉണ്ടല്ലോ? ശ്രീകുമാരൻ തമ്പിയും ഒരു വിലാപയാത്രയുടെ ഒരുക്കങ്ങൾക്ക്‌ മുമ്പ്‌ ചില ലക്ഷണങ്ങൾ കാണിച്ചു.

ജീർണോദ്ധാരണ ഫണ്ടിനായി കാത്ത്‌ കിടക്കുന്ന ഒരനാഥക്കാവിൽ ഭാര്യയേയും നാല്‌ പെൺമക്കളേയും യാത്രയ്‌ക്ക്‌ മുമ്പുളള പൂജയ്‌ക്കായി സന്ധ്യയ്‌ക്ക്‌ മുമ്പേ കൂട്ടിക്കൊണ്ട്‌ പോയി. കഴിഞ്ഞ പത്ത്‌ നാല്പത്‌ വർഷങ്ങളായി തമ്പിതന്നെയാണല്ലോ ഈ കാവിലെ പൂജാരിയും?

ബലിക്കല്ലിൽ നിവേദ്യത്തിന്‌ വേണ്ട വിശേഷകൂട്ടുകൾ മാധവിക്കുട്ടി അരച്ചെടുക്കും മുമ്പ്‌, കഴുകി വൃത്തിയാക്കിയിരുന്നു. എന്നാലും പണ്ടെന്നോ ചോരക്കറ വീണിട്ടുളള ബലിക്കല്ലിനെ തമ്പി ശുദ്ധി ചെയ്‌തു. സ്‌ത്രീ തൊട്ടതിന്റെ പേരിൽ ഇനി അശുദ്ധി വേണ്ട.

ശുദ്ധി ചെയ്‌ത്‌, പാലൊഴിച്ച്‌ കുളിപ്പിച്ച്‌, അരളിപ്പൂക്കളും ചെമ്പരത്തിയും ഇട്ട്‌ അലങ്കരിച്ച അമ്മയുടെ കല്ലിന്‌ മുന്നിൽ, പൂജിച്ച്‌ വെച്ച സ്വർണ്ണത്തിളക്കമുളള ചെറിയൊരു പിച്ചള മൊന്ത; ചുവന്ന പട്ടിന്റെ തുണ്ട്‌ കൊണ്ട്‌ മുഖം കെട്ടി ചെറിയൊരു കീറുണ്ടാക്കി വെച്ചിട്ടുണ്ട്‌. ഈ മൊന്തയ്‌ക്കകത്താണ്‌ ഇഷ്‌ടദേവത കുടികൊളളുന്നത്‌. തമ്പിയുടെ മഹാലക്ഷ്‌മി.

ഇഷ്‌ടദേവത അത്രക്കങ്ങോട്ട്‌ കടാക്ഷിച്ചിട്ടില്ലെങ്കിലും കഷ്‌ടിച്ച്‌ ഒന്നര ഇടങ്ങഴി അരിക്കും ഇത്തിരി കറിക്കൂട്ടിനും തടസ്സമുണ്ടായിട്ടില്ല. ചില ദിവസങ്ങളുടെ കാര്യത്തിൽ ഏറ്റക്കുറച്ചൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത്‌ ഭൂമിയിലുളേളാരുടെ കുഴപ്പമല്ലല്ലോ?

കാവിൽ ജീർണോദ്ധാരണവും മറ്റും കഴിഞ്ഞാൽ ഹുണ്ടികപിരിവും ദക്ഷിണയും സ്വാഭാവികമായും വർദ്ധിക്കാനാണ്‌ സാധ്യത. പലരും ആശ്വസിപ്പിച്ചതും അതാണ്‌. അക്കാര്യത്തിലത്ര ശുഭ പ്രതീക്ഷ വെയ്‌ക്കണോ?

