കത്തി. ബി.ഇ.

കത്തി വേഷം കെട്ടി, കയ്യിൽ വലിയൊരു കത്തിയും പിടിച്ച്‌, പൊട്ടിത്തെറിക്കുന്ന മീനച്ചൂടിലെ നട്ടുച്ചയ്‌ക്ക്‌ കൂട്ടുമുക്കിലെ നടുറോഡിൽ ചെറിയാൻ കുട്ടി.

കുരുക്ഷേത്രത്തിന്റെ നടുവിൽ ആർത്തട്ടഹസിക്കുന്ന ഏകലവ്യന്റെ ശബ്ദം കേട്ടാണ്‌ ആളുകൾ കൂട്ടുമുക്കിലെ നടുറോഡിലേക്ക്‌ തല ഏന്തി നോക്കിയത്‌.

ടി.വി.യിലും കലണ്ടറുകളിലും കണ്ടിട്ടുളള ഒരു കഥകളി വേഷം ജീവനോടെ നടുറോഡിൽ നിൽക്കുന്നു. ചുറ്റും കുറേ കുട്ടികൾ.

വിവരമറിഞ്ഞ്‌ നാട്ടുകാർ കൂട്ടുമുക്കിലേക്ക്‌ ഓടി വന്നു. പനി പിടിച്ച്‌ കിടന്നിരുന്ന സേതുമാഷും, ചെറിയാന്റെ അമ്മച്ചിയും അപ്പച്ചൻ ചാക്കോച്ചനും ഓടി വന്നു. സ്‌ത്രീകളും കുട്ടികളും, സ്വന്തം ബന്ധുക്കളും അടങ്ങിയ പുരുഷാരത്തെ നോക്കി കത്തിവേഷക്കാരൻ കൈക്കൂപ്പി. ഉച്ചത്തിൽ വന്ദനം പാടി. പിന്നെ കഥ പാടി ആടാൻ തുടങ്ങി.

ആൾക്കാർക്ക്‌ ആകെ ഒരു അമ്പരപ്പ്‌ഝ

വേഷക്കാരൻ ആരാണെന്ന്‌ ആദ്യം ആർക്കും മനസ്സിലായില്ല. ഉച്ചത്തിലുളള അവന്റെ ശബ്ദത്തിൽ നിന്നാണ്‌ ആൾ ചെറിയാനാണെന്ന്‌ വ്യക്തമായത്‌. കുട്ടികളുടെ വിവരണങ്ങളിൽ നിന്നാണ്‌ ഇത്‌ കത്തിവേഷമാണെന്നും ഇപ്പോൾ ആടികൊണ്ടിരിക്കുന്നത്‌ ഏകലവ്യനാണെന്നും മനസ്സിലായത്‌.

കഥ പാടി ആടുമ്പോൾ ചെറിയാന്റെ അരക്ക്‌ താഴെ അടിയുടുപ്പുകൾ കണ്ടില്ല. ഒരു അണ്ടർ ഡ്രോയർപോലും ധരിച്ചിട്ടില്ല. ഏകലവ്യൻ വട്ടത്തിൽ ചുറ്റിത്തിരിയുമ്പോഴാണ്‌ അക്കാര്യം ശ്രദ്ധയിൽ പെടുന്നത്‌. കുട്ടികൾ കൂട്ടത്തോടെ ചിരിക്കുന്നത്‌. ചെറിയാന്‌ ഇത്ര ചെറുപ്പത്തിലേ ഹൈഡ്രോസിൻ ഉണ്ടായിട്ടുളള കാര്യം അവന്റെ അപ്പച്ചന്‌ മുമ്പേ അറിയാമായിരുന്നു. ചിറ്റൂർ കോളേജിൽ അവൻ പഠിക്കുന്ന കാലത്ത്‌, അതികാലത്ത്‌ എഴുന്നേറ്റ്‌ ശോകനാശിനി പുഴയിൽ കഴുത്തോളം വെളളത്തിൽ നഗ്‌നനായി മണിക്കൂറുകളോളം സാധന അനുഷ്‌ഠിച്ചിരുന്നു. അന്നേ ഉപദേശിച്ചിരുന്നുഃ

“അത്രക്ക്‌ സാധന സഹിക്കണ്ട. തണുപ്പേറിയാൽ മറ്റു സാധനങ്ങൾക്ക്‌ രോഗം വരും.”

