അവസ്ഥാന്തരങ്ങള്‍

(മലയാള കഥാരംഗത്തെ നവോത്ഥാനകാലഘട്ടത്തെ സമ്പന്നമാക്കിയ അന്തരിച്ച പ്രഗത്ഭരുടെ കഥകളാണ് ഇത് വരെ ഞങ്ങള്‍ പുനര്‍വായനയിലൂടെ വായനക്കാര്‍ക്ക് നല്‍കിയത് . അവരുടെ തുടര്‍ച്ചയായി കഥാലോകത്തിന് ആധുനികതയ്ക്ക് തുടക്കം കുറിച്ച പോയതലമുറയിലെ ഏതാനും കഥകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കുന്നു. ശ്രീ എന്‍ മോഹനന്റെ ‘അവസ്ഥാന്തരങ്ങള്‍’ എന്ന കഥ ഈ ലക്കത്തില്‍ വായിക്കാം)

നഗരത്തിലെയും നാട്ടുമ്പുറത്തെയും പാതിരിമാരുടെ രീതി വ്യത്യാസങ്ങളെപ്പറ്റി ആലോചിച്ചു കൊണ്ടായിരുന്നു മത്തായിസ്സാര്‍ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത് . നാട്ടുമ്പുറത്തെ പള്ളീലച്ചനായിരുന്നെങ്കില്‍ എല്ലാത്തിനും കണിശക്കാരനായിരുന്നു . പറഞ്ഞസമയത്ത് കാര്യക്കാരനുമായുള്ള‍ ചര്‍ച്ച , ഇടവകക്കാരുടെ യോഗം, വേദോപദേശക്ലാസ്സ്,കുര്‍ബ്ബാന,എന്തിന് ആരെങ്കിലും വെഞ്ചിരിപ്പിനോ മറ്റു ചടങ്ങുകള്‍ക്കോ വിളിച്ചാല്‍പ്പോലും കൃത്യസമയത്ത് ആള്‍ വിളിക്കാന്‍ വന്നില്ലെങ്കില്‍ അച്ചന്‍ പോവുകയില്ല . കര്‍ശനമായി പറയും:

“ ഇന്നിനി എനിക്കു വേറെ പണിയുണ്ട് ”

ഇരുപതു വര്‍ഷക്കാലമാണ് മത്തായിസ്സാര്‍ നാട്ടുമ്പുറത്തെ പള്ളിയിലെ കാര്യക്കാരനായി കുന്നുങ്കലച്ചനോടൊപ്പം പ്രവര്‍ത്തിച്ചത് . അത്രയും നീണ്ട കാലം ഒരേ പള്ളിയില്‍ത്തന്നെ വികാരിയായി ഒരാള്‍ തന്നെ തുടര്‍ന്നതും ഒരല്‍ഭുതമായിരുന്നു . പക്ഷെ കുന്നുങ്കലച്ചനെ അറിയുന്നവര്‍ക്കാര്‍ക്കും അതില്‍ ഒരത്ഭുതവും തോന്നുകയില്ല . ഇടവകയിലെ എല്ലാ വീടുകളുമായും വീടുകളിലെ ആളുകളുമായും വളരെ അടുത്ത ബന്ധം അച്ചനുണ്ടായിരുന്നു . പള്ളിവക ഹൈസ്ക്കൂളിന്റെ മാനേജരെന്ന നിലയില്‍ ഇടപെടേണ്ടിവന്ന മറ്റു സമുദായക്കാര്‍ക്കും അച്ചനെപ്പറ്റി മതിപ്പില്ലാതൊന്നുമുണ്ടായിരുന്നില്ല . സ്കൂളിലെ അദ്ധ്യാപകനായും പിന്നീട് ഹെഡ്മാസ്റ്ററായും ഇരുന്നതു മൂലമാണല്ലോ തനിക്കും അച്ചനോടിത്ര അടുപ്പമുണ്ടായത് . ഒടുവില്‍ റിട്ടയര്‍ ചെയ്തതിന് ശേഷം, ഭാര്യയുടെ മരണത്തിനുശേഷം മകന്റെ ഒപ്പം താമസിക്കുവാനായി ഈ നഗരത്തിലേക്കു പോരുമ്പോള്‍ ഇവിടത്തെ പള്ളിയിലെ അച്ചന് കത്തു തന്നയച്ചതും കുന്നുങ്കലച്ചന്‍‍ തന്നെ ആയിരുന്നു . ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ ആഘാതവും ദു:ഖവും ഏകാകിതയും മനസ്സിലാക്കി നഗരത്തില്‍ മകന്റെ ഒപ്പം പോയി താമസിക്കുവാന്‍ ഉപദേശിച്ചതും അതിന് നിര്‍ബന്ധപൂര്‍വ്വം പ്രേരിപ്പിച്ചതും അച്ചന്‍ തന്നെ . മത്തായിസ്സാറിന് മകന്റെ ഒപ്പം പോയി താമസ്സിക്കുവാന്‍ നല്ല മടി തന്നെ ഉണ്ടായിരുന്നു . സാധാരണ ഗതിയില്‍ അതങ്ങനെ ആകാന്‍ പാടില്ലാത്തതാണ് . ഏകസന്തതി . പഠിപ്പില്‍ മിടുക്കന്‍ . എഞ്ചിനീയറായി . ഉയര്‍ന്ന ഉദ്യോഗത്തിലായി . ഈശ്വരവിചാരവും വിനയവും ഉള്ളവന്‍ . അപ്പനേം അമ്മയേം അങ്ങേ അറ്റത്തെ സ്നേഹം . പക്ഷെ ,തെറ്റുപറ്റിയത് ,മറ്റൊന്നിലായിരുന്നു . അവന്റെ വിവാഹക്കാര്യത്തില്‍ . അവനു കിട്ടുമായിരുന്ന വമ്പിച്ച സത്രീധനത്തുകയോ , പണ്ടങ്ങളോ നഷ്ടപ്പെട്ടതിലല്ല സാറിനും ഭാര്യക്കും സങ്കടം . തനി സത്യകത്തോലിക്കനായി പൊന്നുപോലെ വളര്‍ത്തികൊണ്ടുവന്ന അവന്‍ ഒരു അയ്യങ്കാര്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധം പിടിച്ചു കളഞ്ഞു .പെണ്‍കുട്ടി സുന്ദരി ആയിരുന്നു .. വിദ്യാഭ്യാസമുള്ളവളായിരുന്നു. ബാങ്കില്‍ നല്ല ശമ്പളം കിട്ടുന്ന ഓഫീസറുമായിരുന്നു. നല്ല സ്വഭാവഗുണം ഉള്ളവളും ആയിരുന്നിരിക്കാം. എന്നാലെന്താ? ആത്മാവിനെ ഇക്കണ്ട ചരാചരങ്ങളുടെയെല്ലാം സ്രഷ്ടാവായ പരിശുദ്ധ പിതാവിലേക്കാനയിക്കുവാനാകാത്തവളല്ലേ ? അജ്ഞതാന്ധകാരത്തില്‍ ഉഴലുന്നവളല്ലെ? ഒരു സമ്പൂര്‍ണ്ണ ജീവിതത്തിന്റെ സുശിക്ഷിത സപര്യയിലൂടെ നേടിയെടുത്ത വിശ്വാസപ്രമാണങ്ങള്‍ക്കും ആചാര്യമര്യാദകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുവാനോ ചിന്തിക്കുവാന്‍ പോലുമോ ആ വൃദ്ധ ദമ്പതികള്‍ക്ക് ആകുമായിരുന്നില്ല. തങ്ങളുടെ അനന്തര തലമുറകള അന്യമതസ്ഥരായി , അജ്ഞാനികളായി വളരുന്ന കാര്യം ആലോചിച്ചപ്പോള്‍ തന്നെ അവര്‍ ഞെട്ടി. മകന്‍ വന്ന് കെഞ്ചിപ്പറയുകയുണ്ടായി:

” അപ്പച്ചനും അമ്മച്ചിം ഒന്നു സമ്മതിച്ചാല്‍ , ഞാന്‍ അവളെ ഇവിടെ കൊണ്ടുവരാം ഒന്നു കണ്ടാല്‍ സംസാരിച്ചാല്‍ എല്ലാം തീരുന്നതേയുള്ളു”

എത്ര പ്രകോപനമുണ്ടായാലും അപ്പന്റെ മുഖത്ത് ക്ഷോഭമോ തീവ്രവികാരങ്ങളോ കാണാന്‍ കഴിയുകയില്ല. വളരെ നീണ്ട കാലത്തെ അധ്യാപകവൃത്തിയില്‍ നിന്ന് നേടിയെടുത്ത കഴിവാകണം . എങ്കിലും സ്വര്‍ണ്ണനിറത്തിലുള്ള ഫ്രൈമോടു കൂടിയ കണ്ണട ഊരി എടുത്ത് മേല്‍മുണ്ടുകൊണ്ട് ചില്ലുകള്‍ തുടക്കവേ തല ഉയര്‍ത്തി നോക്കി. ആ കണ്ണടയിലൂടെയല്ലാതെ ഒന്നും വ്യക്തമായി കാണുവാന്‍ കഴിയുകയില്ലായെന്നു മകന് നന്നായി അറിയുമെങ്കിലും അവന്റെ മുഖത്തേക്കു തന്നെ ദൃഷ്ടികള്‍ തറപ്പിച്ചു പറഞ്ഞു.

