പോളിസി

സ്വപ്നങ്ങള്‍ ഒത്തിരി പക്ഷെ, അതിന്മേല്‍ ചിതറിക്കിടക്കുന്നു കരിമേഘച്ചീളുകള്‍ അതെ കാലം തെറ്റിയ കാലം. പ്രതീക്ഷയില്ലാത്തപ്പോള്‍‍ പെയ്യുന്ന മഴ ! ഓര്‍ക്കാപ്പുറത്ത് മൂടല്‍ മഞ്ഞ് മകരമാസത്തിലെ കോടമഞ്ഞെന്നപോലെ.

” വെറ്റിലക്കൊടി കോടാകാണ്ടിരുന്നാ മതിയായിരുന്നു. കൊടി ചതിച്ച എല്ലാം വെള്ളത്തിലാകും ” വിശ്വന്‍ ചിന്തിക്കുകയാണ്. ‘ മുകളില്‍ പച്ചനെറ്റ് കെട്ടിയാലോ മഞ്ഞിറങ്ങാതെ…? പക്ഷെ.. അതിനു രൂപ .. ഓ പോകുമ്പോള്‍ പോകട്ടെ. ആ ഏതായാലും കുറെ കാലമായി കൃഷി നഷ്ടത്തില്‍ തന്നെ. പിന്നെ സ്വന്തം പ്രയത്നമായതുകൊണ്ടാ. ഏതൊരു പട്ടിക്കുമുണ്ടാകുമല്ലോ ഒരു നല്ല കാലം. ങും… ഒരു കണക്കിന് എത്ര കാലമായി ഇങ്ങനെ‍ ചിന്തിക്കുന്നു. ങാ…. പ്രതീക്ഷയാണല്ലോ മുന്നോട്ടു നയിക്കുന്ന പ്രേരക ശക്തി. ഒരു നെടുനിശ്വാസമുതിര്‍ത്ത് കൃഷിസ്ഥലത്തേക്കുള്ള തയാറെടുപ്പിലായി. അപ്പോള്‍‍ കേട്ടു പടിക്കല്‍ ഒരു സ്കൂട്ടര്‍ വന്നു നില്‍ക്കുന്ന ശബ്ദം. ജനാലയിലൂടേ നോക്കി രണ്ട് സ്ത്രീകള്‍. അതൊലൊന്ന് സഹകരണ സംഘത്തിലെ ഹുണ്ടിക കളക്ഷന്‍കാരി രമ. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒരു ബുള്ളറ്റ് മോട്ടോര്‍ബൈക്ക് അവര്‍ക്കരുകിലെത്തി നിന്നു . കുതിരവാല്‍ എന്നു തോന്നിക്കും പോലെ മുടി കെട്ടിയ ഒരു പച്ചപ്പരിഷ്ക്കാരി ബുള്ളറ്റിന്റെ സൈഡ് സ്റ്റാന്റ് തട്ടിക്കൊണ്ട് ഒരഭ്യാസിയെ പോലെ കാല്‍ വീശിയിറങ്ങി അവള്‍ . കൂളിംഗ്ഗ്ലാസ് ഇളക്കി വയറ്റത്ത് തുടച്ച് വീണ്ടും വച്ചു .ജീന്‍സിന്റെ പിന്‍ പാക്കറ്റില്‍ നിന്നും ഉറുമാല്‍ എടുത്ത് മുഖം ഒപ്പി. പിന്നെ മൂവരും ചേര്‍ന്ന് അല്പ്പനേരം കുശുകുശുത്തു. അതിനിടെ മുടിയുടെ ഇഴകള്‍‍ പുരികത്തിനു മുകളിലൂടെ താഴേക്കിടുന്നത്തിനു ശ്രദ്ധിക്കുന്നുണ്ടായിരുന്നു ബുള്ളറ്റുകാരി.

”ശെ ഇവരേപ്പോലുള്ളവര്‍ കയറി വരുമ്പോ.. ഒന്നിരിക്കാന്‍ ….. കാശൊണ്ടാകുമ്പം ഒരു സെറ്റി വാങ്ങണം ” മനസ് മന്ത്രിച്ചു. തിണ്ണയില്‍ കിടന്ന പഴയ കസേരകളിലെ പൊടി തട്ടിത്തൂത്തു . കട്ടിലിലെ വിരിപ്പ് തല്ലിക്കുടഞ്ഞ് ചുളുക്കു മാറ്റി ‘ കയറി വന്നാട്ടെ ‘ മുറ്റത്തെത്തിയ അവരോട് മധുരിക്കുന്ന സ്നേഹത്തില്‍ പറഞ്ഞു.

