സംസ്‌ക്കാരത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണ് രാഷ്‌ട്രീയം. ജനജീവിതത്തിന്റെ ഭൗതികവും ആത്‌മീയവുമായ അസ്‌ഥിത്വത്തെ നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിൽ രാഷ്‌ട്രീയത്തിനുള്ള പങ്ക്, ശാസ്‌ത്രീയമായും അനുഭവപരമായും തെളിയിക്കപ്പെട്ടതാണ്. ഏതു വ്യവസ്‌ഥയിലും മനുഷ്യവംശം, രാഷ്‌ട്രമീമാംസയുടെ പ്രത്യയ ശാസ്‌ത്രപ്രയോഗങ്ങൾക്ക് കീഴ്‌പെട്ടാണ് ജീവിച്ചുപോരുന്നത്. സംസ്‌ക്കാരവും രാഷ്‌ട്രീയവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം സർഗ്ഗാത്മകമായ എല്ലാ ആവിഷ്‌ക്കാരങ്ങളിലും കണ്ടെത്താനാവുന്നത് അതുകൊണ്ടാണ്. സങ്കല്‌പത്തേക്കാൾ യഥാർത്ഥ്യത്തിനും ഉപരിപ്ലവതയെക്കാൾ ചരിത്രപരമായ ഉൾക്കാഴ്‌ചയ്‌ക്കും സാംഗത്യം ലഭിക്കുന്ന ചെറുകഥ, നോവൽ തുടങ്ങിയ ആഖ്യാനരൂപങ്ങളിൽ, എഴുത്തുകാരന്റെ അഥവാ എഴുത്തുകാരിയുടെ ഉദ്ദേശ്യങ്ങളെ അതിലംഘിച്ചുകൊണ്ട് രാഷ്‌ട്രീയമായ നിഹിതാർത്ഥങ്ങൾ വായിച്ചെടുക്കാനാവും. ഏത് രാഷ്‌ട്രീയമായ എഴുത്തിനും ഒരു രാഷ്‌ട്രീയ പരിപ്രേക്ഷ്യമുണ്ട്.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് രാഷ്‌ട്രീയം അപ്രത്യക്ഷമാവുകയും എല്ലാ പ്രത്യയശാസ്‌ത്ര പ്രയോഗങ്ങളും ജനവിരുദ്ധമായിത്തീരുകയും ചെയ്യുമ്പോൾ എഴുത്തിലെ രാഷ്‌ട്രീയവും പുനഃനിർവ്വചിക്കപ്പെടുന്നുണ്ട്. രാഷ്‌ട്രീയം നേരിട്ട് കൈകാര്യം ചെയ്യുന്നവരും അല്ലാത്തവരുമായ എല്ലാ എഴുത്തുകാർക്കും സർഗ്ഗാത്മകമായ പ്രതിസന്ധി സൃഷ്‌ടിക്കുന്ന വിധത്തിൽ കേരളീയ ജീവിതം മാറിക്കഴിഞ്ഞിട്ട് കാലം കുറച്ചായി. ജീർണ്ണതയായി സ്‌ഥാനവത്‌ക്കരിക്കപ്പെട്ട അരാഷ്‌ട്രീയതയാണ് ജനജീവിതത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്ത് എന്നു നമ്മുടെ എഴുത്തുകാരിൽ വളരെപ്പേരും തിരിച്ചറിയാറില്ല. തിരിച്ചറിഞ്ഞവരിൽ പലരും, സർഗ്ഗാത്‌മകമായി ‘ഒരു പൊട്ടൻകളി’ കളിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദം എന്നു തീരുമാനിച്ച പിൻതിരിയാൻ ധൃതിപ്പെടുന്നു. സാംസ്‌കാരിക അധീനിവേശവും അതുവഴി മൂലധനവ്യാപനവും മാത്രം ലക്ഷ്യമിടുന്ന ആഗോള മുതലാളിത്തത്തിന് അരാഷ്‌ട്രീയത പോലെ വേരോട്ടമുള്ള മണ്ണ് വേറെയില്ല. അതുകൊണ്ട് സാംസ്‌കാരികമായ ഏത് ആവിഷ്‌ക്കാരവും അരാഷ്‌ട്രീയമാവണം എന്ന സമ്മതിനിർമ്മാണം മുതലാളിത്തത്തിന്റെ ചെലവിൽത്തന്നെ പ്രായോഗികമാക്കപ്പെടുന്നു. സാഹിത്യം ഉൾപ്പെടെയുള്ള നമ്മുടെ വ്യവഹാരങ്ങളിൽ ഈ അജണ്ട വിജയകരമായി നടപ്പിലാക്കി വരികയാണ്. മലയാളത്തിലെ ആനുകാലികങ്ങൾ പതിവായി വായിക്കുന്ന ഒരാൾ അരാഷ്‌ട്രീയതയുടെ പിന്നിലുള്ള ഈ ഗൂഢരാഷ്‌ട്രീയം തിരിച്ചറിയാതിരിക്കില്ല. യഥാർത്ഥ രാഷ്‌ട്രീയത്തെ കക്ഷിരാഷ്‌ട്രീയത്തിന്റെ ജീർണ്ണതകെണ്ടും സർഗ്ഗാത്‌മകതയെ കേവലകൗതൂകങ്ങളും വിഭ്രമങ്ങളും കൊണ്ടും പകരം വച്ച് വായനാസമൂഹത്തെ രാഷ്‌ട്രീയമായും സാംസ്‌ക്കാരികമായും കൊള്ളയടിക്കുന്ന ആഗോള തന്ത്രം മലയാളത്തിലും നടപ്പിലായിക്കഴിഞ്ഞു. ലൈംഗികതയും ഹിംസാത്മകതയും അരാജകത്വവും ആഘോഷിക്കപ്പെടുന്ന പുതിയയൊരു സാംസ്‌കാരിക വർത്തമാനം സാവധാനം പൊതുസമ്മിതി നേടിത്തുടങ്ങുകയാണ്.
