ഭഗവാന്‌ ഭവ രോഗമോ? (രണ്ടാം ഭാഗം)

ശ്രീകൃഷ്‌ണാവതാരം

ഒരു പക്ഷേ ശ്രീകൃഷ്‌ണൻ അനുഭവിച്ചിട്ടുള്ളത്ര ദുരന്തങ്ങൾ മറ്റാരും അനുഭവിച്ചിട്ടില്ലെന്നു പറയാം. ശ്രീകൃഷ്‌ണൻ സ്വന്തം കഥ പറഞ്ഞാൽ എങ്ങനെയിരിക്കും ഒന്നാലോചിച്ചു നോക്കാം.

ഞാൻ ജനിക്കാൻ പോകുന്നു എന്ന കാരണം കൊണ്ടു മാത്രം എന്റെ മാതാപിതാക്കൾ തടവിലാക്കപ്പെടുക. തനിക്കു മുമ്പേ ജനിച്ച സഹോദരങ്ങൾ താൻ മൂലം അരും കൊല ചെയ്യപ്പെടുക. ജനിച്ച നിമിഷം തന്നെ അമ്മയിൽ നിന്നും മാറ്റിപാർപ്പിക്കുക. തന്റെ ജീവൻ രക്ഷിക്കാനായി മറ്റൊരു കുരുന്നിനെ (യശോദയുടെ കുഞ്ഞ്‌) കൊലയ്‌ക്ക്‌ കൊടുക്കുക. തന്നെ വേട്ടയാടാൻ ഒരുക്കിയ വലയിൽ നിരവധി കുഞ്ഞുങ്ങൾ കൊലചെയ്യപ്പെടുക. (പൂതന തുടങ്ങിയവരുടെ ആക്രമണങ്ങൾ)

ഒരു ഗ്രാമം മുഴുവനും താൻ കാരണം മറ്റൊരു സ്‌ഥലത്തേയ്‌ക്ക്‌ പറിച്ചു മാറ്റപ്പെടുക. (വൃന്ദാവനം) സ്വന്തം അമ്മാവനെ (കംസൻ) വധിക്കേണ്ട ഗതികേട്‌. അതിനുശേഷം രാജ്യം മുത്തശ്ശനെ ഏല്‌പിച്ച്‌ സ്വസ്‌ഥമായിരിക്കാൻ തുടങ്ങുമ്പോൾ അച്ഛൻ പെങ്ങളുടെ – കുന്തീ – കുടുംബത്തിൽ കലഹം (ഹസ്‌തിനാപുരിയിൽ കൗരവപാണ്ഡവ സംഘർഷം) കുലവധുവിനെ സഭാമധ്യത്തിൽ വസ്‌ത്രം ഉരിയത്തക്കവിധം അധഃപതിച്ച ഭരണനേതൃത്വം. (പാഞ്ചാലീ വസ്‌ത്രാപഹരണം)

ധർമ്മിഷ്‌ഠനായ ഒരുവന്‌ എങ്ങനെ ഇതെല്ലാം സഹിക്കാനാകും? അങ്ങനെ കൃഷ്‌ണൻ രംഗത്തിറങ്ങുന്നു. ഒടുവിൽ ഒരു മഹായുദ്ധത്തിന്‌ കളമൊരുങ്ങി. യുദ്ധം തുടങ്ങി പതിനായിരക്കണക്കിന്‌ പേർ ചത്തൊടുങ്ങി. ഒടുവിൽ ധർമ്മം വിജയിച്ചു. ധർമ്മപുത്രരെ ഭഗവാൻ ഭരണത്തിലിരുത്തി.

അപ്പോഴേക്കും സ്വന്തം കുലത്തിൽ തന്നെ അധർമ്മം വിളയാടാൻ തുടങ്ങി. ശ്രീകൃഷ്‌ണന്റെ മകൻ സാംബൻ സ്‌ത്രീവേഷം കെട്ടി നിന്ന്‌ മഹാമുനികളെ പരിഹസിച്ചു. അതിന്റ ഫലമായി “മുസലം കുലനാശനം” എന്ന ശാപം. താൻ പടുത്തുയർത്തി കൊണ്ടുവന്ന യദുകുലം തമ്മിൽ തല്ലി നശിക്കുന്നത്‌ കൃഷ്‌ണന്‌ കാണേണ്ടി വരിക! ഒടുവിൽ തന്റെ രാജ്യമായ ദ്വാരകയെ കടൽ വിഴുങ്ങുക. (പക്ഷേ ഇതിനിടയിൽ അനുസരണയുള്ള, ഭക്തനായ ഉദ്ധവരോടു മാത്രം രക്ഷപ്പെടാനുള്ള വഴിയും ഉപദേശിച്ചു).

കുരുക്ഷേത്രത്തിലെ മഹായുദ്ധത്തിൽ ഒരായുധം പോലും എടുക്കാതെ കുതിരയെ തെളിച്ചു മാത്രം യുദ്ധത്തിന്റെ ഭാവി കൈപ്പിടിയിലൊതുക്കിയ മഹാപ്രഭുവായ ശ്രീകൃഷ്‌ണഭഗവാന്റെ വ്യക്തിജീവിതമാണ്‌ ചുരുക്കി പറഞ്ഞത്‌. കൺകോൺ ചലനത്താൽ പ്രപഞ്ചത്തെ ഇളക്കിമറിയ്‌ക്കാൻ കഴിയുന്ന മഹാപ്രഭുവിന്റെ ചരിത്രമാണ്‌ പറഞ്ഞത്‌.