ഈ ദരിദ്രദേശത്ത്‌ ഇതിനെക്കാൾ മോശമായ മൂന്ന്‌ ക്ഷേത്രങ്ങളുടെ ജീർണോദ്ധാരണവും കലശവും കഴിഞ്ഞപ്പോൾ നിലവിലുണ്ടായിരുന്ന പൂജാരികളെ കമ്മറ്റിക്കാര്‌ പുറംകാല്‌ കൊണ്ട്‌ ഒരു തട്ട്‌-പൂജാരി എന്ന്‌ പറഞ്ഞാൽ കവിളും വയറും ഒട്ടി, കണ്ണുകൾ കുഴിഞ്ഞ്‌ ചാടിയ ഒരസ്ഥികൂടമല്ല. ഭക്തജനങ്ങളിൽ, പ്രത്യേകിച്ച്‌ സ്‌ത്രീജനങ്ങളിൽ ആ കോലം ഒരസ്വസ്ഥത ജനിപ്പിക്കും. ക്ഷേത്രദർശനം കഴിഞ്ഞ്‌ തിരിച്ച്‌ പോകുന്നവരുടെ മനസ്സിൽ അവാച്യമായ ഒരനുഭൂതി സൃഷ്‌ടിച്ചെടുക്കത്തക്ക പേഴ്‌സണാലിറ്റിയുളള ഒരു പ്രതിപുരുഷനാവണം പൂജാരി. പൂജാദി കർമ്മങ്ങളിലുളള പാണ്ഡിത്യം മറ്റൊരു വശം മാത്രമാണല്ലോ?

പതിനൊന്ന്‌ ഗുണങ്ങളും ഒത്തുച്ചേർന്ന ഉത്തമ പുരുഷനായ എത്രയോ യുവാക്കൾ രാജ്യത്തുണ്ടാവാം. ക്ലാസിഫൈഡ്‌ കോളത്തിൽ ചെറിയൊരു പരസ്യം. നൂറ്‌ കണക്കിന്‌ യുവാക്കൾ കമ്മറ്റിക്കാരുടെ മുന്നിൽ എത്തും. അപ്പോൾ യോഗ്യനായ ഒരാളെ ഇന്റവ്യൂ ചെയ്തെടുക്കേണ്ട ബാധ്യത നിലവിലുളള പൂജാരിക്കും ഉണ്ട്‌. ഇല്ലെങ്കിൽ ഇത്രകാലം അന്നം നല്‌കിയ അമ്മ കോപിച്ചേക്കും.

കഴിഞ്ഞ രാത്രി ഇക്കാര്യത്തെപ്പറ്റി ഭാര്യ മാധവിക്കുട്ടിയോടും, മൂത്ത മകൾ വത്സലയോടും, രണ്ടാമത്തവൾ ശ്രീദേവിയോടും, മൂന്നാമത്തവൾ ചന്ദ്രക്കലയോടും, ഇളയവൾ ശോഭയോടും സംസാരിച്ചതാണ്‌.

“നമ്മുടെ കാവിൽ കമ്പ്യൂട്ടറോ മറ്റോ കൊണ്ട്‌ വരും. പൂജാരിക്ക്‌ അതിലും അസാരം അറിവുണ്ടാവണം. ശാസ്‌ത്രജ്ഞാനം.”

വത്സലയ്‌ക്കപ്പോൾ പതിവ്‌ പോലൊരു ആഗ്രഹം.

“ഏതെങ്കിലും ഒരു ഗ്രഹപിഴയിൽ ആ യുവപൂജാരിയുടെ മനസ്സ്‌ ശോഭയിൽ കുടുങ്ങിയാലോ?”

വത്സലയെ എന്തിന്‌ കുറ്റം പറയണം? ആ കുട്ടിക്ക്‌ കഴിഞ്ഞ കുറേക്കാലായിട്ട്‌ ഒരമ്മയുടെ മാനസികാവസ്ഥയാ. ശോഭയുടെ കാര്യത്തിൽ മാത്രമേ അവൾക്ക്‌ പ്രതീക്ഷയുമുളളൂ.

ശോഭയെക്കാൾ എത്രയോ ഇരട്ടി സൗന്ദര്യമുളളവരല്ലേ, മൂന്നാമത്തവളും രണ്ടാമത്തവളും?

