മേൽകഴുകിവന്ന് കിടപ്പുമുറിയിലെ നിലക്കണ്ണാടിയ്‌ക്കു മുന്നിലെത്തി ബട്ടൺ കുടുക്കുന്നതിനിടയിലാണ് വാതിൽക്കൽ തന്നെ തുറിച്ചുനോക്കി ഇരിക്കുന്ന രണ്ടു ചാട്ടുളി കണ്ണുകൾ പത്മദളാക്ഷമേനോന്റെ സ്വസ്ഥത കെടുത്തിയത്. മിസ്‌റ്റർ പത്മദളാക്ഷമേനോൻ, നിങ്ങളൊരു സീനിയർ ബാങ്ക് ഓഫീസർ ആയിരിക്കാം; സിംഹങ്ങളുടെ സമൂഹത്തിൽ മോശമല്ലാത്ത സിംഹാസനവും ഉണ്ടായിരിക്കാം; ഇതുകൊണ്ടൊന്നും പക്ഷെ ഞാൻ നിങ്ങളെ തെല്ലും വിലകല്പിക്കുന്നില്ല എന്നൊരു കൂസലില്ലാത്ത ഔദ്ധത്യം കണ്ണാടിയിൽ പ്രതിബിംബിച്ച ആ കണ്ണുകളിൽ അയാൾക്ക് വായിച്ചെടുക്കാനായി. ഷർട്ടിന്റെ താഴെനിന്ന് കുടുക്കിവന്ന ബട്ടണുകൾ ഏതാണ്ട് മധ്യത്തിൽ എത്തിയിരുന്നതേയുളളൂ അപ്പോൾ. അത് പൂർത്തിയാക്കാതെ അയാൾ പൊടുന്നനെ തിരിഞ്ഞ് ‘പോ.. അസത്തേ’ എന്നു കൈവീശിക്കൊണ്ട് രണ്ടടി മുന്നോട്ടുനീങ്ങി.
മീനു എന്ന് ശ്യാമള കൊഞ്ചിക്കുന്ന, പത്മദളാക്ഷമേനോന് അസത്തായ, മീനാക്ഷിയ്‌ക്ക് പക്ഷെ യാതൊരു കുലുക്കവുമുണ്ടായില്ല. ഈ വിരട്ടൊക്കെ എത്ര കണ്ടിരിക്കുന്നു എന്നമട്ടിൽ അലസമായി മേനോനുനേരെ ഒരു പുച്ഛനോട്ടം എറിഞ്ഞിട്ട് വെളുവെളുത്ത ശരീരം പയ്യെ, എന്നാൽ പ്രൗഢിയോടെ വെട്ടിയുലച്ചുകൊണ്ട് അവൾ വാതിൽക്കൽനിന്ന് എണീറ്റുപോയി.
വളർത്തു ജന്തുക്കളോട് സ്വതേ പത്മദളാക്ഷമോനോന് വലിയ പ്രതിപത്തിയില്ല. വിശേഷിച്ചും പൂച്ചകളോട്. ഒരു പെറ്റ് അനിമലിന്റെ സാമാന്യ സവിശേഷതകളായ യജമാനനോടുളള കൂറ്, സത്യസന്ധത, വിശ്വാസ്യത എന്നീ ഗുണങ്ങളുടെ കാര്യത്തിൽ പരിതാപകരമാംവിധം പിന്നിട്ടു നിൽക്കുന്ന ഒരു ജന്തുവാണത്. തികച്ചും നിരുപദ്രവമെന്നു തോന്നിയ്‌ക്കുന്ന അതിന്റെ സൗമ്യതയാകട്ടെ കപടാവരണവുമാണ്. സിരകളിലൊഴുകുന്ന ഹിംസാത്മകവും ക്രൂരവുമായ ഒരു ഗോത്രവീര്യ ധാർഷ്‌ട്യത്തിനുമേലുളള ആവരണം.
ബട്ടൺ കുടുക്കി തീർന്നപ്പോൾ മേനോൻ ചീർപ്പെടുത്ത് തലയിലൂടെ ഒന്ന് ഓടിച്ചുവിട്ടു. ഇരു ചെന്നികളിൽനിന്നും മുകളിലോട്ടു പടർന്നു കയറിയ കഷണ്ടി. ശേഷിച്ച മുടി പാതിയിലേറെയും നരച്ചിട്ടുണ്ട്. അൻപതിന്റെ നടപ്പിൽ ഇതൊരു പുരുഷന് ഭൂഷണമാണ്. അയാൾ വിചാരിച്ചു. കടന്നുപോയ കാലം അവനിൽ ഏല്പിച്ച പക്വതയുടെ ലക്ഷണം. കളിതമാശകൾക്കുപരി ജീവിതത്തിന്റെ മൊത്തം ബാലൻസ്‌ഷീറ്റ് എടുത്ത് ഒന്നു പരിശോധിക്കാനുളള സമയമൊക്കെയായിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്ന ഒരടയാളം.
ശ്യാമള പക്ഷെ അത് അംഗീകരിക്കില്ല. നരച്ചു പൂക്കുന്നത് ഇത്രയൊക്കെ ഗംഭീരമാണെങ്കിൽ ഹെയർ ഡൈ നിർമ്മാണകമ്പനികളൊക്കെ അടച്ചുപൂട്ടേണ്ടിവരുമല്ലോ എന്നാണ് പരിഹാസം. ‘ഓരോരോ വരട്ടു കണ്ടുപിടുത്തങ്ങള്.. ഒരു സൊസൈറ്റിയിലാവുമ്പോൾ അതിനനുസരിച്ച് ജീവിയ്‌ക്കാൻ പഠിയ്‌ക്കണം ആദ്യം…’
സൊസൈറ്റിയ്‌ക്ക് അനുസൃതമായി ജീവിക്കുകയെന്നാൽ സ്വയം കറുപ്പിച്ച് ഓരോരുത്തരും ഓരോ അതാര്യ പ്രകൃതികളായി മറ്റുളളവരെ കബളിപ്പിയ്‌ക്കുക എന്നാണോ അർത്ഥമെന്ന് മേനോന് നിശ്ചയമില്ല. എന്നാൽ, നാല്‌പതിലും ശ്യാമളയുടെ മുടിയിഴകൾക്ക് പഴയ തിളക്കം മങ്ങിയിട്ടില്ല എന്നതു യാഥാർത്ഥ്യമാണ്. മുടിയിഴകൾക്കു മാത്രമല്ല, മഞ്ഞകലർന്ന വെളുപ്പു നിറമുളള ആകാരകാന്തിയ്‌ക്കും വലിയ മങ്ങലേറ്റില്ല. അതുകൊണ്ടുതന്നെ ശ്യാമളയേയും അളകയേയും (മണിപ്പാലിൽ മെഡിസിൻ രണ്ടാംവർഷമാണ് അവൾ) ഒരുമിച്ചു കാണുന്ന ഒരാളിൽ അമ്മയും മകളും എന്ന വിധത്തിലൊരു തിരിച്ചറിവിന്റെ നാഡീപ്രതികരണം പൊടുന്നനെ ഉണ്ടായിക്കൊളളണമെന്നും ഇല്ല.