എന്തേ കൃഷ്‌ണൻ ഈ രംഗങ്ങളിലൊക്കെ തന്റെ ദിവ്യത പ്രകടിപ്പിച്ചില്ല. ഇതിനും ഉത്തരം ഒന്നു തന്നെ. അവതാരപുരുഷൻ പ്രദർശനത്തിന്‌ വന്നവരല്ല. ധർമ്മസംസ്‌ഥാപനം മാത്രമാണ്‌ അവരുടെ ലക്ഷ്യം. ശ്രീകൃഷ്‌ണന്റെ കുടുംബചരിത്രം ഇങ്ങനെയായതുകൊണ്ട്‌ ശ്രീകൃഷ്‌ണമഹിമയ്‌ക്ക്‌ എന്തെങ്കിലും കുറവുണ്ടായോ? ആലോചിക്കൂ.

ശ്രീകൃഷ്‌ണമഹിമ നിറഞ്ഞു നില്‌ക്കുന്നത്‌ ഈ മഹാദുരിതങ്ങൾക്കിടയിലും പുഞ്ചിരി തൂകാനുള്ള മനസ്സ്‌ ഭഗവാന്‌ ഉണ്ടായിരുന്നതുകൊണ്ടുമാത്രമല്ലേ. രാമ-കൃഷ്‌ണാവതാരങ്ങളുടെ കുടുംബജീവിതം പ്രശ്‌നരഹിതമായിരുന്നുവോ?

ഇനി ഈശ്വരമഹിമ എത്ര പ്രകടമാക്കിയാലും സുകൃതം ഇല്ലാത്തവന്‌ അത്‌ മനസിലാകുകയുമില്ല. ദൂതിനുപോയ ഭഗവാനെ ദുര്യോധനൻ ബന്ധിക്കാൻ ശ്രമിച്ചു. അപ്പോൾ ഭഗവാൻ വിശ്വരൂപം കാണിക്കുന്നുണ്ട്‌. പക്ഷേ പിന്നീട്‌ ദുര്യോധനൻ അതേക്കുറിച്ച്‌ പറഞ്ഞത്‌. “ഇടയന്റെ മായാജാലപ്രകടനം” എന്നാണ്‌. പക്ഷേ അതേ വിശ്വരൂപദർശനം കണ്ട്‌, ആനന്ദിച്ച, ഭഗവാനെ തിരിച്ചറിഞ്ഞ വിരലിലെണ്ണാവുന്ന ഭീഷ്‌മരെ പോലുള്ള സുകൃതികളും അവിടെ ഉണ്ടായിരുന്നു.

അവാതാരപുരുഷന്റെ മഹിമ മനസിലാക്കാനും അവിടുന്ന്‌ കൃപ ചൊരിയണം. ഭൗതികലോകത്തിലെ ഒരളവുകോലുകൊണ്ടും അവതാരപുരുഷനെ അളന്ന്‌ തിട്ടപ്പെടുത്താനാവില്ല. അതിന്‌ തുനിയുന്നത്‌ വങ്കത്തം തന്നെ. അതാണ്‌ കൃഷ്‌ണൻ പറഞ്ഞത്‌, “അല്‌പബുദ്ധികൾ മനുഷ്യശരീരം ധരിച്ച എന്റെ പരമമായ ഭാവത്തെ അറിയുന്നില്ല.”

ശ്രീശങ്കരൻ

പൂർണ അവതാരപുരുഷന്മാരായ രാമകൃഷ്‌ണന്മാരുടെ ‘ജീവിതചരിതം’ ഇങ്ങനെയെങ്കിൽ, ശ്രീശങ്കരാദികളെ പോലുള്ള പുണ്യാത്മാക്കളുടെ ജീവിതവും ഒന്ന്‌ പരിശോധിച്ചു നോക്കാം.

നന്നേ ചെറുപ്പത്തിലേ പിതാവിന്റെ മരണം. അമ്മയ്‌ക്ക്‌ മകനും മകന്‌ അമ്മയും മാത്രം തുണ. ഈ അവസ്‌ഥയിലാണ്‌ കൊച്ചു ശങ്കരൻ അമ്മയെ ഒറ്റയ്‌ക്കാക്കി ജ്ഞാനാർജ്ജനത്തിനുവേണ്ടി സന്യസിക്കുന്നത്‌. നിരാലംബയായ അമ്മയെ ഇട്ടിട്ടു പോകുന്നത്‌ ഒരു ബാലന്‌ സന്തോഷം ഉള്ള സംഭവമാണോ? കേരളം മുതൽ മധ്യപ്രദേശിലെ നർമ്മദാതീരത്തുള്ള തന്റെ ഗുരുസന്നിധി വരെ ബാലശങ്കരന്റെ പദയാത്ര! പിന്നീട്‌ സനാതന ധർമ്മപ്രചരണത്തിനു വേണ്ടിയുള്ള കഠിനാദ്ധ്വാനം.

ഇതിനിടയിൽ മാതൃവിയോഗം. ആ ശരീരം ദഹിപ്പിക്കുവാൻ പോലും അന്നത്തെ സമുദായപ്രമാണിമാർ സഹകരിച്ചില്ല. (അമ്മയുടെ ശരീരവും വച്ച്‌ നിസഹായനായി ഇരിക്കുന്ന ആ യുവാവിനെ ഭാവന ചെയ്യൂ). പക്ഷേ തന്റെ ആത്മബലത്താൽ ശങ്കരൻ അതൊക്കെ നേരിട്ടു. പിന്നീട്‌ ധർമ്മപ്രചരണത്തിനിടയിൽ നേരിടേണ്ടി വന്ന ഭീകരമായ എതിർപ്പുകൾ, ആഭിചാരപ്രയോഗങ്ങൾ, ഒരു ഘട്ടത്തിൽ കാപാലികമത നേതാവിന്റെ വാൾത്തല ശ്രീശങ്കരന്റെ ഗളം ഛേദിക്കാൻ ശ്രമിച്ചതും ചരിത്രം. ശങ്കരന്റെ ഭൗതികജീവിതം സുഖകരമായിരുന്നുവോ?

