ഉദരനിമിത്തം

കൊച്ചുകുട്ടിയെന്നാ വിചാരം. ഈ വരുന്ന മിഥുനത്തില്‌ വയസ്സ്‌ എൺപത്തിയഞ്ച്‌. എന്നിട്ടും ഒരുവക പറഞ്ഞാൽ തലേ കേറൂല്ല അല്ലേ. അച്ഛനെന്നെ വഴിയാധാരമാക്കിയേ അടങ്ങൂ. ആ പാത്രവുമെടുത്ത്‌ ദാ ഇവിടെയെങ്ങാനും വന്നിരുന്ന്‌ രാമരാമാന്ന്‌ പറഞ്ഞിരുന്നോ. എനിയ്‌ക്കാകെ രണ്ടുകൈയല്ലേ ഉള്ളൂ. എന്തെല്ലാം ചെയ്യണം. ആരോടൊക്കെ മറുപടി പറയണം. ഹോ, എന്റെ ഒരു ജന്മം.

 

എന്റെ അച്ഛാ, അവിടെ നിന്ന്‌ വെറുതെ കൊതി മൂപ്പിയ്‌ക്കണ്ട. ഈ പൊടിയാത്ത ദോശയും പുട്ടും ഇടിയപ്പോം എന്റെ മാഡത്തിനും മാഡത്തിന്റെ പിള്ളേർക്കും. അവരെല്ലാം തിന്നുകഴിഞ്ഞ്‌ ബാക്കി വരുന്ന ഇതിന്റെ പൊടിയൊക്കെയേ എനിയ്‌​‍്‌ക്കുപോലും കിട്ടൂ. ആ എനിയ്‌ക്കില്ലാത്ത കൊതി അച്ഛനെന്തിനാ? നമ്മള്‌ ഒരുപാട്‌ ഒതുങ്ങണം അച്ഛാ, അല്ല അഡ്‌ജസ്‌റ്റ്‌ ചെയ്യണം. അങ്ങനെ അഡ്‌ജസ്‌റ്റ്‌ ചെയ്താ ഒരു ഗുണമുണ്ട്‌. എന്താന്നറിയ്യോ? ഒരുപാട്‌ കാലം ഈ സുഖലോലുപതയിൽ ജീവിയ്‌ക്കാം. ഈ ലൈഫെന്ന്‌ പറഞ്ഞാൽത്തന്നെ ഫുൾ അഡ്‌ജസ്‌റ്റ്‌മെന്റല്ലേ അച്ഛാ. ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട അച്ഛന്‌ ഇതെല്ലാം ഞാൻ പറഞ്ഞു തരേണ്ട വല്ല കാര്യമുണ്ടോ?

 