ഇത്തരമൊരു സന്ദർഭത്തിലാണ് ഇ. സന്തോഷ്‌കുമാറിന്റെ “തങ്കച്ചൻ മഞ്ഞക്കാരൻ” എന്ന ലഘുനോവൽ പ്രസക്തമായിത്തിരുന്നത്. ‘ഗാലപ്പഗോസ്’ മുതൽ മൂന്നു വിരലുകൾ‘ വരെയുള്ള രചനകളിൽ. അനുഭവങ്ങളുടെ സൂക്ഷ്‌മശ്രേണികളിൽ നിന്ന് വർത്തമാന ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ഉൾക്കാഴ്‌ചകൾ പങ്കുവയ്‌ക്കാനാണ് സന്തോഷ്‌കുമാർ ശ്രമിച്ചുപോന്നത്. ജീവിതം വച്ചു നിട്ടുന്ന ആകുലവും ദുരന്തപൂർണ്ണവുമായ അഭിസന്ധികളെ ഈ എഴുത്തുകാരൻ തന്റേതുമാത്രമായ ഒരു സർഗ്ഗാത്മക സംയോഗം കൊണ്ട്, മൗനത്തിന്റെ മുഴക്കങ്ങളായി ദാർശനിക സ്ഥൈര്യത്തോടെ ആവിഷ്‌ക്കരിച്ചുപോന്നിട്ടുണ്ട്. എന്നാൽ, ’തങ്കച്ചൻ മഞ്ഞക്കാരൻ‘ അദ്ദേഹത്തിന്റെ എഴുത്തുരീതിയിൽ നിന്നുള്ള ഒരു വേറിട്ട് നടപ്പാണ്. ചരിത്രം നിവർത്തിയിട്ട കീറപ്പായയായി മുന്നിൽ കിടക്കുമ്പോൾ, അതിന്റെ ഒരു കോണിൽ ചുരുണ്ടുകൂടിക്കിടന്ന്. കാലത്തിന്റെ ആസുരതയ്‌ക്ക് സ്വയം സമർപ്പിക്കാൻ മാത്രം വിധിക്കപ്പെട്ട ഏറ്റവും സാധാരണമായ ഒരസ്‌തിത്വമാണ് തങ്കച്ചന്റേത്. അധമമെങ്കിലും അയഥാർത്ഥമല്ലാത്ത തന്റെ സ്വത്വം തന്റേതല്ലാത്ത താത്‌പര്യങ്ങൾക്കായി കുത്സിതമായി ഉപയോഗിക്കപ്പെടുമ്പോൾ അയാൾക്കു പ്രതിരോധവും ജാഗ്രതയും നഷ്‌ടമാവുന്നു. ഏറ്റവും ലളിതമായിപ്പറഞ്ഞാൽ, കോൺഗ്രസ്സ് കമ്മ്യൂണിസ്‌റ്റ് ഭേദങ്ങളില്ലാത്ത എല്ലാ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും സ്വായത്തമാക്കിക്കഴിഞ്ഞ നിർലജ്ജമായ ജനവിരുദ്ധതയുടെയും ദുരധികാര പ്രമത്തതയുടെയു ഇരയായ കേരളീയ പൗരനാണ് തങ്കച്ചൻ. സാമൂഹികമായ കൂട്ടായ്‌മയെക്കുറിച്ചുള്ള സ്വപ്‌നങ്ങളോ ശരാശരി രാഷ്‌ട്രീയ ബോധമോ ശീലിച്ചിട്ടില്ലാത്ത വലിയൊരു സമൂഹം കേരളത്തിൽ ജിവിച്ചുപോരുന്നുണ്ട്. പ്രസ്‌ഥാനങ്ങൾ ജീർണ്ണിക്കുമ്പോൾ, ആ ജീർണ്ണത, താഴെത്തട്ടിലുള്ള ഇത്തരം മനുഷ്യരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എഴുത്തുകാരോ സാംസ്‌ക്കാരിക പ്രവർത്തകരോ ശ്രദ്ധിക്കാറില്ല ’തങ്കച്ചൻ മഞ്ഞക്കാരിനി‘ലൂടെ പ്രക്ഷേപിക്കപ്പെടുന്ന സാമൂഹിവും രാഷ്‌ട്രീയവുമായ ഉൾക്കാഴ്‌ച, ആ നിലയ്‌ക്ക് മലയാളത്തെ സംബന്ധിച്ച് ധീരവും നൂതനവുമാണ്.
