ആമുഖം
ഇപ്പോഴാണ് ടീച്ചർക്ക് ഓർമ്മവരുന്നത്. രാമന്റെ കുട്ടിക്കാലം.
അവൻ സാധാരണ കളികളൊന്നും കുട്ടിക്കാലത്ത് കളിച്ചിരുന്നില്ല. കുട്ടികളുടെ കൂട്ടത്തിൽ കളിക്കാൻ പോയാൽ എന്തെങ്കിലും കുണ്ടാമണ്ടികൾ കാണിച്ച് തെറ്റിപിരിഞ്ഞ് തിരിച്ച് വരികയാണ് പതിവ്. കുട്ടികളൊക്കെ അവനെ വെളളച്ചന്തീ വെളളച്ചന്തീ എന്ന് വിളിച്ച് പരിഹസിക്കും.
ഒരിക്കൽ പുഴയിലെ കുളി കഴിഞ്ഞ് വന്ന് മൂകനായി എന്തോ ചിന്തിച്ചിരിക്കുന്നത് കണ്ടു.
“പുഴേ ചെന്ന് കുട്ടികളോട് വഴക്കടിച്ചോ?”
ചിന്തയിൽ നിന്ന് ഉണർന്നിട്ട് അവൻഃ
“ആൾക്കാരൊക്കെ പറയുന്നു വെളളം കടിക്കുന്നു, ചൊറിയുന്നു എന്നൊക്കെ? നായയും പൂച്ചയും കടിക്കും, ചൊറിയും. പുഴയിലെ മീനും കടിച്ചേക്കാം. വെളളം എങ്ങിനെയാ കടിക്കാ? ചൊറിയാ?”
“മണ്ടൻ! ഇതാണോ ഇത്ര ഗാഢമായി ചിന്തിക്കുന്നത്? എടാ വെളളത്തിലെ പുഴു കടിക്കുന്ന കാര്യമാ പറയുന്നത്!”
“അതിനെന്തിനാ വെളളത്തിനെ തെറിപറയുന്നു?”
“നിന്റെ കാര്യം കഷ്‌ടമാണ്. വെറുതെയല്ല, കൂട്ടുകാർ നിന്നെ ചീത്ത പറയുന്നതും കളിയാക്കുന്നതും.”
തൊഴുത്തിലെ കന്നുകാലികളെ മേക്കാൻ അവന് വലിയ താല്‌പര്യമായിരുന്നു. കന്നുകാലികളെ മേച്ച് തിരിച്ചെത്തിയാൽ പശുക്കളുടെ വയറ് നിറഞ്ഞ് കാണാം. പക്ഷെ, പാല് കറക്കാൻ ചെന്നാൽ മുത്തച്ഛൻ അന്തം വിടും. ഒരിറ്റ് പാല് അകിടിൽ കാണില്ല.
“എന്താണ്ടാ കുട്ടിചെക്കാ ഇങ്ങിനെ?”
“എങ്ങിനെ?”
“നീ മേച്ച് വരുന്ന ദിവസങ്ങളിലൊന്നും പാല് കിട്ടുന്നില്ലല്ലോ?”
പുഴയോരത്തെ കാട്ടുചേമ്പിന്റെ ഇലകളിൽ അവൻ പാല് കറന്നെടുക്കും, എന്നിട്ടത് കുട്ടിപ്പാറകളുടെ കുഴികളിൽ ഒഴിക്കും. അതിൽ എരിക്കിൻ പാല് പൊട്ടിച്ചൊഴിക്കും. അപ്പോൾ പശുവിൻ പാല് പാൽഗോവപോലെ കട്ടിയാവും. പുഴയിൽ എത്തിച്ചേരുന്ന കുട്ടികൾക്കും മറ്റും അവനിത് പതിവായി കൊടുക്കുമത്രേ.
കുറച്ചുകാലം കോഴിക്കൂട്ടിലെ മുട്ടകൾക്കും ഭൂതബാധ, മുട്ട കയ്യിലെടുത്താൽ കാറ്റ്‌പോലെ പൊന്തിവരും. മുട്ടക്കകത്ത് ഒന്നും ഉണ്ടാവില്ല. സൂചികൊണ്ട് മുട്ടയെ തുളച്ച് അതിനകത്തുളളതെല്ലാം അവൻ ഉറുഞ്ചി കുടിച്ചിരുന്നു. മുത്തച്ഛൻ ശകാരിക്കുംഃ
“നിനക്കെന്തിന്റെ ഭ്രാന്താ രാമാ?”
സീത ടീച്ചർ കണ്ണുകളടച്ച് പ്രാർത്ഥിച്ചുഃ
“ഈശ്വരാ, ഭൂമി ഉരുണ്ടതാണെന്ന് കണ്ട് പിടിച്ചവന്റെ അവസ്ഥ; സൂര്യനും ചന്ദ്രനും ഗോളങ്ങളാണെന്ന് കണ്ട് പിടിച്ചവന്റെ അവസ്ഥ എന്റെ കുട്ടിക്ക് വന്ന് ഭവിക്കരുതേ.”
ഒന്ന്
ചാരനിറമുളള, ചോരക്കണ്ണുകളുളള ഈ നായ ഉഗ്രനാണ്.
ഭ്രാന്തൻ നായയാണ്.
പതിനാല് പേരെ കടിച്ച ഭ്രാന്തൻ നായ.
അതിനെ കുത്ത് വടിയോളം വണ്ണമുളള ഒരു പുളിമരത്തിൽ ക്ലച്ച് വയർകൊണ്ട് കെട്ടിയിട്ടിരിക്കുന്നു. ആ വയർ കടിച്ച് പൊട്ടിച്ച് ഓടാൻ വേണ്ടി നായ ആവുന്നത്ര ഊക്കോടെ പരാക്രമങ്ങൾ കാണിക്കുന്നു.
ഓരോ തവണയും മുരൾച്ചയോടെ കുതിച്ച് ചാടാൻ ശ്രമിക്കുമ്പോൾ, വണ്ണം കുറഞ്ഞ ആ പുളിമരവും ഒന്ന് വളഞ്ഞ് നിവരും. പിന്നെ പുളിമരം നിന്ന് വിറക്കും. അതിനനുസരിച്ച് ആൾക്കൂട്ടവും പുറകോട്ട് ഒന്നോടും; ഒരു ഉൾക്കിടിലത്തോടെ.
അല്‌പം കഴിഞ്ഞ്, നിവർന്ന പുളിമരത്തിന്റെ വിറയലും മറ്റും നിന്നുവെന്ന് ബോധ്യപ്പെട്ടാൽ ആൾക്കൂട്ടം വീണ്ടും നായയുടെ ചുറ്റും ഓടിക്കൂടും.
അങ്ങിനെ ഓരോ തവണയും പല ദിക്കുകളിലേക്കായി പേടിച്ച് ഓടുമ്പോൾ അവരിൽ ഒരാളെങ്കിലും വല്ല കപ്പക്കുറ്റിയിലോ മറ്റോ തടഞ്ഞ് കാലിടറി വീഴുന്ന കാഴ്‌ച പതിവായി.
ആൾക്കാരുടെ പരക്കം പാച്ചിൽ കാരണം വളപ്പാകെ അലങ്കോലവുമായി. ഇതിനെല്ലാം പുറമെ ആറുമുഖന്റെ മറ്റൊരു പരാക്രമം; മോങ്ങുന്ന നായയുടെ മോന്തയിൽ തേങ്ങ വീണകണക്ക്, കഴിഞ്ഞ രാത്രിയാണ് അതുണ്ടായത്.
ഇരുട്ടത്ത്, മരണവെപ്രാളത്തോടെ ആൾക്കാർ പല ഭാഗത്തേക്കായി ഓടുമ്പോൾ അയൽക്കാരനായ ആറുമുഖൻ മതിൽക്കെട്ടില്ലാത്ത കിണറ്റിൽ നിദാനം തെറ്റിവീണു.
ആരോ ഒരാൾ കിണറ്റിൽ വീണെന്ന് കണ്ടപ്പോൾ ആൾക്കാരുടെ ശ്രദ്ധ കുറേ നേരത്തേക്ക് കിണറ്റിന് ചുറ്റുമായി. നായാടിമുക്കിൽ കോറി ലോറി ഇടിച്ച് മലർന്ന് കിടക്കുന്ന ട്രാൻസ്‌ഫോർമർ ഇനിയും നേരാക്കാത്തതുകൊണ്ട് നാലഞ്ച് ദിവസമായി നാട്ടുകാർക്ക് വെളിച്ചമില്ല. കറുത്ത വാവും. കൂരിരുട്ടും. വളപ്പിലെ കിണറ്റിൽ ആരെങ്കിലും വീണിട്ടുണ്ടെങ്കിൽ പട്ടിയെപോലെ കിടന്ന് ചാവുകയേ നിവൃത്തിയുളളൂ.
ആറുമുഖന്റെ ഭാഗ്യമായിരിക്കണം, ആളിക്കത്തിക്കൊണ്ടിരിക്കുന്നതാണെങ്കിലും ഒരു പഴകിയ പെട്രോമാക്‌സ് നേരത്തെ ചായക്കടക്കാരൻ രാധാമാധവൻ തിണ്ണന്റെ അടുത്ത് (നായയെ പേടിച്ച്) കൊണ്ടുവച്ചിട്ടുണ്ടായിരുന്നു. ആരോ അതെടുത്ത് കിണറ്റ് വക്കിലേക്ക് ഓടി. സീത ടീച്ചറും നായയും കുറേ നേരത്തേക്ക് ഇരുട്ടിലായി.
തലക്ക് കൈകൊടുത്ത് ഉമ്മറതിണ്ണയിൽ കുന്തിച്ചിരിക്കുന്ന ടീച്ചറും, പുളിമരത്തിൽ ബന്ധസ്ഥനായ നായയും തമ്മിൽ വെളിച്ചം തിരിച്ചെത്തും വരെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. നായയുടെ കണ്ണുകൾക്ക് തീക്കനലുകളുടെ നിറം. ഒന്ന് രണ്ട് തവണ ടീച്ചറെ നോക്കി നായ മുരണ്ടു.
ആ കണ്ണുകളുടെ തീഷ്‌ണതയും മുരൾച്ചയും കണ്ട് ഭയന്നോടാനൊന്നും ടീച്ചർക്ക് തോന്നിയില്ല. പിടിച്ച് കെട്ടിയിരിക്കുന്നത് പുളിമരത്തിലാണല്ലോ! ഇനിയെങ്ങാനും വന്ന് എല്ലാ ഭ്രാന്തും കൂടി തന്റെ നേർക്ക് തീർത്താലോ?
സന്തോഷം!
എല്ലാം അതോടുകൂടി അവസാനിക്കുമല്ലോ?
വയസ്സുകാലത്ത് ചേച്ചിക്ക് എന്ത് ചെയ്‌ത് കൊടുത്തുവെന്ന് നാളെ ആരെങ്കിലും അന്വേഷിച്ചാൽ അനിയന് നെഞ്ച് വിരിച്ച് നിന്ന് പറയാമല്ലോ; ഉമ്മറമുറ്റത്ത് തന്നെ കരിങ്കാലനെ കെട്ടിയിട്ടിരുന്നുവെന്ന്!
രണ്ട്
നീന്തലൊന്നും തീരേ വശമില്ലാത്ത ഒരു ബീഡി തെറുപ്പുകാരനാണ് അറുമുഖൻ. അയാളുടെ മഹാഭാഗ്യമായിരിക്കണം, കിണറ്റിനകത്ത് കഴുത്തോളമേ വെളളമുളളൂ. തലകുത്തിവീണപ്പോൾ വെപ്രാളത്തിൽ കുറച്ചൊക്കെ വെളളം കുടിച്ചിട്ടുണ്ട്.
ആളിക്കത്തുന്ന പെട്രോമാക്‌സിന്റെ വെളിച്ചം കിണറ്റിലേക്ക് വീണപ്പോൾ ആറുമുഖത്തിന് തെല്ലൊരു ആശ്വാസം. കിണറ്റിനു ചുറ്റും നിൽക്കുന്നവരുടെ മുഖങ്ങൾ വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ചതിക്കുഴിയിൽ വീണ ഒരു കുറുക്കനെപ്പോലെ മുകളിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോൾ ആരുടേയോ കാലു തട്ടി ഒരു കളിമൺ കട്ട മുഖത്തേക്കു തന്നെ വീണു.