മൂത്തോളും മോശമല്ല. ഇത്തിരി പഠിപ്പ്‌ കുറവാണെങ്കിലും, ഉളളത്‌ കൊണ്ട്‌ ഓണം മാതിരി ഒപ്പിച്ചെടുക്കാൻ എന്തൊരു വിരുതാ. കൈപ്പുണ്യമുളള കുട്ട്യാ.

രണ്ടാമത്തവൾടെ കാര്യത്തിൽ എസ്‌.എസ്‌.എൽ.സിയിൽ തോറ്റ സർട്ടിഫിക്കറ്റുണ്ടായിട്ടും ഗുണം ചെയ്തില്ല. ഒമ്പതാം ക്ലാസിൽ ജയിച്ചതായി കണക്കാക്കിയാലും ഇനി രക്ഷയില്ല. സ്വകാര്യ സ്ഥാപനത്തിൽ കഷ്‌ടിച്ച്‌ രണ്ടരമാസം പിടിച്ചുനിന്നു. സഹിക്കെട്ടപ്പോൾ മൂടുംതട്ടി പോന്നു. പ്രസ്സുടമ അക്‌ബർ നേരും നെറിയുമുളള മനുഷ്യനാ. മാനേജർ ഫയസ്‌ ബാബോ?

മൂന്നാമത്തവൾടെ കാര്യത്തിൽ ഒരുറച്ച തീരുമാനം എടുത്തില്ല. കുറ്റബോധമുണ്ട്‌. പുറകെ കൂടിയ ചെക്കൻ മാപ്ല. ഒരു ഹാഫീസ്‌ മുഹമ്മദ്‌. പോലീസിലും വനിതാ കമ്മീഷനിലും പരാതി കൊടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയിട്ടും അവൻ പിൻമാറിയില്ല. അവസാനം നാട്ടുകാർ ഇടപെട്ടു. ഇതെന്തായാലും നല്ലതല്ല. നല്ലതേ ഭവിക്കൂവെന്ന്‌ വത്സല വാദിച്ചിട്ടും അമ്പലപ്പരിഷത്ത്‌ വിട്ടില്ല; ദേശക്കാരെ മുഴുവൻ തൂക്കിവിറ്റാൽ കൂടി ആ കാറിന്റെ അടുത്തെത്തില്ലെന്ന്‌ മാധവിക്കുട്ടിയും. നൈരാശ്യത്തോടെ തിരിച്ച്‌ പോയ ആ പയ്യന്റെ മുഖം എത്ര മായ്‌ച്ചിട്ടും പോകുന്നില്ല. മനസ്സിൽ കല്ലുവര പെട്ടപോലെഃ ഒരു സുൽത്താന്റെ എടുപ്പും ഭാവോളള ചെക്കന്‌. പൂർവ്വീകര്‌ ബ്രാഹ്‌മണനാവാനാണ്‌ സാധ്യത എന്നൊരു ഊഹവും മാധവിക്കുട്ടിക്ക്‌ ഉണ്ടായിരുന്നു. വേദങ്ങളിലെ മുത്തും പവിഴവും ചൊല്ലുമ്പോൾ കാൽക്കൽ വീണ്‌ നമസ്‌ക്കരിക്കാൻ തോന്നീട്ടുണ്ട്‌. ദൈവത്തിന്റെ മുന്നിലല്ലാതെ മറ്റാരുടെ മുന്നിലും വീഴാൻ പാടില്ലെന്ന്‌ ശ്ലോകം ചൊല്ലി വാദിക്കുമ്പോൾ ചെറിയൊരു വിപ്ലവബോധം കൂടി ഉണ്ടോ എന്നൊരു സംശയം-ചന്ദ്രക്കലയുടെ കാര്യത്തിൽ ഇനി ഒരു മേത്തനോ പോത്തനോ വരാൻ സാധ്യതയില്ല. ഈ കുംഭം പിറന്നാ അവൾക്ക്‌ മുപ്പത്തിരണ്ട്‌ തെകയും. മേത്തന്മാരുടെ കണക്കിൽ ഒക്കത്തിരിക്കുന്ന ഒരു പേരക്കുട്ടിയുടെ അമ്മമ്മ.