അവര്‍ കയറി ഇരുന്നു വിടര്‍ത്തിയ പുഞ്ചിരികളുമായി. ‘ ഇത് ജറി സാര്‍ , ഹെല്‍ത്ത് ഇന്‍സ്പക്ടറാണ് ‘ രമ പരിചയപ്പെടുത്തി. ‘ ഓ വയറസുകള്‍ പരക്കുന്ന കാലമാണല്ലോ പ്രത്യേകിച്ചു ജപ്പാന്‍ ജ്വരവും പന്നിപ്പനിയും ഡെങ്കിപ്പനിമൊക്കെ ? ബോധവത്ക്കരണത്തിനായിരിക്കും ‘ വിശ്വന്‍ ചിന്തിച്ചു വിളീച്ചു പറഞ്ഞു ” രാധേ …ഒന്നിങ്ങോട്ടു വന്നേ”

വാതുക്കല്‍ രാധ തല നീട്ടി.

മൂവരും രാധയെ തൊഴുതു.

” കഴിഞ്ഞ മാസം കണ്ടില്ലോ” രമയോടായി രാധ ചോദിച്ചു.

” വരാനൊത്തില്ല ചേച്ചി ” കൊഞ്ചല്‍ കലര്‍ന്ന മറുപടി.

” ദേ ഈ സാറന്മാര്‍ വന്നത് ഹെല്‍ത്തീന്നാ’ വിശ്വന്‍ പറഞ്ഞു ” ആ രമണിയേം പ്രസന്നേമൊക്കെ വിളീക്ക് ഒക്കെ ശ്രദ്ധിച്ചു കേട്ടിട്ട് പറേന്നെ പോലെ ചെയ്യുകേം മറ്റുള്ളവരോട് പറേകേമൊക്കെ വേണം” ഒന്നു നിര്‍ത്തി ” സര്‍ വേണമെങ്കി ഞാനും കൂടെയിറങ്ങി എല്ലാവരേമൊന്ന് വിളിച്ചു കൂട്ടാം പെട്ടന്ന്”

”അതു ..പഗ്..ക്ഷെ..ഇബി…ടുത്തെ സ്വെന്റെറി…ലെല്ല ഞേന്‍…ബെര്‍ക്ക് ചെയ്യണത്” ജെറി പറഞ്ഞു ചുവപ്പിച്ച ചുണ്ട് പ്രത്യേക രീതിയില്‍ ചലിപ്പിച്ചുകൊണ്ട്.

” അതെ സാറു വന്നതേ വേറൊരു വിഷയത്തിനാ ” രമ.

” ങ്.. ” വിശ്വനു ജിജ്ജാസ. അതിലേറെ രാധക്ക് .

” യയ്യോ… സോറി ” രമ പറഞ്ഞു ഈ സാറിനെ പരിചപ്പെടുത്തിയില്ല . ഇത് സുമ സാര്‍ എല്‍ വി ഒ യാ അതായിത് ഗ്രാമസേവിക”

” ങ…! മയങ്ങി തുടങ്ങിയിരുന്ന പുഞ്ചിരി തട്ടിയുണര്‍ത്തി കോളിനോസാക്കി സുമ.

” ഇനി വന്ന കാര്യം കൂടി പറയാം രമ തുടര്‍ന്നു ” ഈ സാറന്മാര്‍ ഇന്‍ഷ്വറന്‍സിലും കൂടി വര്‍ക്ക് ചെയ്യുന്നുണ്ട് ‘ ബോജിയോ അളിയന്‍സി’

” അല്ലിയന്‍സ് ” സുമ തിരുത്തി.

” അതെ…. ങ… അപ്പം അതിന്റെയൊരു പോളിസി ചേട്ടനെടുക്കണം ”

” യ്യോ ഞാനോ ക്ഷമിമിക്കണേ ഒരു രക്ഷയുമില്ല ”

”യ്യോ ചേട്ടാ .. വളരെ പ്രതീക്ഷയിലാ വന്നത് പറഞ്ഞൊഴിയരുത് പ്ലീസ് ”

” എന്തു പറച്ചിലാ പറേന്നേ …!? ങ് അതിനുള്ള മാര്‍ഗ്ഗമൊന്നും ഞങ്ങക്ക്”

” അത് .. ചേച്ചിയുടെ പേരിലായാലും മതി ഒരു പതിനായിരം രൂപയുടെ .. എന്താന്ന് ചോദിച്ച എനിക്കും ഒരു….. ”

” അന്നു വന്നു പറഞ്ഞപ്പം ചേര്‍ന്നില്ലേ ഹുണ്ടികാപ്പിരിവിന്?”