വേണ്ട… വേണ്ട, ഒളിഞ്ഞൊന്നും നോക്കണ്ട. ഇതാ, എന്നത്തേയും പോലെ ഇന്നും അച്ഛന്‌ കഞ്ഞി തന്നെ. ഇതിലിത്തിരി പുകചുവയ്‌ക്കും അത്രേള്ളൂ. അത്‌ സാരമില്ല. കഞ്ഞി വയ്‌ക്കാൻ ഗ്യാസ്‌ ഉപയോഗിക്കരുതെന്നാ മാഡത്തിന്റെ കല്പന. പിന്നെ അച്ഛനുള്ള റേഷനരി കൃത്യമായി ഇന്നലെ മാഡം തന്നെ വാങ്ങി വച്ചിട്ടുണ്ട്‌. ഈ തെരക്കുള്ള സമയത്തും എന്തെല്ലാം പണി ആ പാവം ഒറ്റയ്‌ക്ക്‌ ചെയ്യുന്നെന്നോ. സമ്മതിയ്‌ക്കണം. എന്നെ പുറത്ത്‌ ഒരു സ്ഥലത്ത്‌ വിടൂല്ലാന്ന്‌ അച്ഛനറിയാമല്ലോ. അതും ഒരു കണക്കിന്‌ നല്ലതു തന്നെ. വെളിയിലിറങ്ങുമ്പോ റോഡിലെ കട്ടികളില്‌ വേലേം കൂലീമില്ലാതെ കുത്തിയിരിക്കണ ഓരോരുത്തന്മാരുടെ കമന്റുകള്‌ കേക്കണ്ടല്ലോ. പിന്നെ അച്ഛാ, റേഷനരിയ്‌ക്ക്‌ വില കൂടിയത്രേ. വില ഇത്തിരി കൂടിയാലും നല്ല ഉരുളൻ ചോറാ. ദാ, കണ്ടില്ലേ. എളുപ്പം വേവേം ചെയ്യും. ഉച്ചയ്‌ക്കും അച്ഛനീ കഞ്ഞി തന്നെ. മാഡം പറയണപോലെ കഞ്ഞികൾക്ക്‌ കഞ്ഞിയല്ലാതെ പിന്നെന്താ കൊടുക്ക്വോ? അച്ഛാ, ഇത്‌ കേട്ടതും ഞാനറിയാതെ ചിരിച്ചുപോയി. ചെല നേരത്തെ മാഡത്തിന്റെ ഓരോ തമാശ കേക്കുമ്പോ ചിരിച്ച്‌ ചിരിച്ച്‌ കൊടല്‌ പൊറത്ത്‌ ചാടും.

 

പിന്നെ ഈ രാവിലത്തെ കഞ്ഞിയാവുമ്പോ ഉച്ചയ്‌ക്ക്‌ ചെറിയൊരു പുളിപ്പ്‌ കാണും. അത്‌ നേരാ. എന്നാലും ഒന്ന്‌ ചൂടാക്കിയാപ്പിന്നെ ഈ പുളിപ്പിന്‌ നല്ല മണമാ. പണ്ട്‌ നമ്മളെല്ലാരും ഒത്തിരുന്ന്‌ കുടിയ്‌ക്കണ ചൂട്‌ ചമ്പാവരി കഞ്ഞിയില്ലേ, അതില്‌ നെയ്യൊഴിച്ചാല്‌ എങ്ങനെ മണക്കും. അതുപോലെ തന്നെ. സത്യം. ഈ നെയ്യിന്റെ മണമാവുമ്പോ നമ്മളറിയാതെ കുടിച്ചും പോവും അച്ഛാ. രാത്രി മാത്രം അല്പം ഉപ്പ്‌ കൂട്ടിയിട്ട്‌ കഞ്ഞിയാവാം. അധികം കഴിയ്‌ക്കരുതല്ലോ. രാത്രിയല്ലേ. പിന്നെ ആരോ പറയുമ്പോലെ മലശോധനയ്‌ക്ക്‌ കഞ്ഞി ബഹുകേമമാ. നേരം പരാപരാ വെളുക്കുമ്പോ ഇത്തിരി ചൂട്‌ വെള്ളോംകൂടി കുടിച്ച്‌ കക്കൂസിലൊന്നിരുന്നാ സമയോം കാലോം നോക്കാതെ ശ്ശിറനെയൊരു പോക്കല്ലേന്ന്‌. നമ്മളെ വയറ്റീന്നാണോ ഇത്രയും പോയതെന്ന്‌ നമ്മള്‌ തന്നെ അന്തംവിട്ട്‌ പോവും.

 

ങേ, ഇതു കൊള്ളാമല്ലോ, അച്ഛൻ ഇതുവരെ കഞ്ഞി കുടിച്ച്‌ തീർന്നില്ലേ. മാഡം ഇപ്പോ ഇങ്ങെത്തും. എത്ര സമയമായി തന്നിട്ട്‌ എന്റെ വാക്കുകൾ ഈയ്യിടെയായി നന്നായിട്ട്‌ കൊള്ളുന്നണ്ടല്ലേ അച്ഛാ. അച്ഛന്റെ മോന്ത കാണുമ്പോളറിയാം. എന്തു ചെയ്യാം. ഇതൊക്കെ മാഡം നിശ്ചയിക്കുന്നു. അച്ഛന്റെ മോൻ അനുസരിക്കുന്നു. ആ പാത്രമൊക്കെ അവിടെ വച്ചേരെ. ഞാൻ കഴുകിക്കോളാം. അച്ഛൻ ചായ്പിലേയ്‌ക്ക്‌ പൊയ്‌ക്കോ. ചെന്നാലുടനെ ലൈറ്റണച്ചോളണേ. അല്ലെങ്കിലിനി അതുമതി.