ഗോവണി ഇറങ്ങി മേനോൻ താഴെ സ്വീകരണമുറിയിലെത്തുമ്പോൾ ശ്യാമള ടി.വി. കാണുകയാണ്. സെറ്റിയിൽ, ശ്യാമളയുടെ ചാരെ, കണ്ണുകൾ പാതിയടച്ച് മീനാക്ഷി കിടക്കുന്നുണ്ട്. പെട്ടെന്നു കണ്മിഴിച്ച മീനാക്ഷി വല്ലാത്തൊരു അലംഭാവത്തോടെ മേനോനെ തലചെരിച്ചു നോക്കി. എന്നിട്ട് കുഷനിൽ താടി ഒന്ന് ഉരസിയിട്ട് കഴുത്തു നീട്ടിവച്ചു കിടന്ന് വീണ്ടും കണ്ണുകൾ ചിമ്മി.
‘ഓ… ഇറങ്ങുകയായോ..’ ശ്യാമള അയാളുടെ നേർക്ക് മുഖം തിരിച്ചു. ‘രണ്ടിൽ കൂടുതൽ വേണ്ട. ആളുകളെക്കൊണ്ട് അതുമിതും പറയിപ്പിയ്‌ക്കാൻ…’
നമ്പ്യാരുടെ വെഡ്‌ഢിങ്ങ് ആൻവേഴ്‌സറിയാണ് ശ്യാമള സൂചിപ്പിക്കുന്നതെന്ന് മേനോന് മനസ്സിലായി. ഇത്തിരി കൂടിപ്പോയി അന്ന്. പ്ലാന്റർ സോമനാഥനുമായി പൊളിറ്റിക്‌സ് സംസാരിച്ചുസംസാരിച്ച് ഒടുവിലെത്തിയപ്പോഴേയ്‌ക്കും ശകലം ഉച്ചത്തിലായി തർക്കം. രാത്രി, മടക്കത്തിൽ ശ്യാമളയാണ് ഡ്രൈവു ചെയ്‌തത്. അതിൽപ്പിന്നെ ഇതാ ഇങ്ങനെ ഓർമ്മവരുമ്പോഴൊക്കെയും ശ്യാമള അതുതന്നെ തേട്ടിക്കൊണ്ടിരിയ്‌ക്കുകയാണ്.
പത്മദളാക്ഷമേനോൻ മറുപടിയൊന്നും പറയാതെ വാതിൽയ്‌ക്കലേക്കു നടന്നു. അയാൾ വാതിൽ തുറന്നതും സെറ്റിയിൽ കിടന്ന മീനാക്ഷി ചാടിയിറങ്ങി അതിശീഘ്രം പുറത്തേയ്‌ക്കു കുതിച്ചതും ഒരുമിച്ചായിരുന്നു. ഹോ…എന്ന് മേനോന്റെ ഉളളിലൊരാന്തലുണ്ടായി. പിന്നെ വൃത്തികെട്ട ജന്തു എന്ന് പ്‌രാകിക്കൊണ്ട് അയാൾ വെളിയിലിറങ്ങി കതകുചാരി.
വൈകുന്നേരം പുറത്തിറങ്ങുമ്പോൾ മേനോൻ കാറ് എടുക്കാറില്ല. ടൗണിലേയ്‌ക്കുളള രണ്ടു കിലോമീറ്റർ ദൂരം നടക്കും. രാത്രി, തിരിച്ചുവരുമ്പോൾ ഓട്ടോ പിടിയ്‌ക്കും. രണ്ടുവർഷം മുമ്പ് ശരീരത്തിന്റെ ഭാരം ക്രമംവിടുന്നുണ്ടോ എന്നു സംശയം തോന്നിയപ്പോൾ മുതൽ ശീലിച്ചതാണ് അത്.
മേനോൻ സിറ്റൗട്ടിൽനിന്ന് നടപ്പാതയിലേയ്‌ക്ക് ഇറങ്ങുമ്പോൾ എന്തോ അന്വേഷിയ്‌ക്കുംപോലെ ഗാർഡനിൽ ചുറ്റിത്തിരിയുകയാണ്, മീനാക്ഷി. ഒരിക്കൽ റോസ്, ഡാലിയ, ജമന്തി, മേരിഗോൾഡ് എന്നിങ്ങനെ പുഷ്‌പവൈവിധ്യവും സൗരഭ്യസമൃദ്ധിയും ഉണ്ടായിരുന്ന ഗാർഡനിൽ ഇപ്പോൾ ഓർക്കിഡിന്റെയും ആന്തൂറിയത്തിന്റെയും സർവ്വാധിപത്യമാണ്. ഒരു പ്രഭാതത്തിൽ, ഓർക്കിഡ് ഭ്രമം പിടികൂടിയപ്പോൾ സ്ഥലം ഒഴിഞ്ഞുകിട്ടാനായി കുറെയൊക്കെ ശ്യാമള ഓരോരുത്തർക്ക് ദാനം ചെയ്‌തു. എന്നിട്ടും ശേഷിച്ച ചിലതാകട്ടെ പുതിയ അതിഥികൾ വന്നപ്പോൾ പിഴുതെറിയപ്പെട്ട് രക്തസാക്ഷിത്വം വരിച്ചു. ഇതിന്റെയൊക്കെ ശേഷവും ആയുസ്സിന്റെ ബലം ഒന്നുകൊണ്ടുമാത്രം ഒരു മഞ്ഞറോസ്‌ചെടി ഗാർഡന്റെ മൂലയിൽ അവശേഷിച്ചു. പുതുകൂട്ടത്തിനു നടുവിൽ ഒറ്റപ്പെട്ട്, മഞ്ഞപ്പൂക്കൾ വിരിയിച്ചു നിൽക്കുന്ന ആ പാവംപിടിച്ച ചെടിയുടെ നിസ്സഹായത കാണുമ്പോഴൊക്കെയും മേനോന് ദുഃഖം തോന്നും.
മേനോൻ ഗേറ്റിൽ എത്തുന്നതിനുമുമ്പ് പൂച്ച തിരക്കിട്ട് അയാൾക്കു മുന്നിൽ ഓടിക്കയറി. എന്നിട്ട് ഗേറ്റിന്റെ അഴികൾക്കിടയിലൂടെ ഊർന്നിറങ്ങി റോഡിലൂടെ പാഞ്ഞുപോയി.
‘തെണ്ടാൻ ഇറങ്ങിയതാണ്, അശ്രീകരം…’ മേനോൻ വെറുപ്പോടെ പിറുപിറുത്തു.
നാലഞ്ചുവാര നടന്ന് കോളനി റോഡിന്റെ തിരിവിലെത്തവെ, വലതുവശത്തുളള വീടിന്റെ ഗേറ്റഴികൾക്കിടയിലൂടെ മേനോൻ വെറുതെ കണ്ണോടിച്ചു. പോർച്ചിൽ ‘യമഹ’ നിൽക്കുന്നുണ്ട്. ആൾ സ്ഥലത്തുണ്ട് എന്നർത്ഥം.
ടൗണിൽ ക്ലിനിക് നടത്തുന്ന ഡോ. നഥാനിയേൽ വർഗ്ഗീസ് Bsc[M.B.B.S[D.A,Mന്റെ വസതിയായിരുന്നു അത്. ക്ലിനിക്കിൽ തരക്കേടില്ലാത്ത പ്രാക്‌ടീസ് ഉണ്ടെന്നാണ് കേട്ടിട്ടുളളത്. മുടി തഴച്ചുവളരാനും നര, പൊഴിച്ചിൽ ഇത്യാദികൾ തടയാനുമുളള ഡോ. നഥാനിയേൽ വർഗ്ഗീസിന്റെ പാരമ്പര്യ ആയുർവ്വേദ ഒറ്റമൂലി പ്രസിദ്ധമാണ്. ഏതായാലും ഡോക്‌ടറുടെ പേഷ്യൻസ് അധികവും സ്‌ത്രീകളാണ് എന്നതു വാസ്‌തവമാണ്. പ്രൊഫഷന് പുറത്തും ഡോക്‌ടർ നഥാനിയേൽ വർഗ്ഗീസ് പ്രസിദ്ധനായിരുന്നു. കെന്നൽ ക്ലബ്ബ്, മൃഗസംരക്ഷണ സമിതി എന്നീ മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ് ആൾ.
പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഒരു ഹായ് പറച്ചിലിനപ്പുറം മേനോൻ ഡോക്‌ടറുമായി അടുത്തിട്ടില്ല. കാരണം മേനോൻ തന്നെയായിരുന്നു. അയാൾക്ക് ഡോക്‌ടറെ അത്ര മതിപ്പില്ല. പ്രത്യേകിച്ച് വ്യക്തിവിരോധമൊന്നും ഉണ്ടായിട്ടല്ല. നിറയെ സുഗന്ധലേപനങ്ങൾ പൂശി, ചെറുപ്പം പിളേളരെപ്പോലെ ഏറ്റവും പുതിയ പരിഷ്‌കാരങ്ങൾക്കനുസരിച്ച് വസ്‌ത്രധാരണം ചെയ്‌ത്, മാരകവേഗത്തിൽ 100C.C ബൈക്ക് ഓടിച്ചുപോകുന്ന ഡോ.നഥാനിയേൽ വർഗ്ഗീസിനെ ആദ്യ സമാഗമത്തിൽതന്നെ എന്തുകൊണ്ടോ പത്മദളാക്ഷമേനോന് ചെടിച്ചു. നാല്പത്തിയഞ്ചിൽ ഒരാൾക്ക് അനുയോജ്യമായ ഇരുചക്രവാഹനം സ്‌കൂട്ടറാണ്. മേനോൻ മനസ്സിൽ പറഞ്ഞു. ഇനി യെസ്‌ഡിയോ ബുളളറ്റോ ആയാലും കുഴപ്പമില്ല. പക്ഷെ അമിത വേഗത്തിൽ യമഹ ഓടിക്കുകയെന്നത് ഒരുതരം യയാതി മനോഭാവത്തിന്റെ പ്രതിഫലനമാണ്. ഒരു പൂരുവിന്റെ യൗവ്വനം ഡോക്‌ടർ പിടിച്ചു വാങ്ങിയിട്ടില്ലെങ്കിൽതന്നെയും.
ഡോക്‌ടർ നഥാനിയേൽ വർഗ്ഗീസിന്റെ വീടിനപ്പുറം തന്റെ വീടിന്റെ മട്ടുപ്പാവിൽ സിദ്ധിഖ് ബാഷ നിൽക്കുന്നുണ്ടായിരുന്നു. മുപ്പതുകാരനായ ഭാഷ പത്രത്തിൽ സബ് എഡിറ്ററാണ്. മേനോൻ ബാങ്കിൽനിന്നു മടങ്ങുമ്പോഴാവും മിക്കവാറും അയാൾ ഡ്യൂട്ടിയ്‌ക്കു പോകുന്നത്. ബാഷയെ മേനോന് ഇഷ്‌ടമാണ്. എ ഡീസന്റ് ഫെലോ.
മേനോനെ കണ്ടതും സിദ്ധിഖ് ബാഷ ചിരിച്ചുകൊണ്ട് കൈ ഉയർത്തി കാണിച്ചു. മേനോൻ തിരിച്ചും വിഷ് ചെയ്‌തു. എന്നിട്ട് കൈ താഴ്‌ത്തി മുന്നോട്ടു നീങ്ങാൻ ഭാവിക്കവെയാണ് അയാൾ പൊടുന്നനെ ആ കാഴ്‌ചയിലേയ്‌ക്ക് പിടിച്ചു വലിയ്‌ക്കപ്പെട്ടത്. ടെറസിൽ, സിദ്ധിഖ് ബാഷ നിൽക്കുന്നതിനടുത്ത് പാരപ്പറ്റിലേയ്‌ക്ക് ഏന്തിവലിഞ്ഞുനിന്ന് എത്തിച്ചു നോക്കുന്ന ഒരു മുഖം. മേനോന്റെ നോട്ടം അതിനെ തൊട്ടതും ഞൊടിയിട ആ മുഖത്തൊരു പുച്ഛംപുരണ്ട മന്ദഹാസം തെളിഞ്ഞുപൊലിഞ്ഞു. ഇതെങ്ങനെ ബാഷയുമായി ചങ്ങാത്തത്തിലായി എന്ന് മേനോൻ അമ്പരന്നു. ഗേറ്റ് കടന്നു പോകുന്നതു കണ്ടപ്പോൾ ഡോക്‌ടറുടെ വീട്ടിലേയ്‌ക്കാവും എന്നായിരുന്നു മേനോന്റെ ഊഹം.
‘നാണംകെട്ട ജന്തു.’ മേനോൻ അമർഷത്തോടെ തന്റെ കൈപ്പടങ്ങൾ കൂട്ടിഞ്ഞെരിച്ചു. പിന്നീട് നടക്കുമ്പോൾ പ്രസ്‌തുത സന്ദർഭത്തെ അയാൾ സ്വയം ഇങ്ങനെ വ്യാഖ്യാനിച്ചു. പൂച്ച ഒരിയ്‌ക്കലും ഒരു വ്യക്തിയെ സ്‌നേഹിക്കുന്നില്ല. പ്രത്യുത അത് ഇഷ്‌ടപ്പെടുന്നത് അവനെ ചുഴലുന്ന പരിസരത്തെയാണ്. മെച്ചപ്പെട്ട സൗകര്യങ്ങളും പരിലാളനകളും ലഭ്യമാകുന്ന ഒരിടത്തിന് മറ്റെല്ലാ വൈകാരികതകൾക്കും ഉപരി അത് പ്രാധാന്യം കല്‌പിയ്‌ക്കുന്നു. ഒറ്റ പൂച്ചയെപ്പോലും വളർത്തിയിട്ടില്ലാത്ത തന്റെ തറവാട്ടിൽ പതിവായി വരികയും പ്രസവിച്ചു കിടക്കുകയും ചെയ്യാറുളള എണ്ണമറ്റ പൂച്ചകളെ ഓർത്തുകൊണ്ട് മേനോൻ പിന്നെ തന്റെ സിദ്ധാന്തം അടിവരയിട്ട് ഉറപ്പിച്ചു.
ബാറിന്റെ മൂലയിലുളള പതിവു ടേബിളിൽ മേനോൻ സ്ഥാനംപിടിച്ചു. ബെയറർ രണ്ടു ലാർജ്ജും സോഡയും കാഷ്യൂനട്‌സും മുന്നിൽകൊണ്ടുവച്ചു മടങ്ങിയപ്പോൾ, ഇന്നിപ്പോൾ ചിയേഴ്‌സ് പറയാനൊരു കൂട്ടില്ലല്ലോ എന്ന് അയാൾ ഓർത്തു. നമ്പ്യാരും ഭാര്യയും മോണിങ്ങ് ട്രെയിനിന് യാത്രതിരിച്ചു കാണും. ഒരു മാസം മകളുടെ കൂടെ മുംബെയിൽ ചെലവഴിയ്‌ക്കാൻ തീർച്ചപ്പെടുത്തിയെന്ന് ഇന്നലെ അറിയിച്ചിരുന്നു. മകൾ ഈയിടെ ഒരു പുതിയ ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്.