” അതീന്ന് മാത്രമായിട്ട് എന്തു കിട്ടാനാ ചേട്ടാ …? അതുകൊണ്ടാ”

” പക്ഷെ അതിനു തുക വേണ്ടേ?”

” ഓ പിന്നേ .,..ചേട്ടനുദ്ദേശിച്ചാലാണോ ഏതായാലും രണ്ടാഴ്ചത്തെ വെറ്റിലയുടെ കാശില്ലല്ലോ ചേട്ടാ ”

”അത് ശരി പത്ത് രൂപയ്ക്കാ കഴിഞ്ഞയാഴ്ച വെറ്റില വിറ്റത് അങ്ങേലെ ശിവാനന്ദനാണെങ്കി വെറ്റേം കൊട്ടേം അവിടൊരു ചാക്കിട്ടു മൂടിയിട്ട് മിണ്ടാതിങ്ങു പോന്നു”

” ഞങ്ങളുടെ സ്കീമൊന്നു കേള്‍ക്കു സേര്‍ എന്നിട്ടൊരു ഡിസിഷനിലെത്തു സേര്‍. സ്കീം സംബന്ധിച്ച് വിശദീകരിച്ച് കൊണ്ട് ജെറി പറഞ്ഞു ” യങ്ങിനെ പെതിനായിരം വച്ച് വെറും മൂന്നു വെര്‍ഷം അടയ്ക്കുമ്പോള്‍‍ ..നേലാം വെര്‍ഷം ..രൂപാ അറു പതിനായിരം കിട്ടുന്നു യതിനിടെ യെന്തെങ്കിലും യേക്സിഡന്റോ , യെത്യാ..ഹിതമോ മെറ്റോ വുണ്ടായാല്‍ …”

”ഞാന്‍ പറഞ്ഞല്ലോ സാറെ കൃഷിയില്‍ നിന്നൊന്നും സത്യത്തിനു പകുതിപ്പട്ടിണിയാ…”

” ചുമ്മാതാ” അഭിമാനക്ഷതമേറ്റ മട്ട് രാധക്ക്

” യിന്നാല്‍ യേന്റി യിടുക്കു യേന്റി വൊരു പോളിസി”

” വിശ്വേട്ടാ കേട്ടിട്ട് നല്ല സ്കീമാ..”

” രാധേ അതിന് നീ എന്തോ കണ്ടോണ്ടാ?”

” ചേട്ടാ അതിന് ചേച്ചിയൊന്ന് ഒന്നൊപ്പിട്ടു തന്നാല്‍ മതി രൂപാ ഞാനെടുത്തോളാം”

” എവിടുന്ന്?”

” സൊസൈറ്റിയില്‍ നിന്നും . ചേച്ചിയുടെ അക്കൗണ്ടലുണ്ട് ഹുണ്ടിക കളക്ഷന്റെ തുക”

” എങ്കില്‍ പിന്നെ സേര്‍ ഹേതായാലും സൊസ്സറ്റിയില്‍ നിന്നും ..വെലിയ പെലിശയൊന്നും ഗിട്ടില്ലല്ലോ ആ നിലക്ക്?”

” അതെയതെ പിന്നെ ആകെ രണ്ടൂ പ്രാവശ്യത്തെ കാര്യം കൂടിയല്ലേ ഉള്ളു?”

” യെതും യിതുപോലങ്ങു നെടക്കും സേര്‍”

വിശ്വന്‍ ആശയകുഴപ്പത്തിലായി.

” വൊന്നു പെറ യേന്റി സേറിനോട്”

” വിശ്വേട്ട പറ ഒരു തീരുമാനം”

”യെങ്കില്‍ യേന്റി പെറയു യേന്റി”

” വിശ്വേട്ടാ..”

വിശ്വന്‍ പകച്ച് നോക്കി അവളെ.

” മെതി യേന്റീടെ പേരില്‍ മെതി യെഴുതു സുമേ യേന്റീടെ പേരില്‍”

തിടുക്കപ്പെട്ട് സുമ ഫോറങ്ങള്‍ എടുത്തു.

