ഭഗവാന്‌ ഭവ രോഗമോ?

ഓം ശ്രീസായി രാം

ചില പത്രങ്ങളിലും, ചാനലുകളിലും കഴിഞ്ഞ മാസം വന്ന വാർത്ത “സായിബാബ; (85) ശരീരക്ലേശത്തെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങിയെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു.” ഏതോ ഒരു വ്യക്തിയെ ഏതോ ഒരു രോഗത്തിന്‌ ആശുപത്രിയിലാക്കി എന്ന്‌ വാർത്ത. എത്ര ലാഘവത്തോടെയുള്ള വാർത്താസമീപനം. ലോകചരിത്രം തന്റെ ചരിത്രമാക്കിയ ഒരു മഹാപുരുഷന്റെ ശരീരക്ലേശങ്ങൾക്ക്‌ ഒരു സാധാരണജീവന്റെ ശരീരക്ലേശങ്ങളുടെ അർത്ഥം മാത്രമാണോ ഉള്ളത്‌. പഠിക്കേണ്ടതല്ലേ ഈ വിഷയം. സായിസേവകർ തീർച്ചയായും ഇക്കാര്യം ആഴത്തിൽ മനസിലാക്കുക തന്നെ വേണം.

ഭഗവാൻ ബാബ ആശുപത്രിയിലായ വാർത്ത വായിച്ച്‌ ഭക്തന്മാരിൽ പലരും മനഃക്ലേശത്തിലായി ചിലർ ആശയക്കുഴപ്പത്തിലായി. ഈശ്വരന്‌ അസുഖം വരുമോ? നിരാമയന്‌ ആമയം വന്നിരിക്കുന്നുവോ? ഇത്തരം സംശയങ്ങളിൽ തെറ്റ്‌ പറയുവാനില്ല. മറ്റു ചിലർ സംശയങ്ങളുടെ തിരമാലയിൽപെട്ട്‌ കഷ്‌ടപ്പെടാനും തുടങ്ങി. അതെല്ലാം സ്വാഭാവികം മാത്രം. ഇതിനുള്ള ഉത്തരങ്ങളെല്ലാം ആദ്ധ്യാത്മികശാസ്‌ത്രവും അവതാരപുരുഷന്മാരുടെ ജീവിതചരിതവും പഠിച്ചാൽ മാത്രമേ ലഭിക്കൂ.

ശ്രീസത്യസായിബാബ ഭഗവാനെന്ന അനുഭവം നമുക്കെല്ലാം ഉണ്ടായിട്ടും ഈ വാർത്തകൾ കേൾക്കുമ്പോൾ നാം പകച്ചുപോകുന്നു. ശരിയല്ലേ… ‘മായ എന്നല്ലാതെ ഇതിന്‌ എന്തു പറയാൻ. കംസന്റെ തടവിൽ കിടക്കുന്ന ദേവകിക്ക്‌ ഭഗവാൻ ശംഖചക്രഗദാപത്മങ്ങളോടെ ബാല രൂപത്തിൽ ദർശനം നൽകി.

ദേവകി ഭഗവാനെ സ്‌തുതിച്ചു. “അങ്ങ്‌ സർവ്വശക്തനാണ്‌. സർവ്വജ്ഞനാണ്‌, സൃഷ്‌ടിസ്‌ഥിതിലയഹേതുഭൂതനാണ്‌” ഒടുവിൽ പറഞ്ഞു. “കംസൻ വരും മുമ്പേ ഈ രൂപം മാറ്റൂ. സാധാരണ കുട്ടിയെ പോലെയാകൂ. അല്ലെങ്കിൽ കംസൻ ഉപദ്രവിച്ചാലോ.”

ദിവ്യദർശനം നേരിൽ കണ്ടിട്ടും ദേവകി ഒരു മാത്രം എല്ലാം മറന്നുപോയി. “ഭഗവാന്റെ സുരക്ഷയ്‌ക്കുവേണ്ടി” ദിവ്യരൂപം മാറ്റാൻ പ്രാർത്ഥിക്കുന്നു. സർവ്വശക്തൻ എന്ന്‌ വിളിച്ച നാവുകൊണ്ട്‌ തന്നെ ദേവകി ദേവീ പറഞ്ഞു. “രൂപം മാറ്റൂ കംസൻ കണ്ടാൽ കുഴപ്പമാകും! ഇതിനെ ’മായ‘ എന്നല്ലാതെ എന്താണ്‌ വിളിക്കുക?