ആഭിചാര പ്രയോഗത്താൽ രോഗപീഡിതനായി ക്ലേശം അനുഭവിക്കുന്ന ശങ്കരനെ നാം കാണുന്നില്ലേ. 32 വയസിനകം ഭാരതം മുഴുവൻ ധർമ്മപ്രചരണം നടത്തി. ഒരൊറ്റ കുടക്കീഴിൽ ഭാരതത്തെ കൊണ്ടുവന്ന ശ്രീശങ്കരൻ എന്തേ ഭൗതികപ്രശ്‌നങ്ങളെ തന്റെ പരമവൈഭവം കൊണ്ട്‌ നേരിടാതിരുന്നത്‌? അന്നത്തെ എത്രയോ രാജാക്കന്മാർ ശ്രീശങ്കരന്റെ ഒരു കടാക്ഷത്തിനായി കാത്തുനിന്നു. അവരോടൊന്നും അദ്ദേഹം സഹായം ചോദിച്ചുവോ?

പുണ്യാത്മാക്കൾ അതിനൊന്നും വന്നവരല്ല. ഇഹലോകജീവിതം അനിത്യവും അസുഖം നിറഞ്ഞതാണെന്നും അവർക്കറിയാം. അതുകൊണ്ടുതന്നെ ലോകം ശരിയാക്കുക എന്ന പാഴ്‌പണിക്ക്‌ ഒരു മഹാപുരുഷനും ഒരുമ്പെടാറുമില്ല. അവർ ഈ ലോകത്ത്‌ എങ്ങനെ ജീവിക്കാം എന്നാണ്‌ പഠിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ഭൗതികക്ലേശങ്ങൾ അവരുടെ വില ഇടിക്കാറുമില്ല. ഭൗതികജീവിതത്തിലെ അളവുകോലുകൊണ്ട്‌ അവരെ അളക്കാനും സാധ്യമല്ല.

ശ്രീബുദ്ധൻ

കൊട്ടാരത്തിൽ രാജകുമാരനായി ജനനം. ശുദ്ധോദന മഹാരാജാവിന്റെയും മഹാമായാദേവിയുടെയും ഓമനപുത്രൻ. പക്ഷേ കുഞ്ഞ്‌ ജനിച്ചതിന്റെ ഏഴാം നാൾ അമ്മ മരിച്ചു. മഹാരാജാവിന്റെ രണ്ടാം ഭാര്യ ഗൗതമിയാണ്‌ പിന്നീട്‌ സിദ്ധാർത്ഥനെ വളർത്തിയത്‌ (അതുകൊണ്ട്‌ ഗൗതമബുദ്ധൻ എന്ന പേര്‌).

അസിതമഹർഷി കുട്ടിയെ കണ്ടപ്പഴേ പറഞ്ഞു. “ഈ കുഞ്ഞ്‌ ലോകഗുരുവാകും. ഇവൻ ലോകത്തിനു വിളക്കാണ്‌. അച്ഛൻ പേടിച്ചുപോയി. ഒരേയൊരു കുഞ്ഞ്‌, നാളെ രാജ്യം ഭരിക്കേണ്ടവൻ. അവൻ സന്യാസിയായിപ്പോയാലോ! അതുകൊണ്ട്‌ ദുഃഖവും ക്ലേശവും കാണാതെ, കേൾപ്പിക്കാതെ കാഞ്ചനകൂട്ടിലാണ്‌ പിതാവ്‌ പുത്രനെ വളർത്തിയത്‌. സന്യസിച്ചു പോകരുതല്ലോ.

അതിസുന്ദരിയായ യശോധരയെ നന്നേ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിപ്പിച്ചു കൊടുത്തു. ഒരു പുത്രനും ഉണ്ടായി. ഒരു യാത്രയ്‌ക്കിടയിലാണ്‌ രാജകുമാരൻ ലോകത്തിലെ ദുഃഖത്തെക്കുറിച്ചറിഞ്ഞത്‌. അതിന്റെ പരിഹാരം തേടി സമൃദ്ധമായ ഭൗതികസുഖവും സുന്ദരിയായ ഭാര്യയേയും ഒരു വയസായ ഓമനക്കുഞ്ഞിനേയും ഉപേക്ഷിച്ച്‌ രാജകുമാരൻ രാവിന്റെ മറവിൽ കൊട്ടാരം വിട്ടിറങ്ങി.

ജ്ഞാനോദയത്തിനുശേഷവും ബുദ്ധൻ നടന്ന വഴികൾ സുഖകരമായിരുന്നില്ല. പരിഹാസം, നിന്ദ, എത്രയോ പ്രാവശ്യം ശ്രീബുദ്ധന്റെ ജീവന്‌ വരെ ഭീഷണി ഉയർന്നു. വൈശാലിയിൽ നിന്ന്‌ കുശിനാരയിലേക്കുള്ള യാത്രമദ്ധ്യേ കുന്തൻ എന്നയാളുടെ സത്‌കാരം സ്വീകരിച്ച്‌ പന്നിയിറച്ചി കഴിക്കേണ്ടി വരികയും ചെയ്‌തു. മരണത്തിലേക്കുള്ള യാത്രകൂടിയായി അത്‌ മാറി. അതിനെ മറികടക്കാൻ എന്തേ ശ്രീബുദ്ധൻ ശ്രമിച്ചില്ല.

