പോത്തുപോലെ കെടന്നുറങ്ങുന്നത് കണ്ടോ. ഇന്നലെ എന്തൊരു ആക്രാന്തമായിരുന്നു. അതിനൊന്നും എന്റെ സമ്മതം ആവശ്യമില്ല. അദ്ദേഹം പറയും. ഞാൻ അനുസരിക്കണം. എന്തെങ്കിലും എതിരായി പറഞ്ഞാ മൂന്നാല് ദെവസം മോന്തയും വലിച്ചുകെട്ടി ഒറ്റയിരിപ്പാണ്. ഒരക്ഷരം മിണ്ടില്ല. പിന്നെ ഞാനുണ്ടാക്കുന്ന ആഹാരത്തിന് നൂറ് കുറ്റവും കാണും. ആയതിനാൽ ഇപ്പോ ഇപ്പോ ഞാനൊന്നും പറയാനും പോവില്ല. എന്തോ ആയിക്കോട്ടെ. കുറച്ച് കഴിയമ്പോ വെറുതെ വിടുമല്ലോ. എന്നാലും ഈ നെലത്തിപ്പോരൊക്കെ കഴിഞ്ഞിട്ടും ഞാൻ രാവിലെ അഞ്ചുമണിക്ക് എണീറ്റ് കഞ്ഞീം കറീം വയ്‌ക്കണം. അദ്ദേഹത്തിന് ആ നേരത്തും സുഖശയനം. ഭാഗ്യം ചെയ്‌തവൻ.
സ്‌ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പ്രസംഗിക്കണത് കേട്ടാ ഓരോ സ്‌ത്രീയും കോരിത്തരിക്കും. കൊതിക്കും. എന്തൊരു തങ്കപ്പെട്ട പുരുഷൻ; ഒരു ദെവസമെങ്കിലും ഇദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നെങ്കിലെന്ന്. പക്ഷേ എനിക്ക് മാത്രമല്ലേ കാര്യമറിയൂ ഇങ്ങേര് ആരാണെന്ന്. മുപ്പത്തിമൂന്ന് ശതമാനം സംവരണം അനുവദിച്ചുതന്നത് ഏതോ ഒരു വലിയ കാര്യം പോലെയാണ് ഇന്നലെ സംസാരിച്ചത്. ബാക്കി അറുപത്തിയേഴ് അവർക്ക്. ഇതില് എന്തോന്ന് സമത്വം. ഞാനന്നേരം ചോദിച്ചതാണ്. മറുപടി രൂക്ഷമായ ഒരു നോട്ടം. ഞാനത് മൈൻഡ് ചെയ്‌തതേയില്ല. അങ്ങേര്‌ക്ക് ഇഷ്‌ടപ്പെട്ട മീൻ അടുക്കളയിൽ തെളച്ചുമറിയുമ്പോ ആ നോട്ടം മൈൻഡ് ചെയ്യാനോ എനിക്ക് നേരം.
അതൊക്കെപ്പോട്ടെ, എന്തിനാ നമ്മള് ആണുങ്ങളെ കുറ്റം പറയണത്. പറയുമ്പോ എല്ലാം പറയണമല്ലോ. എനിയ്്ക്ക് രാഷ്‌ട്രീയമൊന്നുമില്ല കേട്ടോ. പെണ്ണിനെപ്പറ്റി പറയുമ്പോ രാഷ്‌ട്രീയത്തിനതീതമായി പറയണം. അതാ എന്റെ പോളിസി. പെണ്ണിന് പെണ്ണ് തന്നെ വെന. അല്ലെങ്കി ആ സുഷമാന്റി അങ്ങനെ പറയുമായിരുന്നോ. പയറ് തിന്ന്, തല മൊട്ടയടിച്ച്, വെറുംതറയിൽ കെടന്നുറങ്ങുമെന്ന്. അവരും കെട്ട്യോനും പാർലമെന്റംഗത്വം രാജിവെയ്‌ക്കുമെന്ന്. വലിയ പഠിപ്പുളളവളാ. പറഞ്ഞിട്ടെന്താ കാര്യ്വം. പെണ്ണായി പെറന്ന ഒരുത്തി പറയണ പറച്ചിലാണാ ഇത്. വേറൊരുത്തിയാണെങ്കി, കാത്തിരുന്ന് കിട്ടിയ മുഖ്യമന്ത്രി സ്ഥാനവും രാജിവച്ചു. ഇക്കാര്യത്തിൽ സുഷമാന്റിക്ക് മാധ്യമശ്രദ്ധ കൂടുതൽ കിട്ടുന്നത് കണ്ട് വേവലാതി പൂണ്ടിട്ടാണ് രാജിയെന്ന് ഞാനൊന്ന് ചുമ്മാ പറഞ്ഞപ്പോ ഇങ്ങേര് ഒരുവിധത്തിലും സമ്മതിക്കൂലാ. കുറെക്കാലംകൊണ്ട് അവരെ ആരും മൈൻഡ് ചെയ്യുന്നില്ല. മുഖ്യമന്ത്രി കസേര കൊടുത്ത് ഒതുക്കി ഒരു മൂലയ്‌ക്ക് ഇരുത്തിയില്ലേ. ഇനിയിപ്പോ പഴയപോലെ കെടന്നു ചാടാനൊക്ക്വോ. അല്ലെങ്കി, ഈ വെവരം കെട്ട പെണ്ണുങ്ങള് ഒന്നാലോചിക്കണം, പ്രധാനമന്ത്രി സ്ഥാനം കിട്ടുന്നത് ആർക്കാ. ഒരു പെണ്ണിനല്ലേ. അവര് വിദേശിയോ സ്വദേശിയോ എന്നതാണോ പ്രശ്‌നം. എത്രയോ കാലം മുമ്പ് നമ്മുടെ നാട്ടിൽ വന്ന് താമസിച്ച് നമ്മുടെ പൗരത്വം നേടിയില്ലേ. സ്‌ത്രീ സമൂഹത്തിന് അഭിമാനിക്കാൻ ഇതിൽപ്പരം ഒരു സ്ഥാനമുണ്ടോ. ഈ രണ്ട് അക്കൻമാരും കൂടെ എല്ലാം തൊലച്ചു കളഞ്ഞില്ലേ. ആ പാവം അക്കൻ മക്കളുടെ സമ്മർദ്ദത്തിന്റെ പേര് പറഞ്ഞും ജനങ്ങള് രണ്ട് ചേരിയാവണ്ടാന്നും വച്ച് ഒഴിഞ്ഞുമാറി. വല്ലവനും തുനിഞ്ഞിറങ്ങിയാ ആ പാവത്തുങ്ങക്ക് തളളയില്ലാണ്ടാവൂലേ. പിന്നെ ഏതോ സിനിമേല് രണ്ട് പിളളാര് പാടിയപോലെ- അമ്മയില്ലാ പൈതലുകൾ…എന്നും പാടി ഇന്ദ്രപ്രസ്ഥത്തിലൂടെ അലഞ്ഞ് നടക്കണതും നമുക്ക് കാണേണ്ടിവരും. ഇപ്പോ, ഞങ്ങള് പെണ്ണുങ്ങൾക്ക് പ്രധാനപ്പെട്ടത് മറ്റൊരു കാര്യമാണ്. മൻമോഹൻസിംഗിന്റെ ഇടുപ്പില് ഈ അക്കൻ ഒരു കയറ് കെട്ടീട്ടുണ്ട്. അത് മൻമോഹനുമറിയാം. ചാടിക്കളിക്കെടാ കൊച്ചുരാമാന്ന് പറഞ്ഞാ ചാടിക്കളിക്കും ഓടിക്കളിക്കെടാ കൊച്ചുരാമാന്ന് പറഞ്ഞാ ഓടിക്കളിക്കും. ഇതിലപ്പുറം ഒരു പെണ്ണിന് എന്താ വേണ്ടത്. അതുകൊണ്ട് ഭരിക്കുന്നതിനെക്കാളും ഭരിപ്പിക്കുന്നതല്ലേ കൂടുതൽ ജോറ്. ഈ കയറിന്റെ കാര്യം ഞാനിങ്ങേരോട് പറഞ്ഞപ്പോൾ, പറയ്യാ കയറ് മൻമോഹന്റെ ഇടപ്പിലല്ലാ കെട്ടീരിക്കണേന്ന്. പിന്നെ എവിടേന്ന് ചോദിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് ഞാനതിന് മെനക്കെട്ടില്ല. ഇങ്ങേരെ ചെല നേരത്തെ ചൊറിച്ചുമല്ല് കേട്ടാ ഏഴ് ദെവസം വെളളം കുടിക്കൂലാ.
എടീ, ചക്കരേ….ചായ ഇട്ടോടി
എന്തൊരു സ്‌നേഹോന്ന് നോക്കിയേ. ഒലിച്ചിറങ്ങുകയല്ലേ, കളള ബഡുക്കൂസ്.
ഇട്ടേ…ചേട്ടാ, ഇതാ ഞാൻ വന്നു…
എന്താ എന്റെ മറുപടിയും കൊളളൂലേ. ചെല നമ്പരുകള് നമ്മളും അറിഞ്ഞിരിക്കണം. കാണാതെ പഠിച്ചിരിക്കണം.
ഇന്നലെ ചായയ്‌ക്ക് ചൂടില്ലായെന്നും പറഞ്ഞ് ഒരടി ഇടതുകരണത്ത് കിട്ടിയതാ. വലുതുകരണം കൂടി കാണിക്കണമെന്ന് വിചാരിച്ചതാ. പിന്നെ നിരന്തരമായ പല്ല് വേദന ഓർത്തപ്പോ വേണ്ടാന്ന് വച്ചു.
ഞാനേ, ഈ ചായ ചേട്ടന് കൊടുത്തിട്ട് വരാം. വെറുതെ എന്തിന് ഇന്നും അടി വാങ്ങിക്കണത്. അല്ലെങ്കിത്തന്നെ ഈ സ്‌ത്രീ സമത്വവും സ്‌ത്രീ സ്വാതന്ത്ര്യവും സ്വന്തമായി വരുമാനമുളള സ്‌ത്രീകൾക്ക് പറഞ്ഞിട്ടുളളതാ. അങ്ങേര് കൊണ്ടുവരുന്നതും വേവിച്ച് അങ്ങേരുടെ പിളളാരെയും വളർത്തി കഴിയുന്ന എന്നെപ്പോലത്തെ പെണ്ണുങ്ങൾക്ക് ഈ മുപ്പത്തിമൂന്നുതന്നെ ധാരാളം.
Generated from archived content: story1_dec1.html Author: n_santhakumar