അവതാരങ്ങളുടെ ശരീരവും സാധാരണക്കാരന്റെ ശരീരവും തമ്മിലുള്ള വ്യത്യാസം എന്ത്‌?

ശ്രീരാമകൃഷ്‌ണൻ പറയുന്നു. ”ഒന്ന്‌ ചിന്മയം, മറ്റേത്‌ മൃണ്മയം“ (മൃൺ-മണ്ണ്‌). ’അവതാരപുരുഷന്മാർക്ക്‌ എന്താ കൊമ്പുണ്ടോ‘ എന്നും രാമകൃഷ്‌ണദേവൻ ചോദിക്കുന്നു. ചിന്മയൻ അവതാരപുരുഷനിൽ വാണതുകൊണ്ടാണ്‌ ശരീരത്യാഗശേഷവും അവരുടെ ചിത്രം പോലും കോടിക്കണക്കിന്‌ ജനങ്ങൾക്ക്‌ ആശ്വാസം പകരുന്നത്‌. മൃൺമയ ശരീരത്തിൽ ’സാധാരണ ജീവൻ‘ കഴിഞ്ഞത്‌ കൊണ്ടാണ്‌ ജീവൻ പോയശേഷം ആ ശരീരവും അതിന്റെ ചിത്രംപോലും പില്‌ക്കാലത്തുള്ളവർക്ക്‌ ഭയം ജനിപ്പിക്കുന്നതും.

പ്രകടമായ, സുഗ്രാഹ്യമായ മറ്റൊരു തെളിവ്‌ പറയാം. ഒരുപക്ഷെ നമ്മുടെ മുത്തശ്ശന്റെ പേരും രൂപവും നമ്മുടെ ഓർമ്മയിൽ ഉണ്ടായേക്കാം. പക്ഷേ മുത്തശ്ശന്റെ അച്ഛനേയൊ അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ചോ നമ്മിൽ എത്രപേർക്ക്‌ കേട്ടു കേഴ്‌വിയെങ്കിലും കാണും? അതായത്‌ നമ്മുടെ ’രൂപവും നാമവും‘ കൂടി വന്നാൽ രണ്ടുതലമുറയോളം നിലനിന്നേക്കാം.

ഭൂമിയിലെ ഏതു മഹാസാമ്രാജ്യം വാണചക്രവർത്തിയുടേയും കഥ ഇതുതന്നെ. എത്രയോ അമേരിക്കൻ പ്രസിഡന്റുമാർ ലോകത്തിലെ ഏറ്റവും ശക്തമായ ആ രാഷ്‌ട്രത്തിലെ പ്രതാപിയായ അധികാരികളായിരുന്നു. അതിലൊരു എബ്രഹാം ലിങ്കനെ എല്ലാവരും അറിഞ്ഞേക്കും. (അതിന്റെ കാരണം വേറെ) ഒന്നാമത്തെയോ, ഒമ്പതാമത്തേയോ അമ്പതാമത്തേയോ പ്രസിഡന്റിനെക്കുറിച്ച്‌ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റിന്‌ രണ്ടുവാക്ക്‌ പറയണമെങ്കിൽ മുന്നിൽ വിവരങ്ങൾ കുറിച്ചു വയ്‌ക്കണം. പക്ഷേ ശ്രീരാമൻ, ശ്രീകൃഷ്‌ണൻ, ശ്രീരാമകൃഷ്‌ണൻ, ഷിർദ്ദിസായി, ക്രിസ്‌തു, രമണമഹർഷി, അരവിന്ദഘോഷ്‌ എന്നിവരുടെ കാര്യങ്ങളോ?

പതിനായിരക്കണക്കിന്‌ വർഷം മുമ്പ്‌ ശരീരം ത്യജിച്ച ആ മഹത്തുക്കളുടെ ജന്മദിവസവും ശരീരത്യാഗദിവസവും ഇന്നും സജീവമായി നാം സ്‌മരിക്കുന്നു. ആഘോഷിക്കുന്നു അതിൽ നിന്നും ഊർജം കൈക്കൊള്ളുന്നു. തലമുറയിലേക്ക്‌ പകരുന്നു. ഇനി സ്വയം ചോദിക്കുക അവതാരശരീരവും, സാധാരണ ജീവന്റെ ശരീരവും തമ്മിൽ ഒരു വ്യത്യാസവുമില്ലേ? രണ്ടിലും കുടികൊള്ളുന്നത്‌ തമ്മിലുള്ള അന്തരം എന്ത്‌?