രാജ്യം മുഴുവനും അനുയായികളെകൊണ്ട്‌ നിറഞ്ഞ ഘട്ടത്തിലാണ്‌ ബുദ്ധൻ നിർവ്വാണം പ്രാപിക്കുന്നത്‌. അന്നത്തെ ഭൗതിക സാഹചര്യം തനിക്കിഷ്‌ടമുള്ള വിധം രൂപപ്പെടുത്താൻ കഴിയുമായിരുന്നിട്ടും ശക്തനായ രാജാവിന്റെ മകനായിരുന്നിട്ടും എന്തുകൊണ്ട്‌ ശ്രീബുദ്ധൻ പ്രകൃതിയുടെ സ്വഭാവത്തിന്‌ വഴങ്ങിക്കൊടുത്തു. സാധാരണ ബുദ്ധിക്ക്‌ ഇതിന്‌ എന്തു സമാധാനം നല്‌കാൻ സാധിക്കും?

ശ്രീയേശു

യേശുവിന്റെ ജീവിതം മുഴുവനും തന്നെ ദുരിതപൂർണമായിരുന്നില്ലേ… ഗർഭിണിയായ മറിയത്തിനേയും കൊണ്ട്‌ ജോസഫ്‌ യാത്ര തുടങ്ങുമ്പോൾ മുതലേ അതാരംഭിക്കുന്നു എന്നു പറയാം. നിരായുധനായി. പക്ഷേ പ്രേമം എന്ന ആയുധവും പേറി അന്നത്തെ ഭരണാധികാരികളെ യേശു വിറപ്പിച്ചു.

അഞ്ചപ്പം കൊണ്ട്‌ അയ്യായിരങ്ങളെ ഊട്ടിയ ക്രിസ്‌തു, കാനായിലെ വിരുന്നിൽ വെള്ളം വീഞ്ഞാക്കിയ ക്രിസ്‌തു, മരിച്ച ലാസറിനെ ഉയർപ്പിച്ച ക്രിസ്‌തു. പള്ളിയിൽ നിന്നും കച്ചവടക്കാരെ ചാട്ടവാറുകൊണ്ട്‌ തുരത്താൻ ധൈര്യം കാണിച്ച യേശു എന്തേ കുരിശു മരണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചില്ല! കടലിനെ ശാസിക്കാൻ കരുത്തുള്ളവന്‌ പീലാത്തോസിന്റ കുറച്ച്‌ പട്ടാളക്കാരെ ഭയമായിരുന്നു എന്ന്‌ കരുതുന്നത്‌ മൂഢതയല്ലേ?

യാതനാപൂർണമായ ജീവിതാന്ത്യം ആ മഹാപുരുഷൻ സ്വയം സ്വീകരിച്ചു. എന്തിന്‌? സഹനത്തിന്റെ കല ലോകത്തിന്‌ കാണിച്ചു കൊടുക്കാനായി മാത്രം. ദൈവപുത്രനെ കുരിശിലടിച്ച്‌ വധിച്ചത്‌ ദൈവം അറിയാതെയാണോ! ആ ക്രൂശാരോഹണം ക്രിസ്‌തുവിന്റെ മഹത്വം കുറച്ചുവോ. അതോ ലോകത്തിന്‌ ദൈവപുത്രന്റെ മഹനീയത ബോധ്യപ്പെടുത്തി കൊടുത്തുവോ?

ശ്രീരാമകൃഷ്‌ണൻ

കൽക്കട്ടയിലെ ഭവതാരിണിക്ഷേത്ര സന്നിധിയിലിരുന്ന്‌ ലോകചരിത്രം വിവേകാനന്ദനെകൊണ്ട്‌ മാറ്റി എഴുതിച്ചയാളാണ്‌ ശ്രീരാമകൃഷ്‌ണൻ. പള്ളിക്കൂടത്തിൽ പോകാത്ത, ഭൗതികലോകത്തിന്റെ കണ്ണുമിന്നിക്കുന്ന വിവരങ്ങൾ ഒന്നും അറിയാത്ത ഒരു സാധു ഗ്രാമീണൻ. ശരിക്കും മുണ്ടുപോലും ഉടുക്കാനാകാത്ത ഒരു ബ്രാഹ്‌മണൻ പക്ഷേ ലോകം ആ പാദത്തിൽ മുട്ടുമടക്കി നമസ്‌കരിച്ചു.

ആ താപോനിർഭരമായ ജീവിതത്തിൽ ഒരിക്കൽ പോലും ശ്രീരാമകൃഷ്‌ണൻ തന്റെ ഈശ്വരീയ സിദ്ധികൾ പ്രകടിപ്പിച്ചിട്ടില്ല. എന്നു വേണമെങ്കിൽ പറയാം. വിവേകാനന്ദസ്വാമികൾ പറയുംപോലെ മനുഷ്യമനസുകളെ ഉരുക്കി തന്നിഷ്‌ടം പോലെ പുനർനിർമ്മിക്കുന്ന മഹാ അത്ഭുതമല്ലാതെ മറ്റൊരു അത്ഭുതവും ശ്രീരാമകൃഷ്‌ണൻ പരസ്യമായി ചെയ്‌തിട്ടില്ല.