ജെറി ആവശ്യപ്പെട്ട ഇടങ്ങളിലെല്ലാം രമ കരുതിയിരുന്ന ചെക്ക് ലീഫീലും രാധ ഒപ്പിട്ടു നല്‍കി അന്നു തുടങ്ങി ഹുണ്ടികയില്‍ നാണയങ്ങള്‍ നിക്ഷേപിക്കുന്ന കാര്യം രാധ മറന്നില്ല. രണ്ടാം വര്‍ഷവും ചെക്ക് ലീഫില്‍ ഒപ്പിടുവിച്ചു.

മൂന്നാം വര്‍ഷത്തേക്ക് നേരിട്ടു തന്നെ അടയ്ക്കുവാന്‍ അവര്‍ തീരുമാനിച്ചു.

അതില്‍ രസീത് കൈപ്പറ്റിക്കൊണ്ട് രാധ ചോദിച്ചു ” സാറെ എന്നത്തേക്കായിരിക്കും രൂപാ കിട്ടുന്നത്?”

” മേഡം അത് അടുത്ത വര്‍ഷം ഇതേ സമയമാകുമ്പോള്‍‍”

രാധയുടെ കണ്ണൂകള്‍ തിളങ്ങി. വല്ലപ്പോഴുമൊക്കെയാണെങ്കിലും കപ്പലണ്ടിയും മിക്സറും അനാവശ്യമായി പഴങ്ങളുമൊക്കെ വാങ്ങി വെറുതെ കളയുമായിരുന്ന നാണയത്തുട്ടുകള്‍. ഒരിക്കല്‍ മീന്‍ വാങ്ങഞ്ഞതിന് ദരിദ്രയെന്ന പേര്‍ തനിക്ക് നല്‍കി വിശ്വേട്ടന്‍. ശരിയാ ആവശ്യത്തിനു മീനും പച്ചക്കറികളും വാങ്ങിയിട്ടില്ല ഏതായാലും ആ ദാരിദ്ര്യവും പിശുക്കുമെല്ലാം ചേര്‍ന്ന് അറുപതിനായിരം രൂപയാകാന്‍ പോകുന്നുന്നു. എന്തുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവര്‍ വന്നില്ല രാധ ചിന്തിക്കുകയാണ്. പോളിസിയെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതിന് അന്ന് വിശ്വേട്ടന്‍ കുറെ കുറ്റപ്പെടുത്തി. മാഞ്ചിയത്തിന്റെയും ആടുവളര്‍ത്തലിന്റെയും തുടങ്ങി പ്രൈസ് ഇന്‍ഡ്യയുടെയും മണി ചെയ്നിന്റെയും ഒക്കെ തട്ടിപ്പുകളുടെ കഥകള്‍ പറഞ്ഞ്. അറുപതിനായിരം രൂപാ ഒരു മിച്ച്. അതെ ഒരു ദരിദ്ര കര്‍ഷകന്റെ ദരിദ്രയായ ഭാര്യയുടെ ചെറിയ ജീവിതത്തിലെ വലിയ സമ്പാദ്യം. മിനിമോള്‍ക്ക് വയസ് പതിമൂന്നാകുന്നു ഇനി ഒരു പ്രൈവസിയൊക്കെ വേണ്ടിയിരിക്കുന്നു. അതിനു അടച്ചുറപ്പുള്ള ഒരു മുറി. പക്ഷെ ഈ അറുപതിനായിരം കൊണ്ടൊന്നും ബാക്കിക്ക്…. ങാ താലിമാലയുണ്ട് അങ്ങോട്ടു പണയം വയ്ക്കാം. തികയാതെ വന്നാ ആരോടെങ്കിലും … അങ്ങനെ നീണ്ടു ചിന്ത.

” കൂട്ടത്തില്‍ പുറകിലെ ആ ഭിത്തീംകൂടെയങ്ങ് തേക്കണം. അനുകൂലിച്ചു കൊണ്ട് വിശ്വന്‍ പറഞ്ഞു. പുതിയൊരുര്‍ വോടെ

അന്നു തുടങ്ങി അതിനുള്ള സ്വരുക്കൂട്ടലായി.

അതിനിടെ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നുളള ഫോണ്‍ വിളികള്‍ മധുരവും സ്നേഹവും ചാലിച്ചു ചേര്‍ത്ത ശബ്ദത്തില്‍ ‘ തുക അവിടെ തന്നെ നിക്ഷേപിക്കണമെന്ന അഭ്യര്ത്ഥനയുമായി!.

” അതുപറ്റില്ല ” യെന്ന മറുപടി രാധ ആവര്‍ത്തിച്ചു.