മനുഷ്യജന്മം അതീവദുർലഭമായി ലഭിക്കുന്നതാണ്‌. അതുകൊണ്ട്‌ തന്നെ അതിനൊരു പ്രത്യേക ലക്ഷ്യവുമുണ്ട്‌.

സാധാരണ മനുഷ്യശരീരം രക്ഷപ്പെടാനും, അവതാരശരീരം രക്ഷപ്പെടുത്താനും വേണ്ടിയിട്ടുള്ളതാണ്‌. ’മനുഷ്യശരീരം.‘ സാധാരണജീവന്‌ രക്ഷപ്പെടാനുള്ള ഒരു ഉപാധിതന്നെയാണ്‌. ജ്ഞാനോദയം വഴി ജനനമരണചക്രത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഉപകരമണമാണ്‌ നമുക്ക്‌ ശരീരം. അതുകൊണ്ട്‌ ഇതിനെ-ശരീരത്തെ-ഒരു തോണിയായി ഋഷീശ്വരന്മാർ ഉപമിച്ചിരിക്കുന്നു.

തോണി വെള്ളത്തിലേ കിടക്കൂ. അക്കര എത്തിക്കഴിഞ്ഞാൽ തോണിയുടെ ആവശ്യവും കഴിഞ്ഞു. അതുപോലെ ശരീരമാകുന്ന തോണി ജന്മമൃത്യുസാഗരം താണ്ടാനുള്ളതാണ്‌. അതുകഴിഞ്ഞാൽ ശരീരത്തിന്റെ ആവശ്യവുമില്ല. കരയ്‌ക്കുകയറിയവന്‌ പിന്നെ തോണി വേണ്ടല്ലോ.

അവതാരപുരുഷന്റെ, മഹത്തുക്കളുടെ ശരീരം രക്ഷപ്പെടാനുള്ളതല്ല. രക്ഷപ്പെടുത്താനുള്ളതാണ്‌. രക്ഷപ്പെടാനായി അവർ അഹം-മമത, എന്ന കുരുക്കുകളിൽ പെട്ടിട്ടില്ല. അവർ തങ്ങളുടെ ശരീരം മറ്റുള്ളവരെ- നമ്മെ-രക്ഷപ്പെടുത്താനായി ഉപയോഗിക്കുന്നു. ആ ആവശ്യം കഴിയുന്നതോടെ അവർ ഉപയോഗിച്ചുകൊണ്ടിരുന്ന ശരീരമാകുന്ന ഉപകരണം ഉപേക്ഷിക്കുകയും ചെയ്യുന്നു. അതാണ്‌ ഭഗവാൻ ശ്രീകൃഷ്‌ണൻ അരുളിയതും- ”എനിക്കൊന്നും നേടാനില്ല, നേടേണ്ടതായും ഇല്ല. നിങ്ങൾക്കൊക്കെ മാതൃകയാകാൻ വേണ്ടി ഞാൻ പ്രവൃത്തിയിൽ ഏർപ്പെടുന്നു.“

ശരീര്യതോ ഇതി ശരീരം – മുറിക്കപ്പെടുന്നതിനാൽ (നശിക്കുന്നതിനാൽ) ഇത്‌ ശരീരം.

ദഹ്യതേ ഇതി ദേഹഃ- ദഹിപ്പിക്കപ്പെടുന്നതുകൊണ്ട്‌ ഇത്‌ ദേഹം. (ശരീരം നശിച്ചാലും ദഹിപ്പിക്കപ്പെട്ടാലും അതിന്റേ ’ഉടമ‘ നശിക്കുന്നില്ല. കാരണം ശരീരം ഞാനല്ല, എന്റേതാണ്‌ ശരീരം. ശരീരമല്ലല്ലോ ശരീരത്തിൽ വസിക്കുന്ന ചൈതന്യം. ശരീരത്തിൽ ദേഹത്തിൽ വസിക്കുന്നവൻ വേറെയാളാണ്‌ എന്ന കാര്യം ഇതിൽ നിന്നും വ്യക്തമാണല്ലോ. ജനിച്ചതിനെല്ലാം ആറു വികാരങ്ങൾ ഉണ്ട്‌. അത്‌ ഒഴിവാക്കാൻ സാധ്യവുമല്ല.