ഈശ്വരലഹരിയിലാണ്ട ശ്രീരാമകൃഷ്‌ണന്‌ ഉന്മാദമാണെന്നും, ഭ്രാന്താണെന്നും മറ്റും പരിഹസിക്കാൻ അന്നും ജനങ്ങൾ കുറവല്ലായിരുന്നു. കേശവചന്ദ്രസേനൻ, ഈശ്വരചന്ദ്രവിദ്യാസാഗർ, ഗിരീഷ്‌ഘോഷ്‌ എന്നിവരെ പോലുള്ള അന്നത്തെ പ്രശസ്‌തരും, പ്രഗത്ഭരും ശ്രീരാമകൃഷ്‌ണനിലെ മഹത്വം തിരിച്ചറിയുകയും ചെയ്‌തിരുന്നു. അവരൊക്കെ ആ പാദസേവനത്തിന്‌ സദാ സന്നദ്ധരുമായിരുന്നു. പക്ഷേ പരമഹംസദേവൻ അതിനൊന്നും ആഗ്രഹിച്ചില്ല.

തൊണ്ടയിൽ അതീവ വേദനയുള്ള അർബുദവും പേറി എത്രകാലം ശ്രീരാമകൃഷ്‌ണൻ ജീവിച്ചു. ഒരിക്കൽ പോലും തന്റെ രോഗം ശമിപ്പിക്കാനായി അദ്ദേഹം ഒന്നു സങ്കല്‌പിക്കുക പോലും ചെയ്‌തിട്ടില്ല. തന്റെ ഒരൊറ്റ സങ്കല്‌പത്താൽ അദ്ദേഹത്തിന്‌ നേടാനാകാത്തതായി യാതൊന്നും ഉണ്ടായിരുന്നില്ല എന്നു കൂടി അറിയുക. അക്കാര്യം എത്രയോ വട്ടം ആ ജീവിതത്തിൽ നാം കാണുന്നുമുണ്ട്‌.

ഒരിക്കൽ സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ, ”ഒരുപിടി പൂഴി മണലിൽ നിന്നും അത്രയും വിവേകാനന്ദൻമാരെ സൃഷ്‌ടിക്കാൻ എന്റെ ഗുരുദേവൻ ഇച്ഛിച്ചാൽ മതി, അത്‌ അങ്ങനെ തന്നെ സംഭവിക്കുമായിരുന്നു.“ ആ മഹാപുരുഷനാണ്‌ രോഗയാതന മുഴുവനും അനുഭവിച്ച്‌ തീർത്തത്‌? ഒരു തുള്ളി വെള്ളം പോലും ഇറക്കാനാകാത്ത നൊമ്പരമുള്ള രോഗം.

ഭക്ഷണം കഴിക്കാൻ വേണ്ടിയെങ്കിലും, അതിനു മാത്രമെങ്കിലും ഉള്ള രോഗശമനത്തിനായി പ്രാർത്ഥിക്കാൻ ശ്രീരാമകൃഷ്‌ണനോട്‌ വിവേകാനന്ദൻ യാചിച്ചു. പ്രിയശിഷ്യന്റെ നൊമ്പരം കണ്ട്‌ ഉള്ളുരുകി അദ്ദേഹം മനസില്ലാ മനസോടെ സമ്മതിച്ചു. പക്ഷേ പ്രാർത്ഥനയ്‌ക്കു ശേഷം പറഞ്ഞത്‌ എന്താണ്‌. ”കുഞ്ഞേ, ഇക്കാണുന്ന വായിലൂടെ എല്ലാം ഭക്ഷണം കഴിക്കുന്നത്‌ നീ തന്നെയല്ലേ, അതുപോരെ!“ എന്ന്‌ ദേവി ചോദിച്ചു. ഈ ദർശനം പറഞ്ഞതിനുശേഷം പരമഹംസൻ പറഞ്ഞു, ”ശപ്പൻ നീ പറഞ്ഞതുകേട്ട്‌ ഞാൻ പ്രാർത്ഥിച്ചു. പക്ഷേ ദേവിയുടെ അരുളപ്പാട്‌ കേട്ട്‌ ഞാൻ നാണിച്ചുപോയി.“

ഈ മനോനില അവതാരപുരുഷനല്ലാതെ മറ്റാർക്ക്‌ ഉണ്ടാകും. ലോകം മുഴുവനും വിവേകാനന്ദനെന്ന ആ കൊടുങ്കാറ്റിനെ അഴിച്ചുവിട്ട ആ ഇച്ഛാശക്തി എന്തേ ശ്രീരാമകൃഷ്‌ണൻ സ്വന്തം ശരീരത്തിൽ പ്രയോഗിച്ചില്ല! ആലോചിക്കുക.

”രാമനും കൃഷ്‌ണനുമായി വന്നയാൾ തന്നെയാണ്‌ ഈ രാമകൃഷ്‌ണ ശരീരത്തിൽ കൂടികൊള്ളുന്നതെന്നും“ ആ രോഗശയ്യയിൽ കിടന്നുകൊണ്ട്‌ നരേന്ദ്രന്‌-വിവേകാനന്ദന്‌-രാമകൃഷ്‌ണൻ ഉറപ്പു കൊടുത്തതും ചരിത്ര സത്യം.

ശരീരം പ്രകൃതി കാര്യങ്ങളാണ്‌. പ്രകൃതിയുടെ സ്വഭാവം തന്നെ മാറ്റമാണ്‌. അതറിവുള്ളതുകൊണ്ട്‌ അവതാരപുരുഷന്മാർ പ്രകൃതി കാര്യങ്ങളിൽ വളരെ വിരളമായി മാത്രമേ ഇടപെടാറുള്ളു.