” അതിന് അവള്‍ക്ക് ചന്തം കുറവാണെന്നോ വര്‍ത്തമാനം പറയാന്‍ അറിയില്ലെന്നോ ഇവിടാരും പറഞ്ഞില്ലല്ലോ” തണുത്ത സൌമ്യസ്വരമായിരുന്നുവെങ്കിലും അതില്‍ പൊള്ളിക്കുന്ന തീനാളങ്ങളുണ്ടായിരുന്നു . മകന്‍ അപ്പന്റെ നെഞ്ചിലെ നരച്ച രോമങ്ങല്‍ക്കിടയില്‍ കറുത്ത ചരടിന്റെ അറ്റത്തായി പറ്റിക്കിടന്ന വെന്തിങ്ങയില്‍ നോക്കി നിശ്ശബ്ദം നിന്നു.

അമ്മച്ചിയുടെ സ്വരം ഒരു വിലാപം പോലെ ഉയര്‍ന്നു

‘’ സൗന്ദര്യോം, വര്‍ത്തമാനോം കൊണ്ടെന്താ മോനേ കാര്യം ? നമ്മള്‍ കത്തോലിക്കരുടെ രീതീം സമ്പ്രദായോം വിശ്വാസോം അല്ലെങ്കില്‍ എല്ലാം തീര്‍ന്നില്ലേ?”

മകനു തോറ്റു പിന്മടങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല. എന്തു പറഞ്ഞാലും ഇവിടെ ഏല്‍ക്കുവാന്‍ പോകുന്നില്ല. ആഴത്തിലുറച്ചുപോയ നിലപാടുകളുടെ നിര്‍ബന്ധബുദ്ധിയോട് ഏറ്റുമുട്ടുവാനും അയാള്‍ തയ്യാറയിരുന്നില്ല. എങ്കിലും വൈവശ്യത്തോടെ ചോദിച്ചു .

“ഒരു പെണ്‍കുട്ടിക്ക് ഞാന്‍ നല്‍കിയ വാക്ക് പിന്‍ വലിച്ച് വഞ്ചിക്കണമെന്നാണോ അപ്പച്ചന്‍ പറയുന്നത് ….”?

അത് അപ്പച്ചന്റെ ക്രിസ്തീയ ധര്‍മ്മബോധത്തില്‍ ചെന്നു തറയ്ക്കാതിരിക്കില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു അയാള്‍ക്ക് . തറച്ചാലും തറച്ചില്ലെങ്കിലും മറുപടി ഉടന്‍ വന്നു .

“വാക്കു കൊടുത്തത് നീ അല്ലേ ഞങ്ങളല്ലല്ലോ.ഞങ്ങള്‍ ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല .പാലിക്കാന്‍ ബാധ്യസ്ഥരുമല്ല.”

ഞടുക്കത്തോടെ മകന്‍ ചോദിച്ചു:

“അപ്പോള്‍ എന്റെ വാക്കിന് നിങ്ങള്‍ക്കൊരു ചേതവുമില്ലേ….?” അപ്പച്ചന് ഒട്ടും കൂസലില്ലായിരുന്നു:

“ഇല്ല. ഇക്കാര്യത്തിലില്ല. ഞങ്ങളറിയാതെ കൊടുത്ത വാക്കുകള്‍ക്ക് ഞങ്ങള്‍ക്കുത്തരവാദിത്വമില്ല. കൊടുത്ത ആള്‍ സ്വയം തീരുമാനിച്ചാല്‍ മതി.”

മകന്‍ കുത്തിചോദിച്ചു.

“എന്നെ സ്നേഹിക്കുന്നു. വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ ഏകകാരണത്താല്‍ സ്വന്തം വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു പെണ്‍കുട്ടിക്കു നല്‍കിയ വാക്ക് പാ‍ലിക്കാത്തവനാണ് അപ്പന്റെ മകന്‍ എന്നറിയുന്നത് സന്തോഷകരമാണോ?’‘

യഥാസ്ഥാനത്തെത്തിക്കഴിഞ്ഞിരുന്ന കണ്ണടയിലൂടെ വേറെ എവിടേയോ മറ്റാരോടോ എന്നമട്ടില്‍ പറഞ്ഞു.

“ എന്റെ മകനാണെങ്കില്‍ ആലോചിച്ചേ വാക്കുകൊടുക്കൂ. അങ്ങനെ കൊടുത്ത വാക്ക് പാലിക്കുകയും ചെയ്യും, ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കിതില്‍ പ്രസക്തിയില്ല ”

കേള്‍ക്കുവാനാഗ്രഹിച്ചതില്‍ പകുതിയെങ്കിലും കേട്ട ചാരിതാര്‍ത്ഥ്യമായിരുന്നു മകന്.

“ എന്നാല്‍ തോമസ് വി. മത്തായി എന്ന ഈ ഞാന്‍ ആലോചിച്ചുറപ്പിച്ചു കൊടുത്ത വാക്ക് പാലിക്കവാന്‍ പോകുന്നു.”

മകന്‍ പോകുവാന്‍ എഴുന്നേറ്റു. അമ്മച്ചി വിരലുകൊണ്ട് കുരിശുവരച്ച് നിശ്ശബ്ദം പ്രാര്‍ത്ഥിച്ചു

“ എന്റെ കര്‍ത്താവേ….?”

അപ്പച്ചന്‍ ഇരുന്ന കസേരയില്‍ നിന്ന് അല്പം പോലും ചലിച്ചില്ല. ഉറച്ച തീരുമാനങ്ങളെടുക്കുവാന്‍ എന്നും നിപുണമായിരുന്നു ആ ഉള്‍ക്കരുത്ത്.

“ മകനും മകളും ഒക്കെയായി നീയൊരുത്തനേ ഞങ്ങള്‍ക്കൊള്ളു. എന്നാലും പറയുന്നു, ഞങ്ങളിതില്‍ സഹകരിക്കുകയില്ല ഞങ്ങള്‍ കത്തോലിക്കരായി ജനിച്ചു അങ്ങനെ ജീവിക്കുന്നു അങ്ങനെ തന്നെ മരിക്കുകയും വേണം. ഞങ്ങള്‍ക്ക് പള്ളിം പട്ടക്കാരും ഇടവകക്കാരും ഒക്കെ വേണം’‘

ഇതൊന്നും വേണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ലല്ലോ”

“ഈ പ്രവൃത്തികൊണ്ട് അവര്‍ക്കെല്ലാം നിന്നെ വേണ്ടാതാകുന്നു.”

“അപ്പോള്‍ അവര്‍ക്ക് വേണ്ടാത്തത് നിങ്ങള്‍ക്കും വേണ്ടാത്തതാകുന്നു.”

പാപം ചെയ്യുന്നവന്‍ സ്വയം സധൂകരിക്കുന്ന വേവലാധിയോടെ അപ്പച്ചന്‍ വിശദീകരിച്ചു:

“നിന്നെയെങ്ങനെ ഞങ്ങള്‍ക്ക് വേണ്ടാതാകും…?നീ മകനല്ലേ…?”

മകനു മനസ്സിലായി.

“ഓ!ശരി. മകനു വേണമെങ്കില്‍ ഇവിടെ വരാം. വേറെ ആരും കൂട്ടത്തില്‍ വേണ്ട എന്നു മാത്രം. അത്രയും സ്വാര്‍ത്ഥത കര്‍ത്താവും വേദപുസ്തകങ്ങളും അനുവദിച്ചിട്ടുണ്ടാവും . ഇല്ലേ?”

ആരും മറുപടി പറഞ്ഞില്ല. മകന്‍ ഒരു നിമിഷം അപ്പച്ചനെ നോക്കി നിന്നു . കറുപ്പും വെളുപ്പും ഇടകലര്‍ന്ന മുടി. പിന്നില്‍ കുറേശ്ശെ പരന്നു തുടങ്ങിയിരിക്കുന്ന കഷണ്ടിത്തല. സ്വര്‍ണ്ണക്കണ്ണട, നരച്ചമാറിലെ കറുത്ത വെന്തിങ്ങ. ഇരുപതാം നൂറ്റാണ്ടിന്റെ വെളിമ്പറമ്പില്‍ ആരോ കൊണ്ടിരുത്തിയ ഒരു പഴയ പുണ്യവാളന്റെ ആള്‍ രൂപം.

മകന്‍ അന്ന് അസുഖഭാവത്തിലാണ് പോയതെങ്കിലും ഏതോ രജിസ്റ്റര്‍ കച്ചേരിയിലെ കടലാസ് ചടങ്ങുകളിലൂടെ നടത്തിയ വിവാഹശേഷം പിറ്റേന്നുതന്നെ പെണ്‍കുട്ടിയേയും കൂട്ടി വീട്ടിലെത്തുകയുണ്ടായി.

ഒരു ഞായറാഴ്ച് ആയിരുന്നു. പള്ളിയില്‍നിന്നും മടങ്ങിയെത്തിയ മത്തായിസാറും ഭാര്യയും പൂട്ടിയ വീടിന്റെ വരാന്തയില്‍ തങ്ങളെ സ്വീകരിക്കുവാന്‍ കാത്തു നിന്ന മകനെയും വധുവിനെയും കണ്ട് അമ്പരന്നു. വല്ലാത്തൊരവസ്ഥ ആയിരുന്നു. എങ്ങനെ നേരിടും ആരുമാകട്ടെ സ്വന്തം വീട്ടില്‍ വന്നു കയറുന്ന അപരിചിതരോടു കാണിക്കുന്ന മര്യാദയെങ്കിലും കാട്ടേണ്ടതല്ലേ…?