ചെക്കൻ കേട്ടില്ല. ഹൈഡ്രോസിൻ വന്നപ്പോൾ എന്ത്‌ ചെയ്യണമെന്നറിയാതെ ആകെ ഒരു ബേജാറിലായി. ഏഴരമാസം തുടർച്ചയായി ഇംഗ്ലീഷ്‌​‍്‌ മരുന്നുകൾ യാതൊരു മാറ്റവും കാണാതായപ്പോൾ ഓപ്പറേഷനുളള നിർദ്ദേശം കൊടുത്തു. അതനുസരിക്കാതെ ഹോമിയോ നോക്കി. ആറേഴ്‌ മാസം കഴിഞ്ഞപ്പോൾ ആയുർവേദമാക്കി. കഴഞ്ഞിക്കുരു കളിമണ്ണിൽ പൊതിഞ്ഞ്‌ ചുടുവെയിലത്ത്‌ ഉണക്കിയ ശേഷം, തീക്കനലിലിട്ട്‌ ചുട്ടെടുക്കുക. എന്നിട്ട്‌ കളിമണ്ണ്‌ തട്ടി പൊട്ടിക്കുന്നു. പിന്നീട്‌ കഴഞ്ഞിക്കുരു വെറ്റില മുട്ടികൊണ്ട്‌ കുത്തിപൊട്ടിക്കുന്നു. അപ്പോൾ വെളുത്ത പരിപ്പ്‌ കിട്ടും. ഇത്‌ പൊടിച്ച്‌ തേനിൽ ചാലിക്കുന്നു. മീതെ നല്ല ജീരകം വറുത്ത്‌ കഷായം കാച്ചി ചൂടോടെ അര ഗ്ലാസ്സ്‌. പിന്നെ ആവണക്കക്കുരു പൊടിച്ച്‌ കൊട്ടെണ്ണയിൽ കാച്ചി ഇളം ചൂടിൽ പുരട്ടുക. അങ്ങിനെ കാലത്തും വൈകീട്ടും നഗ്‌നനായി നിന്നുളള വൈദ്യസാധന. രക്ഷപ്പെട്ടില്ല. ഇപ്പോൾ നടുറോഡിൽ നാലാള്‌ കാണെ നട്ടുച്ചക്ക്‌ മറ്റൊരു സാധന.

ചിറ്റൂർ കോളേജിൽ ഫസ്‌റ്റ്‌ ഗ്രൂപ്പിലാണ്‌ ചാക്കോച്ചൻ ചെക്കനെ ചേർത്തിയിരുന്നത്‌. കുറേ കാലം കഴിഞ്ഞപ്പോൾ കേട്ടുഃ ചെക്കൻ ഗ്രൂപ്പ്‌ മാറ്റി തേഡ്‌ ഗ്രൂപ്പ്‌ ആർട്‌സ്‌.

“ന്ദാ, എന്തായാലും പഠിക്കാൻ മിടുക്കനാണല്ലോ, എസ്‌.എസ്‌.എൽ.സി.ക്ക്‌ അഞ്ഞൂറിലധികം മാർക്ക്‌ വാങ്ങിയ ചെക്കനാണല്ലോ? അവൻ അവന്റെ ഇഷംപോലെ പഠിക്കട്ടെ”.

അപ്പച്ചനും അമ്മച്ചിയും ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ചായക്കച്ചവടം ചെയ്താണ്‌ ചെക്കനെ പഠിപ്പിച്ച്‌ ഇത്രവലിയ ആളാക്കിയത്‌. ആണും പെണ്ണുമായിട്ടുളള ഏക സന്താനം.

ചെക്കൻ ബി.എ.ഫസ്‌റ്റ്‌ റാങ്കോടെ പാസാവുകയും ചെയ്തു. ഇനി പഠിപ്പ്‌ മതിയാക്കി, ഏതെങ്കിലും ജോലിയിൽ കയറ്റി വിടാമെന്ന്‌ വിചാരിച്ച്‌ പരിചയമുളള എം.പി.യുടെ വീട്ടിൽ സർട്ടിഫിക്കറ്റുമായി ചെന്നു. അന്നാണ്‌ ചാക്കോച്ചൻ ഞെട്ടിയത്‌. ചെക്കന്റെ അമ്മച്ചിയും ഞെട്ടിയത്‌. നാട്ടുകാർക്ക്‌ ആദ്യം അമ്പരപ്പുണ്ടായെങ്കിലും പിന്നീട്‌ പരിഹാസമായി.

