സമരം തന്നെ ജീവിതം

തന്റെ നീണ്ട 83 വർഷത്തെ സംഭവബഹുലമായ ജീവിതം വെറും 31 പേജിലൊതുക്കി വി.എസ്‌ ഒരു അത്ഭുതം കാണിച്ചിരിക്കുന്നു. മഹാസമുദ്രത്തെ തന്റെ ചെറുകിണ്ടിയിലൊതുക്കിയ അഗസ്‌ത്യമുനിയെപ്പോലെ. എന്റെ ജീവിതമാണ്‌ എന്റെ സന്ദേശമെന്ന്‌ മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട്‌. തന്റെ തീക്ഷ്‌ണമായ, വിട്ടുവീഴ്‌ചയില്ലാത്ത സമരങ്ങളിലൂടെ സഞ്ചരിച്ച വി.എസ്‌ തന്റെ സമരം തന്നെ തന്റെ ജീവിതമെന്ന്‌ മാറ്റിപ്പറയുന്നു. അതോടൊപ്പം ഇത്‌ സത്യമാണെന്നും വിശിഷ്യ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നമ്മൾ സമ്മതിക്കുകയും ചെയ്യുന്നു.

മികവുറ്റ കൈയ്യൊതുക്കത്തോടെ സ്വന്തം കഥ എഴുതിക്കൊണ്ട്‌ സമരപഥങ്ങളുടെ വലിയ ഒരു ലോകം സൃഷ്‌ടിക്കുന്നു ഈ ആത്മകഥയിലൂടെ ശ്രീ.വി.എസ്‌. അച്യുതാനന്ദൻ. ഈ രചനയെ പുസ്‌തകമെന്നോ ഗ്രന്ഥമെന്നോ വിളിക്കുന്നത്‌ അത്യുക്തിയാവുമെന്ന്‌ അവതാരികയിൽ ശ്രീ.സുകുമാർ അഴീക്കോട്‌ പറയുന്നുണ്ട്‌. എങ്കിലും ഇത്‌ വി.എസിന്റെ ജീവിതത്തിലെ പ്രധാന വിഷയങ്ങളെപ്പറ്റി എഴുതിയ ചെറിയൊരു കുറിപ്പാണെന്നുകൂടി അവതാരകൻ അടിവരയിട്ട്‌ സമർത്ഥിക്കുവാൻ മറക്കുന്നുമില്ല. 2006 ഏപ്രിലിലാണ്‌ ഈ പുസ്‌തകത്തിന്റെ ആദ്യ എഡിഷൻ പുറത്തിറങ്ങുന്നതെങ്കിലും ഇതിനകം വായനക്കാർ ഈ പുസ്‌തകത്തെ നെഞ്ചേറ്റിക്കഴിഞ്ഞിട്ടുണ്ട്‌.

ജൗളിക്കടയിൽനിന്ന്‌ നിയമനിർമ്മാണസഭവരെയുളള ഒരു കയറ്റമാണ്‌ വി.എസിന്റെ ജീവിതം. ജൗളിക്കടയിൽ ചേട്ടനെമാത്രം സഹായിക്കാനാണ്‌ പോയതെങ്കിൽ നിയമസഭയിൽ ജനങ്ങളെയാകെ സഹായിക്കാനാണ്‌ വി.എസ്‌. എത്തിയിരിക്കുന്നത്‌. മരക്കുടിലിൽനിന്ന്‌ വൈറ്റ്‌ ഹൗസിലേക്ക്‌ കയറിപ്പോയ എബ്രഹാംലിങ്കനെ ഓർത്തുപോകുമെന്ന്‌ ഉദാഹരണമായി അവതാരകൻ ചൂണ്ടിക്കാട്ടുന്നു. താഴ്‌വരയിൽനിന്ന്‌ മുളച്ചുവളർന്ന്‌ ഒരു ചന്ദനമരം വളർന്ന്‌ മലയുടെ മുടിവരെ ഉയർന്നുപൊങ്ങിയപോലെയാണ്‌ അവതാരകൻ വീണ്ടും ഉപമിക്കുമ്പോൾ വായനക്കാരും അതിനെ ശരിവയ്‌ക്കുന്നു.