വളരെ പാടുപെട്ടാണ് ആ ഞായറാഴ്ച വൈകുന്നേരം വരെ ഒപ്പിച്ചെടുത്തത്. സന്ധ്യയ്ക്കു മുന്‍പായി മകനും ഭാര്യയും ജോലിസ്ഥലത്തേക്കു പോയതിനുശേഷം, അന്തിപ്രാര്‍ഥന കഴിഞ്ഞ് അത്താഴ സമയവും കത്തിരിക്കുന്ന, ഒന്നും ചെയ്യാനില്ലാത്ത വെറും വേളയില്‍, ക്ലാരമ്മ, ഭര്‍ത്താവിനോട് ഒരു രഹസ്യം പറയുന്നതുപോലെ പറഞ്ഞു:

“നമ്മുടെ കൂട്ടത്തില്‍പ്പെട്ടതല്ലെങ്കിലും, ആ കൊച്ചിന് നല്ല വര്‍ക്കത്തുണ്ട്, ഇല്ലേ…?

മത്തായിസ്സാറും ആലോചിച്ചിരുന്നത് അതുതന്നെ ആയിരുന്നു. ആഭിജാതമായ പെരുമാറ്റം. സ്നേഹവും വിനയവും ആദരവും അടുപ്പവും നിറഞ്ഞ കുലീനഭാവം. എങ്കിലും വിഷാദം നിറഞ്ഞ സ്വരത്തിലാണ് മറുപടി പറഞ്ഞത്.

“ശരിയാ, എന്നാലും അവള്‍ക്കൊരു കത്തോലിക്കാ കുടുംബത്തില്‍ പിറക്കാമായിരുന്നല്ലേ..?”

സ്വന്തം നിരാശയിലും ക്ലാരമ്മ ഉറക്കെ ചിരിച്ചു:

“അതിനിപ്പോ പൊരുത്തം ഉണ്ടോ ഇതിയാനേ..?നിങ്ങളൊരു വധ്യാരായിരുന്ന മനുഷ്യനല്ലേ, നിങ്ങക്കറിയില്ലേ..?”

മത്തായിസ്സാറിന് ആ ചിരിയില്‍ പങ്കുചേരാനായില്ല. താന്‍ അതിശക്തമായി എതിര്‍ത്ത ഒരു വിവാഹ ബന്ധത്തിന്റെ അനന്തരഫലമാണല്ലോ,ആപുത്രവധു. ഒറ്റദിവസം കൊണ്ട്, ഒരു സന്ദര്‍ശനം കൊണ്ട് തന്റെ വീട്ടില്‍ മാത്രമല്ല, ഭാര്യയുടെ നിഷ്കളങ്കതയിലും, തന്റെ കാര്യകാരണമായ കണക്കുകൂട്ടലുകളിലും ത്യാജ്യഗ്രാഹ്യ വിവേചനത്തിലുപോലും കയറി കയ്യടക്കി ഇരിക്കുന്നുവല്ലോ. ഒരുപക്ഷേ, ഇല്ലാത്ത മകളെ കണ്ടെത്തിയതാവാം. അല്ലെങ്കില്‍ തന്നെപോലെ തന്നെ കാര്യമാത്ര പ്രസക്തനായ മകനില്‍ കണ്ടെത്തുവാന്‍ താന്‍ എന്നും മോഹിച്ചിരുന്ന ലോലഭാവങ്ങളുടെയും പ്രസരിപ്പിന്റെയും അവതാരരൂപമായി തോന്നിയതുകൊണ്ടാവാം.

ഓരോ വരവിലും അവള്‍ തങ്ങളെ കീഴടക്കുകയായിരുന്നു. പ്രസന്ന ഭാവ മധുരിമകള്‍, പരിചര്യകള്‍.ഒതുക്കത്തിലും തുളുമ്പുന്ന ആഹ്ലാദ സംതൃപ്തികള്‍. നാട്ടുമ്പുറത്തെ ഈ വീട്ടില്‍ എല്ലാം നോക്കിയും കണ്ടും അറിഞ്ഞും ചെയ്യുവാനുമവള്‍ക്കറിയുമായിരുന്നു. പഠിച്ചു നേടിയ അടവുകളോടും അറിവുകളോടും കൂടിയല്ല. സ്വയം വന്നെത്തുന്ന സ്വാഭാവിക ശൈലിയോടേ എത്ര ശ്രമിച്ചാലും അവളെ വെറുക്കാനാവുമായിരുന്നില്ല. എന്നല്ല അറിയാതെ അവള്‍ ആവീടിന്റെ ഭാഗമായി തുടങ്ങുകയായിരുന്നു?ഒരു ദിവസം മത്തായിസ്സാര്‍ രഹസ്യമെന്നോണം ക്ലാരമ്മയോടു പറഞ്ഞു:

“ഇനി അവള്‍ വരുന്ന ദിവസങ്ങളില്‍ മീനും ഇറച്ചീം ഒന്നും വേണ്ട് ക്ലാരമ്മ.”

ക്ലാരമ്മ അര്‍ത്ഥവത്തായി നോക്കി ചിരിച്ചു. ഞാനത് നേരത്തെ കരുതിയതിതുവരെ അറിഞ്ഞില്ലേ..?

ക്ലാരമ്മയുടെ ചിരിയിലും മറുപടിയിലും തന്റെ ഏതോ ദൗര്‍ബല്യം കണ്ടുപിടിച്ചതിന്റെ സൂചന തോന്നിയതിനാല്‍ തനിക്കങ്ങനെയൊന്നുമില്ല എന്നു വരുത്തുവാനായി വ്യാജ ഗൗരവത്തില്‍ വശദീകരിച്ചു.

“വല്ല വീട്ടിലും വളര്‍ന്ന പട്ടത്തിക്കുട്ടിയല്ലേ?നമ്മുടെ വീട്ടില്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ടാകരുതല്ലോ.”

പട്ടത്തിക്കുട്ടി! വീട്ടില്‍ വരുന്നവര്‍!! അവള്‍ വീട്ടില്‍ വരുന്ന ഒരു പട്ടത്തിക്കുട്ടി മത്രമായിരുന്നുവോ?എന്തേ എല്ലായ്പ്പോഴും അവള്‍ പോയ്ക്കഴിയുമ്പോള്‍ ശൂന്യതയുടെ ഒരു തടാകം പിന്നിലിട്ടിട്ടുപോയതുപോലെ. ക്ലാരമ്മയ്ക്കും അങ്ങനെ തോന്നുന്നുണ്ടാവുമോ?

ക്ലാരമ്മയുടെ തോന്നല്‍ എന്നാല്‍ , വേറെ ആയിരുന്നു. ഒരിക്കല്‍ അതു സൂചിപ്പിക്കുകയും ചെയ്തു?

“നമുക്ക് തോമാസൂട്ടീടെ വീട്ടിലൊന്നുപോയി നോക്കണ്ടേ?”

അതേ ആഗ്രഹം ഉള്ളിലുണ്ടായിട്ടും പുറത്തു കാണിച്ചില്ല. കളിയാക്കുന്ന മട്ടില്‍ നടപ്പില്ലാത്ത കാര്യമെന്ന മട്ടില്‍ പറഞ്ഞു:

“പിന്നെ! പോയി നോക്കണ്ടെ!”

കൊമ്പനാനകള്‍ വീഴുന്ന വരിക്കുഴികള്‍ ഉണ്ടാന്നു നോക്കണ്ടെ?

അതു പറയുമ്പോഴും വിചാരിച്ചിരുന്നു.അപ്രതീക്ഷിതമായി ഒരു ദിവസം ക്ലാരമ്മേം കൂട്ടി അവന്റെ വീട്ടില്‍ ചെല്ലണം. അത്ഭുതത്തോടെ അവന്‍ നോക്കുമ്പോള്‍ പറയണം.

“നിന്നെ കാണാനല്ല,അവളെ,നിന്റെ കൂടെ ഇവിടെ താമസിക്കുന്നില്ലേ.അവളെ. പലപ്പോഴായി അവിടെ വീട്ടില്‍ വരുന്നു. മര്യാദയ്ക്കുവേണ്ടി ഒരിക്കലെങ്കിലും ഒന്നു തിരിച്ചു സന്ദര്‍ശിക്കുന്നു. അത്രയേയുള്ളൂ.” നിന്റെ കൂടെ താമസിക്കുന്ന അവള്‍ , തനിക്കങ്ങനെ പറയുവാന്‍ ആകുമോ?

അവളുടെ പേര് എന്തെന്ന് മകന്‍ ചോദിച്ചിരുന്നുവെങ്കില്‍ വിഷമിക്കുമായിരുന്നു. എന്താണവളുടെ പേര് ? ഏതോ ഒരു ഹിന്ദുദേവിയുടെ …! കാക്കത്തിള്ളായിരം ദേവിമാരില്ലേ അവര്‍ക്ക്? അതില്‍ ഏതാണിത്?

ഒന്നും വേണ്ടി വന്നില്ല. അതിനു മുന്‍പ് ക്ലാരമ്മ പോയി. ഞായറാഴ്ച പതിവുപോലെ തനിയെ പള്ളിയില്‍ പോയതാണ്. ആദ്യത്തെ കുര്‍ബാനയില്‍ പങ്ക് കൊള്ളണം എന്ന് നിര്‍ബന്ധമാണ് . ക്ലാരമ്മ മടങ്ങി വന്നിട്ടേ താന്‍ പോകാറുള്ളൂ.