ആറുമുഖൻ ഞെട്ടി ചാടിയപ്പോൾ ആൾക്കൂട്ടം പൊട്ടിച്ചിരിച്ചു.
കണ്ണിലും മൂക്കിലും കാതിലും വായയിലും മൺതരികൾ കയറി. അതെല്ലാം തുപ്പിയും തുടച്ചും കളഞ്ഞു. വീണ്ടും വീണ്ടും മുഖം കഴുകി.
ആൾക്കാരുടെ ചിരിയും ബഹളവും കിണറ്റിനകത്ത് ഇരമ്പലായി ചുഴറ്റി. ഒരു തരം അസ്വസ്ഥമായ ഇരമ്പൽ.
തണുത്ത വെളളത്തിലാണ് നില്‌ക്കുന്നതെങ്കിലും ആവിയും വേവുമാണ് ആറുമുഖത്തിനനുഭവപ്പെട്ടത്.
ഉളള വെളിച്ചത്തിൽ, വെളളം കോരാൻ വെച്ചിരുന്ന കയറും ബക്കറ്റും ആരോ കിണറ്റിലേക്ക് ഇറക്കിക്കൊടുത്തു. ആറുമുഖൻ അതിൽപിടിച്ചതും മൂന്നാലുപേർ മുകളിൽ എന്തിനും തയ്യാറായിനിന്നു. ആറുമുഖൻ കണ്ണിൽക്കണ്ട പൊത്തുപോടുകളിൽ കാലൂന്നിക്കയറുമ്പോൾ മുകളിലുളളവർ അതിനനുസരിച്ച് കയർ മേൽപ്പോട്ട് കയറ്റിക്കൊണ്ടിരുന്നു.
അയാൾ വാക്കോളം എത്തിയതായിരുന്നു. അപ്പോഴുണ്ട് കിണറ്റിനകത്തേക്ക് ഭയങ്കരമായി എന്തോ വീണ ഒരു ശബ്‌ദം. ആറുമുഖന്റെ മക്കളും അത് കേട്ടു. തല എത്തിനോക്കുന്ന ചിലരുടെ മുഖത്തേക്ക് വെളളത്തുളളികൾ തെറിച്ചു. ആറുമുഖൻ കയർപൊട്ടി കിണറ്റിനകത്തേക്ക് വീണിരിക്കുന്നു.
രണ്ടാമത്തെ ഈ വീഴ്‌ചയിൽ ബക്കറ്റ് തട്ടി എവിടെയോ വേദന. അത് സഹിക്കാൻ വയ്യാതെ ആറുമുഖൻഃ
“ഏത് നായടെ മക്കളാണ് ബക്കറ്റോടെ കയറിറക്കിയത്?”
മുകളിൽ നിന്നും തന്റെ പിളേളരുടെ കരച്ചിൽ വേറിട്ട് കേട്ടു. ഭാര്യയുടെ ഒച്ചപ്പാടുംഃ
“കരയണ്ട അപ്പൻ ചത്തിട്ടില്ല മക്കളേ!”
ഡബ്ബിൾഹാർട്ട് രാമൻ സായിപ്പിന്റെ ഓരോരോ വിവരക്കേടുകൾ പറഞ്ഞും ചിരിച്ചും ആളും ബഹളവുമായി ചാവക്കാടന് പലചരക്ക് കട അടക്കാൻ പാതിര കഴിഞ്ഞിട്ടും കഴിഞ്ഞില്ല. ആ കട അടക്കാതിരുന്നത് ആറുമുഖന്റെ ഭാഗ്യം. ഓട്ടോ കുഞ്ചു ഓടിച്ചെന്ന് പുതിയ എട്ട് പിരിയൻ കയർ വാങ്ങിക്കൊടുക്കുന്നു.
പുത്തൻ കയറാണെങ്കിലും ആറുമുഖൻ പേടിച്ച് പേടിച്ചാണ് മേല്പോട്ട് പിടിച്ച് കയറിയത്. കൈകാലുകൾ വല്ലാതെ വിറച്ചു.
ഭാര്യ ഓർമ്മിപ്പിച്ചുഃ
“നോക്കി നേരെ പിടിക്കണെ, എന്റെ ആറ് പെൺപിളേളരുടെ ഒരേ ഒരു തന്തയാണേ.”
“പേടിക്കേണ്ട ചേച്ചീ, ഇപ്രാവശ്യം ഏട്ടന് ഒന്നും പറ്റില്ല. ഒരു ചതി എല്ലാർക്കും പറ്റും.”
“പറഞ്ഞിട്ട് കാര്യമില്ല. അതിയാന് കഷ്‌ടകാലാ; ശനിദശ.”
ഒരുവിധം കരപറ്റാറായപ്പോൾ മൂന്നാല് ചെറുപ്പക്കാർ കൈ നീട്ടികാണിച്ചു. ആ കൈകളെ രോഷത്തോടെ തട്ടിമാറ്റി, കരയിലേക്ക് സ്വയം കാലെടുത്ത് വെച്ചതാണ്, വീണ്ടും വെളളത്തിലേക്ക് എന്തോ വീണ ശബ്‌ദം.
ആറുമുഖന്റെ വയറൊന്നുകാളി.
വലതു കാല് ഊന്നി ചവിട്ടിയപ്പോൾ ഒരു ഉരുളൻ കല്ല് അടർന്ന് വീണതാണ്.
ആൾക്കാരോട് ഭാര്യ വിളിച്ചു പറഞ്ഞുഃ
“അതിനെ പിടിച്ചിങ്ങ് വലിച്ചിടൂ. ഉശിരും ധൈര്യോം ഇല്ലാത്ത ആണാ.”
ആൾക്കാർ അയാളുടെ കോളറിലും കക്ഷത്തും പിടിച്ച് ഒരു ചാക്ക് കെട്ട് കണക്കേ പെട്ടെന്ന് വലിച്ചിട്ടു.
ആറുമുഖൻ കിതപ്പോടെ എഴുന്നേറ്റ് നിന്നു.
“ആറുമുഖോം ഏഴുമുഖോം ആയിട്ടെന്താ, നടക്കുമ്പോഴും ഒറ്റക്കണ്ണന്റെ സ്വഭാവാ! വാ ബാക്കി വീട്ടിലെത്തിയിട്ട് പറയാം.”
ഭാര്യ കൈപിടിച്ച് വലിച്ചപ്പോൾ അയാൾ വേദന പ്രകടിപ്പിച്ചു.
“എന്താ?”
“ബക്കറ്റോടെ വീണപ്പോ വാരിയെല്ലിൽ ഒന്ന് തട്ടി.”
നനഞ്ഞ ഷർട്ട് അഴിച്ചുനോക്കി. ഒരു ചുവന്ന വര, വടിയുടെ അടിയേറ്റപോലെ വാരിയെല്ലിൽ തെളിഞ്ഞു കണ്ടു.
“അതൊന്നും കാര്യാക്കണ്ട. ചത്ത് പോയില്ലല്ലോ? എന്റെ ആറ് പെൺപിളേളരുടെ മഹാഭാഗ്യം.”
ഭാര്യയുടെ പുറകെ ആറുമുഖൻ ഷർട്ടും പിഴിഞ്ഞോണ്ട് നടന്നു. അവർക്ക് പുറകെ ആളിക്കത്തുന്ന വെളിച്ചവുമായി ആൾക്കൂട്ടവും.
പിന്നീട് ഇത്രനേരായിട്ടും ഈ വഴിക്ക് ആറുമുഖത്തേയോ മക്കളെയൊ കണ്ടിട്ടില്ലെന്ന് സീത ടീച്ചർക്ക് ഉറപ്പാ.
ഒരയലത്തുകാരൻ കിണറ്റിൽ വീണെന്ന് അറിഞ്ഞിട്ട്‌പോലും ടീച്ചർ തിണ്ണയിൽ നിന്നും അനങ്ങീട്ടില്ലെന്ന് റിട്ടേ. കുറുപ്പ് മാഷ് മനസ്സിലാക്കി. അന്തംവിട്ടുളള ഒരേ ഇരുപ്പ്. ഇടയ്‌ക്കിടെ രണ്ടാംമുണ്ട് കൊണ്ട് കണ്ണീരും മൂക്കും തുടക്കുന്നത് കാണാം.
“ന്ദാ ഇന്നലെ ഉച്ചയൂണും കഴിഞ്ഞ് തുടങ്ങിയതാണല്ലോ, ഈ ആളും ബഹളൊക്കെ?”
മൂന്ന്
മാഷ് അടുത്തുനിൽക്കുന്നവരോട് പറഞ്ഞുഃ
“ഇനി ആരോട് എന്ത് പറഞ്ഞിട്ടും കാര്യല്ല. വയസ്സാൻ കാലത്ത് ടീച്ചറുടെ ഒരു കഷ്‌ടപ്പാടേ, അവശതയും വാർദ്ധക്യവും. ഒരു കണക്കിൽ സീത ടീച്ചറാണ് ഇത്ര വഷളാക്കിയത്. തുടക്കത്തിലെ നിയന്ത്രിച്ചിരുന്നുവെങ്കിൽ ഭ്രാന്ത്‌കൾ ഇവിടം വരെ എത്തില്ലായിരുന്നു. വേണ്ട സമയത്ത് ആരും രാമനെ ബന്ധനസ്ഥനാക്കിയില്ല. ഇനിയിപ്പോ വേണ്ടത്, ഈ ഗതികെട്ടനായയെ അഴിച്ച് വിട്ടിട്ട് ഇതേ വയറോണ്ട് ഇതേ പുളിയിൽ കെട്ടിയിട്ട് അടിക്കണം. എവിടെന്ന് തൊടങ്ങണം അടിയെന്ന് ടീച്ചറെ ആരും പഠിപ്പിക്കേണ്ട ആവശ്യവുമില്ല. ഏത് പെണ്ണാ അവനെ കണ്ടാ കൊതിക്കാതിരിക്കാ? റോബിൻസൺ സായിപ്പിന്റെ തനിസ്വരൂപമാണെന്നല്ലെ കേൾവി? ഉരുക്ക്‌പോലുളള ദേഹോം, കട്ടിത്തങ്കം വെട്ടിയ നെറോം. പുറകോട്ട് നീണ്ട് കിടക്കുന്ന ചുരുണ്ട് ചെമ്പിച്ച ആ മുടിക്ക് തന്നെ എന്തൊരു ഐശ്വര്യാ! പിന്നെ പൂച്ചക്കണ്ണിന്റെ കാര്യം. അതാരും കാര്യക്കണ്ട. സായിപ്പിന്റെ മോനാകുമ്പോ പൂച്ചക്കണ്ണല്ല പുലിക്കണ്ണും കണ്ടെന്ന് വരും. ഒന്നില്ലെങ്കിലും ഈ പുരക്കും തൊടിക്കും, ബാങ്കുബാലൻസുകൾക്കും നാളെ ഒരവകാശി വേണ്ടേ? സീത ടീച്ചർക്കാണെങ്കില് സന്ധ്യയായി. ഏതാനും വിനാഴികകൾ! എപ്പോഴാ അസ്‌തമയം ഉണ്ടാവാന്ന് പറയാൻ പറ്റില്ലല്ലോ? ആ വലിയ കോമാങ്ങ മൂച്ചി തന്നെ ആയിക്കോട്ടെ എന്ന ഒസിയത്തും കഴിഞ്ഞു. അവസാനത്തെ കൊളളി പിടിക്കേണ്ടവനാണെന്ന് വെച്ച്, ചെയ്യുന്ന പോക്രിത്തരങ്ങൾക്കൊക്കെ കൂട്ട് നിന്നാ എന്താ ചെയ്യാ?”
