ഷിര്‍ദ്ദിസായി ബാബ

ദേവഗിരിയമ്മയുടെയും ഗംഗാഭവേയുടേയും പുത്രനായി പത്രിയെന്ന ഗ്രാമത്തില്‍ ജനനം. വാര്‍ദ്ധക്യത്തില്‍ ഈശ്വരകൃപയാല്‍ അവതരിച്ച (ജനിച്ച) സന്താനമാണ് പിന്നീട് ഷിര്‍ദ്ദിയിലെ സായി എന്നറിയപ്പെട്ടത്.

കുട്ടിയുടെ ജനനത്തോടെ താന്‍ കടന്നുപോന്ന ആദ്ധ്യാത്മികാനുഭവങ്ങള്‍ ഗംഗാഭവയെ കടുത്ത വൈര്യാഗിയാക്കിയിരുന്നു.ഈ ലോകത്തില്‍ തനിക്കൊരു കര്‍ത്തൃത്വവും ഇല്ലെന്ന് അനുഭവിച്ചറിഞ്ഞ ആ പുണ്യാത്മാവ് നവജാത ശിശുവിനെ ആ ദിവസം തന്നെ ഒരു ചെറു കാട്ടിനുള്ളിലെ ആല്‍വൃക്ഷചുവട്ടില്‍ കിടത്തിയിട്ട് ഭാര്യയേയും കൂട്ടി യാത്ര തുടര്‍ന്നു.

സമസ്തവും സംരക്ഷിക്കുന്ന പ്രപഞ്ച നാഥന്റെകൃപയില്‍ ഉറപ്പുള്ളതു കൊണ്ട് ആ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാനുള്ള കര്‍ത്തൃത്വഭോക്തൃത്വബോധം അദ്ദേഹത്തിന് ഇല്ലായിരുന്നു. ( ചോരകുഞ്ഞിനെ കടത്തിണ്ണയില്‍ ഉപേക്ഷിച്ചതിനു തുല്യമാണ് ഇതും എന്നു പറയാമോ?)

കാലം ശിശുവിനെ ഏല്‍പ്പിച്ചുകൊടുത്തത് മക്കളില്ലാതെ ദു:ഖിച്ചു കഴിയുന്ന ഒരു മുസ്ലിം ഫക്കീറിന്റെ കൈകളിലും. കുഞ്ഞ് അവിടെ വളര്‍ന്നു. വിചിത്രമായ പെരുമാറ്റം. പള്ളിയില്‍ പോയി ശിവലിംഗാര്‍ച്ചന നടത്തുക, അമ്പലത്തില്‍ പോയി അള്ളാവാണ് ഏക ദൈവമെന്നു പ്രഖ്യാപിക്കുക.നാട്ടില്‍ കലമ്പലുണ്ടാകാന്‍ ഇതിലധികം എന്തു വേണം ?

പിന്നെ കുട്ടിയുമായി മാതാപിതാക്കള്‍ മറ്റൊരു ദിക്കിലേക്ക് യാത്ര. വെങ്കുശന്റെ ആശ്രമത്തില്‍ ബാലനെ അവര്‍ ചേര്‍ത്തു. അവിടെ സഹപാഠികളുടെ ഉപദ്രവം.ഇഷ്ടികകൊണ്ട് നെറ്റിയില്‍ ഏറുകിട്ടിയിടം വരെ കാര്യങ്ങള്‍ നീണ്ടു. അവിടെ നിന്നും പുറത്തായി. വീണ്ടും യാത്ര.

പിന്നീട് ഷിര്‍ദ്ദിയില്‍ ഒരു സുപ്രഭാതത്തില്‍ കാണപ്പെടുന്നു. അവിടുന്നങ്ങോട്ടുള്ളത് വ്യക്തമായ ചരിത്രം. ഷിര്‍ദ്ദിസായിയുടെ ബാല്യം സുഖകരമായിരുന്നുവോ….?