അഗസ്ത്യനോസ്യ പുണ്യാളന്റെ പേരുള്ള പള്ളിയില്‍ അകത്തളത്തിലാണ് കുര്‍ബാന.പക്ഷേ, പള്ളിക്കുന്നിന്റെ താഴെ റോഡരികിലുള്ള ചാപ്പലിന്റെ മുന്നിലായിരുന്നു ഇത്തവണ ക്ലാരമ്മ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുകണ്ടത്. പ്രായമായില്ലേ ഒരു പക്ഷേ കുന്നുകയറാന്‍ പ്രയാസം തോന്നിയിട്ടുണ്ടാവാം. വളരെ നേരം കഴിഞ്ഞിട്ടും ക്ലാരമ്മ പ്രാര്‍ത്ഥന കഴിഞ്ഞെഴുന്നേല്‍ക്കാത്തതിനാല്‍ ആരോ വിളിച്ചു. മിണ്ടിയില്ല. അനങ്ങിയില്ല. അപ്പോള്‍ കുലുക്കിവിളിച്ചപ്പോള്‍, അപ്പോള്‍ മാത്രമാണറിഞ്ഞത്. അത് പ്രാര്‍ത്ഥനയായിരുന്നില്ല. നിദ്രയായിരുന്നു. കര്‍ത്താവില്‍ ലയിച്ച അന്ത്യനിദ്ര.

മകനെ അപ്പോള്‍ അറിയിക്കണമെന്ന് വിചാരിച്ചതല്ല. അറിയിച്ചാല്‍ അവര്‍ രണ്ടാളും ഓടിയെത്തും. എത്തിയാല്‍ പിന്നെ പള്ളിക്കാരും ബന്ധുക്കളും ഇടവകക്കാരും സഹകരിച്ചു എന്നു വരില്ല. പാവം ക്ലാരമ്മയ്ക്ക് എന്നും തെമ്മാടിക്കുഴിയിലുറങ്ങേണ്ടിവരും. എന്നാല്‍ എങ്ങനെയാണെന്നറിഞ്ഞില്ല, ഉച്ചയ്ക്ക് മുന്‍ പു തന്നെ അവരെത്തി.

വേര്‍പാടിന്റെയോ, വിഷാദത്തിന്റെയോ യാതൊരു ഒച്ചപ്പാടും കാണിക്കാതെ ആള്‍ക്കൂട്ടത്തിനിടയില്‍, കാഴ്ചക്കാരെപ്പോലെ അവരെ ആദ്യം കാണുകയുണ്ടായില്ല. എന്നാല്‍ പള്ളിയിലേക്കുള്ള വിലാപയാത്രയുടെ പിന്നാമ്പുറത്തെ വരിയില്‍നിന്ന് , ഇനി താന്‍ മാത്രമായി തിരിച്ചുവരേണ്ട വീടിന്റെ നിരാലംബമായ ഏകാന്തതയിലേക്കൊന്നു തിരിഞ്ഞുനോക്കിയപ്പോള്‍ വിങ്ങി നിറഞ്ഞ ആ മുഖങ്ങള്‍ കണ്ടു. ഒറ്റപ്പെട്ട നിസ്സഹായരായ കാഴ്ചക്കാരെപ്പോലെയാണ് നിന്നിരുന്നതെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പള്ളിയിലേക്ക് വരുവാന്‍ പൂഴിയുടെ ആഴങ്ങളില്‍ അമ്മച്ചിയുടെ അനന്തനിദ്രയ്ക്കുവേണ്ടി ഒരുക്കുയിരിക്കുന്ന ആ പ്രാചീന ശയ്യയില്‍ ഒരു കുടന്ന പൂവിതളുകള്‍ പോലെ ഒരു പിടി മണ്ണ് വാരി ചൊരിയുവാന്‍ അവന് ആഗ്രഹമുണ്ടായിട്ടുണ്ടാവില്ലേ?

വേണ്ട.അതേപ്പറ്റി ആലോചിക്കേണ്ട. വ്യസനത്തിന്റെ വിതുമ്പലോടെയാണെങ്കിലും ഔചിത്യപൂര്‍വമായ ഈ പിന്മാറ്റം, ഈ ഒതുങ്ങി മാറി നില്‍ക്കല്‍ , ഇതു തന്നെയാകട്ടെ അവന്‍ അമ്മച്ചിക്ക് സമര്‍പ്പിക്കുന്ന ഏറ്റവും വിലകൂടിയ പുഷ്പചക്രം.

ബാന്റിന്റെ ദീനവിലാപം ഉണ്ടാക്കിയ കൃത്രിമമായ ആത്മാനുതാപത്തില്‍ വിലയിക്കുവാനാകാതെ മത്തായിസ്സാര്‍ വിലാപയാത്രയുടെ ഒരു ഭാഗമായി മുന്നോട്ട് വന്നു.

പള്ളിയിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് , ആളുകളും പിരിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങുവാന്‍ ആരംഭിച്ചപ്പോള്‍ , ശ്മശാനത്തിന്റെയും മതിലുകള്‍ സന്ധിക്കുന്ന ചെറിയ ഇടനാഴി പോലത്തെ പുറമ്പറമ്പില്‍ , തൊട്ടാവാടികളും ,കാട്ടുതുമ്പകളും , കാശിതെറ്റികളും വാരിവിതറിയിരുന്ന വാടിയ പുഷ്പചക്രങ്ങളുടെ ഇടയില്‍ , വിളറിയ സന്ധ്യ പോലെ കുന്നുങ്കലച്ചന്‍ കാത്തുനിന്നിരുന്നു. കൈത്തലത്തില്‍ മുറുകെപിടിച്ച് , ഒരു മുഖവുരയും കൂടാതെ പറഞ്ഞു:

“വീട്ടില്‍ തോമാസൂട്ടിയും ഭാര്യയും കാത്തുനില്‍പ്പുണ്ട്. മത്തായിയെ കൊണ്ടുപോകുവാന്‍ കൂടി വേണ്ടിയാണവര്‍ വന്നിരിക്കുന്നത്. ഉടനെ പോകാന്‍ പറ്റിയെന്നു വരില്ല. അതെനിക്കറിയാം.പക്ഷേ, അതേപ്പറ്റി ആലോചിക്കണം. മരിച്ചവര്‍ കര്‍ത്താവില്‍ നിദ്ര പ്രാപിക്കുന്നു. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് കടമകളും കടപ്പാടുകളുമുണ്ട്.”

വിഷാദത്തിന്റെ വിവര്‍ണഭാവം പുരണ്ട ആകാശവിതാനത്തിനു ചുവട്ടില്‍ നഷ്ടസ്മൃതികളുടെ വന്ധ്യവിസ്തൃതിയില്‍ ചവിട്ടടികളുറപ്പിക്കുവാന്‍ പാടുപെട്ടുകൊണ്ട് അമ്പരപ്പോടെ നോക്കി നില്‍ക്കുവാനേ കഴിഞ്ഞുള്ളൂ. പതുക്കെപതുക്കെ, മനസ്സിലായിവന്നു.

തോമാസൂട്ടിയും ഭാര്യയും എങ്ങനെ ഇത്രവേഗം ഇതറിഞ്ഞിവിടെയെത്തി…!!

ഒന്നും മിണ്ടാതെ നില്‍ക്കുന്നതു കണ്ടിട്ടാവും അച്ചന്‍ തലതാഴ്ത്തി. പതുക്കെ കൈത്തണ്ടയിലെ പിടി അയച്ചു:

“മത്തായീ!,കാലം മാറുകയാണ്. ക്ലാരമ്മേം താനും ഇക്കാലമത്രയും മകനെച്ചൊല്ലി മനസ്സില്‍ കൊണ്ടുനടന്ന വിഷമം ഞാന്‍ കാണാതിരുന്നിട്ടില്ല. തള്ളാനും കൊള്ളാനും വയ്യാത്ത സങ്കടം. ഈ ളോഹ ഇട്ടു പോയതുകോണ്ടു മാത്രം എനിക്കത് കാണാതിരിക്കാനാകുമോ? ളോഹക്കുള്ളില്‍ കാലത്തിന്റെ പരിണാമങ്ങള്‍ നുള്ളി നോവിക്കുകയും പൊള്ളി വേവിക്കുകയും ചെയ്യുന്ന ഒരു പച്ച മനുഷ്യനുണ്ട്. അതൊക്കെ അറിഞ്ഞില്ലെന്നും കണ്ടില്ലെന്നും നടിച്ചുകഴിഞ്ഞാല്‍, ഞാന്‍ എങ്ങനെ ഈ എടവകയുടെ വികാരി ആകും? ക്ലാരമ്മേടെ കാര്യത്തില്‍ വൈകി. തന്റെ കാര്യത്തില്‍ അതു വേണ്ട.”

അദ്ദേഹം പൊടുന്നനെ പിന്തിരിഞ്ഞു നടന്നു.സായാഹ്നസൂര്യന്‍ ചുവന്ന പ്രകാശത്തില്‍ ആശരീരവും വേഷവും തിളക്കുന്നുണ്ടായിരുന്നു.വളരെ വേഗം നടന്നു കൊണ്ടിരുന്നിട്ടും പിടിവിടുവാന്‍ കൂട്ടാക്കാത്ത ഒരു പഴയ പ്രേതത്തെ പോലെ പിന്നാലെ എത്തിയിരുന്ന ആകറുത്ത നീണ്ടനിഴലും വ്യക്തമായി കാണാമയിരുന്നു.

മത്തായിസ്സാര്‍ സ്തബ്ധനായി നോക്കി നിന്നു. അങ്ങനെ നോക്കി നില്‍ക്കവേ മരണത്തിന്റെ വേര്‍പാടും മറ്റൊരു വേര്‍പാടിന്റെ വക്കത്തു നില്‍ക്കുന്ന മകനോടുള്ള സ്നേഹവും എല്ലാം കുത്തി നോവിക്കവേ, ഉള്ളിലെവിടെയോ പെയ്യുവാന്‍ കൂട്ടാക്കാത്ത കാര്‍മേഘങ്ങള്‍ നിറഞ്ഞു. വെള്ളിടി വെട്ടിപ്പൊട്ടി ആപ്രകമ്പനത്തിന്റെ നടുക്കത്തില്‍, പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളേയും എല്ലാം തിരുത്തിക്കുറിക്കുന്ന അതിതീവ്രമായ ഒരു രാസവികാരം ആദുര്‍ബലമായ ശരീരത്തിനേയും മനസ്സിനെയും ആകെ കുത്തിയിളക്കി. കുലുക്കി ഉലച്ചു.