നിര്‍ബന്ധം ഏറിയപ്പോള്‍ പറഞ്ഞു.

” കുറച്ചൊക്കെ കഴിഞ്ഞോട്ടെ പുതിയൊരു പോളിസി എടുത്തുകൊള്ളാം”

കമ്പനിക്കാര്‍ പക്ഷെ അത്ര തൃപ്തരായില്ല.

തുക ലഭിക്കേണ്ട ഏകദേശ തീയതി അടുത്തു. കൃത്യമായും എന്നു കിട്ടുമെന്നറിയാന്‍ രാധക്കു വ്യഗ്രത.

വിശ്വന്‍ പുറപ്പെട്ടു.

തിരിച്ചെത്തുന്നതും കാത്ത് നിന്നു രാധ.

”വിശ്വേട്ട എന്നത്തേക്കു കിട്ടും?”അയാള്‍ അടുത്തെത്തും മുമ്പ് ചോദിച്ചു .

”…….”

”കേട്ടില്ലായിരുന്നോ ചോദിച്ചത് ”?

” അത് എട്ട് പത്ത് ദിവസമെടുക്കും ”

” ങും.. അതാണോ മുഖത്തൊരു വാട്ടം?”

” ഏയ്”

”ആന്ന് …ഏതായാലും വേകുമ്പോളം ഇരിക്കാമെങ്കി … ഒരു കാര്യം ചെയ്യാം. ഞാന്‍ വല്യേട്ടനോടിച്ചിരെ പണയം വെക്കാന്‍ ചോദിച്ചിരുന്നു തരും. അതുപോലെ വിശ്വേട്ടാ…നമുക്കീ മുറ്റത്തെ പ്ലാവങ്ങ് വെട്ടിയാലോ കട്ടിളക്കും ജനലിനും?”

” വേണ്ടാ”

” ഓ ചക്കേടെ കാര്യമോര്‍ത്തിട്ടായിരിക്കും അതോ തണല്‍ നഷ്ടപ്പെടുമെന്നൊള്ള വെഷമമാണോ?”

വിശ്വന്റെ ദൃഷ്ടി പ്ലാവിന്‍ കമ്പുകള്‍ക്കിടയിലൂടെ ആകാശ ശൂന്യതയില്‍.

” രാഘവന്‍ മേസ്തിരി പറഞ്ഞു ഒരാഴ്ചയ്ക്കകം വാര്‍ക്കാമെന്ന് ”

” ങും”

” എന്താ വിശ്വേട്ടാ.. ഒരു വല്ലായ്ക ”?

” ഒന്നുമില്ലെന്നേ”

” പറ .. എന്ത പ്രശ്നം?”

”അത് രാധേ ഇന്‍ഷ്വറന്‍സ് കാര്‍ പറയുന്നു തുക ഷെയറില്‍ ഇട്ടേക്കുവാണെന്നും അത് പത്തൊന്‍പതര വര്‍ഷത്തേക്കാണെന്നു മൊക്കെ. അതല്ല തുക ഇപ്പം വേണമെങ്കില്‍ എന്തോന്നാ സറണ്ടറോ കിറണ്ടറോ ഏതാണ് ചെയ്യണമെന്ന് എങ്കില്‍ കിട്ടുക കഷ്ടിച്ച് ‘ ഇരുപതിനായിരം രൂപാ മാത്രമായിരിക്കുമെന്ന്”

”ങേ??” അവള്‍ സ്തംഭിച്ചു നിന്നു. വല്ലത്തൊരു ശബ്ദമുതിര്‍ത്തുകൊണ്ട് നെഞ്ചത്ത് കൈ അമര്‍ത്തി തിരുമ്മിക്കൊണ്ട് .

”ങാ പോകട്ടെ” ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു അയാള്‍. പക്ഷെ ഒരക്ഷരം ഉരിയാടിയില്ല അവള്‍ വിറങ്ങലിച്ചു നിന്നു നിമിഷങ്ങളോളം.

” വിഷമിക്കാതെ”

”വിതുമ്പുന്നു ചുണ്ടുകളും നിറയുന്ന കണ്ണുകളുമായി ഭിത്തിയില്‍ പിടിച്ച് നിന്ന് കിതച്ചു അവള്‍ മുഖം കൊടുക്കാതിരിക്കുവാന്‍ ബദ്ധപ്പെട്ടുകൊണ്ട് ……

Generated from archived content: story2_june14_14.html Author: n_vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English