വളരെ ലളിതമായ, നിർമ്മലമായ ഭാഷയിൽ സമരം തന്നെ ജീവിതമാക്കിയ കഥ വി.എസ്‌ ചുരുക്കി പറയുന്നു എന്നതുതന്നെയാണ്‌ സമരം തന്നെ ജീവിതം എന്ന പുസ്‌തകത്തെ മികവുറ്റതാക്കുന്നത്‌. തന്റെ തെളിമയുളള, കറ പുരളാത്ത പൊതുജീവിതം മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജനപക്ഷത്ത്‌ അടിയുറച്ചുനിൽക്കുന്ന തന്റെ ജീവിതം, ഒരു ജനതയുടെ ഹൃദയത്തിലേക്ക്‌ പകരുവാൻ വി.എസിന്‌ ഈ ആത്മകഥാരചനയിലൂടെ സാധിച്ചിട്ടുണ്ട്‌. ഈ രചനയെ, ഒരു കവിതപോലെ സുന്ദരമെന്ന ആ പഴയ ക്ലീഷേ ഉപയോഗിച്ച്‌ പറഞ്ഞാലും അത്‌ അത്യുക്തിയാണെന്ന്‌ ആരും പറയുകയുമില്ല. ഈ പുസ്‌തകം ലേ-ഔട്ട്‌ ചെയ്‌തിരിക്കുന്നതുതന്നെ ഒരു പുതുമയാണ്‌. മാത്രമല്ല ഇതൊരു അപൂർവ്വമായ കാഴ്‌ചയുമാണ്‌. സമരപഥങ്ങളിലൂടെയുളള വി.എസ്‌.ചിത്രങ്ങൾ ഭംഗിയായി അടുക്കിയിരിക്കുന്നു.

വേലിയ്‌ക്കകത്ത്‌ ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്‌. അച്യുതാനന്ദൻ എഴുതുന്നു.

1923 ഒക്‌ടോബർ 20-നാണ്‌ ഞാൻ ജനിച്ചത്‌. ഇന്നത്തെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വില്ലേജിൽ വരുന്ന വേലിയ്‌ക്കകത്ത്‌ വീട്ടിൽ. അച്‌ഛൻ ശങ്കരൻ. അമ്മ അക്കമ്മ. ഇവരുടെ രണ്ടാമത്തെ മകൻ. എനിക്ക്‌ നാലുവയസ്സുളളപ്പോൾ അമ്മ മരിച്ചു. അച്‌ഛൻ മരിച്ചതോടെ ഏഴാംക്ലാസിൽ പഠനം നിലച്ചു. എസ്‌.എസ്‌.എൽ.സിയെങ്കിലും നേടണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തിരുവിതാംകൂറിൽ അന്ന്‌ രാഷ്‌ട്രീയം കലങ്ങിമറിയുകയായിരുന്നു.

ഈ ഒഴുക്ക്‌, എഴുത്തൊഴുക്ക്‌ കൃതിയിലുടനീളം നിലനിർത്താൻ വി.എസിന്‌ കഴിഞ്ഞിട്ടുണ്ട്‌. കർഷകത്തൊഴിലാളി പ്രസ്ഥാനം, ഉത്തരവാദപ്രക്ഷോഭം, സിപിയുടെ അമേരിക്കൻ മോഡൽ എന്നിവയിലെല്ലാം തന്റെ സജീവ സമരസാന്നിദ്ധ്യം അറിയിച്ച വി.എസ്‌ പാലാ പോലീസ്‌ സ്‌റ്റേഷനിൽ അനുഭവിച്ച കഷ്‌ടപ്പാടുകൾ വിവരിക്കുന്നത്‌ എത്ര വലിയ കഠിനഹൃദയനേയും ഒന്നിളക്കുമെന്നത്‌ തീർച്ചയാണ്‌.

എന്റെ രണ്ട്‌ കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ അവർ പുറത്തെടുത്തു. തുടർന്ന്‌ ലോക്കപ്പ്‌ അഴികൾക്ക്‌ വിലങ്ങനെ രണ്ടുകാലിലും ലാത്തിവച്ച്‌ കെട്ടി. കാൽ അകത്തേയ്‌ക്ക്‌ വലിച്ചാൽ പോരാതിരിക്കാൻ. എന്നിട്ട്‌ ലോക്കപ്പ്‌ പൂട്ടി. കുറച്ച്‌ പോലീസുകാർ ലോക്കപ്പിനകത്തുനിന്നു. കുറച്ച്‌ പോലീസുകാർ ലോക്കപ്പിന്‌ പുറത്തും. ഞാനാകട്ടെ അകത്തും പുറത്തുമല്ല എന്ന അസ്ഥയിലായിരുന്നു…..ഈ അവസ്ഥയിലെത്തിച്ചശേഷം വീണ്ടും ഇ.എം.എസും കെ.പി. പത്രോസും എവിടെയാണ്‌ ഒളിച്ചിരിക്കുന്നതെന്ന്‌ ആവർത്തിച്ച്‌ ചോദിച്ചു. ഉളളംകാലിൽ അടിക്കുന്ന ഓരോ അടിയും തലയിൽ മുഴങ്ങുന്ന അവസ്ഥ… ഇതിനിടെ ഒരു പോലീസുകാരൻ ബയണറ്റ്‌ തോക്കിൽ ഫിറ്റ്‌ ചെയ്‌തു. ചോദ്യങ്ങളും മർദ്ദനവും തുടരുന്നതിനിടെ ബയണറ്റ്‌ പിടിച്ച തോക്ക്‌ ഉളളംകാലിലേയ്‌ക്ക്‌ ആഞ്ഞുകുത്തി. കാൽപ്പാദം തുളഞ്ഞ്‌ ബയണറ്റ്‌ അപ്പുറം കയറി. ചോരയുടെയും വേദനയുടെയും പ്രളയം. ഇതോടൊപ്പം ബോധം പോയി. പിന്നീട്‌ കണ്ണ്‌ തുറക്കുന്നത്‌ പാലാ ആശുപത്രിയിലാണ്‌.