വീട്ടില്‍ ചെന്നപ്പോള്‍ സന്ധ്യ കറുത്ത് കട്ടപിടിക്കുവാന്‍ തുടങ്ങിക്കഴുഞ്ഞിരുന്നു. രണ്ടു കറുത്ത നിഴലുകള്‍ പോലെ മകനും ഭാര്യയും വരാന്തയില്‍ പഴയതുപോലെ തന്നെ നിന്നിരുന്നു. മകനല്ലായെന്ന് തീര്‍ച്ചയാക്കിയ രൂപത്തിന്റെ മുമ്പില്‍ ചെന്ന് വൃദ്ധന്‍ തലകുനിച്ച് പറഞ്ഞു.

മോളേ! വിളിക്കുവാന്‍ എനിക്ക് നിന്റെ പേരറിയില്ല. മോളാണെന്ന് മാത്രമേ അറിയാവൂ…. എനിക്ക് വേറെ ആരുമില്ല ഈ വൃദ്ധനെ ഇവിടെ നിന്നെവിടെയെങ്കിലും കൊണ്ടുപോകൂ….ഇവിടെ ഇവിടെ….. ഈ വീട്ടില്‍ ഇനി തനിച്ചു കഴിയുവാന്‍ വയ്യ.”

മകനും ഭാര്യയും അത്ഭുതപ്പെട്ടുനിന്നു. കൂട്ടത്തില്‍ കൊണ്ടുപോകുവാന്‍ ആഗ്രഹിച്ചുതന്നെയാണല്ലോ അവര്‍ വന്നത്. പക്ഷേ പറയുവാന്‍, വിളിക്കുവാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഈ വൃദ്ധന്‍ നഗരപ്രാകാരങ്ങളുടെ വന്യതകളിലെവിടെയോ പിറന്നു വളര്‍ന്ന , അത്ര പരിചയമൊന്നുമില്ലാത്ത, അന്യമതസ്ഥയായ ഒരു പിഞ്ചുപെണ്ണിന്റെ മുന്നില്‍ കെഞ്ചുന്നു.

മോളേ! എന്നെ ഇവിടെ നിന്ന് എവിടെയെങ്കിലും കൊണ്ടുപ്പോകൂ….!

അത് അപ്പച്ചന്‍ തന്നെയാണോ എന്ന ദുരൂഹദൈന്യതയോടെ മകന്‍ നോക്കി വീര്‍പ്പുമുട്ടവേ, അവള്‍, അവള്‍ക്കപ്പുറമെന്തോ ആയി മാറി. അതിനുശേഷം അവള്‍ മത്തായിസ്സാറിന് മകള്‍ മാത്രമല്ല, അമ്മ കൂടിയായിത്തീര്‍ന്നു. എല്ലാം അന്വേഷിക്കുന്ന മകള്‍ . സ്നേഹവാത്സല്യങ്ങള്‍ നല്‍കുന്ന അമ്മ. നഗരത്തിലെ അവരുടെ വാടകവീട്ടില്‍ അയാള്‍ ജീവിതത്തിലെ ഏറ്റവും നിറഞ്ഞ വിശ്രമവേളകള്‍ കണ്ടു. ക്ലാരമ്മയുടെ വേര്‍പാടിന്റെ വിടവല്ലാതെ മറ്റൊന്നും അയാളെ വ്യസനിപ്പിക്കുവാന്‍ ഉണ്ടായിരുന്നില്ല. മകനും ഭാര്യയും ഓഫീസുകളില്‍ പോയിക്കഴിഞ്ഞാല്‍ അയാള്‍ വീടുപൂട്ടി അടുത്തുതന്നെയള്ള പള്ളിയിലേക്ക് പോകും. കുന്നുങ്കലച്ചന്റെ പരിചയപ്പെടുത്തല്‍ ഉണ്ടായിരുന്നതിനാല്‍ ഇവിടെയും പള്ളിക്കാര്യങ്ങളില്‍ ചുമതലകള്‍ വന്നു. ചെറുപ്പക്കാരനായവൈദികനും മത്തായിസ്സാറിനെ ബഹുമാനം തന്നെയായിരുന്നു. പ്രതിഫലം വേണ്ടാത്ത സേവനമനോഭാവം നഗരസംസ്കാരത്തില്‍ അസുലഭമായിരുന്നുവല്ലോ. മത്തായിസ്സാര്‍ എന്നും ഉച്ചഭക്ഷണസമയം വരെ പള്ളിപ്രവൃത്തികളില്‍ അച്ചനെ സഹായിച്ച് കൂടും. പിന്നെ വീട്ടിലെത്തി ആഹാരം കഴിഞ്ഞ് എന്തെങ്കിലും വായിച്ച് കിടന്ന് മയങ്ങും. വൈകുന്നേരം മകനും ഭാര്യയും എത്തിക്കഴിഞ്ഞാല്‍ അവരുടെ ആഹ്ലാദവും പരസ്പരാകര്‍ഷനവും സ്നേഹവും കണ്ട് മനം കുളിര്‍ക്കും. അപ്പോള്‍ മാത്രം ക്ലാരമ്മയ്ക്ക് താന്‍ നഷ്ടപ്പെടുത്തിയ , അല്പകാലത്തേതെങ്കില്‍ അല്പകാലത്തേതായ , ആത്മസംതൃപ്തിയെപ്പറ്റിയുളള ഒരു കുറ്റബോധം അരിച്ചുകയറും. പിന്നെ സ്വയം സമാധാനിപ്പിക്കും.

എല്ലാം കര്‍ത്താവ് കാട്ടിത്തരുന്ന വഴികള്‍. രാവിലെ കുളിച്ച് കുറിയിട്ട് അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന മധുരമീനാക്ഷിയുടെയും മുരുകന്റെയും ചിത്രങ്ങളുടെ മുന്നില്‍ കണ്ണടച്ച് കൈകൂപ്പി നില്‍ക്കുന്ന അവളെ കാണുമ്പോള്‍ , വൈകുന്നേരത്തെ പ്രാര്‍ത്ഥനകളില്‍ തന്നോടും മകനോടുമൊപ്പം മുട്ടുകുത്തി ഇമകള്‍ മുറുക്കിയടച്ച് ഏകാഗ്രചിത്തയായി നില്‍ക്കുന്ന അവളെ ശ്രദ്ധിക്കുമ്പോള്‍ അറിയാതെ ബൈബിള്‍വചനം മനസ്സിലെത്തും.

ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം. പക്ഷേ, ആ സമാധാനം അധികനാള്‍ നീണ്ടു നിന്നില്ല. ഒരു ഔദ്യോഗിക യാത്രയ്ക്കിടയില്‍ അകലെയുള്ള നഗരത്തില്‍ വെച്ചുണ്ടായ ഒരു ജീപ്പപകടത്തില്‍ മകന്‍ മരിച്ചു. താങ്ങാവുന്നതിനുമപ്പുറത്തെ ഒരു ആഘാതമായിരുന്നു അത്. തന്റെ സങ്കടത്തിനു പുറമേ, സ്വന്തം മാതാപിതാക്കള്‍ ഉപേക്ഷിച്ച ഒരു പാവം പെണ്‍കുട്ടിയുടെ തീരാദു:ഖവും കണ്ടിരിക്കുക. ഉള്‍ക്കരുത്തിന്റെ ഊക്കം വര്‍ദ്ധിപ്പിച്ച് ശിലാഹൃദയനായി എല്ലാം നേരിടുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്വന്തം വിശ്വാസങ്ങളുടെ ആത്മീയബലമില്ലാത്ത ആരും ദൈവത്തേയും വിധിയേയും ശപിച്ച് തകര്‍ന്നു പോകുന്ന ആ നിമിഷങ്ങള്‍ മത്തായിസ്സാര്‍ എങ്ങനെയാണ് അതിജീവിച്ചതെന്ന് പറയുവാന്‍ വയ്യ. ഒരുപക്ഷേ, ആ സരളജീവിതത്തിന്റെ വൃത്തിയും ലളിതമായ വിശ്വാസത്തിന്റെ വിശുദ്ധിയുടെ സ്വയം സമര്‍പ്പിച്ച കെല്പായിരിക്കാം.

വളരെ അകലെയുള്ള ജീവിതത്തിലെ തിരക്കും ചുമതലകളും നിറഞ്ഞ് ജീവിതത്തില്‍നിന്ന് പാടുപെട്ട് സമയമുണ്ടാക്കി എത്തുകയായിരുന്നു എന്ന് സുവ്യക്തമാക്കുന്ന പ്രകടന പരതയില്‍ അവളുടെ അച്ചനും അമ്മയും വന്നിരുന്നു. അവരുടെ യാഥാസ്ഥിതിക പശ്ചാത്തലത്തിലും പറച്ചിലിനും പൊരുത്തപ്പെടാത്ത പാശ്ചാത്യവേഷങ്ങളും രീതികളുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. മകളോടുള്ള അവരുടെ ബന്ധത്തിന്റെ ആര്‍ദ്രതയില്ലായ്മ മത്തായിസ്സാറിനെ അത്ഭുതപ്പെടുത്തുകയുണ്ടായി. പാരമ്പര്യബോധത്തിനുവേണ്ടി, ഒരു ചടങ്ങായി വന്നതുപോലെ. അച്ഛന്‍ പറഞ്ഞു:

“ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. അതുകൊണ്ടുതന്നെ തീര്‍ത്തും എതിര്‍ത്തതാണ്. അവളുടെ ജാതകത്തില്‍ പാപഗ്രഹത്തിന്റെ ദൃഷ്ടിയുണ്ട്. മുപ്പതു വയസ്സിനു മുമ്പ് വിവാഹിതയാകുകയാണെങ്കില്‍ വൈധവ്യയോഗമുണ്ട്.”