കുറുപ്പ് മാഷ് ആൾക്കാരോട് പറയുന്നത് തെറ്റാണെന്ന് ടീച്ചർക്ക് തോന്നിയില്ല. അനിയന്റെ എല്ലാ ഭ്രാന്തിനും കൂട്ടുനിന്നിട്ടുണ്ട്. എല്ലാം പൊട്ടത്തരങ്ങൾ, ഒരു തരം കിറുക്കുകൾ, അത്രയേ വിചാരിച്ചുളളൂ. പക്ഷെ ഈ വിവരക്കേട് മാത്രം സഹിക്കാൻ കഴിയുന്നില്ല.
ഉച്ചയൂണും കഴിഞ്ഞ് സുഖമായി ഉറങ്ങിക്കിടക്കുന്നിടത്ത് നിന്നും ഓടിച്ചെന്ന് ചെയ്‌ത ഒരു വിഡ്‌ഢിത്തേ!
ഹൗസിങ്ങ് കോളനി വഴിക്കുളള വീതിയേറിയ ചെമ്മൺപാതയിലൂടെ ഭ്രാന്തിളകി ഓടിവരുന്ന നായയെക്കണ്ട് ആൾക്കാർ നാലുപാടും പേടിച്ച് ഓടുന്നു. അനിയനോ ഓർക്കാപ്പുറത്ത് ആ നായയുടെ പുറകെയാണ് ഓടിയത്. ശരീരത്തിന്റെ പലയിടത്തും കടിയും മാന്തും.
ഭയങ്കര മൽപിടുത്തമായിരുന്നത്രേ.
ഏതോ ഭ്രാന്തൻ നായയെ ഓടിക്കുന്ന ആരവം കേട്ട് ഞെട്ടി എഴുന്നേറ്റ് ചെക്കൻ ഉമ്മറത്തിണ്ണയിലെ കിണ്ടിയെടുത്ത് മുഖം കഴുകുമ്പോഴും ഇങ്ങനെയൊരു വിവരക്കേട് ഉണ്ടാക്കി വെക്കുമെന്ന് ഒരിക്കലും ഓർത്തില്ല. ലോകത്ത് ആരെങ്കിലും ഇങ്ങനെയൊരു വിവരക്കേട് കാണിക്കോ?
ഓരോ നിമിഷങ്ങൾ കഴിയുംതോറും സീതടീച്ചർ കൂടുതൽ ഉൽക്കണ്‌ഠാകുലയും ക്ഷീണിതയുമായി.
നാല്‌ഃ
അമ്മയുടെ മരണത്തിന് ശേഷമാണ് അനിയന് ഈ വക കിറുക്കുകൾ. വെറും ആറു വർഷത്തിനിപ്പുറം കണ്ട് തുടങ്ങിയ കിറുക്കുകൾ. ഈ വരുന്ന ഓഗസ്‌റ്റ് പതിനഞ്ചിന് ചെക്കന് നാല്‌പതാകും. കെട്ട്യോളും കുട്ടികളുമായി ഉത്തരവാദിത്വത്തോടെ കഴിയേണ്ട കാലം. അമ്മക്കോ കാണാൻ കഴിഞ്ഞില്ല; അവന്റെ കെട്ടിയോളേയും കുട്ടികളെയും. അമ്മയുടെ കാലശേഷമെങ്കിലും അങ്ങിനെയൊരു ചിന്ത! ഒന്നും സൂചിപ്പിക്കാതെയല്ല.
“എന്റെ കാലം കഴിഞ്ഞാൽ നിന്നെ നോക്കാൻ ഈ ഭൂലോകത്ത് ആരുമുണ്ടാവില്ല; ഒരു പനിപിടിച്ച് കിടന്നാൽ പോലും!”
എന്തൊക്കെ വ്യക്തമായി സൂചിപ്പിച്ചതാണ്. അപ്പോൾ ഏതിലെങ്കിലും സ്‌പെഷലൈസ് ചെയ്യണമെന്ന് പറയും.
അത് ഏതിലാവണമെന്ന് ഇനിയും ഉറപ്പിച്ചിട്ടില്ല. ആദ്യം പറഞ്ഞു ഒരു മോഡലാവണമെന്ന്. അതിന് വേണ്ടി ചെന്നൈലും മുംബായിലും ചെന്ന് കുറേ ചുറ്റിയടിച്ചു. രൂപ അറുപതിനായിരം വൃത്തിയാക്കി. മിച്ചം കിട്ടിയതോ ആണും പെണ്ണും കെട്ടവരുടെ കൂടെ നിന്ന് പോസ് ചെയ്‌തെടുത്ത ഫോട്ടോസുകളുടെ ഒരാൽബം! മധുസാപ്രയോ ഐശ്വര്യാറായിയോ ഒക്കെ ആണത്രേ ഈശ്വരാ. മിലിന്ദാണെന്ന് പറഞ്ഞ് ഒരുത്തനെ കുറേ വർണ്ണിച്ചു. അവനോടാണെത്രേ മത്സരിക്കാൻ ചെന്നത്.
“ഈ കോന്തനോട് മത്സരിക്കാനാണോ നീ രൂപ അറുപതിനായിരം തുലച്ചത്? ഇവനെക്കാൾ എത്രയോ ഭേദം നമ്മുടെ ആറുമുഖനാണ്.”
അപ്പോൾ സൗമ്യമായ പുഞ്ചിരിഃ
“ചേച്ചീ, മിലിന്ദ് ഒന്ന് നിശ്ചലമായി നിന്നാൽ കിട്ടുന്നത് എത്രയാണെന്നറിയോ, തേർട്ടിലാക്‌സ്! ഹീ ഈ വേൾഡ് ഫേമസ്.”
“ഇവൾക്കോ? ഊരി വീഴാൻ നിൽക്കുന്ന സ്‌കർട്ടുമായി നില്‌ക്കുന്ന ഇവൾക്കോ?”
“ഒരു വർഷത്തിന് ഒരു ദശലക്ഷം ഡോളർ. വിശ്വസുന്ദരിപട്ടം കിട്ടിയശേഷമാണ് ഇത്രയും വലിയ വില!”
ആൽബം പൂട്ടിവെച്ചപ്പോൾ പിന്നെ ബോക്‌സറാവണമെന്ന്!
ടൗണിൽ ചെന്ന് പത്ത് നാല്‌പത് ഐ.എസ്.ഡിയും, ഈ മെയിലും ഃയുനൈറ്റഡ് സ്‌റ്റേറ്റ് ഓഫ് അമേരിക്ക! മുഹമ്മദാലി ക്ലേക്കും, അസ്സീസ് ടൈസനും, ഇവാൻ ഹോളീഫീൽഡിനും, ഹാഷീം റഹ്‌മാനും, ലൂയീസിനും ഡഗ്ലസ്സിനും പിന്നെ ലൈലാക്കും.
അവരാരും ആഗ്രഹത്തിന് എതിരില്ല. പക്ഷെ പ്രായം. മരണത്തെ തോൽപ്പിക്കുന്ന പ്രായമായിരിക്കണം. കോടികളുടെ ഡോളറിന് വെയിറ്റ് വെക്കുന്നത് ഭീമന്റെ ആത്മാവാണ്. അതുകൊണ്ട് വിജയാശംസകൾ മെച്ചം കിട്ടി. നാളത്തെ ചരിത്രകാരൻമാർക്ക് തെളിവിനായി ഇന്റർനെറ്റ്, ഐ.എസ്.ഡി. ബില്ലുകൾ.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു ആശയംഃ സാഹിത്യകാരൻ!
ധാരാളം വായിച്ചറിവ്. അതിലേറെ ജീവിതാനുഭവങ്ങൾ. പിന്നെ വേറിട്ട ജൻമവാസനകൾ.
സാഹിത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അന്വേക്ഷിച്ച് തിരുവനന്തപുരം മുതൽ കാസർക്കോഡ് വരെ. പുറപ്പെടും മുമ്പ് നാഷണൽ ബുക്ക്‌സ്‌റ്റാളിൽ നിന്നു സാഹിത്യകാരഡയറക്‌ടറിയും കറന്റ് ബുക്‌സിൽ നിന്ന് ഹൂ ഈസ് ഹൂ എന്ന ഇംഗ്ലീഷ് പുസ്‌തകവും വാങ്ങി സൂട്ട് കെയ്‌സിൽ വെച്ചു. എറണാകുളത്ത് ചെന്ന് സി. രാധാകൃഷ്‌ണനെയും, കെ.എൽ.മോഹനവർമ്മയെയും കണ്ടു. സന്ദർശനോദ്ദേശ്യവും പറഞ്ഞുഃ
“കഥയിലും നോവലിലും മാത്രം സ്‌പെഷ്യലൈസ് ചെയ്യണമെന്നാണ് മോഹം.”
അത് പോലെ ആലപ്പുഴയിൽ ചെന്ന് തകഴിയെ കണ്ടു. തിരുവനന്തപുരത്ത് ചെന്ന് പെരുമ്പടവം ശ്രീധരൻ, കൊല്ലത്ത് ചെന്ന് കാക്കനാടൻ, കണ്ണൂര് ചെന്ന് ടി.പത്മനാഭൻ, വടകര ചെന്ന് പുനത്തിൽ കുഞ്ഞബ്‌ദുളള, പാലക്കാട് ചെന്ന് മുണ്ടൂർ കൃഷ്‌ണൻകുട്ടി, തൃശ്ശൂരും കോട്ടയത്തും ചെന്നപ്പോൾ മൊയ്‌തു പടിയത്തിനേയും, വല്ലച്ചിറ മാധവനേയും മുട്ടത്ത് വർക്കിയേയും, കോട്ടയം പുഷ്‌പനാഥിനെയും പ്രത്യേകം കാണാൻ ശ്രമിച്ചു. ആൾക്കൂട്ടത്തിന്റെ മനഃശാസ്‌ത്രം എന്താണെന്ന് ചോദിക്കാനും മറന്നില്ല.
കോഴിക്കോട് വെച്ച് എം.ടി.യെ കിട്ടാൻ രാമന് ഏറെ വിഷമമുണ്ടായി. തവളയെ പിടിച്ച് എണ്ണം വെച്ച മാതിരി. ഇവിടെ ചെല്ലുമ്പോൾ അവിടെ. അവിടെ ചെന്നാൽ മറ്റെവിടെയോ. അവസാനം ഒരു ത്രീസ്‌റ്റാർ ഹോട്ടലിന്റെ ബാൽക്കണിയിൽ വെച്ച് എം.ടി.യെ കണ്ടു. ഭാഗ്യത്തിന് എം.ടിയുടെ കൂടെ എം.മുകുന്ദനും, സക്കറിയായും.
മുഴുവൻ കേട്ട് നിൽക്കാൻ എം.ടിക്കോ, മുകുന്ദനോ, സക്കറിയാക്കോ സമയമുണ്ടായിരുന്നില്ല. ആശംസകൾ ഏല്‌പിച്ച് അവരൊരു കാറിൽ കയറി. അത് രാമനെ ഇത്തിരി ക്ഷീണിപ്പിച്ചു. ബേപ്പൂർ സുൽത്താനെ കണ്ടപ്പോൾ ആ ക്ഷീണം ഇരട്ടിച്ചുഃ
“വാത്മീകി മുതൽ വൈക്കം മുഹമ്മദ് ബഷീർ വരെ ഈ മഹാരാജ്യത്തുളളപ്പോൾ നീയെന്തിനാ രാമാ ഇന്ത്യൻ മഷിക്ക് ക്ഷാമമുണ്ടാക്കുന്നു? പാവം കുട്ടികൾ ഉളള മഷി കൊണ്ട് പരീക്ഷണങ്ങൾ എഴുതി ജീവിക്കട്ടെ!”
ദീർഘയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അനിയൻ പുൽപ്പായ വിരിച്ച് ഫാനിനു കീഴെ കിടന്നു. ദീർഘനിദ്ര. മൂന്നു ദിവസം.
മനസ്സിന് എന്തോ ക്ഷീണം തട്ടിയിട്ടുണ്ടെന്ന് ആ കിടപ്പുകണ്ടപ്പോൾ മനസ്സിലായി. ചുമരാണിയിൽ തൂക്കിയിട്ട ഷർട്ട് പോക്കറ്റിൽ തപ്പിനോക്കിയപ്പോൾ ഒരുപിടി യാത്രാടിക്കറ്റുകളും പതിനേഴ്‌രൂപ അമ്പതു പൈസയും! ഗാന്ധിത്തലയുളള അഞ്ഞൂറിന്റെ ഇരുപത്തി ഏഴ് നോട്ടുകൾ, ഏത് വഴിക്ക് പോയെന്നറിയില്ല.
ഏതായാലും ഈ ഉറക്കത്തോടെ ജീവിതത്തിലേക്ക്
ഉണർന്നെഴുന്നേല്‌ക്കുമെന്ന് പ്രതീക്ഷിച്ചു. ആ നിഗമനവും തെറ്റി. മറ്റൊരു പദ്ധതിയുമായാണ് ഞെട്ടിയുണർന്നത്. അപ്പോൾ രാമന് ഭീമന്റെ ഭാവമായിരുന്നു. ഗദ ചുഴറ്റിയടിക്കുന്ന ഭീമന്റെ മുഖഭാവം.
ഗദയുടെ പദ്ധതികേട്ടപ്പോൾ ഇനിയൊരു കുരുക്ഷേത്രം ഉണ്ടാവരുതെന്ന് എന്നായിരിക്കും പറയുക എന്ന് ആദ്യം ഊഹിച്ചു. വിവരണം കേട്ടപ്പോൾ അമ്പരക്കാതിരുന്നില്ല.
“ഇനി ഉണ്ടാവുകയാണെങ്കിൽ കുരുക്ഷേത്രം മാത്രം. നാഗസാക്കിയും ഹിരോഷിമയും ഉണ്ടാവരുത്. ഇറാഖും ഇറാനും താലിബാനും കുവൈത്തും വേണ്ട. ഇനി ഭീമന് മാത്രം ജനനം. ഹിറ്റ്‌ലർ ഔട്ട്.”
ഗദയന്വേഷിച്ച് ഇന്ത്യയിൽ മാത്രമല്ല, അഫ്‌ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ചെന്നു. അനവധി മ്യൂസിയങ്ങളിൽ കയറി ഇറങ്ങി. പല പുരാവസ്‌തു ഗവേഷകരെയും കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. പക്ഷേ, ആർക്കും ഒരു പിടിയുമില്ല. കാര്യങ്ങൾ ശരിയാവുകയാണെങ്കിൽ നല്ലതാണെന്ന് മാത്രം എല്ലാവരും ആശംസിച്ചു. നല്ല വിപണന സാധ്യതയുളള പദ്ധതിയാണത്രേ.
അഞ്ചുമാസത്തെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അനിയന്റെ പാസ്‌പോർട്ടിൽ സീലുകളുടെ ഒരഞ്ചുകളി. ഇനി ആർക്കെങ്കിലും സീലടിക്കണമെങ്കിൽ പുതിയൊരു പാസ്‌പോർട്ട് തന്നെ നേടിയെടുക്കണം. ഗദയുടെ ചുഴറ്റടിയേറ്റ് ചോർന്നൊലിച്ചത് ഗാന്ധിയുടെ അറുനൂറു വലിയ തലകളാ. ഭാവിതലമുറക്കായി ഒന്നരകിലോഗ്രാമിന്റെ യാത്രാ ടിക്കറ്റുകൾ.
അന്നവനെ ചെറുതായി ശാസിക്കാതിരുന്നില്ല.
“പണത്തിന്റെ വില അറിയണമെങ്കിൽ ഭാര്യയും മക്കളും ഉണ്ടാവണം. ഒരൊടുക്കത്തെ ധൂർത്ത്.”
അന്ന് താടി ഉയർത്തിപ്പിടിച്ച് ചേച്ചിക്കൊരു മുത്തം. വശ്യമധുരമായ പുഞ്ചിരിയും.
“ചേച്ചീ, ധൂർത്തെന്ന് പറഞ്ഞാൽ പുകക്കുക, മദ്യപിക്കുക, പെണ്ണ് പിടിക്കുക, ചീട്ടുകളിക്കുക, ലോട്ടറി എടുക്കുക ഇതൊക്കെയല്ലേ? അപ്പൻ റോബിൻസൺ സായിപ്പിന്റെ ഈ വക സ്വഭാവ വിശേഷങ്ങൾ ഒന്നുംതന്നെ ഈ ഡബ്ബിൾ ഹാർട്ട് രാമൻ സായിപ്പിന് ഇല്ല! രാമൻ സായിപ്പ് കരിക്കിൻ വെളളം കുടിക്കുന്നു. നല്ല വസ്‌ത്രങ്ങൾ വാങ്ങിക്കുന്നു. നല്ല പുസ്‌തകങ്ങൾ വായിക്കുന്നു. നല്ല സ്ഥലങ്ങളിൽ റൂമെടുക്കുന്നു. ഇതൊക്കെ ധൂർത്താണെങ്കിൽ എല്ലാം നിർത്താം. പിന്നെ പണം? ധാരാളം ചെലവഴിക്കുന്നുണ്ട്. നിഷേധിക്കുന്നില്ല. പക്ഷെ അതെല്ലാം കെട്ടിപ്പിടിച്ച് കിടന്നിട്ട് ആർക്കാണ്, എന്തിനാണ്? ചേച്ചിയാണെങ്കിൽ മക്കളില്ലാത്ത വിധവ. എനിക്കാണെങ്കിൽ ചേച്ചിമാത്രമേ ഉളളൂ. ചന്ദനതൊടിയിൽ സീതയമ്മ വെർഷേഴ്‌സ് ഡബ്ബിൾ ഹാർട്ട് രാമൻ സായിപ്പ്! ഇതിനിടയിൽ ‘മണി’ ഒരു നിശ്ചല വസ്‌തു. ശുദ്ധ ജലം കെട്ടി നിന്നാൽ ചൂരടിച്ച് പുഴുവരുന്നത് പോലെ പണവും കെട്ടിപൂട്ടിവെച്ചാൽ ചീഞ്ഞ് നാറും. എന്ന് വെച്ച് ഞാനത് ആകാശ ശൂന്യതയിലേക്ക് വലിച്ചെറിയുന്നില്ല. ഡബ്ബിൾ ഹാർട്ട് രാമൻ സായിപ്പിന്റെ പണം ലോകം മുഴുവനും ചലിക്കട്ടെ. ചേച്ചിക്കും പുണ്യം കിട്ടും.”
കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടായിരിക്കും അന്നവൻ കൂടുതലൊന്നും പറഞ്ഞില്ല. പിന്നീട് വളപ്പാകെ കിളച്ച് മറിച്ച് പലതും വെച്ചുപിടിപ്പിക്കുന്നതാണ് കണ്ടത്. അപ്പോൾ ഒരാശ്വാസംഃ കാർഷികവിപ്ലവമാണല്ലോ? നന്നായി. ‘കർഷകശ്രീ’ കിട്ടുമെന്ന് വിശ്വസിച്ചു.
ഒരു ദിവസം അണിഞ്ഞൊരുങ്ങി സൂട്ട്‌കെയ്‌സും പിടിച്ച് മുന്നിൽ നിൽക്കുന്നു.
“ഉം?”
“എം.ടി.വാസുദേവൻ നായർക്ക് ഒരു കത്തെഴുതീട്ടുണ്ടായിരുന്നു. രണ്ടാഴ്‌ച മുമ്പ്. മറുപടി കാണാനില്ല. ചെന്നു നോക്കട്ടെ.”
“ഇനിയും സാഹിത്യങ്ങളുടെ പുറകെ നടക്കാനാണോ പ്ലാൻ? ഒരിക്കൽ കിട്ടിയ അടിയുടെ വേദനതീരും മുമ്പ്? അത് വേണ്ട മോനേ, സാഹിത്യം ഒരു സിദ്ധിയാണ്, നേടിയെടുക്കാൻ പറ്റാത്ത ദൈവാനുഗ്രഹം. വിദ്യയും അടവും അവിടെ പറ്റില്ല മോനേ.”
“അയ്യോ ചേച്ചീ ഞാനത് പണ്ടേ വിട്ടു. നമ്മുക്കാ ഗദ മതി.”
ഞെട്ടലിൽ നിന്നും ബോധോദയം വീണ്ടെടുക്കുമ്പോഴേക്കും അനിയൻ കോഴിക്കോടെത്തി. അന്ന് ‘ഇന്ത്യാ വിഷൻ’ ഓഫീസിൽ എം.ടി ഉണ്ട്.
“ഭീമനെക്കുറിച്ച് സ്‌റ്റഡി ചെയ്‌തത് വാസ്‌തവം. ഭീമൻ മാത്രമല്ല, മാണിക്യക്കല്ലിലും ഗദ ഉപയോഗിച്ചത്. എങ്കിലും ഇത്രക്കങ്ങോട്ട് ചിന്തിച്ചിട്ടില്ല. അത് കൊണ്ട് നല്ലൊരു മൂത്താശാരിയെ കണ്ടുപിടിക്കുന്നതാണ് യുക്തി. ജയ് ഹനുമാൻ സീരിയൽ ഒരു മോഡൽ മാത്രം.”
തിരിച്ചുവന്ന് രണ്ടുമൂന്നു ദിവസം മൂത്താശാരിയെ അന്വേഷിച്ച് ജീപ്പുമായി അനേകം ആശാരിത്തെരുവുകളിൽ. ഏതാശാരിയോട് അന്വേഷിച്ചാലും ഗദ താനുണ്ടാക്കിത്തരാമെന്ന് ഉറപ്പ് നൽകുന്നു. മേശയും കസേരയും ഉണ്ടാക്കുന്ന ആശാരിമാരെ അനിയന് ഒരു വിശ്വാസക്കുറവ്. അങ്ങിനെ ‘വിശ്വകർമ്മനഗറു’കളുടെ അന്വേഷണം നിലച്ചു.
പിന്നെ രണ്ടുമൂന്നു ദിവസം നൈരാശ്യം ബാധിച്ചപോലെ എന്തൊക്കെയോ വായിച്ച് തളളുന്നത് കണ്ടു. കുന്നുമ്മേൽക്കുന്നിലെ നക്ഷത്രം വായിച്ച് കഴിഞ്ഞപ്പോൾ അതെഴുതിയ നാലുവീട്ടിൽ അബ്‌ദുൾറഹ്‌മാനെ അന്വേഷിച്ച് പാലക്കാട്ടേക്ക് പോകുകയാണെന്ന് പറഞ്ഞു. ആശാരിമാരോട് നേരിട്ട് ബന്ധമുളള ഒരെഴുത്തുകാരന് മാത്രമേ ഇങ്ങിനെ അവതരിപ്പിക്കാൻ പറ്റൂവെന്ന് ഒരു ഊഹം. അല്ലെങ്കിൽ പലതും അറിയുന്ന കൂട്ടത്തിൽ ആശാരിപ്പണിയും വശമുളള സാഹിത്യകാരനായിരിക്കണം. കുന്നുമ്മേൽക്കുന്നിലെ നക്ഷത്രം ഒരു ഫസ്‌റ്റ് ഹാൻഡ് വർക്കാവാം.
അബ്‌ദുൾറഹ്‌മാൻ നിരുൽസാഹപ്പെടുത്തിയെങ്കിലും വിട്ടില്ല. വീണ്ടും ചെന്നു. ആ സാഹിത്യകാരൻ പറഞ്ഞത്രേഃ
“ഒരാളെ മനസ്സിൽ കാണുന്നുണ്ട്”
ഉടനെ ടാക്‌സികാറെടുത്ത് സാഹിത്യകാരനെ കയ്യോടെ കൂട്ടിക്കൊണ്ടുപോയി; മീനാക്ഷിപുരത്തുളള ഗോയിന്ദന്റെ വീട്ടിലേക്ക്.
പ്രായം ഏറെ ആയതുകൊണ്ട് കുറേ കാലമായി പുറത്തെങ്ങും പണിക്ക് പോയിട്ടില്ലെന്ന് ഗോയിന്ദൻ.