ഇത്തരം അനുഭവങ്ങളിലൂടെയുളള യാത്ര വി.എസിന്‌ എന്നും ഒരു ഹരം തന്നെയായിരുന്നു. പോലീസിന്റെ കടുത്ത മർദ്ദനങ്ങൾക്കുമുന്നിലോ വിവിധ തരത്തിലുളള ചോദ്യമുറകൾക്കു മുന്നിലോ തന്റെ ചിന്താഗതിയ്‌ക്ക്‌ ഒരു ഭംഗവും വരുത്താതെ വി.എസ്‌ അസാമാന്യ ധൈര്യത്തോടെ നിന്നുവെന്നറിയുമ്പോഴാണ്‌ അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വലമായ ജീവിതം ഒരു സമരമായി യഥാർത്ഥത്തിൽ മാറുന്നത്‌. ആ ത്യാഗം തന്നെയാണ്‌ ഈ കൃതിയിലെ ഓരോ വരിയിലും പ്രോജ്ജ്വലിച്ചു കിടക്കുന്നതും.

സമൂഹത്തിലെ തിന്മകൾക്കെതിരെ സമരം ചെയ്യുന്നതിനൊപ്പം പാർട്ടിയ്‌ക്കകത്ത്‌ സ്വാഭാവികമായി രൂപം കൊളളുന്ന തെറ്റായ ആശയഗതികൾക്കെതിരെയും ഞാനെക്കാലവും ഉറച്ച സമരത്തിലായിരുന്നു. ഇതിനുശേഷം അടിയന്തിരാവസ്ഥ വന്നു. അടിയന്തിരാവസ്ഥയ്‌ക്ക്‌ ശേഷമുളള എന്റെ രാഷ്‌ട്രീയജീവിതം പ്രത്യേകിച്ച്‌ 80 കൾക്ക്‌ ശേഷമുളള രാഷ്‌ട്രീയ ജീവിതം കേരള സമൂഹത്തിൽ എപ്പോഴും ചർച്ച ചെയ്യപ്പെടുന്നതാണ്‌. അത്‌ പിന്നൊരിക്കൽ പറയാം.

വി.എസ്‌. ഇവിടെ എഴുതി നിർത്തുന്നു.

പക്ഷേ, വി.എസ്‌ നിർത്തുന്നത്‌ എഴുത്ത്‌ മാത്രമാണ്‌. കർമ്മനിരതന്‌ എന്നും പ്രവർത്തിദിവസമാണ്‌. ജനദ്രോഹ നടപടികൾക്കെതിരെ ആ വ്യക്തി നിരന്തരം പോരാടിക്കൊണ്ടേയിരിക്കും. ആ കർമ്മകുശലനായ വ്യക്തി, പാവപ്പെട്ടവരുടെ, നിന്ദിതരുടെ, പീഡിതരുടെ, ആലംബഹീനരുടെ ഏറ്റവും ഒടുവിൽ കേരളത്തിലെ ജനങ്ങളുടെ, മലയാളിയുടെയാകെ രക്ഷകനായ വി.എസ്‌ ആണെന്ന്‌ അറിയുന്നത്‌ ഏവർക്കും സന്തോഷമുളള ഒരു കാര്യവുമാണ്‌. അദ്ദേഹം ഇന്ന്‌ നമ്മുടെ കൺമുന്നിൽ നിൽക്കുന്നത്‌ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയായിട്ടാണ്‌. അദ്ദേഹത്തിന്‌ മുമ്പത്തേക്കാൾ കൂടുതൽ ഊർജ്ജസ്വലതയോടും ആധികാരികതയോടും കൂടി പ്രവർത്തിക്കാൻ പ്രായത്തെ അവഗണിച്ചുകൊണ്ട്‌ ഇനിയും കഴിയുമെന്നും അത്തരം പ്രവർത്തനങ്ങൾ പുസ്‌തകരൂപത്തിൽ വായനക്കാരുടെ മുന്നിൽ വീണ്ടും പ്രത്യക്ഷമാവുമെന്നും നമുക്ക്‌ പ്രത്യാശിക്കാം.

സമരം തന്നെ ജീവിതം (ആത്മകഥ), വി.എസ്‌. അച്യുതാനന്ദൻ, വില-25.00, പെൻ ബുക്‌സ്‌

Generated from archived content: book1_july7_06.html Author: n_santhakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English