ഏകനായി മദ്യപിക്കുന്നതിലെ മുഷിച്ചിൽ ഓർത്ത് ഗ്ലാസ്സ് എടുക്കുമ്പോഴാണ് ചില്ലുവാതിൽ തളളിത്തുറന്ന് ഡോ.നഥാനിയേൽ വർഗ്ഗീസ് ബാറിലേയ്‌ക്കു പ്രവേശിക്കുന്നത് മേനോൻ കണ്ടത്. അതോടൊപ്പം അത്യത്ഭുതകരമായ ഒരു സംഭവത്തിനുകൂടി മേനോൻ സാക്ഷ്യം വഹിച്ചു. ഡോക്‌ടർ വാതിൽതുറന്ന് കയറിയതും ബാറിൽ ഇടയ്‌ക്കൊക്കെ കാണാറുളള ചാരനിറമുളള ആ പൂച്ച അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അതേനിമിഷം, ഒരിടപോലും ചിന്തിയ്‌ക്കാൻ നിൽക്കാതെ, ഡോക്‌ടർ കാലുമടക്കി ശക്തിയായ ഒരു തൊഴിവച്ചുകൊടുത്തു. ദീനമായ ഒരു കരച്ചിലോടെ പൂച്ച ഒരു ടേബിളിനടിയിലേയ്‌ക്കു തെറിച്ചുവീണു.
കണ്ടതു വാസ്‌തവംതന്നെയോ എന്ന് മേനോൻ സംശയിച്ചു. ഒരുവനെത്തന്നെ നിനച്ചിരുന്നാൽ.. എന്ന ചൊല്ല് മനസ്സിലോർത്തുകൊണ്ടുതന്നെ അയാൾ ഡോക്‌ടറെ നോക്കി. ഏതാണ്ട് നിറഞ്ഞുകഴിഞ്ഞ ബാറിൽ ഒരു ഇരിപ്പിടം കണ്ടെത്താനുളള ശ്രമത്തിലായിരുന്നു അയാൾ. തികച്ചും അസുഖകരമായ എന്തോ സംഭവിച്ചതുപോലൊരു വൈരസ്യം അയാളുടെ മുഖത്ത് മേനോന് ദർശിക്കാനായി. നേരത്തെ കണ്ട സംഭവം തന്റെ തോന്നലല്ലെന്ന് അപ്പോൾ അയാൾക്കു ബോധ്യപ്പെട്ടു.
എല്ലാ നാട്യങ്ങൾക്കും അപ്പുറത്ത്, മനസ്സിനുളളിൽ, നാം മനുഷ്യർ പലപ്പോഴും എന്തുമാത്രം പാവങ്ങളാണ്! ഉദാഹരണത്തിന് മേനോന്റെയും ഡോക്‌ടറുടെയും കാര്യം തന്നെ എടുക്കാം. ഡോക്‌ടർ പൂച്ചയെ കാൽമടക്കി തൊഴിച്ച ആ നിമിഷത്തിൽ, ഡോക്‌ടറുടെമേൽ കയറ്റിവച്ചിരുന്ന മുൻവിധികളുടെ എല്ലാ ഭാണ്ഡങ്ങളും നിരുപാധികം പിൻവലിക്കാൻ മേനോൻ തയ്യാറായി. തന്നെയുമല്ല, അയാൾ സ്വമേധയാ എണീറ്റുചെന്ന് ഡോക്‌ടറെ തന്റെ ടേബിളിലേയ്‌ക്ക് ആനയിയ്‌ക്കുകയുമുണ്ടായി. ഡോക്‌ടറാകട്ടെ, മേനോനോട് നിരവധി തവണ കൃതജ്ഞത രേഖപ്പെടുത്തുകയും ഇതുവരെയും തങ്ങൾക്കിടയിൽ ഇവ്വിധമൊരു സൗഹൃദം രൂപപ്പെടാതിരിക്കാൻ കാരണം താൻ മാത്രമാണെന്ന് സ്വയം കുറ്റം ഏറ്റെടുക്കുകയും അതിന്റെപേരിൽ മേനോനോട് ക്ഷമയാചിക്കുകയും ചെയ്‌തു. എന്നിട്ടും തൃപ്‌തിവരാഞ്ഞ് ആ മുഹൂർത്തത്തിന്റെ ഓർമ്മയ്‌ക്കായി തന്റെ പതിവു ബ്രാന്റ് വിസ്‌കിയ്‌ക്കു പകരം അന്ന് മേനോനോടൊപ്പം അയാളുടെ ബ്രാന്റായ സ്‌മൃനോഫ് വോഡ്‌കയിൽ പങ്കുചേരാൻ സന്നദ്ധത പ്രകടിപ്പിക്കുകയും അന്നത്തെ ബില്ല് താൻ പേ ചെയ്യുമെന്ന് മുൻകൂർ അവകാശം സ്ഥാപിച്ചെടുത്ത് തന്റെ ഹൃദയവിശാലത വെളിപ്പെടുത്തുകയും ചെയ്‌തു.
പരസ്പരമുളള കുറ്റമേൽക്കലുകളുടെയും ക്ഷമാപണങ്ങളുടെയും ഒടുവിൽ ഇരുവരും താന്താങ്ങളുടെ ഗ്ലാസ്സുകളെടുത്ത് ഓരോന്ന് വിഴുങ്ങി.
‘എങ്കിലും എനിക്ക് അതിശയം മാറിയിട്ടില്ല ഡോക്‌ടർ’ മേനോൻ തന്റെ ഉറ്റചങ്ങാതിയെ നോക്കി പറഞ്ഞു. ‘താങ്കളെപ്പോലൊരു ജന്തുസ്‌നേഹിയിൽനിന്ന് ഇങ്ങനെയൊരു പെരുമാറ്റം ഞാൻ തീരെ പ്രതീക്ഷിച്ചില്ല. അതും വ്യക്തമായ ഒരു കാരണവുമില്ലാതെ…’
‘അത് സ്വാഭാവികമാണ്.’ ഗ്ലാസ്സിലേയ്‌ക്ക് സോഡ പകരുന്നതിനിടെ ഡോക്‌ടർ തന്റെ ചെയ്‌തി ന്യായീകരിച്ചു. ‘സ്‌നേഹത്തിന്റെ മറുപുറം എന്താണെന്നറിയാമോ താങ്കൾക്ക്. വെറുപ്പാണ്. വജ്രകാഠിന്യമുളള വെറുപ്പ്. പിന്നെ കാരണം… പൂച്ചകളെ എനിക്കിഷ്‌ടമല്ല. അതുതന്നെ..’
‘പൂച്ചകളെ താങ്കൾക്ക് ഇഷ്‌ടമല്ല?’ മേനോൻ ഡോക്‌ടറുടെ കണ്ണുകളിലേയ്‌ക്ക് ചുഴിഞ്ഞുനോക്കി.
‘ആയിരുന്നു… പക്ഷെ ഇപ്പോൾ അല്ല…’ ഡോക്‌ടർ തറപ്പിച്ചു പറഞ്ഞു. ‘അതൊരു കൂറില്ലാത്ത ജന്തുവാണ്..’