കയ്യിൽ അവശേഷിച്ചിരുന്ന ആ ഭൂമിയെ വിറ്റ്‌ വത്സലയുടെ കാര്യം നോക്കിയിരുന്നുവെങ്കിൽ അതെങ്കിലും പറയാമായിരുന്നു. ഈ സുദീർഘമായ യാത്രയിൽ അങ്ങിനെയും ഒരു സന്ദർഭമുണ്ടായിരുന്നു. ആ മരുമകൻ ഉത്തമനാണെങ്കിൽ താഴത്തുളേളാരുടെ കാര്യത്തിൽ എന്തെങ്കിലും താല്പര്യവും കാണിക്കാതിരിക്കില്ല- പുണ്യകർമ്മങ്ങൾ ചെയ്‌തു തീർക്കാനും ഒരു യോഗം വേണം.

വാടക താമസക്കാരെ ഒഴിപ്പിക്കാൻ വേണ്ടി സർക്കാർ ഓഫീസുകളിലും പോലീസ്‌ സ്‌റ്റേഷനുകളിലും കോടതിവരാന്തകളിലും അരമുറുക്കി കെട്ടി ഇരുപത്തിമൂന്ന്‌ വർഷം ഓടി നടക്കുമ്പോഴും മക്കൾക്ക്‌ ശുഭ പ്രതീക്ഷയുണ്ടായിരുന്നു. അച്ഛൻ ജയിക്കും.

ആൺതുണകൾ ഇല്ലാത്ത മക്കൾക്ക്‌ വേണ്ടി നാളെ കഞ്ഞികുടി മുട്ടാതിരിക്കാൻ കണ്ട നല്ല മാർഗ്ഗമായിരുന്നു നാല്‌ വാടകവീടുകൾ. പാല്‌ കാച്ചി ഗൃഹപ്രവേശനങ്ങൾ നടത്തിയത്‌ പോലും വാടക താമസക്കാർ. ഓരോ വാടകക്കാരനും കോലായ, അടുക്കള, ഈരണ്ട്‌ ബെഡ്‌റൂമുകൾ. പരസ്പരം വഴക്കും കൂട്ടവുമാവണ്ടാണ്‌ കരുതി വൈദ്യുതി കണക്ഷനും, വാട്ടർ കണക്ഷനും, കക്കൂസും കുളിമുറിയും വെവ്വേറെയാക്കി; പരസ്പരം വേർതിരിക്കുന്ന ചെറുമതിലുകളും ഉണ്ടാക്കിക്കൊടുത്തു- വെറും പതിനെട്ട്‌ മാസമേ വാടക വാങ്ങാൻ ഭാഗ്യമുളളൂ. അപ്പോഴേക്കും പതിനെട്ട്‌ മാസം നീണ്ട്‌ നിന്ന ഒരു ഒടുക്കത്തെ അടിയന്തിരാവസ്ഥ. പതിനൊന്ന്‌ മാസത്തിൽ കൂടുതൽ താമസിച്ച വാടകക്കാരന്‌ കെട്ടിടം സ്വന്തമാണെന്ന ഇടിത്തീ. ഇന്ദിരാജിയുടെ ശരീരത്തിൽ ഇരുപത്തിയൊന്ന്‌ വെടിയുണ്ടകൾ തുളഞ്ഞ്‌ കയറിയപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. ജയിക്കും.

ജയിക്കാൻ വേണ്ടി കയ്യിരിപ്പുണ്ടായിരുന്ന ഭൂമിയുടെ പകുതിയും വിറ്റു. ഉടമയ്‌ക്ക്‌ താമസിക്കാൻ സ്വന്തമായി വീടുണ്ടായതാണ്‌ കേസ്‌ പരാജയപ്പെടാൻ കാരണമെന്ന്‌ വക്കീല്‌ ഗുമസ്തൻ ശിവശങ്കരൻപിളള പറഞ്ഞപ്പോൾ, ഉളള ഇരിപ്പിടത്തെ വിറ്റ്‌ വീണ്ടും അപ്പീല്‌. ഹൈക്കോർട്ട്‌.