ഷിര്‍ദ്ദിയില്‍ താന്‍ സാധാരണക്കാരനല്ല എന്ന് വെളിപ്പെടുത്തിയ കാലം മുതല്‍ ബാബ ലോകത്തിനു വേണ്ടി ഏറ്റെടുത്ത ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടോ? ഭക്തരുടെ രോഗങ്ങള്‍ ഏറ്റെടുത്ത് ജ്വരം പിടിച്ച ബാബ പ്ലേഗ് ബാധിച്ച് ബാബ തീയില്‍ പെട്ട കുട്ടിയെ രക്ഷിക്കാനായി അടുപ്പില്‍ കയ്യിട്ട ബാബ. അന്ന് കൈക്ക് ഏറ്റ പൊള്ളല്‍ ശരീരത്യാഗം വരെ സുഖപ്പെട്ടില്ലായിരുന്നു. വ്രണബാധിതമായ തൃക്കരം പരിചരിക്കാന്‍ ഏലപ്പിച്ചത് ഒരു കുഷ്ഠരോഗിയേയും. എന്തേ മറ്റാരേയും ഏല്പ്പിച്ചില്ല ആഹാരം തിളച്ചു മറിയുന്ന കുട്ടകത്തില്‍ (ഇന്നും ആ കുട്ടകങ്ങള്‍ ‍ഷിര്‍ദ്ദിയിലുണ്ട്.)നഗ്നമായ കൈ കൊണ്ട് ആഹാരം ഇളക്കി ഭക്തന്മാരുടെ പാത്രങ്ങളിലേക്ക് വാരി ഇട്ടു കൊടുത്തപ്പോള്‍ പൊള്ളാത്ത ആ തൃക്കരം അടുപ്പില്‍ തൊട്ടപ്പോള്‍ എങ്ങിനെ പൊള്ളി അല്ലെങ്കില്‍ പൊള്ളാന്‍ അനുവദിച്ചു. പച്ചവെള്ളം കൊണ്ട് എങ്ങിനെ രാവു മുഴുവന്‍ ചുറ്റു വിളക്കു കത്തിച്ചു….? ഇതിനൊക്കെ ഭൗതികനിയമത്തിലൂടെ ഉത്തരം പറയാന്‍ സാധിക്കുമോ? പക്ഷെ അന്ന് പ്രബലമായിരുന്ന രണ്ടു മതങ്ങള്‍ തമ്മിലുള്ള വൈരം ഷിര്‍ദ്ദിസായിയുടെ ആഗമനത്തോടെ എത്രമാത്രം ശമിച്ചുഎന്ന സത്യം എന്തേ പുരോഗമനവാദികള്‍ ആരും ഉറക്കെ പറയാത്തത്.

ഒരു ജന്മ്മം മുഴുവന്‍ ഫക്കീറിനേപോലെ ജീവിച്ച, കാല്‍ക്കാശ് കീശയിലില്ലാത്ത ഒരു ജീര്‍ണ്ണ വസ്ത്രധാരിയുടെ ചിത്രം എങ്ങിനെ ലക്ഷക്കണക്കിന് ധനികഗൃഹങ്ങളിലും കുടിയേറി പാര്‍ത്തു

ആ ചിത്രവും ആ മഹനീയചരിതവും ഇന്ന് എത്രപേര്‍ക്ക് ജീവിതത്തിന്റെ പൊന്‍ തിരി തെളിക്കുന്നു. എത്രപേര്‍ക്ക് സാമ്പത്തിക ഭദ്രത സമ്മാനിച്ചു. എന്താ അവരൊക്കെ മണ്ടന്മാരോ? ആദ്ധ്യാത്മിക ശാസ്ത്രത്തിനല്ലാതെ ഭൗതിക ശാസ്ത്രത്തിന് ഇതിന് തൃപ്തികരമായ ഒരു വിശദീകരണം നല്‍കാനാകുമോ?

ഷിര്‍ദ്ദിയിലെ സായിബാബ അനുഭവിച്ച ശാരീരിക ക്ലേശങ്ങള്‍ വിവരണാതീതമായിരുന്നില്ലേ…പക്ഷെ അവിടുത്തെ കൃപാപൂര്‍വ്വമുള്ള വാക്ക്, നോട്ടം, സ്പര്‍ശം എന്നിവ കൊണ്ട്പോലും മാറാരോഗങ്ങള്‍ ‍മാറിയവരുടെ എണ്ണം എടുത്തു തീര്‍ക്കാന്‍ ആര്‍ക്കു കഴിയും.

ഇന്നും ആ സമാധിപീഠം ദര്‍ശിച്ച്, പ്രാര്‍ഥിച്ചാല്‍ ആരുടെ ദു:ഖത്തിനാണ് അറുതി വരാത്തത് എന്റെ ശരീരത്യാഗശേഷവും എന്റെ അസ്ഥികള്‍ പോലും നിങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരിക്കും എന്ന ഷിര്‍ദ്ദിസായിബാബ വചനം ഇന്നും അനുഭവമല്ലേ?

സായിസച്ചരിതം വായിച്ച് എത്രയോ അനുഗ്രഹങ്ങള്‍ നേടിയവരാണ് സായിഭക്തരായ നാമെല്ലാവരും. ഇനി ചിന്തിക്കുക സാധാരണജീവനും അവതാര പുരുഷനും ഒരേ വിധമോ?

Generated from archived content: essay1_aug18_11.html Author: n_somasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here