മത്തായിസ്സാര്‍ ഞടുങ്ങി. ജാതകത്തിലും പാപഗ്രഹത്തിലുമൊന്നും ഒരു വിശ്വാസവും ഒരിക്കലുമില്ലാത്ത സത്യക്രിസ്ത്യാനിയായ മത്തായിസ്സാര്‍ ആലോചിച്ചുപോയി.

എന്റെ മകന്റെ മരണത്തിനു കാരണം അവളുടെ ജാതകമാണെന്നല്ലേ ഈ പറഞ്ഞതിനര്‍ത്ഥം? അവള്‍ തന്നെയാണ് കൊന്നതെന്നല്ലേ അതിന്റെ പൊരുള്‍.

ഒരാഴ്ചയായി ആഹാരം പോലും കഴിക്കുവാന്‍ കൂട്ടാക്കാതെ വിങ്ങിവീര്‍ത്ത മുഖവും കണ്ണീരും ഏങ്ങലുമായിക്കിടക്കുന്ന ആ പാവം പെണ്‍കുട്ടിയുടെ ചിത്രം മത്തായിസ്സാറിന്റെ ഉള്‍ത്തടങ്ങളില്‍ നിറഞ്ഞു. തന്റെ മകന്റെ അല്പമാത്രമായിത്തീര്‍ന്നുപോയ ജീവിതത്തില്‍ അവളുണ്ടാക്കിയ ആഹ്ലാദത്തിന്റെ തിരമാലകള്‍, ഏറ്റമിറക്കങ്ങളോടെ, മനസ്സിന്റെ ഇറമ്പുകളില്‍ പതിഞ്ഞിറങ്ങുന്നത് അദ്ദേഹം കണ്ടു.വൃദ്ധനായ തന്റെ ശിഷ്ടജീവിതവ്യര്‍ഥതയില്‍ അവള്‍ നട്ടുവളര്‍ത്തിയ തോട്ടങ്ങളുടെ പുഷ്പസമൃദ്ധിയും വര്‍ണഭംഗിയും ഗന്ധസൗന്ദര്യവും അയാള്‍ അനുസ്മരിച്ചു. പിന്നെ സ്വന്തം മകളുടെ പാപത്തെ പറ്റി കുറ്റപത്രം വായിക്കുന്നതുപോലെ പറഞ്ഞ ആ അച്ചന്റെ ക്രൂരതയ്ക്ക് തിരിച്ചടിയെന്നോണം മനപ്പൂര്‍വമായി കള്ളം പറഞ്ഞു:

“അവളുടെ പാപജാതകം കൊണ്ടൊന്നുമല്ല സര്‍, എന്റെ മകന്റെ ജാതകം അനുസരിച്ച് അവന്‍ ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ മരിക്കും. അതു നടന്നുവെന്നേയുള്ളൂ.”

ജാതകമെഴുത്തുപോലെയുള്ള അന്ധവിശ്വാസങ്ങളെ പാടേ നിരാകരിക്കുന്ന ഒരു മതത്തില്‍ ജനിച്ചുവളര്‍ന്നവനും ആരുടെയെങ്കിലും ഒരു ജാതകം ആയുസ്സില്‍ കാണുവാന്‍ പോലും ഇടകിട്ടാത്തവനുമായ മത്തായിസ്സാറിന് കള്ളം പറയേണ്ടി വന്നതിന്റെ വിഷമം ഉണ്ടായിരുന്നുവെങ്കിലും ഒട്ടൊരു ക്രൂരമായ ആത്മസംതൃപ്തി ഉണ്ടായി.

ഇവര്‍ എന്തു മാതാപിതാക്കള്‍? ആ വിചാരം വര്‍ദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു, ആ അമ്മയുടെ അപ്പോഴത്തെ പ്രസ്ഥാവന:

“ഇതാ ഈ പറഞ്ഞതു കേട്ടില്ലേ? ആ പയ്യന്‍ ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ മരിക്കുമെന്ന് ജാതകത്തിലുണ്ടെന്ന്. അവളുടെ ജാതകത്തില്‍ മുപ്പതുവയസ്സിനു മുമ്പ് വിവാഹം ചെയ്താല്‍ ഭര്‍ത്താവ് മരിക്കുമെന്നും. രണ്ടും കൂടി ചേര്‍ന്നപ്പോള്‍ കിറുകൃത്യമായി ഫലിച്ചിരിക്കുന്നു. ജാതകവിധിക്കെതിരെയൊക്കെ കളിച്ചാല്‍, ഇല്ലേ…?

മകളുടെ ജീവിത ദുരന്തത്തിലുള്ള അനുതാപത്തേക്കാള്‍ ജാതകവിധിയുടെ അനിഷേധ്യ ശക്തിയോടുള്ള ഈ ബഹുമാനം കണ്ടപ്പോള്‍, സത്യത്തില്‍, അറപ്പാണുണ്ടായത്. എന്നിട്ടും ഒന്നും പറഞ്ഞില്ല. അവര്‍ തന്റെ പുത്രവധുവിന്റെ അച്ഛനമ്മമാരായിരുന്നുവല്ലോ.വീട്ടിലെ അതിഥികളായിരുന്നുവല്ലോ.

അവര്‍ വന്നത് സ്വന്തം മകളെ കൂട്ടികൊണ്ടുപോകുവാനായിരുന്നു. കഴിഞ്ഞതെല്ലാം കഴിഞ്ഞില്ലേ? ഭാഗ്യത്തിന് പിള്ളേരും പ്രാരാബ്ധമൊന്നുമായിട്ടില്ല. നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ പ്രായം മുപ്പതു കഴിയുമ്പോള്‍ രണ്ടാംകെട്ടിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും, വേറെ വല്ല ആലോചനകളും തുടങ്ങിവയ്ക്കുകയുമാവാം. തല്‍ക്കാലം അവരുടെ നഗരത്തിലേക്ക് ഒരു സ്ഥലം മാറ്റം വാങ്ങിക്കേണ്ട പ്രശ്നമേയുള്ളൂ. അതു സാരമില്ല. അതിനൊക്കെയുള്ള സ്വാധീനം തങ്ങള്‍ക്കുണ്ട്.

എന്നാല്‍ അവള്‍ പോകുവാന്‍ കൂട്ടാക്കിയില്ല. തീര്‍ത്തു പറഞ്ഞു:

“ഇല്ല.ഞാന്‍ വരുന്നില്ല. എന്റെ വയസ്സനായ ഈ അപ്പച്ചനെ വിട്ട് ഞാന്‍ ഒരിടത്തേക്കും ഇല്ല. മരിച്ചുപോയ എന്റെ ഭര്‍ത്തവിന് ഇദ്ദേഹം ആരായിരുന്നു എന്നെനിക്കറിയാം. ഇനിയിപ്പോള്‍ ഇദ്ദേഹത്തിന് ഞാനെന്താണെന്നും എനിക്കറിയാം. വേറെ ആരും ഇദ്ദേഹത്തിനില്ല. ഇല്ല. ഞാന്‍ വരുകയില്ല.”

മത്തായിസ്സാര്‍ സ്തബ്ധനായി നോക്കിനിന്നതേയുള്ളൂ.അവളുടെ പിടിവാശിയില്‍ തോറ്റ്, വിമാനസമയം തെറ്റിപ്പോകാതിരിക്കാനുള്ള ജാഗ്രതയോടെ ഇറങ്ങിപ്പോകുന്ന, ആ അച്ഛനമ്മമാരെ നോക്കി ഒന്നും മിണ്ടുവാനാവാതെ നിന്ന നില്പില്‍ തരിച്ചുനിന്നു. പിന്നെ, അവര്‍ വന്ന ടാക്സി നീങ്ങി മറഞ്ഞ വഴിയിലേക്ക് ദൃഷ്ടി പായിച്ച് വാതില്പാളിയും ചാരി നിന്ന അവളുടെ വിവര്‍ണ്ണമായ മുഖത്തേക്കും, പാറിപ്പറന്ന മുടിയിലേക്കും, വിഷാദത്തിന്റെയും സ്നേഹവാത്സല്യങ്ങളുടെയും കൃതഞ്തയുടെയും ഭാരത്തോടെ നോക്കി.ഒരേ ഒരു നിമിഷം മാത്രം. എന്തോ മറന്നതെടുക്കുവാനുള്ള വ്യഗ്രത കാട്ടുന്നതു പോലെ പൊടുന്നനെ സ്വന്തം മുറിയിലേക്ക് പാഞ്ഞു പോയി. മേശപ്പുറത്തെ ചെറിയ സ്റ്റാന്‍ഡിലെ കുരിശ്ശുരൂപത്തിന്റെ മുന്നില്‍ മുട്ടുകുത്തി, ഉള്ളില്‍ തട്ടി വിളിച്ചു.

“ദയാപരനായ കര്‍ത്താവേ! ഈ വൃദ്ധന് എന്തെല്ലാം പരീക്ഷകളാണ്, നീ വച്ചിരിക്കുന്നത് ? ഈ പിഞ്ചു സ്നേഹത്തിന് , കളങ്കമില്ലാത്ത വിശ്വാസത്തിന് , സംരക്ഷണത്തിന് ഞാന്‍ എന്തു പകരം നല്‍കും? അവളുടെ ജീവിതം വിടരുവാന്‍ ഞാന്‍ എന്തു പ്രായശ്ചിത്തം ചെയ്യണം? എത്ര കുരിശു ചുമക്കണം?

