അന്ന്
വേനലവധിയൊക്കെ കഴിഞ്ഞ് കാലവർഷാരംഭത്തിൽ
ഞങ്ങളുടെ പള്ളിക്കൂടം തുറക്കും
പുതിയ ക്ലാസ്സിലേയ്‌ക്ക്
തുളകളനേകമുള്ള തുണിസഞ്ചിയിൽ
പഴയ വിലയ്‌ക്ക് കിട്ടിയ പുസ്തകവുമടുക്കി
ലീക്കൊരിക്കലും മാറാത്ത
ബിസ്മിപേന പോക്കറ്റിൽ ചരിച്ചിട്ട്
ഞണുങ്ങി വിസ്താരം കുറഞ്ഞ ചോറ്റുപാത്രവും
ഉള്ളതിൽ കൊള്ളാവുന്ന തുണിയുമുടുത്ത്
പള്ളിക്കൂടത്തിലേയ്‌ക്കിറങ്ങുന്നേരം
മഴ പെയ്യും.
ഇങ്ങനെ കോരിച്ചൊരിയുന്ന മഴയത്തും
വലംകൈ ആടുന്ന കാലൻകുടയിലും
ഇടംകൈ സൈക്കിളിന്റെ ഹാൻഡിൽബാറിലുമായ്
ഞങ്ങളെ, എട്ടാളെപ്പോറ്റാൻ
അച്ഛൻ ആപ്പീസിലേയ്‌ക്ക് കൃത്യമായ് പോകും.
പടിയിറങ്ങുന്നതിന് മുമ്പ്
അച്ഛൻ ഞങ്ങളെയൊന്ന് നോക്കും
പിന്നാലെ
ഇന്നിനി പോകണ്ട മക്കളെയെന്ന
അച്ഛന്റെ തണുവേറിയ വാക്കുകൾ വരും
സന്തോഷത്തണുപ്പിൽ ഞങ്ങളെല്ലാം
പുസ്തകസഞ്ചി ദൂരെ മൂലയ്‌ക്കെറിയും.
പിള്ളാരെ വഷളാക്കുന്നത്
അച്ഛനാണെന്ന് അമ്മ ഒട്ടും നേരം കളയാതെ
മഴയെ നോക്കി കെറുവിയ്‌ക്കും, മുഖം കോട്ടും
അന്നേരം അച്ഛൻ ജംഗ്‌ഷൻ കഴിഞ്ഞിരിക്കും,
സത്യം
എന്റെ അച്ഛനാണെ സത്യം.
ഇന്ന്
സമ്മർ വെക്കേഷൻ കഴിഞ്ഞ് മൺസൂണാരംഭത്തിൽ
മോളുടെ ഇംഗ്ലീഷ് മീഡിയം ഓപ്പൺ ചെയ്തു.
ടൈംടേബിൾ നോക്കി
പ്രോപ്പർ യൂണിഫോമിട്ട്
സ്നാക്ക്…. ലഞ്ച്… പെൻസിൽ ബോക്സുകൾ
ലെതർ ബാഗിന്റെ
പ്രോപ്പർ പ്ലയ്‌സിലൊതുക്കുന്നേരം മഴ തൂറ്റി
ഈ നശിച്ച മഴ ഞാനുരുവിട്ടപ്പോൾ
ഓ, നോട്ടീ റെയിനെന്ന് ഭാര്യയുടെ പിന്തുണ
അന്നത്തേക്കാളും അന്തരീക്ഷം തണുപ്പായിട്ടും
എന്റെ പ്രതീക്ഷയിലും
മോളുടെ ഭാവിയിലും ചൂടധികം.
ഇന്നിനി പോകണ്ടച്ഛായെന്ന്
മകൾ കരഞ്ഞിട്ടും കാലുപിടിച്ചിട്ടും
റെയിൻകോട്ടിട്ട് മൂടിപ്പുതപ്പിച്ച്
വെള്ളമിറങ്ങാതെ തണുവേൽക്കാതെ
ടാക്സിയിൽ ഞാൻ എന്റെ ചക്കരയെ
എൽകെജിയെലെത്തിച്ചു
ഒരു ക്ലാസ് മിസ്സായാൽ തീർന്നില്ലേ എല്ലാം.
തിരികെയെത്തിയ ആ പഴയ വഷളൻ
കുഷ്യനിലിരുന്ന് ദീർഘമായൊന്ന് നിശ്വസിച്ചു.
തൊട്ടപ്പുറത്തെ
ചാരുകസേരയിലെ കാഴ്‌ചയില്ലാത്ത
വൃദ്ധൻ പൊട്ടിച്ചിരിച്ചു
കേൾവി നഷ്ടപ്പെട്ട
വൃദ്ധ കെറുവിച്ചുമില്ല
മുഖം കോട്ടിയുമില്ല.
Generated from archived content: poem1_apr26_07.html Author: n_santhakumar