ജായതേ (ജനിക്കുന്നു) – അസ്‌തി (കാണപ്പെടുന്നു) – വർദ്ധതേ (വലുതാകുന്നു) – വിപരിണമതേ – (മറ്റൊന്നായി മാറുന്നു) അപക്ഷീയതേ (ക്ഷയിക്കുന്നു) – നശ്യതി (മറയുന്നു) ഈ ആറു ചലനങ്ങൾ, മാറ്റങ്ങൾ സർവ്വശരീരങ്ങളിലും ഉണ്ട്‌.

മാറ്റങ്ങൾക്ക്‌ വിധേയമാകാത്ത ഒന്നേയൊന്നു മാത്രമേയുള്ളു. അത്‌-ഈശ്വരൻ-ബ്രഹ്‌മം-ഭഗവാൻ-ആത്‌മാവ്‌-ശാന്തി എന്നീ പേരുകളിലൊക്കെ വിളിക്കപ്പെടുന്ന പരമമായ പൊരുൾ. അവതാരപുരുഷന്മാർ ’ഞാൻ‘ എന്നു പറയുന്നിടത്തൊക്കെ അതാണ്‌ അർത്ഥവും. അല്ലാതെ അവരുടെ ശരീരം എന്നല്ല.

”എന്റെ ഭക്തൻ നശിക്കില്ല“, ”എന്നെ ആശ്രയിക്കു“, ’ദുഖിക്കേണ്ട, നിന്നെ ഞാൻ സദാ സർവ്വത്ര രക്ഷിച്ചു കൊള്ളാം.‘ ’ഞാനാണ്‌ പ്രപഞ്ചത്തിൽ നിറഞ്ഞു നില്‌ക്കുന്നത്‌” എന്നൊക്കെ ശ്രീകൃഷ്‌ണഭഗവാൻ അരുളുമ്പോൾ ദേവകി വാസുദേവന്മാർക്ക്‌ ജനിച്ച, ആ ശരീരത്തോടുകൂടിയ കൃഷ്‌ണനെന്ന്‌ ഒരിക്കലും ധരിച്ചുകൂടാ.

ഇന്നും ദ്വാപരയുഗത്തിലെ കൃഷ്‌ണൻ നമുക്കൊപ്പം ആയിരക്കണക്കിന്‌ വർഷങ്ങൾക്കുശേഷവും സജീവമായി നിലകൊള്ളുന്നുവെങ്കിൽ ആ കൃഷ്‌ണൻ ആത്മസ്വരൂപിയായ, ചൈതന്യസ്വരൂപിയായ, നിത്യ-ശുദ്ധ, ബുദ്ധ-മുക്തനായ പരംപൊരുൾ അല്ലാതെ മറ്റെന്താണ്‌?

കൃഷ്‌ണൻ, അന്നത്തെ ആ ശരീരമായിരുന്നെങ്കിൽ അത്‌ ഇന്ന്‌ നമ്മോടൊപ്പം ഇല്ലല്ലോ. പക്ഷേ കൃഷ്‌ണൻ നമുക്കൊപ്പം ഇപ്പോഴും ഉണ്ടെന്നുള്ളത്‌ സത്യമല്ലേ, അനുഭവമല്ലേ!

ശ്രീരാമകൃഷ്‌ണദേവൻ മധുരഭാവത്തിലിരിക്കുന്ന അവസ്‌ഥയിൽ, ഭക്ത്യാവേശത്തിൽ ജഗന്നാഥസ്വാമിയെ ആലിംഗനം ചെയ്യാൻ ഓടി ചെന്നു. അങ്ങനെയാണ്‌ പരമഹംസരുടെ ഇടതുകരം ഒടിഞ്ഞത്‌. ശ്രീരാമകൃഷ്‌ണന്‌ ഭഗവാൻ വെളിപ്പെടുത്തി കൊടുത്തു….. “നീയിപ്പോൾ മനുഷ്യശരീരം എടുത്തിരിക്കുന്നു. നീയിനി മനുഷ്യരുമായി സഖ്യം, വാത്സല്യം തുടങ്ങിയ ഭാവങ്ങൾ പുലർത്തി വാഴുക.” ശരീരം എടുത്താൽ അതിന്റെ നിയമം അവതാരപുരുഷന്മാരും സ്വീകരിക്കുന്നു.