തമിഴ്‌നാട്ടിലെ പ്രസിദ്ധമായ പല ക്ഷേത്രങ്ങളിലും മിനുക്ക് പണി നടത്തുന്നത് ഗോയിന്ദനാണെന്നും ഗോയിന്ദൻ നല്ലൊരു കരകൗശല വിദഗ്‌ദനാണെന്നും സാഹിത്യകാരൻ വിശേഷിപ്പിച്ചപ്പോൾ ആളെ കയ്യോടെ കാറിൽ കയറ്റി.
അഞ്ച്
തൊടിയിൽ ഒരാല കെട്ടി ഗോയിന്ദൻ പണി തുടങ്ങിയപ്പോൾ അനിയന് വീണ്ടും സംശയംഃ
“ഗദ മരത്തിലാവില്ല, ഇരുമ്പായിരിക്കണം. ഐതിഹാസിക സൂചനകൾ അതാണ്.”
സംശയം തീർക്കാനായി ഉടനെ പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും ഫോൺ. നാലുവീട്ടിലിനും, എം.ടിക്കും.
“മരമായാലും വിരോധമില്ല. ഇരുമ്പിന്റെ പവ്വർ ഒന്ന് വേറെത്തന്നെ!”
ഗോയിന്ദനെ ഒഴിവാക്കി മറ്റൊരാളെ അന്വേഷിക്കാൻ ഒരുങ്ങിയപ്പോൾ ഗോയിന്ദൻ ചൂടായിഃ
“തമിഴ്‌നാട്ടിലെ എത്ര മഹാൻമാർക്ക് ഞാൻ മോഡലുണ്ടാക്കി! പിന്നെയാണോ നിസ്സാരം ഒരു ഗദയുടെ മോൾഡ്? ഇരുമ്പല്ല, സ്വർണ്ണം വേണമെങ്കിലും ചെയ്യാം. ഏതായാലും ഞാനൊരു കരാറെടുത്തു. ഇനി അതുകൂടി കഴിഞ്ഞ് മതി വിശ്രമം.”
രണ്ട് രണ്ടരമാസം. ഗോയിന്ദനും അനിയനും കൂടി ആലക്കകത്ത് രാപ്പകൽ എന്തൊക്കെയോ തട്ടുന്നതും മുട്ടുന്നതും കേട്ടു.
അതിനിടയിൽ ഗോയിന്ദനെക്കൂട്ടി വടകരക്ക് പോകുന്നു. യൂസഫ് അറക്കലിനെ തേടി. അയാൾ പാരീസിൽ ഏതോ പ്രദർശനത്തിൽ പങ്കെടുക്കാൻ പോയത്രെ. വടകരയിൽ നിന്നും പാരീസിലേക്ക് ഫോൺ ചെയ്‌തു. ലൈൻ ക്ലിയറായില്ല.
“നമുക്ക് അതിന്റെയൊന്നും ആവശ്യമില്ല. ഈ സംശയം നിസ്സാരം.” ഗോയിന്ദൻ സമാധാനിപ്പിച്ചു.
വടകര റെയിൽവേസ്‌റ്റേഷനിൽ വച്ച് കാനായിക്കുഞ്ഞിരാമനെ ഗോയിന്ദൻ തിരിച്ചറിഞ്ഞു. രാമനെ പരിചയപ്പെടുത്തി. ഗോയിന്ദന്റെ അതുവരെയുളള വർക്കുകൾ പറഞ്ഞുകേട്ടപ്പോൾ കാനായി അഭിനന്ദിച്ചു. അപ്പോൾ ഗോയിന്ദനെ വിശ്വാസമായി.
ആറ്
ഓഗസ്‌റ്റ് പതിനഞ്ചിന് ദേശീയ പതാകയും ഉയർത്തി. കുട്ടികൾക്കെല്ലാം മിഠായി വിതരണവും കഴിഞ്ഞ് വരുംവഴി കുറുപ്പ് മാഷ് ഒന്ന് കയറിയതാണ്.
“അടുത്താഴ്‌ച റിട്ടയർമെന്റ് സെന്റോഫ്!”
അനിയന്റെ പിറന്നാളിന് ഉണ്ടാക്കിവെച്ച പാൽപ്പായസം രണ്ട് ഗ്ലാസും, മൂന്നാല് ഇഢലിയും മാഷ് അകത്താക്കി. ഏമ്പക്കമിടുമ്പോൾ സൂട്ടും കോട്ടും ടൈയ്യും ധരിച്ച് തോളത്ത് ഒരു ഗദയുമായി രാമൻ മുറ്റത്ത് വന്നുനിന്നു. പുറകെ വൃത്തിയായി വസ്‌ത്രം ധരിച്ച് കുറിതൊട്ട ഗോയിന്ദനും.
അമ്പരപ്പോടെ നോക്കിനിൽക്കുന്ന മാഷിന്റെ കാൽചുവട്ടിൽ ഗദ ഇറക്കിവെച്ചു.
“നാൽപ്പത് കിലോഗ്രാം തൂക്കമുണ്ട്!”
“ജൻമദിനത്തിന് ഒരു വഴിപാട് നല്ലതാ. അത് ഗദയായപ്പോൾ ഉഷാറായി. ഇക്കാലത് ഇത് എവിടേന്ന് കിട്ടി? പുരാവസ്‌തുക്കൾ വിൽക്കുന്ന വയ്യാപുരിയിൽ നിന്നായിരിക്കും?”
“ഇത് ഇവിടെ തൊടീല് ആലകെട്ടി പണിതതാ, ഈ നിൽക്കുന്ന കലാകാരൻ!”
ഗോയിന്ദൻ ആദരവുകളോടെ മാഷിനെ വന്ദിച്ചു.
“എന്ത് ചിലവു വന്നു?”
“മൊത്തം ഒന്നരലക്ഷം അല്ലേ?”
ഗോയിന്ദൻ മൂളി.
“നിസ്സാരം ഒരു കൈതോക്കിന്റെ വില!”
“സ്വർണ്ണം തന്നെ?”
“ഏയ്, സ്വർണ്ണം പൂശിയതാണ്. നിസ്സാരം ഏഴ് പവൻ.”
“ഏതമ്പലത്തിലാ ഏൽപ്പിക്കുന്നത്?”
“അമ്പലത്തിലേക്കൊന്നുമല്ല മാഷേ!”
“പിന്നേ?”
“ഒരു ലോകമഹായുദ്ധത്തിനുളള പുറപ്പാടാണ്.”
“ഒരു ലോകമഹായുദ്ധത്തിനെന്തിനാ ഗദ? ഒന്നാന്തരം ഹൈഡ്രജനും ഓക്‌സിജനും പോരേ?”
“നിസ്സാരം ഒരു വിമാനമായാലും മതി.”
ഗോയിന്ദൻ ശരിവെച്ചു.
അനിയൻ വാചാലനായിഃ
“മാഷേ ഗദ ഉപയോഗിക്കുമ്പോൾ ശത്രു മാത്രമേ മരിക്കു. ശത്രുവിന്റെ നിരപരാധികളായ അപ്പനും അമ്മയും ഭാര്യയും മക്കളും മരിക്കില്ല. സുഹൃത്തുക്കളും പരിചാരകരും മരിക്കില്ല. വീടും കച്ചവടസ്ഥാപനങ്ങളും നശിക്കില്ല. യുദ്ധക്കളത്തിൽ ശത്രു ശത്രുവിനെ മാത്രം നേരിടുന്നു. യുദ്ധക്കളത്തിലിറങ്ങിയ ശത്രുവിന്റെ നെഞ്ചത്ത് ദാ ഇങ്ങിനെ ഒരു ചുഴറ്റിയടി.!”
മാഷ് ഞെട്ടിത്തരിച്ചു. ഉമ്മറത്തൂണ് രണ്ടായി ഒടിഞ്ഞു മുറ്റത്തേക്ക് തെറിച്ചുവീണു. ഇറയത്തെ നാലഞ്ച് ഓടുകൾ നിലത്ത് വീണുടഞ്ഞു. മാഷിന്റെ കാൽക്കീഴിലും.
ക്ഷുഭിതനായി മാഷ് ഉടനെ എഴുന്നേറ്റ് പടിയിറങ്ങി. ചെമ്മൺ പാതയിലൂടെ കുടയുടെ മൂടും കുത്തി വലിഞ്ഞ് നടന്നു.
രാധാമാധവന്റെ ചായക്കടയിൽ മാഷ് എത്തിക്കാണണം. കുറച്ച് കഴിഞ്ഞപ്പോൾ ആൾക്കാരുടെ വരവ് തുടങ്ങി. ഗദ പൊന്തിച്ച് നോക്കുന്നവരുടെ തിരക്ക്. സ്വർണ്ണമാണോ, മഞ്ഞപ്പാവുട്ടയാണോ എന്ന പന്തയം വേറെ.
“ഇതിനേക്കാൾ നല്ലത് ഒരു മലപ്പുറം കത്തിയാണ്. സൂക്ഷിക്കാനും എളുപ്പം.”
ആരോ അഭിപ്രായപ്പെട്ടപ്പോൾ അനിയൻ എതിർത്തു.
“കത്തിപാടില്ല. എപ്പോഴും അരയിൽ വെച്ച് നടക്കുന്ന ആയുധങ്ങൾക്കും ദോഷവശങ്ങളുണ്ട്. എപ്പോഴും ശത്രുവിനെ നേരിടണമെന്ന ഉൾപ്രേരണ ഉണ്ടാവും. ഒരു റിവോൾവർപോലെ.”
ഏഴ്
ഗദയുടെ യുദ്ധമെല്ലാം കഴിഞ്ഞുവെന്നു സമാധാനിച്ചിരിക്കുമ്പോഴാണ് തലയിൽ ഇടിത്തീവീണപോലെ ഒരു ഭ്രാന്തൻ നായ!
നൂല് പോലെയുളള ആ വയർ പൊട്ടിച്ച് എപ്പോഴാണ് അത് ആൾക്കാരുടെ നേരെ ചാടുക എന്നറിയില്ല. നാവ് നീട്ടി കിതക്കുന്ന അതിന്റെ മോന്ത അടുക്കള ചട്ടിപോലെയുണ്ട്.
അകലെ ടൗണിൽ ഫാക്‌ടറികളിലെ വൈകീട്ടുളള സൈറൺ മുഴങ്ങി. ചുട്ടുപഴുത്തിരുന്ന സൂര്യൻ പടിഞ്ഞാറിലേക്ക് ചാഞ്ഞു.
ആൾക്കാരുടെ വരവ് കൂടിക്കൊണ്ടിരുന്നു. പുതുതായി എത്തുന്നവരോട് ഹാജറുളളവർ സൂചിപ്പിച്ചു കൊണ്ടിരുന്നുഃ
“ദാ അതാണ് നായ. ആ ഇരിക്കുന്നതാണ് നമ്മുടെ പഴയ സീത ടീച്ചർ. ഈ ടീച്ചറിന്റെ അനിയനാണ് ഡബ്ബിൾ ഹാർട്ട് രാമൻ സായിപ്പ്. മൂന്നാം ലോകമഹായുദ്ധത്തിന് ഗദയുണ്ടാക്കിയ കേസാ. മൂന്നാം ലോക മഹാവിഡ്‌ഢി!”
കുറുപ്പ് മാഷിന് ഇടക്കൊരു വെളിപാട്. അത് കേട്ട് ആൾക്കാരാകെ അമ്പരന്നു. സീത ടീച്ചർ മുഖം പൊത്തിക്കരഞ്ഞു.
“ഇത് നായയല്ല, ചെന്നായാണെന്നാ തോന്നുന്നത്?”
എട്ട്
ഒന്നുകൂടെ വ്യക്തമായി നോക്കാൻ ആൾക്കാർ ഉന്തും തളളും തുടങ്ങിഃ
“അതോ പകലിറങ്ങിയ കുറുക്കനോ?”
ആൾക്കൂട്ടത്തിന്റെ തുറിച്ചുളള നോട്ടങ്ങളേറ്റ് നായ കൂടുതൽ പരിഭ്രമിച്ചു. അതിനിടയിൽ ആരോ ഒരു കല്ലെടുത്ത് മോന്തക്ക് ഠേന്ന് ഒരേറ്.