‘അതെ. നായ്‌ക്കളാണ് നല്ലത്.’ മേനോൻ സമ്മതിച്ചു. ‘എന്തെന്നാൽ നായ ഒരു വ്യക്തിയെ സ്‌നേഹിക്കുന്നു. പൂച്ചയാകട്ടെ വ്യക്തിയേക്കാൾ അവന്റെ സൗകര്യങ്ങളെയാണ് ഇഷ്‌ടപ്പെടുന്നത്. മെച്ചപ്പെട്ട സുഖസൗകര്യങ്ങളും സുരക്ഷയും പരിലാളനയുമുളള ഒരിടം അതെപ്പോഴും കാംക്ഷിച്ചുകൊണ്ടേയിരിക്കും…’
‘താങ്കളുടെ നിരീക്ഷണം പൂർണ്ണമായും ശരിയാണ്.’ ഡോക്‌ടർ മേനോനെ അനുകൂലിച്ചു. ‘പൂച്ചകളെ ഒരിയ്‌ക്കലും വിശ്വസിയ്‌ക്കാൻ പറ്റില്ല.’
‘എപ്പോഴും കുറുകെ ചാടി ശകുനം മുടക്കുന്ന ആ വൃത്തികെട്ട ജന്തുവിനെ എനിക്ക് കണ്ടുകൂടാ..’ ഗ്ലാസ്സ് എടുത്ത് ഒന്ന് മൊത്തിയിട്ട് മേനോൻ പറഞ്ഞു. ‘അതിനെ നിലയ്‌ക്കു നിറുത്താൻ എന്താണൊരു വഴിയെന്നാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നത്..’
‘അത് വളരെ എളുപ്പമാണ്..’ ഡോക്‌ടർ തന്റെ ഗ്ലാസ്സിലുളളത് വലിച്ചുതീർത്തു.
‘എങ്ങനെ?’ മേനോൻ ആകാംക്ഷയോടെ അയാളുടെ മുഖത്തേയ്‌ക്കു നോക്കി.
‘വെരി സിംപിൾ’ ഡോക്‌ടർ ഒച്ച താഴ്‌ത്തി പറഞ്ഞു. ‘പോയ്‌സനിങ്ങ്…’
‘അതുവേണ്ട ഡോക്‌ടർ..’ മേനോൻ ഒരു തിടുക്കത്തിൽ ഡോക്‌ടറെ തടഞ്ഞു. ‘തൽക്കാലം ഒരു താക്കീത്. അത്രയേ ഞാൻ ഉദ്ദേശിച്ചുളളൂ…’
‘ഞാനൊരു നിർദ്ദേശംവച്ചു എന്നേയുളളൂ. എല്ലാം താങ്കളുടെ ഇഷ്‌ടമാണ്.’ ഡോക്‌ടർ അറിയിച്ചു. ‘പക്ഷെ താങ്കൾ കരുതുന്ന വിധത്തിലൊരു താക്കീത്.. അതെങ്ങനെയാണ്..?’
‘എന്റെ മനസ്സിലൊരു ആശയമുണ്ട്. പക്ഷെ ഡോക്‌ടർ ചിരിക്കരുത്..’ മേനോൻ മുഖവുരയിട്ടു. ‘നമ്മൾ ഒരു മണി വാങ്ങി ആ ജന്തുവിന്റെ കഴുത്തിൽ കെട്ടിത്തൂക്കുന്നു. അപ്പോൾ ശകുനം മുടക്കാൻ അത് ഇറങ്ങി തിരിക്കുന്നനേരം ആ വിവരം നമുക്ക് അറിയാൻ പറ്റും. വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും സാധിക്കും. ഡോക്‌ടർക്ക് എന്തു തോന്നുന്നു.’
‘മനോഹരമായ ആശയം’ ഡോക്‌ടർ മേനോനെ അഭിനന്ദിച്ചു. ‘കഴിയുന്നത്ര അങ്ങനെ നാം അതിനെ അവോയ്‌ഡ് ചെയ്യുന്നു. നിരന്തരമായ അവഗണനയേക്കാൾ കൊടിയ മാനസിക പീഢയില്ല. താങ്കളുടെ ആശയം തികച്ചും പ്രായോഗികവും ഭദ്രവുമാണ്.’
‘എങ്കിൽ നമ്മൾ ഇനി താമസിക്കേണ്ട…’ മേനോൻ പറഞ്ഞു. ‘കടകൾ അടച്ചാൽ മണി കിട്ടില്ല…’
‘ശരിയാണ്. എന്റെ ബൈക്കാണെങ്കിൽ വർക്‌ഷോപ്പിൽ ഏല്പിക്കുകയും ചെയ്‌തു.’
ഡോക്‌ടർ ബെയറെ വിളിച്ച് ബില്ല് കൊണ്ടുവരാൻ കല്പിച്ചു.
വീടിന്റെ ഗേറ്റിന് നാലഞ്ചുവാര അടുത്തെത്തവേ മേനോൻ ഓട്ടോ നിറുത്താൻ നിർദ്ദേശിച്ചു. എന്നിട്ട് ഓട്ടോക്കാരനെ പറഞ്ഞുവിട്ടശേഷം നിലാവു വീണുകിടക്കുന്ന നിരത്തിലൂടെ ഇരുവരും ഇടറിയിടറി നടന്നു.
‘ഡോക്‌ടർ അങ്ങോട്ടു നോക്കൂ..’ ഗേറ്റിനടുത്ത് എത്തിയ മേനോൻ അത്യുത്സാഹത്തോടെ അഴികൾക്കപ്പുറത്തേയ്‌ക്ക് വിരൽ ചൂണ്ടി കാണിച്ചു.
‘ഹാ…ഭാഗ്യം നമ്മോടൊപ്പമാണെന്നു തോന്നുന്നു..’ ഗേറ്റിന്റെ അകത്ത്, നടപ്പാതയിൽ നിലാവുകൊണ്ടു കിടക്കുന്ന പൂച്ചയെ കണ്ടപ്പോൾ ഡോക്‌ടർക്കും ഉത്സാഹമായി.
മേനോൻ ഗേറ്റു തുറന്നതും പൂച്ച കിടന്നകിടപ്പിൽ ഒന്നു തലയുയർത്തി. പിന്നെ മേനോനേയും ഡോക്‌ടറേയും ഒരിട നോക്കിയിട്ട് വിശേഷിച്ചൊന്നും സംഭവിച്ചിട്ടില്ലാത്തമട്ടിൽ നടപ്പാതയിൽ മുഖംചേർത്തു കിടന്നു.
മേനോൻ തന്റെ കൈയിലെ പൊതിയഴിച്ച് ചരടിൽ കോർത്ത ഇടത്തരം വലിപ്പമുളള കുടമണി മുഖത്തിനെതിരെ ഉയർത്തിപ്പിടിച്ച് ഒരു വരണ്ട ചിരിയുതിർത്തു.
‘ഡോക്‌ടർ, പതിവില്ലാതെ ഞാൻ സമീപിക്കുന്നതു കണ്ടാൽ അതിനൊരുപക്ഷെ സംശയം തോന്നിയേക്കും…’ മേനോൻ ശബ്‌ദം താഴ്‌ത്തി പറഞ്ഞു. ‘നിങ്ങളാവുമ്പോൾ അത് ഉണ്ടാവില്ല.. നിങ്ങൾ അതിനെ പിടികൂടുന്നനേരം ഞാനിത് അതിന്റെ കഴുത്തിൽകെട്ടാം..’
‘ശരി’ ഡോക്‌ടർ മുന്നോട്ടു നീങ്ങി.