മഹാലക്ഷ്‌മിയെന്നും, വിദ്യാദേവതയായ ശാരദയെന്നും, മഹാമായാ എന്നും ശ്രീരാമകൃഷ്‌ണൻ വിശേഷിപ്പിച്ച ശ്രീ ശാരദാദേവി അനുഭവിച്ച ”ദാരിദ്ര്യദുഃഖത്തിന്‌“ എന്തു വിശദീകരണം നമുക്കു കൊടുക്കാനാകും?” എന്റെ കുട്ടികൾക്ക്‌ കഴിക്കാനും കിടക്കാനും ഉള്ള വക കൊടുക്കണമേ“ എന്ന്‌ മഹാതപസ്വിനി പ്രാർത്ഥിക്കുന്നതും നമുക്ക്‌ ചരിത്രത്തിൽ വായിക്കാമല്ലോ. ആദ്ധ്യാത്മികാടിത്തറയിൽ നിന്നല്ലാതെ ഇതിന്‌ ഉത്തരം പറയാൻ ഏതു ഭൗതികശാസ്‌ത്രത്തിന്‌ കഴിയും.!

സ്വാമി വിവേകാനന്ദൻ

സമ്പന്ന കുടുംബത്തിൽ, സ്വാധീനമുള്ള സാഹചര്യങ്ങളിൽ ജനനം. അകലാത്തുണ്ടായ പിതൃവിയോഗം കുടുംബസ്‌ഥിതി ആകെ താറുമാറാക്കി. വീട്ടിൽ ദാരിദ്ര്യത്തിന്റെ കരിനിഴൽ പരന്നു. ഉണ്ണാനും ഉടുക്കാനും പോലും കഷ്‌ടപ്പാട്‌. സഹോദരിയുടെ ആകസ്‌മികമായ അപകടമരണം. എന്തു ചെയ്യേണ്ടു എന്നറിയാത്ത അവസ്‌ഥ. അതിനിടയിൽ ഗുരുനാഥനായ, ഒരേയൊരു ആശ്രയമായ ശ്രീരാമകൃഷ്‌ണന്റെ ദേഹത്യാഗം. വളരെ ചെറുപ്പമായിരുന്നു അന്ന്‌ നരേന്ദ്രന്‌ (വിവേകാനന്ദൻ)

‘താൻ ലോകത്തിലെ സഹോദരിമാരുടെ കണ്ണീരൊപ്പാൻ ശ്രമിക്കണോ, അതോ സ്വന്തം വീട്ടിലെ കണ്ണീരൊപ്പാൻ ശ്രമിക്കണോ’ ഈ ചോദ്യം സ്വാമിവിവേകാനന്ദനെ ആശയക്കുഴപ്പത്തിലാക്കിയ നീണ്ട ദിനരാത്രങ്ങൾ. ഒടുവിൽ തീരുമാനിച്ചു ഈ ശരീരം പരോപകാരത്തിനു വേണ്ടി മാത്രമാണ്‌. പിന്നെ ഭാരതത്തെ അറിയാനായി പദയാത്ര. യാത്രയ്‌ക്കിടയിൽ അനുഭവിച്ച ദാരിദ്ര്യം, അപമാനം, ക്ലേശങ്ങൾ. ഒടുവിൽ ചിക്കാഗോയിലേക്ക്‌.

അവിടെ നേരിട്ട അപവാദ പ്രചരണങ്ങൾ, മിഷനറിമാരുടെ എതിർപ്പുകൾ. ഇതിനിടയിൽ കൂടി യാത്ര ചെയ്യുമ്പോഴും ആ മഹാതപസ്വി ഉറച്ചു തന്നെ നിന്നു. ഒടുവിൽ ഭാരതത്തിന്റെ മഹത്തായസന്ദേശം ലോകത്തിന്‌ സമ്മാനിച്ചു. തിരിച്ചെത്തിയപ്പോൾ തഴുകാനും, തട്ടാനും ജനങ്ങൾ ഉണ്ടായിരുന്നു. ശരിയായ ആഹാരം കഴിക്കാൻ പോലും സാധിക്കാത്ത എത്രയോ ദിനരാത്രങ്ങൾ വിവേകാനന്ദസ്വാമികൾ തള്ളി നീക്കി. കഠിനയത്‌നത്തിനൊടുവിൽ ആ ദിവ്യശരീരം ശിഥിലമായി. ആശയ ഗാംഭീര്യത്താൽ ലോകം മുഴുവനും ഉഴുതുമറിച്ച വിവേകാനന്ദസ്വാമികളുടെ ”ഭൗതിക ജീവിതം“ സുഖസമൃദ്ധമായിരുന്നുവോ? കോടീശ്വരനായ റോക്ക്‌ ഫെല്ലറുടെ ഗൃഹത്തിൽ കിടന്നപ്പോൾ, ഭാരതത്തിന്റെ ക്ലേശങ്ങൾ ഓർത്ത്‌ ആ മഹാപുരുഷൻ നിലത്ത്‌ കരഞ്ഞു കിടന്നതും നാം ഓർക്കണം. എന്തേ അവർ ഭൗതികസുഖ സമൃദ്ധിക്കൊന്നും ശ്രമിച്ചില്ല?