 

എന്താ അച്ഛൻ നോക്കുന്നേ എന്നെ കണ്ടിട്ടില്ലേ. ഒരുമാതിരി ആദ്യം കാണുന്നപോലെ. എനിയ്‌ക്കെല്ലാം ഊഹിക്കാൻ പറ്റും. എന്റെ അവസ്ഥ ഓർത്തിട്ടല്ലേ അച്ഛന്റെ ഈ നോട്ടം. അതൊക്കെ അങ്ങനെയങ്ങ്‌ പോവും. മാന്യമായി ജീവിക്കണ്ടേ. അച്ഛനതൊന്നും ആലോചിക്കേണ്ട. ഇനി ഇവിടെയെങ്ങാനും നിന്ന്‌ നമ്മള്‌ വർത്തമാനം പറയുന്നത്‌ കണ്ടാല്‌ അവൾക്ക്‌ ദേഷ്യം വരും. തൊട്ടുപിന്നാലെ എനിയ്‌ക്കും വരും. മാഡം എന്റെ ഭാര്യയാണെങ്കിലും ഞാനങ്ങനെ കണ്ടിട്ടേയില്ല. മാസ്സാമാസം കട്ടിങ്ങെല്ലാം പോയിട്ട്‌ പത്തു മുപ്പതിനായിരം രൂപ ശമ്പളം വാങ്ങുന്ന ഭാര്യമാരെ വെറും ഭാര്യമാരുടെ പട്ടികയിലെങ്ങനെ അച്ഛാ, ഒരു ജോലീം കൂലീമില്ലാത്ത ഞാൻ പെടുത്തണെ. പണ്ട്‌ എട്ട്‌ എയിലെ പാക്കരൻസാറ്‌ പറഞ്ഞിട്ടുണ്ട്‌ ഭാര്യയെന്നാൽ ഭരിയ്‌ക്കപ്പെടുന്നവളാണെന്നും ഭർത്താവെന്നാൽ ഭരിക്കുന്നവനാണെന്നും. അന്ന്‌ ഞാൻ തലകുലുക്കി സമ്മതിച്ചെങ്കിലും ഇന്ന്‌ ഇത്‌ ശുദ്ധ അസംബന്ധമാണെന്നാണ്‌ എന്റെ പക്ഷം. പിള്ളാരെ വഴിതെറ്റിക്കുന്ന കള്ള പാക്കരൻ സാറെ, നിന്റെ പേരോ…?

 