ആ പ്രായശ്ചിത്ത ചിന്തയും കുരിശുമേന്തി മത്തായിസ്സാര്‍ രണ്ടുവര്‍ഷമായി നടക്കുകയാണ്. ഈ മകളുടെ സ്നേഹം, അന്വേഷണം, സംരക്ഷണം, അതിന്റെ ശീതളച്ഛായയില്‍ മുമ്പ് മരിക്കുവാന്‍ സന്തോഷമായിരുന്നു. എല്ലാ ജോലികളും തീര്‍ത്തു കഴിഞ്ഞു കര്‍ത്താവിന്റെ വിളി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭയം. താന്‍ പോയാല്‍ ഇവള്‍ക്ക്, ഈ പാവം കുട്ടിക്ക് ആര്? പുനര്‍വിവാഹത്തിന് അവളോട് സൂചിപ്പിക്കുവാന്‍ ധൈര്യമുണ്ടായിരുന്നില്ല. ധൈര്യമുണ്ടായാല്‍ത്തന്നെ അവള്‍ സമ്മതിക്കുമെന്നുറപ്പില്ല. സമ്മതിച്ചാലും അതാലോചിച്ചു നടത്താനുള്ള വൈഭവമോ, അവളുടെ പ്രായക്കാരുമായുള്ള പരിചയമോ ഇല്ല. കുന്നുങ്കലച്ചനുണ്ടായിരുന്നുവെങ്കില്‍ സഹായകമാകുമായിരുന്നു. അദ്ദേഹവും പൊയ്പ്പോയി. ഇവിടത്തെ അച്ചന്മാര്‍ നഗരരീതിക്കാര്‍ തന്നെയാണ് . തന്‍ കാര്യം നോക്കികള്‍ മാത്രമായിരിക്കുന്നു. ഇടവകക്കാരുടെയും വിശ്വാസികളുടെയും ഒക്കെ കാര്യത്തില്‍ അടുപ്പമില്ലായ്മയുടെ ഒരു ദൂരം ഇപ്പോഴും അവര്‍ സൃഷ്ടിക്കുന്നു. പിന്നെ അവരോടെന്തു പറയുവാനാണ്.

ഇന്നത്തെ കാര്യം തന്നെ നോക്കൂ. രാവിലെ എട്ടു മണിക്ക് ഇടവകപ്രതിനിധികളുടെ യോഗം ഉണ്ടെന്നു പറഞ്ഞിട്ടല്ലേ, വന്നു കാത്തു നിന്നത്. എന്നിട്ട് പത്തു മണി ആയപ്പോള്‍ കൊച്ചച്ചന്‍ വന്നു പറയുന്നു.ഇന്ന് അല്പം അസൗകര്യമുണ്ട്. ക്ഷമിക്കണം, അടുത്ത ഞായറഴ്ച ആകാം എന്ന്. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ വീട്ടിലിരിക്കാമായിരുന്നു. ബാങ്കില്‍ ഒപ്പം ജോലി ചെയ്യുന്ന ആരോ രാവിലെ കാണുവാന്‍ വരുന്നുണ്ടെന്ന് അവള്‍ പറയുകയുണ്ടായി. പള്ളിയിലെ മീറ്റിംഗ് കഴിഞ്ഞ് ഉടന്‍ ചെല്ലാമെന്നു പറഞ്ഞിട്ടാണ് ഇറങ്ങിപ്പോന്നത്. വെറുതെ അവരെയും കാത്തിരുത്തി ബിദ്ധിമുട്ടിച്ചിട്ടുണ്ടാവും.

ഇളം വെയിലിന്റെ മടുപ്പിക്കുന്ന ചൂടുമേറ്റ് വിയര്‍പ്പു പൊടിക്കുന്ന മുഖവുമായി മത്തായിസ്സാര്‍ വേഗം നടന്നു. വീടിന്റെ പടിവാതിലിനോട് ചേര്‍ന്ന് നിരത്തിന്റെ ഒരു വശത്തെ മേയ്ഫ്ലവര്‍മരത്തിന്റെ തണലില്‍, ചെരിച്ചു ചായ്ച്ച് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന ഒരു മോട്ടോര്‍സൈക്കിള്‍, അകത്താരോ അതിഥിയുണ്ടെന്ന് സൂചിപ്പിച്ചു. കാടെ ജോലി ചെയ്യുന്നവരാരോ വരുന്നുവെന്ന് പരഞ്ഞിരുന്നല്ലോ, അവരായിരിക്കാം.

കുട മടക്കി മേല്‍മുണ്ട് കൊണ്ട് മുഖവും തുടച്ച് വരാന്തയിലേക്ക് കയറുവാന്‍ തുടങ്ങവേ, അകത്തെ ഡ്രോയിംഗ് റൂമില്‍നിന്ന് സംഭാഷണം കേട്ടു. അതവളുടെ സ്വരമായിരുന്നു, തമിഴിന്റെ നേരിയ ചുവ കലര്‍ന്ന മലയാളം. മത്തായിസ്സറിനത് വ്യക്തമായി കേള്‍ക്കാമായിരുന്നു.

“ഈ വിവാഹത്തിന് എനിക്ക് എതിരുണ്ടായിട്ടല്ല. ജാതീം മതോം ഒന്നും ഒരിക്കലും എനിക്ക് പ്രശ്നമായിരുന്നിട്ടില്ലെന്നത് ഞാന്‍ തെളിയിച്ചുകഴിഞ്ഞിട്ടുള്ളതല്ലേ?എന്നാല്‍ എന്റെയീ പാവം അപ്പച്ചന്‍ അദ്ദേഹത്തിനിതു താങ്ങാനാവുകയില്ല. അദ്ധേഹത്തെ വിട്ടിട്ട് ഞാനൊരിടത്തക്കും ഒന്നിനുമില്ല. സ്വന്തം മതവിശ്വാസങ്ങളോടും വേദോപദേശങ്ങളോടും പോലും വിട്ടുവീഴ്ചകള്‍ ചെയ്ത് എന്നെ നോക്കി പാര്‍ക്കുകയാണദ്ധേഹം. സ്വന്തം മകനെ അല്‍പ്പായുസ്സക്കിയ പപജാതകവുമായി എങ്ങാണ്ടുനിന്നോ വന്നു കയറിയ ഒരു പെണ്ണിനെ സംരക്ഷിക്കുവാന്‍ ഒരു സാധാരണ മനുഷ്യന് കഴിയും എന്നു തോന്നുന്നുണ്ടോ?”

പുരുഷശബ്ദത്തിന്റെ നിരാശ നിറഞ്ഞ ചോദ്യം.

“അപ്പോള്‍ ഞാനിക്കാര്യം ഒരിക്കലും ഇനി സംസാരിക്കേണ്ടതില്ല.”

ഉറച്ച മറുപടി:

“വേണ്ട”

അതിഥി എഴുന്നേറ്റ് യാത്രയായി പുറത്തേക്കു തിരിയുമ്പോഴാണ്, കയറിവരുന്ന മത്തയിസ്സാറിനെ കാണുന്നത്. ഒരു മാത്രയുടെ പരിഭ്രമത്തിനുശേഷം മകള്‍ മുന്നോട്ടു വന്ന് കുടയും രണ്ടാം മുണ്ടും വാങ്ങി, പരിചയപ്പെടുത്തി:

“അപ്പച്ചാ ഇതാണ് വരും എന്ന് ഞാന്‍ ഇന്നലെ പറഞ്ഞിരുന്ന ആള്‍. എന്റെ ഒപ്പം ബാങ്കില്‍ ഓഫീസര്‍, മി.റഷീദ് ”

വൃദ്ധന്‍ നോക്കി . പരിചിതത്വത്തിന്റെ ഏതോ ഒരു അവ്യക്ത രൂപ രേഖ. എവിടെയാണ് മുന്‍പ് കണ്ടിട്ടുള്ളത്….? ഇല്ല. കാണാനൊരു വഴിയുമില്ലല്ലോ.വൃദ്ധ സ്മൃതികളുടെ വിഭ്രാന്തിയാകാം. സന്തോഷത്തോടെ ചിരിച്ചു. യുവാവ് ആകെ അമ്പരപ്പിലും നിരാശയിലും അസ്വസ്ഥതയിലുമായിരുന്നു. അതൊന്നും പുറത്തു കാണിക്കാതിരിക്കുവാനുള്ള വ്യര്‍ഥമായ വ്യഗ്രതയോടെ, പുഞ്ചിരിക്കുവാനുള്ള പരജയപ്പെട്ട പരിശ്രമത്തോടെ പറഞ്ഞു:

“ഞാന്‍ വന്നിട്ട് വളരെ നേരമായി. ഒരാളെ അത്യാവശ്യമായി കാണാനുണ്ട്. ഇറങ്ങട്ടെ.”

അയാള്‍ തൊഴുതു നടന്നു. അല്പനേരം നോക്കി നിന്ന ശേഷം മത്തയിസ്സാറും പിന്നാലെ ചെന്നു. നിരത്തിന്റെ ഓരത്തെ മേയ്ഫ്ലവര്‍ മരത്തിന്റെ ചുവട്ടില്‍ വാടിവീണിരുന്ന പൂക്കളുടെ ചുവന്ന പരവതാനിയില്‍ ചവിട്ടിമെതിക്കുന്നതുപോലെ യുവാവ് മോട്ടോര്‍ബൈക്ക് സ്റ്റാര്‍ട്ടാക്കുകയായിരുന്നു. അയാളുടെ വെളുത്തു ചുവന്ന മുഖത്ത് നിസ്സഹായതയുടെ ഒരു നീലനിഴല്‍ പരന്നിരുന്നു. യുവാവിന്റെ കൈത്തണ്ടയില്‍ കടന്നു പിടിച്ചുകൊണ്ട് വൃദ്ധന്‍ പൊടുന്നനെ ചോദിച്ചു.