“ഈ ചെക്കൻ ഫസ്‌റ്റ്‌ റാങ്കോടെ പാസായിരിക്കുന്നത്‌ ലോകത്ത്‌ ആർക്കും വേണ്ടാത്ത വിഷയത്തിലാണ്‌. കത്തി ബി.എ.ഫസ്‌റ്റ്‌ റാങ്ക്‌ ”

“മറ്റാരും ഈ ഗ്രൂപ്പെടുക്കാത്തത്‌ കൊണ്ട്‌ ഈ ചെറിയാൻകുട്ടിക്ക്‌ ഫസ്‌റ്റ്‌ റാങ്ക്‌ കിട്ടിയതായിരിക്കാം.”

എം.പി. വിശദീകരിച്ചു.

“ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പ്‌ ഞാൻ കൈവശം വെച്ചിട്ട്‌ ഒരു ഗുണവുമില്ല. ഒരു സ്വീപ്പർ ജോലിപോലും തരപ്പെടുത്തിത്തരാൻ പറ്റത്തില്ല. ഒരു റബ്ബർ സ്‌റ്റാമ്പ്‌വർക്കറുടെ വിലപോലും ഈ സർട്ടിഫിക്കറ്റുക്കാരന്‌ സമൂഹം നൽകില്ല. സർക്കാർ ഏതെങ്കിലും സ്‌കൂളിൽ കഥകളി ക്ലാസ്സുകൾ തുടങ്ങുന്നുണ്ടെങ്കിൽ ഒരു ടീച്ചർ പോസ്‌റ്റ്‌ കിട്ടിയെന്ന്‌ വരും. ആ സ്വപ്‌നം ഒരിക്കലും സഫലമാവില്ല. നേരെചൊവ്വേ തുടങ്ങിയ പ്ലസ്‌-ടുവിന്റെ കാര്യമേ സർക്കാറിന്‌ തലവേദന. ഇനി വല്ല പൂരപ്പറമ്പിലോ മറ്റോ വേഷം കെട്ടിആടി പത്ത്‌ കാശുണ്ടാക്കാമെന്ന പൂതിയും വേണ്ട. പൂരപ്പറമ്പുകളിൽ ഇപ്പോൾ ടിപ്പ്‌-ടോപ്പ്‌ അസീസിന്റെ ഹാസ്യ നാടകങ്ങളോ, സി.എൽ.ജോസിന്റെ കുടുംബ നാടകങ്ങളോ, അല്ലെങ്കിൽ വീഡിയോ കാസറ്റുകളോ മതി. സൂപ്പർ സ്‌റ്റാർ മോഹൻലാൽ വേഷം കെട്ടിയിട്ടുപോലും ജനങ്ങളിത്‌ സ്വീകരിച്ചിട്ടില്ല. ഈ ചെക്കന്‌ എന്തു പറ്റീ ചാക്കോച്ചാ?”

മകനെ കുറിച്ച്‌ ആകാശം മുട്ടുവോളം സ്വപ്‌നം കണ്ട്‌ നടന്ന അമ്മച്ചി റോഡരികിൽ മുഖം പൊത്തി കരഞ്ഞു. ചാക്കോച്ചൻ അവന്റെ സമീപത്ത്‌ ചെന്ന്‌ പറഞ്ഞുഃ

“മോനെ കുട്ടാ, ഈ അപ്പച്ചന്റെ പൊന്നു മോൻ ഈ കളി നിർത്ത്‌.”

ഏകലവ്യൻ ദ്രോണാചാര്യന്റെ മുന്നിൽ തോറ്റു കൊടുക്കുന്നില്ല. അവൻ മുദ്ര കാണിച്ചു.

“കുട്ടാ, ഈ കളി നിർത്തടാ കുട്ടാ. ആൾക്കാരൊക്കെ പരിഹസിച്ച്‌ ചിരിക്കുന്നത്‌ നീ കാണുന്നില്ലേ? ആ കത്തി താഴെ എറിയെടാ മോനേ”

ചെക്കൻ കത്തികൊണ്ട്‌ എന്തൊക്കെയോ മുദ്രകൾ കാണിച്ചു. തിരിച്ചും മറിച്ചും വീശികൊണ്ടിരുന്നു.

“ഇതെന്താ കത്തികുത്ത്‌ റാത്തീബോ?” ചാക്കോച്ചൻ ഉച്ചത്തിൽ പറഞ്ഞുഃ “നിർത്തടാ പന്നീന്റെ മോനേ, ഈ പണ്ടാരകളി”.

അപ്പോൾ ആളുകൾ കൂവി.