ഭയങ്കരമായി വേദനിച്ചിരിക്കണം. സർവ്വശക്തിയും ഉപയോഗിച്ച് അത് ഒരു ചാട്ടം. പുളിമരം ആണിവേരോടെ പറിഞ്ഞുവെന്ന് മനസ്സിലായ ആൾക്കൂട്ടം നാലുപാടും ഓടി. വളപ്പിന്റെ പലയിടത്തും പലരും കമിഴ്‌ന്നടിച്ച് വീണു.
കുറച്ച് കഴിഞ്ഞപ്പോൾ ആൾക്കൂട്ടം സ്വയം പൊട്ടിച്ചിരിച്ചു.
നായക്ക് മുരൾച്ചയും.
അത് ഒരവശനെപ്പോലെ നാവ് നീട്ടി കിതച്ച് നില്‌ക്കുന്നു.
നാവിൽ നിന്നും പതഞ്ഞിറ്റിക്കൊണ്ടിരിക്കുന്ന ഉമിനീരിന് രക്തത്തിന്റെ നേരിയ നനവും.
പുളിമരം നിവർന്ന് വിറക്കുന്നു.
കണ്ണീര് തുടച്ചിട്ട് തല ഉയർത്തിയപ്പോൾ അരികത്ത് ഓട്ടോകുഞ്ചു. എന്തേ എന്ന ഭാവത്തിൽ ഒന്ന് നോക്കിഃ
“ടീച്ചർ, നമുക്ക് രാമേട്ടനെ എവിടേങ്കിലും ഒന്ന് കൊണ്ടോയി കാണിച്ചാലോ?”
അത് കേട്ടപ്പോൾ നെഞ്ചിനകത്ത് ഒരു മിന്നൽ.
ടീച്ചറുടെ മുഖവും കണ്ണുകളും ചുവന്നിരിക്കുന്നു.
കുഞ്ചു പിന്നീട് ഒന്നും മിണ്ടിയില്ല.
ഒരു വെളുത്ത ജീപ്പ് ചെമ്മൺ പാതയിൽ വന്നു നിന്നപ്പോൾ കുറേ ആൾക്കാർ അങ്ങോട്ടോടി. ജീപ്പിൽ നിന്നും എല്ലാവരും ഇറങ്ങിക്കഴിഞ്ഞപ്പോൾ ഡബ്ബിൾഹാർട്ട് രാമൻ സായിപ്പ് വളപ്പിനകത്തേക്ക് ജീപ്പ് വിട്ടു. പഴയ ആലക്കകത്തേക്ക് കയറ്റിനിർത്തി. അപ്പോൾ കുറേ ആൾക്കാർ ആലയുടെ നേരെയും ഓടിചെന്നു.
ചെമ്മൺ പാതയിൽ ഇറങ്ങിയവരുടെ ചുറ്റും ആൾക്കൂട്ടമുണ്ട്. നാല് യുവതികൾ, രണ്ട് കിഴവൻമാർ, മൂന്ന് യുവാക്കൾ, നാലു കുട്ടികൾ ഒരു കിഴവിയുമാണ് ജീപ്പിൽനിന്നും ഇറങ്ങിയിട്ടുളളത്. ആൾക്കൂട്ടം ജിജ്ഞാസയോടെ ചോദിച്ചുഃ
“എവിടെയാണ് സൂചി ഇട്ടത്?”
സൂചിയിട്ട ഭാഗം ഒരു യുവതി മടിക്കുത്ത് ഇറക്കികാണിച്ചു. എല്ലാവരും അവളുടെ പൊക്കിൾക്കുഴി സൂക്ഷിച്ച് നോക്കിഃ
“ദേ കണ്ടില്ലെയ്? ഇനി പതിമ്മൂന്ന് സൂചികൂടി ഇടണേയ്. ഒക്കെ ഈ പൊക്കിളിന് താഴേണേയ്. സൂചിയുടെ വലുപ്പം കണ്ടാൽ തല ചുറ്റുണേയ്.”
“വേദനിച്ചോ”
“അത്രക്ക് വേദന തോന്നണില്ലേയ്. തിരിച്ച് വരുമ്പോൾ മേട്ടുപ്പാളയത്ത് എത്തിയപ്പോഴേയ് അടിവയറ്റിൽ ഇത്തിരി വേദന തോന്നിയിരുന്നേയ്. മേട്ടുപ്പാളയത്ത് എന്താ ഒരു ചൂടേയ്! മേടുരുകുന്ന ചൂടാണേയ്. കോയമ്പത്തൂര് എന്താദ് വിമാനം ഇറങ്ങുന്നതും, തീവണ്ടി പോകുന്നതും, കാറും ബസ്സും വലിയ വലിയ കെട്ടിടങ്ങളും എല്ലാം കാണേണ്ട സ്ഥലങ്ങളാണേയ്. ഊട്ടിയിലും കുന്നൂരിലും എന്താ ഒരു തണുപ്പേയ്! അവിടൊന്നും സൂര്യൻ ഉദിക്കില്ലാത്രേയ്. ഒന്നും കണ്ടിട്ട് പൂതി തീർന്നില്ലാന്നേയ്!”
“അതിനെന്താ, പട്ടിയെ പിടിച്ച് ഉമ്മറത്ത് തന്നെ കെട്ടിയിട്ടുണ്ടല്ലോ നിങ്ങളുടെ ഡബ്ബിൾ ഹാർട്ട് രാമേട്ടൻ. എപ്പഴാ ഊട്ടീം കുന്നൂരും കോയമ്പത്തൂരും കാണണമെന്ന് തോന്നുന്നത്, അപ്പോ അതിന്റെ മുന്നീച്ചെന്ന് ചാടിയാ മതി! പക്ഷെ പണ്ടത്തെക്കാൾ ഇത്തിരി ഊക്കും കൂടും. അത്രക്ക് കണ്ട് അയിന്റെ ഭ്രാന്ത് മൂത്തിട്ടുണ്ട്.”
“അയിന്റെ ഭ്രാന്തൊക്കെ രാമേട്ടൻ ഇപ്പോ പറപറപ്പിക്കില്ലന്നേയ്? രാമേട്ടൻ അയിനെ സോപ്പ് തേച്ച് കുളിപ്പിക്കാൻ പോവ്വാണേയ്..”
ആൾക്കാർ അമ്പരപ്പോടെ പരസ്‌പരം നോക്കി.
“മൂന്ന് തവണ സോപ്പ് തേച്ച് കുളിപ്പിച്ചാൽ ഏത് നായടെ ഭ്രാന്തും മാറുമെന്നാ രാമേട്ടൻ പറയുന്നേയ്. ഏതോ മരുന്ന് പുസ്‌തകത്തിൽ വായിച്ചതാണത്രേയ്..”
ആൾക്കൂട്ടം ആവേശത്തോടെ വളപ്പിനുളളിലേക്ക് ഓടി.
ഒമ്പത്
ഡബ്ബിൾ ഹാർട്ട് രാമൻ സായിപ്പ് പാന്റ്‌സും ഷർട്ടും അഴിച്ച് മാറ്റിയിട്ട് ഒരു കളളിത്തുണി ഉടുത്ത് നിൽക്കുന്നു. തലയിൽ തോർത്തിന്റെ ഒരു കെട്ടും. ശരീരത്തിന്റെ പലഭാഗത്തും ബാന്റ് എയ്‌ഡ് ഒട്ടിച്ചിട്ടുണ്ട്. രാമൻ സായിപ്പ് ചേച്ചിയെ നോക്കിഃ
“എന്റെ പൊന്നുച്ചേച്ചിക്കെന്തുപറ്റി? ഇന്നലെ ഇരിക്കാൻ തുടങ്ങിയതാണെന്ന് രാധേട്ടൻ പറഞ്ഞല്ലോ? അകത്ത് ചെന്ന് വല്ല കഞ്ഞ്യോവറ്റോ വെക്കാൻ നോക്കിക്കൂടെ?”
രാധാമാധവൻ ഒരു പൊതിയും ഒരു തൂക്ക് പാത്രത്തിൽ ചായയും കൊടുന്ന് രാമൻ സായിപ്പിനെ ഏല്‌പിച്ചുഃ
“ദാ!”
“രാധേട്ടൻ തന്നെ അങ്ങോട്ട് വെച്ച് കൊടുത്തോളൂ.”
“അയ്യോ എന്നെക്കൊണ്ട് വയ്യായ്യേയ്. ഇന്നലെ രാത്രി പെട്രോമാക്‌സ് കൊടുന്ന് വെക്കുമ്പോ തന്നെ ആ ജന്തു എന്റെ നേർക്ക് ഒരു ചാട്ടം ചാടിയിട്ടുണ്ടേയ്. അതിന്റെ ഉൾക്കിടിലം ഇപ്പഴും വിട്ടിട്ടില്ലേയ്. പനി പിടിക്കുമോന്നാ പേട്യേയ്! പേടിപനിയ്യേയ്!”
“ഇങ്ങിനെ പേടിച്ചാലോ?”
രാമൻ സായിപ്പ് ആ പൊതിയും തൂക്കുപാത്രവും വാങ്ങി ചേച്ചിയുടെ മുന്നിൽ വെച്ചുകൊടുത്തു.
“നാല് പൊറാട്ടയും ഇറച്ചിപൊരിച്ചതുമാണ്.”
“നീ തന്നെ കഴിച്ചോ, എനിക്ക് വിശപ്പില്ല.”
“അയ്യോ എനിക്ക് തൊണ്ണൂറ് ദിവസത്തിന് ഇറച്ചിയും മറ്റും കഴിക്കാൻ പാടില്ല. അടിവയറ്റിൽ ഭയങ്കര വേദനയുണ്ട്. രാത്രി ചേച്ചി കുറച്ച് വെളളം ചൂടാക്കി ഒപ്പിത്തരണം.”
“ഓ!”
ചേച്ചിയുടെ കൈപിടിച്ച് പൊന്തിക്കാൻ ശ്രമിച്ചുഃ
“വാ അകത്ത് ചെന്നിരുന്നു കഴിക്കാം. ഡബ്ബിൾ ഹാർട്ട് രാമൻ സായിപ്പ് മരിച്ചിട്ടുണ്ടെന്ന് കേട്ടാൽ പോലും ഇത്ര ആൾക്കാര് വന്ന് ചേരില്ല. എന്താത്, ഒരു സംസ്ഥാന സമ്മേളനത്തിനുളള ആളുണ്ട്!”
“എനിക്ക് വിശക്കുന്നില്ലെന്ന് പറഞ്ഞില്ലേ?”
“ഇങ്ങിനെ വാശിപിടിച്ചാൽ ഞാനെന്താ ചെയ്യാ?”
“വേണമെങ്കിൽ ചായകുടിക്കാം.”
“ന്ദാ.”
രാമൻ സായിപ്പ് തൂക്ക് പാത്രത്തിന്റെ മൂടി തുറക്കാൻ കുറച്ച് പണിപ്പെട്ടു.
“ഇത് ഏത് നൂറ്റാണ്ടിലെ പാത്രാ മാധവേട്ടാ?”
പൊതി അഴിച്ച് ഒരു കഷ്‌ണം പൊറോട്ട മുറിച്ച് നായയുടെ മുന്നിലേക്ക് എറിഞ്ഞു. നായ മുരണ്ട് കൊണ്ട് അതിലേക്ക് നോക്കുകയല്ലാതെ ഒന്ന് മണം പിടിക്കുകപോലും ചെയ്‌തില്ല.
“ഓ അവനും വിശപ്പില്ല!”
പൊതി അകത്തേക്ക് കൊണ്ടുവെക്കാൻ ചെന്നപ്പോൾ അടക്കളമൂലയിൽ പൂച്ചയും പൂച്ചക്കുട്ടികളും. അവറ്റകൾ കരഞ്ഞു. പൊറാട്ടയും ഇറച്ചിയും കുഴച്ച് തളളപുച്ചയുടെ മുന്നിൽ വെച്ചു. ഒരു പാത്രത്തിൽ അല്‌പം വെളളവും. ഭയങ്കര ആർത്തിയോടെയാണ് അവറ്റകൾ അതിലേക്ക് തലയിട്ടത്.