സ്വാമി രാമതീർത്ഥൻ

വിവേകാനന്ദസ്വാമികളുടെ ‘തീപ്പൊരിപ്രസംഗം’ കേട്ട്‌ വേദാന്തത്തിൽ ആകൃഷ്‌ടനായ പുണ്യപുരുഷൻ. കൈയിൽ ഒരൊറ്റ പൈസപോലും ഇല്ലാതെ അമേരിക്കയിലേക്ക്‌ വേദാന്ത പ്രചരണത്തിനായി യാത്ര. വിവേകാനന്ദസ്വാമികളുടെ സ്‌നേഹപൂർവ്വമുള്ള നിർബ്ബന്ധം കൊണ്ടാണ്‌ രാമതീർത്ഥൻ യാത്ര പുറപ്പെട്ടത്‌. അവിടെ അമേരിക്കൻ പ്രസിഡന്റിന്റെ അതിഥിയായി അദ്ദേഹം കഴിഞ്ഞു. എന്നറിയുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ഊഹിക്കാനാകും. അമേരിക്കയിലെ 13 സർവ്വകലാശാലകൾ എൽ.എൽ.ഡി. ഡിഗ്രി കൊടുക്കാൻ തയ്യാറായി. രാമതീർത്ഥൻ സ്‌നേഹപൂർവ്വം അതെല്ലാം നിരസിച്ചു.

33-​‍ാം വയസിൽ ഭിലാംഗ്‌ ഗംഗയിൽ ഇറങ്ങി ശരീരം ത്യജിച്ചു. (ഒഴുക്കിൽപെട്ട്‌ ‘ദാരുണമരണം’ സംഭവിച്ചു എന്നു പത്രവാർത്ത പറയാമല്ലോ)

കൈപ്പിടിയിൽ ഒതുക്കാവുന്ന സ്വാധീനവും സമൃദ്ധിയും ഉണ്ടായിട്ടും തികഞ്ഞ നിസംഗതയോടെ അദ്ദേഹം ജീവിതം നയിച്ചു.

മഹാത്മഗാന്ധി

‘കർമ്മയോഗിയായി’ ഈശ്വരൻ അയച്ച മഹാപുരുഷനാണ്‌ മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി. ‘സത്യത്തെ’ കണ്ടെത്താൻ അദ്ദേഹം രാഷ്‌ട്രത്തെ ഉപയോഗിച്ചു അതിലൂടെ ഒരു ജനതയ്‌ക്ക്‌ സാമൂഹിക സ്വാതന്ത്ര്യം -ലോകത്തിന്‌ മാതൃക. ഗാന്ധിജിയെ കൊണ്ടുള്ള പരാതികൾ ഏറിയപ്പോൾ വിൻസ്‌റ്റൻ ചർച്ചിൽ ചോദിച്ചത്രേ ‘എന്തുകൊണ്ട്‌ നിങ്ങൾക്കയാളെ വെടിവെച്ചു കൂടാ.” അതിന്‌ ഉത്തരമായി അന്നത്തെ പോലീസ്‌ മേധാവികൾ ശക്തനായ ചർച്ചിലിനോട്‌ പറഞ്ഞു. “മരിച്ച ഗാന്ധിജി മരിക്കാത്ത ഗാന്ധിയേക്കാൾ അപകടകാരിയാണ്‌.” മഹാത്മഗാന്ധി ഭാരതമനസിൽ കുടികൊണ്ടത്‌ ഏതുവിധം എന്നുള്ളതിന്‌ ഈ ഒരൊറ്റ വാക്കു മതി.

ഗ്രാമസേവയ്‌ക്കായി മഹാത്‌മഗാന്ധിയുടെ മുന്നിൽ സമ്പന്നന്മാർ പണവും സ്വർണവും കുന്നുകൂട്ടിയിട്ടു. പക്ഷേ ഗാന്ധിജി ഉപജീവനം നടത്തിയത്‌ ചർക്കയിൽ നൂൽ നൂറ്റും. ഒരു തോർത്തും ഉടുത്ത്‌ വെള്ളക്കാരെ വിറപ്പിച്ച ഗാന്ധിജി, നിറതോക്കേന്തിയ വെള്ളക്കാരെ ചിരിച്ചുകൊണ്ട്‌ ഭാരതത്തിൽ നിന്നും തുരുത്തിയ ഗാന്ധിജി, ലോകരാഷ്‌ട്രങ്ങൾ എല്ലാം ആദരിച്ച ഗാന്ധി, അദ്ദേഹത്തിന്റെ കുടുംബജീവിതം ഭൗതികാർത്ഥത്തിൽ സൗഖ്യം നിറഞ്ഞതായിരുന്നുവോ.

മക്കളുടെ അഭിപ്രായവ്യത്യാസങ്ങൾ, ആദ്യകാലത്ത്‌ കസ്‌തൂർബായുടെ അസഹിഷ്‌ണുത, അധികാരികളിൽ നിന്നുമുള്ള തീഷ്‌ണമായ തിരിച്ചടികൾ, ശാരിരികവും മാനസികവുമായ വിഷമതകൾ, കൂട്ടത്തിലുള്ളവരുടെ നിലപാട്‌ മാറ്റം. ഇതേ സമയം ഭാരതത്തിലെ ഒരുപറ്റം അതിസമ്പന്നവർഗം ബാപ്പുജിക്കു വേണ്ടി എന്തും ചെയ്യാനുള്ള സന്നദ്ധതയിലും, പക്ഷേ ഗാന്ധിജി സ്വീകരിച്ച നിലപാട്‌ എന്തായിരുന്നു. ആ നിലപാടല്ലേ അദ്ദേഹത്തെ വിശ്വപൗരനാക്കി മാറ്റിയത്‌. ഒടുവിൽ വെടിയേറ്റ്‌ വീഴുമ്പോഴും ’ഹേ രാം‘ എന്ന്‌ ജപിക്കാൻ കഴിഞ്ഞതിലല്ലേ ആ പുണ്യജീവിതത്തിന്റെ മഹത്വം.