ശ്രീരമാകൃഷ്‌ണന്റെ കൈയ്‌ക്ക്‌ പറ്റിയ അപകടം ചുറ്റിനുമുണ്ടായിരുന്ന അടുത്ത ഭക്തന്മാരിൽ പലരും മറച്ചുവയ്‌ക്കാൻ ശ്രമിച്ചു. കാരണം മറ്റൊന്നുമല്ല. ‘പരമഹംസരുടെ കൈ ഒടിഞ്ഞു’ എന്നൊക്കെ ജനങ്ങൾ അറിഞ്ഞാൽ പരിഹാസത്തിനും, മറ്റും കാരണമാകും. അതിനാൽ അവർ ഷാൾകൊണ്ട്‌ പുതപ്പിച്ച്‌ ശ്രീരാമകൃഷ്‌ണദേവനെ ദർശനത്തിന്‌ ഇരുത്തി. എന്നിട്ട്‌ ഒരു ഉപദേശവും നല്‌കി. ‘കൈയൊടിഞ്ഞ കാര്യമൊന്നും അങ്ങ്‌ ആരോടും പറയണ്ട’.

കുട്ടികളെപോലെ ശ്രീരാമകൃഷ്‌ണൻ തലയാട്ടി. (നമ്മൾ ഭക്തന്മാർ മാനാപമാനങ്ങളെ ഭയക്കുന്നു. അവതാരപുരുഷനോ അതിനതീതൻ) പക്ഷേ ആളുകളോട്‌ സംസാരിക്കവേ അദ്ദേഹം നിഷ്‌കളങ്കതയോടെ അവരോട്‌ ചോദിച്ചു. “പരമഹംസന്മാരുടെ കൈ ഒടിയുമോ?”

‘ഉം….എന്തേ?’ ചോദ്യം കേട്ടവർ തിരക്കി.

“നോക്കൂ” പുതച്ചിരുന്ന ഷാൾ മാറ്റി ആ മഹാപുരുഷൻ തികഞ്ഞ നിഷ്‌കളങ്കതയോടെ പറഞ്ഞു. “ചുളു ചുളെ കുത്തുന്ന വേദന. എന്റെ കൈ ഒടിഞ്ഞു. ആരോടും ഇതൊന്നും പറയണ്ടന്നാ അവർ പറഞ്ഞത്‌. അതെന്താ പരമഹംസന്മാരുടെ കൈ ഒടിയില്ലേ….!” ഇങ്ങനെ “തന്റെ ഒരു കുറവ്‌” തുറന്നു പറയാൻ ഒരു മഹാപുരുഷനല്ലാതെ മറ്റാർക്ക്‌ സാധിക്കും!?

“അവതാരപുരുഷന്മാർക്ക്‌ ശരീരക്ലേശങ്ങൾ ഉണ്ടാകുമോ…. സാധാരണ മനുഷ്യർക്കുള്ള പോലെ മരണം അവരെ പിടികൂടുമോ…. അങ്ങനെയെങ്കിൽ അവർ എങ്ങനെ അവതാരപുരുഷന്മാരാകും? അവർ എങ്ങനെ മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്‌തരാകും. എല്ലാക്കാലത്തും അനാവശ്യമായി ചർച്ച ചെയ്‌തിട്ടുള്ള ഒരു പ്രശന്‌മാണിത്‌.”

ബാലിശമായ ഇത്തരം ചോദ്യങ്ങളുടെ അടിത്തറ തികഞ്ഞ അജ്ഞതയല്ലാതെ മറ്റൊന്നല്ല. ഒരു പുണ്യഗ്രന്ഥത്തിലും അവതാരശരീരത്തിന്റെ അനശ്വരതയെക്കുറിച്ച്‌ പറയുന്നേയില്ല. നശ്വരമായ ശരീരത്തിൽ കുടികൊള്ളുന്ന അനശ്വരമായ ആത്മാവിനെക്കുറിച്ചാണ്‌ ‘ഞാൻ’ എന്ന്‌ പറയുമ്പോഴൊക്കെ അവതാരപുരുഷന്മാർ ഉദ്ദേശിക്കുന്നത്‌. സദാ സർവ്വദാ നിറഞ്ഞു നില്‌ക്കുന്ന ഞാൻ (അഹം തത്ത്വം) എന്നതിൽ ഊന്നി നിന്നുകൊണ്ടാണവരുടെ ചെറു ചലനങ്ങൾ പോലും… അവരാരും ഒരിക്കലും ശരീരം കായ്‌കല്‌പം നടത്തി സൂക്ഷിക്കാൻ ഉപദേശിച്ചിട്ടുമില്ല. അവരാരും അത്‌ ചെയ്‌തിട്ടുമില്ല.