“ഇത്‌ പണ്ടാരക്കളിയോ പുലിക്കളിയോ അല്ല ചാക്കോച്ചാ. ഇതാണ്‌ കഥകളി. ഈ വേഷം മാറ്റി ഈ പിടിച്ചിരിക്കുന്ന കത്തിയുമായി ചുമ്മാ ചുറ്റിത്തിരിഞ്ഞ്‌ നടന്നാലും ചാക്കോച്ചന്റെ മോൻ രക്ഷപ്പെടും. ഭാവിയിൽ ഒരു ദാവൂദ്‌ ഇബ്രാഹീമോ, വീരപ്പനോ ആകാം. കുറഞ്ഞപക്ഷം ഒരു സ്രാങ്ക്‌ മുഹമ്മദെങ്കിലും.”

ചെറിയാൻ കുട്ടിയുടെ കളി ദ്രുതഗതിയിലായി. ഏകലവ്യൻ ഇപ്പോൾ വനവാസത്തിലാണോ, കുരുക്ഷേത്രത്തിലാണോ എന്നൊന്നും ആർക്കും മനസ്സിലാവുന്നില്ല. ഏകലവ്യൻ വിയർത്ത്‌ കുളിച്ചിട്ടുണ്ട്‌.

ചെറിയാൻ കുട്ടി കത്തി ആകാശത്തിലേക്കുയർത്തി വട്ടത്തിൽ ചുഴറ്റുന്നു. പുത്തൻ കത്തിയാണ്‌. ഒന്നരയടിയോളം നീളമുണ്ട്‌. സൂര്യപ്രകാശത്തിൽ അതിന്റെ തിളക്കം ഭയപ്പെടുത്തുന്നു.

“എടാ കുട്ടാ, നീ ആ കത്തി എങ്ങോട്ടേങ്കിലും വലിച്ചെറിയൂ.” സേതുമാഷ്‌ ഒന്നു പറഞ്ഞുനോക്കിഃ “ അത്‌ എവിടേയെങ്കിലും തട്ടിയാൽ ചോര വരും”.

സേതുമാഷോട്‌ ഒന്നു രണ്ട്‌ പേർ പറഞ്ഞുഃ “കത്തിതെറിച്ച ഉടനെ പിടിച്ച്‌ കെട്ടണം. നേരെ വല്ലപ്പുഴക്കോ കുതിരവട്ടത്തേക്ക് കൊണ്ടുപോകാം”.

കത്തിച്ചുഴറ്റലിന്‌ വേഗത കൂടി; ചിറ്റിതിരിച്ചലിനും. രുദ്ര താളമാണ്‌. ദ്രുതഗതി.

“മൊയ്‌തീൻ കുട്ടി ഉസ്താദ്‌ വന്നെങ്കിൽ കളരി പ്രയോഗത്തിലൂടെ കത്തി തട്ടി തെറിപ്പിക്കുമായിരുന്നു.”

“അയാളിപ്പോൾ വാതം പിടിച്ച്‌ കിടപ്പിലല്ലേ?” സേതുമാഷ്‌ പറഞ്ഞുഃ “ഈ വരുന്ന ചിങ്ങം ഒന്നിന്‌ ക്ഷേത്രവളപ്പിൽ അരങ്ങേറ്റം കുറിക്കാന്ന്‌ ഞാൻ വാക്ക്‌ കൊടുത്തതായിരുന്നു. പത്രക്കാരെയും ടി.വി.ക്കാരെയും വിളിച്ച്‌ ഒരു ചെറിയാൻകുട്ടി കഥകളിക്ക്‌ അരങ്ങേറ്റം കുറിക്കുന്നുവെന്ന്‌ അറിയിക്കാനിരുന്നതാ-”

പെട്ടെന്ന്‌ സേതുമാഷിന്റെ നേർക്ക്‌ കത്തിയുടെ ഒരു മിന്നൽ. മാഷൊന്ന്‌ ഞെട്ടി.

“ഇതെന്ത്‌ കൂത്താ? ഇതെന്ത്‌ വേഷാ? ഈ നട്ടുച്ചക്ക്‌ ഒരശുഭ മുഹൂർത്തത്തിലാണോ അരങ്ങേറ്റം കുറിച്ചത്‌? എല്ലാറ്റിനെയും അവഹേളിച്ചു. അശുദ്ധാക്കി. അക്ഷമ, അല്ലാതെന്താ?”

ഏകലവ്യൻ ശിവതാണ്ഡവത്തിലാണോ എന്ന്‌ സേതുമാഷിനൊരു സംശയം.

ഏകലവ്യൻ തുളളിച്ചാടുകയാണ്‌. പെട്ടെന്ന്‌ കത്തി ഇടതുകൈയ്യിലേക്ക്‌ മാറ്റി പ്രതിഷ്‌ഠിച്ചു. ഇപ്പോൾ രൗദ്ര ഭാവം.