ഗാന്ധിജിയുടെ ’അപകടമരണം‘ നാം സമാധി എന്നു അനുസ്‌മരിക്കുന്നു. പക്ഷേ അധികാരസ്‌ഥാനത്തിരുന്ന്‌ കൊല്ലപ്പെട്ട ഒരു നേതാവിന്റേയും മരണം, ’കൊലചെയ്യപ്പെട്ടു‘ എന്നല്ലാതെ സമാധി എന്ന്‌ നാം അനുസ്‌മരിക്കാറില്ല. എന്തുകൊണ്ട്‌?

ബാപ്പുജിയുടെ ജീവിതം ധർമ്മനിഷ്‌ഠമായിരുന്നു. ആ കർമ്മയോഗി ലോകത്തിന്‌ മാതൃകയാകാനായി വന്നയാളാണ്‌. അവർക്ക്‌ തങ്ങളുടെ ശരീരം ഒരു ഉപകരണം പോലെ മാത്രം. ആ ശരീരം നമ്മുടെ ശരീരവുമായി ബാഹ്യതലത്തിൽ മാത്രമേ സാമ്യമുള്ളു.

ഭഗവാൻ രമണമഹർഷി

കൗപീനധാരിയായി സംസാരത്തിൽ അതിപിശുക്കും കാണിച്ച്‌. ലോകത്തിലെ സത്യാന്വേഷകരെ മുഴുവനും തമിഴ്‌നാട്ടിലെ അരുണാചലത്തിൽ എത്തിച്ച മഹർഷിവര്യൻ, ഭഗവാൻ രമണമഹർഷി. 54 വർഷം ആ മഹാപുരുഷൻ അവിടെ വാണു. കഴിയുന്നതും ഒന്നും മിണ്ടാതെ തന്നെ.

ഇടതുകൈയിൽ ’സാർക്കോമാ‘ എന്നറിയപ്പെടുന്ന വേദനാജനകമായ അർബുദം പിടിപെട്ടു. ശസ്‌ത്രക്രിയ നടത്തി. പക്ഷേ രോഗം ശമിച്ചില്ല. ഭക്തർ അതീവ ദുഃഖത്തിലായി. മഹർഷിയുടെ അനുപമമായ തപഃശക്തിയെക്കുറിച്ച്‌ വ്യക്തമായി അറിയാവുന്ന ഭക്തന്മാർ അദ്ദേഹത്തിനോട്‌ കേണപേക്ഷിച്ചു. ’രോഗം മാറ്റാൻ സങ്കല്‌പിക്കു.‘ മധുരമാർന്ന ചിരിയായിരുന്നു അതിനുള്ള ഉത്തരം പലപ്പോഴും. അസഹ്യമായ വേദനയെക്കുറിച്ച്‌ തിരക്കിയപ്പോൾ മഹർഷി അരുളി “Pain is inevitable, but suffering is optional.”

സഹോദരി അലമേലു രോഗം മാറ്റാൻ ഭഗവാനോട്‌ കേണപേക്ഷിച്ചു. അവിടുന്ന്‌ അരുളി, ”അതേ എനിക്ക്‌ ശരീരമുണ്ട്‌. അതിൽ കൈയ്യുണ്ട്‌. കൈയ്യിൽ രോഗമുണ്ട്‌ ആ രോഗം മാറണം. എന്നൊക്കെ മനസിൽ സങ്കല്‌പിച്ച്‌ സുഖപ്പെടുത്താനല്ലേ നീ പറഞ്ഞത്‌. പക്ഷേ ഇത്രയും ചെയ്യാൻ എനിക്കെവിടെയാണ്‌ ഒരു മനസ്സുള്ളത്‌.“

”ഈ തലം“ നമുക്കു മനസിലാകുമോ?

മറ്റൊരു ഭക്തൻ പ്രാർത്ഥിച്ചു. ”ഭഗവാനേ എത്രയോ പേർക്ക്‌ അങ്ങ്‌ രോഗശമനം ഉണ്ടാക്കിയിരിക്കുന്നു. ഈ രോഗം കൂടി മാറ്റികൂടെ.“

ഗാംഭീര്യത്തോടെ അരുണാചലശിവപ്രിയസുതൻ അരുളി. ”ഈ ശരീരത്തിനോട്‌ നിങ്ങൾക്ക്‌ എന്തിനിത്ര ആസക്തി? വിടു അത്‌ പോകട്ടെ. ഊണു കഴിഞ്ഞ ഇല ആരെങ്കിലും സൂക്ഷിക്കാറുണ്ടോ. ഒരൊറ്റ ഊണു കഴിഞ്ഞാൽ അത്‌ വലിച്ചെറിയും. പക്ഷേ അതിന്റെ പ്രയോജനം കഴിയുംവരെ അത്‌ ഗംഭീരമായി സൂക്ഷിക്കണം.“

രമണമഹർഷിയുടെ മഹത്വം കുടികൊണ്ടത്‌ എന്തിലാണ്‌?

രമണമഹർഷിയുടെ ഈ അരുളപ്പാടുകളിൽ അവതാരുപുരുഷന്മാർ തങ്ങളുടെ ശരീരത്തെ എങ്ങനെ കാണുന്നു എന്നുള്ള പരമസത്യം തെളിഞ്ഞു കിടപ്പുണ്ട്‌.

ഭൗതികലോകത്തിന്റെ ദൃഷ്‌ടിയിൽ രമണമഹർഷിയുടെ അന്ത്യവേള ദുരിതപൂർണം. പക്ഷേ അനുഭവിച്ച മഹർഷിക്കോ, ആനന്ദസമുദ്രത്തിലേക്കുള്ള കുതിച്ചോട്ടവും.

Generated from archived content: essay1_jun11_11.html Author: n_somasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here