സാധാരണ മനുഷ്യർക്കുള്ളതുപോലെ തന്നെ രൂക്ഷമായ കുടുംബപ്രശ്‌നങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും ‘അവതാരപുരുഷന്മാർക്കും ഉണ്ടായിട്ടുണ്ട്‌. പക്ഷേ അവർ അതിനെ നേരിട്ട രീതിയിലൂടെയാണ്‌ അവരിലെ ദിവ്യതയുടെ പ്രകാശം ലോകത്തിന്‌ ബോധ്യമായത്‌.

ലൗകീകമനുഷ്യനുള്ള ദുഃഖങ്ങൾ മഹത്തുക്കൾ അനുഭവിക്കുന്നതും ലോകമംഗളത്തിനു വേണ്ടി തന്നെയാണ്‌. വസിഷ്‌ഠരാമായണത്തിൽ ഇക്കാര്യം ഭംഗിയായി സൂചിപ്പിക്കുന്നു.

ബ്രഹ്‌മാവ്‌ വസിഷ്‌ഠനെ സൃഷ്‌ടിച്ചു. ലോകത്തിന്‌ തത്ത്വജ്ഞാനം ഉപദേശിക്കാനായിരുന്നു വസിഷ്‌ഠനെ സൃഷ്‌ടിച്ചത്‌. വസിഷ്‌ഠനോ ജന്മനാ ജ്ഞാനിയും. അതുകൊണ്ട്‌ എപ്പോഴും ആനന്ദത്തിലും. അങ്ങനെയുള്ള ഒരാൾക്ക്‌ എങ്ങനെ ജനങ്ങളുടെ ദുഃഖം അറിയാനാകും? അതിനാൽ ആനന്ദമഗ്നനായി ഇരിക്കുന്ന വസിഷ്‌ഠന്‌ അജ്ഞാനം ഉണ്ടാവട്ടെ എന്ന്‌ നാന്മുഖൻ ശപിച്ചു. അജ്ഞാനം മൂലം ദുഃഖത്തിനിരയായ വസിഷ്‌ഠനോട്‌ ദുഃഖത്തിനുള്ള പരിഹാരം ചോദിക്കാൻ ബ്രഹ്‌മാവ്‌ ഉപദേശിച്ചു. അങ്ങനെ ആത്മോപദേശം നല്‌കി വസിഷ്‌ഠനെ വീണ്ടും പിതാമഹൻ പ്രബുദ്ധനാക്കി.

എന്തിനിങ്ങനെ ചെയ്‌തു? ദുഃഖം എന്തെന്ന്‌ വസിഷ്‌ഠൻ മനസിലാക്കണം. അല്ലെങ്കിൽ ലോകരുടെ ദുഃഖം കണ്ടാൽ അതിന്റെ ആഴം മഹർഷിക്ക്‌ മനസിലാകില്ല. അതിനാൽ ആദ്യം ദുഃഖം അനുഭവിപ്പിച്ചു. അതിനുശേഷം ഉപദേശം നല്‌കി, ഇതെല്ലാം ചെയ്‌തത്‌ ലോകത്തിനുവേണ്ടി, നമുക്കുവേണ്ടി.

ഇതുപോലെ സാധാരണമനുഷ്യൻ കടന്നു പോകുന്ന പ്രശ്‌നങ്ങളും, ദുഃഖങ്ങളും അവതാരപുരുഷന്റെ ജീവിതത്തിലും ഉണ്ടാകുന്നു. എങ്ങനെ അവയെ നേരിടണം എന്ന്‌ അവർ സ്വജീവിതത്തിലൂടെ ഉദാഹരിക്കുന്നു. അവർ ചെയ്‌തതുപോലെ നമുക്ക്‌ ചെയ്യാൻ കഴിയുകയില്ലെങ്കിലും കുറച്ചെങ്കിലും അതിനായി ശ്രമിച്ചാൽ തന്നെ നമുക്ക്‌ വളരെ അനായാസം ക്ലേശങ്ങളെ കടന്നുപോകാൻ കഴിയും. അതുകൊണ്ട്‌ തങ്ങളുടെ ജീവിതം ലോകത്തിനുള്ള സന്ദേശമാക്കി തീർക്കുകയാണ്‌ അവതാരപുരുഷന്മാർ ചെയ്യാറ്‌.