സ്വർഗ്ഗാത്മകമായ ശീലങ്ങൾക്കും ഭാവുക്വത്തിനും മുകളിൽ എഴുത്തുകാരൻ സ്വയം നടത്തുന്ന അഴിച്ചു പണികളുടെയും നൂതനത്വത്തിന്റെയും മുദ്രകൾ ’തങ്കച്ചൻ മഞ്ഞക്കാരൻ‘ എന്ന രചനയിൽ ഉടനീളം കണ്ടെത്താനാവും. കാവ്യാത്മകമായ ഭാഷയുടെയും ബിംബങ്ങളുടെയും സ്വതഃസിദ്ധമായ പരിചരണത്തിലൂടെ അഖ്യാന ഭാഷയ്‌ക്കു നല്‌കിപ്പോന്ന ചാരുതയും പൂർണ്ണതയുമാണ്, പൊതുവെ, ഇ. സന്തോഷ്‌കുമാറിന്റെ കഥകളുടെ മുഖമുദ്ര. “തങ്കച്ചൻ മഞ്ഞക്കാരൻ എന്നു പേരുള്ള ഒരു സാധാരണ പൗരന്റെ തികച്ചും സാധാരണമായ കഥയാണിത്” എന്ന്, ഒരു പക്ഷേ, നൂറു വർഷങ്ങൾക്കു മുമ്പും എഴുതപ്പെട്ടേക്കാവുന്ന ഒരു കഥയുടെ ആദ്യവാചകം പോലെ, ആരംഭിക്കുന്ന നോവലിലെ ആഖ്യാനരീതി ഒറ്റനോട്ടത്തിൽ ലളിതവും അനാർഭാടവുമാണ്. അനുഭവ വിവരണത്തിൽ വസ്‌തുനിഷ്‌ഠമായ റിപ്പോർട്ടിങ്ങ് സ്വഭാവവും വൈരുദ്ധ്യങ്ങളെ ആവിഷ്‌ക്കരിക്കുമ്പോൾ അനാസക്തമായ ഒരുതരം ഉപഹാസവും ധ്വനിപ്പിച്ച് എഴുതപ്പെട്ട ഈ കൃതി, അതിന്റെ സമഗ്രതയിൽ അനുഭവവേദ്യമാക്കുന്ന ബലിഷ്‌ഠതയും (ദുരന്ത) വിശ്രാന്തിയും മലയാളത്തിലെ പുതിയ എഴുത്തിൽ അപൂർവമായ കണ്ടിട്ടുള്ളു. ഉപജീവനത്തിനായി താൻ വിറ്റു നടന്ന കോഴിക്കുഞ്ഞുങ്ങളെയെന്നപോലെ സ്വയം ചായം പൂശി സ്വത്വപരമായ സന്ദിഗ്‌ദ്ധതയെ അതിജീവിക്കാൻ ശ്രമിക്കുന്ന തങ്കച്ചൻ, യഥാർത്ഥത്തിൽ ആരുടെ ഇരയാണ് എന്ന ചോദ്യം ഈയൊരു ലഘുനോവലിൽ അവസാനിപ്പിക്കാൻ സന്തോഷ്‌കുമാറിനെപ്പോലുള്ള ഒരെഴുത്തുകാരന് കഴിയില്ലെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു; ആ നിലയ്‌ക്കുള്ള സർഗ്ഗാത്മകമായ കുതിപ്പുകൾക്ക് ഹൃദയപൂർവ്വം കാത്തിരിക്കുന്നു.
(പ്രസാധകർ – ഗ്രീൻ ബുക്‌സ്)
Generated from archived content: book1_mar23_10.html Author: n_sasidharan
Click this button or press Ctrl+G to toggle between Malayalam and English