അയാൾ ഏകദേശം അടുത്തെത്തിയതും പൂച്ച പിടഞ്ഞെണീറ്റു. എന്നിട്ട് നിവർന്ന് നിന്ന് ഡോക്‌ടറെ ക്രൂദ്ധമായി ഉരച്ചുനോക്കി. അന്നേരം അതിന്റെ നാലു കാലുകളിലും നീണ്ടുകൂർത്ത നഖങ്ങൾ ഊർന്നുവന്നു.
ഡോക്‌ടർ ഒന്നു ശങ്കിച്ചു. പിന്നെ അനുനയിപ്പിക്കുംവിധം വാ..വാ.. എന്നിങ്ങനെ അയാൾ അടുത്തേയ്‌ക്കു ചുവടുകൾ വച്ചനേരം ഉഗ്രമായ ഒരു ചീറലോടെ അത് ഇടതുവശത്തുളള ഗാർഡനിലേയ്‌ക്കു കുതിച്ചുചാടി അപ്രത്യക്ഷയായി.
‘അതിന് മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നു.’ മേനോൻ പറഞ്ഞു. ‘പക്ഷെ ഡോക്‌ടർ, നമ്മളും പിൻമാറാൻ നിശ്ചയിച്ചിട്ടില്ല.’
മേനോൻ ഗാർഡനിൽ പ്രവേശിച്ചു. ഡോക്‌ടർ അയാളെ അനുഗമിച്ചു. വിവിധ ജനുസ്സുകളിൽപ്പെട്ട ഓർക്കിഡുകളും ആന്തൂറിയങ്ങളും നിലാവിൽ പുളച്ചുനിന്നു. ഒരു ഭ്രമം എന്ന നിലയിൽ കഴിയുന്നത്ര വ്യത്യസ്ത ഇനങ്ങൾ സംഘടിപ്പിക്കാൻ ശ്യാമള ശ്രദ്ധിച്ചിരുന്നു. ഏറെക്കുറെ ആ ശ്രമത്തിൽ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്.
ചെടിച്ചട്ടികൾക്കിടയിലൂടെ നടന്നുനീങ്ങവേ മേനോൻ ശ്രദ്ധാപൂർവ്വം പരിസരം വീക്ഷിച്ചു. വീടിന്റെ ‘ഷോവാളി’ന് കുറച്ചു വിട്ടുമാറി ‘ഡെൻഡ്രോബിയ’ങ്ങൾക്കിടയിൽ അയാൾക്ക് പൂച്ചയെ കാണാനായി. ആ ദിശയിലേയ്‌ക്ക് അയാൾ ചലിച്ചതും പൂച്ച ചട്ടികൾക്കിടയിലൂടെ എതിർവശത്തേയ്‌ക്ക് ഒഴിഞ്ഞുപോയി. ഡോക്‌ടർ അതിനെ ലാക്കാക്കി നീങ്ങിയെങ്കിലും ഫലമുണ്ടായില്ല. തങ്ങൾ രണ്ടുപേർ പുലരുംവരെ ചുറ്റിത്തിരിഞ്ഞാലും ഈ ചട്ടികൾക്കിടയിൽ നിന്ന് അതിനെ പിടികൂടാനാവില്ലെന്ന് മേനോന് ബോദ്ധ്യമായി. അപ്പോഴാണ് വീടിന്റെ പാർശ്വത്തിൽ മതിലോരത്തുളള കാറ്റാടിമരത്തിന്റെ ചുവട്ടിൽ കിടന്ന കമ്പുകൾ അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇലക്‌ട്രിക് ലൈനിൽ സ്പർശിക്കുമെന്ന് സംശയിച്ച് വെട്ടിമാറ്റിയ കാറ്റാടിമരത്തിന്റെ ശാഖകളാണ്. നാലഞ്ച് അടി നീളംവരുന്ന ഭേദപ്പെട്ട രണ്ടു കമ്പുകൾ കണ്ടെത്താൻ മേനോന് അധികം പണിപ്പെടേണ്ടിവന്നില്ല.
‘ഡോക്‌ടർ, ഇത് കരുതിക്കോളൂ..’ മേനോൻ കമ്പുകളിൽ ഒരെണ്ണം ഡോക്‌ടർക്കു നിട്ടി. ‘നിങ്ങളുടെ ദിശയിലൂടെ അത് കടന്നുകളയാതെ ശ്രദ്ധിച്ചുകൊളളണം.’
‘അത് ഞാൻ ഏറ്റു…’ ഡോക്‌ടർ കരുതലോടെ തന്റെ വശം കാത്തു.
ചരടിൽ കോർത്ത മണി പാൻസിന്റെ പോക്കറ്റിൽ നിക്ഷേപിച്ചിട്ട് മേനോൻ പൂച്ചയെ ലക്ഷ്യമാക്കി നീങ്ങി. അയാൾ നാലഞ്ചുചുവട് അടുത്തെത്തിയതും പൂച്ച ചട്ടികൾക്കിടയിലൂടെ മറുവശത്തേയ്‌ക്ക് ഓടി. തന്റെ ദിശയിലേയ്‌ക്കാണ് അത് വരുന്നത് എന്നുകണ്ട ഡോക്‌ടർ അമാന്തിച്ചില്ല. കൈയ്യകലത്തിനും ദൂരെയുളള പൂച്ചയുടെ നേർക്ക് അയാൾ കമ്പെടുത്ത് ആഞ്ഞുവീശി. ശ്യാമളയുടെ പ്രിയപ്പെട്ട രണ്ട് ‘വൈറ്റ്‌ഫെയറി’കൾ ചട്ടിയോടെ മൂക്കുകുത്തി.
മേനോൻ… എന്ന് ഒരു ക്ഷമാപണംപോലെ ഡോക്‌ടർ വിളിക്കവെ അയാൾ വിരൽ ചുണ്ടിൽച്ചേർത്ത് ശ്‌ശ്‌ശ്.. എന്ന് വിലക്കി. ‘നമ്മൾ ലക്ഷ്യം മറക്കരുത്, ഡോക്‌ടർ… മാർഗ്ഗത്തെ അത് സാധൂകരിച്ചുകൊളളും…’
അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്നുപോയ പൂച്ച ഒരു ചട്ടിയുടെ മറവിൽ ചൂളിയിരിക്കുകയായിരുന്നു. ഡോക്‌ടർ തന്നെ കണ്ടെത്തി എന്ന് മനസ്സിലാക്കിയ അത് പ്രാണഭയത്താൽ ഓടി. മേനോൻ പക്ഷെ വിട്ടുകൊടുക്കാൻ കൂട്ടാക്കിയില്ല. സർവ്വശക്തിയുമെടുത്ത് അയാൾ കമ്പ് വീശി. അത് ആന്തൂറിയത്തിന്റെ ഊഴമായിരുന്നു. ട്രോപ്പിക്കൽ റെഡ്, നിറ്റ ഓറഞ്ച് എന്നീ ഇനങ്ങളെ കടപുഴക്കിക്കൊണ്ട് മേനോൻ തന്റെ പ്രകടനം അതിഗംഭീരമാക്കി. പൂച്ച എന്നിട്ടും രക്ഷപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതും അയാൾക്ക് വാശിയായി. ഇന്ന് നിന്റെ കഥകഴിയ്‌ക്കും എന്ന് പിറുപിറുത്തുകൊണ്ട് അയാൾ അതിനെ ഉന്നമിട്ട് കമ്പ് ചുഴറ്റി. ‘ക്യൂബാവൈറ്റി’ന്റെ അവസരമായിരുന്നു ഇത്തവണ. ചിതറിയ ചെടിച്ചട്ടിയിൽനിന്ന് മേനോൻ കണ്ണുപറിയ്‌ക്കുമ്പോൾ അപ്പുറത്ത് വലിയ ശബ്‌ദത്തിൽ എന്തോ താഴെ പതിക്കുന്നതു കേട്ടു.