അവതാരങ്ങളുടെ ദിവ്യമായ വ്യക്തിപ്രഭാവത്തിന്റെ മഹിമയിൽ അവർ കടന്നുപോന്ന അതിരൂക്ഷ്‌മായ പ്രശ്‌നങ്ങൾ മങ്ങി പോകുന്നു. അവതാരപുരുഷന്മാർ അനുഭവിച്ച പ്രശ്‌നങ്ങൾ നമ്മുടെ ജീവിതത്തിലാണ്‌ സംഭവിക്കുന്നത്‌ എന്ന്‌ ഒന്ന്‌ സങ്കല്‌പിച്ചു നോക്കൂ. അപ്പോൾ പ്രശ്‌നങ്ങളുടെ രൂക്ഷതയും അവതാരത്തിന്റെ മഹിമയും നമുക്ക്‌ ഒരേ സമയം ബോധ്യമാകും.

ഒരർത്ഥത്തിൽ “ഭൗതിക സുഖവും സ്വൈര്യവും” അനുഭവിച്ചിട്ടുള്ള മഹത്തുകൾ ഇല്ലെന്നു തന്നെ പറയാം. പക്ഷേ അവർ അതൊന്നും ബാധിക്കാത്ത അവസ്‌ഥയിലേക്ക്‌ സ്വയം മാറി നിന്നു എന്നതാണ്‌ സത്യം.

ശ്രീരാമാവതാരം

ദശരഥന്‌ ഭാര്യമാർ മൂന്ന്‌. അദ്ദേഹത്തിന്‌ ഏറ്റവും ഇഷ്‌ടം കൈകേയിയേയും. രാമന്റെ മാതാവ്‌ കൗസല്യ ഇതിൽ ദുഃഖിതയുമായിരുന്നു. ഭർത്തൃസാമീപ്യം കൈകേയിയ്‌ക്ക്‌ ലഭിക്കും പോലെ കൗസല്യാദേവിക്ക്‌ ലഭിച്ചതുമില്ല. അമ്മയുടെ ദുഃഖം രാമന്‌ അറിയാതിരിക്കുമോ. അമ്മയുടെ പരിഹാരമില്ലാത്ത ആ ദുഃഖത്തിനു മുന്നിൽ രാമനെപോലുള്ള ഉത്തമ പുത്രന്‌ വിഷമം ഉണ്ടാകുകയില്ലേ. പക്ഷേ രാമൻ മൂന്ന്‌ അമ്മമാരേയും ഒരുപോലെ സ്‌നേഹിച്ചു, ആദരിച്ചു, ആരാധിച്ചു.

താൻ പെറ്റമ്മയ്‌ക്ക്‌ തുല്യം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്‌ത കൈകേയി പരുഷവാക്കുകളോടെ, കൊട്ടാരത്തിൽ നിന്നും തന്നെ പുറത്താക്കുമ്പോഴും രാമൻ എതിർപ്പുകളില്ലാതെ അതെല്ലാം സ്വീകരിക്കുക തന്നെയായിരുന്നു. (രാമൻ ഈശ്വരനല്ലേ, നേരിടാൻ വയ്യായിരുന്നോ എന്ന്‌ ചോദ്യം ഉയർന്നാൽ അത്‌ ബാലബുദ്ധികളുടെ ചോദ്യം തന്നെ. ഈശ്വരന്റെ നാടകശാലയിൽ ഓരോന്നിനും ഒരോ സമയമുണ്ട്‌.) ഇതിനു മുമ്പ്‌ താടകാവധവും, ശൈവചാപ ഭഞ്ജനവും, ഭാർഗവരാമന്റെ ദർപ്പമടക്കലും എല്ലാം നടത്തി താൻ ആരെന്ന്‌ രാമൻ വെളിപ്പെടുത്തുകയും ചെയ്‌തതാണെന്ന്‌ ഓർക്കണം. എന്നിട്ടും രാമൻ പിതൃവാക്യപരിപാലനത്തിനായി വനത്തിലേക്ക്‌ പോയി.

വനത്തിൽ രാമൻ പല ഭീകരന്മാരേയും എതിരിട്ടു. അതേസമയം പല മഷർഷിമാരുടേയും ആദരവും ഏറ്റുവാങ്ങി. രണ്ടിലും-നിന്ദാസ്‌തുതികളിൽ-മനസ്‌ കൊടുക്കാതെ രാമദേവൻ കാന്താരത്തിലേക്ക്‌ തന്നെ നടന്നു.