പുറത്തേക്കിറങ്ങിവന്ന് ആലയിൽ കയറി ജീപ്പിനകത്ത് വെച്ച ചുവപ്പ് നിറത്തിലുളള മൂന്ന് വലിയ പുത്തൻ പ്ലാസ്‌റ്റിക് ബക്കറ്റുകളും മഗ്ഗും പുറത്തെടുത്ത് അതെല്ലാം സമീപത്തായി കൊടുന്നുവെച്ചു. അപ്പോൾ നായ മുരണ്ടു. ചുവപ്പ് നിറം കണ്ടിട്ടായിരിക്കാം ആ മുരൾച്ചക്ക് അല്‌പം ഭീകരത.
ചായ കുടിച്ച് കഴിഞ്ഞ് ചേച്ചി ചിറി തുടച്ച് വൃത്തിയാക്കുന്നത് കണ്ടപ്പോൾ രാമൻ സായിപ്പ് പുഞ്ചിരിച്ചുഃ
“എന്തിനാ ചേച്ചീ ഇത്ര ഉൽക്കണ്‌ഠ? സൂചിയിടൽ കഴിഞ്ഞു. ഇനി പതിമ്മൂന്ന് സൂചികൂടി ഇട്ടാൽ മതി. എല്ലാവർക്കും കൂടിയുളള ഇഞ്ചക്ഷൻ മരുന്നുകൾ വലിയൊരു ഫ്ലാസ്്്ക്ക് വാങ്ങി അതിലിട്ടാണ് കൊടുന്ന് കൊടുത്തിരുന്നത്. സിസ്‌റ്റർ സിസിലിയുടെ വീട്ടീൽ ഫ്രിഡ്‌ജിനകത്ത് വച്ചിട്ടുണ്ട്. അവളെത്തീട്ടില്ല. അവളുടെ അമ്മയോട് വിവരങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതിനൊന്നും പതിനായിരങ്ങളായിട്ടില്ല. ഒരു ഇഞ്ചക്ഷന് വെറും രണ്ട് രൂപ! ഇവിടെയുളള ഡോക്‌ടന്മാര് രണ്ടായിരവും മുവ്വായ്യിരവും പറയും. ചുമ്മാ തട്ടിപ്പ്!”
രാമൻ സായിപ്പ് കിണറ്റിൽ നിന്നും വെളളം കോരി മൂന്ന് ബക്കറ്റുകളും ഫുളളാക്കി.
“പന്ത്രണ്ടുമണികഴിഞ്ഞാൽ പാസ്‌റ്റർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും മരുന്ന് കിട്ടില്ലെന്നറിയാം. എന്നാലും ഇന്നലെതന്നെ അവിടെ ചെന്നത് ബ്രദേഴ്‌സ് ധാരാളമുളള പ്രദേശമാണല്ലോ എന്ന് വിചാരിച്ചാ!”
കുത്തുവാക്കുകൾ കേട്ടപ്പോൾ സീത ടീച്ചറുടെ മുഖം ചുവന്നു. ചെക്കന് എല്ലാം കേട്ടറിവുകൾ. സീംസ് പാർക്കിലെ റോബിൻസൺ സായിപ്പിനെ കണ്ടിട്ടുണ്ടെങ്കിലും അവന് ഓർമ്മിക്കാവുന്ന പ്രായത്തിലല്ല അത്. കലക്‌ടറേറ്റ് ബംഗ്ലാവിലെ ക്ലർക്കായിരുന്ന അമ്മ മിക്കപ്പോഴും പാർക്കിനകത്തേക്ക് കയറിച്ചെല്ലുകയാണ് പതിവ്. ബ്രിട്ടീഷുകാരനായ റോബിൻസൺസായിപ്പ് എല്ലാം കയ്യൊഴിഞ്ഞ് നാടുവിടാൻ പോകുകയാണെന്നറിഞ്ഞിട്ടും… അമ്മയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ? കലക്‌ടറേറ്റിലെ മിക്ക ജീവനക്കാരികൾക്കും റോബിൻസൺ സായിപ്പിനെപോലെ പല സായിപ്പന്മാരുമുണ്ടായിരുന്നു. റോബിൻസൺ സായിപ്പിന്റെ പറ്റുവരവിൽതന്നെ ആറേഴ്‌പേർ. തമിഴത്തികളും, ഒന്ന് രണ്ട് മലയാളീസും.
മടിക്കുത്തിൽ നിന്നും എൽ യൂ എക്‌സ് സോപ്പെടുത്ത് ഒരു ബക്കറ്റിനകത്തിട്ട് ഇളക്കിക്കൊണ്ടിരിക്കുമ്പോൾ രാമൻ പറഞ്ഞുഃ
“രാത്രി ആ പഴയ പാലസിന്റെ കാർഷെഡിൽ ഞങ്ങളെല്ലാവരും കൂടി മാഞ്ചിയം കത്തിച്ച് നേരം വെളുപ്പിച്ചു. എന്താ ഒരു തണുപ്പ്. ആ കിഴവൻ ഡോക്‌ടർ നമ്മുടെ അമ്മയുടെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. ഞാൻ പറഞ്ഞു, ആറേഴ് വർഷമായി പോയിട്ടെന്ന്.”
മാഷ് സംശയം തീർക്കാനെന്നപോലെ ചോദിച്ചുഃ
“അതല്ല രാമാ, നീയിപ്പോ എന്തിനുളള ഒരുക്കാ?”
“ഞാനീ നായയെ ഒന്ന് കുളിപ്പിക്കാനുളള ഒരുക്കാ. ഇതുംകൂടെ തീർത്തിട്ട് വേണം സുഖമായി കാലും കയ്യും നീട്ടി ഒന്നുറങ്ങാൻ! കഴിഞ്ഞരാത്രി ഞങ്ങളാരും ഉറങ്ങീട്ടുണ്ടായിരുന്നില്ല.”
മാഷിന് ദേഷ്യം വന്നുഃ
“ഞങ്ങളിവിടെ നാട്ടില് ഒരാളും ഉറങ്ങീട്ടില്ല. നിന്റെ ‘ഈ’ ഭ്രാന്തിന് കാവലിരുന്നു.‘
രാമൻസായിപ്പ് ചിരിച്ചുഃ
”നായയെ പിടിച്ച് കെട്ടിയിട്ടിട്ടില്ലേ? പിന്നെ എന്തിനാ അതിനെ നോക്കി നേരം കളഞ്ഞത്? ഒരുത്തൻ കിണറ്റിൽ വീണെന്നും കേട്ടല്ലോ?“
”എന്തായാലും കെട്ടിയിട്ട സ്‌ഥിതിക്ക് തല്ലിക്കൊല്ലാൻ എളുപ്പാ. ഭ്രാന്തൻ നായയെ ഓടിച്ച് പിടിച്ച് കെട്ടിയിട്ട് ആട്ടി ഉറക്കുന്ന കഥ ആദ്യായിട്ടാ കേൾക്കുന്നത്. എല്ലാരുംകൂടി നിന്നെ കല്ലെറിഞ്ഞ് കൊല്ലാനുളള പ്ലാനാ!“
രാമൻ സായിപ്പ് ഞെട്ടലോടെ എഴുന്നേറ്റ് നിന്നു. ചേച്ചി മുഖം പൊത്തിപ്പിടിച്ചു.
”നീ നായയെ കുളിപ്പിക്കും മുമ്പ് നിന്നെ കുളിപ്പിക്കാനാ ആൾക്കാരുടെ പരിപാടി. ഒടുക്കത്തെ കുളി. എല്ലാരുടെ കീശേലും മുൻകരുതൽ ഉണ്ടെന്നാ കേൾക്കുന്നത് അല്ലേടാ?“
സമീപത്ത് നിൽക്കുന്ന കുഞ്ചുവിന് എല്ലാം ശരിയാണെന്ന ഭാവം.
രാമൻ സായിപ്പ് ഉടനെ അകത്ത് ചെന്ന് കോലായ മൂലക്കിരിക്കുന്ന ഗദയെടുത്തു കൊടുന്ന് മുറ്റത്ത് ഉമ്മറത്തിണ്ണയിൽ ചാരിവെച്ചു.
എന്നിട്ട് തലയിലെ കെട്ടഴിച്ച് പൊടി തട്ടികുടഞ്ഞ് വീണ്ടും മുറുക്കിക്കെട്ടി.
”ശരി, മാഷും നീയും ചേച്ചിയുടെ സമീപത്ത് നിന്നാ മതി. ചേച്ചി ഏതായാലും അകത്തേക്ക് കയറി ഇരിക്കില്ലല്ലോ.“
പതഞ്ഞ് ഉയർന്ന സോപ്പ് വെളളം മഗ്ഗിലെടുത്ത് തുറിച്ച് നോക്കുന്ന നായയുടെ മോന്തയിലേക്ക് ഒരേറ്.
നായ ഒരു ചാട്ടം. ഒരു മുരൾച്ച.
ഒരു നിമിഷനേരം അതിന്റെ പ്രതികരണം രാമൻസായിപ്പ് നോക്കിനിന്നു.
നായ ശാന്തനായി കഴിഞ്ഞപ്പോൾ സോപ്പ് വെളളം അതിന്റെ മോന്തയിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും തുടർച്ചയായി തെറിപ്പിച്ചു. സോപ്പു വെളളം ഒഴിച്ചുകൊണ്ടിരിക്കുമ്പോൾ നായ കുതിച്ച് ചാടാനും ഓടാനും ശ്രമിച്ചു. അത് കഴിഞ്ഞപ്പോൾ മറ്റുരണ്ടു ബക്കറ്റുകളിലെ വെളളമെടുത്ത് എറിഞ്ഞ് കുളിപ്പിച്ചു.
മൂന്ന് ബക്കറ്റും തീർന്നു.
നായക്ക് ചുറ്റും ചളിവെളളം.
വെളളത്തിൽ കാണുന്ന തന്റെ പ്രതിബിംബം നോക്കി നായ മുരണ്ടു.
രണ്ടാമതും അതേ രീതിയിൽ കുളിപ്പിക്കാൻ വേണ്ടി മൂന്ന് ബക്കറ്റിലും വെളളം കോരി നിറക്കുമ്പോൾ കുഞ്ചു സഹായത്തിനെത്തി.
ആദ്യത്തെപ്പോലെ ഒരു ബക്കറ്റിലെ വെളളത്തിൽ എൽ യൂ എക്‌സിട്ട് പതപ്പിച്ചു. രണ്ടാമത്തെ കുളിപ്പിക്കൽ തീർന്നപ്പോൾ നായ ഉഷാറായി. ശരീരം മുഴുവനും കുടഞ്ഞ് വെളളംതെറിപ്പിച്ചു. രാമൻ സായിപ്പിനെ നോക്കി എന്തോ ചോദിക്കുംപോലെ മുരണ്ടു. അതിനോട് രാമൻ സായിപ്പ് പറഞ്ഞുഃ
”പേടിക്കേണ്ടടാ മോനേ! നീ രക്ഷപ്പെടും.“
നായ ഒന്നുകൂടെ ശരീരം കുടഞ്ഞു. കഴുത്ത് ഒന്ന് നിവർത്തി ബലം വെപ്പിച്ചു. നായ എന്തിനോവേണ്ടി തയ്യാറെടുക്കുകയാണെന്ന് മനസ്സിലായി. ഓടാനോ ചാടാനോ ആയിരിക്കുമെന്ന് മാഷ് വിചാരിച്ചു. അത് കഴുത്ത് മേലോട്ട് ഉയർത്തിപ്പിടിച്ച് ഒറ്റ ഓടിയിടൽ. ഒരു വളീം.
മൂക്കു പൊട്ടുന്ന നാറ്റം.