അത് ഡോക്‌ടറായിരുന്നു. പൂച്ചയ്‌ക്കുപിറകെ കുതിച്ച അയാൾ ആനിബ്ലാക്, മൊക്കാറ ഇനങ്ങളുടെമേൽ അമർന്നു കിടക്കുകയായിരുന്നു.
‘എന്തെങ്കിലും പറ്റിയോ ഡോക്‌ടർ…?’ മേനോൻ അയാൾക്കരികിലേയ്‌ക്ക് തിടുക്കപ്പെട്ടു.
തകർന്ന ചെടിച്ചട്ടികൾക്കിടയിൽനിന്ന് എണീറ്റ ഡോക്‌ടർ വാരിയിൽ അമർത്തി ഉഴിഞ്ഞു. ഡോക്‌ടറുടെ ഇടതു കൈമുട്ട് പൊട്ടി ചോര കിനിയുന്നുണ്ടായിരുന്നു.
അപ്പോഴാണ് മേനോൻ കണ്ടത്; തെല്ല് മാറി ഒരു പരിഹാസ ചിരിയോടെ പൂച്ച അയാളെ നോക്കുകയാണ്. ആ നിമിഷം, മേനോന്റെ സകല നിയന്ത്രണവും വിട്ടുപോയി. വല്ലാത്തൊരു ഈർഷ്യയോടെ അയാൾ അതിന്റെ നേർക്ക് കുതിച്ചു. പിന്നീട് നടന്നതൊരു യുദ്ധമായിരുന്നു. പത്തുമിനിട്ടു നീണ്ട ആ പരാക്രമത്തിനൊടുവിൽ തളർന്ന്, കമ്പ് തറയിൽ ഊന്നിനിന്ന് കിതയ്‌ക്കവേ മേനോൻ ചുറ്റും കണ്ണോടിച്ചു. കഴുത്തൊടിഞ്ഞ സക്കുറ പിങ്കും ഞെരിഞ്ഞ് അമർന്ന കിയോമി ബ്യൂട്ടിയും ചട്ടിയിൽനിന്ന് ബഹുദൂരം പറന്നുപോയ കാരെറെഡും ചിതറി കിടക്കുന്ന ശൂന്യമായ ആ ഉദ്യാനം എന്തുകൊണ്ടോ അപ്പോൾ അയാളിലൊരു സംതൃപ്‌തി നിറച്ചു.
‘മേനോൻ..’ തന്റെ പിറകിൽ ഡോക്‌ടറുടെ ശബ്‌ദം കേട്ട് അയാൾ തിരിഞ്ഞുനോക്കി. വീഴ്‌ചയിലുണ്ടായ ക്ഷതം നിമിത്തം ഡോക്‌ടർ മുടന്തിയാണ് നടന്നത്. മേനോന്റെ സമീപമെത്തിയ ഡോക്‌ടർ അയാൾക്ക് ആ ദൃശ്യം കാണിച്ചു കൊടുത്തു.
‘ഷോവാളി’ന് അരികെയുളള ചെടിച്ചട്ടിയുടെ ചുവട്ടിൽ അവരെ നോക്കി മന്ദഹസിക്കുകയാണ് പൂച്ച.
മേനോന് തന്റെ ശരീരത്തിലൂടെ ഒരു വിറയൽ പടരുന്നതുപോലെ തോന്നി. കമ്പ് തലയ്‌ക്കുമുകളിൽ ഉയർത്തിപ്പിടിച്ച് അയാൾ പൂച്ചയുടെ നേർക്കു പാഞ്ഞു. ഇത്തവണ പൂച്ചയ്‌ക്ക് ഒഴിഞ്ഞുമാറാൻ ഇട കിട്ടിയില്ല. ജീവൻപോയി എന്നുതന്നെ ഉറച്ച അത് അവസാന ശ്രമമെന്നനിലയിൽ ശരീരം വില്ലുപോലെ വളച്ച്, നഖങ്ങൾ തയ്യാറാക്കിപ്പിടിച്ച് ഒരു പോരിനൊരുങ്ങിനിന്നു.
പൂച്ചയുടെ ഏകദേശം അടുത്തെത്തിയ മേനോൻ പൊടുന്നനെ നിശ്ചലനായി. മഞ്ഞപ്പൂക്കൾ വിരിയിച്ചു നിൽക്കുന്ന റോസിന്റെ ചുവട്ടിലായിരുന്നു പൂച്ച. ഒരിട അതുതന്നെ ശ്രദ്ധിച്ച് പിന്നെ മേനോൻ കമ്പ് താഴെയിട്ടു. എന്നിട്ട് പോക്കറ്റിൽനിന്ന് മണി എടുത്തു.
അപ്പോഴേയ്‌ക്കും മുടന്തിക്കൊണ്ട് ഡോക്‌ടറും അയാൾക്കരികിലെത്തി. പിന്നെ ഇരുവരും തോളോടുതോൾ ചേർന്ന്, ഏത് ആക്രമണത്തെയും ചെറുക്കാൻ സന്നദ്ധരായി, പൂച്ചയ്‌ക്ക് രക്ഷപ്പെടാൻ പഴുതുകളില്ലാത്തവിധം അതിന്റെ നേർക്കു ചുവടുകൾവെച്ചു.
ആ നിമിഷത്തിൽ പൊടുന്നനെ സിറ്റൗട്ടിലേയും ഗാർഡനിലേയും വിളക്കുകൾ പ്രകാശിച്ചു. മേനോനും ഡോക്‌ടറും അമ്പരക്കവെ, കുളികഴിഞ്ഞ് വിടർത്തിയിട്ട മുടിയിഴകളോടെ, നിശാവസ്‌ത്ര വേഷത്തിൽ ശ്യാമള സിറ്റൗട്ടിലേയ്‌ക്ക് ഇറങ്ങിവന്നു.
‘എന്താണിവിടെ..?’
മേനോൻ തന്റെ കൈയിലുളള ചരടിൽ കോർത്ത മണി ധൃതിയിൽ പിറകിൽ ഒളിപ്പിച്ചു.
‘എന്താണെന്നാണ് ചോദിച്ചത്…?’ ശ്യാമളയുടെ ഒച്ച ഉയർന്നു.
‘പൂ.. പൂച്ച…’ മേനോൻ തപ്പിത്തടഞ്ഞു.
ഡോക്‌ടർ ഇന്നേരവും എങ്ങനെയും അതിനെ പിടികൂടാനുളള ശ്രമത്തിലായിരുന്നു. അതിന്റെ മുഖത്തിനെതിരെ, ഇരുകൈപ്പത്തികളും നിവർത്തിപ്പിടിച്ച് അയാൾ മെല്ലെ അടിവച്ചുനീങ്ങി.
‘തൊടരുത് അതിനെ…’ അപ്രതീക്ഷിതമായ ആ ആക്രോശംകേട്ട് ഡോക്‌ടർ ഞെട്ടി തിരിഞ്ഞു. ഈ തക്കത്തിൽ പൂച്ച അയാളുടെ കാലുകൾക്കിടയിലൂടെ കുതിച്ചുപാഞ്ഞു.