കാട്ടിൽ സീത മോഷ്‌ടിക്കപ്പെടുന്നു. പ്രതാപിയും ശക്തനുമായ രാവണൻ സീതയെ അപഹരിച്ചു. (ഭാര്യ അപഹരിക്കപ്പെട്ട ഭർത്താവിന്റെ സ്‌ഥിതി ആലോചിക്കൂ അന്ന്‌ സീതാദേവിക്ക്‌ പ്രായം 19.) ഒടുവിൽ അതീവ ക്ലേശങ്ങളെ മറികടന്ന്‌ സീതയെ വീണ്ടെടുത്തു. (എന്തേ രാമൻ വിഷമിച്ചു. എന്തുകൊണ്ട്‌ തന്റെ ദിവ്യശക്തി ഉപയോഗിച്ചില്ല. എന്തിന്‌ വാനരന്മാരുടെ സഹായം തേടി. ത്രിഭുവനങ്ങളും സംഹരിക്കാനുള്ള ദിവ്യശക്തി ഉണ്ടായാലും രാമദേവൻ എന്തുകൊണ്ടത്‌ പ്രദർശിപ്പിച്ചില്ല. ഇവിടെ തന്റെ ദിവ്യത്വം പ്രദർശിപ്പിക്കുകയല്ലായിരുന്നു ലക്ഷ്യം. ധർമ്മപുനഃസ്‌ഥാപനം മാത്രമാണ്‌ അവതാരോദ്ദേശ്യം)

പ്രാണപ്രിയയായ സീതയെ പരമപരിശുദ്ധയാണെന്നറിഞ്ഞിട്ടും അരാജകത്വം ഉണ്ടാകാതിരിക്കാനായി അഗ്നിപ്രവേശനം ചെയ്യിപ്പിക്കുന്നു. പിന്നീട്‌ ഉപേക്ഷിക്കുന്നു. ഇതൊക്കെ ചെയ്യുമ്പോൾ രാമൻ സന്തുഷ്‌ടനുമല്ല. പക്ഷേ ഭരണരംഗത്ത്‌ വർത്തിക്കുന്ന ഒരുവൻ ധർമ്മം എങ്ങനെ പരിപാലിക്കണം എന്ന്‌ ഭഗവാൻ പഠിപ്പിക്കുകയായിരുന്നു. മാനവവേഷം സ്വീകരിച്ചാൽ മാനവധർമ്മങ്ങൾ സ്വീകരിക്കുക തന്നെ വേണം. ഇതുകൊണ്ടൊന്നും രാമന്റെ ദിവ്യത കുറഞ്ഞില്ല, മാത്രമല്ല കൂടുകയല്ലേ ചെയ്‌​‍്‌തത്‌!

രാമാവതാരത്തിന്റെ അവസാന ഭാഗം ശ്രദ്ധിക്കു. സീതാപരിത്യാഗം, മക്കളുമായി പോരടിക്കേണ്ടി വരിക, (ലവനും, കുശനുമായി യുദ്ധം) ജീവന്റെ ജീവനായി സ്‌നേഹിച്ച അനുജൻ ലക്ഷ്‌മണകുമാരനെ വധിച്ചതിനു തുല്യം ഉപേക്ഷിക്കുക. ഇങ്ങനെ രാമകഥ ചിന്തിച്ചാൽ രാമന്റെ ജീവിതം സുഖകരമായിരുന്നുവോ. രാമൻ നേരിട്ട ദുരിതങ്ങളിൽ ഒന്നെങ്കിലും സ്വപ്‌നത്തിലെങ്കിലും അനുഭവിക്കാൻ നമുക്ക്‌ സാധിക്കുമോ?

ഈ ദുരിതക്കയങ്ങളിൽ നീന്താൻ ഒരവതാരത്തിനു മാത്രമേ സാധ്യമാകൂ. അതാണ്‌ രാമൻ ചെയ്‌തു കാണിച്ചതും. സഹനത്തിന്റെ (തിതിക്ഷ) കലയാണ്‌ ഏത്‌ അവതാരചരിത്രത്തിലും കാണാനുള്ളത്‌. നമ്മളും അവതാരവും തമ്മിലുള്ള വ്യത്യാസവും അതുതന്നെ.

തുടരും…..

Generated from archived content: essay1_may26_11.html Author: n_somasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here