ശവം. ഡേട്ടി മങ്കി – കേട്ടോ. കേട്ടോ. തറയിൽ കെടന്ന ഒരു കഷ്ണം അലുവ ഇന്നലെ എടുത്ത്‌ തിന്നില്ലേ അതിന്‌ മാഡം അച്ഛനെ പറഞ്ഞാ. സത്യം പറയാമല്ലോ, ഞാൻ കമാന്ന്‌ ഒരക്ഷരം എതിർത്ത്‌ മിണ്ടിയില്ല. എന്തിനാ ആവശ്യമില്ലാത്ത ഓരോന്നും മാഡത്തിന്റെ വായീന്ന്‌ കേക്കുന്നേ. മിണ്ടാതെ തരുന്നതും കഴിച്ചങ്ങ്‌ ഇരുന്നാപ്പോരെ. എന്റെ അച്ഛാ, ബുദ്ധൻ പറഞ്ഞത്‌ കേട്ടിട്ടില്ലേ, ആഗ്രഹമാണ്‌ നാശത്തിന്‌ കാരണമെന്ന്‌. ഒന്നുമില്ലേലും എന്നെ കണ്ട്‌ പഠിയ്‌ക്ക്‌. പണ്ട്‌ അമ്മ വാതോരാതെ പറയും അച്ഛനെ കണ്ട്‌ പഠിയ്‌ക്ക്‌… അച്ഛനെ കണ്ട്‌ പഠിയ്‌ക്കെന്ന്‌. ഇന്ന്‌ ഞാൻ പറയുന്നു അച്ഛാ, പൊന്നച്ഛാ, ഈ മോനേ കണ്ട്‌ പഠിയ്‌ക്ക്‌..മോനെ കണ്ട്‌ പഠിയ്‌ക്ക്‌. അല്ലാ, കൊറച്ചു കാലംകൂടെ അല്ലലില്ലാതെ ജീവിക്കണോങ്കി മതി.

 

ങ്‌ഹാ, ഒരു പ്രധാന കാര്യം ചോദിക്കാൻ മറന്നു. ചോദിച്ച്‌ ക്ലിയറാക്കി വയ്‌ക്കാൻ മാഡം പ്രത്യേകം പറഞ്ഞിട്ടാ പോയിരിക്കുന്നേ. അച്ഛനൊന്ന്‌ ഇങ്ങോട്ട്‌ നീങ്ങിനിന്നേ. കള്ളലക്ഷണം കാണിക്കാതെ എന്റെ മുഖത്ത്‌ നോക്ക്‌. അച്ഛനിന്നലെ പിള്ളാരുടെ ഹോർലിക്സ്‌ വാരിത്തിന്നോ? മാഡത്തിന്‌ കാച്ചിവച്ച ഓട്‌സില്‌ വിരലിട്ട്‌ നക്കിയോ? മേഡത്തിന്റെ പൊടിക്കൊച്ചിന്‌ സ്നാക്കായി ഡേകേയറിൽ കൊടുത്തയയ്‌ക്കുന്ന ക്രീം ബിസ്‌ക്കറ്റ്‌, ജിലേബി, പക്കാവട ഇതൊക്കെ സ്ഥിരം അടിച്ചുമാറ്റി തിന്നാറുണ്ടല്ലേ? അയ്യോ, എന്റെ അച്ഛാ, എന്നെ അച്ഛൻകൊലയ്‌ക്കു കൊടുക്കും. മാഡം ഇതൊക്കെ എന്റെ മുഖത്തുനോക്കി ചോദിച്ചപ്പോ,ഹോ… ഞാൻ വെന്തുപോയി. ഛേ, നാണക്കേട്‌…. എത്ര തവണ ഞാൻ പറഞ്ഞുവെക്കിയിട്ടുണ്ട്‌. ഇക്കാര്യം തന്നെ എന്റെ മാഡം ഒരു നൂറുതവണ അച്ഛനോട്‌ പറഞ്ഞിട്ടില്ലേ. എന്റെ തന്തപ്പടി എന്ന ഒറ്റ പരിഗണനയിലാ അവള്‌ ക്ഷമിച്ചുപോണത്‌. അത്‌ മറക്കരുത്‌.

 

ഒന്നോർത്തോ അച്ഛാ, ഇതെല്ലാം ഒരുനാൾ എന്റെ മാഡത്തിന്‌ സഹികെടും. കലി കയറും. അന്നേരം എന്നെ പടിയടച്ച്‌ അവള്‌ അയ്യോ അല്ല മാഡം പിണ്ഡം വയ്‌ക്കും. ഉറപ്പാ അന്നേരം ഞാനൊറ്റയ്‌ക്കല്ല പുറത്താകുന്നത്‌. ഓർത്തോ എന്റെ പു…പു…പുന്നാര അച്ഛാ.

 

Generated from archived content: story1_feb5_08.html Author: n_santhakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here