പിന്നീട്‌ ഇത്തിരി വളപ്പിൽ ചാളകെട്ടി. തൂറണമെങ്കിൽ ഇരുട്ട്‌ വീഴണം.

അവസാനം, ഉളളതെല്ലാം കഴിഞ്ഞപ്പോൾ കോടതിവളപ്പിൽ ഇത്തിരിനേരത്തേക്ക്‌ മോഹാലസ്യം.

ഇനി വില്‌ക്കാൻ ഒന്നുമില്ല; ഭാര്യയും നാല്‌ മക്കളും ഒഴികെ. എന്തെങ്കിലും ഇത്തിരി ഉണ്ടെങ്കിൽ സുപ്രീംകോർട്ട്‌ ബാക്കിയുണ്ടെന്ന്‌ വാട്ടൂളി വാസുദേവൻ വക്കീല്‌.

ആരാന്റെ തൊടീല്‌ ചാളകെട്ടി എത്രകാലം കഴിഞ്ഞ്‌ കൂടും? എത്രയും വേഗം ഒഴിഞ്ഞ്‌ കിട്ടിയാൽ വളരെ ഉപകാരമായിരിക്കുമെന്ന്‌ വിലാസിനിയമ്മയും സൂചന തന്നു. ആ ആയമ്മയോട്‌ ആരോ പറഞ്ഞ്‌ ഫലിപ്പിച്ചതായിരിക്കാം; ഇരിക്കച്ചാള വിറ്റ്‌ ഇരുപത്തിമൂന്ന്‌ കൊല്ലം കേസ്‌ നടത്തിയ കക്ഷിയാ, സൂക്ഷിക്കണം-അതിന്റെ ആധി, വ്യാധിയായി മാറിയപ്പോഴാണ്‌ വിലാസിനിയമ്മ മൂത്തമകന്റെ കൂടെ കുടയും പിടിച്ചോണ്ട്‌ വന്നത്‌.

“കുട്ട്യോളൊക്കെ ഭാഗത്തിന്റെ പ്രശ്‌നം പറയുന്നു. മൂപ്പര്‌ പോയിട്ട്‌ പന്ത്രണ്ട്‌ കൊല്ലായില്ലേ?”

എത്ര സുന്ദരമായ വ്യാംഗ്യഭാഷ. മൂന്നാല്‌ ദിവസം ആലോചിക്കാനുളള സമയവും തന്നു- ഇതൊക്കെ തിരുമാനിക്കാൻ എന്തിനാ മൂന്നാല്‌ ദിവസം? മൂന്നാല്‌ മിനിറ്റ്‌ മതി.

കുളിച്ചൊരുങ്ങി കാവിലേക്ക്‌ വരുംവഴി വിലാസിനിയമ്മയെ അവരുടെ തെങ്ങിൻതോപ്പിൽ കണ്ടിരുന്നു. ആയമ്മ നല്ല സ്‌ത്രീയാണ്‌.

“അല്ല, എങ്ങോട്ടാ മാധവിക്കുട്ടിയും മക്കളും; പൂജാരീടെ പൊറകെ?”

“ഒരു ദീർഘയാത്രയുണ്ട്‌. കാവിലെ പണികഴിഞ്ഞാ നേരയങ്ങ്‌ പോകാന്ന്‌ വെച്ചു.”

പണിക്കാരോട്‌ ആയമ്മ പറഞ്ഞു.

“എങ്ങനെ കഴിഞ്ഞോരാ!”

“ഞങ്ങള്‌ നടക്കട്ടെ, ഏഴരന്റെ ഉളളീല്‌ എത്തണന്ന്‌ണ്ട്‌. അതിന്‌ മുമ്പ്‌ കാവിനകത്തെ കാര്യങ്ങളും നോക്കണം. കൂടെ ഒന്ന്‌ പറയാൻ മറന്നു. കാവില്‌ തിരിയിടാനുളള എണ്ണ ഇന്നത്തോടെ തീരും.”

Generated from archived content: story1_july28.html Author: naaluveetilrahman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here