വീണ്ടും ഓരിയിടാൻ വേണ്ടി അത് കഴുത്തുയർത്തിപിടിച്ചതും അടുക്കളചട്ടിയുടെ മൂടുപോലുളള അതിന്റെ മോന്തയിലേക്ക് ഒരു ചെങ്കല്ല് കഷ്‌ണം വന്നടിച്ചു. ഓരിയിടലിനൊപ്പം വേദനയുടെ മറ്റൊരു ശബ്‌ദംകൂടി പുറപ്പെട്ടു. അനിർവചനീയമായ വേദനയുടെ ഒരു ശബ്‌ദം.
രാമൻ സായിപ്പിന്റെ ഹൃദയം തീതട്ടിയപോലെ നൊന്തു.
മാഷിന്റെ കണ്ണുകൾ നിറഞ്ഞുഃ
”കണ്ണിൽ ചോരയില്ലാത്ത വർഗ്ഗങ്ങൾ!“
രാമൻ സായിപ്പിന്റെ കണ്ണുകൾ പെട്ടെന്നു ചുവന്നു.
”ആരാണ് പന്നിന്റെ മോനെ കല്ലെറിഞ്ഞത്? ഐ വിൽ കിൽ…“
സംശയം തോന്നിയ ഒരുത്തന്റെ നേർക്ക് രാമൻ സായിപ്പ് ഓടി.
”പറയടാ കഴ്‌വേറി മോനേ?“
അപ്പോൾ അവനും അവന്റെ കൂടെ നിന്നവരും ഒറ്റ ഓട്ടം. ഓടുമ്പോൾ അവരിൽ ഒരാൾ വിളിച്ച് പറഞ്ഞുഃ
”ഓടിക്കോ ഓടിക്കോ ഡബ്ബിൾ ഹാർട്ടിന് തൊടങ്ങി, തൊടങ്ങി, ഓടിക്കോ ഓടിക്കോ ആ നായിന്റെ മോൻ കടിക്കും.“
അത് കേട്ടപ്പോൾ രാമൻസായിപ്പ് ഓട്ടം നിർത്തി. മനസ്സിന് എന്തോ തളർച്ച തട്ടിയപോലെ നിന്ന് കിതച്ചു.
ഒരു നിമിഷനേരം ക്ഷമയോടെ ചുറ്റും നോക്കി.
രാമൻ തണുത്തുവെന്ന് മാഷിന് തോന്നി. ഒന്നുകൂടെ തണുപ്പിക്കാൻ വേണ്ടി പറഞ്ഞുഃ
”ഇനി ചൂടുവെളളത്തിൽ കുളിപ്പിച്ചുനോക്കിയാലോ?“
”വേണ്ട മാഷേ, എപ്പോഴും പച്ചവെളളമാണ് ഗുണകരം. വെളളത്തിന്റെ ഔഷധവീര്യം ചൂടാകുമ്പോൾ നഷ്‌ടപ്പെടും.“
അപ്പോഴേക്കും കുഞ്ചു മൂന്ന് ബക്കറ്റുകളിലും വെളളം കോരിവെച്ചു കഴിഞ്ഞു.
മുമ്പത്തെപോലെ ഒരു ബക്കറ്റിൽ എൽ യു എക്‌സ് കലക്കി. ആദ്യത്തേക്കാൾ പത ഉയർന്ന് പൊങ്ങി.
”മതി രാമാ!“
രാമൻ സായിപ്പ് കൈ പുറത്തേക്കെടുത്തപ്പോൾ നായയുടെ നീട്ടിപ്പിടിച്ച നാക്ക് പോലെ സോപ്പ് തേഞ്ഞുപോയിരിക്കുന്നു. അത് ചുമരിലെ ചെത്തിതേക്കാത്ത ഒരു പൊത്തിൽ തിരുകിവെച്ചു.
നായയുടെ കറുകറുത്തമോന്തയിൽ നിന്ന് രക്തം കിനിയുന്നതു കണ്ടു. എങ്കിലും രാമൻ സോപ്പ് വെളളം അടിച്ചുതെറിപ്പിച്ചുകൊണ്ടിരുന്നു.
മൂന്ന് ബക്കറ്റിലെ വെളളവും കഴിഞ്ഞപ്പോൾ നായ ഭയങ്കരമായി മുരണ്ടു. ശരീരം ശക്തിയായി കുടഞ്ഞു. നാലു വശത്തേക്കും വെളളത്തുളളികൾ തെറിച്ചു.
”ഒരിക്കൽ കൂടി കുളിപ്പിച്ചാലോ മാഷേ?“
രാമൻ സായിപ്പ് ഒരു സംശയം പ്രകടിപ്പിച്ചു.
”വെറും പച്ചവെളളത്തിൽ?“
”കുളിപ്പിച്ച് കുളിപ്പിച്ച് അതിനെ വെറുപ്പിക്കേണ്ട
രാമാ.“
അപ്പോൾ ആരോ വിളിച്ച് പറയുന്നത് കേട്ടുഃ
”ആദ്യം കുളിപ്പിക്കേണ്ടത് ഡബ്ബിൾ ഹാർട്ടിനെയാണ്. ഒന്നാംതരം കഞ്ഞുണ്ണ്യാദി എണ്ണ തലക്കിട്ട് എന്നിട്ട് മതിയായിരുന്നു ഈ ശൈത്താനെ.“
കുഞ്ചു വീണ്ടും ബക്കറ്റുകൾ നിറച്ച്‌വെച്ചു. ഏതിലും സോപ്പ് കലക്കിയില്ല. ആ വെളളം മുഴുവനും കുഞ്ചു ശക്തിയായി എറിഞ്ഞ് ഒഴിച്ചു.
രാമൻ ചിന്താമൂകനായി നോക്കിനിന്നു.
നായ എന്തിനോ വേണ്ടി വീണ്ടും തയ്യാറെടുത്തു. ഉശിര് പ്രകടിപ്പിച്ചു. ശരീരം മുഴുവനും നാലഞ്ച് തവണ കുടഞ്ഞു. വെളളമെല്ലാം തെറിപ്പിച്ചു. ചുറ്റുപാടും അത് കണ്ണോടിച്ചു. പിന്നെ കഴുത്തിലെ കമ്പിവയർ കടിച്ച് പൊട്ടിക്കാൻ ശ്രമിച്ചു. ആ ശ്രമം പരാജയപ്പെട്ടപ്പോൾ നായ ചുറ്റും നോക്കി മുരണ്ടു. പെട്ടെന്ന് കുരച്ച് കുരച്ച് ചാടി.
അപ്പോൾ രാമൻ സായിപ്പ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞുഃ
”ജയിച്ചു മാഷേ ജയിച്ചു…“
മാഷും കുഞ്ചും പരസ്‌പരം നോക്കി.
”നായ കുരച്ചു മാഷേ കുരച്ചു.“
”അമീബ കണ്ടു പിടിച്ചവനെപ്പോലെ നീയെന്തിനാ രാമാ തുളളിച്ചാടുന്നെ? നായക്കൾ സാധാരണ കുരക്കല്ലാതെ ചിരിക്കല്ലല്ലോ ചെയ്യാ?“
”അതേ മാഷേ, ഈ നായ നോർമലായി. അതുകൊണ്ടാ കുരക്കുന്നത്! രോഗം മാറി മാഷേ, രോഗം മാറി!“
മാഷിനെ പിടിച്ച് രാമൻസായിപ്പ് ഒരു ചുംബനം. മാഷ് ചെവിയിൽ പിടിച്ച് പതുക്കെ ചോദിച്ചുഃ
”സത്യം പറയോ രാമാ?“
”ഉം?“
”നീ വല്ല പെൺപിളേളരുമായി ഇതുവരെ?“
”ഏയ്, ഇത് വരെ ഉണ്ടായിട്ടില്ല.“
അപ്പോൾ മാഷ് അതിനേക്കാൾ പതുക്കെ പറഞ്ഞുഃ
”എന്നാ അതിന്റെ തകരാറാ ഇതൊക്കെ! ശുക്ലം തലക്കടിച്ചിരിക്ക്യാ!“
അനിയന്റെ മുഖത്തെ പ്രസരിപ്പും പുഞ്ചിരിയും കണ്ടപ്പോൾ ടീച്ചർക്ക് വല്ലാത്ത കുളിർമ്മയും ആനന്ദവും.
കുരച്ചുകൊണ്ടിരുന്ന നായയുടെ ഭാവം പെട്ടെന്ന് മാറി. വീണ്ടുമത് ചാടിക്കടിക്കാനും ഓടാനും ശ്രമിച്ചു. അതിന്റെ കണ്ണുകളിൽ അഗ്‌നിയുടെ ജ്വാല. നാലുകാലും നീട്ടിവെച്ച് നായ ഉടല് നിവർത്തി. ശരീരം കുടഞ്ഞു. വീണ്ടും കുരച്ചു. പിന്നെ ആൾക്കാരുടെ നേർക്ക് ഒറ്റച്ചാട്ടം.
അത്രയും നേരം കോമരം പോലെ വിറച്ച് തുളളിയിരുന്ന പുളിമരം ആണിവേരോടെ പറിഞ്ഞു.
ആൾക്കൂട്ടം ഒരാരവത്തോടെ നാലുപാടും ഓടി. ജീവൻ പണയം വെച്ചുളള ഓട്ടം.
”ഓടിക്കോ പുളിമരം കടപൊഴങ്ങി. ഓടിക്കോ, ഓടിക്കോ…“
അനവധി ആൾക്കാർ വളപ്പിന്റെ പലയിടത്തും വീഴുന്നതുകണ്ടു. കിണറ്റിലേക്കാരെങ്കിലും വീണോ എന്നൊരു സംശയം. തിരിഞ്ഞു നോക്കിയപ്പോൾ കുഞ്ചു ഉമ്മറമുറ്റത്തൂടെ ഓടുന്നതു കണ്ടു.
ഓടാൻ വയ്യാതെ മാഷ് വിറക്കുന്നു. മാഷിന്റെ ഉടുതുണിയിൽ മൂത്രം കിനിഞ്ഞിറങ്ങുന്നതും കണ്ടു.
മുക്തനായ നായ എല്ലാ ആവേശവും ശക്തിയും നഷ്‌ടപ്പെട്ടവനെപോലെ രാമൻസായിപ്പിന് മുന്നിൽ നാവും നീട്ടി കിതച്ചുനിന്നു.
രാമൻ സായിപ്പ് നായയുടെ കഴുത്തിലെ ക്ലച്ച് വയർ പതുക്കെ അഴിക്കാൻ ശ്രമിച്ചു. അപ്പോഴത് അനുസരണയോടെ കഴുത്ത് നീട്ടിക്കാണിച്ചു. കണ്ണീരൊഴുക്കുന്ന നായയുടെ മോന്തയിൽ നിന്നും രക്തവും കിനിയുന്നു.
”നീ ഏതാണ്ടാ മോനേ?“
അവനെ തലോടിക്കൊണ്ടിരിക്കുമ്പോൾ രാമൻ സായിപ്പിന്റെ മൂക്കത്തേക്ക് വലിയൊരു കരിങ്കിൽ കഷ്‌ണം വന്നിടിച്ചു. തൽക്ഷണം മൂക്കിൽ നിന്നും രക്തം ഒലിച്ചിറങ്ങി. വേദന സഹിക്കാൻ പാകത്തിലല്ല. തലച്ചോറിനകത്ത് ആരോ ഏറു പമ്പരം തിരിച്ച് കളിക്കുന്നു. സഹിക്കാനാവാതെ കണ്ണുകൾ നിറഞ്ഞു.
രാമന്റെ മൂക്കിലെ രക്തം നായയുടെ നീട്ടി പിടിച്ച നാക്കിലേക്ക് ഇറ്റി വീഴുന്നത് ടീച്ചർ കണ്ടു.
രാമൻ അസഹ്യമായ വേദനയോടെ എഴുന്നേറ്റതും തിണ്ണയിൽ ചാരിവെച്ച ഗദ കയ്യിലെടുത്തു. ഗദ പിടിച്ച ഞെരമ്പുകൾ ത്രസിക്കുന്നത് ടീച്ചർ ഒരു ഉൾഭയത്തോടെ ശ്രദ്ധിച്ചു.
Generated from archived content: double_heart.html Author: naaluveetilrahman
Click this button or press Ctrl+G to toggle between Malayalam and English