സേതുമാഷിന്റെ നേർക്ക്‌ ഉറച്ച നാല്‌ കാലടികൾ. മൂന്നാല്‌ തിരിച്ചൽ. ഉച്ചത്തിൽ മൂന്നാല്‌ അപശബ്ദങ്ങളും.

മാഷ്‌ ഒരു പേടിയോടെ പുറകിലേക്ക്‌ മാറി നിന്നു.

ഏകലവ്യൻ വലതുകൈയ്യിലെ തളളവിരൽ ഉയർത്തിപ്പിടിച്ച്‌ കഥപാടി. തളള വിരൽ ശൂന്യതയിൽ വിറപ്പിച്ചു.

എന്തൊക്കെയോ ആംഗ്യങ്ങൾ കാണിച്ചു. മൂക്കത്ത്‌ പതിച്ച ഉരുണ്ട സാധനംകൊണ്ട്‌ എന്തൊക്കെയോ ഗോഷ്‌ടി കാണിച്ചു. മുഖചേഷ്‌ടകൾക്കൊപ്പിച്ച്‌ കണ്ണുകൾ ചലിപ്പിച്ചു.

ചാക്കോച്ചൻ കരഞ്ഞുകൊണ്ട്‌ ചോദിച്ചുഃ

“എടാ മോനേ, നീ എന്തൊന്നാടാ ഈ കാണിക്കുന്നത്‌? ആൾക്കാർ പരിഹസിക്കുന്നത്‌ എന്റെ മോൻ കാണുന്നില്ലേ?”

ഏകലവ്യന്റെ ശബ്ദം ഉച്ചിയിലായി. ചവിട്ടും താളവും രൗദ്രമായി. ശിവതാണ്ഡവത്തിന്‌ തുല്യം.

ഇടതുകൈയ്യിൽ പ്രതിഷ്‌ഠിച്ച കത്തികൊണ്ട്‌ വലതുകൈയ്യിലെ ഇളകുന്ന വിരലിനെ ഏകലവ്യൻ ഉന്നം വെച്ചു. കൺപുരികങ്ങൾ മുദ്ര കാണിച്ചു.

ചാക്കോച്ചന്റെ മുഖത്തേക്ക്‌ രക്തം ചീറ്റിത്തെറിച്ചു.

ഏകലവ്യൻ വെട്ടിമാറ്റിയത്‌ വിരലല്ല, കൈപ്പത്തിയാണ്‌​‍്‌.

ഏകലവ്യന്റെ മുഖത്തേക്കും കിരീടത്തിലേക്കും രക്തം ചീറ്റിക്കൊണ്ടിരുന്നു. കത്തിവേഷം ചോരയിൽ മുങ്ങികൊണ്ടേയിരുന്നു.

മുറിഞ്ഞുവീണ കൈപ്പത്തി ചാക്കോച്ചന്റെ മുന്നിൽ കിടന്ന്‌ വിറച്ചു. അതിലെ വിരലുകൾ കഥകളി മുദ്രകൾ കാണിച്ചു.

ആളുകൾ നാനാഭാഗത്തേക്കും പേടിച്ചോടി.

ഏകലവ്യന്റെ കഥ കുറച്ചുകൂടി ഉണ്ടായിരുന്നു. അതവൻ അവതരിപ്പിച്ച്‌ കൊണ്ടിരുന്നു.

Generated from archived content: kathiba.html Author: naaluveetilrahman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനാല്‌
Next articleഹൗസ്‌ മെയ്‌ഡ്‌
എസ്‌.പി.സി.എസ്‌. മെമ്പർ. കഥാസമാഹാരങ്ങളും, നോവലുകളുമായി പതിമ്മൂന്ന്‌ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘ഭാഷാപോഷിണി’ പ്രസിദ്ധീകരിച്ച “സോളമന്റെ കൊട്ടാരം” എന്ന നോവലെറ്റ്‌ ആറ്‌ ഭാഷകളിലേക്ക്‌ മൊഴിമാറ്റം വന്നു. അഞ്ച്‌ ചെറുകഥകൾ അഞ്ച്‌ ഇന്ത്യൻ ഭാഷകളിലേക്ക്‌ പലപ്പോഴായി മൊഴിമാറ്റം ഉണ്ടായി. പാലക്കാടിന്‌ സമീപം രണ്ടാം മൈലിൽ താമസിക്കുന്നു. വിലാസം നാലുവീട്ടിൽ അബ്‌ദുൾറഹ്‌മാൻ പാലക്കാട്‌ Address: Post Code: 678 019

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English