ഛെ… എന്ന് ഡോക്‌ടർ നിവർന്നുനോക്കുമ്പോൾ സിറ്റൗട്ടിൽ, ശ്യാമളയുടെ കണ്ണുകൾ ജ്വലിക്കുകയാണ്. ശ്യാമളയുടെ
ഇടതുകൈയിൽ ആ ശരീരത്തോട് പറ്റിച്ചേർന്ന് ഒരു പരിഹാസച്ചിരി ഉതിർത്തുകൊണ്ട് പൂച്ച. ഇത്രവേഗം ഇതെങ്ങനെ ശ്യാമളയുടെ അരികിലെത്തി എന്ന് ഡോക്‌ടർ വിസ്‌മയിച്ചു.
‘എന്താണ് നിങ്ങളുടെ കൈയിൽ…’ ശ്യാമള മേനോനെ രൂക്ഷമായി നോക്കി.
‘ഏയ്.. ഒന്നുമില്ല..’ മേനോൻ പരുങ്ങി.
‘നുണ പറയരുത്.. കാണട്ടെ..’ അവർ ആജ്ഞാപിച്ചു.
മേനോൻ ചരടിൽ കോർത്ത മണി കാണിച്ചു കൊടുത്തു.
‘എന്തിനാണിത്?’ ശ്യാമളയുടെ ഗൗരവം മുറ്റിയ സ്വരത്തിൽ ആകാംക്ഷ കിലുങ്ങി.
‘പൂച്ച.. പൂച്ചയ്‌ക്ക്..’ മേനോൻ വാക്കുകൾ വിഴുങ്ങി. അതോടൊപ്പം അയാൾ ശ്യാമളയുടെ കൈയിലിരിയ്‌ക്കുന്ന പൂച്ചയുടെ നേർക്ക് നടന്നു. ഡോക്‌ടറും ഈ ഘട്ടത്തിൽ മേനോനെ അനുഗമിച്ചു.
‘ഓ.. ദൈവമേ, എന്റെ ഗാർഡൻ..’ ശ്യാമള അപ്പോഴെ അത് ശ്രദ്ധിച്ചുളളൂ. ‘എന്തു ഭ്രാന്താണ് ഈ കാണിച്ചു കൂട്ടിയിരിക്കുന്നത്..?’
ശ്യാമള ഗാർഡനിലേയ്‌ക്ക് ശ്രദ്ധ തിരിച്ചനേരം മേനോൻ പൂച്ചയുടെ കഴുത്തിൽ അതിന്റെ കുതറൽ വകവെയ്‌ക്കാതെ ചരടുകെട്ടാൻ ശ്രമിക്കുകയായിരുന്നു.
‘അതിനെ തൊടരുതെന്നാണ് പറഞ്ഞത്..’ ശ്യാമള ഉഗ്രഭാവത്തിൽ മേനോന്റെ കൈ തട്ടിമാറ്റി.
‘അതിന്റെമേൽ നിങ്ങൾക്കെന്താണ് അധികാരം?’ ശ്യാമള ചീറി. ‘ഭക്ഷണവും താമസിയ്‌ക്കാനിടവും നൽകുന്നതുകൊണ്ടുമാത്രം ആരും ഒരു പൂച്ചയുടെ യജമാനനാകുന്നില്ല. ഒരു പൂച്ചയ്‌ക്കു വേണ്ടത് അതു മാത്രമല്ല. എന്നെങ്കിലും ഒരിക്കൽ നിങ്ങൾ അതിനോട് മാന്യമായി, സ്‌നേഹത്തോടെ പെരുമാറിയിട്ടുണ്ടോ? എന്നിട്ടിപ്പോൾ സംരക്ഷകൻ ചമയുന്നു..’
മേനോൻ ഒന്നും മിണ്ടിയില്ല. അയാൾ നിശ്ശബ്‌ദം തലതാഴ്‌ത്തി നിന്നു.
‘ഡോക്‌ടർ നിങ്ങൾക്കെങ്കിലും വിവരമുണ്ടെന്നാണ് ഞാൻ കരുതിയത്..’ ശ്യാമള ഡോക്‌ടറുടെ നേർക്കു തിരിഞ്ഞു. ‘ഒന്നാമത് നിങ്ങൾ പൂച്ചയുടെ ഉടമസ്ഥനല്ല. ഇടയ്‌ക്കെപ്പോഴെങ്കിലും നിങ്ങളോട് അത് ചങ്ങാത്തം ഭാവിച്ചിട്ടുണ്ടാവാം. അതുകൊണ്ടുമാത്രം നിങ്ങൾക്ക് അതിന്റെമേൽ സ്ഥിരമായ കൈവശാവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ശഠിക്കുന്നത് വങ്കത്തമാണ്. പൂച്ച ആരുടെയെങ്കിലും ഉടമസ്ഥതയിലോ കൈവശത്തിലോ ജീവിക്കുന്ന ഒന്നല്ല. അതൊരു സ്വതന്ത്ര ജീവിയാണ്..’
ശ്യാമളയുടെ കണ്ണുകളെ എതിരിടാനാവാതെ ഡോക്‌ടർ മുഖം കുനിച്ചു. അന്നേരമാണ് മേനോൻ അതു കാണുന്നത്. ശ്യാമളയുടെ കൈയിലിരിയ്‌ക്കുന്ന മീനാക്ഷിയുടെ കണ്ണുകളിൽ വന്യമായ ഒരു തിളക്കം. പതിയെ അതിന്റെ നഖങ്ങൾ വെളിയിലേയ്‌ക്ക് ഊർന്നിറങ്ങുന്നു. ചെറിയ മുരൾച്ചയോടെ ഡോക്‌ടറുടെ നേർക്ക് തിരിയുകയാണ് അത്.
‘ഡോക്‌ടർ.. പൂച്ച..’ മേനോൻ ധൃതിയിൽ വിളിച്ചു പറഞ്ഞു.
ഡോക്‌ടർ ഝടുതി മുഖം ഉയർത്തി. മേനോൻ പറഞ്ഞത് വാസ്‌തവമാണെന്ന് അയാൾ കണ്ടു. ‘മേനോൻ…’ പൊടുന്നനെ ഒരു ഭീതസ്വരത്തിൽ ഡോക്‌ടർ അയാളെ വിളിച്ചു. ‘നോക്കൂ… ഒന്നല്ല.. രണ്ട്.. രണ്ടു പൂച്ചകൾ..’
അതെ. ഇപ്പോൾ മേനോനും അത് കാണുന്നുണ്ട്. മുടന്തി ഓടുന്ന ഡോക്‌ടർക്കു പിറകെ കുതിക്കാൻ ഭാവിക്കുന്ന ഒരു പൂച്ച. പിന്നെ സിറ്റൗട്ടിൽ തന്റെനേരെ തിരിയുന്ന വലിയ മറ്റൊന്ന്. ദൈവമേ, ശ്യാമള എവിടെപ്പോയി എന്ന് മേനോൻ പരിഭ്രമിച്ചു. പിന്നെ അയാൾ ശ്യാമളേ.. എന്ന് ഉച്ചത്തിൽ പക്ഷെ, കുരലിൽനിന്ന് വെളിയിൽ വരാത്തവിധം നിലവിളിച്ചു.
Generated from archived content: story_march19.html Author: n_pradeepkumar
Click this button or press Ctrl+G to toggle between Malayalam and English