“എന്റെ മരിച്ചുപോയ മകന്റെ ഭാര്യയായിരുന്ന ഈ പെണ്‍ കുട്ടിയെ നിങ്ങള്‍ക്കറിയുമോ?”

യുവാവ് അത്ഭുതത്തോടെ നോക്കി:

“അറിയും കഴിഞ്ഞ ഒന്നര വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചൊരോഫീസില്‍ ജോലി ചെയ്യുന്നു.”

“നിങ്ങള്‍ അവളെ ഇഷ്ടപ്പെടുന്നുവോ.വിവാഹം ചയ്യാന്‍ ആഗ്രഹിക്കുന്നുവോ?”

യുവാവ് മിണ്ടാനാവാതെ, എന്തു പറയണമെന്നറിയാതെ തരിച്ചുനോക്കി. വൃദ്ധന്‍ നിര്‍ബന്ധിച്ച്.

“പറയൂ തുറന്ന് പറയൂ ഞാന്‍ അവളുടെ അപ്പച്ചനാണ്.”

എവിടെ നിന്നോ ധൈര്യം സംഭരിച്ച യുവാവ് വിക്കി:

“ഉവ്വ് ”

“എന്നാല്‍ നിങ്ങള്‍ക്കവളെ ഇഷ്ട്മാണെങ്കില്‍, അവളുടെ വൃദ്ധനും ഏതു നിമിഷവും വീണുമരിക്കാവുന്നവനുമായ അപ്പച്ചനേയും അല്പനാളുകളിലേക്ക്, കര്‍ത്താവ് തിരിച്ചുവിളിച്ചുകൊണ്ടു പോകുന്നതുവരെ സഹിച്ചുകൂടേ സ്നേഹിച്ചുകൂടേ.”

ആ വാക്കുക്കളുടെ അര്‍ഥം കിനിഞ്ഞെത്തിയപ്പോള്‍ യുവാവിന്റെ ഉള്‍ത്തടം കണ്ണുനീര്‍ത്തടാകമായി. ഗദ്ഗദത്തോടെ അയാള്‍ വിളിച്ചു.

“അപ്പച്ചാ”

രണ്ടാള്‍ക്കും കുറേ നേരത്തേക്ക് മിണ്ടുവാനായില്ല. ഒടുവില്‍ യുവാവു ചോദിച്ചു.

“അപ്പച്ചനറിയുമോഞാനൊരുമുസ്ലീമാണ്.” വൃദ്ധന്‍ ചിരിക്കുവാന്‍ യത്നിച്ചു:

“റഷീദെന്ന പേര് ഇസ്ലാം വിശ്വാസികളുടെ പേരാണെന്നെനിക്കറിയാം. അതല്ല ചോദിക്കുവാനുള്ളത്.ബാപ്പയും ഉമ്മയും സമ്മതിക്കുമോ.”

“ഉമ്മയില്ല. വാപ്പ അനുകൂലിക്കുകയുമില്ല.”

“പിന്നെ”

യുവാവ് ഭൂതകാലത്തിലേക്ക് നോക്കി ഏതോ പഴയ ഏടുകള്‍ വായിക്കുന്നതുപോലെ പറഞ്ഞു:

“പണ്ട് തോമസ് വി. മത്തായി എന്ന ഒരു യുവാവ് ഇതേമാതിരി ഒരു പ്രശ്നത്തില്‍പ്പെട്ടപ്പോള്‍ അയാളുടെ പിതാവും ആദ്യം അനുകൂലിച്ചിരുന്നില്ല.”

പഴയ രംഗങ്ങള്‍ മനസ്സില്‍ നിറഞ്ഞതു കൊണ്ടാവാം വൃദ്ധന്‍ ചിന്താഭരിതനായിരുന്നു. കാലം തന്ന കര്‍ത്തവ്യം.കര്‍ത്താവിന്റെ നിയോഗം.മറ്റെന്താണിത്? ക്രിസ്ത്യാനിയായ അപ്പച്ചന്‍, ഹിന്ദുവായ മകള്‍, മുസ്ലീമായ പ്രതിശ്രുതവരന്‍! ഉറപ്പിച്ചുപറഞ്ഞു:

“മരിച്ചുപോയ തോമസ് വി. മത്തായിയുടെ അപ്പച്ചന്‍ ഇപ്പോള്‍ വാക്ക് തരുന്നു. നിങ്ങള്‍ രണ്ടാള്‍ക്കുമിത് ഇഷ്ടമാണെങ്കില്‍ ഞാനിത് നടത്തിത്തരാം.പോയി വരൂ.”

മൊട്ടോര്‍സൈക്കിളിന്റെ ഇരമ്പത്തിനു മുകളില്‍ സന്തോഷതുന്ദിലതനായി അയാള്‍ പോകുന്നതു മത്തായിസ്സാര്‍ നോക്കി നിന്നു. പിന്നെ അകത്തേക്ക് നടന്നു. വരാന്തയിലോ ഡ്രോയിംഗ് റൂമിലോ ആരും ഉണ്ടായിരുന്നില്ല. അയാള്‍ വിളിച്ചു: “മോളേ?”

അവള്‍ പതിവുള്ള ചായയുമായി വന്നു:

“എന്താ അപ്പച്ചാ”

ചാരുകസേരയില്‍ക്കിടന്ന് ചായ മൊത്തിക്കുടിക്കവേ അയാള്‍ വീണ്ടും വിളിച്ചു:

“മോളേ.”

അകത്തേക്ക് നടന്നു തുടങ്ങിയിരുന്ന അവള്‍ തിരിഞ്ഞു നിന്ന് നോക്കി മത്തായിസ്സാര്‍ പറഞ്ഞു:

“വരൂ ഇവിടെ അടൂത്ത് വന്നിരിക്കൂ.” ലേശം അത്ഭുതം വഴിയുന്ന മിഴികളോടെ അപ്പച്ചന്റെ അടുത്ത് കസേരയില്‍ ഇരുന്നു. വൃദ്ധന്‍ ഭൂതകാലത്തിന്റെ വാതായനങ്ങള്‍ തുറന്നു നോക്കുന്നതുപോലെ തോന്നി:

“മോളേ! ഇപ്പോള്‍ പോയില്ലേ ആ റഷീദ് ? അവനു തോമാസ്സൂട്ടീടെ ഒരു ഛായ. എനിക്ക് അവനെ വളരെ ഇഷ്ടമായി. അവള്‍ അപ്പച്ചനെത്തന്നെ നോക്കി സ്തബ്ധയായിരിക്കവേ അയാള്‍ തുടര്‍ന്നു:

“എനിക്കു തോന്നി അവനെന്തുകൊണ്ടും നിനക്ക് അനുയോജ്യനാണെന്ന്.”

അവള്‍ പരിഭ്രാന്തിയോടെ വിളിച്ചു:

“അപ്പച്ചാ….”

“ഞാന്‍ അവനോട് ചോദിച്ചു. അവന് സമ്മതം. സന്തോഷം.”

വിഷാദവും സന്തോഷവും വിഷമവും നിറഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു:

“അപ്പച്ചന്‍ എന്തിനിത് ചെയ്തു?” കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം വൃദ്ധന്‍ പറഞ്ഞു:

“എന്തിനെന്നോ?ഞാന്‍ നിന്റെ അപ്പച്ചനായതുകൊണ്ട് അതിനെനിക്ക് ചുമതലയും കര്‍ത്തവ്യവുമുള്ളതുകൊണ്ട്. പക്ഷേ നിന്റെ സമ്മതം കൂടാതെ അപ്പച്ചന്‍ ഒന്നും ഒരിക്കലും ചെയ്യുകയില്ല. എന്താ നിന്റെ അഭിപ്രായം?”

അതെന്നും ഇതെന്നും പറയുവാനാകാതെ വൈവശ്യത്തോടെ വാക്കുകള്‍ നനഞ്ഞൊലിച്ചു വന്നു:

“അപ്പച്ചനെ വിട്ട് ഞാനൊരിടത്തേക്കുമില്ല.”

അയാള്‍ മന്ദഹസിച്ചു:

“അപ്പച്ചനെ വിട്ടുപൊകണമെന്നാരു പറഞ്ഞു”

“പിന്നെ”

അയാളുടെ മന്ദഹാസം ചിരിതന്നെയായി മാറി:

ഞാനതും അയാളോട് പറഞ്ഞു. എനിക്കെന്റെ മകളെ പിരിയുവാനാകില്ലെന്ന്.”

“അപ്പോള്‍ ?”

“അയാള്‍ എന്നെ അപ്പച്ചാ എന്നു വിളിച്ചു.”

അവള്‍ പൊടുന്നനെ അപ്പച്ചന്റെ കാല്‍ക്കല്‍ വീണ് കെട്ടിപ്പിടിച്ചു. പിതൃവാത്സല്യത്തിന്റെ അനന്യമായ തീര്‍ഥത്തില്‍ അവള്‍ മുങ്ങി. സമയത്തിന്റെ സൂചികള്‍ നിശ്ചലങ്ങളായി നില്‍ക്കവെ, ഈറന്‍ കണ്ണുകളിലൂടെ അവള്‍ കണ്ടു. വൃദ്ധനും കരയുക തന്നെ ആയിരുന്നു.

Generated from archived content: story1_july2_12.html Author: n.mohanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here